Horror Novel : കുതിരവണ്ടിയുടെ മണികിലുക്കം, ആരോ വന്നിരിക്കുന്നു!

By Chilla Lit SpaceFirst Published Apr 14, 2022, 2:03 PM IST
Highlights

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 9

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. തുടര്‍ന്ന്, ജ്യോത്‌സനായ പൊതുവാള്‍ മാഷ് തറവാട്ടിലൊരു ബ്രഹ്മരക്ഷസിന്റെ സാന്നിധ്യം കണ്ടെത്തുന്നു. ചില ക്രിയകളും അദ്ദേഹം വിധിക്കുന്നു. തുടര്‍ന്ന് കുടുംബത്തിലെ അംഗമായ സഞ്ജയ് ബ്രഹ്മരക്ഷസിനെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നു. താന്‍ കണ്ടെത്തിയ കുടുംബചരിത്രത്തിലെ നിര്‍ണായകമായ ഒരേട് സഞ്ജയ് നിവര്‍ത്തുന്നു. 

Latest Videos

തുടര്‍ന്ന് വായിക്കുക

 

 

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് അമ്പലത്തിലെ പറയെടുപ്പ് വീട്ടുപടിക്കല്‍ എത്തിയത്. ദേവകി കൊച്ചുകുട്ടിയുടെ അടുക്കലെത്തി വിളിച്ചുണര്‍ത്തി. ചേച്ചികുട്ടിയമ്മ ഏതവസ്ഥയിലാണെങ്കിലും പടിക്കല്‍ കൊണ്ടുപോയി പറ കാണിക്കണമെന്ന് നിശ്ചയിച്ചാണ് ദേവകിയുടെ പുറപ്പാട്. കൊച്ചുകുട്ടി ദേവകിയൊടൊപ്പം മുറിയുടെ പുറത്തേയ്ക്ക് നടന്നു. കിഴക്കെ വരാന്തയിലെത്തിയപ്പോള്‍ അവര്‍ ദേവകിയോട് പറഞ്ഞു, ''ദേകുട്ടി, ഇതുവരെ മതി. ഞാനീ വരാന്തയിലിരുന്നു കണ്ടോളാം. പടിക്കലൊക്കെ വന്ന് ക്ഷീണായാല്‍ പിന്നെ നിനക്കാവും അതിന്റെ പാട്.''

ചേച്ചികുട്ടിയമ്മ ഒന്ന് തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്ന് മനസ്സ് മാറ്റാന്‍ പറ്റില്ലെന്ന് അറിയുന്ന ദേവകി നിര്‍ബ്ബന്ധിക്കാന്‍ പോയില്ല. അതിന് പകരം നാലുകെട്ടില്‍ നിന്ന് ഒരു കസേരയെടുത്ത് വരാന്തയിലിട്ട് അതില്‍ ചേച്ചികുട്ടിയമ്മയെ ഇരുത്തി. അവളെന്നിട്ട് ആനയെ കാണാന്‍ പടിക്കലേയ്ക്കിറങ്ങി ചെന്നു. ലീലയും ഇന്ദിരയും അവിടെയുണ്ട്. ഇന്ന് അവരാണ് പറ നിറയ്ക്കുന്നത്. സരസുവും വിലാസിനിയും എവിടെയൊ സര്‍ക്കീട്ടിന് പോയിരിക്കയാണ്. ഒരേ പ്രായക്കാരായതുകൊണ്ട് അവര്‍ രണ്ടാളും എപ്പോഴും ഒപ്പമാണ് യാത്ര.

വീട്ടുകാരെല്ലാം പടിക്കല്‍ ആനയേയും നോക്കി പറ നിറയ്ക്കുന്ന കാഴ്ച കണ്ട് ആസ്വദിച്ച് കൊച്ചുകുട്ടി വരാന്തയിലിരുന്നു. കുറേ കൊല്ലങ്ങള്‍ മുമ്പൊരിക്കല്‍ അമ്പലത്തിലേയ്ക്ക് പോകാനായി പടിക്കല്‍ എത്തിയപ്പോള്‍, അകമ്പടി സേവകരുമായി വില്ല് വച്ച കുതിരവണ്ടിയില്‍ അവിടെ വന്നിറങ്ങിയ തമ്പുരാനെ കണ്ട ദിവസം കൊച്ചുകുട്ടിയുടെ മനസ്സിലോടിയെത്തി.

കുതിരവണ്ടിയില്‍ നിന്നിറങ്ങിയ തമ്പുരാന്റെ മുഖത്തെ തേജസ് പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റില്ലായിരുന്നു. ഇറങ്ങിയ പാടെ തന്നെ നോക്കിയ ആ കണ്ണുകളില്‍ ഒരു നിമിഷം തന്റെ കണ്ണുകളും കോര്‍ത്തിണങ്ങി നിന്നു. ആ കോമളമുഖത്ത് ഒരു മന്ദഹാസം മുളച്ചില്ലേ എന്ന് സംശയം തോന്നുന്ന വിധം ചുണ്ടുകള്‍ വിടരുകയും കണ്ണുകള്‍ ചെറുതായൊന്ന് അടഞ്ഞ് തുറക്കുകയും ചെയ്തു. പിന്നീട് മുന്നോട്ട് നോക്കി അളന്നെടുക്കുന്ന പോലെ ചുവടുകള്‍ വച്ച് അദ്ദേഹം അമ്പലത്തിനകത്തേയ്ക്ക് നടന്നുപോയി.

പറയാനോ മനസ്സില്‍ ഉറച്ചിരിക്കാനോ ഇടപോലുമില്ലാത്ത ഒരു സമാഗമമെന്നെ വിചാരിച്ചുള്ളു. തമ്പുരാനും പരിവാരങ്ങളും പോയതിന് ശേഷമേ അന്ന് താന്‍ അമ്പലത്തിലേയ്ക്ക് പോയുള്ളു. വീണ്ടും അമ്പലത്തിലെങ്ങാന്‍ കണ്ടുമുട്ടിയാലോ എന്നൊരു പരിഭ്രമം മനസ്സിലുടലെടുത്തിരുന്നു.

പഴയ കാര്യങ്ങള്‍ മനസ്സിനകത്ത് വ്യാപരിക്കാന്‍ തുടങ്ങിയതോടെ കൊച്ചുകുട്ടിയുടെ മനസ്സ് കലുഷിതമായി. തമ്പുരാനെ ആദ്യം കണ്ടതിന് ശേഷം പിന്നെയെന്തെല്ലാം നടന്നു.

അപ്പോഴാണ് പടക്കം പൊട്ടുന്നതിന്റെ ശബ്ദം അവിടം മുഴുവന്‍ മുഴങ്ങിയത്. പറ അവസാനിച്ചതിന്റെ ബഹളമായിരുന്നു. ഇതിന് മുമ്പൊരിക്കല്‍ പടക്കം പൊട്ടിയതിന്റെ ചിന്തകള്‍ മനസ്സിലോടിയിറങ്ങിയതോടെ കൊച്ചുകുട്ടിയുടെ മനസ്സ് എവിടെയാണെന്ന് മനസ്സിലാകാത്തത് പോലെ ചുറ്റിത്തിരിഞ്ഞു. പലതും തലയ്ക്കകത്ത് ഒന്നിച്ച് കയറി തിക്കിത്തെരക്കി എല്ലാമൊരു മൂടല്‍മഞ്ഞിലകപ്പെട്ട പോലെയാക്കിത്തീര്‍ത്തു.

പറ കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് തിരിച്ചെത്തുമ്പോള്‍ കസേരയില്‍ കണ്ണുകളടച്ചിരിക്കുന്ന ചേച്ചിയമ്മയേയാണ് കണ്ടത്. അമ്മു ഉടനെ തന്നെ അവരെ പിടിച്ചെഴുന്നേല്പിച്ച് അകത്തെ ചായ്പിലേയ്ക്ക് കൊണ്ടുപോയി. 

എത്ര പെട്ടെന്നാണ് സ്വബോധം മറയുന്നത്. പറ കാണണമെന്ന് പറഞ്ഞതുകൊണ്ട് ദേവകി ഉമ്മറത്ത് കൊണ്ടുവന്നിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ സന്തോഷിച്ചതാണ്. പക്ഷേ, ദാ പറ കഴിയുന്നതിന് മുമ്പുതന്നെ ആള് പഴയപടിയായിരിക്കുന്നു.


#

ദിവസങ്ങള്‍ കൊഴിയുന്നത് ആര്‍ക്കും പിടിച്ച് നിര്‍ത്താനൊന്നും പറ്റില്ലല്ലോ. കൊച്ചുകുട്ടി ചില ദിവസങ്ങളില്‍ കൂടുതല്‍ നേരം വര്‍ത്തമാനകാലത്തില്‍ ഉല്ലാസവതിയായി കണ്ടു. ചില ദിവസങ്ങളില്‍ ഭൂതകാലത്തിന്റെ ദുര്‍ഭൂതങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കുകയും ചെയ്തു. രണ്ട് തരത്തിലുള്ള സ്വഭാവബോധങ്ങള്‍ക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ നിര്‍ണ്ണയിക്കാന്‍ പറ്റുമായിരുന്നില്ല. എല്ലാവരും, കൂടുതലായി അമ്മുവും ദേവകിയും, ആ ഇടവേളകളിലെ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരുന്നു.

അന്നൊരു ഒഴിവുദിവസമായിരുന്നു. ദേവകിയുടെ കൂടെ ലീലയും ഇന്ദിരയും ചേച്ചികുട്ടിയമ്മയുടെ അരികില്‍ കഥ കേള്‍ക്കാന്‍ വന്നിരുന്നു. അവരുടെ ഭാഗ്യത്തിന് കൊച്ചുകുട്ടി അന്ന് പതിവില്ലാതെ ഏറെ നേരം വര്‍ത്തമാനകാലത്തെ വര്‍ത്തമാനങ്ങള്‍ പറയുകയുണ്ടായി. സാധാരണ ലീലയ്ക്കും ഇന്ദിരയ്ക്കുമാണ് അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ചുമതല. ദേവകിയ്ക്ക് അടുക്കളഭാരം കുറവായതിനാല്‍ ചേച്ചികുട്ടിയമ്മയെ നോക്കാന്‍ കൂടുതല്‍ സമയം കിട്ടും. മാത്രമല്ല, ചേച്ചിമാര്‍ മാറിനിന്നുകൊടുത്തു അനുജത്തിയ്ക്ക് പഠിക്കാന്‍വേണ്ടി.

സരസുവും വിലാസിനിയും എല്ലാ ഒഴിവുദിവസത്തിലേയും ദിനചര്യ തെറ്റിക്കാതെ അടുത്തുള്ള വീടുകളിലെ മറ്റ് പെണ്‍കുട്ടികളോടൊപ്പം പറമ്പില്‍ കളിക്കുകയാണ്. ചന്ദ്രനും കുട്ടനും രാമനും നാടകസെറ്റില്‍ തിരക്കിലാണ്. അവരുടെ പ്രായത്തിലെ ധാരാളം ആണ്‍കുട്ടികള്‍ അമ്പലത്തിന് ചുറ്റുമുള്ള വീടുകളിലുണ്ട്.

അന്ന് ചേച്ചികുട്ടിയമ്മയുടെ സംസാരം കേട്ടപ്പോള്‍ ദേവകി ചേച്ചിമാരെ രണ്ടാളേയും നിര്‍ബ്ബന്ധിച്ച് കൂടെയിരുത്തിയതാണ്. മൂന്നാളോടും കൂടിയാകുമ്പോള്‍ ചേച്ചികുട്ടിയമ്മ നല്ലവണ്ണം സംസാരിക്കുമായിരിക്കുമെന്ന് ഒരു തോന്നല്‍.

''ലീലേ, നീ തട്ടിന്‍പുറം വൃത്തിയാക്കാറുണ്ടോ? ഇന്നാള് ദേകുട്ടി അതിന് മുകളില്‍ വിളക്കെടുക്കാന്‍ പോയീന്ന് പറഞ്ഞപ്പോ തൊട്ട് ഞാനാലോചിക്കണതാണ് നിന്നോട് ചോദിക്കണമെന്ന്.'' കൊച്ചുകുട്ടി വര്‍ത്തമാനത്തിനിടയില്‍ ചോദിച്ചു.

''ഉവ്വല്ലോ, ചേച്ചിയമ്മേ. തട്ടിന്‍പുറം ആഴ്ചയിലൊരിക്കല്‍ ഞാനും ഇന്ദിരേം ദേവകീം കൂടി വൃത്തിയാക്കുന്നതാണ്. അതുകൊണ്ട് മുകളില്‍ കയറാന്‍പേടിക്കണ്ട.'' ലീല വ്യക്തമാക്കിയപ്പോള്‍ കൊച്ചുകുട്ടിയ്ക്ക് സമാധാനമായി. അല്ലെങ്കില്‍ പെരുച്ചാഴിയും മരപ്പട്ടിയും കേറി താമസമാക്കും. പിന്നെ കുട്ടികള്‍ കയറുമ്പോള്‍ അതുങ്ങളെ കണ്ട് പേടിച്ച് താഴെ വീണ് ഓരോന്നുണ്ടാക്കി വയ്ക്കണ്ട.

''ഇഴജന്തുക്കളോ മറ്റ് സാധനങ്ങളോ മുകളിലില്ലെന്നുറപ്പാണ്, ചേച്ചിയമ്മേ.'' ഇന്ദിര കൊച്ചുകുട്ടിയുടെ മനസ്സ് വായിച്ചപോലെ പറഞ്ഞു. ''പിന്നെ ഈ സുന്ദരിയെ പിടിച്ചുകൊണ്ട് പോകാന്‍ വരുന്ന കിന്നരന്മാരേയും ഗന്ധര്‍വ്വന്മാരേയും എങ്ങനെയാണ് ഒഴിപ്പിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ലേ!'' കൊച്ചുകുട്ടിയുടെ കവിളത്ത് തലോടിക്കൊണ്ട് ഇന്ദിര കൂട്ടിച്ചേര്‍ത്തു.

ഇന്ദിരയുടെ കസൃതി കൊച്ചുകുട്ടിയ്ക്കിഷ്ടമായി. ആസ്വദിച്ച് ചിരിക്കുകയും ചെയ്തു. ''കളിയാക്കണ്ട കുട്ടീ. ഈ ചേച്ചിയമ്മയെ കാണാന്‍, വെറുതെ കാണാനല്ല, നിര്‍ബ്ബന്ധമായിട്ടും കൂട്ടിക്കൊണ്ടുപോകാന്‍ ഗന്ധര്‍വ്വന് തുല്യമായ ഒരാള്‍ വരുകയുണ്ടായി.''

''പിന്നേ, ആ കിന്നരങ്കാവിലെ കിന്നരനല്ലേ?'' ഇന്ദിര വീണ്ടും കളിയാക്കുകയായിരുന്നു.

''അതൊന്നുമല്ല കുട്ടീ. അദ്ദേഹത്തിന്റെ മുന്നില് കിന്നരങ്കാവിലെ നമ്പൂര്യാര് ഒന്നുമല്ലായിരുന്നു.'' കൊച്ചുകുട്ടി ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.

അത് കേട്ടപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കും കഥ കേള്‍ക്കാന്‍ താല്പര്യമായി.മുത്തച്ഛനെ കാണാന്‍ നല്ല ഗാംഭീര്യമുണ്ട്. മുത്തച്ഛന്റെ അനുജന്‍ സ്വല്പം മണുക്കൂസല്ലേയെന്ന് അവര്‍ക്ക് എപ്പോഴും തോന്നാറുണ്ട്. എന്നാലും കാണാന്‍ നല്ലത് തന്നെ. അപ്പോള്‍ അവരിലും സുമുഖനും തലയെടുപ്പുമുള്ള ഈ ഗന്ധര്‍വ്വന്‍ ആരായിരുന്നിരിക്കും? 

''എന്നെയൊന്ന് തട്ടിന്‍പുറത്ത് കൊണ്ടു പോകാമോ? ഞാനൊരൂട്ടം കാണിച്ച് തരാം.'' കൊച്ചുകുട്ടി അവരോട് ചോദിച്ചു.

''തട്ടിന്‍പുറത്ത് അത്രയ്ക്ക് രഹസ്യമായി എന്താണ് വച്ചിരിക്കണത്? ഞങ്ങള്‍ മൂന്നാളും ഒരുവിധം എല്ലാം തപ്പിയിട്ടുള്ളതാണല്ലോ.'' ദേവകിയ്ക്ക് അത്ഭുതമായി. തട്ടിന്‍പുറം വൃത്തിയാക്കുമ്പോള്‍ എല്ലാ സാധനങ്ങളും എടുത്ത് കുടഞ്ഞ് തുണികൊണ്ട് തുടച്ചാണ് അതാത് സ്ഥാനത്ത് വയ്ക്കാറ്. പഴയ ആധാരമൊക്കെ വച്ചിട്ടുള്ള ഒരു പെട്ടിയുള്ളത് പോലും മൂന്നാളും കൂടി കള്ളത്താക്കോലിട്ട് തുറന്ന് പരിശോധിച്ചിരിക്കുന്നു. അവിടെയെങ്ങുമില്ലാത്ത ഈ ചേച്ചിക്കുട്ടിയമ്മയുടെ രഹസ്യം എന്തായിരിക്കും?

അപ്പോഴാണ് വീട്ടുപടിക്കല്‍ ഒരാരവം കേട്ടത്. കുതിരവണ്ടിയുടെ മണികിലുക്കം. ആരോ വന്നിരിക്കുന്നു. കുതിരവണ്ടിയാണെങ്കില്‍ മുത്തച്ഛനാവാനാണ് വഴി. മൂന്നാളും ചേച്ചിയമ്മയുടെ കട്ടിലില്‍ നിന്നെഴുന്നേറ്റു. കഷ്ടം, മുത്തച്ഛന് വരാന്‍ കണ്ടൊരു സമയം. 

''അന്നും വില്ല് വച്ച ആ കുതിരവണ്ടിയിലായിരുന്നു അദ്ദേഹം വന്നത്!'' അതും പറഞ്ഞ് കൊച്ചുകുട്ടി കിടക്കയിലേയ്ക്ക് കിടന്നു. ''എനിയ്ക്ക് പോകാനുള്ള പഞ്ചാരവിമാനം വന്നിട്ടുണ്ട്. ഞാന്‍ പോയിട്ട് വരാം.'' അതോടെ അവര്‍ കണ്ണുകളടച്ചു.

ദേവകി ചേച്ചികുട്ടിയമ്മയെ കുലുക്കി വിളിച്ച് നോക്കി. കേട്ട ഭാവമില്ല. അത്രയും നേരം സുഖമായി വര്‍ത്തമാനം പറഞ്ഞിരുന്ന ആളാണെന്നേ തോന്നില്ല. നിമിഷനേരം കൊണ്ട് കൊച്ചുകുട്ടിയുടെ ബോധം ഭൂതത്തിലേയ്ക്ക് പോയിരിക്കുന്നു. 

ചേച്ചികുട്ടിയമ്മയെ പുതപ്പിച്ചിട്ട് മൂന്നുപേരും തളത്തിലേയ്ക്ക് മാറിനിന്നു. മുത്തച്ഛന്‍ വന്നാല്‍ നാലുകെട്ടിലാണ് ഇരിക്കുക. വിളിക്കാതെ ആര്‍ക്കും അടുത്തേയ്ക്ക് പോകാന്‍ പേടിയാണ്. എപ്പോഴാണ് ദേഷ്യം വരികയെന്ന് പറയാന്‍ സാധിക്കില്ല. യാതൊരു ഭയപ്പാടുമില്ലാതെ മുത്തച്ഛന്റെയടുക്കല്‍ ചെല്ലുന്നത് ഒരാള്‍ മാത്രം - അവരുടെ അമ്മ. അമ്മുക്കുട്ടിയെ മുത്തച്ഛന് വലിയ കാര്യമാണ്. എന്നാല്‍ പാറുക്കുട്ടിയോട് അത്രയ്ക്കിഷ്ടം കാണിക്കാറില്ല. പാറുക്കുട്ടിയ്ക്ക് തിരിച്ചങ്ങോട്ടുമില്ലെന്ന് കൂട്ടിക്കോളു.

കിന്നരങ്കാവ് മനയിലെ നാരായണന്‍ നമ്പൂതിരിപ്പാട് കുതിരവണ്ടിയില്‍ നിന്നിറങ്ങി നാലുകെട്ടിലെ വലിയ ചാരുകസേരയില്‍ വന്നിരുന്നു. ഇനിയാണ് ഓരോരുത്തരുടേയും കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കുക. സില്‍ബന്ധിയെ പോലെ അമ്മുക്കുട്ടി അടുത്ത് നില്‍ക്കും. കൂടെ വന്ന കാര്യസ്ഥന്‍ അകത്തേയ്ക്ക് കയറാതെ വരാന്തയില്‍ നില്‍ക്കുകയേയുള്ളു.

ഉറക്കത്തിന്റേയും ഉറക്കമില്ലായ്മയുടേയും ഇടയില്‍, സ്വബോധാവസ്ഥയുടേയും സ്വബോധമില്ലായ്മയുടേയും മദ്ധ്യത്തില്‍ കൊച്ചുകുട്ടി നാലുകെട്ടില്‍ നിന്നുമുയരുന്ന സംഭാഷണശകലങ്ങള്‍ ഒരു കാതില്‍ കൂടി ഉള്‍ക്കൊണ്ട് മറുകാതില്‍ കൂടി ബഹിഷ്‌ക്കരിച്ചുകൊണ്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ കേള്‍ക്കുന്നതൊന്നും മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. അമ്പലത്തിനകത്തെ മണ്ഡപത്തിലിരുന്ന് നാമം ജപിക്കുന്നത് നാലമ്പലത്തിന് വെളിയില്‍ നിന്ന് കേള്‍ക്കുന്നതുപോലെ, അവ്യക്തമായതെന്തോ ചിന്താമണ്ഡലത്തെ സ്പര്‍ശിക്കാതെ തലങ്ങും വിലങ്ങും ചീറിമാറുന്ന പ്രതീതി.

അച്ഛന്‍, അല്ലാ ജ്യേഷ്ഠന്‍ തിരുമേനിയാണ് കുതിരവണ്ടിയില്‍ വന്നതെന്ന് മനസ്സിലെവിടേയൊ ആരോ പറയുന്നപോലെ. താന്‍ കാണാന്‍ കാത്തിരുന്ന ആള് കുതിരവണ്ടിയില്‍ തന്നെയാണ് വരേണ്ടിയിരുന്നത്. പക്ഷേ, അതിന് പകരം ... അയാളാണ് വന്നിറങ്ങിയത്.

മൂടല്‍മഞ്ഞില്‍ തെളിയാതെ കിടക്കുന്ന ചില ചിത്രങ്ങള്‍ കണ്‍മുന്നിലൂടെ മിന്നിമറിയുന്നതിനിടയിലെപ്പോഴോ ഉറങ്ങിയിട്ടുണ്ടാകണം.

 

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 
 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'
ഭാഗം മൂന്ന്: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?
ഭാഗം നാല്: സ്ഥാനഭ്രംശം വന്ന ആ രക്ഷസ്സിനെ എങ്ങനെ തളക്കും?
ഭാഗം അഞ്ച്: ആ ബ്രഹ്മരക്ഷസ് എവിടെയാണ് മറഞ്ഞത്?
ഭാഗം ആറ്: അയാള്‍പോക്കറ്റില്‍ നിന്നും ഒരു ചുരുള്‍ കടലാസെടുത്ത് നിവര്‍ത്തി!
ഭാഗം ഏഴ്: ആരോ കോണിയിറങ്ങുന്ന ശബ്ദം!
ഭാഗം എട്ട്: ശങ്കരന്‍കുട്ടി എവിടേയ്ക്ക് പോകുന്ന കാര്യമാണ് സംസാരിച്ചത്?​​​​​​​ ​​​​​​​

 

click me!