''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

By Web Team  |  First Published Jun 2, 2021, 6:00 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ കുട്ടികള്‍ക്കായി ഒരു നോവല്‍ ആരംഭിക്കുന്നു. കഥയും അറിവും ലയിച്ചു ചേര്‍ന്ന ഈ നോവല്‍ എഴുതിയത് അധ്യാപികയായ സാഗാ ജെയിംസാണ്. ഇന്നു മുതല്‍ ഈ നോവല്‍ വായിക്കാം...ചിത്രങ്ങള്‍: ബിന്ദു ദാസ്


പ്രിയപ്പെട്ട കൂട്ടുകാരേ,

സ്‌കൂളൊക്കെ തുറന്ന് ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കിലായി ല്ലേ. 
എന്നാല്‍പ്പിന്നെ, പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

Latest Videos

undefined

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 
ടീച്ചര്‍ കഥ എഴുതും, കഥ പറയും, കഥ വായിക്കും. 
കൂട്ടുകാര്‍ക്കായി ചില പുസ്തകങ്ങളൊക്കെ എഴുതിയിട്ടുണ്ട്. 

അപ്പോ ഇനി കഥയെക്കുറിച്ച് പറയാം.
ഇതൊരു കുഞ്ഞിക്കുട്ടിയുടെ കഥയാണ്.  
വികൃതിയുമായ ജോക്കുട്ടന്‍. 
അവന്റെ വീട്ടിലെ ആളുകള്‍ ആരൊക്കെയാണെന്നോ...
അമ്മു എന്ന ദീദി. മുത്ത്, ഉണ്ണിച്ചേട്ടന്‍, കണ്ണന്‍ ചേട്ടന്‍.
തോമാച്ചനെന്ന വല്യപ്പച്ചന്‍. 
കൂടെ അന്നാമ്മയെന്ന വല്യമ്മച്ചിയും. 

അവരെല്ലാവരുടെയും ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

അപ്പോ തുടങ്ങുകയല്ലേ...!
എല്ലാവരും എല്ലാ ദിവസവും വായിക്കണം.
അച്ഛനെയും അമ്മയെയും നിര്‍ബന്ധിച്ച് വായിപ്പിക്കണം.
ഒരു ദിവസം വായിച്ചാല്‍ അവരും നിര്‍ത്തില്ല.

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 


കണ്ണുകളിലേയ്ക്കാരോ ടോര്‍ച്ചടിക്കുന്നതുപോലെ തോന്നിയപ്പോഴാണ് ജോക്കുട്ടന്‍ ഞെട്ടിയുണര്‍ന്നത്.

തന്നെ ഉണര്‍ത്താന്‍, മുത്തുച്ചേട്ടന്‍ ചെയ്യുന്നതാവും എന്നു കരുതിയ ജോക്കുട്ടന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് എഴുന്നേറ്റിരുന്നു.

'മുത്തുച്ചേട്ടാ... വേണ്ടാ..'- ജോക്കുട്ടന്‍ ഒച്ചവെച്ചു.

'മിണ്ടാതിരിക്കെടാ ചെക്കാ... ഉറങ്ങാന്‍ സമ്മതിക്കില്ലേ?'

ജോക്കുട്ടന്റെ അടുത്തു കിടന്നുറങ്ങുകയായിരുന്ന മുത്ത് ഉറക്കം മുറിഞ്ഞ് പോയതില്‍ ദേഷ്യപ്പെട്ടു തിരിഞ്ഞു കിടന്നു.

'ങ്‌ഹേ... അപ്പോള്‍ മുത്തുച്ചേട്ടനല്ലായിരുന്നോ? പിന്നെയാരാ എന്നെ ഉണര്‍ത്തിയത്...?'- ജോക്കുട്ടന്‍ ചുറ്റും നോക്കി. 

തുറന്നു കിടക്കുന്ന ജനാലവഴി അകത്തേക്ക് കടക്കുന്ന സൂര്യപ്രകാശം കണ്ണിലേക്ക് പതിച്ചപ്പോള്‍ ജോക്കുട്ടന്‍ കണ്ണുചിമ്മിയടച്ചു.

'ആഹാ... സൂര്യാ... നീയായിരുന്നോ...?' ജോക്കുട്ടന് ചിരി വന്നു.

'ഇപ്പോ മുത്തുച്ചേട്ടന്റെ കൈയ്യില്‍ നിന്നെനിക്കടി കിട്ടുമായിരുന്നു. എടാ... ഭയങ്കരാ... ഇനി നീ മുത്തുച്ചേട്ടന്റെ മുഖത്തേക്ക് ടോര്‍ച്ചടിച്ചോ. ഞാന്‍ പോവുവാണേ.'

ജോക്കുട്ടന്‍ കട്ടിലില്‍ നിന്നു താഴെയിറങ്ങി മൂരി നിവര്‍ത്തി. എന്നിട്ട് ചുറ്റും നോക്കി.

തൊട്ടടുത്ത കട്ടിലുകളിലൊന്നില്‍ കണ്ണനും ഉണ്ണിയും വേറൊന്നില്‍ അമ്മുവും ഉറങ്ങുന്നുണ്ടായിരുന്നു. അവന്‍ ഒച്ചയുണ്ടാക്കാതെ അവരുടെ സമീപത്തെത്തി. എന്നിട്ടവരെയൊക്കെ ഒന്നു തൊട്ടു. പിന്നെ കൈകള്‍ രണ്ടും പുറകിലേക്ക് പിണച്ചുവച്ച് പതിയെ ക്യാറ്റ് വാക്ക് ആരംഭിച്ചു. മുകളിലത്തെ നിലയില്‍ നിന്ന് താഴേയ്ക്കുള്ള ഗോവണിയുടെ അടുത്തെത്തി അല്പസമയം നിന്നു. എന്നിട്ട് പടികള്‍ ഓരോന്നും എണ്ണിയെണ്ണി താഴേയ്ക്കിറങ്ങാന്‍ തുടങ്ങി. 

ഒന്ന്... രണ്ട്... മൂന്ന്...

ഗോവണിയിറങ്ങി താഴെയെത്തിയപ്പോള്‍ ഏത് ദിശയിലേക്ക് പോകണമെന്ന് ജോക്കുട്ടന്‍ ആലോചിച്ചു. ഇടതുവശത്തേക്ക് തിരിഞ്ഞാല്‍ അടുക്കളയാണ്. അവിടെ വല്യമ്മച്ചി ഭക്ഷണം തയ്യാറാക്കുകയായിരിക്കും. 'ഇപ്പോള്‍ വല്യമ്മച്ചി എന്നെ കണ്ടാല്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കും. ങ്ഹും... വേണ്ടാ... വലത്തേക്ക് തിരിഞ്ഞ് പൂമുഖത്തേക്കു പോകാം. അവിടെ വല്യപ്പച്ചനുണ്ടാവും. വല്യപ്പച്ചന്‍ കഥകള്‍ പറഞ്ഞുതരും.'

ജോക്കുട്ടന്‍ ശബ്ദമുണ്ടാക്കാതെ പൂമുഖത്തേക്ക് നടന്നു. ഇറയത്തോട് ചേര്‍ന്ന് തൂക്കിയിട്ടിരിക്കുന്ന ചെടികള്‍ നനയ്ക്കുകയായിരുന്നു തോമാച്ചന്‍.

'വല്യപ്പച്ചോ...'

ജോക്കുട്ടന്റെ വിളികേട്ട് തോമാച്ചന്‍ തിരിഞ്ഞു നോക്കി.

'ആരപ്പാ ഇത്...? ജോക്കുട്ടനോ...'

ജോക്കുട്ടന്‍ കൊഞ്ചിക്കൊണ്ട് തലയാട്ടി.

'ഇന്നലെ എപ്പഴാ ഐവര്‍സംഘം ഉറങ്ങിയത്? ആഘോഷമായിരുന്നല്ലേ?'

കൈയിലിരുന്ന ഹോസ് മുറ്റത്തിനരികിലേയ്ക്കിട്ട് പൈപ്പ് അടച്ചുകൊണ്ട് തോമാച്ചന്‍ ചോദിച്ചു.

'അതേന്നേ... എല്ലായിടവും കൊറോണ ലോക്ഡൗണാക്കിയില്ലേ... ഇനിയിപ്പോ ഉടനെയൊന്നും എന്നെ ദുബായ്ക്ക് കൊണ്ടുപോകാന്‍ അപ്പ വരില്ലല്ലോ... ഹ്ഹാഹാ...'

ജോക്കുട്ടന്‍ സന്തോഷത്താല്‍ കൈകൊട്ടി.

'പാവം അപ്പയും അമ്മയും... ജോക്കുട്ടനെ അവര്‍ക്ക് മിസ് ചെയ്യുന്നുണ്ടാവും.' നനഞ്ഞ കൈ ഉടുത്തിരുന്ന ലുങ്കിയില്‍ തുടച്ചുകൊണ്ട് തോമാച്ചന്‍ പറഞ്ഞു.

'ഞാനെപ്പഴും അപ്പയ്ക്കും അമ്മയ്ക്കും ഒപ്പമായിരുന്നില്ലേ വല്യപ്പച്ചാ. ആദ്യമായല്ലേ വെക്കേഷന് ഞാനൊറ്റയ്ക്ക് നാട്ടില്‍ വന്നത്. ആദ്യമായല്ലേ എനിക്കിത്രയും ദിവസം ഇവിടെ നില്‍ക്കാനായത്. അവിടെ കളിക്കാന്‍ കൂട്ടിന് എനിക്കാരുമില്ല. അപ്പയും അമ്മയും മറ്റുകുട്ടികള്‍ക്കൊപ്പം എന്നെ പുറത്തേക്ക് വിടുകയുമില്ല. എനിക്ക് ഇവിടുന്ന് എങ്ങും പോകണ്ട വല്യപ്പച്ചാ...'

ജോക്കുട്ടന്‍ മുറ്റത്തേക്കിറങ്ങി തോമാച്ചനെ കെട്ടിപ്പിടിച്ചു.

'ആയിക്കോട്ടെന്നേ... കുട്ടന്‍ ഇപ്പോ പോകണ്ടാട്ടോ. പക്ഷേ ലോക്ഡൗണ്‍ കഴിയുമ്പോള്‍ ദീദിയും ചേട്ടായിമാരും അവരുടെ വീടുകളിലേക്ക് തിരിച്ചുപോകില്ലേ. അവര്‍ക്ക് ക്ലാസ്സുള്ളതല്ലേ കുട്ടാ. അന്നേരം അപ്പായ്‌ക്കൊപ്പം കുട്ടന്‍ തിരിച്ചു പോയാല്‍ മതീട്ടോ.'

തോമാച്ചന്‍ ജോക്കുട്ടനെ ഉമ്മവെച്ചു കൊണ്ടു പറഞ്ഞു.

'കുട്ടികള്‍ക്കു പറ്റിയ കോവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ ഒത്തിരി താമസിക്കുമെന്ന് ഇന്നലെ കണ്ണന്‍ ചേട്ടായി പറഞ്ഞല്ലോ. വാക്‌സിനെപ്പറ്റി കൊറേ കൊറേ കാര്യങ്ങള്‍ ചേട്ടായി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. എന്തായാലും ഞങ്ങള്‍ക്കുള്ള വാക്‌സിന്‍ കണ്ടുപിടിക്കട്ടെ. അതുകഴിഞ്ഞ് ദുബായിക്കു പോണോ വേണ്ടയോന്ന് നമുക്കാലോചിക്കാന്നേ...'

ജോക്കുട്ടന്‍ തോമാച്ചന്റെ വയറില്‍ ഇക്കിളിയിട്ടു.

'ഹ്ഹഹ്ഹാ... പോടാ കുട്ടാ...'

തോമാച്ചന്‍ ജോക്കുട്ടനെ ഇക്കിളിയിടാന്‍ ഭാവിച്ചതും അവനൊരു വരാലിനെപ്പോലെ വഴുതിമാറി. എന്നിട്ട് മുത്തിന്റെ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നെടുത്ത് അതില്‍ കയറി.

'വല്യപ്പച്ചാ ചുണയുണ്ടെങ്കില്‍ എന്നെപ്പിടിക്കൂ... ഹ്ഹാ...'

തോമാച്ചനെ വെല്ലുവിളിച്ചുകൊണ്ട് തികഞ്ഞൊരു അഭ്യാസിയെക്കൂട്ട് അവന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.

തോമാച്ചന്‍ പുഞ്ചിരിയോടെ അവനെ നോക്കി നിന്നു.

 

..........................

ശ്രീബാലാ കെ മേനോന്‍ എഴുതിയ കുട്ടികളുടെ നോവല്‍ 'ഹാപ്പി' മുഴുവനായി ഇവിടെ വായിക്കാം
 

click me!