സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ലോകമാകെ വ്യാപകമാവുന്നതിനിടയിലും കേരളത്തിലെ പെണ്‍ജീവിതം ഏതു വഴിക്കാണ് നീങ്ങുന്നത്. ലോക വനിതാ ദിനത്തില്‍ രസ്‌ലിയ എം എസ് എഴുതിയ കവിത
അറിയപ്പെടാനുള്ള ആഗ്രഹത്തിന്റെ
അരികുകളില്‍ നിന്നാണ്
ആരാരും ചെയ്യാത്ത ചെയ്തികള്‍ തേടിയത്.
അന്നോളം കാണാത്ത
ഇലകളില്‍, തൂവലുകളില്‍,
വിത്തുകളില്‍, കൂണുകളില്‍,
ചിപ്പികളില്‍ തുടങ്ങി
അതിരുകളില്‍
ആകാശങ്ങളില്‍
ആഴങ്ങളിലതെത്തി നിന്നു.
അറിയും തോറും ആഴമേറിയതിനാലോ
ഒരിക്കലുമറിയാന്‍ സാധിക്കാത്തതിനാലോ
ആഴങ്ങള്‍ ഇന്നും ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്നു.
undefined
കിണറിന്റെ ആഴം, കുളങ്ങളുടെ ആഴം
നദിയുടെ പുഴയുടെ കടലിന്റെ ആഴം.
എല്ലാ ജലശയ്യയുടെയും ആഴവും തണുപ്പും
അളന്നെടുത്തത് പെട്ടെന്നായിരുന്നു.
ആഴങ്ങളെഴുതുന്ന പുസ്തകത്തില്‍ നിന്ന്
ഏതോ ഒരു രാത്രിയിലാണ്
ഇന്നോളം ഒരു പെണ്ണാഴം അളന്നിട്ടുണ്ടോ
എന്ന ചോദ്യമുയര്‍ന്നത്.
പെണ്ണാഴം!
സ്‌നേഹത്തിന്റെ കരുണയുടെ
വാത്സല്യത്തിന്റെ കണ്ണീരിന്റെ
പെണ്ണാഴം.
ഭയത്തിന്റെ തേടലിന്റെ
മൗനത്തിന്റെ കാത്തിരിപ്പിന്റെ
ഉറക്കമില്ലാ രാത്രികളുടെ നേരാഴം.
അടുക്കും തോറും കുറഞ്ഞും
അകലും തോറും കൂടിയും
ഒപ്പമാവലുകളിലൊന്നും
തിരിയാത്ത പെണ്ണാഴം.
ഒരു മീറ്ററിലും തെളിയാത്ത
പെണ്‍മയുടെ കണ്ണീരാഴം.
അവഗണിച്ചപ്പോള്‍
അനീതിക്കു വിരല്‍ ചൂണ്ടിയപ്പോള്‍
പൊടിഞ്ഞ ഉപ്പിന്റെയും വിയര്‍പ്പിന്റെയും
ചോരയുടെയുമാഴം.
എന്തിന്?
ഒരു പെണ്‍കുരുവി ചത്തതിന്റെയോ
ഒരു പെണ്ണാടിന്റെ തൊണ്ടയ്ക്ക്
കത്തി വെച്ചതിന്റെയോ
ഒരു പെണ്‍മൂരിയുടെ അമര്‍ച്ചയുടെയോ
ആഴം ഇന്നോളം രേഖപ്പെടുത്തിയിട്ടുണ്ടോ?
ഇരുട്ടിലാഴ്ന്നിറങ്ങlയ
നഖപ്പാടുകളോടുള്ള
വെറുപ്പാഴവും
ഇഷ്ടത്തോടെയുള്ള
സ്പര്‍ശനത്തിന്റെ
കൊതിയാഴവും
ഏത് മാധ്യമത്തിലാണ് നിങ്ങള്‍ അളന്നത്?
ഇല്ല,
ആഴത്തിലിവയൊന്നും ഞാന്‍ കണ്ടെടുത്തില്ല.
അരുവിയുടെ ജലധിയുടെ കുളിരായിരുന്നു
എനിക്കാഴം.
പെണ്‍മയുടെ ഊഷരതയുടെ
ഉപ്പാഴങ്ങള്‍ എനിക്കപരിചിതം.
ഇനിയും അളന്നു തിട്ടപ്പെടുത്താനാവാത്ത
പെണ്ണാഴങ്ങളില്‍,
ആഴം ചോര്‍ന്നു പോയ
എന്റെയന്വേഷണങ്ങള്‍
അവസാനിക്കുന്നു.