നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?

By Web Team  |  First Published Jun 9, 2021, 5:37 PM IST

കഥ പറയും കാലം. സാഗ ജെയിംസ് എഴുതിയ കുട്ടികളുടെ നോവല്‍ ഏഴാം ഭാഗം 


പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

Latest Videos

undefined

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

'ആഹാ... എല്ലാവരും കിണറ്റിന്‍കരയിലാണോ? ഞാന്‍ മാര്‍ക്കറ്റില്‍ നിന്നും വന്നിട്ട് കുറേ നേരമായി. ഇവിടെ ആരേയും കാണാതിരുന്നപ്പോള്‍ പേടിച്ചു പോയി. ബാക്കി മൂന്നുപേര്‍ എവിടെ?'

തോമാച്ചന്‍ മതിലിനു മുകളില്‍ക്കൂടി താഴെ കിണറ്റിന്‍കരയിലേക്ക് എത്തിനോക്കി കൊണ്ട് ചോദിച്ചു.

'അവരു മൂന്നാളും ഗ്രൗണ്ടില്‍ കളിക്കാന്‍ പോയേക്കുവാന്നേ. ഞാന്‍ തുണി കഴുകാനിറങ്ങിയപ്പോള്‍ അമ്മുവും ജോക്കുട്ടനും എന്നോടൊപ്പം പോന്നു.'

'വല്യപ്പച്ചാ എനിക്കെന്താ കൊണ്ടുവന്നത്?'

'കുട്ടന് ഇഷ്ടമുള്ള കോലുമിഠായി ഉണ്ട്. ഓടിവായോ...'

തോമാച്ചന്‍ പറയേണ്ട താമസം ജോക്കുട്ടന്‍ ഒറ്റയോട്ടത്തിന് വീട്ടിലെത്തി.

'അന്നാമ്മോ... മീനൊന്നും വാങ്ങിയില്ല. വലിയ വിലയാണ്. അതിനു പകരം ബീഫു വാങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും അതല്ലേ ഇഷ്ടം. അമ്മൂട്ടാ ഇതാ നിനക്കുള്ള നെല്ലിക്ക. നന്നായിട്ട് കഴുകിയേ തിന്നാവൂ. വല്യമ്മച്ചി കഴുകിത്തരും.'

 

 

തോമാച്ചന്‍ സഞ്ചിയില്‍ നിന്നും നെല്ലിക്കാപ്പൊതി അമ്മുവിന് നേരെ നീട്ടി.

'കുട്ടനും നെല്ലിക്ക കൊടുക്കൂ. നെല്ലിക്ക പച്ചയ്ക്ക് തിന്നുന്നതാണ് ഗുണകരം.'

'എനിക്കിഷ്ടമില്ല വല്യപ്പച്ചാ. എന്നാ ചവര്‍പ്പാ അതിന്.'

'എടാ കുട്ടാ നീ കേട്ടിട്ടില്ലേ ഒരു പഴമൊഴി?'

'എന്തേ?'

'മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.'

'കേട്ടിട്ടില്ലല്ലോ വല്യപ്പച്ചാ. എന്താ ഈ പഴമൊഴിയുടെ അര്‍ത്ഥം?'

'മാതാപിതാക്കളോ, മറ്റു മുതിര്‍ന്നവരോ കുട്ടികളോട് അവരുടെ നന്‍മയ്ക്കായുള്ള ചില കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്കത് ഇഷ്ടമാകുമോ..? അനുസരിക്കുമോ?'

'ങ്ഹൂം... ഇല്ലാ...'

'അനുസരിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കില്‍പ്പോലും മാതാപിതാക്കള്‍ പറയുന്നത് അനുസരിച്ചു കഴിഞ്ഞാല്‍ നന്‍മയുണ്ടാവില്ലേ?'

'ഉവ്വ്'

'നല്ല കുട്ടി. അറിവുള്ളവരുടേയും അനുഭവസമ്പത്തുള്ളവരുടേയും വാക്കുകള്‍ പലപ്പോഴും നമുക്കിഷ്ടപ്പെടാറില്ല. എന്നാല്‍ അതെല്ലാം നമ്മുടെ നല്ലതിനായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാവുക.'

'ഈ നെല്ലിക്കയും അങ്ങനെയാണോ?'

'അതെ. നെല്ലിക്ക ആദ്യം ചവയ്ക്കുമ്പോള്‍ ചവര്‍പ്പനുഭവപ്പെടും. എന്നാല്‍ നെല്ലിക്ക തിന്നുകഴിഞ്ഞ് വെള്ളം കുടിച്ചു നോക്കൂ. നല്ല മധുരമായിരിക്കും.'

'ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ വല്യപ്പച്ചാ?'

തോമാച്ചന്‍ ഒരു നെല്ലിക്കയെടുത്തു കഴുകി ജോക്കുട്ടന് തിന്നാന്‍ കൊടുത്തു. ജോക്കുട്ടന്‍ നെല്ലിക്കയൊന്ന് കടിച്ചശേഷം മുഖം വക്രിച്ചുകൊണ്ട് അത് അമ്മുവിന് കൊടുത്തു.

'ഹാ... ഹാ... ഇനി ആ കടിച്ചെടുത്ത നെല്ലിക്ക കഷണം നന്നായി ചവച്ചരച്ചു തിന്നേ.. എന്നിട്ട് ദാ ഈ വെള്ളം അല്പം കുടിക്കൂ...'

തോമാച്ചന്‍ ഒരു ഗ്ലാസ് വെള്ളം ജോക്കുട്ടന്റെ കൈയില്‍ കൊടുത്തു. ജോക്കുട്ടന്‍ നെല്ലിക്ക ചവച്ചരച്ചു തിന്നതിനുശേഷം തോമാച്ചന്‍ നല്‍കിയ വെള്ളം കുടിച്ചു.

'ഹായ്... നല്ല മധുരമാണല്ലോ വല്യപ്പച്ചാ. ഇതെന്തു മാജിക്കാന്നേ?'

'ആ മാജിക്ക് വല്യപ്പച്ചന്‍ പറഞ്ഞുതരാം. അതിനു മുമ്പൊരു ചോദ്യം. നെല്ലിക്കയിലടങ്ങിയിട്ടുള്ള ജീവകം  (Vitamin) ഏതാണ് കുട്ടാ?'

'വിറ്റാമിന്‍ സി.'

'അതെ. കൂടാതെ നെല്ലിക്കയില്‍ ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.'

'അങ്ങനെയാണെങ്കില്‍ നമ്മള്‍ നെല്ലിക്ക വായിലിടുമ്പോള്‍ത്തന്നെ മധുരിക്കേണ്ടതല്ലേ വല്യപ്പച്ചാ?'

'ഉം. പക്ഷേ അതിനു സമ്മതിക്കാത്തതാരെന്നോ? നെല്ലിക്കയില്‍ കാണപ്പെടുന്ന രാസവസ്തുക്കളായ ടാനേറ്റുകളും ഗാലേറ്റുകളും. നെല്ലിക്ക കഴിക്കുമ്പോള്‍ ഈ രാസവസ്തുക്കള്‍ നമ്മുടെ നാവിലെ രുചിമുകുളങ്ങളെ മരവിപ്പിക്കുന്നു. അതുകൊണ്ടാണ് ആദ്യം ചവര്‍പ്പനുഭവപ്പെടുന്നത്. വെള്ളം കുടിക്കുമ്പോള്‍ രുചിമുകുളങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ രാസവസ്തുക്കള്‍ ഒലിച്ചുപോകുന്നു. ആ സമയം നാവിലെ രുചി മുകുളങ്ങള്‍ക്ക് നെല്ലിക്കയിലെ മധുരം തിരിച്ചറിയാനാകുന്നു. ഇപ്പോ മനസ്സിലായോ മൂത്തവര്‍ ചൊല്ലുന്ന വാക്കുകള്‍ ആദ്യം ചവര്‍ക്കുമെങ്കിലും പിന്നീട് മധുരമുള്ളതായിത്തീരുമെന്ന്...'

'ഉവ്വുവ്വേ... എനിക്ക് മനസ്സിലായി. പക്ഷേ ദീദിക്ക് മനസ്സിലായില്ല. ഹാ ഹാ..'

click me!