ലൈംഗികത മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയും നിഴലിക്കുന്നതായിരുന്നു അവരുടെ കവിതകൾ. സ്ത്രീകൾ അനുഭവിച്ചിരുന്ന ഗാർഹിക പീഡനങ്ങളെ കുറിച്ചും മെക്കെയ്ൻ ബോധവതിയായിരുന്നു.
മദ്ധ്യകാലഘട്ടത്തെ ഒരു ഇരുണ്ട യുഗമായിട്ടാണ് പലരും കണക്കാക്കുന്നത്. യുദ്ധവും, പ്ലേഗ് പോലുള്ള അസുഖങ്ങളും ആളുകളുടെ ജീവതം ദുഷ്‍കരമാക്കിയിരുന്നു. പക്ഷേ, ഈ ദുഃഖങ്ങൾക്കിടയിലും സന്തോഷം കണ്ടെത്താൻ അന്നത്തെ ആളുകൾ മറന്നില്ല. അവരുടെ സങ്കീർണമായ പ്രശ്നങ്ങൾക്ക് നടുവിലും കലയും സാഹിത്യവും പൂത്തു തളിർത്തിരുന്നു.
മധ്യകാല യൂറോപ്യൻ സാഹിത്യത്തിലെ കവിതകളിൽ കുടുതലും മതപരമായ കാഴ്‍ച്ചപ്പാടുകളാണ് പ്രതിഫലിച്ചിരുന്നത്. എന്നാൽ, അതിൽനിന്ന് മാറിച്ചിന്തിച്ചിരുന്ന അപൂർവം എഴുത്തുകാരിൽ ഒരാളായിരുന്നു ഏറ്റവും ധീരമായ സ്ത്രീ ശബ്ദങ്ങളിലൊന്നായ ഗ്വെർഫുൾ മെക്കെയ്ൻ. അവളുടെ കവിതകൾ പലപ്പോഴും മതത്തിന്‍റെയോ ലൈംഗികതയുടെയോ ആഘോഷമായിരുന്നു. സ്ത്രീശരീരത്തെ കുറിച്ച് ധീരമായി സംസാരിക്കാൻ അവളുടെ കവിതകൾക്ക് കഴിഞ്ഞിരുന്നു. അവരുടെ ഏറ്റവും പ്രശസ്‍തമായ കവിതയാണ് സിവിഡ് വൈ സിഡോർ (“ഓഡ് ടു പ്യൂബിക് ഹെയർ”) . അതിൽ, ജനനേന്ദ്രിയത്തെ കുറിച്ച് പരാമർശിക്കാതെ സ്ത്രീയുടെ മറ്റ് ശരീര ഭാഗങ്ങളെ പ്രശംസിച്ച് കവിത എഴുതുന്ന പുരുഷന്മാരെ നിശിതമായി വിമർശിക്കുന്നുണ്ട്. മനഃപൂർവമായുള്ള ഒരു ഒഴിവാക്കലായിട്ടാണ് മെക്കെയ്ൻ ഇതിനെ കാണുന്നത്. അവരുടെ ലൈംഗിക കവിതകളിൽ ഇന്നും വളരെ പ്രസിദ്ധമാണ് സ്ത്രീകളുടെ ഭഗത്തെ (vulva) കുറിച്ച് പ്രശംസിക്കുന്ന ആ കവിത. "മനോഹരമായ കുറ്റിച്ചെടി, ദൈവം അതിനെ രക്ഷിക്കുന്നു" എന്നാണവർ അതിനെക്കുറിച്ച് എഴുതിയിട്ടുള്ളത്.
നീതിയും ധാർമ്മികതയും ഉള്ള ഒരു കവിയായിരുന്നു മെക്കെയ്ൻ. അക്കാലത്തെ പല കവികളും മതഭക്തിയിൽ ഒതുങ്ങിക്കിടക്കുമ്പോൾ, മെക്കെയ്ൻ ശരീരത്തെ കുറിച്ച് പവിത്രമായ രീതിയിൽ കവിതകൾ എഴുതി. മതത്തിന്‍റെയും ലൈംഗികതയുടെയും ഉദാത്തമായ ഒരു സംഗമമായിരുന്നു അവരുടെ കവിതകൾ. ലൈംഗികത മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയും നിഴലിക്കുന്നതായിരുന്നു അവരുടെ കവിതകൾ. സ്ത്രീകൾ അനുഭവിച്ചിരുന്ന ഗാർഹിക പീഡനങ്ങളെ കുറിച്ചും മെക്കെയ്ൻ ബോധവതിയായിരുന്നു. അതിനെതിരെ പ്രതികരിക്കാൻ അവർ തന്‍റെ തൂലിക ഉപയോഗിച്ചു. പുരുഷ മേധാവിത്വമുള്ള സമൂഹത്തിലെ രീതികളെ വിചിത്രവും വികാരഭരിതവുമായ കവിതകൾ കൊണ്ട് അവൾ ധിക്കരിച്ചു. അതിലൊരു കവിതയിൽ ഭാര്യയെ മർദ്ദിക്കുന്ന ഭർത്താവിന്‍റെ ഹൃദയത്തിൽ കത്തി കുത്തിയിറക്കണമെന്ന് പോലും അവൾ എഴുതി.
To Her Husband for Beating Her എന്ന ആ കവിത ഡൈഫിയുടെ കവിതയായ, Red Annie എന്ന കവിതയ്ക്കുള്ള ഒരു മറുപടിയായിരുന്നു. Red Annie എന്ന കവിത യുഗങ്ങളിലുടനീളം തെറ്റായ സ്ത്രീകൾ എങ്ങനെയായിരുന്നുവെന്ന് വിലപിക്കുന്നവയാണ്. കവിതയിൽ സ്ത്രീകൾ പലപ്പോഴും പുരുഷ അടിച്ചമർത്തലിന് ഇരയാകുന്നുവെന്നും പുരുഷന്മാരേക്കാൾ മാന്യരും സൽഗുണമുള്ളവരുമാണ് സ്ത്രീകളെന്നും മെക്കെയ്ൻ തന്‍റെ കവിതയിലൂടെ മറുപടിയായി പറയുന്നു.
ആരും അവളുടെ നർമം കലർന്ന പേനത്തുമ്പിൽനിന്ന് രക്ഷപ്പെടാറില്ല. വിവാഹിതരായ സ്ത്രീകൾ പുരുഷന്മാരെ അടക്കിവക്കുന്നതിനെ പരിഹസിച്ച് അവൾ ഒരു കവിത എഴുതുകയുണ്ടായി. അവളുടെ നർമ്മവും ആക്ഷേപഹാസ്യവും കലർന്ന രചനാശൈലിയുടെ ഉദാഹരണമാണ് To Jealous Wives എന്ന ആ കവിത.
മെക്കെയ്‌ന്‍റെ നീതിയും നർമ്മവും കലർന്ന വരികൾ അവളെ ധീരയായ ഒരു സ്ത്രീപക്ഷ കവിയാക്കി മാറ്റി. പുരുഷാധിപത്യ സമൂഹത്തിൽ ഇത്ര ശക്തവും പരസ്യവുമായി ഒരു സ്ത്രീ ശബ്ദമുയർത്തുന്നത് അപൂർവമാണ്. അവളുടെ കവിതകളിൽ താൽപ്പര്യമുള്ള അക്കാദമിക് വിദഗ്ധരും ആധുനിക വായനക്കാരും അനവധിയാണ് ഇന്ന്. എന്നാലും ആ കാലഘട്ടത്തിൽ അവളുടെ ഇത്തരം ധീരമായ ചോദ്യം ചെയ്യലുകൾ എത്രത്തോളം സ്വീകാര്യമായിരുന്നു എന്നത് വ്യക്തമല്ല. പലപ്പോഴും പുരുഷാധിപത്യത്തിന്‍റെ കൈകളിൽ ഞെരിഞ്ഞമർന്നിരുന്നു അവളുടെ കവിതകൾ. എന്നിരുന്നാലും കാലത്തിന് മുൻപേ നടന്ന അവളുടെ കാല്പാടുകൾ ഇന്നും ആംഗലേയ സാഹിത്യത്തിൽ മായാതെ കിടക്കുന്നു.