Horror Novel : തമ്പുരാനുമായുള്ള വിവാഹം പിന്നെയെന്താണ് നടക്കാതെ പോയത്?

By Chilla Lit SpaceFirst Published Apr 15, 2022, 4:27 PM IST
Highlights

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 10

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. തുടര്‍ന്ന്, ജ്യോത്‌സനായ പൊതുവാള്‍ മാഷ് തറവാട്ടിലൊരു ബ്രഹ്മരക്ഷസിന്റെ സാന്നിധ്യം കണ്ടെത്തുന്നു. ചില ക്രിയകളും അദ്ദേഹം വിധിക്കുന്നു. തുടര്‍ന്ന് കുടുംബത്തിലെ അംഗമായ സഞ്ജയ് ബ്രഹ്മരക്ഷസിനെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നു. താന്‍ കണ്ടെത്തിയ കുടുംബചരിത്രത്തിലെ നിര്‍ണായകമായ ഒരേട് സഞ്ജയ് നിവര്‍ത്തുന്നു. 

Latest Videos

തുടര്‍ന്ന് വായിക്കുക

 


പത്ത് 

ഉണരുമ്പോള്‍ നല്ലവണ്ണം വിശക്കുന്നുണ്ടായിരുന്നു. സമയം എത്രയാണെന്നോ തിയതി എന്താണെന്നോ അറിയില്ല. അല്ല, അതെല്ലാം ഇപ്പോള്‍ അറിഞ്ഞിട്ടെന്താ വിശേഷം? ചുറ്റിനും നിശ്ശബ്ദത. എല്ലാവരും ഉറങ്ങിയോ ആവോ? അപ്പോഴാണ് കാല്‍പെരുമാറ്റം കേട്ടത്. അടുത്തല്ല. കുറച്ച് ദൂരത്ത് നിന്ന് വരുന്നപോലെ. കാതോര്‍ത്തു. തട്ടിന്‍പുറത്ത് നിന്നാണ്. ഒരു ജോടി പാദങ്ങളുടെ നിസ്വനമല്ല. രണ്ടോ അതിലധികമോ ഉണ്ട്. ആരാണ് ഈ അസമയത്ത് തട്ടിന്‍പുറത്ത്? അസമയമാണോ എന്ന് എങ്ങനെയറിയാനാണ്? 

കൊച്ചുകുട്ടി കട്ടിലില്‍ എഴുന്നേറ്റിരുന്നു. ഓവുമുറിയിലെ വടക്കോട്ടുള്ള ജനല്‍ തുറന്നാണ് കിടക്കുന്നത്. പുറത്ത് വെളിച്ചമുണ്ട്. രാത്രിയല്ല, പകല്‍ തന്നെ. തട്ടിന്‍പുറത്തെ കാല്‍പെരുമാറ്റം നീങ്ങി കോണിപ്പടിയിലെത്തി. ദാ, ഇറങ്ങി വരുന്നു. മൂന്നാളുമുണ്ടല്ലോ. കാലത്ത് കഥ കേള്‍ക്കാന്‍ ഇരുന്നിരുന്ന ലീലയും ഇന്ദിരയും ദേകുട്ടിയും. എന്തായിരുന്നു ആവോ മൂന്നാളുടേയും യജ്ഞം?

''ഞങ്ങള്‍ അവിടെ മുഴുവനും തപ്പി. ഒന്നും കിട്ടിയില്ലല്ലോ.'' ദേവകി കൊച്ചുകുട്ടിയുടെ അടുത്ത് ആവലാതിയുമായിവന്നിരുന്നു. ലീലയും ഇന്ദിരയും കൂടെയിരുന്നു. ''ഈ ചേച്ചികുട്ടിയമ്മയുടെ ഒരു കാര്യം. ഒന്നും മുഴുവനും പറയില്ല.''

''ചുമ്മാ ഞങ്ങളെ ആകാംക്ഷയുടെ, എന്താ പറയാ, ആഹ് ... മുള്‍മുനയില്‍ നിര്‍ത്താന്‍!'' ഇന്ദിര ഏതോ നാടകത്തിലെ സംഭാഷണം പറയുന്നപോലെ അഭിനയിച്ചാണ് സംസാരിച്ചത്.

''എന്താണ് ചന്ദ്രന്റെ പുതിയ നാടകത്തിലെ രംഗമാണോ, ഇന്ദിരേ?'' കൊച്ചുകുട്ടി ചിരിക്കാന്‍ തുടങ്ങിയിരുന്നു.

അത് കേട്ടപ്പോള്‍ മൂന്നാള്‍ക്കും സമാധാനമായി. ചേച്ചിയമ്മ സ്വന്തം തെളിഞ്ഞ മനസ്സുമായാണ് തല്ക്കാലം ഇരിക്കുന്നത്. പഴയ കഥകള്‍ പറയാന്‍ പറ്റിയ സമയമാണ്.

''മൂന്നാളും കൂടി എന്താണ് തട്ടിന്‍പുറത്ത് തപ്പിയത്?'' കൊച്ചുകുട്ടി ചിരി വിടാതെ തന്നെ ചോദിച്ചു.

''ചേച്ചിയമ്മയല്ലേ പറഞ്ഞത് തട്ടിന്‍പുറത്ത് കൊണ്ടുപോകണമെന്ന്. ഒരൂട്ടം ഞങ്ങളെ കാണിച്ച് തരാമെന്നൊക്കെ. എന്നിട്ടിപ്പോള്‍ ഒന്നുമറിയാത്തപോലെ.'' ലീല കെറുവിച്ച മട്ടില്‍ പറഞ്ഞു.

''അതിന് എന്നെ കൊണ്ടുപോകണമെന്നല്ലേ ഞാന്‍ പറഞ്ഞത്. നിങ്ങളോട് പോയി തപ്പാന്‍ ആരാ പറഞ്ഞത്?'' കൊച്ചുകുട്ടിയുടെ സ്വതസിദ്ധമായ കുസൃതി സംസാരത്തില്‍ കാണാമായിരുന്നു.

''അതെങ്ങനെയാ, ഞങ്ങള്‍ വന്ന് എത്ര നേരം വിളിച്ചു. ദേ, ഒരനക്കവുമില്ലാതെ ഉറങ്ങുകയായിരുന്നില്ലേ. പിന്നെ ഞങ്ങള്‍ തന്നെ പോയി നോക്കാമെന്ന് കരുതി.'' ദേവകിപരിഭവം അഭിനയിച്ചു.

''ആഹാ, ഞങ്ങള്‍ വന്നപ്പോള്‍ ദാ, കിടക്കുന്നു വെട്ടിയിട്ട ചക്കപോലെ.'' ഇന്ദിര കൂട്ടിച്ചേര്‍ത്തു.

''അപ്പോള്‍ ചേച്ചിയമ്മയുടെ രഹസ്യവും തപ്പി മൂന്ന് രഹസ്യപൊലീസുകാര്‍ തട്ടിന്‍പുറത്ത് പോയി പട്ടി ചന്തയ്ക്ക് പോയപോലെ തിരിച്ചുവന്നു.'' കൊച്ചുകുട്ടി കൈകൊട്ടി ചിരിച്ചു.

''ദേ, അധികം ബഹളം കൂട്ടണ്ട. വീട്ടിലുള്ളവരെല്ലാം രഹസ്യം അറിഞ്ഞാല്‍ അത് പരസ്യമാകും.'' ദേവകി കൊച്ചുകുട്ടിയോട് ശബ്ദം കുറയ്ക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. 

''അപ്പോ പിന്നെ അരമനരഹസ്യം അങ്ങാടിപ്പാട്ട്!'' ഇന്ദിരയ്ക്ക് വീണ്ടും നാടകത്തിലെ തമാശ.

''ശരി. നിങ്ങള്‍ക്കറിയേണ്ടത് ഞാന്‍ പറഞ്ഞ ഒരൂട്ടം എവിടെയാണ് വച്ചിരിക്കുന്നതെന്നല്ലേ? ചോദ്യത്തിന്റെ ഉത്തരം ഉത്തരത്തില്‍ തന്നെയുണ്ടല്ലോ!'' കൊച്ചുകുട്ടി ഒരു സമസ്യ പറയുന്നതുപോലെ ഉത്തരം കൊടുത്തു.

കുറച്ച് നേരത്തേയ്ക്ക് മൂന്നാളും ഒന്നും മിണ്ടിയില്ല. എന്താണ് ഈ ചേച്ചിയമ്മ പറയുന്നതെന്നായിരുന്നു അവരുടെ ചിന്ത. ഉത്തരം ഉത്തരത്തിലുണ്ട്. ഉത്തരം അറിയാമെങ്കിലല്ലേ ഉത്തരത്തിലെ ഉത്തരം കണ്ടെത്താന്‍ കഴിയു. അവര്‍ അന്യോന്യം നോക്കി. അവസാനം തല കുലുക്കി, പരാജയം സമ്മതിച്ച മട്ടില്‍ കൊച്ചുകുട്ടിയെ നോക്കി.

''മണ്ടികള്‍! തട്ടിന്‍പുറത്തെ ഉത്തരം കണ്ടിട്ടില്ലേ? മേല്‍ക്കൂരയുടെ ഇടയ്ക്കുള്ള പട്ടികകള്‍. അവിടെയാണ് നിങ്ങളുടെ ചോദ്യത്തിനുത്തരവും.'' ചേച്ചിയമ്മ ചിരിക്കുന്നതിനിടയില്‍ പറഞ്ഞൊപ്പിച്ചു. 

ചേച്ചിയമ്മയുടെ സന്തോഷത്തില്‍ അവര്‍ മൂവരും ചേര്‍ന്നു. ഇത്രയും സന്തോഷവതിയായി അവര്‍ ചേച്ചിയമ്മയെ അടുത്തൊന്നും കണ്ടിട്ടില്ല. ഉത്തരത്തില്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന രഹസ്യം അത്രയും വേണ്ടപ്പെട്ട എന്തോ ഒന്നാണെന്ന് അവര്‍ക്ക് മനസ്സിലായി. അപ്പോള്‍ പിന്നെ അത് തപ്പിയെടുത്ത് കൊടുത്ത് ചേച്ചിയമ്മയെ കൂടുതല്‍ സന്തോഷിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു.

''ഞങ്ങള്‍ ഉത്തരത്തിലെ മാറാലയെല്ലാം അടിക്കുന്നതാണല്ലോ. ഇതുവരെ ഒന്നും കണ്ടിട്ടില്ലല്ലോ.'' ലീല പറഞ്ഞു.

''അത് അത്ര പെട്ടെന്ന് കാണാന്‍ പാകത്തിനല്ല വച്ചിരിക്കുന്നത്. ചേച്ചിയമ്മയ്ക്ക് മാത്രമേ അറിയു അതവിടെയുള്ള കാര്യം. വീടിന്റെ മുഖപ്പില്ലേ? അതിന്റെ ത്രികോണാകൃതിയുടെ ഉത്തരഭാഗത്ത്, അതായത് വടക്കോറെ മദ്ധ്യത്തിലായി ഉത്തരം കുറച്ച് ഉള്ളിലേയ്ക്ക് തള്ളിയാണ് പണിഞ്ഞിരിക്കുന്നത്. ഇത് പണ്ടത്തെ ആശാരിയുടെ കരവിരുതാണ്. പൂട്ടുള്ള വലിപ്പുകളൊന്നുമില്ലാത്തവര്‍ക്ക് വേണ്ടി ഒരു രഹസ്യ തട്ട്. പല സാധനങ്ങളും ഇതിനിടയില്‍ വയ്ക്കാം. പക്ഷേ, നമ്മുടെ വീട്ടില്‍ പൂട്ടുള്ള ധാരാളം അലമാരകള്‍ തന്നെ ഉള്ളതുകൊണ്ട് ഇതിനെ പറ്റി ആര്‍ക്കുമറിയില്ല. അതിന്റെ ആവശ്യവുമില്ലല്ലോ.'' കൊച്ചുകുട്ടി ഒന്ന് നിര്‍ത്തിയിട്ട് അവരുടെ മുഖത്ത് നോക്കി.

കൊച്ചുകുട്ടി വിശദീകരിക്കുന്നത് വായും പൊളിച്ച് കേട്ടിരിക്കുകയായിരുന്നു മൂന്ന് പെണ്‍കുട്ടികളും. തങ്ങള്‍ എത്ര പ്രാവശ്യം തട്ടിന്‍പുറം വൃത്തിയാക്കിയിരിക്കുന്നു. അതിനിടയില്‍ ഇങ്ങനെയൊരു സ്ഥലമുള്ളത് ആര്‍ക്കുമറിയില്ലായിരുന്നു. അമ്മയോ ചിറ്റമ്മയോ ഇതുവരെ പറഞ്ഞ് കേട്ടിട്ടുമില്ല. ഈ സുന്ദരി ചേച്ചിയമ്മയ്ക്കറിയാവുന്നത് മറ്റുള്ളവര്‍ക്കറിയില്ല.

''എനിയ്ക്ക് നല്ല വിശപ്പുണ്ട്. ആരാ ചോറ് കൊണ്ടുത്തരുന്നത്?'' കൊച്ചുകുട്ടി അവരോട് ചോദിച്ചു.

''ഞാന്‍ ദേ കൊണ്ടുവരുന്നു, എന്റെ ചേച്ചികുട്ടിയമ്മയ്ക്കുള്ള ആഹാരം.'' അതും പറഞ്ഞ് ദേവകി അടുക്കളയിലേയ്ക്ക് പോയി.

''ചേച്ചിയമ്മേ, ഞങ്ങള്‍ പോയി മുകളില്‍ നിന്ന് അതെടുത്തുകൊണ്ടു വരട്ടെ?'' ലീലയാണ് കൊച്ചുകുട്ടിയോട് സമ്മതം ചോദിച്ചത്.

''ഒരു തുണിസഞ്ചി കാണും അവിടെ. അതിങ്ങെടുത്തുകൊണ്ടുവരു. മുകളിലേയ്ക്ക് എത്തിച്ച് വീഴുകയൊന്നും ചെയ്യരുതട്ടോ.'' അവര്‍ക്ക് വേണ്ടിയുള്ള ചേച്ചിയമ്മയുടെ കരുതല്‍ ആ വാക്കുകളിലും ശബ്ദത്തിലും തെളിഞ്ഞ് നിന്നു. 

ലീലയും ഇന്ദിരയും കൊച്ചുകുട്ടിയുടെ രണ്ട് കവിളുകളിലും ഓരോ ഉമ്മ കൊടുത്തിട്ട് തട്ടിന്‍പുറത്തേയ്ക്ക് പോയി.

അവര്‍ തുണിസഞ്ചിയുമായി തിരിച്ചെത്തിയപ്പോഴേയ്ക്കും ദേവകി ചേച്ചിയമ്മയ്ക്ക് ചോറ് കൊടുക്കാന്‍ തുടങ്ങിയിരുന്നു. ചേച്ചിയമ്മ പറഞ്ഞ സ്ഥലത്ത് തന്നെ ഉള്ളിലേയ്ക്ക് നീക്കി വച്ചിരിക്കുകയായിരുന്നു ആ സഞ്ചി. വലിയൊരു പീഠത്തിന് മീതെ മറ്റൊരു ചെറിയ പീഠം വച്ച് അതിന്റെ മുകളില്‍ കയറി നിന്നിട്ടാണ് ലീലയ്ക്ക് സഞ്ചി കണ്ടുപിടിക്കാന്‍ പറ്റിയത്. ധാരാളം പൊടിയുണ്ടായിരുന്നു അതിന് മീതെ. അതെല്ലാം തട്ടിക്കളഞ്ഞ് വൃത്തിയാക്കിയിട്ടാണ് അവര്‍ അതുംകൊണ്ട് താഴെയിറങ്ങിയത്. സഞ്ചി തുറന്ന് നോക്കാന്‍ ആകാംക്ഷയുണ്ടായിരുന്നെങ്കിലും അത് ശരിയല്ലെന്ന് തോന്നിയതിനാല്‍ അതേപടി ചേച്ചിയമ്മയെ ഏല്പിക്കുകയായിരുന്നു. 

ഊണ് കഴിഞ്ഞ് കൈയും വായയുമെല്ലാം കഴുകി കഴിഞ്ഞപ്പോള്‍ കൊച്ചുകുട്ടി തന്റെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ തെയ്യാറായി. പാത്രം കഴുകി വച്ച് ദേവകിയും അവരോടൊപ്പം ചേര്‍ന്നു.

ആദ്യമായി തമ്പുരാനെ വീട്ടുപടിക്കല്‍ കണ്ടത് മുതല്‍ കൊച്ചുകുട്ടി പറയാന്‍ ആരംഭിച്ചു.

അതിന് ശേഷം തമ്പുരാനെ പലവട്ടം അമ്പലത്തിനകത്ത് കാണുകയുണ്ടായി. തമ്പുരാന്‍ മിക്കവാറും എന്നുമെന്ന മട്ടില്‍ അമ്പലത്തില്‍ വരാന്‍ തുടങ്ങി. ദൈവത്തിനോടുള്ള ഭക്തിയേക്കാള്‍ തന്നെ കാണാനുള്ള ആവേശമായിരുന്നെന്ന് കൊച്ചുകുട്ടിയ്ക്ക് മനസ്സിലായി. 

ഒരിക്കല്‍ യക്ഷിയുടെ മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ ആദ്യമായി സംസാരിച്ചു. കൊച്ചുകുട്ടിയുടെ ശബ്ദം ഇടറി. അദ്ദേഹം ചോദിച്ചതിന് എന്ത് മറുപടിയാണ് പറഞ്ഞതെന്നുപോലും ഓര്‍മ്മയില്ലായിരുന്നു. പിന്നീടൊരിക്കല്‍ ഒരു ലക്കോട്ട് ആരും കാണാതെ കൈയില്‍ തന്നു. അന്ന് തമ്പുരാന്‍ തന്ന ലക്കോട്ടാണ് ഈ സഞ്ചിയില്‍ ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്.

കൊച്ചുകുട്ടി ലീലയോട് ആ സഞ്ചി തുറന്ന് ലക്കോട്ട് പുറത്തെടുക്കാന്‍ പറഞ്ഞു. വളരെ പഴകിയ ഒരു ലക്കോട്ട്. അതിന്റെ നിറം മങ്ങി മഞ്ഞയോടടുത്തിരിക്കുന്നു. കൊച്ചുകുട്ടി അത് തുറന്ന് അതിനകത്തു നിന്നും ഒരു കടലാസും രണ്ട് ഫോട്ടോകളും പുറത്തെടുത്തു. 

ഒരു ഫോട്ടോയില്‍ നല്ല സുമുഖനായൊരു ചെറുപ്പക്കാരന്‍. എന്ത് ഐശ്വര്യമുള്ള മുഖമാണ്. കുലീനതയുടെ പര്യായമെന്ന് വേണമെങ്കില്‍ പറയാം. രാജകീയത തെളിഞ്ഞ് കാണുന്ന നില്പും ഭാവവും. പിന്നെ ഒരു ഫോട്ടോയില്‍ ഏഴുപേരെ കാണാം. ചേച്ചിയമ്മ, അമ്മ, ചിറ്റമ്മ എന്നിവര്‍ ഇരിക്കുന്നു. അറ്റത്ത് അമ്മാമ്മയുമുണ്ട്. അവര്‍ക്ക് മുന്നില്‍ മൂന്ന് കൊച്ചുകുട്ടികളും. ഫോട്ടോ മങ്ങിയ കാരണം അത് ആരൊക്കെയാണെന്നറിയാന്‍ അവര്‍ക്ക് ശ്രദ്ധിച്ച് നോക്കേണ്ടി വന്നു.

അത് അവര്‍ മൂന്നുപേരും തന്നെ. നന്നെ ചെറുതിലെ എടുത്ത ഫോട്ടോ. അന്നത്തെ ദിവസം അവരുടെ മനസ്സിലോടി വന്നു. കിന്നരങ്കാവില്‍ നിന്നും ഫോട്ടോ പിടിക്കാന്‍ ഒരാള് വന്നത്. ദേവകിയ്ക്ക് സ്വന്തം പടം കണ്ടിട്ട് നാണം വന്നു. ഉടുപ്പിടാതെ ഒരിരുപ്പ്. ബാക്കിയുള്ളവരെല്ലാം ഉടുപ്പിട്ടിട്ടുണ്ട്. അവള്‍ മാത്രം മാലയും വളയും തളയും ഇട്ട്, ഉടുപ്പ് മാത്രമിടാതെ. മൂന്ന് വയസ്സോ മറ്റോ ആയിരുന്നു കാണണം അപ്പോള്‍.

ഫോട്ടോ എടുത്തു എന്നല്ലാതെ പിന്നെ അത് കണ്ടില്ലായിരുന്നു. ഇപ്പോഴാണ് മനസ്സിലായത് അവര്‍ക്ക് കാണാന്‍ കിട്ടാഞ്ഞതിന്റെ രഹസ്യം. ചേച്ചിയമ്മ എടുത്ത് ഒളിപ്പിച്ച് വച്ചിരുന്നു. അതെന്തിനാണാവോ? അവര്‍ ചേച്ചിയമ്മയുടെ മുഖത്ത് ചോദ്യരൂപേണ നോക്കി.

കൊച്ചുകുട്ടി കഥ തുടര്‍ന്നു.

തമ്പുരാന്‍ സ്വന്തം ഒരു ഫോട്ടോ തന്നു. പിന്നെ ആ കടലാസില്‍ രണ്ട് വരിയും. നല്ല വടിവൊത്ത കൈപടയില്‍ രണ്ട് വരി മാത്രം. 

''എന്നെ ഇഷ്ടമായെങ്കില്‍ ഞാന്‍ കല്യാണം കഴിച്ചോട്ടെ? ഒരു ഫോട്ടോ എനിയ്ക്ക് സൂക്ഷിക്കാനായി തരാമോ?''

കൊച്ചുകുട്ടിയുടെ കൈയില്‍ എവിടന്നാണ് ഫോട്ടോ? പിന്നീട് അമ്പലത്തിലെ യക്ഷിനടയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ 'ഇഷ്ടമാണ്' എന്നൊരു വാക്ക് മാത്രം പറഞ്ഞു. ആകെ തമ്പുരാനുമായി വ്യക്തമായി സംസാരിച്ചിട്ടുള്ളത് അത്രമാത്രം.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കോവിലകത്ത് നിന്ന് അമ്മാവന്മാരെ അന്വേഷിച്ച് ആള് വന്നപ്പോള്‍ വീട്ടിലെല്ലാവര്‍ക്കും ആദ്യം സംഭ്രമമായിരുന്നു. എന്താണ് കാര്യം എന്ന് മനസ്സിലാകാതെ നട്ടം തിരിഞ്ഞു. പിന്നീടാണ് മനസ്സിലായത് തമ്പുരാന് കൊച്ചുകുട്ടിയെ കല്യാണം കഴിക്കണമെന്ന് ഒരു മോഹം. അതറിയിപ്പിക്കാനായിരുന്നു കോവിലകത്തെ കാര്യസ്ഥന്‍ എത്തിയത്. 

അപ്പോള്‍ മുതല്‍ മനസ്സിലെന്തെല്ലാം സ്വപ്നങ്ങള്‍ നെയ്‌തെടുത്തു. പൊന്നിന്റെ നിറമുള്ള തമ്പുരാന്‍, നാട്ടുകാരുടെ കണ്ണിലുണ്ണിയായ തമ്പുരാന്‍. അദ്ദേഹത്തിന് തന്നെ ഇഷ്ടപ്പെട്ടു എന്നറിയുന്നതിന്റെ ആഹ്ലാദം ദേഹമാസകലം കുളിരണിയിച്ചു. എന്നാല്‍ അത്രയും തന്നെ ഗൗരവമായി തന്റെ ജീവിതത്തെ ബാധിക്കുന്ന ഒരു സംഗതിയായിരുന്നു അതെന്ന് താമസിയാതെ മനസ്സിലായി.

ആരോ ഉമ്മറത്ത് വന്നു കയറിയ ശബ്ദം കേട്ടു. അതോടെ കൊച്ചുകുട്ടി കഥ പറയുന്നത് നിര്‍ത്തി. തമ്പുരാന്റെ ഫോട്ടോയും എഴുത്തും ലീല തിരിച്ച് ലക്കോട്ടില്‍ വച്ച് സഞ്ചിയ്ക്കുള്ളിലാക്കി. അത് മുകളില്‍ എടുത്ത സ്ഥലത്ത് തന്നെ വയ്ക്കാന്‍ കൊച്ചുകുട്ടി ലീലയോട് പറഞ്ഞു. അവള്‍ അതുമായി നേരെ തട്ടിന്‍പുറത്തേയ്ക്ക് കയറി.

എല്ലാവരുടേയും ഒന്നിച്ചുള്ള ഫോട്ടോ ദേവകി തലയിണയുടെ അടിയില്‍ ഒളിപ്പിച്ചു. പിന്നീട് വിശദമായി നോക്കാനുള്ളതാണ്. 

''ഇനി നാളെയാവാം. ചേച്ചിയമ്മ കിടക്കട്ടെ. ആരൊക്കെയോ വരുന്നുമുണ്ട്.'' അത് പറഞ്ഞ് കൊച്ചുകുട്ടി കിടന്നു.

ഇനി ചേച്ചികുട്ടിയമ്മയെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി ദേവകിയും ഇന്ദിരയും മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി. നാടകം പരിശീലനം കഴിഞ്ഞ് അമ്മാവന്മാര് വന്നു കയറിയ ശബ്ദമാണ് കേട്ടത്.

കാലത്ത് മുത്തച്ഛന്‍ വന്നപ്പോള്‍ അമ്മയെ കൂടെ കൊണ്ടുപോയിരുന്നു. ഇന്ന് രാത്രി അമ്മ കിന്നരങ്കാവ് മനയില്‍ ആയിരിക്കും. നാളെ തിരിച്ച് കൊണ്ടാക്കാമെന്നാണ് മുത്തച്ഛന്‍ പറഞ്ഞിരിക്കുന്നത്. മുത്തച്ഛന് അല്ലെങ്കിലും അമ്മയോട് ഒരു പ്രത്യേക ഇഷ്ടമാണ്.

അമ്മ വീട്ടിലില്ലാത്തത് കൊണ്ട് ലീലയ്ക്കും ഇന്ദിരയ്ക്കും കൂടുതല്‍ ജോലിയാണ് അടുക്കളയില്‍. അമ്മാവന്മാര്‍ക്കും മുത്തമ്മാവന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ആഹാരരീതികളാണ്. അമ്മ അവരുടെ ഇഷ്ടമനുസരിച്ച് എല്ലാം ഉണ്ടാക്കിക്കൊടുക്കും. ചിറ്റമ്മ ചോദിക്കുന്നത് ഇവര്‍ക്കെല്ലാം ഒരേ ഭക്ഷണം കഴിച്ചാലെന്താണെന്നാണ്. അമ്മുചേച്ചിയാണ് അമ്മാവന്മാരെയെല്ലാം കൊഞ്ചിച്ച് വഷളാക്കുന്നതെന്നാണ് ചിറ്റമ്മയുടെ പരാതി.

ദേവകിയും ചേച്ചിമാരോടൊപ്പം അടുക്കളയിലേയ്ക്ക് കയറി.


#


രാവിലെ അച്ഛന്‍ തിരുമേനി വന്ന് അമ്മുവിനെ കിന്നരങ്കാവിലേയ്ക്ക് കൊണ്ടുപോയി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മനയ്ക്കല്‍ പോയി അവളൊന്ന് വിശ്രമിയ്ക്കട്ടെ. അച്ഛനേറ്റവുമിഷ്ടമുള്ളത് അമ്മുവിനോടായത് നന്നായി. അവിടെ ചെല്ലുമ്പോള്‍ ആരും അവളെ ഭരിക്കാന്‍ നോക്കുകയില്ല. അനുജന്‍ തിരുമേനി എവിടെയാണാവോ? വേളി കഴിച്ചതില്‍ പിന്നെ തന്നെ കാണാന്‍ ഇങ്ങോട്ട് വരാറേയില്ല. ഇനിയിപ്പോ വന്നിട്ടെന്ത് കാര്യം? പുതുവേളിയിലെ മക്കളൊക്കെ ഏത് വരെയായീന്ന് തന്നെ അറിയില്ല.

ശങ്കരന്‍കുട്ടിയ്ക്ക് ജോലിയ്ക്ക് ചേരാന്‍ പോകാനുള്ള പണവും കൊടുത്തൂന്നാണ് പറഞ്ഞത്. അത് നന്നായി. അവനിനി ഇവിടെ കിടന്ന് കഷ്ടപ്പെട്ടിട്ട് എന്ത് കാര്യം! കുറേ ദൂരെയാണ് പോകുന്നതെന്നാണ് പറഞ്ഞു കേട്ടത്. റംഗൂണ്‍. എവിടെയാണാവോ അത്? ഇപ്പോ പലരും പോണ രാജ്യമാണെന്നും കേട്ടു. എവിടെയാണെങ്കിലെന്താ, ആണ്‍കുട്ടികളാകുമ്പോ ഒന്നും പേടിക്കാനില്ല.

കൊച്ചുകുട്ടി ഓരോന്നാലോചിക്കുന്നതിനിടയില്‍ തലയിണയ്ക്കടിയില്‍ ദേവകി ഒളിപ്പിച്ച ഫോട്ടോയുടെ കാര്യം ഓര്‍ത്തു. വേഗം തലയിണ പൊക്കി ഫോട്ടോ എടുത്ത് നോക്കി. തന്റെ ആകെയുള്ളൊരു പടം. തമ്പുരാന്‍ ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ഒന്നുംതന്നെ കൈയിലുണ്ടായിരുന്നില്ല. പിന്നെ എത്രയോ നാള്‍ക്ക് ശേഷമാണ് ഇതൊരെണ്ണം കിട്ടിയത്. അപ്പോഴേയ്ക്കും അത് ചോദിച്ച ആള് തന്നെ കൈമോശം വന്ന് പോയി. ആരും കാണാതെ അത് മാറ്റിവച്ചു. രണ്ട് മൂന്ന് ദിവസം ഫോട്ടോയെ പറ്റി അമ്മുവും പാറുവും അന്വേഷിച്ചിരുന്നു. അതുകഴിഞ്ഞ് എല്ലാവരും അതിന്റെ കാര്യങ്ങട് മറന്നൂന്നാ തോന്നണത്. 

തമ്പുരാന്റെ അഭിലാഷമായിരുന്നു തന്റെയൊരു പടം. അതുകൊണ്ട് ആ പടമെടുത്ത് തമ്പുരാന്റെ പടത്തിന് മീതെ ചേര്‍ത്ത് വച്ച് ലക്കോട്ടിലാക്കി സഞ്ചി തട്ടിന്‍പുറത്തെ ഉത്തരത്തട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. അതവിടെ ഇരിക്കട്ടെയെന്ന് കരുതി. ജീവിതത്തില്‍ ഒന്നിക്കാന്‍ പറ്റിയില്ലെങ്കിലും ലക്കോട്ടിലെ ഫോട്ടോകളെങ്കിലും ഒന്നിച്ചിരിക്കട്ടെ. അത്രയുമേ ചിന്തിച്ചുള്ളു.

അന്ന് താന്‍ 'ഇഷ്ടമാണ്' എന്ന് പറഞ്ഞപ്പോള്‍ തമ്പുരാന്‍ പറഞ്ഞത് ഇന്നലെയെന്നപോലെ കാതില്‍ മുഴങ്ങുന്നു. ''നിന്നെ ഞാനെന്റെ മനസ്സിന്റെ പഞ്ചാരവിമാനത്തില്‍ കയറ്റി ഈ ദേശം മുഴുവന്‍ പറന്നുനടക്കും!''

പക്ഷേ, അതിനിടയില്‍ എന്തെല്ലാം സംഭവിച്ചു. മനുഷ്യന് തടുക്കാന്‍ സാധിക്കുന്നതിനെതിരെ പ്രതികരിക്കാതിരുന്നിട്ട് മനുഷ്യന്റെ ചിന്തകള്‍ക്കതീതമായ കാര്യങ്ങളില്‍ ദൈവത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നതിലെന്ത് യുക്തിയാണുള്ളത്? 

വിവേചനബുദ്ധിയും വിവേകവും തന്നിരിക്കുന്നത് വേണ്ട സമയത്തുപയോഗിക്കാനാണ്. തന്റെ കാര്യത്തില്‍ ഇവിടെയാരും അത് ചെയ്തില്ലെന്നുള്ളതാണ് സത്യം. അമ്മയുടെ അനുജന്മാര്‍ നാല് പേര്‍ - അമ്മാവന്മാരാണെന്ന് പറഞ്ഞിട്ടെന്ത് പ്രയോജനം? കിന്നരങ്കാവ് മനയ്ക്കലെ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുമ്പില്‍ ചെറുവിരലനക്കാന്‍ പോലും ധൈര്യമില്ലാതെ പോയി. സ്വന്തം ആങ്ങളമാര്‍ രണ്ടാളും പിന്നെ നന്നേ ചെറുപ്പമായിരുന്നു. 

സ്വന്തം വിവാഹത്തിന്റെ കയ്പ് മനസ്സില്‍ തികട്ടി വന്നപ്പോഴേയ്ക്കും തലയ്ക്കകത്ത് പെരുപെരുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി. പിന്നെ ചിന്തകള്‍ക്കൊന്നും ഒരു ക്രമവുമില്ലാതെ കൂടിക്കുഴയാന്‍ ആരംഭിച്ചു. മനസ്സ് വര്‍ത്തമാനത്തില്‍ നിന്നും ഭൂതത്തിന്റെ പിടിയിലമര്‍ന്നതോടെ കൊച്ചുകുട്ടി കണ്ണുകള്‍ മുറുക്കിയടച്ചു.

പിന്നീട് കൊച്ചുകുട്ടി ഉണര്‍ന്നത് ആരോ പാട്ട് പാടുന്നത് കേട്ടുകൊണ്ടാണ്. എവിടെനിന്നാണീ സംഗീതം വരുന്നതെന്നാലോചിച്ച് കുറച്ച് നേരം അങ്ങനെ കിടന്നു. അടുത്താരോ വന്നിരിക്കുന്നതായി തോന്നി. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ലീലയെയാണ് കണ്ടത്. സാധാരണ ഇങ്ങനെ വരാറുള്ള പെണ്ണല്ലല്ലോ? ഇന്നെന്ത് പറ്റിയാവോ? 

''നീയെന്താ ലീലേ പാട്ട് പഠിക്കാനിരിക്കാഞ്ഞത്?'' കൊച്ചുകുട്ടി ചോദിച്ചു.

ലീല ചേച്ചിയമ്മയുടെ കൈയെടുത്ത് മടിയില്‍ വച്ച് തടവിക്കൊണ്ടിരുന്നു. ''എനിയ്ക്ക് പാട്ടിനോടൊന്നും വല്യ കമ്പമില്ലെന്റെ ചേച്ചിയമ്മേ. ഞാന്‍ പാടിയാല്‍ ശരിയാവില്ല. അവരൊക്കെ പാടുന്നത് കേട്ട് ഞാന്‍ സന്തോഷിച്ചോളാം.''

''ആര്‍ക്കായാലും പാടാന്‍ ഇഷ്ടമാണെങ്കില്‍ പാടാവുന്നതേയുള്ളു. നിനക്ക് വേണ്ടെങ്കില്‍ പിന്നെ സാരമില്ല.''

''എനിയ്‌ക്കൊരൂട്ടം ചേച്ചിയമ്മയോട് ചോദിക്കണായിരുന്നു. ഞാന്‍ ചോദിച്ചോട്ടെ?'' മടിച്ച് മടിച്ചാണ് ലീല അത് പറഞ്ഞത്.

''അതിനെന്താ കുട്ട്യേ, എന്താ വേണ്ടതെന്ന് വച്ചാല്‍ ചോദിച്ചോളു. ഞാന്‍ എത്ര നേരാ ഇങ്ങനെണ്ടാവാന്ന് എനിയ്ക്ക് തന്നെയറിയില്ല. സ്വബോധമുള്ള സമയം പറ്റുന്നതും നിങ്ങടെയൊക്കെ കൂടെ സംസാരിച്ചിരിക്കാന്‍ തന്നെയാ ചേച്ചിയമ്മയ്ക്കിഷ്ടം.''

''തമ്പുരാന് ചേച്ചിയമ്മയെ ഇഷ്ടമായിരിന്നൂന്നല്ലേ പറഞ്ഞത്. കല്യാണം ആലോചിച്ച് വരേം ചെയ്തു. പിന്നെന്താ അത് നടക്കാതെ പോയത്?''

''അതെന്റെ വിധീന്നല്ലാണ്ടെന്ത് പറയാനാ! ഇവിടെയെല്ലാര്‍ക്കും ഇഷ്ടായിരുന്നു. അമ്മയും അമ്മാവന്മാരും എല്ലാം സമ്മതിക്കേം ചെയ്തു. തമ്പുരാന്റെ കാര്യസ്ഥന്‍ സന്തോഷായിട്ടാണ് ഇവിടന്ന് തിരിച്ചുപോയത്. പക്ഷേ, കിന്നരങ്കാവില് അച്ഛന്റെ സമ്മതത്തിന് ദാമോദരമ്മാനും ഗോവിന്ദമ്മാനും കൂടി പോയപ്പോളാണ് എല്ലാം തകിടം മറിഞ്ഞത്.'' കൊച്ചുകുട്ടിയുടെ ശബ്ദം ഇടറി. തേങ്ങിക്കരയുമോ എന്ന് ലീല ഭയപ്പെട്ടു.

''ചേച്ചിയമ്മയ്ക്ക് വിഷമായീച്ചാല്‍ പറയണ്ടാട്ടോ.'' ലീലയും ഗദ്ഗദം പൂണ്ടിരുന്നു.

നനഞ്ഞ കണ്ണുകള്‍ തുടച്ചിട്ട് കൊച്ചുകുട്ടി തുടര്‍ന്നു. ''അതാപ്പോ കേമായത്. ഞാനെന്തിനാ വെഷമിക്കണേ? അതൊക്കെ കഴിഞ്ഞു പോയ കാര്യോല്ലേ. അതുകഴിഞ്ഞുള്ള വേദനകള്‍ ആലോചിക്കുമ്പോള്‍ ഇതെല്ലാം നിസ്സാരം.''

അപ്പോള്‍ പെട്ടെന്ന് പാറുക്കുട്ടി മുറിയിലേയ്ക്ക് കയറി വന്നു. അതോടെ കൊച്ചുകുട്ടി വര്‍ത്തമാനം നിര്‍ത്തി. ചേച്ചിയമ്മ ഭൂതത്തിലേയ്ക്ക് മടങ്ങിയോ എന്ന് ലീല ഭയന്നു. പക്ഷേ, അവര്‍ എഴുന്നേറ്റിരിക്കാനുള്ള ശ്രമത്തിലായിരുന്നു. കിടന്നുകൊണ്ട് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു കാണണം. ചുമര് ചാരിയിരിക്കാന്‍ ലീലയും പാറുക്കുട്ടിയും സഹായിച്ചു.

കൊച്ചുകുട്ടി ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പഴയ ഓര്‍മ്മകള്‍ അവരെ വല്ലാതെ വിഷമിപ്പിക്കുന്നെന്ന് സ്പഷ്ടം. ഇനിയധികം നിര്‍ബ്ബന്ധിച്ചാല്‍ ബോധം മറഞ്ഞ് ഭൂതത്തിലേയ്ക്ക് വഴുതി വീഴുമോയെന്ന് ലീല സംശയിച്ചു.

''നിങ്ങടെ സംസാരം ഞാന്‍ കേട്ടിരുന്നു. പാവം, ചേച്ചിയമ്മ. മറ്റുള്ളവരുടെ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ച് കൊടുത്തെന്നല്ലാതെ സ്വന്തം ആശകള്‍ മനസ്സില്‍ കൊളുത്തിയ അഗ്‌നിശകലങ്ങളെ താലോലിക്കാന്‍ പോലും ഇട നല്‍കാതെ സ്വയം ചവിട്ടി കെടുത്തുകയായിരുന്നു. ഇവിടെയുള്ള ആണുങ്ങള്‍ക്കൊന്നും തന്റേടമില്ലാതെ പോയി. ഞാന്‍ കുറേ വാദിച്ച് നോക്കി. അന്നത്തെ ആ ചെറിയ പെണ്ണിന്റെ ശബ്ദം ആര് കേള്‍ക്കാന്‍!'' പാറുക്കുട്ടിചേച്ചിയമ്മയുടെ നെഞ്ച് തടവിക്കൊടുക്കുന്നതിനിടയില്‍ ലീലയോട് പറഞ്ഞു.

''അതെന്താ ചിറ്റമ്മേ, ചേച്ചിയമ്മയെ തമ്പുരാന് കല്യാണം ചെയ്ത് കൊടുക്കാഞ്ഞത്? എങ്കില്‍ പിന്നെ ചേച്ചിയമ്മയ്ക്കീ ഗതി വരൂല്ലായിരുന്നല്ലോ. മാത്രോല്ല നമ്മളൊക്കെയിപ്പോള്‍ കോവിലകത്തെ ബന്ധുക്കളുമായിരുന്നേനെ.'' ലീലയുടെ സംശയത്തില്‍ നൈരാശ്യവും കലര്‍ന്നിരുന്നു.

''അന്നത്തെ ചേച്ചിയമ്മയുടെ സൗന്ദര്യമായിരുന്നു എല്ലാത്തിനും വിനയായത്. അച്ഛന്‍ തിരുമേനിയുടെ അനുജന് ചേച്ചിയമ്മയെ കല്യാണം കഴിക്കണോന്ന് ഒരു മോഹം. അദ്ദേഹം അത് ജ്യേഷ്ഠനോട് പറയുകയും ചെയ്തു. അനുജന്റെ ആഗ്രഹങ്ങള്‍ക്കൊന്നും മുടക്ക് പറയാത്ത ജ്യേഷ്ഠന്‍ അതങ്ങട് ഉടനെ തന്നെ ഉറപ്പിച്ചു. ഞങ്ങളോടാരോടും ചോദിക്കുക പോലും ചെയ്യാതെ. പാവം ചേച്ചിയമ്മയുടെ ഇംഗിതം ആരായാനുള്ള സന്മനസ്സു പോലും അങ്ങേര് കാട്ടിയില്ലെന്നുള്ളതാണ് ക്രൂരത. കോവിലകത്ത് നിന്ന് വന്ന കല്യാണക്കാര്യം പറയാന്‍ പോയ അമ്മാവന്മാര്‍ക്ക് വായ തുറക്കാനുള്ള സന്ദര്‍ഭം പോലും കൊടുക്കാതെ പരമേശ്വരന്‍ നമ്പൂതിരിപ്പാടുമായുള്ള വിവാഹം തീരുമാനിച്ച കാര്യം പറഞ്ഞയച്ചു. കല്യാണനിശ്ചയത്തിന്റെ പലഹാരങ്ങള്‍ സഹിതമാണ് അവര്‍ വടക്കേടത്തേയ്ക്ക് തിരിച്ചെത്തിയത്.''

''എന്താ കഥ? അച്ഛന്റെ അനുജന്‍ - കൊച്ചച്ഛനെ കല്യാണം കഴിക്കുകയോ?'' ലീലയുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട് വിടര്‍ന്നു.

''എന്റെ ദേവൂ എവിടെ? അവളെയൊന്ന് ഇത്രടം വിളിക്ക.'' ഇടയ്ക്ക് കണ്ണുകള്‍ തുറന്ന് കൊച്ചുകുട്ടി ജല്പിച്ചു.

''അവള് പാട്ട് പഠിക്കാണേയ്. അതുകഴിഞ്ഞാലിങ്ങോട്ടല്ലെ വരുന്നത്.'' ലീല ചേച്ചിയമ്മയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ''അതുവരെ കിടന്നോളു ചേച്ചിയമ്മ.'' 

പാറുക്കുട്ടിയും ലീലയും കൂടി കൊച്ചുകുട്ടിയെ കിടക്കയിലേയ്ക്ക് പിടിച്ച് കിടത്തി. നാലുകെട്ടില്‍ നിന്നും പാട്ട് പഠിക്കുന്ന ശബ്ദം നിലച്ചിരുന്നു. ഭാഗവതര്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാളും കൊച്ചുകുട്ടിയെ വിട്ട് നാലുകെട്ടിലേയ്ക്ക് നടന്നു.


(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 
 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'
ഭാഗം മൂന്ന്: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?
ഭാഗം നാല്: സ്ഥാനഭ്രംശം വന്ന ആ രക്ഷസ്സിനെ എങ്ങനെ തളക്കും?
ഭാഗം അഞ്ച്: ആ ബ്രഹ്മരക്ഷസ് എവിടെയാണ് മറഞ്ഞത്?
ഭാഗം ആറ്: അയാള്‍പോക്കറ്റില്‍ നിന്നും ഒരു ചുരുള്‍ കടലാസെടുത്ത് നിവര്‍ത്തി!
ഭാഗം ഏഴ്: ആരോ കോണിയിറങ്ങുന്ന ശബ്ദം!
ഭാഗം എട്ട്: ശങ്കരന്‍കുട്ടി എവിടേയ്ക്ക് പോകുന്ന കാര്യമാണ് സംസാരിച്ചത്? 
ഭാഗം ഒമ്പത്: കുതിരവണ്ടിയുടെ മണികിലുക്കം, ആരോ വന്നിരിക്കുന്നു!

 

click me!