വാക്കുല്‍സവത്തില്‍ ഇന്ന് അക്ബറിന്റെ അഞ്ച് കവിതകള്‍.
'ഭൂമിയുടെ പരിചരണത്തില്‍ നേരിട്ടറിഞ്ഞ ബന്ധ സാഫല്യങ്ങളെയും സന്ദേഹങ്ങളെയും നേരെ ചൊവ്വേയുള്ള വാക്യങ്ങളില്‍ തിളക്കമുള്ള കാവ്യബിംബങ്ങള്‍ കൊത്തി വെക്കുന്നു. അവക്ക് കല്ലിന്റെയും കാതലിന്റെയും മുറിവില്‍ പൊട്ടിയ തളിരുകളുടെയും നിറമുണ്ട്'- ഇത് കവി ഡി വിനയചന്ദ്രന്റെ വാക്കുകള്‍. അക്ബറിന്റെ ആദ്യ കവിതാസമാഹാരമായ ബാംസുരിക്കുള്ള ആമുഖത്തിലാണ് ഈ നിരീക്ഷണം. വിനയചന്ദ്രന്‍ സൂചിപ്പിക്കുന്ന ഇടത്തുനിന്നും രൂപപരമായും ഭാഷാപരമായും പലവഴിക്ക് നടത്തിയ സഞ്ചാരങ്ങളാണ് അക്ബറിന്റെ പുതിയ കവിതകള്‍. കവി എന്ന നിലയില്‍ അക്ബര്‍ നടന്നുപോയ പരിണാമവഴികള്‍ കൂടെയാണത്. മണ്ണിന്റെ, പ്രകൃതിയുടെ, ചിരപരിചിത ഇടങ്ങളുടെ, വൈയക്തിക പ്രതിസന്ധികളുടെ സൂക്ഷ്മമായ പ്രകാശനങ്ങള്‍. വ്യക്തി എന്ന നിലയില്‍ ജീവിതത്തോട് നിരന്തരം നടത്തുന്ന മല്‍പ്പിടിത്തങ്ങളുടെ പകര്‍ത്തെഴുത്തു കൂടിയാണ് അക്ബറിന് കവിത. ഒപ്പം അതിജീവനശ്രമവും. ഭാഷയുടെ തലത്തില്‍ അവ സ്വയം അതിലംഘിക്കുന്നു. ഭാവനയുടെ അസാധാരണമായ ചില ചുവടുവെപ്പുകളിലൂടെ സ്വയം പുതുക്കുന്നു. കെട്ടിനില്‍ക്കുന്ന ജലാശയം പോലെ ഉറച്ചുപോവാതെ നിരന്തരം ഒഴുകാനും സ്വയം നവീകരിക്കാനും ശ്രമിക്കുന്ന ഒരു കവിയെ അക്ബറിന്റെ കവിതകളില്‍ കാണാം.
undefined
അക്ബറിന്റെ അഞ്ച് കവിതകള്‍
1
ഇലവ്
ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍ ചെറുമഞ്ഞുകഷ്ണങ്ങളായി ചിതറി
ഒരു വഴക്കായി മാറും
ഉള്ളിലൊളിപ്പിച്ച തീ മുഴുവന്‍
ചിരിച്ച് ചിരിച്ച് കത്തി തീരുമ്പോള്‍
പാവം തോന്നും
വെറും തീപ്പെട്ടിയാവാനാണോ
കാട്ടിലൊറ്റയ്ക്ക്
മുടിമുഴുവന്‍ ചുവപ്പിച്ച്
ഞെളിഞ്ഞത്...?
2
തിണര്‍പ്പ്
ബദാമിനു മുകളിലെ
ആകാശം നോക്കി
നബിയുടെ രൂപം
വരച്ചിട്ടു.
ഒരു വരമതിയെന്ന്
ഉമ്മ അടുത്തിരുത്തി
പത്തിരിവലിപ്പത്തില്‍
പാണല്‍ വടിയാല്‍
തുടയില്‍ ചന്ദ്രിക വരച്ചു
അതിന്റെ വിചാരം
ഉള്ളിലിപ്പോഴും
ചൊറിഞ്ഞ് തിണര്‍ക്കും.
3
പുസ്തകങ്ങളുടെ കാട്
ചത്ത മുറിക്കുള്ളില്‍
മുഷിഞ്ഞും,നിരതെറ്റിയും
വളരുന്നുണ്ട് പുസ്തകങ്ങള്‍
മരങ്ങളായതിനിടയ്ക്ക്
പഴയൊരോര്‍മ
നീണ്ടുനീര്‍ന്നു കിടപ്പുണ്ട് കട്ടിലില്‍
ഇലതോറും, പഴയകാലം പറയുന്നതായി
വീട്ടിന്നകമൊരു കാട്ടില്‍
അരുവികളിരയ്ക്കുന്നതായി
അതിനിടയിലൊരു കിളിപ്പറച്ചിലും
ഗര്‍ജ്ജനവും,പൂക്കളു-
മൊന്നിച്ചു വിരിഞ്ഞു നില്‍ക്കുന്നതായി
കണ്ടു തീര്‍ക്കാത്ത കരയാത്ത കാട്
പായലില്‍ വീണ് തെന്നുന്നതായി കാഴ്ച
ഇലകള്‍ക്കിടയില്‍ തെരയുന്ന കൂവല്‍
നേരെയീക്കുത്തിലേക്ക് പോംവെള്ള
മിപ്പോള്‍ വീടിനുള്ളിലേക്ക് കുതിച്ച് പായുന്നു
അതിനിടയ്ക്കിരുന്നൊരു
പഴയ പുസ്തകം ചവയ്ക്കുന്നു..
പച്ചതീര്‍ന്നൊരില!
4
ഉറക്കം
ആദ്യമേയുമ്മയുറങ്ങുന്നു
ഞാനുറങ്ങാതെയുമ്മയെയോര്‍ത്തു
ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു
ഞാന്‍ ഉറങ്ങുന്നു
ഉറങ്ങുന്ന ഞങ്ങളെയോര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ?
5
സൂര്യന്‍
ടോര്‍ച്ചുവെട്ടം
വെള്ളത്തില്‍
വീണ്
മേച്ചിലില്‍ വിറങ്ങലിക്കേ
പണ്ട്
പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്‍
പാലത്തിന്‍
പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.
ഇരട്ടപ്പാറയുടെയാഴങ്ങളില്‍
മുങ്ങാങ്കുഴിയിട്ട് നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു.
വായില്‍ വെള്ളം കൊണ്ട്
ചീറ്റിച്ചപ്പോള്‍
കണ്ട അതേ ചേലോടെ...
തുരുത്തിന്‍ കരയില്‍
മണിമരുതിന്‍ ചോട്ടില്‍
ചൂണ്ടയിട്ടോര്‍ത്തിരുന്നു.
ആരോനും, പൂളോനും
താളത്തില്‍ മറിഞ്ഞുകളിച്ചു.
ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ
മൊട്ടത്തലയില്‍
സൂര്യന്‍ വിരല്‍തൊട്ടു.