വാക്കുല്‍സവത്തില്‍ ഇന്ന് കനേഡിയന്‍ കവി ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത, യോനി.വിവര്‍ത്തനം: സുജീഷ്
ലോര്‍ണ ക്രോസിയെര്‍(1948-): കനേഡിയന്‍ കവി. പതിനഞ്ചിലേറെ കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബുക്ക് ഓഫ് മാര്‍വല്‍സ് എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ കവിത. വിവര്‍ത്തനം: സുജീഷ്
തീര്‍ച്ചയായും മനസ്സില്‍ ഒരേ വിചാരം കൊണ്ടുനടക്കുന്ന ഒരുത്തനാണ് വജൈന എന്നു പ്രയോഗിച്ചിരിക്കുക, ലത്തീനില്‍ കത്തിയുറ, ഉറയിലിടുക എന്നെല്ലാം അതിനര്‍ത്ഥം. അതിനെ എന്തുവിളിക്കണമെന്നതാണ് പ്രയാസം. വളരെ പഴയ പര്യായങ്ങള്‍ പോലും നീചമായ തെറിവാക്ക്. ചൈനീസില്‍ നിന്നുള്ള പരിഭാഷകളില്‍ നിങ്ങള്‍ക്ക് ആശ്വസിക്കാം: കസ്തൂരിമണക്കും തലയണ, അകക്കാമ്പ്, സ്വര്‍ഗ്ഗകവാടം. സോളമന്‍ രാജാവ് ഹീബ്രുവില്‍ പാടി 'നിന്റെ തുടകള്‍ കൂടിച്ചേരുന്നിടം അമൂല്യവസ്തുക്കള്‍ക്ക് സമം,' പിന്നെ അദ്ദേഹം നാഭിയെ പാടിപ്പുകഴ്ത്തി, 'ഒരിക്കലും വീഞ്ഞൊഴിയാത്ത വട്ടത്തിലുള്ള ചഷകം.' പലപ്പോഴും ഒരു പേര് നല്‍കാതെ നാമതിനെ വിളിക്കുന്നു. ജോസ്‌ഫൈനുള്ള ഒരു കത്തില്‍, നെപ്പോളിയന്‍ ഇങ്ങനെ എഴുതി: 'ഞാന്‍ നിന്റെ ഹൃദയത്തില്‍ ചുംബിക്കുന്നു, പിന്നെ അല്‍പ്പം താഴെ. പിന്നെ അതിലുമേറെ താഴെ.' അതിന് കൂടുതല്‍ സാമ്യം പൂച്ചയോടല്ല, പൂവിനോടാണ്, ഒക്കീഫിന്റെ കാന്‍വാസില്‍ വിടരുന്ന, വെളിച്ചത്തില്‍ കുതിര്‍ന്ന ഇതളുകള്‍. അല്ലെങ്കില്‍, സ്പര്‍ശശൃംഗമില്ലാത്ത സീ അനിമോണ്‍, മീന്‍മണമില്ലാത്ത കടല്‍ജീവി. മടക്കുകളോടു കൂടിയ ഉപ്പുരസമുള്ള പേശികള്‍, പെണ്ണിന് പോലും നിഗൂഢം. ജീവിതത്തിലേക്കുള്ള കവാടം, താമരത്തോണി, ആഴമേറിയത്. അശ്ലീലതമാശകളിലൂടെയും സ്‌കൂള്‍കാല ശകാരങ്ങളിലൂടെയും അതിന് വായയേക്കാള്‍ വൃത്തിയുണ്ടെന്ന് നിങ്ങളറിയുന്നു, അതിനുള്ളില്‍ നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല, അതിനാകട്ടെ പല്ല് മുളയ്ക്കുകയുമില്ല. യുദ്ധം കഴിഞ്ഞെത്തിയ നെപ്പോളിയന്‍, ജോസ്‌ഫൈനിന്റെ താഴെ ചുംബിച്ചപ്പോള്‍ കൊട്ടാരത്തിന്റെ ഇടനാഴികളിലേക്കു കാഹളങ്ങള്‍ ഒഴുകി. വരാനിരിക്കുന്ന രാത്രിയുടെ മാധുര്യമോര്‍ത്ത് ദാസിമാര്‍ ചിരിച്ചു. മറ്റുള്ളവര്‍ തുടകള്‍ ചേര്‍ത്തുവെച്ചു, തങ്ങളുടെ കാതടപ്പിച്ചുതരണേയെന്ന് അവര്‍ കന്യാമറിയത്തോട് അപേക്ഷിച്ചു. ഇരട്ട ചുണ്ടുള്ള സുന്ദരി, യോനി.
undefined
പരിഭാഷകന്റെ കുറിപ്പ്
ജോസ്‌ഫൈന്‍ - നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ ആദ്യഭാര്യ. ഫ്രഞ്ചു ജനറല്‍ അലക്‌സാന്‍ഡ്ര് ദു ബുവാര്‍ണ്യേയുടെ വിധവയായിരുന്ന ജോസ്‌ഫൈനില്‍ നെപ്പോളിയന്‍ ആകൃഷ്ടനാവുകയും ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. പിന്നീട് ജോസ്‌ഫൈനില്‍ പുത്രസന്തതി ഉണ്ടായില്ലെന്ന കാരണത്താല്‍, നെപ്പോളിയന്‍ വിവാഹമോചനം നേടി, ഓസ്ട്രിയന്‍ രാജകുമാരി മേരി ലൂയിസയെ വിവാഹം ചെയ്തു. എങ്കിലും ജോസ്‌ഫൈന്റെ മരണം വരെ, നെപ്പോളിയന്‍ അവരുമായുള്ള പ്രേമബന്ധം നിലനിര്‍ത്തിയിരുന്നു.
ഒക്കീഫ് - അമേരിക്കന്‍ ചിത്രകാരിയായ ജോര്‍ജിയ ഒക്കീഫ്. പൂക്കളായിരുന്നു ഒക്കീഫിന്റെ ചിത്രങ്ങളുടെ പ്രധാന വിഷയം. ഒക്കീഫിന്റെ പല ചിത്രങ്ങളും ലൈംഗികപ്രതീകങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.
സീ അനിമോണ്‍ - ഇരപിടിയന്മാരായ ഒരുതരം ജലജീവി