സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവല്‍ അവസാനിക്കുന്നു
കഥ ഇതുവരെ
അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. തുടര്‍ന്ന്, ജ്യോത്‌സനായ പൊതുവാള്‍ മാഷ് തറവാട്ടിലൊരു ബ്രഹ്മരക്ഷസിന്റെ സാന്നിധ്യം കണ്ടെത്തുന്നു. ചില ക്രിയകളും അദ്ദേഹം വിധിക്കുന്നു. തുടര്‍ന്ന് കുടുംബത്തിലെ അംഗമായ സഞ്ജയ് ബ്രഹ്മരക്ഷസിനെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നു. താന്‍ കണ്ടെത്തിയ കുടുംബചരിത്രത്തിലെ നിര്‍ണായകമായ ഒരേട് സഞ്ജയ് നിവര്‍ത്തുന്നു.
undefined
തുടര്‍ന്ന് വായിക്കുക
പിറ്റേന്ന് അമ്മുക്കുട്ടി എത്തുന്നത് വരെ കുട്ടികള്‍ക്കും അടുക്കളയില്‍ നല്ല ജോലിയായിരുന്നു. ലീലയും ഇന്ദിരയും ദേവകിയും ചേച്ചിയമ്മയുടെ അടുത്തിരുന്ന് കഥകള്‍ കേള്‍ക്കാന്‍ ഉത്സുകരായിരുന്നെങ്കിലും അവര്‍ക്ക് നിന്നുതിരിയാന്‍ പോലും സമയം കിട്ടാത്ത നിലയായിരുന്നു.
അതുമാത്രമല്ല, അന്ന് കൊച്ചുകുട്ടി വര്‍ത്തമാനകാലത്തിലേയ്ക്ക് വരുന്നതേയുണ്ടായിരുന്നില്ല. കൂടുതല്‍ സമയവും ദേവൂനെ വിളിച്ചുകൊണ്ടിരുന്നു. അവര്‍ എന്തുകൊണ്ടോ ഭൂതത്തില്‍ നിന്നും പുറത്തു വരാന്‍ മടിച്ചു. ഇടവേളകള്‍ തമ്മിലുള്ള ദൈര്‍ഘ്യം നീളുകയായിരുന്നു. വൈദ്യര് സംശയിച്ച പോലെ സ്വബോധത്തിലേയ്ക്കുള്ള മുന്നേറ്റത്തിലേറെ പിന്നോട്ടുള്ള ഉള്‍വിളിയ്ക്കായി ബലം.
സന്ധ്യയ്ക്ക് മുന്നെ അമ്മുക്കുട്ടി കിന്നരങ്കാവില്‍ നിന്നും തിരിച്ചെത്തി. കുട്ടികള്‍ക്കെല്ലാം അച്ഛന്‍ കൊടുത്തുവിട്ട ഉടുപ്പുകളും പലഹാരങ്ങളുമായിട്ടാണ് അമ്മു വന്നത്. അമ്മ വീടിന്റെ ഭരണം തിരിച്ചെടുത്തതോടെ പെണ്‍കുട്ടികള്‍ മൂന്നാള്‍ക്കും കുറച്ച് സാവകാശം കിട്ടി.
പലഹാരം ചേച്ചിയമ്മയ്ക്ക് കൊടുക്കാനായി ലീല വടക്കേചായ്പിലെത്തി. ലീലയുടെ പുറകെ ഇന്ദിരയും ദേവകിയും. ഇന്നലെ പറഞ്ഞ് നിര്‍ത്തിവച്ച കഥകളുടെ ബാക്കി കൂടി കേള്‍ക്കാനായിരുന്നു അവര്‍ക്ക് ഉത്സാഹം. പെണ്‍കുട്ടികളാവുമ്പോള്‍ ഇങ്ങനെയുള്ള കഥകളിലുള്ള താല്പര്യം സ്വതവേ കൂടും. രാവിലെ മുതല്‍ ചേച്ചിയമ്മ ദേവൂനെവിളിക്കുന്നത് കേട്ട് വിഷമിച്ചിരിക്കുകയായിരുന്നു, അവര്‍.
ലീല ചേച്ചിയമ്മയെ എഴുന്നേല്പിച്ചിരുത്തി. ''ചേച്ചിയമ്മേ, ദാ അമ്മ വന്നപ്പോള്‍ കൊണ്ടുവന്നതാണ്. ലഡ്ഡുവും മുറുക്കും. കഴിച്ച് നോക്കു.''
കൊച്ചുകുട്ടി തനിയ്ക്ക് വേണ്ടെന്ന അര്‍ത്ഥത്തില്‍ കൈ കാണിച്ചു. ''അന്നും ഇതൊക്കെ തന്നെയാണ് കിന്നരങ്കാവില്‍ നിന്ന് കൊടുത്തുവിട്ടത്. ഞാനറിയാതെ നിശ്ചയിച്ച എന്റെ കല്യാണത്തിന് ബാക്കിയുള്ളവര്‍ക്ക് സന്തോഷിക്കാന്‍. വേണ്ട കുട്ടി. ഈ പലഹാരം എന്റെ തൊണ്ടയില്‍ കുടുങ്ങുകയേയുള്ളു. നിങ്ങളൊക്കെ കഴിച്ചാല്‍ മതി.''
അതുകേട്ട് ലീലയ്ക്ക് വിഷമമായെങ്കിലും ഉള്ളുകൊണ്ട് സമാധാനിയ്ക്കുകയാണ് ചെയ്തത്. ചേച്ചിയമ്മ നല്ല മനോനിലയിലാണ്. സ്വന്തം കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുള്ള അവസ്ഥയിലാകുമ്പോള്‍ അവരോട് പഴയ സംഭവങ്ങള്‍ പറയുകയുമാവാം.
''പണ്ട്, എന്നു വച്ചാല്‍ പണ്ട് പണ്ട് കിന്നരന്മാരും ഗന്ധര്‍വ്വന്മാരും താമസമുറപ്പിച്ചിരുന്ന സ്ഥലമാണ് കിന്നരങ്കാവ്.'' കൊച്ചുകുട്ടിയൊന്ന് നിവര്‍ന്നിരുന്നു. മൂന്ന് പേരുടേയും മുഖത്തേയ്ക്ക് നോക്കി. കുട്ടികള്‍ കഥ കേള്‍ക്കാന്‍ തെയ്യാറാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ തുടര്‍ന്നു. ''ആ കാവിനോട് ചേര്‍ന്നാണ് ആ മന കെട്ടിപ്പടുത്തത്. അന്നൊക്കെ അവിടം മുഴുവനും കാടായിരുന്നു എന്ന് വേണം കരുതാന്‍. എവിടന്നോ ആ കാവില്‍ എത്തിപ്പെട്ട ഒരു സ്ത്രീയ്ക്ക് അവിടത്തെ ഒരു ഗന്ധര്‍വ്വനില്‍ ഉണ്ടായ പുത്രനാണ് ആ മനയ്ക്കലെ മൂത്ത സന്തതിയെന്ന് പറയപ്പെടുന്നു. ഗന്ധര്‍വ്വന്മാര്‍ക്ക് നിഷിദ്ധമായത് ചെയ്തതുകൊണ്ട് ആ കാവിലെ ഗന്ധര്‍വ്വന്മാരെയെല്ലാം അവിടെ നിന്നും ആട്ടിപ്പുറത്താക്കി, കിന്നരന്മാര്‍ അത് മുഴുവനായും കൈയടക്കി. അങ്ങനെയത് കിന്നരങ്കാവ് മാത്രമായി തീര്‍ന്നു.''
കൊച്ചുകുട്ടി കഥ നിര്‍ത്തി. ''ചേച്ചിയമ്മയെങ്ങനെയാ ഈ കഥകളൊക്കെ അറിഞ്ഞത്?'' ദേവകി ഉടനെ മനസ്സില്‍ വന്ന സംശയം ചോദിച്ചു.
''എന്നെ കെട്ടിക്കൊണ്ട് പോയത് അങ്ങോട്ടല്ലേ. കോവിലകത്തെത്തേണ്ട ഞാന്‍ കിന്നരങ്കാവ് മനയ്ക്കല്‍ എത്തിപ്പെട്ടു. നിങ്ങടെ മുത്തച്ഛന്റെ മുത്തശ്ശി അന്ന് ജീവിച്ചിരിപ്പുണ്ട്. നല്ല ഭംഗിയുള്ള വെളുവെളാന്നുള്ള ഒരു സുന്ദരിക്കുട്ടി. തലമുടിയും ഒരു കറുത്തനാരുപോലുമില്ലാതെ വെളുപ്പായിരുന്നു. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. മുത്തശ്ശിയ്ക്ക് വയസ്സായതോണ്ട് അവിടെയാരും അവരുടെ വര്‍ത്തമാനം കേള്‍ക്കാനിരുന്നു കൊടുക്കാറില്ല. എനിയ്ക്കാണെങ്കില്‍ മുത്തശ്ശിയോടും മുത്തശ്ശി പറയുന്ന കഥകളോടും വല്യ ഇഷ്ടായിരുന്നു.''
''ഗന്ധര്‍വ്വന്റെ മക്കള്‍ക്ക് കിന്നരന്മാരോടൊത്തുള്ള സഹവാസം കാരണം കുറേയൊക്കെ കിന്നരന്മാരുടെ സ്വഭാവം കിട്ടിയിട്ടുണ്ടാകണം. അതായിരിക്കും ആ കൊച്ചച്ഛന് ചേച്ചിയമ്മയോട് കിന്നരിക്കാന്‍ വല്ലാത്ത ആശയുണ്ടായത്.'' ഇന്ദിര ദേഷ്യവും ഹാസ്യവും ചേര്‍ത്ത് പല്ല് കടിച്ചാണത്രയും പറഞ്ഞത്.
''സാരമില്ല കുട്ട്യോളേ. നടന്നത് നടന്നു. അതീപ്പിന്നെ ഇവിടത്തെ പെണ്‍കുട്ടികളെയാരേയും കിന്നരങ്കാവില്‍ പോകാന്‍ അമ്മ സമ്മതിക്കാറേയില്ല. വേറേയും കിന്നരന്മാര്‍ ഉണ്ടാകുമല്ലോ അവിടെയെന്ന് കരുതി. നന്നായി. ചേച്ചിയമ്മേടെ ഗതി മറ്റാര്‍ക്കുമുണ്ടായില്ലല്ലോ.'' കൊച്ചുകുട്ടിയില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.
അപ്പോഴേയ്ക്കും അമ്മുക്കുട്ടി കുട്ടികളെ വിളിക്കുന്ന ശബ്ദമുയര്‍ന്നു കേട്ടു. കൈയും കാലും കഴുകി നാമം ജപിക്കാനുള്ള മുന്നറിയിപ്പ്. മൂന്നാളും ചേച്ചിയമ്മയെ വിട്ടിട്ട് മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി.
കൊച്ചുകുട്ടി തന്റെ ചിന്തകളുമായി കിടക്കയില്‍ ഇരുന്നു. സ്‌നേഹമുള്ളവനായിരുന്നു പരമേശ്വരന്‍ നമ്പൂതിരിപ്പാട്. പറഞ്ഞിട്ടെന്താ കാര്യം? ഇഷ്ടം കൂടിയതോണ്ട് മാത്രം കുടുംബം നടത്താന്‍ കഴിയില്ലല്ലോ. ആദ്യത്തെ പ്രസവം നടക്കുമ്പോള്‍ വയറ്റാട്ടി പറഞ്ഞത് ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. രക്തബന്ധം കൂട്ടിക്കുഴച്ചാല്‍ നന്നല്ല. രക്തദൂഷ്യം. അന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും ആ കൊച്ചും പിന്നീട് പ്രസവിച്ചമൂന്ന്‌കൊച്ചുങ്ങളും കൊല്ലം തികയുന്നതിന് മുന്നെ പോയപ്പോള്‍ അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം തെളിഞ്ഞു. വൈകി വന്ന വകതിരിവുകൊണ്ടെന്ത് ഫലം?
എങ്കിലും ദേവൂവെങ്കിലും കൂടെയുണ്ടാകുമെന്ന് കരുതി. എത്ര മിടുക്കിയായിരുന്നവള്‍! പക്ഷേ, കിന്നരങ്കാവിലെ മുത്തശ്ശിയുടെ ചിന്തകളിലെ ഗന്ധര്‍വ്വന്മാരുടെ ശാപം. അത് വിട്ടുമാറുകയില്ല.
ദേവൂനെ പറ്റിയുള്ള ഓര്‍മ്മകള്‍ ചേക്കേറിയതോടെ കൊച്ചുകുട്ടിയുടെ തലയ്ക്കകത്തെ കനം കൂടാന്‍ ആരംഭിച്ചു. തലയല്ല കറങ്ങുന്നത്. തലയ്ക്കകത്തുള്ളതെല്ലാം അതിനകത്ത് കിടന്ന് വട്ടം കറങ്ങുന്നതായിട്ടാണ് അനുഭവപ്പെടുക. അതിങ്ങനെ വട്ടപ്പാലം ചുറ്റി മനസ്സിനെ പുറകോട്ടെടുത്ത് ജീവിതത്തിന്റെ പഴയ ഏതോ ഒരു സമയകോണില്‍ നിക്ഷേപിക്കുന്നു.
കൊച്ചുകുട്ടി കിടക്കയിലേയ്ക്ക് ചാഞ്ഞു.
#
ദിവസങ്ങള്‍ പോകുന്തോറും കൊച്ചുകുട്ടിയുടെ സ്പന്ദനങ്ങളുടെ ഇടവേളകള്‍ തമ്മിലുള്ള ഇടവേളകളുടെ ദൈര്‍ഘ്യം അകാരണമായി ആപത്കരമായി. നാണപ്പന്‍ വൈദ്യന്‍ കൈയൊഴിഞ്ഞ മട്ടായി.
ലീലയ്ക്ക് ഒന്ന് വ്യക്തമായി. അതവള്‍ തന്റെ രണ്ട് അനുജത്തിമാരോടും പറയുകയും ചെയ്തു. മനസ്സില്‍ അവരോട് പറയാന്‍ വച്ചിരുന്നതെല്ലാം പറഞ്ഞ് തീര്‍ത്തെന്ന ബോധ്യം വന്നതുകൊണ്ടായിരിക്കണം ചേച്ചിയമ്മ സമനില വീണ്ടെടുക്കാന്‍ സ്വയം പ്രയത്‌നിക്കാത്തത്. ഇനി അതിന്റെ ഒരാവശ്യം അവര്‍ക്ക് തോന്നുന്നുണ്ടാവില്ല. ഇനിയിപ്പോള്‍ നമുക്ക് അരുതാത്തതാണെന്ന് തോന്നുന്നുണ്ടെങ്കിലും അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും.
നാളുകള്‍ നീങ്ങി. ചേച്ചിയമ്മയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
അന്നൊരു ദിവസം രാത്രി വടക്കേ ചായ്പില്‍ നിന്നും എന്തോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് അമ്മുക്കുട്ടിയും ലീലയും എഴുന്നേറ്റ് ചെന്ന് നോക്കുമ്പോള്‍ ചേച്ചിയമ്മ തട്ടിന്‍പുറത്തേയ്ക്കുള്ള കോണിയുടെ താഴെ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. മുഖത്ത് വെള്ളം തളിച്ചതോടെ ബോധം വന്നു. പിന്നീട് കിടക്കയില്‍ പിടിച്ച് കിടത്തി. താമസിയാതെ ചേച്ചിയമ്മ ഉറങ്ങുകയും ചെയ്തു.
പക്ഷേ, പിറ്റേന്ന് മുതല്‍ വയറിളക്കവും ഛര്‍ദ്ദിയുമായി ചേച്ചിയമ്മ വല്ലാതെ കഷ്ടപ്പെട്ടു. വൈദ്യര് വന്ന് നോക്കിയിട്ട് പറഞ്ഞത് വയറിന് പറ്റാത്തതെന്തോ കഴിച്ചിട്ടാണെന്നാണ്. അതിനുള്ള മരുന്നും കൊടുത്തു. സാധാരണ കഴിക്കുന്നതല്ലാതെ മറ്റൊന്നും കഴിച്ചതായി ആര്‍ക്കും നിശ്ചയമില്ലായിരുന്നു.
ആ അസുഖത്തോടെ ചേച്ചിയമ്മയുടെ സ്ഥിതി വല്ലാതെ മോശമാവുകയായിരുന്നു.
ഒടുവില്‍ ഒരു നാള്‍ ഉച്ചയ്ക്ക് ചേച്ചിയമ്മ നിര്‍ബ്ബന്ധിച്ച് നാലുകെട്ടില്‍ വന്ന് അമ്മുവിന്റെ മടിയില്‍ കിടക്കണമെന്ന് പറഞ്ഞു. അങ്ങനെ കിടക്കുന്നതിനിടയില്‍ ഇടയ്‌ക്കൊന്ന് തട്ടിന്‍പുറത്തേയ്ക്ക് കണ്ണുകള്‍ പായിക്കുന്നത് കണ്ടു. പിന്നെ അമ്മുവിനോട് വളരെ മൃദുവായി സംസാരിച്ചു.
''എല്ലാ മനുഷ്യരും തമ്മില്‍ രക്തബന്ധമുണ്ട്. പക്ഷേ, ഒരേ രക്തം ഒരിക്കലും കൂട്ടിക്കുഴക്കാന്‍ സമ്മതിക്കരുത്. രക്തദൂഷ്യം ആര് വിചാരിച്ചാലും മാറ്റാന്‍ സാധിക്കില്ല.''
അതേസമയം വടക്കേചായ്പില്‍ നിന്നും വന്ന ദേവകി ലീലയോട് സ്വകാര്യം പറഞ്ഞു, ''ഞാന്‍ തട്ടിന്‍പുറത്ത് പോയിരുന്നു. ആ സഞ്ചി താഴെ കിടപ്പുണ്ട്. പക്ഷേ, അതിനകത്ത് ലക്കോട്ട് കാണാനില്ല.''
അതിനിടയില്‍ ഇടവേളകളിലെ സ്പന്ദനം എന്നന്നേയ്ക്കുമായി നിലച്ചിരുന്നു.
#
''അങ്ങനെ ചേച്ചിയമ്മയെ മോഹിച്ച തമ്പുരാന്‍, പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ അതിമോഹത്തിന് മുന്നില്‍ പരാജയപ്പെട്ട പ്രണയവുമായി കുറേ നാള്‍ അലഞ്ഞുതിരിഞ്ഞു എന്നാണ് അനുമാനിക്കേണ്ടത്.'' വടക്കേടത്ത് തറവാട്ടിലെ നാലുകെട്ടില്‍ കൂടിയിരിക്കുന്നവരോട് സഞ്ജയ് തന്റെ കഥ പറഞ്ഞവസാനിപ്പിച്ചു.
''തമ്പുരാന്റെ അന്ത്യം എങ്ങനെയായിരുന്നു എന്ന് അറിയാന്‍ സാധിച്ചില്ലേ?'' മീനാക്ഷിയാണ് അത് ചോദിച്ചത്. പൊതുവേ നിര്‍മ്മലസ്വഭാവക്കാരിയായ മീനാക്ഷിയുടെ സ്വരം പതറിയിരുന്നു.
''നമ്മുടെ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് തമ്പുരാനെ പറ്റി വലിയ വിവരമൊന്നുമില്ല. ഞാനാ കോവിലകത്തിനടുത്തുള്ള ചിലരോടും തമ്പുരാന്റെ തന്നെ കുടുംബത്തില്‍ പെട്ട ചിലരോടുമായി തിരക്കി. കുറേ നാള്‍ അദ്ദേഹം വിവാഹം വേണ്ടെന്ന് പറഞ്ഞ് അലസനായി നടന്നു. പിന്നീട് വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തെക്കുന്ന് ഏതോ രാജകുടുംബത്തിലെ കുട്ടിയുമായി വിവഹം ഉറപ്പിച്ചിരുന്നു എന്ന് തോന്നുന്നു.'' സഞ്ജയ് തനിയ്ക്ക് കിട്ടിയ വിവരം പങ്കുവച്ചു.
''അത് കഴിഞ്ഞ് അദ്ദേഹത്തിന് എന്ത് സംഭവിച്ചു?'' ശാലിനിയ്ക്ക് ആകാംക്ഷ ഏറിയതേയുള്ളു.
''വിവാഹത്തിന് മുന്നെയോ അതോ വിവാഹം കഴിഞ്ഞ് അധികം താമസിയാതേയോ തമ്പുരാന്‍ തീപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പലരും പലവിധമാണ് അതിനെ പറ്റി സംസാരിച്ചത്.'' സഞ്ജയ് ശാലിനിയെ നോക്കി കൈ മലര്‍ത്തി.
''തമ്പുരാന്‍ തീയില്‍ പെടാന്‍ മാത്രം എന്താണ് ചെയ്തിട്ടുണ്ടാവുക?'' സഞ്ജയിന്റെ മകന്‍ വിശാലാണ് ആ സംശയം ഉന്നയിച്ചത്.
''എടാ, പൊട്ടാ, തമ്പുരാന്‍ തീപ്പെട്ടു എന്ന് പറഞ്ഞാല്‍ അദ്ദേഹം മരണപ്പെട്ടു എന്നാണ് അര്‍ത്ഥം.'' ഉണ്ണി വിശാലിന്റെ തലയ്ക്ക് ഒരു ഞോണ്ട് കൊടുത്തുകൊണ്ട് വിവരിച്ചു.
അതെല്ലാവര്‍ക്കും തല്കാലം ചിരിക്കാനുള്ള ഒരു അവസരമുണ്ടാക്കി. ചേച്ചിയമ്മയുടെ കഥ കേട്ട് വ്യാകുലരായ സ്ത്രീകള്‍ക്ക് ഒരാശ്വാസമായി.
''എനിയ്‌ക്കൊരു സംശയം... ആ ലക്കോട്ടും ഫോട്ടോയും എവിടെ പോയിട്ടുണ്ടാകും?'' ഹിരണ്‍ സഞ്ജയിന്റെ മുഖത്തേയ്ക്ക് നോക്കി.
''വയറിന് പിടിക്കാത്ത എന്തോ ചേച്ചിയമ്മ കഴിച്ചിരിക്കുന്നുവെന്ന് വൈദ്യരമ്മാവന്‍ പറഞ്ഞില്ലേ. അതന്നെ.'' സഞ്ജയ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
''എന്നാലും നമ്മളെ കുഴക്കുന്ന ഈ ബ്രഹ്മരക്ഷസ്സ് ആരായിരിക്കും?'' ജലജ സഞ്ജയിനെ നോക്കി ചോദിച്ചു.
''തമ്പുരാന്റെ മരണം ആത്മഹത്യയായിരുന്നോ അതോ അസുഖം ബാധിച്ചിട്ടായിരുന്നോ എന്നൊന്നും തീര്‍ച്ചയില്ലാത്ത ഒരവസ്ഥയായിരുന്നു എന്നാണ് അവരുടെയെല്ലാം സംസാരത്തില്‍ നിന്നും മനസ്സിലായത്. പക്ഷേ, ഒരു കാര്യം സമ്മതിക്കാതെ വയ്യ...'' സഞ്ജയ് സംസാരം നിര്‍ത്തി എല്ലാവരുടേയും മുഖത്തേയ്ക്ക് നോക്കി.
''പ്രേമരോഗം പിടിപെട്ട് പ്രണയവിരഹത്താല്‍ സ്വയം അസുഖങ്ങള്‍ വരുത്തിവച്ച് മരണത്തിന് അടിപ്പെട്ടാല്‍ അത് ആത്മഹത്യയ്ക്ക് തുല്യം!'' സന്ദീപിന്റെ ഭാര്യ മേഘയാണ് വളരെ ഉറപ്പിച്ച് ആ പ്രസ്താവന നടത്തിയത്. നിരാശാകാമുകന്മാരോടുള്ള പുച്ഛം അവളുടെ സ്വരത്തില്‍ പ്രതിഫലിച്ചിരുന്നു.
സന്ദീപ് അത്ഭുതത്തോടെ തന്റെ ഭാര്യയുടെ നേര്‍ക്ക് തിരിഞ്ഞു. സംസാരത്തിലെ കാര്‍ക്കശ്യം അവസരോചിതമല്ലായിരുന്നെങ്കിലും ആ പ്രസ്താവന കാര്യമാത്രപ്രസക്തമാണെന്ന് എല്ലാവരുടെ മനസ്സിലും തോന്നിയിട്ടുണ്ടാകണം. ആരും അതിനാല്‍ പ്രതികരിച്ചതേയില്ല.
''മേഘ പറഞ്ഞത് ശരിയാണ്.'' സഞ്ജയ് പറഞ്ഞു. ''എന്തായാലും തമ്പുരാന്‍ മരണത്തിലേയ്ക്ക് സ്വയം നടന്നെത്തുകയായിരുന്നു എന്നു വേണം കരുതാന്‍. പ്രായം എത്താതെ മരിച്ചതിനാല്‍ അതൊരു അകാലമരണമായി വേണം കണക്കാക്കാന്‍.''
''അപ്പോള്‍പിന്നെ പെരിങ്ങോടന്‍ മാഷ് പറഞ്ഞ ബ്രഹ്മരക്ഷസ്സ് അതുതന്നെ. ക്ഷത്രിയകുലജാതനായ രക്ഷസ്സ്.'' മീനാക്ഷി ഒരു ദീര്‍ഘനിശ്വാസത്തിനിടയില്‍ പറഞ്ഞൊപ്പിച്ചു. ''പഞ്ചസാരതുലാഭാരത്തിന്റെ പൊരുളും ഇപ്പോള്‍ മനസ്സിലായി. പെരിങ്ങോടന്‍ മാഷിനെ സമ്മതിച്ചിരിക്കുന്നു.''
''ഇനിയിപ്പോള്‍ തമ്പുരാന്‍ ചേച്ചിയമ്മയെ അന്വേഷിച്ച് വരാതിരിക്കാന്‍ എന്താണ് നമ്മള്‍ ചെയ്യേണ്ടത്?'' ശാലിനിയ്ക്കായിരുന്നു ആ സംശയം.
''ഞാന്‍ ഇതിനിടയില്‍ നന്ദന്‍സ്വാമിയെ സര്‍പ്പക്കാവില്‍ വരുത്തിയിരുന്നു. അദ്ദേഹത്തിന് ബ്രഹ്മരക്ഷസ്സിന്റെ ബിംബം കണ്ടെടുക്കാന്‍ സാധിച്ചു. അവിടെ കുനിയനുറുമ്പ് മാളം ഉണ്ടാക്കിയപ്പോള്‍ അതിനകത്തേയ്ക്ക് ഇറങ്ങിപോയതാണ് അത്. അതെല്ലാം മണ്ണിട്ട് മൂടി ബിംബം പുന:സ്ഥാപിച്ചിട്ടുണ്ട്.'' മീനാക്ഷിയുടെ വിവരണം ബാക്കിയെല്ലാവരുടേയും മനസ്സ് കുളിര്‍ക്കാന്‍ കാരണമാക്കി.
''ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നുറപ്പാക്കാന്‍ എന്താണ് ചെയ്യേണ്ടത്?'' രാധയാണ് അത് ചോദിച്ചത്.
''ഒന്നുകൂടി ജ്യോത്സ്യനെ കാണാന്‍ പോകുക.'' മേഘ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോള്‍ മീനാക്ഷിയുടെ മൊബൈല്‍ ശബ്ദിച്ചു. മീനാക്ഷി അതെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കിയിട്ട് സ്പീക്കര്‍ഫോണിലിട്ടു.
''മീനാക്ഷി, ഇത് ഞാനാണ്. അഖിലയുടെ ജാതകം എന്റെ മോന്റെ ജാതകവുമായി അസ്സല്‍ പൊരുത്തം. എന്നാല്‍പിന്നെ തിയതി നിശ്ചയിക്കാലോ അല്ലേ?''
മീനാക്ഷിയുടെ മുഖം പ്രസന്നമായി. ''പിന്നെന്താ, സന്തോഷമേയുള്ളു.''
മീനാക്ഷി ചുറ്റിനും കൂടിയിരുന്നവരെ നോക്കി. ''അമ്മയുടെ ആഗ്രഹം പോലെ ഒരു പാട്ടുകാരനെയാണ് അവള്‍ക്ക് വേണ്ടി നിശ്ചയിച്ചു വച്ചിരുന്നത്.''
എല്ലാവരും ഒന്നിച്ച് അഭിനന്ദനങ്ങള്‍ ചൊരിയുമ്പോള്‍ അഖിലയുടെ മുഖം സന്തോഷത്താല്‍ ചുവന്നു.
കണിയാന്റെ പലകയില്‍ ഓജോ ബോര്‍ഡ് കളിച്ച കുട്ടികളെല്ലാം മനസ്സ് തുറന്ന് ഒരോ ദീര്‍ഘനിശ്വാസം വിട്ട് കാണണം!
(അവസാനിച്ചു)