തിരിച്ചുവരാത്ത യാത്രയിലേക്ക് കവി ഡി വിനയചന്ദ്രന്‍ നടന്നകന്നിട്ട് ഇന്ന് എട്ടുവര്‍ഷങ്ങള്‍. കോട്ടയം എം ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ദീര്‍ഘകാലം കവിയുടെ സഹപ്രവര്‍ത്തകനായിരുന്ന കഥാകൃത്ത് പി കെ സുധിയുടെ ഓര്‍മ്മ.
2013 ഫെബ്രു. 11 ഒടുവിലാ ഫെബ്രുവരി പതിനൊന്നിന്ന് രാത്രിയില്‍ വീട്ടിലേയ്ക്കുള്ള വഴിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.
കല്ലടയിലെ തന്റെ പോറ്റുഗൃഹമായ ഭട്ടതിരിയുടെ ഇല്ലത്തിനു മുന്നിലെ ലൈബ്രറിയിലെ തണുപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാനും അദ്ദേഹത്തിന്റെ സ്വന്തക്കാരായ ആസ്വാദകര്‍ മുഴുവനും കവിയുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു. അദ്ദേഹം പിറന്ന 'കൊട്ടാരം വീട്ടിലേയ്ക്കുള്ള വഴി'യെ കുറിച്ച് ആര്‍ക്കുമാര്‍ക്കും അന്നേരത്ത് ഓര്‍ക്കാതിരിക്കാനാവില്ല.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. നരേന്ദ്രപ്രസാദ്, ഡോ. എന്‍. എന്‍. മൂസ്സത്. ഡോ. വി. സി. ഹാരിസ്, ഡോ.പി.പി. രവീന്ദ്രന്‍, പി. ബാലചന്ദ്രന്‍, ഡോ. കെ. എം. കൃഷ്ണന്‍ എന്നിവരുടെ പ്രതിഭാസ്ഫുരണങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അടുത്ത മുറിയില്‍ ഒ.വി. ഉഷ അച്ചടി വിഭാഗത്തെ നയിച്ചു. യൂണിവേഴ്‌സിറ്റിയിലെ സംസ്‌കാരിക വിഭാഗമായ പ്രാസാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വി.കെ. ഉണ്ണിക്കൃഷ്ണനും അവിടെയെത്തി ചര്‍ച്ചകളില്‍ മുഴുകിയിരുന്നു. മിടുമിടുക്കരായ വിദ്യാര്‍ത്ഥികളും ഗവേഷകരുടെയും സാന്നിധ്യവും ഏതിനുംമേല്‍ തിളക്കമായി. നരേന്ദ്രപ്രസാദ് ലീവില്‍പോയ ദീര്‍ഘമായ കാലയളവില്‍ വിനയചന്ദ്രന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റീഡര്‍-ഇന്‍-ചാര്‍ജ്ജ് ആയി മാറി. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കൂടു പണിയാത്ത കാലം. അതിരമ്പുഴയിലെ മറ്റം കവലയിലെ ഹസ്സന്‍ മന്‍സില്‍ എന്ന അപാരവലിപ്പമുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്.
വിനയവഴികള്‍
എല്ലാ വേനലവധിക്കാലത്തും പുഴപോലെ വിനയന്‍ നീണ്ടൊഴുകുമായിരുന്നു. നീണ്ടുപോകുന്ന ആ വഴികള്‍ ഹിമാലയത്തില്‍ ചെന്നുമുട്ടി, അവധിക്കാലം കഴിഞ്ഞു സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലേയ്ക്ക് തിരിച്ചു വന്നു. തിങ്കളാഴ്ചകളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളില്‍ നിന്നും എത്തിയപ്പോള്‍ കവിയിലും ദീര്‍ഘയാത്രാ വിശേഷങ്ങള്‍ പറ്റിക്കൂടിയിട്ടുണ്ടായിരുന്നു. മറ്റുള്ളവരുടെ യാത്രകളില്‍ നിന്നും വിനയചന്ദ്രന്റെ വരവിന് എന്നാല്‍ ചിലവ്യത്യാസങ്ങളുണ്ടായി.
കവിയുടെ സഞ്ചാരപഥമാരംഭിക്കുന്നത് എന്നും കൃത്യമായ ഒരിടത്തു നിന്നായിരുന്നില്ല. തിരുവനന്തപുരത്തു നിന്നോ കോഴിക്കോട്ടോ കര്‍ണ്ണാടകയില്‍ നിന്നോ ഹിമാലയത്തില്‍ നിന്നോ ആയിരുന്നു ആ യാത്രകളുടെ തുടക്കം. ഓരോ ആഴ്ചയിലും അവയുടെ പഥവും രീതികളും മാറിക്കൊണ്ടിരുന്നു. പൂരത്തിന്റെയോ ഫിലിം ഫെസ്റ്റിവലിന്റെയോ താനാസ്വദിച്ച മഹാകാഴ്ചകളുടെ തിളക്കമാണ് ആ കണ്ണുകളില്‍ ക്ഷീണപ്പാടയുടെ രൂപത്തില്‍ അടിഞ്ഞു കിടന്നിരുന്നത്. അതു മാറിമാറി വന്നുകൊണ്ടിരുന്നു.
തന്റെ യാത്രകളെക്കുറിച്ച് വര്‍ണ്ണനകളും വിവരണങ്ങളും മേനിപറച്ചിലുകളും കവിയുടെ ഭാഗത്തു നിന്നും കഷ്ടിയാണ്. ഞാന്‍ കണ്ടതും കേട്ടതും എനിക്കു മാത്രം സ്വന്തം. നിങ്ങള്‍ക്കുമിതൊക്കെയാവാം. 'വെറുതെയൊരിടത്തിരുന്നാല്‍പ്പോരാ... സഞ്ചരിച്ചോളൂ.' എന്നൊരു ഭാവമാണ് കവിയില്‍ പ്രത്യക്ഷത്തില്‍ തെളിഞ്ഞു നിന്നിരുന്നത.
ചില സ്വസ്ഥവേളകളില്‍ കവി വ്യത്യസ്തനായി രൂപമെടുത്തിരുന്നു. വാക്കുകള്‍ സരസമായി പരിണമിപ്പിക്കും. ''എന്റെ രണ്ടുവരി നാടന്‍പാട്ടു മതി ഏതു ഗ്രാമീണനേയും വശത്താക്കാന്‍. അതു പാടിത്തീരുമ്പോള്‍ അവന്‍ കുടിച്ചുകൊണ്ടിരിക്കുന്ന കള്ളിന്‍തൊണ്ട് നമ്മുടെ മുന്നിലെത്തും.''
കുറഞ്ഞ വാക്കുകളിലുള്ള വടക്കേയിന്ത്യന്‍ യാത്രാനുഭവാഖ്യാനത്തില്‍ അലിഞ്ഞുപോയ നമ്മളും ബംഗാളിലെ ഒരുള്‍ഗ്രാമത്തില്‍ കവിയോടൊത്ത് നടക്കാന്‍ തുടങ്ങും. ആ വര്‍ണ്ണനയും പൂര്‍ണമാകുമെന്നുറപ്പില്ല. പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയത്തിനെയധികം ദീര്‍ഘിപ്പിക്കാതെ മനസ്സു മാറിയ വിനയചന്ദ്രന്‍ പെട്ടെന്നു എഴുന്നേറ്റു പോയെന്നിരിക്കും. 'ഒരിടത്തേയ്ക്കും സഞ്ചരിക്കാന്‍ വയ്യാതെ ഒരിടത്തു തന്നെ കെട്ടിനില്‍ക്കുന്ന നിങ്ങള്‍ക്ക് ഇത്രയൊക്കെ മതി'യെന്ന ഭാവം വീണ്ടും ആ ചലനങ്ങളില്‍ തിരിച്ചെത്തും.
Photo: Ajilal
കര്‍ക്കിടക ശബരിമല
കാടു കാണാനും പടേനിക്കുമുള്‍പ്പെടെ ഒരു പാട് യാത്രകള്‍ക്ക് കൂട്ടുചെല്ലാന്‍ കവിയുടെ ക്ഷണം ലഭിച്ചിരുന്നു.
ഒരു കര്‍ക്കിടകത്തില്‍ മഴ ചൊരിഞ്ഞു തളര്‍ന്നുപോയ കാലത്താണ് ശബരിമലയ്ക്ക് കൂട്ടുവിളിച്ചത്. യാത്രാക്കൂട്ടില്‍ അടുത്ത ഡിപ്പാര്‍ട്ടുന്റെിലെ പ്രഹ്ലാദനും അതിരമ്പുഴയിലെ ഹരിഹരന്‍ സാറുമുണ്ടായിരുന്നു. എന്റെ കന്നിമല യാത്ര. കാടു കണ്ടും, വിനയചന്ദ്രന്‍ കവിതകളിലും കേള്‍വികളിലും മുഴുകിയതായിരുന്നു മാലയിടലും കെട്ടുമുറുക്കു ചടങ്ങുകളുമില്ലാത്ത മലചവിട്ടല്‍. മറക്കാന്‍ വയ്യാത്ത സൂക്ഷിപ്പായി അതുമാറി.സ്വാമിവഴിയില്‍ കവി തീര്‍ത്തും അയ്യപ്പഭക്തനാണ്. മലചവിട്ടുന്ന നേരത്ത് സ്‌തോത്രങ്ങളുമായി താന്‍ മാത്രമുള്ള ലോകത്തില്‍ കവി സഞ്ചരിച്ചു. ഒപ്പമെത്താന്‍ ആ വേഗം പോരായെന്നത് ശരിതോന്നലായി മാറി. താന്‍ ഇതാ പ്രകൃതിയില്‍ അലിഞ്ഞിരിക്കുന്നു. എന്നതുപോലുള്ള നിര്‍വ്വാണാവസ്ഥ.
ആ ലോകത്തിലേയ്ക്ക് വേഗം കൊണ്ട് നമുക്കെത്താനാവില്ല. ആ ബോധ്യത്തില്‍ ഞങ്ങള്‍ മൂവരും അകലം പാലിച്ചു നടന്നു.
സന്നിധാനത്തില്‍ മഴ തളിര്‍ത്തു കിടന്ന രാത്രിയും മറവിക്ക് അടിപറ്റിക്കാനാവാത്ത അപൂര്‍വ്വങ്ങളിലൊന്നായി മാറി. അനിതരസാധാരണമായ ചാരുതയുടെ കാരണക്കാര്‍ കാനനപ്രകൃതിയും തണുപ്പും മഴയും ഒക്കെയാണെങ്കിലും, അതിനുള്ളിലെ സജീവമായ മറ്റൊരന്തര്‍ദ്ധാര വിനയചന്ദ്ര സാന്നിധ്യമായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിലുണ്ടായ ആ സംഭവത്തിനിപ്പോഴും ചൂടും തണുപ്പും പ്രസരിപ്പിക്കാന്‍ ശേഷിയുണ്ട്.
പിറ്റേന്നു രാവിലെ മാളികപ്പുറത്തുവച്ചു കണ്ണേറു ദോഷങ്ങളെല്ലാമകറ്റാന്‍ കവി താല്പര്യപ്പെട്ടു. നാവേറു പാടുന്ന പുള്ളുവന്‍മാാര്‍ക്ക് മുന്നില്‍ ഇരുന്നുകൊടുത്തു. ദോഷങ്ങള്‍ തീര്‍ക്കാനും ഐശ്വര്യം വരുത്താനുമായി കവി സര്‍പ്പംപാട്ടു വഴിപാടു പാടിച്ചു. അതിന്നിടയിലൂടെ പെയ്തു വീണത് ജീവിതത്തെ കുറിച്ചുള്ള ചെറിയൊരു ഖണ്ഡമാണ്. അതു മഴനീരില്‍ നന്നായി കുതിര്‍ന്നിരുന്നതായി തോന്നിപ്പിച്ച രീതിയില്‍ മൃദുവൊച്ചയില്‍ പുറത്തു വന്നു.
കവിയുടെ മനസ്സ് പറന്നു പോയത് കുട്ടിക്കാലത്തിലേയ്ക്കായിരുന്നു. കുഞ്ഞുന്നാളില്‍ മച്ചുനത്തിയുമൊരുമിച്ച് കന്നിമല ചവിട്ടിയതിനെ കുറിച്ച് വാചാലനായി. വീട്ടിന്നടുത്തുള്ള ഭട്ടതിരിയുടെ ഇല്ലത്തെ കുറിച്ചും അവിടെ കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തെ സംബന്ധിച്ചുള്ള അപൂര്‍വ്വം വാക്കുകള്‍ക്കുമപ്പുറം സ്വന്തം ജീവിതത്തെ വെളിപ്പെടുത്തുന്നത് അത്യപൂര്‍വ്വ സംഭവമായിരുന്നതിനാല്‍ ആ ഓര്‍മ്മകളിലെ വൈകാരികത തിരിച്ചറിയാനായി.
പണ്ടുപണ്ടത്തെ കന്നിമല യാത്രയില്‍ ഈ കാനന പ്രകൃതിയിലേയ്ക്ക് തൂവിപ്പരന്നു പോയ പഴയകാലത്തെ തിരിച്ചു കിട്ടുമോ? അതിനെ വീണ്ടും തൊട്ടെടുക്കാനാവുമോ? തനിക്കൊരു പിന്‍നടത്തം? വിനയചന്ദ്രന്‍ മനസ്സുകൊണ്ട് അന്നേരത്ത് ഒരു പഴയ ജീവിതകാലം തിരയുന്നതു പോലെ തോന്നി.
വിനയചന്ദ്രന്‍സാറിനോടൊപ്പമുള്ള കുഞ്ഞുകുഞ്ഞു യാത്രകള്‍ക്കപ്പുറത്ത് തിരുവനന്തപുരത്തു നിന്നും ആലപ്പുഴയോളം നീണ്ട ഒരു സാഹിത്യയാത്രയ്ക്കും അവസരമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിരമിച്ച് സാര്‍ അക്കാലത്ത് തിരുവനന്തപുരത്ത് വാസമുറപ്പിച്ചിരുന്നു. മൂന്നു മൂന്നര മണിക്കൂര്‍ നീണ്ട യാത്രാവഴിയില്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഭാരതീയ പുരാണേതിഹാസങ്ങളെക്കുറിച്ചു മാത്രമായിരുന്നു. ബുദ്ധനും യേശുവും ശങ്കരാചാര്യരും അങ്ങനെ പതിവുപോലെ ചാരത്തെത്തി. ഭാരതീയ കാവ്യപാരമ്പര്യത്തെക്കുറിച്ചും ദീര്‍ഘമായ ഒരു ക്ലാസ്സായി കാറിനുള്‍ഭാഗം മാറി. ശാസ്ത്രവും സാഹിത്യവും മുറിയാതെ മുഴങ്ങിയ ആ ദീര്‍ഘവേളയെ എങ്ങനെ മറക്കും? അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ യാത്രയായി അതിനെയെണ്ണാം.
യഥാതഥ ലോകത്തിലെ നാട്ടുവഴികളും നിരത്തുകളും സങ്കല്‍പലോകത്തില്‍ പണിഞ്ഞിരിക്കുന്ന രാജപാതകളും തമ്മില്‍ ഡി. വിനയചന്ദ്രന് ഭേദമില്ലായിരുന്നു. കവിത്വ പ്രഭവത്തില്‍ അവയെയെല്ലാം ഒന്നായി കരുതി. വിനയചന്ദ്രന്‍ നടന്നിരുന്നത് അഭൗമായ ഇടങ്ങളിലൂടെയായിരുന്നു. അതു തീര്‍ച്ച.ഒപ്പം നില്‍ക്കുന്നവരെയും അതിലേയ്ക്ക് ആവാഹിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കവിമനസ്സിലെ അത്തരം ഭേദാഭേദങ്ങളുമായി പൊരുത്തപ്പെടാനാവാതെ കലഹിച്ചു മാറിയവരായിരുന്നു കൂടുതല്‍. അതിനാല്‍ വിനയചന്ദ്രന്‍ എന്നും ഏകാകിയായിരുന്നു.
ഓര്‍മ്മയും ഭക്ഷണവും
മുരിങ്ങയില ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതായി വിനയചന്ദ്രന്‍ കുട്ടികളോടു പറഞ്ഞതു കേട്ടത് യുറീക്ക ദ്വൈവാരിക രണ്ടായിരത്തി പതിമ്മൂന്ന് ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ വച്ചായിരുന്നു.
അതിരമ്പുഴയിലെ അടുക്കളയില്‍ താന്‍ തയ്യാറാക്കിയ വിഭവങ്ങളെ കുറിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് തളത്തിലിരുന്ന് വര്‍ണ്ണിക്കുന്നതിന്നിടയില്‍ മുട്ടയും മുരിങ്ങയിലയും ചേര്‍ത്തുണ്ടാക്കിയ കറിയെ കവി പ്രശംസിക്കാറുണ്ടായിരുന്നു. ഇതെന്തു കറി? മൂക്കത്തു വിരല്‍വച്ച വനിതകളെയും അതിശയിപ്പിച്ച് ഒരു പെണ്‍മാസികയില്‍ അതിന്റെ കൂട്ടു പ്രസിദ്ധപ്പെടുത്തി പെരുമ കൂട്ടുകയും ചെയ്തു.
മതിലേരിക്കന്നി പന്ത്രണ്ടായിരം വരികളുള്ള ദീര്‍ഘമായ കാവ്യമാണ്. തെക്കന്‍പാട്ടുകളുടെ പൊലിമയെ, മെതിക്കളങ്ങളില്‍ പണിയെടുക്കുന്നവരുടെ ഓര്‍മ്മകളുടെ പെരുമകളെ കുറിച്ച് കവി കുട്ടികളോടന്നു വിശദമായി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന രീതിയില്‍ വയല്‍പ്പണിക്കാര്‍ പാടത്തു വച്ച് മനസ്സില്‍നിന്നും പുറത്തെടുത്തു പാടിയിരുന്ന 'ചെങ്ങന്നൂരാതി'യെ കവി ലളിതമായി അവതരിപ്പിച്ചു. ഓര്‍മ്മയുടെ ബലത്തിലാണ് അതെല്ലാം ആ മനുഷ്യനു ചെയ്യാന്‍ സാധിച്ചത്.
മനുഷ്യര്‍ക്ക് ഓര്‍മ്മ കുറയുന്നത് വാമൊഴി സാഹിത്യത്തെ ബാധിച്ചതായി കവി മുമ്പും പരിതപിച്ചു. അതിനു ഭക്ഷണവും കാരണമായതായി അദ്ദേഹം വിശ്വസിച്ചിരുന്നു.
സരസമായ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടു മാത്രമായിരുന്നു വിനയചന്ദ്രന്‍ തന്റെ ഭക്ഷണ രീതികളെയും ഇഷ്ടവിഭവങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നത്. പുസ്തകങ്ങളും വായനയും സംസ്‌കാരിക പാരമ്പര്യത്തെ കുറിച്ചു തന്നെ പറഞ്ഞു തീരുന്നില്ല. അതിന്നിടയില്‍... പരിപ്പും പപ്പടവും ചേര്‍ത്ത് ചോറുരുളയാക്കുമ്പോള്‍ മേമ്പൊടിക്ക് എരിവുള്ള കറികള്‍ ആണു കൂട്ടേണ്ടത്. സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ വിഭവങ്ങളാസ്വദിക്കാന്‍ മധുരമുള്ള കറികളാണ് സാമ്പാറിന് അകമ്പടി പോകേണ്ടത്. പ്രഥമനുകള്‍ക്കിടയില്‍ നാരങ്ങാപ്പുളി നാവിലെത്തിക്കുക. പായസങ്ങള്‍ തമ്മിലുള്ള രൂചി വ്യത്യാസം കൃത്യതയോടെ രസനയിലപ്പോള്‍ നിറയും. അങ്ങനെയൊക്കെ...
കല്ലടയിലും സമീപ ദിക്കുകളിലും പാകപ്പെടുത്തിയിരുന്ന കാച്ചിലും കിഴങ്ങുകളും പയറും ഒരുമിച്ചു വേവിച്ചു ചേര്‍ത്ത അസ്ത്രം എന്ന പുഴുക്കും കറിയുമല്ലാത്ത വിഭവത്തെ കുറിച്ച് കേട്ടറിഞ്ഞതും കവിയിലൂടെയാണ്.
വഴികളില്ലാത്ത വീടുകള്‍
വിനയചന്ദ്രന്റെ സങ്കല്‍പത്തിലുള്ള വീടുകള്‍ ഈ ഭൂമിയിലുണ്ടാവുമോ? തീര്‍ച്ചയായും പക്ഷേ അവയൊക്കെ പണിഞ്ഞിരിക്കുന്നത് മറ്റൊരു ലോകത്തിലായിരുന്നു. നമ്മളീ ഭൂമിയില്‍ വാടക ജീവിതത്തിനെത്തിയവരാണ്. അതിനാലാവണം ഈ ഭൂമിയില്‍ സ്വന്തമായി വീടുണ്ടാക്കാനും അതിലേയ്‌ക്കൊരു വഴി വെട്ടാനും കവി തയ്യാറാകാത്തത്.
ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലുള്ള വാടകവീടിനെ കുറിച്ചായിരുന്നു വിനയചന്ദ്രന്‍ കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുവച്ചു തന്റെ യൗവനം പൂത്തുലഞ്ഞത്, വിനയ സാഹിത്യജീവിതത്തിന്റെ തുടക്കത്തിനെ കുറിച്ചുള്ള ചരിത്രം എന്നിവ ആ വാക്കുകളില്‍ കിട്ടും. അവിടെ വിരുന്നിനു വന്നവരെല്ലാം അതിപ്രശസ്തരായിരുന്നു. ആ വാടകവീടു നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. വീടുകള്‍ തനിക്കുള്ളതായിരുന്നില്ല. പുസ്തങ്ങള്‍ക്ക് വേണ്ടിയാണ് എന്ന ഭാവമാണ് ആ വാക്കുകളില്‍ നിറഞ്ഞു കണ്ടിരുന്നത്.
തിരുവനന്തപുരം വിട്ടതിനുശേഷവും അതിരമ്പുഴയില്‍ വാടകവീടുകളിലായിരുന്നു കവി കഴിഞ്ഞിരുന്നത്. അവയ്ക്കുള്ളിലേയ്ക്ക് സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം പരിമിതമായിരുന്നു. താനുമായി ചേര്‍ന്നു പോകുന്നവര്‍ മാത്രമായിരുന്നു അകത്തെ പുസ്തക, മാസികാ പ്രപഞ്ചം കണ്ടിട്ടുള്ളത്. അതിഥികള്‍ തീരെക്കുറഞ്ഞ ഭവനം. ഉള്ളില്‍ക്കണ്ട പുസ്തകങ്ങള്‍, സംഗീത കാസറ്റുകള്‍ ഇവയെ കുറിച്ചൊന്നും പുറത്തു പറയരുത് എന്ന നിബന്ധന കൃത്യമായി നല്‍കാന്‍ കവി മറന്നതുമില്ല.
ആ വാടകവീട്ടു മുറ്റങ്ങളില്‍ കാടും പടര്‍പ്പും നിറഞ്ഞു കിടന്നു. സാധാരണക്കരുടെ കാഴ്ചയില്‍ അവയൊക്കെ തൃണങ്ങളായിരുന്നെങ്കില്‍ കവി അവയില്‍ കണ്ടത് പൂന്തോട്ടമായിരുന്നു. മുറ്റത്തു പൂവിട്ടു പടര്‍ന്ന പുല്‍ക്കൊടികളെ വിനയചന്ദ്രന്‍ പേരുപറഞ്ഞ് പരിചയപ്പെടുത്തുമായിരുന്നു. തന്റെ വിലപ്പെട്ട സസ്യജാലങ്ങള്‍! വീടിനുചുറ്റിലുമുള്ള ചെടികള്‍ വിതറുന്ന അലങ്കോലത്തിനുള്ളിലിരുന്ന് അകത്തേയ്ക്ക് എത്തിനോക്കിയിരുന്ന കിളികളായിരുന്നു കവിഭവനത്തിലെ സന്ദര്‍ശകര്‍.
കോട്ടയം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ചതിനു ശേഷം തിരുവനന്തപുരത്ത് തൈവിള റോഡിലെ വാടക വീടായിരുന്നു കവിയുടെ താവളം. ഒരു ദിവസം ആ വീട്ടുവഴിയുടെ അങ്ങേത്തല വരെ ചെന്നിട്ടും, ''കയറിവാ''യെന്നു ക്ഷണിച്ചിട്ടും, എന്തുകൊണ്ടോ അകത്തേയ്ക്ക് കാല്‍വയ്ക്കാതെ സാറ് ഉള്ളില്‍ പോയി തിരിച്ചു വരുന്നതു വരെ പുറത്തു ഞാന്‍ കാത്തു നിന്നു. അതു വിനയചന്ദ്രന്റെ വീടിനെ കുറിച്ചുള്ള സങ്കല്പം പൂര്‍ണ്ണമായി മനസ്സിലാക്കിയതു കൊണ്ടുകൂടിയായിരുന്നു. തറയില്‍ ചിതറിയ വാരികക്കൂമ്പാരത്തിനെ ചവിട്ടി കളങ്കിതമാക്കാന്‍ ഞാനിടിച്ചു കയറാത്തതില്‍ സാറിനും നൂറു തൃപ്തി.
രണ്ടായിരത്തിന്റെ രണ്ടാം ദശകത്തുടക്കത്തില്‍ തിരുവനന്തപുരത്തൊരു താമസസ്ഥലം സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. കൂടൊരുക്കാന്‍ തുനിഞ്ഞത് തനിക്കുവേണ്ടിയാവില്ല. തന്റെ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നിരിക്കണം. നഗരം നല്‍കിയിരുന്ന സാംസ്‌കാരിക സംവിധാനങ്ങളുടെ സൗകര്യങ്ങളെന്നും കവിയില്‍ ആവേശം നിറച്ചിരുന്നു. അതൊക്കെ ഉപേക്ഷിച്ച് താനെവിടെ പോകാന്‍?
പണിയാലകള്‍
എഴുത്തിനും വായനയ്ക്കും മാത്രമായിരുന്നു വിനയന്‍ ജീവിതത്തില്‍ പ്രാധാന്യം കൊടുത്തിരുന്നത്. തനിക്ക് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും താങ്ങും തണലും ആവശ്യമില്ല. മനസ്സ് അത്തരത്തില്‍ പരസ്യമാക്കാന്‍ കവിക്ക് മടി തെല്ലുമില്ലായിരുന്നു. സൂത്രക്കാരെയും സ്തുതി പാഠകരെയും കവി അകറ്റി നിര്‍ത്തിയിരുന്നു. കാതലുള്ള ഏതൊരു എഴുത്തുകാരനും പേനയാണ് ബലം എന്ന പക്ഷക്കാരനായിരുന്നു കവി.
മലയാളസാഹിത്യ സങ്കേതങ്ങളിലും സാംസ്‌കാരിക ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ തൊണ്ണൂറുകളിലുണ്ടായി. ദളിത്, സ്ത്രീപക്ഷ സമീപനമുള്ള രചനകള്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ സാഹിത്യം എന്നിവ മലയാളത്തിലേയ്ക്ക് കടന്നു വന്നു. പുതുഭാവുകത്വങ്ങള്‍ സാഹിത്യത്തെ അതിവേഗത്തില്‍ പുതുക്കിപ്പണിഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ കേരള ജീവിതത്തിനെ അതിനു സമാന്തരമായി പുതിയ ദിശയിലേയ്ക്ക് വലിച്ചു. പുതിയ ചിന്താരീതികളുടെ പശിമയും പൊടിപ്പുകളും വിനയചന്ദ്രന്റെ എല്ലാതരത്തിലുമുള്ള മുദ്രകളിലും പതിഞ്ഞു കിടന്നു.
പ്രസംഗത്തില്‍, ആശയാവിഷ്‌കരണത്തില്‍ ഒരു വിനയചന്ദ്രന്‍ ടച്ചുണ്ട്. കവിതയെ കുറിച്ചും സാഹിത്യത്തെ കുറിച്ചുമുള്ള സംസാരത്തിലും ആ താളം തുളുമ്പി നിന്നിരുന്നു. കേരളീയ കാവ്യപാരമ്പര്യത്തെ കുറിച്ചും നമ്മുടെ സംസ്‌കൃതിയെ കുറിച്ചും വിനയചന്ദ്രന്‍ എപ്പോഴും മതിപ്പ് പ്രകടിപ്പിച്ചിരുന്നു.
മായം കലര്‍ന്ന ഭക്ഷണം, മതിലുകള്‍, രാഷ്ട്രീയത്തിന്റെ അമിതമായ ഇടപെടലുകള്‍ എന്നിവ നിമിത്തം സാധാരണക്കാരായ മനുഷ്യരില്‍ നിന്നും കവിത പോയതായി അദ്ദേഹം വിലപിച്ചു. സങ്കടം, സന്തോഷം, അര്‍ത്ഥരഹിതാവസ്ഥ എന്നിവയാണ് കാവ്യങ്ങള്‍ക്ക് ഹേതുവാകുന്നത് എന്ന് വിനയചന്ദ്രന്‍ സമര്‍ത്ഥിച്ചിരുന്നു.
തന്റെയോരോ കവിതയും വ്യതിരിക്ത രീതികളിലാവണമെന്ന് കവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരേ രീതികള്‍ പേറുന്ന കവിതകള്‍ ഒരു കവിയുടെ പരിമിതിയാണെന്നദ്ദേഹം വിലയിരുത്തി.
''സാഹിത്യമൊരു ഊര്‍ജ്ജപ്രവാഹമാണ്. അതിലേയ്ക്കുള്ള വഴി എഴുത്തിലും വായനയിലൂടെയും മാത്രമാണ്. ഭാഷയ്ക്കുള്ളില്‍ നടക്കുന്ന സംഗതിയാണ് സാഹിത്യം. ഭാഷയെ പലവിധത്തില്‍ ഉപയോഗിക്കാം. ശാസ്ത്രവും ചരിത്രവും പറയാന്‍ അതിന്റെ ശേഷിയെ വിനിയോഗിക്കണം. വെറും ഒച്ചയില്‍ നിന്നും സംഗീതം വ്യത്യസ്തമാകുന്നതുപോലെയാണ് സാഹിത്യത്തില്‍ ഭാഷയ്ക്ക് സംഭവിക്കുന്നത്.''
രണ്ടായിരത്തി പതിമ്മൂന്നിലെ ആ സാഹിത്യ ക്യാമ്പില്‍ കുട്ടികളോടൊപ്പമിരുന്ന് ഞാനാസ്വദിച്ച സാറിന്റെ അവസാനത്തെ ആ പ്രസംഗത്തിന്റെ കാതലും അതായിരുന്നു.
ബന്ധങ്ങള്‍, ബന്ധുത്വം
തിരുവനന്തപുരത്തെ പഴയ വാടകവീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന കടമ്മനിട്ട, നരേന്ദ്രപ്രസാദ്, മുരളി എന്നിവരെ കുറിച്ചാണ് അദ്ദേഹം ഏറെ സംസാരിച്ചിട്ടുള്ളത്. നാട്യഗൃഹത്തിന്റെ തുടക്കവും വളര്‍ച്ചയും, മലയാള കാവ്യ, നാടക, സിനിമാ രംഗങ്ങളിലെ വേറിട്ട സഞ്ചാരപഥങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ആ വാക്കുകളിലൂടെ വെളിപ്പെട്ടിരുന്നു. മലയാള സാഹിത്യത്തിലെ പുതുധാരകളില്‍ തനിക്കുണ്ടായിരുന്ന തുടക്കപ്പപങ്ക് തെളിയിക്കാനുള്ള വ്യഗ്രതയും വര്‍ത്തമാനത്തില്‍ കടന്നു വന്നിരുന്നു. കവി എ. അയ്യപ്പന്റെ ജീവിതത്തെ കുറിച്ച് വാചാലനാകുന്നതും പ്രത്യേക ലഹരിയോടെയായിരുന്നു.
വ്യക്തിബന്ധപ്പെരുമകളുടെ വര്‍ണ്ണന ബി.രാജീവന്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, അയ്യപ്പന്‍, മുരളി എന്നിങ്ങനെ ചുരക്കം പേരില്‍ മാത്രമായി ഒതുങ്ങി. വി.കെ.എന്‍. സാഹിത്യത്തെ കുറിച്ചും സംഭാഷണവേളകളില്‍ ആവര്‍ത്തിച്ച് ഏറെ മതിപ്പു കാട്ടിയിരുന്നു. പരിമിതമായ കൊച്ചുവര്‍ത്തമാന വിഷയങ്ങളില്‍ അടിയന്തിരാവസ്ഥയില്‍ രാജീവന്‍ സാറിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസും അവരുടെ വിവാഹവും പാലക്കാട്ടെ ഗുമസ്തജീവിതവും വാചാലതയോടെ അവതരിപ്പിക്കപ്പെട്ടു.
വീട്ടുകാര്യങ്ങള്‍ അപൂര്‍വ്വമായി മാത്രം. അതില്‍ അമ്മയുടെ മരണശേഷം താന്‍ തങ്ങിയ ഭട്ടതിരിയുടെ ഇല്ലത്തിലെ ജീവിതവും കടന്നു വന്നു.കല്‍ക്കത്ത വരെ സഞ്ചരിച്ച മഹാപണ്ഡിതനായിരുന്ന ആ ഭട്ടതിരിയുടെ മഹത്വവും അദ്ദേഹം കൊണ്ടുവന്ന പുറം ലോക വര്‍ത്തമാനങ്ങളും വര്‍ണ്ണനകളുമായിരുന്നു പുതിയ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കവിയില്‍ കുഞ്ഞുന്നാളില്‍ ഉണ്ടാക്കിയത്.
കല്ലടയില്‍ കവിയുടെ ചിതയൊരുങ്ങുന്ന നേരത്ത് കവിസുഹൃത്ത് മുരളീധരഭട്ടതിരി തന്റെ പിതാവുമായി വിനയനുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തിയേറെ സംസാരിച്ചു.
2013 ഫെബ്രു. 11
ഒടുവിലാ ഫെബ്രുവരി പതിനൊന്നിന്ന് രാത്രിയില്‍ വീട്ടിലേയ്ക്കുള്ള വഴിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.
കല്ലടയിലെ തന്റെ പോറ്റുഗൃഹമായ ഭട്ടതിരിയുടെ ഇല്ലത്തിനു മുന്നിലെ ലൈബ്രറിയിലെ തണുപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാനും അദ്ദേഹത്തിന്റെ സ്വന്തക്കാരായ ആസ്വാദകര്‍ മുഴുവനും കവിയുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു. അദ്ദേഹം പിറന്ന 'കൊട്ടാരം വീട്ടിലേയ്ക്കുള്ള വഴി'യെ കുറിച്ച് ആര്‍ക്കുമാര്‍ക്കും അന്നേരത്ത് ഓര്‍ക്കാതിരിക്കാനാവില്ല.
കല്ലടയാറിനു വിളിപ്പാടകലെ കൊട്ടാരം വീടിന്റ അവശിഷ്ട ഓര്‍മ്മകളുമായി ഒരു മണ്‍കൂന ആ പറമ്പില്‍ ശേഷിക്കുന്നുണ്ടായിരുന്നു. മകനെത്തുന്നതും കാത്ത് ഒരു അമ്മയുടെ ചിതലെടുക്കാത്ത സ്‌നേഹത്തുണ്ടുകള്‍ അവിടെ മണ്ണില്‍ പറ്റിക്കിടക്കുന്നുണ്ടായിരുന്നു.
മടക്കവഴിയില്‍ കവികളായ, വി എം മുരളി സാറും വിനോദ് വൈശാഖിയും കവിക്ക് താങ്ങും തണലും നല്‍കിയ സജനും വീണ്ടും കവി വഴികളെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.
വിനയചന്ദ്രനില്ലാത്ത വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത ചലച്ചിത്രോത്സവം നടക്കുമ്പോള്‍, സാംസ്‌കാരിക വേദികളില്‍ ഇളംകാറ്റായി വേണ്ടപ്പെട്ടവരെ അതിപ്പോഴും തൊട്ടുപോയിക്കൊണ്ടിരിക്കുന്നു.