ആമി മുത്തശ്ശി പിന്നെ ഉണര്‍ന്നില്ല

By K P Jayakumar  |  First Published Jul 23, 2021, 7:26 PM IST

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 16.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 


പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

Latest Videos

undefined

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാര എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

വൃദ്ധ ഒരു ചെറിയ കുന്നു കയറുകയാണ്.  കൂടെ കുട്ടികളും. തക്കോഡക്കോ അവരുടെ തലക്കു മുകളില്‍ പറന്ന് കൂടെയെത്തി. മ്യാമി തക്കുവിന്റെ കാലില്‍ തൂങ്ങി. കുന്നിനു മുകളിലെത്തിയപ്പോള്‍ മ്യാമി തക്കോഡക്കോയുടെ കാലിലെ പിടിവിട്ട് താഴേക്ക് ചാടി. കൃത്യം നാലു കാലില്‍. 

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും തികഞ്ഞ ആകാംക്ഷയിലായിരുന്നു. യാത്രയില്‍ അവര്‍ ഒന്നും സംസാരിച്ചിരുന്നില്ല. 

കുന്നിനു മുകളില്‍ ഒരു ഒറ്റമരം. അതിനുചുറ്റും മനോഹരമായി തറ കെട്ടിയിരുന്നു. ഇളം കാറ്റില്‍ ഇലകള്‍ ഇളകികൊണ്ടിരുന്നു. മരച്ചുവട്ടിലെത്തിയപ്പോള്‍ വൃദ്ധ സംസാരിച്ചു തുടങ്ങി.   

''കുട്ടികളേ... നിങ്ങള്‍ വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.'' 

''എങ്ങനെ അറിയും..?'' തക്കോഡക്കോക്ക് സംശയം. 

''നിങ്ങള്‍ പേരുകള്‍ക്കായി അലഞ്ഞു നടന്നതും ഒടുവില്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ ചെന്നതുമറിയാം. അവിടെ നിന്നും കാടും മേടും കാണാനിറങ്ങിയ കുട്ടികള്‍ ഒടുവില്‍ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു.'' വൃദ്ധ പറഞ്ഞു. 

''നിങ്ങള്‍ കിടിലന്‍ പുലിയെ പേടിപ്പിച്ച് നാടുകടത്തിയതും കിങ്ങിണി മുയലിനെ രക്ഷിച്ചതും ഞാനറിഞ്ഞു. നാല്‍വര്‍ സംഘം ഇങ്ങോട്ട് വരുന്ന വിവരം കിങ്ങിണിയാണ് എന്നോട് പറഞ്ഞത്.'' വൃദ്ധ പറഞ്ഞു നിര്‍ത്തി.

ഹുന്ത്രാപ്പിക്കും ബുസ്സാട്ടോക്കും ഒന്നും വിശ്വസിക്കാനായില്ല. മ്യാമി ഒന്നും സംഭവിക്കാത്തതുപോലെ മരച്ചുവട്ടില്‍ പതുങ്ങിക്കിടന്നു. 

''തക്കൂ ഞങ്ങള്‍ ഇവിടെ കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരിക്കട്ടെ. നീ കുടിയില്‍ പോയി ഞങ്ങള്‍ ഇവിടെ ഇരിക്കുന്ന വിവരം അറിയിച്ചു വരു...'' 

തക്കോഡക്കോ പറന്നുയര്‍ന്നു. വളഞ്ഞു പുളഞ്ഞുപോകുന്ന ഒറ്റയടിപ്പാത. ചോപ്പും മഞ്ഞയും നീലയും പൂക്കള്‍ വിരിഞ്ഞുനിന്ന ചെറുകുന്നിലൂടെ താഴ്വരയിലേക്ക് തക്കോഡക്കോ പറന്നു.

പൂക്കള്‍ നിറഞ്ഞ കുന്നും ഒറ്റമരവും വൃദ്ധയും കുട്ടികളും മ്യാമിയും മാത്രമായി.  

വൃദ്ധ സംസാരിച്ചു തുടങ്ങി: ''ഈ കുന്നിന്റെ പേര് നിങ്ങള്‍ക്കറിയുമോ...?'' 

ആര്‍ക്കും അറിയില്ലായിരുന്നു. വൃദ്ധ തുടര്‍ന്നു: ''ഇതാണ് ആമിക്കുന്ന്. നമ്മള്‍ നില്‍ക്കുന്ന ഈ വൃക്ഷത്തണലിലാണ് നിങ്ങള്‍ കഥയില്‍ കേട്ട ആമിമുത്തശ്ശി അന്ത്യവിശ്രമം കൊള്ളുന്നത്.'' 

''അപ്പോള്‍...? '' ഹുന്ത്രാപ്പി ചോദ്യം പാതിയില്‍ നിര്‍ത്തി. 

അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ടെന്നപോലെ വൃദ്ധ പറഞ്ഞു. ''അതെ, ആമിമുത്തശ്ശി മരിച്ചു. മരണം പ്രകൃതി നിയമമാണ്.'' 

''അപ്പോള്‍.... ?'' ബുസ്സാട്ടോയ്ക്ക് സംശയം മാറുന്നില്ല. 

''ഞാന്‍ ആമി മുത്തശ്ശിയുടെ മൂന്നാം തലമുറയാണ്. മറ്റൊരു മുത്തശ്ശി. മരുഭൂമിയുടെ ആദ്യ തലമുറക്കു ശേഷം കാടിനും മണല്‍ക്കാടിനുമിടക്ക് ജീവിച്ച ഒരു തലമുറയുണ്ടായിരുന്നു. ഞങ്ങള്‍ അവരുടെ മൂന്നാം തലമുറയാണ്. ശരിക്കും കാടിന്റെ മക്കള്‍.'' വൃദ്ധ പറഞ്ഞു.

അവരുടെ ഓര്‍മ്മയില്‍ പഴയ കാലം വന്നുനിറഞ്ഞു. 

''മരുഭൂമിയില്‍ വിത്തുകള്‍ മുളയ്ക്കുന്ന കാലം. അരുവിക്കരയില്‍ മണ്ണിളക്കി ധാന്യങ്ങള്‍ വിതച്ചു. പാട്ടുപാടിയും പ്രാര്‍ത്ഥിച്ചും അവര്‍ കാവലിരുന്നു.'' 

മരച്ചുവട്ടില്‍ ഉയര്‍ത്തിക്കെട്ടിയ തറയില്‍ കയറിനിന്ന് കൈകളുയര്‍ത്തി മുത്തശ്ശി കഥ പറയുന്നു. അവരുടെ നീളന്‍ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു. തവിട്ടുകലര്‍ന്ന മണ്ണിന്റെ നിറമുള്ള നീളന്‍ കുപ്പായം ശരീരത്തേക്കാള്‍ വളരെ വലുതായിരുന്നു. കണ്ണുകള്‍ സായാഹ്‌നവെയിലേറ്റ് കൂടുതല്‍ തിളങ്ങി. 

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും കിങ്ങിണി മുയലും പക്ഷികളും അനേകായിരം ചെറു ജീവികളും ചെവി വട്ടം പിടിച്ചു. ആ വൃദ്ധ ഓര്‍മ്മകളില്‍ സ്വയം മറന്നു പാടി. 

''വിതച്ച വിത്തില്‍ പാതി 
മണ്ണുകൊണ്ടു പോയി
മുളച്ച ഞാറില്‍ പാതി 
പൂക്കാതെ പോയി
പൂക്കളില്‍ പാതി 
വെയിലേറ്റു വീണു
കതിരില്‍പ്പാതി 
കിളികള്‍കൊത്തിപ്പോയി.
പാതി നെല്ലിന് പാതി പതിര്
പതിര് കാറ്റില്‍ പാറി,
കളത്തില്‍ നെല്ലു കുമിഞ്ഞു
കാറ്റ് മേഘമായ് വന്നു
മേഘം കറുകറുത്തു
കാറ് കാണക്കാണെ
കനവില്‍ പെയ്തിറങ്ങുന്നേ...''

കഥ കവിതയായ്. പാട്ടായി. 

മുത്തശ്ശി കഥ ചൊല്ലിയാടി. കുട്ടികളും പക്ഷി മൃഗാദികളും കൂട്ടത്തിലാടി. മരംകൊത്തികള്‍ താളം പിടിച്ചു. കുയിലുകള്‍ ശ്രുതിയിട്ടു.

''നെല്ലില്‍പ്പാതി വിത്തിനെടുത്തുവച്ചു. ബാക്കി ധാന്യം കളത്തില്‍ സൂക്ഷിച്ചു. ആവശ്യമുള്ളവര്‍ ആവശ്യമുള്ളത്ര നെല്ലെടുത്തു. നെല്ലുപുഴുങ്ങി. ചാണകം മെഴുകിയ നിലത്ത് നെല്ലുണക്കി. താളത്തില്‍ മേളത്തില്‍ നെല്ലു കുത്തി. നെല്ല് അരിയായും അവിലായും മാറി. വയറും മനസ്സും നിറഞ്ഞു.'' 

''അപ്പോള്‍ നെല്ലിനും കളത്തിനും കാവലാര് ? ആര് അളന്നുകൊടുക്കും? ആര് കണക്കു നോക്കും?'' ഹുന്ത്രാപ്പിക്കും ബുസ്സാട്ടോക്കും സംശയം.

''ആര്‍ക്ക് ആര് കാവല്‍? നിങ്ങള്‍ പക്ഷികളെയും മൃഗങ്ങളെയും നോക്കു... അവര്‍ വിതക്കുന്നില്ല. കൊയ്യുന്നില്ല. കലവറ നിറക്കുകയോ, കാവലിരിക്കുകയോ ചെയ്യുന്നില്ല. ആവശ്യമുള്ളതുമാത്രം എടുത്ത് ബാക്കി അടുത്ത ആള്‍ക്കുവേണ്ടി ബാക്കിവെക്കുന്നു.'' മുത്തശ്ശി കാടിന്റെ ജീവിത കഥ പറഞ്ഞു. 

''അപ്പോള്‍ അളവ് വേണ്ടേ...'' ഹുന്ത്രാപ്പി ചോദിച്ചു. 

''കണക്ക് എന്തിനാണ്? സ്നേഹത്തിനും വിശപ്പിനും അളവു പറയുക സാധ്യമല്ല. അതിനാല്‍ കുട്ടികളേ.... ജീവിതത്തിന് കണക്ക് ബാധകമല്ല.'' മുത്തശ്ശി തുടര്‍ന്നു.

''അളവുതൂക്കങ്ങളും കാവലും ഇല്ലാതെ ആമിമുത്തശ്ശിയും കൂട്ടരും മരുഭൂമിയില്‍ ജീവിച്ചു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിക്കും കൊടുത്തതിന് ശേഷം ബാക്കിയുള്ളവ ഭക്ഷിച്ചു. വീണ്ടും വിത്തു വിതക്കുകയും കൊയ്യുകയും കളങ്ങള്‍ നിറയ്ക്കുകയും ചെയ്തു. മരുഭൂമിയുടെ അതിരുകളില്‍ പച്ചിലക്കാടുകള്‍ മെല്ലെ വളര്‍ന്നുതുടങ്ങി.'' തേവര്‍ കുടിയുടെ കഥയിലേക്ക് അവര്‍ മടങ്ങി.

 

വര: ജഹനാര

 

ഒരിക്കല്‍ ആമിമുത്തശ്ശി മരുഭൂമിയിലെ ഏറ്റവും വലിയ മണല്‍ക്കൂന നടന്നു കയറി.  അവിടെ ഒരു വിത്ത് നട്ടു. എല്ലാ ദിവസവും കാലത്ത് മുത്തശ്ശി അതിന് വെള്ളമൊഴിച്ചു. ഏറെ നാള്‍ കഴിഞ്ഞിട്ടും മരം കിളിര്‍ത്തില്ല. വിത്തിനുള്ളില്‍ മുളപൊട്ടുംമുമ്പ് മണല്‍ച്ചൂടേറ്റ് അത് ഉരുകിപ്പോയി. 

മുത്തശ്ശി പിന്നെയും വിത്തിട്ടു. അതിനെയും വെയിലുകൊണ്ടുപോയി. 

പിന്നെ അരുവിക്കരയില്‍ നിന്നും നനഞ്ഞ മണ്ണുകൊണ്ടുവന്നു. മണല്‍ക്കുന്നിന് മേല്‍ ആ കറുത്ത മണ്ണിട്ടു. വീണ്ടും വിത്തിട്ടു. വെള്ളമൊഴിച്ചു. വിത്തിന് മുളപൊട്ടി. പിന്നെയും മണ്ണുകൊണ്ടുവന്നു. മണലിന് മുകളില്‍ മണ്ണിട്ടു. ചെടിയില്‍ ആദ്യ ഇല വിരിഞ്ഞു. ചെടി വളര്‍ന്നു തുടങ്ങി. ചെറുശിഖരങ്ങള്‍ നീട്ടി. വേരുകള്‍ മണ്ണിന്റെ ആഴം തേടിപ്പോയി. ഇലകള്‍ വളര്‍ന്നു. ചില്ലകള്‍ തിടംവെച്ചു. തളിര്‍ത്തും ഇലകൊഴിച്ചും ഋതുക്കള്‍ കടന്നുപോയി. ഒരു മഞ്ഞുകാലം കഴിഞ്ഞപ്പോള്‍ പടര്‍ന്ന മരച്ചില്ലകളില്‍ നിറയെ പൂക്കള്‍. പൂക്കളില്‍ നിറയെ തേന്‍.  തേനുണ്ണാന്‍ വണ്ണാത്തിക്കിളികളും വണ്ടുകളുമെത്തി. പൂമ്പാറ്റകള്‍ കുന്നിനുമുകളില്‍ പാറി നടന്നു. 

ഒറ്റമരം കായ്ച്ച് ചില്ലകള്‍ കുനിഞ്ഞു. അണ്ണാറക്കണ്ണന്‍മാര്‍ ചില്ലകളിലോടിക്കളിച്ചു.  മുത്തശ്ശിയുടെ ഒറ്റമരച്ചോട്ടില്‍ കിളികള്‍ തിന്നുകാഷ്ടിച്ച വിത്തുകള്‍ മുളച്ചു. പലതരം ചെടികളുണ്ടായി. പൂക്കളുണ്ടായി.  പൂക്കള്‍ കായാവുകയും അവ പഴമാവുകയും മണ്ണില്‍ വീണ് പിന്നെയും മുളക്കുകയും ചെയ്തു.  ആമിമുത്തശ്ശിക്ക് പ്രായമേറി.... 

ഒരു ദിവസം ആമിമുത്തശ്ശി തേവര്‍ കുടിയിലെ എല്ലാവരേയും ഒറ്റമരത്തണലിലേക്ക് വിളിച്ചു കൂട്ടി. എല്ലാവരും കുന്നുകയറിവന്നു. ചുള്ളി ആമി മുത്തശ്ശിയെ കൈ പിടിച്ച് നടത്തി.

''മക്കളെ...'' ആമിമുത്തശ്ശി സംസാരിച്ചു തുടങ്ങി. ''എനിക്ക് പ്രായമേറെ ആയിരിക്കുന്നു. കണ്ണിന് കാഴ്ച കുറഞ്ഞു. കേള്‍വിയും കുറഞ്ഞു. ഇനിയെനിക്കൊന്ന് വിശ്രമിക്കണം. അതുകൊണ്ട് നിങ്ങള്‍ നമ്മുടെ കുടിയുടെ നേതാവായി മറ്റൊരാളെ നിശ്ചയിക്കണം.'' 

''മുത്തശ്ശി തന്നെ നിശ്ചയിച്ചാല്‍മതി.'' എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. 

തെല്ലു നേരത്തെ ആലോചനക്കു ശേഷം ആമിമുത്തശ്ശി അടുത്തു നിന്നിരുന്ന ചുള്ളിയുടെ കൈകളില്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു. ''എനിക്ക് ഇവളെയാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്...'' 

എല്ലാവരും ആവേശത്തോട് അത് സ്വീകരിച്ചു. 

അങ്ങനെ മുത്തശ്ശിയുടെ ചെറുമകള്‍ ചുള്ളി കുടിലിന്റെ നേതൃത്വമേറ്റെടുത്തു. ആ ദിവസം തേവര്‍ കുടിയില്‍ ഉല്‍സവമായിരുന്നു. 

ചുള്ളി മൂപ്പത്തിയുടെ കീഴില്‍ തേവര്‍കുടി സമൃദ്ധമായി.

ഒരു പ്രഭാതത്തില്‍ ആമിമുത്തശ്ശി ചുള്ളിയെ വിളിച്ചു. 

''എനിക്ക് ആ ഒറ്റമരത്തിന്റെ ചുവട്ടില്‍ പോകണം.''മുത്തശ്ശി പറഞ്ഞു. 

''മുത്തശ്ശിക്ക് നടക്കാന്‍ കഴിയുമോ?  കുന്നുകയറിയാല്‍ ക്ഷീണമാവില്ലെ?'' ചുള്ളി ചോദിച്ചു. 

മുത്തശ്ശി: ''സാരമില്ല, ആ മരത്തിന്റെ ചുവട്ടില്‍ ഒന്നു കിടക്കണം.''

ചുള്ളി: ''ശരി, ഞാന്‍ മുത്തശ്ശിയുടെ കൂടെ നടക്കാം. ക്ഷീണം തോന്നിയാല്‍ പറയണം.'' 

ചുള്ളിയും മുത്തശ്ശിയും കുന്നുകയറി. 

ഇരുവശവും പൂക്കള്‍ നിറഞ്ഞ നേര്‍ത്ത വഴിത്താരയിലൂടെ ആമിമുത്തശ്ശി കുന്നുകയറുമ്പോള്‍ മുത്തശ്ശിയുടെ വരവറിഞ്ഞ് കിളികള്‍ പാട്ടു പാടി.

കുന്നിന്‍ മുകളിലേയ്ക്ക് ഒരു കൊച്ചു കുട്ടിയുടെ ഉല്‍സാഹത്തോടെ ആമിമുത്തശ്ശിയും ചുള്ളിയും നടന്നു.

നടന്നുനടന്ന് അവര്‍ ആ വലിയ വൃക്ഷത്തിന്റെ തറയിലെത്തി. അപ്പോള്‍ ചെറുതായി കാറ്റുവീശി. പൂക്കളുടെ മണമുള്ള ഇളം കാറ്റില്‍ മുത്തശ്ശി ഇരുന്നു. 

മുത്തശ്ശി ചുള്ളിയോടു പറഞ്ഞു: ''നീ പൊയ്ക്കോളു. ഞാനിവിടെ വിശ്രമിക്കാം.''

ചുള്ളി:''തനിച്ചോ?''

മുത്തശ്ശി: ''ഇനി കുറച്ചു സമയം മാത്രമേ ബാക്കിയുള്ളു. അതില്‍ ഞാന്‍ മാത്രം മതി.'' 

ചുള്ളി: (സങ്കടത്തോടെ) ''മുത്തശ്ശീ....''

മുത്തശ്ശി: ''മരിക്കാറാവുമ്പോള്‍ ജീവികള്‍ക്ക് അത് മനസ്സിലാകും. അതാണ് പക്ഷികള്‍ കാടുകളിലേയ്ക്കു പോകുന്നത്. മൃഗങ്ങള്‍ സ്വച്ഛമായ ഇടം തേടിപ്പോകുന്നത്.''

ചുള്ളി: ''മുത്തശ്ശിക്ക് ഞങ്ങളൊക്കെ ഇല്ലേ?'' 

മുത്തശ്ശി:''പക്ഷിയോ മൃഗമോ പ്രായമായി മരിച്ചു കിടക്കുന്നത് നാം കാണാറില്ലല്ലോ. അവര്‍ മരണം മുന്‍കൂട്ടിയറിഞ്ഞ് സ്വകാര്യമായ സ്ഥലങ്ങളിലേയ്ക്ക് പോകുന്നു. മനുഷ്യനും ഇങ്ങനെ ആയിരുന്നു. പ്രകൃതിയുമായി ഇടഞ്ഞപ്പോള്‍ മനുഷ്യന് ആ കഴിവുകള്‍ നഷ്ടമായി. നീ പൊയ്ക്കോ. ഞാന്‍ ഒറ്റക്കിരിക്കട്ടെ.''

ചുള്ളി സങ്കടത്തോടെ തിരിച്ചു നടന്നു.  

അവള്‍ താഴ്വരയില്‍ മറയുവോളം മുത്തശ്ശി നോക്കിയിരുന്നു. 

പിന്നെ ആ മരത്തണലില്‍ കിടന്നു. 

മയങ്ങി. 

തേവര്‍കുടിയിലെ ആമിമുത്തശ്ശി പിന്നീട് ഉണര്‍ന്നില്ല.

(അവസാന ഭാഗം നാളെ)

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്! 
ഭാഗം പത്ത്: ഒരു പാവം പുലിക്ക് പറ്റിയ അമളി! 

ഭാഗം 11: മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്
ഭാഗം 12: നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം
ഭാഗം 13: കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍
ഭാഗം 14:  മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലുമേറെ നീളമായിരുന്നു

ഭാഗം 15: 

click me!