Horror Novel : ആരോ കോണിയിറങ്ങുന്ന ശബ്ദം!

By Chilla Lit SpaceFirst Published Apr 12, 2022, 4:09 PM IST
Highlights

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 7

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. തുടര്‍ന്ന്, ജ്യോത്‌സനായ പൊതുവാള്‍ മാഷ് തറവാട്ടിലൊരു ബ്രഹ്മരക്ഷസിന്റെ സാന്നിധ്യം കണ്ടെത്തുന്നു. ചില ക്രിയകളും അദ്ദേഹം വിധിക്കുന്നു. തുടര്‍ന്ന് കുടുംബത്തിലെ അംഗമായ സഞ്ജയ് ബ്രഹ്മരക്ഷസിനെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നു. താന്‍ കണ്ടെത്തിയ കുടുംബചരിത്രത്തിലെ നിര്‍ണായകമായ ഒരേട് സഞ്ജയ് നിവര്‍ത്തുന്നു. 

Latest Videos

തുടര്‍ന്ന് വായിക്കുക
 

 

ഏഴ്

''ചേച്ചിക്കുട്ടിയമ്മേ!''

ആ വിളി കാതുകളില്‍ മുഴങ്ങുന്നുണ്ട്. 'എവിടെയാണ്' എന്ന ചോദ്യം മനസ്സിലെവിടെയോ കുരുങ്ങി നില്‍ക്കുന്ന പോലെ. കൊച്ചുകുട്ടി കണ്ണ് തുറന്ന് ചുറ്റുപാടും നോക്കി.

വടക്കേചായ്പില്‍ തന്നെയാണ്. ഏതാണ്ട് സ്ഥിരവാസം ഇവിടെ തന്നെ. കൊച്ചുകുട്ടി എഴുന്നേറ്റു. ആരോ കോണിയിറങ്ങുന്ന ശബ്ദം. കട്ടിലില്‍ ഇരുന്നു തന്നെ ആരാ വരുന്നതെന്ന് ശ്രദ്ധിച്ചു.

ചായ്പിന്റെ വടക്കേ അറ്റത്തുള്ള ഓവുമുറിയില്‍ നിന്നാണ് തട്ടിന്‍പുറത്തേയ്ക്കുള്ള കോണി. എത്ര നാളായി തട്ടിന്‍പുറത്തൊന്ന് കേറിയിട്ട്! ആരെങ്കിലും വൃത്തിയാക്കുന്നുണ്ടോ ആവോ? അമ്മുക്കുട്ടിയാണ് കൂട്ടത്തില്‍ മിടുക്കി. നന്നായി പഠിക്കുന്നതിനിടയിലും ഇമ്മാതിരി പണികളെല്ലാം ചെയ്യാന്‍ ഒരു മടിയുമില്ലായിരുന്നു. പാറുക്കുട്ടി സ്വല്പം മടിച്ചിയാണ്. എന്നാലും നല്ലവണ്ണം പഠിച്ചൂലോ. അതുമതി.

ദേവകിയാണ് മോളീന്ന് ഇറങ്ങി വന്നത്. കൊച്ചുകുട്ടി ഓര്‍ത്ത് നോക്കി. ദേവകി അമ്മുവിന്റെ മൂന്നാമത്തെ മോളാണ്. ബഹുമിടുക്കി. എല്ലാത്തിനും ഒന്നാംപന്തിയില്‍ ഉണ്ടാകും. വയസ്സെത്രയാണാവോ, പന്ത്രണ്ടോ പതിന്നാലോ? എന്തോ നിശ്ചയമില്ല.

''മോളേ, ദേകുട്ടി. എന്താണ് തട്ടിന്‍പുറത്ത് തപ്പണത്?''

''ചേച്ചികുട്ടിയമ്മേ, ഇന്ന് മിടുക്കിക്കുട്ടിയായിട്ടുണ്ടല്ലോ. ഞാന്‍ പോണ വഴി ഒന്ന് വിളിച്ചിരുന്നു. അപ്പോ കേട്ട ഭാവം വച്ചില്ല. വല്യ പത്രാസുകാരി!'' ദേവകി പിണക്കം ഭാവിച്ച് പറഞ്ഞത് കേട്ടപ്പോള്‍ കൊച്ചുകുട്ടിയ്ക്ക് ചിരിക്കാതിരിക്കാന്‍ പറ്റിയില്ല. ''ദാ, കണ്ടില്ലേ, നിലവിളക്കെടുക്കാന്‍ കയറിയതാ. നാളെ വൈകുന്നേരം അമ്പലത്തിലെ പറയുണ്ട്.''

''ങേ, അമ്പലത്തിലെ ഉത്സവം ഇങ്ങെത്തിയോ? കഴിഞ്ഞ ഉത്സവം ദേ ഇന്നലെ തീര്‍ന്നപോലെ.'' കൊച്ചുകുട്ടിയുടെ മനസ്സില്‍ ഉത്സവത്തിന്റെ ഉത്സാഹം ഇരച്ച് കയറി.

''അതെങ്ങനെയാ, ഇന്നിപ്പോള്‍ നല്ല സ്പഷ്ടമായി എന്നെ ദേകുട്ടീന്ന് തന്നെ വിളിച്ചല്ലോ. ഇനീപ്പോ കുറച്ച് കഴിഞ്ഞാല്‍ ദേവൂന്നാവും. അപ്പോപിന്നെ രണ്ട് പറകളുടെയിടയിലെ ദൂരം അത്രേം കുറഞ്ഞില്ലേയെന്റെ ചേച്ചികുട്ടിയമ്മേ!'' ഉറക്കെ ചിരിച്ചിട്ട് നിലവിളക്ക് കൊണ്ട് കൊച്ചുകുട്ടിയെ ദേവകി രണ്ട് മൂന്ന് വട്ടം ഉഴിഞ്ഞു.

''കള്ളീ. നിന്നെ ഞാനെന്തിനാ ഇപ്പോ ദേവൂന്ന് വിളിക്കണേ. അതൊക്കെ കഴിഞ്ഞു പോയതല്ലേ, എന്റെ ദേകുട്ടി. എനിയ്ക്കിപ്പോ ദാഹിക്കണണ്ട്. ചായ കുടിക്കാന്‍ നേരായോ എന്തോ?''

''ദേ, വരുന്നു ഞാന്‍. എന്റെ ചേച്ചികുട്ടിയമ്മയ്ക്കുള്ള ചായയുമായി.'' ദേവകി കൊച്ചുകുട്ടിയുടെ കവിളത്തൊരുമ്മ കൊടുത്തിട്ട് നാലുകെട്ടിലേയ്ക്ക് നടന്നു. നിലവിളക്ക് കൃഷ്ണന്റെ ബിംബത്തിനരികെ വച്ചിട്ട് അവള്‍ അടുക്കളയിലേയ്ക്ക് പോയി.

ദേവകി ചായയുമായി വന്നപ്പോള്‍ കൊച്ചുകുട്ടി കിടന്നു കഴിഞ്ഞിരുന്നു. ''ചേച്ചികുട്ടിയമ്മേ, ദേ ചോദിച്ച പോലെ ചായ. ദേകുട്ടി ഛടാന്ന് ഓടി വന്നില്ലേ!''

കൊച്ചുകുട്ടി കണ്ണ് തുറന്ന് ദേവകിയെ നോക്കി. ''എന്താ ദേവൂ, ഇങ്ങനെ ബഹളം കൂട്ടണത്? പെണ്‍കുട്ടികളായാല്‍ അടക്കോം ഒതുക്കോം വേണന്ന് അമ്മ എപ്പളും പറേണതല്ലെ.'' കൊച്ചുകുട്ടി പതിയെ കൈകുത്തി എണീറ്റിരുന്നു. ഇടത് കൈയില്‍ ചായമൊന്ത വാങ്ങി മൊത്തിക്കുടിച്ചു.

ദേവകി അവളുടെ ചേച്ചികുട്ടിയമ്മയെ നോക്കി. പാവം. എന്താ ഈ അവസ്ഥയ്ക്ക് പറയാവോ? വൈദ്യര് വന്നപ്പോള്‍ പറഞ്ഞത് അബോധാവസ്ഥയുടെയും സ്വബോധാവസ്ഥയുടേയും ഇടയിലുള്ളൊരു അവസ്ഥയാണെന്നാണ്. അതെന്താണെന്ന് ദേവകിയ്ക്ക് മനസ്സിലായതേയില്ല. ഒരു കാര്യം അവള്‍ക്ക് നിശ്ചയമായിരുന്നു - അവളെ ചേച്ചികുട്ടിയമ്മ 'ദേകുട്ടി' എന്ന് വിളിച്ചാല്‍ സ്വബോധാവസ്ഥയാണ്. 'ദേവൂ'ന്നാണ് വിളിക്കണതെന്ന് വച്ചാല്‍ സ്വബോധം പോയീന്നും.

ചായ വേണമെന്ന് പറഞ്ഞത് സ്വബോധത്തോടെയായിരുന്നു. അവള്‍ ചായയുമായി വന്നപ്പോഴേയ്ക്കും അത് മറഞ്ഞിരിക്കുന്നു. പാവം ചേച്ചികുട്ടിയമ്മ. കൊച്ചിലെ മരിച്ചുപോയ മോളുടെ പേരായിരുന്നു 'ദേവൂ'. സ്വബോധം ഇല്ലാത്തപ്പോള്‍ദേവകിയെ കണ്ടാല്‍ അത് സ്വന്തം മോള് ദേവൂ ആണെന്നാണ് മനസ്സില്‍.  അപ്പോളാണ് ചേച്ചികുട്ടിയമ്മ ദേവൂ മരിക്കണതിന് മുമ്പുള്ളദേവൂന്റെ അമ്മയായി മാറുന്നത്.

കൊച്ചുകുട്ടി ചായ കുടിക്കുന്നതും നോക്കി ദേവകി അവരുടെ അരികില്‍ ഇരുന്നു. എന്ത് ഭംഗിയാണ് ഈ ചേച്ചികുട്ടിയമ്മയെ കാണാന്‍! ഈ പ്രായത്തില്‍ ഇത്രയും ഭംഗിയാണെങ്കില്‍ പണ്ട് എന്തായിരുന്നേനെ! ആരു കണ്ടാലും മോഹിക്കണ ഒരു സുന്ദരിയായിരുന്നിരിക്കണം.

കൊച്ചുകുട്ടി എല്ലാവരുടേയും ചേച്ചിയമ്മയായിരുന്നു. എപ്പോഴും അതങ്ങനെ തന്നെയായിരുന്നുവെന്ന് തോന്നുന്നു. പക്ഷേ, ദേവകിയ്ക്ക് മാത്രം അവര്‍ ചേച്ചികുട്ടിയമ്മയായിരുന്നു. അതിനൊരു കാരണവുമുണ്ട് ദേവകിയ്ക്ക്.

അമ്മാമ്മ നാണിക്കുട്ടി. അമ്മ അമ്മുക്കുട്ടി. ചിറ്റമ്മ പാറുക്കുട്ടി. അമ്മാവന്മാര് ശങ്കരന്‍കുട്ടി, രാഘവന്‍കുട്ടി. പശുക്കുട്ടി, ആട്ടിന്‍കുട്ടി എന്നൊക്കെ പറയണ പോലെ എല്ലാവരും എത്ര പ്രായമായാലും കുട്ടികള്‍ തന്നെ. അപ്പോള്‍പിന്നെ ദേവകി ബാക്കിയുള്ളവരുടെ ചേച്ചിയമ്മയായ കൊച്ചുകുട്ടിവല്യമ്മയെ തന്റെ മാത്രം ചേച്ചികുട്ടിയമ്മയാക്കി. അതുകൊണ്ടുതന്നെ കൊച്ചുകുട്ടി അവളെ സ്‌നേഹപൂര്‍വ്വം ദേകുട്ടിയെന്നും വിളിച്ചു. ദേവകികുട്ടിയുടെ ചുരുക്കമാണ് ദേകുട്ടി എന്നുള്ളത് മാത്രമായിരുന്നില്ല കാര്യം. ദേവകിയുടെ സംസാരത്തില്‍ എപ്പോഴും ഒരു 'ദേ' കയറിവരും. അതുകൊണ്ടും കൂടിയാണ്.

ചായ കുടിച്ച് കഴിഞ്ഞ് കൊച്ചുകുട്ടി മൊന്ത ദേവകിയുടെ കൈയില്‍ കൊടുത്തു. ''നല്ല ക്ഷീണം, ദേവൂ. അമ്മയൊന്ന് കിടന്നോട്ടെ. പഞ്ചാരവിമാനത്തില്‍ എവിടെയൊക്കെയാ പോയേന്നറിയോ? ഇങ്ങനെ ദൂരയാത്രയ്ക്ക് പോകണ്ടാന്ന് പറഞ്ഞാല്‍ കേള്‍ക്കണ്ടേ?''

''പഞ്ചാരവിമാനത്തിലിന്നെവിടെയാ കറങ്ങീത്?'' ചേച്ചികുട്ടിയമ്മയുടെ മനസ്സിലെ സ്ഥിരം വിനോദമാണ് പഞ്ചാരവിമാനത്തില്‍ യാത്ര പോകുന്നത്. രാമായണത്തിലെ രാവണന്റെ പുഷ്പകവിമാനത്തിന്റെ ബദലായി പഞ്ചാര കൊണ്ടുണ്ടാക്കിയ പഞ്ചാരവിമാനം! മനസ്സ് ഭൂതകാലത്തില്‍ വസിക്കുന്ന സമയമാണ് ഈ പഞ്ചാരവിമാനത്തിലെ യാത്ര. പക്ഷേ, ദിവസവും പോകുന്ന സ്ഥലങ്ങളും കാണുന്ന കാഴ്ചകളുമൊക്കെ മാറിയിട്ടുണ്ടാകും. ഇന്നലെ സരസ്വതീടെ അമ്പലത്തില്‍ വിദ്യാരംഭത്തിനാണ് പോയത്.

''എവിടെയൊക്കെയോ പോയി മോളേ. എനിയ്‌ക്കൊന്നും ഓര്‍മ്മ വരുന്നില്ല. ആനേം പഞ്ചാരിമേളോം ഒക്കെ കണ്ടൂന്നാ തോന്നണത്. ഇന്നിനി യാത്ര വയ്യേ. ഞാനൊന്നുറങ്ങട്ടെ.''

ദേവകി അവരെ കിടക്കാന്‍ സഹായിച്ചു. പുതപ്പ് വലിച്ച് നെഞ്ച് വരെയിട്ടു. കിടന്ന ഉടനെ ചേച്ചികുട്ടിയമ്മ കണ്ണുകളടച്ചു. പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ, ''ദേവൂ, ആ പഞ്ചാരവിമാനത്തിന്റെ കാലുകള് വെള്ളത്തിലിറക്കി വയ്ക്കാന്‍ മറക്കണ്ട. ഉറുമ്പ് കേറി നശിപ്പിച്ച് കളയും. പിന്നെ അങ്ങേരോട് ഞാന്‍ തന്നെ വേണ്ടെ സമാധാനം പറയാന്‍.''

ആരുടെ കൂടെയാണ് ചേച്ചികുട്ടിയമ്മയുടെ യാത്രയെന്ന് ദേവകിയ്ക്കറിയില്ല. ചോദിച്ചാലൊട്ട് പറയുകയുമില്ല. 

''ചേച്ചികുട്ടിയമ്മ പേടിക്കണ്ട. അതൊക്കെ ഞാന്‍ ശരിയാക്കിക്കൊള്ളാം.'' അതും പറഞ്ഞ് ദേവകി അടുക്കളയിലേയ്ക്ക് പോയി.

 

 

(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 
 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'
ഭാഗം മൂന്ന്: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?
ഭാഗം നാല്: സ്ഥാനഭ്രംശം വന്ന ആ രക്ഷസ്സിനെ എങ്ങനെ തളക്കും?
ഭാഗം അഞ്ച്: ആ ബ്രഹ്മരക്ഷസ് എവിടെയാണ് മറഞ്ഞത്?
ഭാഗം ആറ്: അയാള്‍പോക്കറ്റില്‍ നിന്നും ഒരു ചുരുള്‍ കടലാസെടുത്ത് നിവര്‍ത്തി!

 

click me!