ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 10. രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര.
പ്രിയപ്പെട്ട കൂട്ടുകാരെ,
എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ.
undefined
ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും.
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്.
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്.
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍.
അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍.
ബഷീര്‍ അവര്‍ക്ക് ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു.
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി.
ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്.
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍.
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.
ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്.
ജഹനാരാ എന്നാണ് അവളുടെ പേര്.
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്.
അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ.
ഇതു വായിച്ച് അഭിപ്രായം പറയണം.
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി.
എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...
ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും കഥയില്‍ മുഴുകി ഒരു മരച്ചുവട്ടില്‍ ഇരിക്കുകയാണ്. തക്കോഡക്കോ ഒരു ചെറു ചില്ലയില്‍ ഇരുന്നാണ് കഥ പറഞ്ഞത്. അവര്‍ ഇരുന്ന വൃക്ഷത്തിന്റെ ഇലകളില്‍ മഴയുടെ താളം കേട്ടുതുടങ്ങി.
മഴ പെയ്യുകയാണ്. കഥയിലും കാട്ടിലും മഴ.
മഴ കനത്തു. മ്യാമി മരച്ചുവട്ടിലേയ്ക്ക് കൂടുതല്‍ ഒതുങ്ങി. ഹുന്ത്രാപ്പി മഴയിലേയ്ക്ക് എടുത്തുചാടി.
''മഴ മഴ കുട കുട, മഴകാണാന്‍ കാട്ടില്‍ പോണം...'' ഹുന്ത്രാപ്പി മഴ നൃത്തം തുടങ്ങി.
''ഹുന്ത്രാപ്പി...മഴ നനഞ്ഞാല്‍ പനി വരും'' ബുസ്സാട്ടോ ഉപദേശിച്ചു.
''പിന്നേയ്,...മഴ നനഞ്ഞ എത്ര ആനേം കുറുക്കനുമാ ആശുപത്രീല്‍ കെടക്കുന്നത്..പോടീ ബുദ്ദൂസേ..'' ഹുന്ത്രാപ്പി കളിയാക്കി. കുറച്ചുസമയം നോക്കി നിന്ന ബുസ്സാട്ടോയും മഴയിലേയ്ക്ക് ചാടി.
മഴ ശക്തമായി. മുയലുകളും കുളക്കോഴികളും കാട്ടുപൊന്തകളിലേയ്ക്ക് ഓടിപ്പോകുകയാണ്. പക്ഷികള്‍ മരച്ചില്ലകളില്‍ ചേക്കേറുന്നു. നല്ല കാറ്റ് വീശുന്നുണ്ട്. ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും തക്കോഡക്കോയും നിന്നിരുന്ന മരച്ചുവടുമാത്രം ഇപ്പോഴും നനഞ്ഞിട്ടില്ല. തക്കോഡക്കോ മഴയിലേയ്ക്കിറങ്ങാതെ അവിടെ ചിറകൊതുക്കി ഇരിക്കുന്നു. മഴ നനഞ്ഞ മ്യാമിക്ക് തണുക്കാന്‍ തുടങ്ങി. ഹുന്ത്രാപ്പി ബുസ്സാട്ടോയും മഴയില്‍ തിമര്‍ക്കുകയാണ്.
''മറാവോ താഴ്വരയില്‍ ഇപ്പോഴും മഴപെയ്യുന്നുണ്ടോ?'' മ്യാമി ചോദിച്ചു.
''താഴ്വരയില്‍ ഏറെക്കാലത്തിനുശേഷം അന്നാണ് ആദ്യമായി മഴപെയ്തത്. ഗ്രാമവാസികള്‍ ആ മഴ മുഴുവന്‍ നനഞ്ഞു.'' തക്കോഡക്കോ പറഞ്ഞു.
മഴ തോര്‍ന്നു തുടങ്ങി.
ആകെ നനഞ്ഞുകുളിച്ച് ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മരച്ചുവട്ടിലേയ്ക്ക് ഓടിക്കയറി.
''എന്നാലും മുത്തശ്ശിയുടെ ഗ്രാമത്തില്‍ പെയ്ത മഴ ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ.'' ബുസ്സാട്ടോ.
''ഞാനുണ്ടായിരുന്നെങ്കില്‍ അതുമുഴുവന്‍ നനഞ്ഞേനെ.'' ഹുന്ത്രാപ്പി പറഞ്ഞു.
പെട്ടന്നാണ് കാട്ടു പൊന്തയില്‍ നിന്ന് ഒരു മുയല്‍കുഞ്ഞ് അവരുടെ അടുത്തേയ്ക്ക് ഓടിവന്നത്.
''ഇവനാരെടാ, നമ്മുടെ സാമ്രാജ്യത്തില്‍'' മുയലിനെ കണ്ട ഹുന്ത്രാപ്പിയുടെ ചോദ്യം.
''അനങ്ങല്ലെ ഹുന്ത്രാപ്പി. പാവമാണെന്നു തോന്നുന്നു.'' ബുസ്സാട്ടോ പറഞ്ഞു.
''ആരും ഒന്നും ചെയ്യരുത്. എന്തോ ആപത്തില്‍ പെട്ട് വന്നതാണെന്നു തോന്നുന്നു.'' തക്കോഡക്കോ
മെല്ലെ മുയല്‍കുഞ്ഞിന്റെ അടുത്തു ചെന്നു. ''പേടിക്കേണ്ട ഞങ്ങള്‍ നിന്റെ കൂട്ടുകാരാ. എന്താ പറ്റീത്?''
''ശ്..ശ്....മിണ്ടരുത്. അവന്‍ എന്റെ പിന്നാലെയുണ്ട്.'' മുയല്‍ പറഞ്ഞു.
''ആര്....?'' ഹുന്ത്രാപ്പി ചോദിച്ചു. മുയല്‍ മിണ്ടിയില്ല. വല്ലാതെ പേടിച്ചതുപോലെ അവളുടെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളിയിരുന്നു.
''നീ ഒന്നും പേടിക്കേണ്ട ആരു വന്നാലും ഞാന്‍ നോക്കാം.'' ഹുന്ത്രാപ്പി ധൈര്യം പകര്‍ന്നു.
''കിടിലന്‍ പുലി എന്നെ ഓടിച്ചതാണ്. അവന്‍ എന്റെ പിന്നാലെയുണ്ട്.'' മുയല്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
പുലി എന്നു കേട്ടതും ഹുന്ത്രാപ്പി ഒറ്റമുങ്ങല്‍. പിന്നെയവനെ കണ്ടത് തൊട്ടടുത്ത മരത്തിന്റെ ചാഞ്ഞ കൊമ്പിലാണ്.
''ഹുന്ത്രാപ്പി പേടിക്കേണ്ട ഈ കിടിലന്‍ പുലി ഒന്നും ചെയ്യില്ല...'' തക്കോഡക്കോ പറഞ്ഞു.
''നിന്റെ പേരെന്താ?'' തക്കോഡക്കോ മുയലിനോട് ചോദിച്ചു.
''കിങ്ങിണി'' അവള്‍ പറഞ്ഞു.
''നീ തല്‍ക്കാലം ഇവിടെ ഒളിച്ചിരുന്നോ. ഞാന്‍ പറഞ്ഞിട്ട് പുറത്തു വന്നാല്‍ മതി.'' തക്കോഡക്കോ പറഞ്ഞു.
കിങ്ങിണി വേരുകള്‍ക്ക് മറവില്‍ ഒളിച്ചു.
''എനിക്കൊരു സൂത്രം തോന്നുന്നു. നമുക്ക് കിടിലനെ ഒന്നു പറ്റിക്കണം.'' മ്യാമി പറഞ്ഞു.
''എങ്ങനെ ?'' എല്ലാവര്‍ക്കും ആകാംക്ഷയായി.
''ബുസ്സാട്ടോ നീയാ മരത്തില്‍ കയറി കണ്ണുമടച്ച് ഇരുന്നോ. ബാക്കി കാര്യം ഞാനേറ്റു.'' ബുസ്സാട്ടോ മരത്തില്‍ ചാടിക്കയറി. ഹുന്ത്രാപ്പി കൂടുതല്‍ ഉയരത്തില്‍ കയറി ഇരിപ്പാണ്.
''ഹുന്ത്രാപ്പി അനങ്ങാതെ കണ്ണുമടച്ചിരുന്നോ.'' മ്യാമി വിളിച്ചു പറഞ്ഞു. ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മരത്തില്‍ കണ്ണുമടച്ച് ഇരുപ്പായി.
മ്യാമി മരച്ചുവട്ടില്‍ ചത്തതുപോലെ കിടന്നു. തക്കോഡക്കോ പറഞ്ഞതനുസരിച്ച് അവിടെയുണ്ടായിരുന്ന പുളിയനുറുമ്പുകള്‍ അവളെ പൊതിഞ്ഞു. തക്കോഡക്കോ സങ്കടം അഭിനയിച്ച് അവളുടെ അടുത്തിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ പൊന്തക്കാടുകള്‍ ഇളക്കികൊണ്ട് കിടിലന്‍ പുലിവന്നു.
''ഗര്‍ര്‍ര്‍....'' കാട്ടിലെ ഏറ്റവും ഭീകരന്‍ താനാണെന്നാണ് കിടിലന്റെ വിചാരം. പക്ഷെ മണ്ടനാണ്. ശക്തി തെളിയിക്കാന്‍ അവന്‍ എന്തു സാഹസത്തിനും മുതിരും.
''ഡേ, തക്കു നീ, ഒരു മുയല്‍ ഈ വഴി പോണത് കണ്ടോ?'' കിടിലന്‍ ചോദിച്ചു.
''ഇല്ല, ചങ്ങാതി, നീ കണ്ടോ നമ്മുടെ മ്യാമി അപകടത്തില്‍ പെട്ട് മരിച്ചു.'' അപ്പോഴാണ് ഉറുമ്പരിക്കുന്ന മ്യാമിയെ കിടിലന്‍ കണ്ടത്.
''അയ്യോ! ഇതെന്തു പറ്റി?'' കിടിലനും സങ്കടമായി.
''ഈ മരം കണ്ടോ. മനുഷ്യര്‍ കായ്ക്കുന്ന മരമാണ്. പാവം മ്യാമി ഒരു മുയല്‍ കുഞ്ഞിന്റെ പിന്നാലെ പാഞ്ഞ് ഈ മരത്തിനടുത്തെത്തി. ഇതില്‍ തപസ്സു ചെയ്യുന്നവര്‍ ശബ്ദം കേട്ട് ഉണര്‍ന്നു. അവര്‍ ശാപിച്ചതാണ്.''
വര: ജഹനാര
കിടിലന്‍ മരത്തിലേയ്ക്ക് നോക്കി അതില്‍ രണ്ടുമനുഷ്യര്‍! കിടിലന് പേടിയായി. അവന്‍ അത് പുറത്തുകാട്ടിയില്ല.
''മ്യാമിയുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ എന്താ ചെയ്യുക? കിടിലന്‍ തിരക്കി.
''അതിത്തിരി ബുദ്ധിമുട്ടാ. നല്ല ധൈര്യമുള്ളവര്‍ക്കേ കഴിയൂ...''തക്കോഡക്കോ പറഞ്ഞു.
''ധെര്യമോ...അതിന് ഞാനില്ലേ...''കിടിലന്‍ ഒന്നു ഞെളിഞ്ഞു.
''എളുപ്പമല്ല അത്. നാളെ സൂര്യന്‍ അസ്തമിക്കും മുമ്പ് ചിങ്കാരിപ്പുഴയിലെ വെള്ളം കൊണ്ടുവന്ന് കൊടുക്കണം.''ത്താല്‍ മ്യാമി
തക്കോഡക്കോ മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു.
''നീ പേടിക്കോണ്ട തക്കു. ഞാന്‍ പോയി വെള്ളം കൊണ്ടു വരാം.'' കിടിലന്‍ കാര്യങ്ങള്‍ ഏറ്റെടുത്തു.
''പക്ഷെ, രണ്ടു വ്യവസ്ഥകളുണ്ട്. തിരിച്ചു വരുന്നതുവരെ വായ തുറക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അവിടെ വീണു മരിക്കും. വെള്ളമെടുക്കും മുമ്പ് സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ പുറപ്പെട്ട വനത്തിലേയ്ക്ക് ഒരിക്കലും തിരിച്ചു വരരുത്്''
''കിടിലന്‍ ഒന്നു കിടുങ്ങി.
''കിടിലന് ഭയമാണെങ്കില്‍ പോകേണ്ട.'' തക്കോഡക്കോ പറഞ്ഞു.
''ഹേയ്! പേടിയോ എനിക്കോ, ഇന്ന് സൂര്യനസ്തമിക്കും മുമ്പ് ചിങ്കാരിപ്പുഴയിലെ വെള്ളവുമായി കിടിലന്‍ ഇവിടെ എത്തിയിരിക്കും'' കിടിലന്‍ ഞെളിഞ്ഞു.
''നീ വരുന്നത് വരെ ഞാനിവിടെയിരിക്കാം. വൈകരുത്.'' തക്കു പറഞ്ഞു.
കിടിലന്‍ ഇടംവലം നോക്കാതെ പാഞ്ഞു.
കിടിലന്‍ കണ്ണില്‍ നിന്നു മാഞ്ഞതും തക്കോഡക്കോ മ്യാമിയെ തട്ടിയുണര്‍ത്തി. ശരീരത്ത് പറ്റിപ്പിടിച്ചിരുന്ന പുളിയനുറുമ്പുകളെ കുടഞ്ഞുപെറുക്കി മ്യാമി എഴുനേറ്റു. അപ്പോഴും ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മരക്കൊമ്പില്‍ കണ്ണുമടച്ച് ഇരുപ്പാണ്.
തക്കോഡക്കോ മരക്കൊമ്പിലേക്കു പറന്നു ഹുന്ത്രാപ്പിയുടെ ചെവിയിലേയ്ക്ക് വിളിച്ചു കൂവി: ''അയ്യോ പുലി''
''ന്റ മ്മോ!?''
ഹുന്ത്രാപ്പി പിടിവിട്ട് ചക്ക വീഴുമ്പോലെ നിലത്ത്. ശബ്ദം കേട്ട് ബുസ്സാട്ടോ കണ്ണു തുറന്നപ്പോള്‍ ഹുന്ത്രാപ്പിയുണ്ട് ആകെ ചമ്മി ഇളിച്ചുകൊണ്ട് നില്‍ക്കുന്നു. അവള്‍ മരക്കൊമ്പില്‍ നിന്നും ചാടിയിറങ്ങി. ഹുന്ത്രാപ്പിയെ പൊക്കാന്‍ നോക്കി.
''കാണാന്‍ ഇത്തിരിയേ ഉള്ളൂ എങ്കിലും ഇവനെന്തൊരു ഭാരമാണ്...'' ബുസ്സാട്ടോയുടെ കൈതട്ടിമാറ്റി ഒരു അഭ്യാസിയേപ്പോലെ ഹുന്ത്രാപ്പി കുതിച്ചെഴുന്നേറ്റു.
''എടീ ബളുക്കൂസേ, ഇത് വെറും തൈരു കുടിക്കുന്ന ശരീരമല്ല.'' ഹുന്ത്രാപ്പി ചമ്മല്‍ മറച്ചു.
''അയ്യോ നമ്മുടെ കിങ്ങിണി മുയലിന്റെ കാര്യം മറന്നു'' മ്യാമിയാണ് അക്കാര്യം ഓര്‍മ്മിച്ചത്.
''കിങ്ങിണീ... ഇറങ്ങിവാ കിടിലന്‍ പോയി.'' ബുസ്സാട്ടോ വിളിച്ചു പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞിട്ടും ഒരനക്കവുമില്ല. തക്കോഡക്കോ പേയി നോക്കി. കിങ്ങിണി മരത്തിന്റെ വേരുകള്‍ക്കിടയില്‍ പതുങ്ങിയിരുപ്പാണ്. പുറത്ത് നടന്നതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല.
പേടിച്ചുപേടിച്ചാണ് മുയല്‍ പുറത്തു വന്നത്.
''കിങ്ങിണി നീ പേടിക്കേണ്ട. കിടിലന്‍ ഇനി ഈ കാട്ടിലേയ്ക്ക് വരില്ല.'' മ്യാമി പറഞ്ഞു.
''കിടിലന്‍ ചിങ്കാരിപ്പുഴയിലെ വെള്ളം കൊണ്ടുവരാന്‍ കിഴക്കോട്ട് പോയതാണ്. അവിടെ ചെല്ലുമ്പോള്‍ തന്നെ നാളെ അസ്തമിക്കും. സന്ധ്യ വീണാല്‍ പിന്നെ അവിടം വിട്ട് ഒരിക്കലും കിടിലന് വരാന്‍ പറ്റില്ല. വാക്കു പാലിച്ചില്ലെങ്കില്‍, ശാപം കിട്ടി മരിക്കുമെന്നാണ് പറഞ്ഞത്.'' തക്കോഡക്കോ വിശദമാക്കി.
''ആരാ ശപിക്കുക? '' കിങ്ങിണി
''മനുഷ്യര്‍ കായ്ക്കുന്ന മരത്തില് തപസ്സു ചെയ്യുന്നവര്.'' മ്യാമി പറഞ്ഞു.
''അതാരാ?'' കിങ്ങിണി ചോദിച്ചു.
''സാക്ഷാല്‍ ഹുന്ത്രാപ്പി'' മ്യാമി പറഞ്ഞു.
കിങ്ങിണിക്ക് ഉള്ളില്‍ ചെറിയ ഭയമുണ്ടെങ്കിലും ബഹുമാനത്തോടെ ഹുന്ത്രാപ്പിയെ നോക്കി. ഒന്നു ഞെളിഞ്ഞ് ആകാശത്തേയ്ക്ക് നോക്കി ഒന്നുമറിയാത്തവനെപ്പോലെ അവന്‍ നിന്നു.
''നീ പൊയ്ക്കോളു. ഇനി നിന്നെ ആരും ഉപദ്രവിക്കില്ല.'' ഹുന്ത്രാപ്പി ഗൗരവത്തില്‍ പറഞ്ഞു.
കിങ്ങിണി കാട്ടുപൊന്തയിലേയ്ക്ക് തിരിച്ചു നടന്നു.
അതുവരെ മിണ്ടതെ നില്‍ക്കുകയായിരുന്ന ബുസ്സാട്ടോ ഒരു സംശയം ഉന്നയിച്ചു. ''അപ്പോ ഈ മറാവോക്കാടും ചിങ്കാരിപ്പുഴയും ശരിക്കും ഉള്ളതാണോ?''
''പിന്നല്ലാതെ...ഇവിടെ നിന്നും രണ്ട് ദിവസം നടക്കണം അവിടെ എത്താന്‍. അതൊന്നും അറിയാതെയല്ലെ നമ്മുടെ കിടിലന്‍ ഓടിയിരിക്കുന്നത്.''-തക്കു പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
''അല്ല തക്കൂ.... ഈ ആമി മുത്തശ്ശിക്കും കൂട്ടര്‍ക്കും പിന്നീട് എന്തു സംഭവിച്ചു? അവര്‍ മഞ്ഞ് കൊയ്ത്ത് തുടങ്ങിയോ?'' ഹുന്ത്രാപ്പി കഥയിലേക്കു മടങ്ങിയെത്തി.
''പറയാം.... നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.''
എല്ലാവരും ഇറങ്ങി നടന്നു. തക്കോഡക്കോ ഹുന്ത്രാപ്പിയുടെ തോളിലിരുന്ന് ബാക്കി കഥ പറഞ്ഞു.
(ബാക്കി നാളെ)
ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ?
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്!
ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര, ചുറ്റും മഴവില്ല്!