കല്‍ദായ ചരിത്രത്തിന്റെ സൂക്ഷിപ്പുകള്‍ ഉള്ള, പിതാക്കന്‍മാരുടെ പുസ്തകമുള്ള, വല്യേടത്ത് വീട് എവിടെയാണ്?

By Ambili P  |  First Published May 2, 2022, 4:08 PM IST

ബെന്യാമിന്‍ എഴുതിയ 'മഞ്ഞ വെയില്‍ മരണങ്ങള്‍' എന്ന നോവലിലെ ഇടങ്ങളിലൂടെ ഒരു യാത്ര. അമ്പിളി പി എഴുതുന്നു
 


ആ പള്ളി ഇന്ന് മ്യൂസിയമാണ്. ഇരുണ്ട ഇടനാഴി കടന്ന് പള്ളിക്കകത്തേക്ക് കയറുമ്പോള്‍ പഴമയുടെ ഗന്ധമായിരുന്നു. അന്ത്രപ്പേര്‍ കണ്ട അതേ കാഴ്ചകള്‍, അണുവിട മാറാതെ. ഭിത്തിയിലെ മലയാളം വട്ടെഴുത്തുള്ള കല്‍ഫലകങ്ങളും പഴയ ശവമഞ്ചവും ഒറ്റത്തൂണ് പോലുമില്ലാതെ പണിത പള്ളിയുടെ മച്ചും മേല്‍ക്കൂരയും. ആ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ നോവലിലെ ചില വരികള്‍ മാത്രമോര്‍ത്തു.

 

Latest Videos

undefined

 

ഒരു രാത്രിയും പകലും നീണ്ട വായന. ഒടുക്കം കഥയെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ കഥപറച്ചിലുകാരനും കേള്‍വിക്കാരനും തോന്നുന്ന ഒരു നൈരാശ്യമുണ്ട്. ഇനിയൊന്നും കേള്‍ക്കാനില്ലല്ലോ, ഇനിയൊന്നും പറയാനില്ലല്ലോ എന്ന നൈരാശ്യം. 

അവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്. ബെന്യാമിന്‍ എഴുതിയ മഞ്ഞവെയില്‍ മരണങ്ങളെന്ന നോവലും ഡീഗോ ഗാര്‍ഷ്യയും ഉദയംപേരൂരും തൈക്കാട്ടമ്മയും മനസിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരുന്നു. അഴിക്കും തോറും കെട്ടുപിണഞ്ഞു കിടക്കുന്നത് ഉദയംപേരൂരിലെ വല്യേടത്ത് വീടും തൈക്കാട്ടമ്മയുടെ പള്ളിയും ചില ചരിത്രവും. പിന്നെ മടിച്ചില്ല, മഞ്ഞവെയില്‍ മരണങ്ങളുടെ ഭൂമിക തേടിയുള്ള ഒരു കുഞ്ഞുയാത്ര.

നോവലിലെ നായകകഥാപാത്രമായ ക്രിസ്റ്റി അന്ത്രപ്പേര്‍ ജിജോയുമൊത്ത് പോകുന്ന ഉദയംപേരൂരിലെ പഴയപള്ളിയിലേക്ക് തന്നെയാണ് ആദ്യം പോയത്. പോര്‍ച്ചുഗീസുകാര്‍ മലങ്കരസഭയെ തങ്ങളുടെ അധീനതയിലാക്കിയ 1599 ലെ സുന്നഹദോസ് നടന്ന പള്ളി. 

ആ പള്ളി ഇന്ന് മ്യൂസിയമാണ്. ഇരുണ്ട ഇടനാഴി കടന്ന് പള്ളിക്കകത്തേക്ക് കയറുമ്പോള്‍ പഴമയുടെ ഗന്ധമായിരുന്നു. അന്ത്രപ്പേര്‍ കണ്ട അതേ കാഴ്ചകള്‍, അണുവിട മാറാതെ. ഭിത്തിയിലെ മലയാളം വട്ടെഴുത്തുള്ള കല്‍ഫലകങ്ങളും പഴയ ശവമഞ്ചവും ഒറ്റത്തൂണ് പോലുമില്ലാതെ പണിത പള്ളിയുടെ മച്ചും മേല്‍ക്കൂരയും. ആ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ നോവലിലെ ചില വരികള്‍ മാത്രമോര്‍ത്തു.

''തൈക്കാട്ടമ്മയെ വിശ്വസിക്കുന്നോ?

ഉദയംപേരൂരിലെ മണ്ണിന്റേയും ജലത്തിന്റേയും അധിപയാണ് തൈക്കാട്ടമ്മ എന്നറിയാമോ? ''

 

 

ഇത്തിരി കിഴക്കോട്ട് ചെന്നാല്‍ തൈക്കാട്ടുപള്ളി എന്ന് നാട്ടുകാര്‍ വിളിക്കുന്ന കപ്പേളയുണ്ട്. നോവലിലെ വരികളുടെ ചുവടുപിടിച്ചുതന്നെയാണ് പോയത്. കന്യാമറിയമാണോ വില്വാര്‍വട്ടം സ്വരൂപത്തിലെ തോമാരാജാവിന്റെ മകള്‍ മറിയമാണോ തൈക്കാട്ടമ്മ എന്ന് ചോദിക്കാന്‍ ആരെയും അവിടെ കണ്ടില്ല. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് വരുന്നവരോട് വിശ്വാസത്തിന്റെ മമതയെ കുറിച്ച് എന്തുചോദിക്കാന്‍ .

തൈക്കാട്ടമ്മയെ കുടിയിരുത്തിയ, പാലവി ഭാഷയില്‍ ആരാധിക്കുന്ന, മറിയംസേവ നടത്തുന്ന  നാല് കുടുംബങ്ങളിലെ ആ നാലാമത്തെ കുടുംബം, വല്യേടത്ത് വീട് ആയിരുന്നു അടുത്ത ലക്ഷ്യം.. നോവലിലെ സൂചനകള്‍ വച്ച് നടക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് കിഴക്കോട്ട് നടന്നു. ഒന്നരകിലോമീറ്റര്‍, വളവും കയറ്റവും കേറി.  കള്ളിപ്പാല പൂത്തുനില്‍ക്കുന്ന, വെള്ളക്കല്ല് വിരിച്ച ഇരുനില മാളികയ്ക്ക് വേണ്ടി കുറേയേറെ അലഞ്ഞു. ഒടുവില്‍ നാട്ടുകാരിലൊരാളോട് തന്നെ ചോദിച്ചു, ഈ മറിയംസേവ നടക്കുന്ന വീട് ഏതാണെന്ന്. അയാളുടെ രൂക്ഷമായ നോട്ടത്തിലുണ്ടായിരുന്നു, ഉത്തരം കിട്ടില്ലെന്ന്.

വല്യേടത്ത് വീട് കാണാമെന്ന മോഹത്തിന് താത്ക്കാലിക വിരാമമിട്ട് നേരെ മട്ടാഞ്ചേരിയിലേക്ക് പോര്‍ച്ചുഗീസ് ആധിപത്യം കേരള നസ്രാണികള്‍ വലിച്ചെറിഞ്ഞെന്ന് പ്രഖ്യാപിച്ച 1653 -ലെ കൂനന്‍ കുരിശ് സത്യത്തിന്റെ സ്മാരകശില കാണാന്‍..

ചരിത്രക്കാഴ്ചകള്‍ കണ്ടുകഴിഞ്ഞെന്ന് മനസിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ക്രിസ്റ്റിയുടെ തിരോധാനവും മെല്‍വിന്റേയും സെന്തിലിന്റേയും മരണവും അലട്ടിക്കൊണ്ടിരുന്നു. ഉത്തരം തേടിയായിരുന്നു അടുത്ത യാത്ര. ചെങ്ങന്നൂരും മുളക്കുഴയും പിന്നിട്ട് കുളനടയിലേക്ക്. കഥാകാരന്റെ സ്വന്തം നാട്ടിലേക്ക്. ചോദിച്ചും പറഞ്ഞും വീട് കണ്ടെത്തി. എഴുത്തിന്റെ തിരക്കിലാകുമോ എന്ന ആശങ്ക അസ്ഥാനത്താക്കി കഥാകാരന്‍, ബെന്യാമിന്‍ സ്വീകരിച്ചു. കഥാഭൂമിക തേടിയിറങ്ങിയ കഥ കേട്ടു.

 

 

മടങ്ങും മുന്‍പ് ഒരു ഉത്തരം കൂടി വേണമായിരുന്നു എനിക്ക്. കല്‍ദായ ചരിത്രത്തിന്റെ സൂക്ഷിപ്പുകള്‍ ഉള്ള, പിതാക്കന്‍മാരുടെ പുസ്തകമുള്ള, വല്യേടത്ത് വീട് എവിടെയാണ്. 

രഹസ്യങ്ങളെ ദുരൂഹതകള്‍ കൊണ്ട് മറയ്ക്കുന്ന തന്ത്രം പോലെയായിരുന്നു ആ ഉത്തരം. ക്രിസ്റ്റി അന്ത്രപ്പേര്‍ എവിടെ എന്നത് പോലെ വല്യേടത്ത് വീടും.

തിരിച്ചിറങ്ങുമ്പോള്‍ അടുത്ത ആഗ്രഹം മുളപൊട്ടിയിരുന്നു. അടുത്ത യാത്ര പോര്‍ട്ട് ലൂയിസിലെ കോഫി ഷോപ്പിലേക്ക്, അന്ത്രപ്പേറിന്റെ സ്വന്തം ഡീഗോ ഗാര്‍ഷ്യയിലേക്ക്.
 

click me!