Horror Novel : സ്ഥാനഭ്രംശം വന്ന ആ രക്ഷസ്സിനെ എങ്ങനെ തളക്കും?

By Chilla Lit Space  |  First Published Apr 8, 2022, 3:21 PM IST

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 4


കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos

undefined

അസാധാരണമായ ഈ സംഭവങ്ങളെക്കുറിച്ച് അവര്‍ ജ്യോത്‌സനായ പെരിങ്ങോടന്‍ മാഷിനോട് അന്വേഷിക്കുന്നു. തറവാട്ടിലെ സര്‍പ്പക്കാവില്‍ കഴിയുന്ന ബ്രഹ്മരക്ഷസ്സിന് സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ടാകാം കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനു ചില കര്‍മങ്ങളും അദ്ദേഹം വിധിക്കുന്നു. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

 

നാല്

തുലാഭാരം കഴിഞ്ഞ് എല്ലാവരും തറവാട്ടിലെ നാലുകെട്ടില്‍ സമ്മേളിച്ചു. ഒഴിവ് ദിവസമാണ് അഖിലയുടെ തുലാഭാരവഴിപാട് നടത്തിയത്. അതുകൊണ്ട് ഉച്ചയൂണ് മീനാക്ഷിയുടെ വക. വീട്ടുകാര്‍ക്ക് ഒന്നിച്ച് കൂടാനുള്ള ഒരു കാരണവുമായി.

വലിയവരും കുട്ടികളും അവിടവിടെയായി ഇരുന്ന് സംസാരിക്കുയാണ്. 

''അഖിലയ്ക്കിനി നല്ല മധുരമായി പാട്ട് പാടാന്‍ പറ്റുമായിരിക്കും.'' കുട്ടികളുടെയിടയില്‍ അനിലാണ് കളിയാക്കാന്‍ ആരംഭിച്ചത്. ജലജയുടെ ഒറ്റമകനാണ് അനില്‍.

''ഇനി വരാന്‍ പോകുന്നവന്‍ ഒരു പഞ്ചാരകുട്ടനാവാനുള്ള സാദ്ധ്യത തെളിഞ്ഞ് കാണുന്നുണ്ട്.'' ഹിരണും വെറുതെ വിട്ടില്ല.

''ആര് വന്നാലുമില്ലെങ്കിലും എനിയ്‌ക്കൊരു പ്രശ്‌നവുമില്ല. അമ്മ പറഞ്ഞു, ഞാനിരുന്ന് കൊടുത്തു. അത്ര തന്നെ.'' അഖിലയ്ക്കിപ്പോഴും എല്ലാ കളിതന്നെ.

''എന്നാലും ഈ പഞ്ചാരകൊണ്ടുള്ള തുലാഭാരം! ഇതുവരെ കേട്ടിട്ടേയില്ല. നമ്മുടെ അറിവില്‍ ഏറ്റവും പഞ്ചാര മുത്തമ്മാനായിരുന്നു. പുള്ളിയ്ക്ക് പോലും ഇത് ചെയ്തിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്.'' അമലായിരുന്നു അത്.

''എന്തായാലും അടുത്ത് തന്നെ നമുക്കൊരു കല്യാണം കൂടാനുള്ള വകയുണ്ടാകട്ടെ.'' അനില്‍ പറഞ്ഞു.

''ഹേയ്, നിങ്ങളിവിടെയിരിക്കുകയാണോ? നാലുകെട്ടില്‍ മീനാക്ഷിയമ്മായി ഏതോ ബ്രഹ്മരക്ഷസ്സിന്റെ കഥയാണ് പറയുന്നത്. അവിടെ പോയിരുന്ന് അത് കേള്‍ക്കാം.'' വിശാല്‍ തളത്തിലേയ്ക്ക് കയറി വന്നത് ആവേശത്തോടെയായിരുന്നു.

അതോടെ എല്ലാവരും എഴുന്നേറ്റ് വലിയവരിരിക്കുന്ന നാലുകെട്ടിലെത്തി. സോഫയില്‍ സ്ഥലമില്ലാത്തതിനാല്‍ കുട്ടികളെല്ലാം താഴെയിരുന്നു.

''പെരിങ്ങോടന്‍ മാഷ് ബ്രഹ്മരക്ഷസ്സിനെ പറ്റി പറഞ്ഞപ്പോള്‍ എനിക്കത്ര വിശ്വാസം വന്നിരുന്നില്ല. പക്ഷേ, അന്ന് നമ്മള്‍ ഇവിടിരുന്ന് സംസാരിക്കുമ്പോള്‍ രാമുവാണ് വിളിച്ചത്. രാമു പറഞ്ഞത് കേട്ടപ്പോള്‍ വിശ്വസിക്കാതെ വയ്യെന്നായി.'' മീനാക്ഷി നല്ലൊരു സദസ്സിനെ മുന്നില്‍ കിട്ടിയപ്പോള്‍ വാചാലയായി.

''അവന്‍ അത്രയും ദൂരത്ത് നിന്ന് നിന്നെ വിളിച്ച് എന്താണ് പറഞ്ഞത്?'' ജയന്റെ ശബ്ദത്തില്‍ അല്പം ഹാസ്യം കലര്‍ന്നിരുന്നു. അനിയത്തിയെ കളിയാക്കാന്‍ അല്ലെങ്കിലും ജയന് വലിയ താല്പര്യമായിരുന്നു.

മീനാക്ഷി ചേട്ടന് നേരെ കണ്ണ് മിഴിച്ച് നോക്കിയിട്ട് തുടര്‍ന്നു. ''രാമുവിന് ഈയിടെയായി ബിസിനസില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. അതിന് കാരണവും പ്രതിവിധിയുമാരായാന്‍ അവരുടെ വീട്ടില്‍ വച്ച് പ്രശ്‌നംവയ്പ്പിച്ചു. അവരുടെ ജ്യോത്സ്യന്‍ ആദ്യം തന്നെ പറഞ്ഞത് അച്ഛന്റെ തറവാട്ടില്‍ ഒരു ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ടെന്നാണ്. അതും ക്ഷത്രിയാധിക്യമുള്ള രക്ഷസ്സ്. ഇതു തന്നെയാണ് പെരിങ്ങോടന്‍ മാഷ് എന്നോടും പറഞ്ഞത്.'' 

മീനാക്ഷിയുടെ സ്വരം ഇടറി. അവള്‍ ശാലിനിയെ നോക്കി. 

''പത്തെഴുപത് കീലോമീറ്റര്‍ ദൂരെയുള്ള ഒരു വീട്ടിലിരുന്ന് ഇവിടത്തെ കാര്യങ്ങള്‍ അതേപോലെ പറയണമെങ്കില്‍ അതിലെന്തെങ്കിലും സത്യമില്ലാതിരിക്കില്ലല്ലോ? അവിടത്തെ ജ്യോത്സ്യന് വടക്കേടത്ത് തറവാട്ടിലെ ബ്രഹ്മരക്ഷസ്സിന്റെ സാമീപ്യം കിട്ടണമെങ്കില്‍ അതില്‍ കഴമ്പില്ലാതെ വരില്ല.'' ശാലിനിയുടെശബ്ദം ദൃഢമായിരുന്നു.

''എന്റെ ഭാര്യ പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീലില്ല. ഞാന്‍ കീഴടങ്ങി.'' ഉണ്ണി ശാലിനിയെ കളിയാക്കിപറഞ്ഞു. പൊതുവേ ഈ വക അനുഷ്ഠാനങ്ങളില്‍ വലിയ വിശ്വാസമില്ലായിരുന്നു അയാള്‍ക്ക്.

''എന്തായാലും മാഷ് പറഞ്ഞ പ്രതിവിധികര്‍മ്മങ്ങളെല്ലാം നടത്തിയില്ലേ. ഇനി എല്ലാം ശുഭമായി തീരുമെന്ന് വിശ്വസിക്കാം.'' ജലജയും മീനാക്ഷിയുടെ സഹായത്തിനെത്തി.

''പോരാ. ഒന്നുകൂടി സര്‍പ്പത്തിന് നൂറും പാലും കൊടുക്കണം. ആയില്യം നാള് നോക്കി അത് ഏര്‍പ്പാട് ചെയ്‌തേക്കാം.'' മീനാക്ഷി പറഞ്ഞു.

''അതായിക്കോട്ടെ. അന്നത്തെ ദിവസമുള്ളവരെല്ലാം കൂടി തൊഴുതാല്‍ മതിയല്ലോ. ജോലിയുള്ള ദിവസമാണെങ്കില്‍ എല്ലാവര്‍ക്കും എത്താന്‍ കഴിഞ്ഞെന്ന് വരില്ല.'' ജലജയ്ക്ക് ജോലി വിട്ടൊരു കാര്യവുമില്ലായിരുന്നു.

''മാഷ് പറഞ്ഞ ഒരു കാര്യമാണ് എനിയ്ക്കിപ്പോഴും മനസ്സിലാകാത്തത്. അടങ്ങിയൊതുങ്ങിയിരുന്നിരുന്ന ബ്രഹ്മരക്ഷസ്സിന് എങ്ങനെയോ സ്ഥാനഭ്രംശം വന്നതാണത്രെ അതിന്റെ ഇപ്പോഴത്തെ കളികള്‍ക്ക് കാരണം. അതെങ്ങനെ സംഭവിച്ചതാണാവോ?'' മീനാക്ഷി തന്റെ വിഷമം മുഴുവന്‍ മാറിയിട്ടില്ലെന്ന് വെളിപ്പെടുത്തി.

''ആരെങ്കിലും സര്‍പ്പക്കാവിന്റെ നേരെ നോക്കി എന്തെങ്കിലും അറിയാതെ ജപിക്കുകയോ മറ്റോ ചെയ്തതായിരിക്കും. അതോ ഇനി മൂന്ന് മാസം മുന്‍പ് വന്ന ആ ലോക്കല്‍ ജ്യോത്സ്യന്‍ കവടി വച്ചതില്‍ വല്ല പോരായ്മയും ഉണ്ടായിരുന്നോ?'' അത് വരെ മിണ്ടാതിരുന്നിരുന്ന മീനാക്ഷിയുടെ ഭര്‍ത്താവ് ശരത്താണത് പറഞ്ഞത്. 

ജ്യോത്സ്യന്റെ കവടിയെന്ന് കേട്ടപ്പോള്‍ കാര്‍ത്തിക മുന്നിലിരുന്നിരുന്ന വിശാലിനെ തോണ്ടി. വിശാല്‍ തിരിഞ്ഞ് അവളെ നോക്കി. പുറകിലിരുന്നിരുന്ന എല്ലാ കുട്ടികളും വിശാലിനെ നോക്കുകയായിരുന്നു.


അടുത്ത ഭാഗം നാളെ 

(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 
 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'
ഭാഗം മൂന്ന്: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?

click me!