വാക്കുല്‍സവത്തില്‍ ഇന്ന് എസ് കലേഷിന്റെ കവിത. ആട്ടക്കഥ
സമീപകാല മലയാള കവിതയുടെ വ്യത്യസ്ത രുചിഭേദങ്ങള്‍ രസനയില്‍ പകരുന്ന കവിതകളാണ് കലേഷിന്റേത്. പാരമ്പര്യ ആഖ്യാനങ്ങളില്‍ നിന്ന് കുതറി മാറുമ്പോഴും ഗ്രാമ്യഭാഷയുടെ നനവും അരിക് ജീവിതങ്ങളുടെ മൂര്‍ച്ചയും അവ അനുഭവവേദ്യമാക്കുന്നു. ചുറ്റുമുള്ള ജൈവപ്രകൃതിയെ പുല്‍കുമ്പോഴും സാമൂഹിക രാഷ്ട്രീയ മാനങ്ങളുടെ മണ്ണടരുകളില്‍ ഉറപ്പോടെ വേര് പടര്‍ത്താനാണ് കലേഷിന്റെ കവിതയ്ക്കിഷ്ടം. നാടന്‍ പാട്ടിന്റെയും വായ്‌മൊഴി പാട്ടുകളുടെയും താളം പിന്‍പറ്റുന്ന കവിതകള്‍ കലേഷിനുണ്ട്. ഗദ്യകവിതയ്ക്ക് തൊടാനാവുന്ന താളത്തിന്റെ വ്യത്യസ്ത സാദ്ധ്യതകളെ അസാധാരണമായ മെയ്‌വഴക്കത്തോടെ ഉപയോഗിക്കുന്ന കവിതകളാണത്. ക്രാഫ്റ്റില്‍ ബദ്ധശ്രദ്ധനായ കവി കാവ്യാ ഭാഷയുടെ പൊളിച്ചെഴുത്തിലും ഭാവുകത്വ നവീകരണത്തിലും ഫോക്കസ് ചെയ്യുന്നു. അനുഭവ പരിസരങ്ങളുടെ ചൂര് പ്രസരിപ്പിക്കുമ്പോഴും അത് പ്രസാദാത്മകമായ പുഞ്ചിരിയോടെ വായനക്കാരനെ അഭിസംബോധന ചെയ്യുന്നു.
undefined
ആട്ടക്കഥ
ഇനി കാണാന്‍ ചെല്ലരുതെന്നവള്‍
എന്നിട്ടും ചെന്നു.
ഇപ്പമിറങ്ങണം, ഈ ഏരിയേല്‍ കണ്ടേക്കരുത്
എന്നിട്ടും അവിടെ ചുറ്റിപ്പറ്റി.
ഒരു പാട്ടിലേക്കവള്‍
ടീവി ഓണ്‍ചെയ്തു
കറുപ്പു താന്‍ എനക്കുപുടിച്ച കളറ്...
മറ്റൊരു പാട്ടിലേക്കവള്‍
ചാനല്‍ മാറ്റി
മാടു സെത്താ മനുഷന്‍ തിന്നാന്‍
തോലെ വച്ചു മേളം കട്ടി
അട്രാട്രാ നാക്കമുക്ക നാക്കമുക്ക നാക്കമുക്ക...
അട്രാട്രാ നാക്കമുക്ക നാക്കമുക്ക നാക്കമുക്ക...
പാട്ടിന്റെ വരിത്താളം ചവിട്ടി
അവളുടെ അച്ഛനും അമ്മയും
ജിമ്മില്‍ പോകുന്ന ബ്രോയും
ഗേറ്റുതുറന്ന്
അവസാനവരിയിലേക്ക്
ചെരിപ്പൂരി.
ആ മുറി
ഇടിമുറിയാകും മുന്നേ
അവളുടെ കട്ടിലിനടിയിലേക്ക് നൂഴ്ന്നു.
അവിടെ കിടന്നുറങ്ങിയ പൂച്ച
വാലുംചുരുട്ടിയെണീറ്റുപോയി.
പകല്‍കെട്ടിരുട്ടുപരന്നു.
കട്ടിലിനടിയിലേക്ക്
കുനിഞ്ഞെത്തുന്നവളുടെ കണ്ണുകള്‍
ഇറുമ്മുന്നു പല്ലുകള്‍
വിറയ്ക്കും ചുണ്ടില്‍
തെറികള്‍ ചിതറി.
എന്നെയവള്‍ വിളിച്ചിരുന്ന പേര്
അത്താഴം കഴിഞ്ഞയുടനെ
അവളുടെയമ്മ നീട്ടിവിളിച്ചു.
പൂച്ച വിളികേട്ടു.
ടീവിയില്‍ ചര്‍ച്ച
ചര്‍ച്ചയ്ക്കുമേല്‍ ചര്‍ച്ച
ചര്‍ച്ചയ്ക്കുമേല്‍ കൊടുംചര്‍ച്ച
ഒരു പാട്ടിലേക്ക് ചാനല്‍ മാറുന്നു.
അപ്പോള്‍ കേട്ട കുത്തുപാട്ടിന്റെ താളം
അവളുടെയച്ഛനെയെടുത്തങ്ങലക്കി.
പിടഞ്ഞെണീറ്റയാള്‍
കൈവിടര്‍ത്തി കാല്‍വീശി
അരയിളക്കിയൊരലമ്പന്‍ ചുവടെടുത്തു.
അതുകണ്ട ബ്രോ
കൈമസിലുകളുരുട്ടി തുടര്‍ചുവടുകളായി.
പാത്രങ്ങള്‍ കയ്യിലേന്തി
അവളുടെയമ്മയുടെ അടുക്കളച്ചുവടുകളും.
എന്റെ നേരമെത്തി-
നൂഴ്ന്നിറങ്ങി പുറത്തേക്കോടും
വഴിതെരഞ്ഞു ഞാന്‍, എന്നാല്‍
താളം എന്റെ കാലുകളെ ചുറ്റിവളഞ്ഞു.
നാസിക്ഡോളില്‍
തണ്ടെല്ലൂരി,യടിച്ചുകൊണ്ടൊരദൃശ്യസംഘം
ഞരമ്പിലൂടെ കടന്നുപോയി.
ഞാന്‍ ചുവടുകളായി
ആ ചുവടുകളിലവരും ചുവടുകളായി.
മുറിക്കുള്ളില്‍നിന്ന്
ആടിയിറങ്ങി അവളെന്നെ ചുറ്റിപ്പടരുമ്പോള്‍
അവള്‍ക്കൊത്ത ചുവടാകുന്നു ഞാന്‍
എനിക്കൊത്ത ചുവടാകുന്നവള്‍.
ഞങ്ങളുടെ ആട്ടം കണ്ട്
അവളുടെ അച്ഛനുമമ്മയും ചിരിച്ചുതുള്ളി
ബ്രോ, കൈമസിലുകള്‍ ഊരിയെടുത്ത്
റബ്ബര്‍പന്താക്കി തട്ടിത്തുള്ളി.
വിയര്‍പ്പിലുലയും ഉടലുകളെഴുതി
കലര്‍പ്പിന്‍ കളി.
അക്കളിതുടരെ
പാട്ടിന്റെ വരികള്‍ തീര്‍ന്നുപോയി
വിതച്ചിട്ട താളം കപ്പലേറി
അവള്‍ മുറിക്കുള്ളിലേക്കും.
കലര്‍പ്പിന്‍കളി അവസാനിച്ചതിനാല്‍
അവളുടെയച്ഛന്‍ എന്നെ തുറിച്ചുനോക്കി.
വെറുപ്പൊലിച്ചിറങ്ങും കണ്ണുകളിലൂടെ
ബ്രോ എന്റെ നേരേ കവാത്തുനടത്തി.
ചെകിടിലേക്ക് വന്നുവീണ കൈപ്പത്തിയില്‍
പാമ്പ് മൂളുന്ന ശബ്ദം ഞാന്‍ കേട്ടു.
എന്നാല്‍ ആ നിമിഷം
ടീവിയില്‍ ഒരു കുത്തുപാട്ടിന്റെ
ആദ്യവരി,യതിന്റെയടാറ് താളം.
പാട്ടിലാടാന്‍ അവളുമെത്തുമ്പോള്‍
കിടുക്കിമോനേ പുതിയ ചുവടെന്നവളുടെയച്ഛന്‍.
ചായക്കോപ്പ മുകളിലേക്കിട്ട്
അമ്മാനമാടുന്നവളുടെയമ്മ.
ഇരുമ്പ് മസില്‍പന്ത്
ചിരിച്ചുകൊണ്ടെനിക്ക്
വച്ചുനീട്ടി ചങ്ക്ബ്രോ!
എവിടേക്കെങ്കിലും ഇറങ്ങിയോടാമെന്നവള്‍.
മൂളുന്ന ചെകിടുകള്‍ക്കും
നിനക്കും മുന്നേ
ഇറങ്ങിയോടേണ്ടിയിരുന്നുവെന്ന് ഞാന്‍.
പാട്ടിന്റെ അവസാനവരിക്കുവേണ്ടി
ഞങ്ങള്‍ കാത്തുതുള്ളി
ഞങ്ങള്‍ സിറ്റൗട്ടിലിറങ്ങി ചുവടുവച്ചു
അവര്‍ തുള്ളിത്തുള്ളി പിറകെവന്നു
ഞങ്ങള്‍ മുറ്റത്തിറങ്ങി ചുവടുവച്ചു
അവര്‍ തുള്ളിത്തുള്ളി മുറ്റത്തെത്തി
ഞങ്ങള്‍ ഗേറ്റുകടന്ന് ആടിയുലഞ്ഞു
അവര്‍ ഗേറ്റിനകമേ ആരവമായി.
അവസാനവരിയും അവസാനിക്കെ
പെപ്പരപെപ്പരയൂതി നിശബ്ദത കാഞ്ചിവലിച്ചു.
റോട്ടിലിറങ്ങി ഓടും ഞങ്ങള്‍ക്കു പിറകെ
ഇരുട്ട് നിലവിളിച്ചുകൊണ്ടോടിപ്പരന്നു.
ആട്ടത്തിന്റെ ദിക്കിലേക്ക് അവളും
പാട്ടിന്റെ ദിക്കിലേക്ക് ഞാനും പാഞ്ഞുപോയി.
അവിടെ അവള്‍ക്കൊരു പാട്ടുകാരനെ കിട്ടി
എനിക്കൊരു ആട്ടക്കാരിയെയും.
ഞങ്ങളോടിയ വഴിയില്‍
രാത്രിക്കുരാത്രി പുല്ലുമുളച്ചു
പകലിനുപകല്‍ പുല്ലുപൂത്തു.
അവളെ പിന്നിതുവരെ കണ്ടിട്ടില്ല.
എന്തിന് കാണണം?
(* വെട്രി കൊടികാറ്റ്, കാതലില്‍ വിഴുന്തേന്‍ എന്നീ തമിഴ്സിനിമകളിലെ പാട്ടുകളാണ് കവിതയില്‍ ഉപയോഗിച്ചിരിക്കുന്നത്.)
കറുപ്പു താന്‍ എനക്കുപുടിച്ച കളറ്...
മാടു സെത്താ മനുഷന്‍ തിന്നാന്‍...