വിശ്വാസം പ്രമേയമാക്കി ജി സുധാകരന്റെ ഏറ്റവും പുതിയ കവിത 'മിഥ്യാവാദം'; വൈറലാക്കി സോഷ്യൽ മീഡിയ

By Web Team  |  First Published Jan 20, 2022, 12:17 PM IST

പൂർവികർ നമുക്കായി വെട്ടിത്തെളിച്ച വഴികൾ നോക്കാനും മാറാലകൾ കീറി മാറ്റി നാടിന്റെ നേരായ വഴി തെളിയിച്ചെടുക്കാനും കവി വായനക്കാരോട് ആഹ്വാനം ചെയ്യുന്നുണ്ട്. 


മന്ത്രിസ്ഥാനമൊക്കെ വെടിഞ്ഞ ശേഷം മുൻ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി സുധാകരൻ മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് അങ്ങനെ കടന്നു വരിക പതിവില്ല. എന്നാൽ, മന്ത്രിയായിരുന്നപ്പോൾ അവിരാമം തുടർന്നിരുന്ന തന്റെ കാവ്യസപര്യയുടെ ഏറ്റവും പുതിയ ബഹിർസ്ഫുരണം കഴിഞ്ഞ ദിവസം അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നത് ശ്രദ്ധേയമായിരിക്കുകയാണ്. കലാകൗമുദിയിൽ അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ "മിഥ്യാവാദം" എന്ന ഏറ്റവും പുതിയ കവിത, അതിൽ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ഗഹനത നിമിത്തം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഇതിന്റെ പേപ്പർ കട്ടിങ്ങാണ് ഇപ്പോൾ ഏറെ വൈറലായി സാമൂഹിക മാധ്യമങ്ങളിൽ  പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

"കമ്പിയില്ലാ കമ്പി നിർമിച്ചു "എന്ന് തുടങ്ങുന്ന ഈ കവിതയിൽ  " അസ്ത്യുത്ത രസ്യാം ദിശി ദേവതാത്മാ" എന്നുള്ള കുമാരസംഭവത്തിലെ വരിയും കവി ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ കവി പറയുന്നത് ഹിമവാന്റെ മുകളിൽ നിന്ന് നാട്ടിൽ അമ്മയ്ക്ക് കമ്പിയടിക്കുന പട്ടാളക്കാരനെക്കുറിച്ചും, ആ കമ്പി നാട്ടിൽ അമ്മയ്ക്ക് പോസ്റ്റുമാൻ കൊണ്ടുചെന്നു കൊടുക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ അലയടിക്കുന്ന ആഹ്ലാദത്തെക്കുറിച്ചുമാണ്. പൂർവികർ നമുക്കായി വെട്ടിത്തെളിച്ച വഴികൾ നോക്കാനും മാറാലകൾ കീറി മാറ്റി നാടിന്റെ നേരായ വഴി തെളിയിച്ചെടുക്കാനും കവി വായനക്കാരോട് ആഹ്വാനം ചെയ്യുന്നുണ്ട്. വിശ്വാസമാണ് വലുത്, അവിശ്വാസം മരണമാണ് എന്ന് കവി പറയുമ്പോൾ വായനക്കാരൻ ഒരു ഞൊടി സംശയാലുവായേക്കാം എങ്കിലും, കവിതയുടെ ഒടുക്കത്തെ ആ വിശ്വാസം വിശ്വവിശ്വാസം എന്ന മഹദ് ആശയമാണ് എന്നറിയുമ്പോൾ വായനക്കാരന് സമാധാനലബ്ധി കൈവരുന്നു. സത്യവിശ്വാസം അവിശ്വാസത്തെ യുക്തിതൻ ചിന്താ ശരങ്ങളാൽ വധിക്കും എന്നുകൂടി പ്രസ്താവിച്ചുകൊണ്ടാണ് കവി തന്റെ സൃഷ്ടിക്ക് തിരശീല വീഴ്ത്തുന്നത്. 
 
   
ഇതിനു മുമ്പ്, കൊവിഡ് ലോക്ക് ഡൗൺ കാലത്ത്, ഏറെ പുതുമയാർന്നൊരു കൊറോണക്കവിതയുമായും അദ്ദേഹം എത്തിയിരുന്നു. ജി സുധാകരൻ എന്ന തീപ്പൊരി നേതാവിന്റെ അമ്ലരുചിയുള്ള ജിഹ്വയെ പരിചയിച്ചിട്ടുള്ള പലർക്കും പക്ഷേ, സാഹിത്യത്തിൽ അദ്ദേഹത്തിനുള്ള അനന്യമായ അഭിരുചിയെപ്പറ്റി ധാരണയുണ്ടാകാൻ വഴിയില്ല. ഏറെക്കാലമായി കവിത എഴുതുന്നുണ്ട് ജി സുധാകരൻ.  ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ, ഇന്ത്യയെ കണ്ടെത്തൽ, പയ്യാമ്പലം, ഉന്നതങ്ങളിലെ പൊള്ളമനുഷ്യർ, അറേബ്യൻ പണിക്കാർ തുടങ്ങി പത്തോളം സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി അച്ചടിമഷി പുരണ്ടിട്ടുണ്ട്.  കവിതകളോട് പ്രിയം തോന്നി വായനക്കാരിൽ ചിലർ തന്നെ ഈണം കൊടുത്തു ചൊല്ലിയ സുധാകരന്റെ അപൂർവം ചില കവിതകൾ യുട്യൂബിലും ലഭ്യമാണ്.

Latest Videos

undefined

അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയെപ്പറ്റി ജി സുധാകരൻ അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്ത് എഴുതിയ 'ആരാണ് നീ ഈ ഒബാമ' എന്ന കവിത, ചെങ്ങന്നൂർ നിന്നുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സാക്ഷാൽ ഒബാമക്ക് തന്നെ അയച്ചു നൽകുകയും, പരിഭാഷാനന്തരം അഭിനന്ദനപ്രവാഹത്തിനു കാരണമാവുകയും ചെയ്ത ഒന്നാണ്.

2018 -ൽ ഷാർജ ബുക്ക് ഫെയറിൽ വെച്ച് സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന സമാഹാരം പുറത്തിറങ്ങിയിരുന്നു. 'പൂച്ചേ പൂച്ചേ', 'വീണ്ടും ഞങ്ങൾ കാത്തിരിക്കുന്നു', 'എൻ കവിതേ', 'മണിവീണ മന്ത്രിക്കുന്നു', 'വിശ്വാസികളോടും വിദ്വേഷികളോടും', 'ഉണരുന്ന ഓർമ്മകൾ', 'കൊയ്ത്തുകാരികൾ' തുടങ്ങിയ പന്ത്രണ്ടു കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറക്കിയത് കണ്ണൂർ കൈരളി ബുക്ക്സായിരുന്നു. കഴിഞ്ഞ മാർച്ച് 20 -ന് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ സംഗീത സംവിധാനം ചെയ്ത് പ്രശസ്തഗായകർ ആലപിച്ച് മനോരമ മ്യൂസിക് തയ്യാറാക്കിയ ജി.സുധാകരൻറെ തെരഞ്ഞെടുത്ത കവിതകളുടെ സി.ഡി പ്രകാശനവും നടക്കാനിരിക്കയായിരുന്നു കൊവിഡിന്റെ കെടുതി സംസ്ഥാനത്തെ ആവേശിക്കുന്നത്. 'കനൽ വഴികൾ' എന്നായിരുന്നു ആ കാവ്യോപഹാരത്തിന് കവി ഇട്ടിരുന്ന പേര്.  തിരുവനന്തപുരം സ്റ്റുഡൻറ്സ്   സെൻററിൽ വച്ച് നടത്താനിരുന്ന ആ പരിപാടി കോറോണവൈറസ് പ്രതിരോധത്തിൻറെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് താത്കാലികമായി മറ്റൊരു ദിവസത്തേക്ക് അന്ന് മാറ്റിവെച്ചത്. കോവിദഃ കാലത്ത് അദ്ദേഹമെഴുതിയ 
'ഒണക്കക്കൊഞ്ച് പോലെൻ ഹൃദയം' എന്ന കവിത ഏറെ ശ്രദ്ധേയമാണ്. ആത്മാർത്ഥമായൊരു ഹൃദയം തലച്ചോറിന് പകരം കൊണ്ടു നടക്കുന്ന തന്നെയും സഹതാപലേശമില്ലാത്ത ഈ കപടലോകം കൊഞ്ചുപോലെ വറുത്തു പൊടിച്ചു ഭുജിച്ചു കളയുമോ എന്ന ആശങ്കയിലാണ് കവി ആ  കവിത അവസാനിപ്പിക്കുന്നത്. 

“കവിത നമുക്ക് എന്തായി ഭവിക്കണം എന്ന് നമ്മുടെ ബോധമനസ്സിനെ താക്കീത് ചെയ്യുന്ന രചനകളാണ് സുധാകരകവിതകൾ.” എന്ന് കഥാകൃത്തായ യു എ ഖാദർ എഴുതിയിട്ടുണ്ട്. പ്രളയമുണ്ടായകാലത്ത് പ്രകൃതിയെ യക്ഷീരൂപിണിയായി കണ്ടുകൊണ്ട് കവിത എഴുതിയിട്ടുള്ളകവി തന്റെ കവിതകളുടെ ഉറവിടം കടലാണ് എന്ന് ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ചിട്ടുണ്ട്. തിരക്കിട്ട ജീവിതത്തിനിടെ, അവസരം കിട്ടുമ്പോഴൊക്കെ, കിട്ടിയ പ്രതലങ്ങളിലൊക്കെ കവിതയെഴുതിയിട്ടുണ്ട് സുധാകരൻ. ചിലപ്പോൾ തുണ്ടുകടലാസിൽ, ചിലപ്പോൾ നോട്ടീസിന്റെ പുറത്ത്...! നിയമസഭയിൽ വരെ ഇരുന്നു കവിതയെഴുതിയിട്ടുണ്ട് എന്ന് കവി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടൊരിക്കൽ. മന്ത്രി എന്ന നിലയ്ക്ക് സദാ യാത്രകൾ ആയതുകൊണ്ട് കാറിൽ സഞ്ചരിക്കുമ്പോഴും, ട്രെയിനിലിരുന്നും, എന്തിന് പൊതുയോഗങ്ങളിൽ തന്റെ ഊഴം കാത്തു സ്റ്റേജിൽ ഇരിക്കുമ്പോൾ വരെ ജി സുധാകരൻ എന്ന ജനനേതാവ് കവിതകൾ കുറിച്ചിട്ടുണ്ട്. 

click me!