വല്യമ്മച്ചി കരയുന്നു...!

By Web Team  |  First Published Jun 5, 2021, 4:35 PM IST

കഥ പറയും കാലം. സാഗാ ജെയിംസ് എഴുതിയ കുട്ടികളുടെ നോവല്‍ നാലാം ഭാഗം 


പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

Latest Videos

undefined

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

'അയ്യോ... എന്തിനാ വല്യമ്മച്ചി കരയുന്നത്?'

അടുക്കള വരാന്തയിലെ അരമതിലിലിരുന്ന് ഉള്ളി അരിയുകയായിരുന്ന അന്നാമ്മയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ട് ജോക്കുട്ടന്‍ ചോദിച്ചു.

'ഈ ഉള്ളിയാ വല്യമ്മച്ചിയെ കരയിപ്പിച്ചത് ജോക്കുട്ടാ. കുട്ടന്‍ ദീദിയുടെ അടുത്ത് പോയിരുന്നോ ഇല്ലെങ്കില്‍ കുട്ടനും കരയാന്‍ തുടങ്ങും'

'ഉം'

'വേഗം പൊയ്‌ക്കോളൂ.'

ജോക്കുട്ടന്‍ വിഷമത്തോടെ അന്നാമ്മയെ തിരിഞ്ഞു നോക്കി... തിരിഞ്ഞു നോക്കി നോക്കി അകത്തേക്ക് കയറിപ്പോയി.

'ദീദീ... ദീദിയേ...'

'ഞാനിവിടെയുണ്ട്. ഇങ്ങുവാടാ.'

റ്റിവി കാണുകയായിരുന്ന അമ്മു വിളിച്ചു പറഞ്ഞു.

'ദീദി വല്യമ്മച്ചി കരയുവാന്നേ.'

'കരയുന്നോ? എന്തിന്?'

'വല്യമ്മച്ചി പറഞ്ഞു ഉള്ളിയാണ് വല്യമ്മച്ചിയെ കരയിപ്പിച്ചതെന്ന്.'

 

 

'ഉള്ളി അങ്ങനെയാ കുട്ടാ, നമ്മെ കരയിപ്പിക്കും.'

'അതെന്താ ദീദീ?'

'ഉള്ളിയില്‍ സള്‍ഫര്‍ എന്ന മൂലകവും  (element) സിന്‍തേസ്  (synthase)    എന്ന ഒരു എന്‍സൈമും (രാസാഗ്‌നി) ഉണ്ട്. ഇത് രണ്ടും പ്രവര്‍ത്തിച്ച് സിന്‍പ്രൊപെനെത്തിയല്‍ എസ് ഓക്‌സൈഡ് (Synpropanethial - s - oxide) എന്ന സംയുക്തം ഉണ്ടാകുന്നു. ഉള്ളി അരിയുമ്പോള്‍ മുറിഭാഗത്തുള്ള ഈ സംയുക്തം പെട്ടെന്ന് ബാഷ്പീകരിച്ച് വാതകമായി മാറുന്നു.'

'എന്നിട്ടെന്ത് സംഭവിക്കും ദീദീ?'

'ഈ വാതകം നമ്മുടെ കണ്ണിലെ ലക്രിമല്‍  (Lachrymal) ഗ്രന്ഥിയുമായി പ്രവര്‍ത്തിക്കുകയും കണ്ണില്‍ നീറ്റല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. അതിന്റെ ഫലമായാണ് കണ്ണില്‍ നിന്ന് വെള്ളം വരുന്നത്.'

'അപ്പോള്‍... പാവം വല്യമ്മച്ചി എന്നും കരയുമായിരിക്കും അല്ലേ?'

'ഉം... ഉള്ളി അരിയുമ്പോഴൊക്കെ കരയും.'

 

'കരയാതിരിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലേ.'

'ഉണ്ടല്ലോ. ഉള്ളി അരിയുമ്പോഴുണ്ടാകുന്ന ഈ വാതകത്തെ വഴി തിരിച്ചുവിടാന്‍ ഒരു ഫാന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. കണ്ണട വെച്ചാലും ഈ വാതകം പെട്ടെന്ന് നമ്മുടെ കണ്ണിലേക്കെത്തില്ല. പിന്നൊരു എളുപ്പവഴിയുണ്ട്.'

'അതെന്താ...?'

'ഉള്ളി കുറച്ചുനേരം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനുശേഷം അരിഞ്ഞാലും കണ്ണു നീറില്ല കുട്ടാ.'

'എന്നാല്‍പ്പിന്നെ ഇക്കാര്യം വല്യമ്മച്ചിയോട് നേരത്തെ പറഞ്ഞു കൊടുക്കമായിരുന്നില്ലേ ദീദി. പാവം വല്യമ്മച്ചി. ഞാന്‍ പോയി പറഞ്ഞിട്ടുവരട്ടെ. ഹും.'

ജോക്കുട്ടന്‍ അമ്മുവിനോട് ദേഷ്യപ്പെട്ടുകൊണ്ട് അന്നാമ്മയുടെ അടുത്തേക്ക് നടന്നു.

 

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

click me!