മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ , പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Apr 2, 2020, 3:28 PM IST

മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍. വാക്കുല്‍സവത്തില്‍ പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ വീണ്ടും.


ചിത്രഗുപ്തന്‍ അയാളുടെ കയ്യിലെ സാമാന്യത്തിലധികം തടിച്ച നോട്ടുബുക്ക് നചികേതസിന് കൈമാറി. മരിച്ചു പോയ കുറെയധികം പേരുടെ ജീവിതത്തിലെ അവസാന ദിവസം രേഖപ്പെടുത്തിയ ആ നോട്ടുബുക്കിലെ പന്ത്രണ്ടാമത്തെ പേജ് മുതല്‍ പതിനാലാമത്തെ പേജ് വരെ നചികേതസിന്റെ ജീവിതത്തിലെ അവസാനത്തെ ദിവസത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചിരുന്നു- മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍.  പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

 

Latest Videos


 


ആരോഹണം

കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ആ നടപ്പ്. അച്ഛന്‍ ഗൗതമന്റെ ചൂണ്ടുവിരലില്‍ തൂങ്ങി ഏതോ ഒരു പുലരിയില്‍ നിഴല്‍ വീണ നാട്ടുപാതയിലൂടെ തുടങ്ങിയ ആ യാത്ര ഏറെ ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. ഗൗതമന്‍ വൃദ്ധനായിക്കഴിഞ്ഞു. വേലിപ്പൊന്തയിലെ പൂക്കളെയും കിളികളെയും തുമ്പികളെയുമൊക്കെ കൗതുകത്തോടെ നോക്കി അതിലേറെ കൗതുകത്തോടെ അച്ഛനോട് അവയുടെ പേരുകള്‍ ചോദിച്ചിരുന്ന നചികേതസ് യുവാവായിക്കഴിഞ്ഞു. വലുതാകുന്തോറും അയാളുടെ ചോദ്യങ്ങളും വലുതായിക്കൊണ്ടിരുന്നു.

'മരണമെന്നാല്‍ എന്താണ്?''

ഗൗതമന്‍ ഞെട്ടലോടെയാണ് ആ ചോദ്യം കേട്ടത്. ചുവടുകളെ അധികരിച്ചു കൊണ്ട് ആ അതിപുരാതന ഭയം അയാളെ കവിഞ്ഞ് നിന്നു. ലളിതവും ശക്തവുമായ ആ ചോദ്യം അയാളുടെ ചെവികളിലൂടെ അരിച്ചിറങ്ങി സിരകളിലൂടെ ഒഴുകിയലഞ്ഞ് മനസ്സിന്റെ ഉള്ളറകളിലേക്ക് തുളച്ച് കയറുകയും ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറുകയും ചെയ്തു.

'മണ്ണടിഞ്ഞ പിതാമഹന്മാരേ, ഇവന്റെ ചോദ്യത്തിന് ഞാനിപ്പോള്‍ എന്തുത്തരമാണ് നല്‍കുക? ഞാന്‍ നടന്ന വഴികളൊന്നും ഇതിനുത്തരമാകുന്നില്ലല്ലോ. '

അയാള്‍ തെല്ലിട അനങ്ങാതെ നിന്നു. ഓര്‍മ്മകളില്‍ ഒരായിരം വവ്വാലുകള്‍ കീകീ ശബ്ദത്തോടെ പറന്നുയര്‍ന്നു. ഉഷ്ണകാലത്തെ ചുട്ടുപൊള്ളുന്ന വായു കൂടുതല്‍ കനത്തു വരുന്നതായി അയാള്‍ അറിഞ്ഞു.

'മകനേ, അതൊരു കത്തിച്ച വിളക്കിനെപ്പോലെയാണെന്ന് തോന്നുന്നു. എണ്ണ തീര്‍ന്നാല്‍ വെളിച്ചവും തീരും.'

അയാള്‍ ദീര്‍ഘമായി ശ്വസിച്ചു.

'ജനിക്കുമ്പോള്‍ മുതല്‍ ഞാനും നീയുമൊക്കെ മരിച്ചു കൊണ്ടിരിക്കുകയാണ്. അതൊരു അവരോഹണക്രമത്തിലുള്ള എണ്ണലാണ്. പക്ഷേ, എവിടെ നിന്ന് എണ്ണിത്തുടങ്ങണം എന്നത് എക്കാലവും അത്ഭുതമായിത്തന്നെ നില്‍ക്കുന്നു. യുഗങ്ങളോളം പഴക്കമുണ്ട് ആ അത്ഭുതത്തിന്. നിനക്കുള്ള ഉത്തരമായി ഇത്രയേയുള്ളൂ എന്റെ കയ്യില്‍. ഇനിയുള്ള ദൂരമത്രയും നീ ഒറ്റക്കാണ് നടക്കേണ്ടത്. നാളെ നിന്റെ പരമ്പരയും ഇതേ ചോദ്യം ആവര്‍ത്തിക്കും. അപ്പോള്‍ നീയും ഉത്തരം പറയേണ്ടി വരും. അതിനാല്‍ നടക്കുക, ലക്ഷ്യം അജ്ഞാതമെങ്കിലും.'

അയാള്‍ക്ക് തല ചുറ്റുന്നതായി തോന്നി. അയാള്‍ തളര്‍ന്ന് താഴെ മണ്ണിലിരുന്നു. കാലിന്റെ പെരുവിരല്‍ മുതല്‍ കൊടുംതണുപ്പ് അരിച്ചു കയറുന്നതയാള്‍ അറിയുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടുണങ്ങുകയും നാവ് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മൂക്കില്‍ കല്ല് തിരുകി വച്ചതു പോലെ ശ്വാസമെടുക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു.

'ദൈവമേ'

മുകളില്‍ അനന്തമായ ആകാശത്തില്‍ ദൃഷ്ടിയുറപ്പിച്ച് മെല്ലെ, കുഴയുന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു.

സൂക്ഷ്മങ്ങളായ കോശങ്ങളും, തീരെ ചെറിയ ജീവികളും, പരേതാത്മാക്കളുമൊക്കെ നിശബ്ദരായി, എന്നാല്‍ ചടുലതാളത്തില്‍ തനിക്ക് ചുറ്റും നൃത്തം ചെയ്യുന്നതായി അയാള്‍ക്ക് തോന്നി. ജീവിതത്തില്‍ മുന്‍പൊരിക്കലും അനുഭവിക്കാത്ത ഒരു ആനന്ദം അയാളില്‍ നിറഞ്ഞു തുളുമ്പി. അത്ഭുതത്തോടെ അയാള്‍ പുഞ്ചിരിച്ചു.

'മകനേ, ഇതു തന്നെയാണത്.'

അയാള്‍ പറഞ്ഞു തീരുമ്പോഴേക്കും പരുപരുത്ത ചൂണ്ടുവിരലില്‍ നിന്നും ഉള്ളംകൈ വേര്‍പെടുത്തിയ നചികേതസ് ദൂരെ അകന്നകന്ന് ഒരു പൊട്ടുപോലെയായിത്തീര്‍ന്നിരുന്നു.

 

അവരോഹണം

യാദൃശ്ചികമായാണ് നചികേതസ് വഴിയില്‍ വച്ച് ചിത്രഗുപ്തനെ കണ്ടുമുട്ടിയത്. ഏറെക്കാലത്തിനു ശേഷം കാണുന്നതുകൊണ്ട് നിര്‍ത്താതെ സംസാരിച്ചുസംസാരിച്ച് നടന്നുനടന്ന് അവര്‍ നഗരത്തോളമെത്തിയത് അറിഞ്ഞില്ല. ടാറിട്ട നിരത്തിലെ കൊഴുത്ത ചൂട് ശരീരത്തെ ബാധിച്ചു തുടങ്ങിയിരുന്നു. ദാഹത്തോടൊപ്പം മനസ്സില്‍ പെട്ടെന്ന് ഉടലെടുത്ത അകാരണമായ വെറുപ്പും ദേഷ്യവും കൂടിയായപ്പോള്‍ എവിടെയെങ്കിലും ഇരിക്കണമെന്നായി നചികേതസ്. ഇടുങ്ങിയ ഹോട്ടലില്‍ ചുട്ടുപൊള്ളുന്ന ചായക്കു മുന്നിലിരിക്കുമ്പോഴാണ് ചിത്രഗുപ്തന്‍ മറ്റൊരു നചികേതസിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്.

'ദാ, ഇതൊന്ന് വായിച്ചു നോക്ക്'

ചിത്രഗുപ്തന്‍ അയാളുടെ കയ്യിലെ സാമാന്യത്തിലധികം തടിച്ച നോട്ടുബുക്ക് നചികേതസിന് കൈമാറി. മരിച്ചു പോയ കുറെയധികം പേരുടെ ജീവിതത്തിലെ അവസാന ദിവസം രേഖപ്പെടുത്തിയ ആ നോട്ടുബുക്കിലെ പന്ത്രണ്ടാമത്തെ പേജ് മുതല്‍ പതിനാലാമത്തെ പേജ് വരെ നചികേതസിന്റെ ജീവിതത്തിലെ അവസാനത്തെ ദിവസത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചിരുന്നു.

 

................................................................

Read more:

വേട്ട, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

................................................................

 

പേജ് നമ്പര്‍ 12

മ്യൂണിക്കിനടുത്തുള്ള ഡാഷു റെയില്‍വേ സ്‌റ്റേഷനില്‍ നചികേതസ് എത്തുമ്പോള്‍ സമയം ഏകദേശം പകല്‍ പതിനൊന്നു മണി കഴിഞ്ഞ് മുപ്പത്തിരണ്ട് മിനിട്ടായിട്ടുണ്ടായിരുന്നു. കാര്‍ റെയ്‌സറായിരുന്ന അയാളുടെ പഴയ ശൗര്യത്തെ ക്രൂരമായി പുച്ഛിച്ചുകൊണ്ട് മുട്ടിനു താഴെ മുറിഞ്ഞ വലതുകാല്‍ തിരക്കുപിടിച്ച സ്‌റ്റേഷനില്‍ അയാളെ തീര്‍ത്തും ഒറ്റപ്പെടുത്തിക്കളഞ്ഞു. ഏറെ ബദ്ധപ്പെട്ട് ബോഗി കണ്ടുപിടിച്ചപ്പോഴേക്കും വണ്ടി അതിന്റെ പുറപ്പെടലിന്റെ ഉത്സാഹപൂര്‍ണ്ണമായ ചൂളംവിളി മുഴക്കിക്കഴിഞ്ഞിരുന്നു. ഊന്നുവടിയില്‍ ഭാരം നിയന്ത്രിച്ച് നിസ്സഹായനായി നില്‍ക്കവേ, ഒരു കൈ അയാളുടെ അരയില്‍ ചുറ്റിപിടിച്ച് മറുകൈ അയാളുടെ വലതുകയ്യില്‍ ചേര്‍ത്ത് അവളയാളെ ഭദ്രമായി മുകളിലെത്തിച്ചു.

'നന്ദി സുഹൃത്തേ'

മറുപടിയായി അവള്‍ പുഞ്ചിരിക്കുകയും നചികേതസിന്റെ ഇടത്തെ കവിളില്‍ മൃദുവായി ചുംബിക്കുകയും ചെയ്തു.

'ഞങ്ങളുടെ ഇന്ത്യയില്‍ ഒരു സങ്കല്‍പ്പമുണ്ട്, അര്‍ദ്ധനാരീശ്വരം. പകുതി സ്ത്രീയും പകുതി പുരുഷനും ചേര്‍ന്ന അപരാജിതമായ ശക്തിസ്രോതസ്സാണത്. പൂര്‍ണ്ണത.'

മറുപടിയായി അവള്‍ വീണ്ടും പുഞ്ചിരിച്ചു.

'എന്റെ കംപാര്‍ട്‌മെന്റ് അപ്പുറത്താണ്.'

'വീണ്ടും കാണാം.'

നചികേതസ് അവളെ യാത്രയാക്കി.

വണ്ടി നീങ്ങിത്തുടങ്ങി. അകത്ത് നല്ല തിരക്കായിരുന്നു. സഹയാത്രികരിലാരോ സഹതാപത്തോടെ നല്‍കിയ ഇത്തിരിയിടത്തില്‍ ഊന്നുവടിയും കെട്ടിപ്പിടിച്ച് അയാള്‍ ചാഞ്ഞിരുന്നു. ഒറ്റപ്പെടലിന്റെ ഭ്രാന്തമായ നീറ്റലില്‍, അസാധാരണമാം വിധം അസ്വസ്ഥതയോടെ അയാള്‍ അമ്മയെക്കുറിച്ച് ഓര്‍ത്തു.

വണ്ടിയപ്പോള്‍ അമ്മയുടെ അന്തമില്ലാത്ത സ്‌നേഹത്തിലേക്ക്, ഭൂപടങ്ങളില്‍ അലിഞ്ഞില്ലാതായ അയാളുടെ നാട്ടിന്‍പുറത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു. അവിടങ്ങളിലെ ചെമ്മണ്‍പാതയിലൂടെ കുളക്കരയിലെത്തി, കുളത്തില്‍ നഗ്‌നരായി നീന്തിത്തുടിക്കുന്ന കുട്ടികളുടെ പരസ്പരമുള്ള 'മുഴോന്‍കാളേ' വിളികളും കടന്ന് തീരെ ചെറിയ റെയില്‍വേ സ്‌റ്റേഷനിലെത്തി പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുള്ള തീരെച്ചെറിയ അമ്പലത്തിനടുത്തെത്തി നിന്നു.

അമ്പലത്തിനൊരു കഥയുണ്ട്. റെയില്‍വേ സ്‌റ്റേഷനും ഒരു കഥയുണ്ട്. അതുമല്ലെങ്കില്‍ അമ്പലത്തിനും റെയില്‍വേ സ്‌റ്റേഷനും കൂടി ഒരൊറ്റ കഥയുണ്ട്. നാടിന്റെ കഥ.

അതിലെന്താണിത്ര അത്ഭുതം? കഥ പറയാന്‍ തുടങ്ങിയ സ്വന്തം മനസ്സിനെ നചികേതസ് ചോദ്യം ചെയ്തു.

ഓരോ അമ്പലങ്ങള്‍ക്കും, ഓരോ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും, നാടുകള്‍ക്കും, ആളുകള്‍ക്കും, പട്ടികള്‍ക്കും, പൂച്ചകള്‍ക്കും, മരങ്ങള്‍ക്കും, കിളികള്‍ക്കുമെല്ലാം അതാതിന്റേതായ കഥകളുണ്ടാകും. ചിലരത് ഓര്‍ത്തുവച്ച് മറ്റു ചിലരോട് പറയും. വേറെ ചിലര്‍ അത് മനഃപൂര്‍വ്വം മറന്നു കളയും.

എങ്കിലും അങ്ങനെയൊരു കഥയുണ്ട്. എനിക്കത് ഓര്‍ത്തേ തീരൂ. കൂടുതല്‍ വാദിക്കാതെ അയാള്‍ മനസ്സിന് കീഴടങ്ങി.

പണ്ടുപണ്ട്, വളരെ വളരെ പണ്ടാണ്. ഞാനൊക്കെ ജനിക്കുന്നതിനും മുന്‍പാണ്. ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മുത്തച്ഛനുള്ള കാലത്താണ്. നാട്ടിലൊരു റെയില്‍വേ സ്‌റ്റേഷന്‍ വന്നു. ഇടക്കൊക്കെ ആവിവണ്ടികള്‍ വളരെ വേഗം വന്നു, വളരെപ്പതുക്കെ പോയി. കുട്ടികളും വലിയവരുമെല്ലാം ബോഗികളുടെ ആ നീണ്ടനിര കണ്ട് നോക്കിനില്‍ക്കുമായിരുന്നു. പ്ലാറ്റ്‌ഫോമൊന്നും ഇല്ലായിരുന്നു. ഒരു ചെറിയ കൂരയായിരുന്നു സ്‌റ്റേഷന്‍ മാസ്റ്ററുടെ ആപ്പീസ്. അവര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് ദൈവത്തോളം തന്നെ വില നല്‍കി; അയാള്‍ക്കറിയാം വണ്ടി എപ്പോള്‍ വരും, എപ്പോള്‍ പോകുമെന്നൊക്കെ.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അങ്ങനെയങ്ങനെ, പതുക്കെപ്പതുക്കെ ജീവിതവും സ്‌റ്റേഷനും, സ്‌റ്റേഷനും ജീവിതവുമായി. അങ്ങനെയങ്ങനെ എല്ലാവരും എന്തെങ്കിലുമൊക്കെയായി.

സ്‌റ്റേഷനില്‍ നിന്നും കുറച്ചുമാറി ഒരു വെളിമ്പറമ്പുണ്ട്. പറമ്പിലൊരു കേളുക്കുട്ടിദൈവമുണ്ട്. ദൈവത്തിന്റെ പ്രതിരൂപമായി ഒരു കല്ലുണ്ട്. അതൊരു പണ്ടാരമടക്കിയ പറമ്പാണ്.

പണ്ടാരമെന്തെന്നല്ലേ?

വസൂരി വന്ന് ചത്ത ആളുകളാണവ. അളിപ്പായയില്‍ കമഴ്ത്തിക്കിടത്തി അവരെ ആഴത്തില്‍ കുഴിച്ചിടും. കുഴി മൂടി മുകളിലൊരു കല്ലു വക്കും. കല്ലിലവന്റെ ജീവനിരിക്കും. കാക്കകള്‍ വന്ന് തൂറിനിറക്കും. പട്ടികളും പൂച്ചകളും ആരും കാണാതെ അതിനു മുകളില്‍ മൂത്രമൊഴിച്ച് വഴിയടയാളം വക്കും. ചത്തവന്‍ വലിയ തറവാട്ടിലെയെങ്കില്‍ കല്ലിനു മുകളില്‍ ഒരു കൂര വക്കും. അതിലൊരു തിരി വക്കും. കേളുക്കുട്ടിദൈവം ഒരു പാവം പണ്ടാരമായിരുന്നു. അതുകൊണ്ട് അയാളുടെ കല്ലങ്ങനെ അവിടെ അനാഥമായി കിടന്നു.

പെട്ടെന്നൊരു ദിവസം മുതല്‍ അത്ഭുതം സംഭവിച്ചു തുടങ്ങി. കല്ലിന്റെ അടുത്ത് എത്തുമ്പോഴേക്കും വണ്ടികളെല്ലാം നിന്നുപോകും. ആരൊക്കെ എന്തൊക്കെ ചെയ്താലും ഒരടി മുന്നോട്ടില്ല. കുറച്ചു കഴിഞ്ഞാല്‍ പിണക്കം മാറി ഓടിത്തുടങ്ങും.

സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് മേലാപ്പീസില്‍ നിന്നും നോട്ടീസ് വന്നു. ആപ്പീസിലേക്ക് റിപ്പോര്‍ട്ട് കൊടുക്കണം. എഞ്ചിനീയര്‍മാര്‍ വന്നു, നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമായി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

അങ്ങനെയിരിക്കെ സ്‌റ്റേഷന്‍ മാസ്റ്ററെ കാണാന്‍ അയാളുടെ പ്രായമായൊരു കൂട്ടുകാരന്‍ വന്നു. അയാള്‍ കൂട്ടുകാരനോട് പ്രശ്‌നം അവതരിപ്പിച്ചു.
'കേളുക്കുട്ടിദൈവമാണ്. ജ്യോത്സനെ വിളിക്കണം. വെറ്റിലയും അടക്കയും വേണം. മറക്കണ്ട, ദക്ഷിണയും കരുതണം.' കൂട്ടുകാരന്‍ വെളിപ്പെട്ടു.

ജ്യോത്സന്‍ വന്നു. കളം വരച്ചു. കവടി പറന്നു. കാലം കവടിയില്‍ പൊലിഞ്ഞ് നിന്നു. എണ്ണം നോക്കി ജ്യോത്സന്റെ നാവില്‍ കഥ പിറന്നു.

'അയാളാണ്, കേളുക്കുട്ടിദൈവം. കൂര കെട്ടണം. തിരി വക്കണം. കണ്ണു തുറക്കും, ഉറപ്പാണ്.'

ആപ്പീസില്‍ നിന്നും ഉത്തരവ് വന്നു. കൂര കെട്ടാന്‍ ആള് വന്നു. ഒരു ബാരല്‍ എണ്ണക്ക് ഒരിക്കലും മുടങ്ങാതെ പണവും വന്നുകൊണ്ടിരുന്നു. പിന്നീടവിടെ ഒരൊറ്റ വണ്ടിയും നിന്നിട്ടില്ല.

ഇപ്പോഴും അവിടെ തിരി വക്കുന്നുണ്ടോ എന്തോ.

 

പേജ് നമ്പര്‍ 13

വണ്ടിയപ്പോള്‍ ഡാഷുവിന് ഏറെ അകലെയുള്ള നാട്ടിന്‍പുറത്തെ മഞ്ഞമരങ്ങള്‍ക്കിടയിലൂടെ കുതിച്ചു പായുകയായിരുന്നു. വൈകുന്നേരത്തെ സൂര്യന്റെ ചുവപ്പില്‍ ചുവന്നു തുടുത്ത ആകാശം തീര്‍ത്ത രംഗപടത്തില്‍ ആ മഞ്ഞമരങ്ങളുടെ ഭംഗിയാസ്വദിച്ച് അയാളിരുന്നു.
നചികേതസിന് ഉറക്കം വരുന്നുണ്ടായിരുന്നു. ഉറങ്ങിയുറങ്ങി അയാള്‍ വളരെ വേഗം ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു.

നചികേതസ് വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. നോക്കിനില്‍ക്കേ വീടിന്റെ ചുവരുകളെല്ലാം സ്ഫടികം കൊണ്ടുള്ളതായി. അകത്തുള്ളതൊന്നും രഹസ്യമല്ലാതായി. വെളുത്ത്, നീണ്ടു മെലിഞ്ഞ ശരീരമുള്ള, വലിയ കറുത്ത കോട്ടണിഞ്ഞ ഒരാള്‍ വീടിനകത്ത് ധൃതിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.

'ഛേ, നാശം.'

അയാള്‍ ഞെട്ടി പുറകിലേക്ക് വെട്ടിത്തിരിഞ്ഞു. കാട്ടുപൂവിന്‍ മണം കാറ്റില്‍ പറന്നുനിന്നു.

മുറിയുടെ മൂലയില്‍ നിന്ന് ഒരു വടിയെടുത്തയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നിലത്ത് അടിച്ചു തുടങ്ങി. നടത്തം വൈകാതെ ഓട്ടമായി, അടി പൊരിഞ്ഞ അടിയായി. അല്‍പ്പനേരം കഴിഞ്ഞ് ക്ഷീണിച്ച് അവശനായി കിതച്ചുകൊണ്ട് അയാള്‍ മേശക്കരികില്‍ ഇരിപ്പായി. ശ്വാസം ഒന്ന് നേരെയായപ്പോള്‍ മേശപ്പുറത്ത് നിന്നും ചുവന്ന ബയന്റുള്ള ഒരു തടിയന്‍ പുസ്തകം വലിച്ചെടുത്തയാള്‍ അതിവേഗം പേജുകള്‍ മറിച്ചു തുടങ്ങി. പകുതി മടക്കി അടയാളപ്പെടുത്തിയ ഒരു പേജില്‍ കുറച്ചു നേരം തുറിച്ചു നോക്കിയിരുന്ന് പെട്ടെന്ന് തന്നെ പുസ്തകമടച്ച് അയാള്‍ അടുക്കളയിലേക്ക് നടന്നു.

അയാള്‍ അടുക്കളയില്‍ പരതിക്കൊണ്ടിരുന്നു. അത്യാവശ്യം കുഴിയുള്ള ഒരു ഡവറ, ഒരു മച്ചിങ്ങ, ഒരു കഷ്ണം ഈര്‍ക്കില്‍, ഒരു നാളികേരപ്പൂള്‍, ഒരു പലക എന്നിവയുമെടുത്ത് അയാള്‍ തിരിച്ച് മേശക്കരികിലെത്തി. നാളികേരപ്പൂള്‍ ഈര്‍ക്കില്‍ കൊണ്ട് മച്ചിങ്ങയില്‍ ഭംഗിയായി ഉറപ്പിച്ച്, അത് പലകപ്പുറത്ത് വച്ച്, നാളികേരപ്പൂളില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന ഈര്‍ക്കിലില്‍ താങ്ങി ഡവറ അല്‍പ്പം ഉയര്‍ത്തി നിര്‍ത്തി അയാള്‍ കുറച്ച് ദൂരം മാറി നിന്നു.

'ക്ലിങ്ങ്'

എലി ഫ്‌ളാറ്റ്.

നാളികേരപ്പൂള്‍ തിന്നാന്‍ കൊതിയോടെ ഓടിയെത്തിയ എലി അതില്‍ കടിച്ചപ്പോള്‍ മച്ചിങ്ങ ഉരുണ്ടുമാറുകയും ഈര്‍ക്കിലില്‍ താങ്ങിനിര്‍ത്തിയ ഡവറ എലിയുടെ മുകളിലേക്ക് വീണ് അതിനെ തടവിലാക്കുകയും ചെയ്തു. എലിയെ ഡവറക്കടിയില്‍ നിന്നും ശ്രദ്ധയോടെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലാക്കി അയാള്‍ വീടിന് പുറത്തുള്ള വെള്ളം നിറച്ച ബക്കറ്റിനടുത്തേക്ക് നടന്നു. വെള്ളം നിറച്ച ബക്കറ്റില്‍ മുക്കിപ്പിടിച്ചപ്പോള്‍ എലി മരണവെപ്രാളം കൊണ്ട് പിടച്ചുകൊണ്ടിരുന്നു. ഉടനെ, അറയില്‍ നിന്നും എലികള്‍ കൂട്ടം കൂട്ടമായി വന്ന് ബക്കറ്റിലേക്ക് ചാടിത്തുടങ്ങി.

അയാള്‍ ദേഷ്യപ്പെട്ട് ഉറക്കെയുറക്കെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അറയിലേക്ക് ഓടി. ഒട്ടും വൈകാതെ അറയില്‍ തീ ആളിപ്പടര്‍ന്നു. പുക അറയും കവിഞ്ഞ്, വീടും കവിഞ്ഞ് നാടാകെ മൂടിക്കൊണ്ടിരുന്നു.

തനിക്ക് ശ്വാസം മുട്ടുന്നുണ്ടെന്ന് നചികേതസിന് തോന്നി. ഉറക്കത്തില്‍ അയാള്‍ ആഞ്ഞ് ശ്വാസം വലിച്ചു കൊണ്ടിരുന്നു.

വണ്ടിയൊന്ന് ആകെ ഉലഞ്ഞ് നിന്നു. അയാള്‍ ഞെട്ടിയുണര്‍ന്നു.
 
ഇരുട്ട് വീണിരുന്നു. വിജനമായ ഒരു പ്രദേശമായിരുന്നു. അടുത്തുള്ള ചേരിയിലെ ഓടയില്‍ നിന്നുയരുന്ന അവിഞ്ഞ മണം വണ്ടിയ്ക്കകത്തേയ്ക്ക് അടിച്ചുകയറി മൂക്കില്‍ തുളച്ചു കയറുന്നുണ്ടായിരുന്നു. കാര്യമെന്തെന്നറിയാന്‍ ചിലര്‍ ഓടി പുറത്തിറങ്ങി. അടുത്തിരിക്കുന്നവര്‍ ചങ്ങല വലിച്ചവനെ ശപിച്ചു കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ചിലരുടെ മുത്ത് വല്ലാത്തൊരു ഭയം.

'സുഹൃത്തേ, വണ്ടിയെന്താണിവിടെ? എന്തു പറ്റി?'

പുറത്തേക്ക് നോക്കി നില്‍ക്കുന്ന ചെറുപ്പക്കാരനോട് ഒരു രഹസ്യമെന്നോണം നചികേതസ് ചോദിച്ചു. അയാള്‍ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.
'ഒന്നുമില്ല, ഒരു ഒരുമ്പെട്ട പെണ്ണായിരുന്നു. ഇവള്‍ക്കൊക്കെ ചാടാന്‍ കണ്ട ഒരു സമയം. കഴിഞ്ഞെന്ന് തോന്നുന്നു.

നചികേതസിന്റെ നെഞ്ചില്‍ ആയിരം പെരുമ്പറകള്‍ ഒന്നിച്ചു മുഴങ്ങി. കൊടുങ്കാറ്റ് ആഞ്ഞുകൊത്തിയതു പോലെ അയാളുടെ ചെവികള്‍ മൂളിക്കൊണ്ടിരുന്നു. അയാള്‍ വിരണ്ടുപോയി.

'അവളായിരിക്കുമോ?... ഏയ്, ഒരിക്കലുമില്ല, അവളെന്തിന് അങ്ങനെ ചെയ്യണം. എന്തൊരു പ്രസരിപ്പായിരുന്നു ആ മുത്ത്. എന്തൊരു സന്തോഷം. എല്ലാം കഴിഞ്ഞ്, മരിക്കാന്‍ വേണ്ടി ആരെങ്കിലും ടിക്കറ്റെടുക്കുമോ!'

തന്നെ ട്രെയിനില്‍ കയറാനായി സഹായിച്ച ആ പെണ്‍കുട്ടിയുടെ മുമോര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു.

'ഇല്ല, അവളാകില്ല.'

അയാള്‍ സ്വയം ഉറപ്പ് കൊടുത്തു.

'ഇനി അഥവാ ആണെങ്കില്‍ത്തന്നെ ഞാനെന്തു വേണം?'

എന്നിട്ടും ഒരു ആശങ്ക അയാളില്‍ ഇഴുകി നിന്നു. കമ്പിയിഴകള്‍ക്കിടയിലൂടെ പുറത്ത് കൂടിനില്‍ക്കുന്ന ആളുകളെ നോക്കി അയാള്‍ ഇരുന്നു.
സമയമേറെ കഴിഞ്ഞു. ചര്‍ച്ചകള്‍ക്കും സഹതാപങ്ങള്‍ക്കുമൊടുവില്‍ മരിച്ചവളുടെ ജഡത്തെ വഴിയില്‍ ഉപേക്ഷിച്ച് ആളുകള്‍ അകത്തേയ്ക്ക് തിക്കിത്തിരക്കി.

വണ്ടി പതിയെ നീങ്ങിത്തുടങ്ങി. ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ട് നചികേതസ് കണ്ണുകള്‍ മുറുകെ അടച്ചു.

വണ്ടിയപ്പോള്‍ ഇരുവശവും വലിയ മരങ്ങള്‍ നിറഞ്ഞ ഒരു പാതയിലൂടെ പാഞ്ഞുപോകുകയായിരുന്നു. രാത്രികാലത്തെ തണുത്ത കാറ്റ് അകത്തേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. ഇരുകയ്യുകളും ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ച് സ്വയം കെട്ടിപ്പിടിച്ചിരുന്ന് അയാള്‍ പതിയെ ഉറങ്ങിപ്പോയി.

 

................................................................

Read more:

അതിര്‍ത്തികള്‍ വരക്കുന്നതിനെക്കുറിച്ചുള്ള അപൂര്‍ണ്ണമായ ഒരു തിരക്കഥ, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കവിത

................................................................

 

പേജ് നമ്പര്‍ 14

ഏറെ നേരത്തിന് ശേഷമാണ് നചികേതസ് ഉണര്‍ന്നത്. ഉണരുമ്പോള്‍ പുറത്ത് നല്ല നിലാവുണ്ടായിരുന്നു. നിലാവില്‍ മരങ്ങളിലും പുല്ലുകളിലുമൊക്കെ തൂങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. എല്ലാവരും ഉറക്കത്തിന്റെ ആഴക്കടലിലായിരുന്നു.

നചികേതസ് ചുറ്റുമുള്ള ആളുകളെ നോക്കിയിരുന്നു. തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു. ആളുകള്‍ കക്കൂസുകളില്‍ പോലും ചുരുണ്ടുകൂടിക്കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. താന്‍ വണ്ടിയില്‍ കയറിയതില്‍പ്പിന്നെ ആളുകള്‍ അകത്തേക്ക് കയറുകയല്ലാതെ ഒരാള്‍ പോലും ഒരു സ്‌റ്റേഷനിലും ഇറങ്ങിപ്പോയിട്ടില്ലല്ലോ എന്നയാള്‍ അത്ഭുതത്തോടെ ഓര്‍ത്തു.

'ഇവരെല്ലാം എങ്ങോട്ടേക്കാണാവോ?'

വണ്ടിയപ്പോള്‍ എക്കാലത്തേക്കാളും വേഗത്തില്‍ അലറിപ്പായുകയായിരുന്നു. അതിന്റെ ചക്രങ്ങളുടെ കനത്ത താളം കേട്ടിരിക്കുമ്പോള്‍ ഒരു നേര്‍ത്ത ഭയം അയാളില്‍ കിനിഞ്ഞിറങ്ങി. ഭയത്തെ അതിജീവിക്കാനായി അയാള്‍ പഴയൊരു പാട്ട് ഓര്‍ത്തെടുത്ത് ചുറ്റുള്ളവരുടെ ഉറക്കത്തിന് ശല്യമാവാത്ത വിധം പതിഞ്ഞ ശബ്ദത്തില്‍ പാടിക്കൊണ്ടിരുന്നു.

കാളക്കണ്ണുകളുള്ള കുളത്തില്‍
കയ്യുകള്‍ വീശി വിളിക്കുവതാരോ?
പാറക്കെട്ടില്‍ നുരക്കും തിര പോ
ലാലസമോടെ ചിരിക്കുവതാരോ?

പണ്ട് കുളത്തില്‍ കാല്‍ വഴുതീട്ട്
ദണ്ഡമുറഞ്ഞ് പിടഞ്ഞു വലഞ്ഞൊരു
വന്‍കുമിളത്താല്‍ ചത്തുമലച്ചതിന്‍
വന്‍പക നെഞ്ചിലുറഞ്ഞൊരു പ്രേതം?

കറുകറെയുള്ളൊരു രാവില്‍ കവിളില്‍
നനുനനെ മുത്തമുതിര്‍ത്തു വലച്ച്
കുടുകുടെ രക്തമുതിര്‍ത്തു കുടിക്കാന്‍
കൊതിയോടെരിയും യക്ഷിണിയോ?

പാതി വളര്‍ന്നൊരു വയറില്‍പ്പിടയും
ചോര തുളുമ്പും പിണ്ഡം നോക്കീ
ട്ടാസുരമായൊരു സ്വപ്നം കാണും
കൂരിരുള്‍ പോലുള്ളൊടിയനതോ?

അല്ലല്ലുടലില്‍ കനലുകളെരിയും
കറുകറെയുള്ളൊരു തരുണിയതോ?
തിന്തിന തന്നാ തിന്തിന തന്നാ
തിന്തിന തന്നാ തനതാരോ

ചുണ്ടുകള്‍ തെല്ലു വിടര്‍ത്തിയുലക്കും
പുഞ്ചിരി മെല്ലെയുതിര്‍ക്കുന്നോ?
കൊഴുകൊഴെയുള്ളൊരു മാറുമുലച്ച്
തെരുതെരെ സ്വപ്നമുതിര്‍ക്കുന്നോ?

അല്ല,
പിന്നെയുമവളൊരു കണ്ണുമിറുക്കി
ചന്ദനമഞ്ചമൊരുക്കുന്നോ?
മന്ത്രമതെല്ലാമിടറുന്നോ, പുക
കണ്ണിലിടഞ്ഞു കുഴക്കുന്നോ?

തിന്തിന തന്നാ തിന്തിന തന്നാ
തിന്തിന തന്നാ തനതാരോ

ഞാനിവിടില്ലേ, ഞാനിവിടില്ലേ
അവളുടെ മാറിടമണയുകയാണേ
ആരുമറിഞ്ഞാല്‍ പറയരുതയ്യോ
കാളക്കണ്ണുകള്‍ പുല്‍കുകയാണേ

തിന്തിന തന്നാ തിന്തിന തന്നാ
തിന്തിന തന്നാ തനതാരോ

പെട്ടെന്നൊരു കുലുക്കം. വീണ്ടുമാരോ ചങ്ങല വലിച്ചെന്ന് തോന്നുന്നു.

വണ്ടി ആകെ ഉലഞ്ഞുലഞ്ഞ്, പാളത്തില്‍ നിന്നും തെന്നിത്തെറിച്ച്, ഭീകരമായ ശബ്ദത്തോടെ നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു.

അയാള്‍, അത്ഭുതമെന്ന് പറയട്ടെ, ഊന്നുവടി പോലും ഉപേക്ഷിച്ച്, ധ്യാനത്തിലെന്നോണം ദൂരെക്കണ്ട തീപ്പൊട്ട് ലക്ഷ്യമാക്കി നടന്നു തുടങ്ങി. ഡാഷുവില്‍ വച്ച് പേരറിയാത്ത ആ പെണ്‍കുട്ടി സമ്മാനിച്ച അവസാന ചുംബനം നചികേതസിന്റെ സിരകളില്‍ പൂക്കളായി വിടര്‍ന്നു നിന്നു.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!