14 വര്‍ഷം മുമ്പ് എന്‍ എസ് മാധവന്‍ മലയാളി വായനാ സമൂഹത്തിനു പരിചയപ്പെടുത്തിയ സിദ്ദിഹ പി എസ് ഒന്നരപ്പതിറ്റാണ്ടിന്റെ നിശ്ശബ്ദതയ്ക്കുശേഷം എഴുതിയ കവിതകള്‍.
പതിനാലു സംവല്‍സരങ്ങള്‍ക്കു മുമ്പ്, മലയാളത്തിന്റെ വായനാസമൂഹം ശ്രദ്ധയോടെ വായിച്ച ഒരു കൗമാരക്കാരിയുണ്ടായിരുന്നു. കോട്ടയം പൊന്‍കുന്നത്ത് ജനിച്ചുവളര്‍ന്ന സിദ്ദിഹ പി എസ്. കോഴിക്കോട്ടെ ഇന്‍സൈറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച സിദ്ദിഹയുടെ 'എന്റെ കവിത എനിക്ക് വിലാസം' എന്ന സമാഹാരം അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍. സ്‌കൂളുകളില്‍നിന്നും ഇന്നത്തെ പോലെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്ത കാലം. പുതിയ ഭാവുകതത്വത്തിന്റെ അനായാസമായ ഒഴുക്കായി സിദ്ദിഹ അന്ന് വായിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു, വെള്ളിടി എന്ന തന്റെ കോളത്തില്‍ 2006 സെപ്തംബര്‍ 22 ന് എന്‍ എസ് മാധവന്‍ സിദ്ദിഹയെക്കുറിച്ച് എഴുതിയ കുറിപ്പ്. 'പുതിയ എഴുത്ത്: സിദ്ദിഹ പി എസ്' എന്ന തലക്കെട്ടില്‍വന്ന ആ കുറിപ്പ്, ഏറെ പ്രതീക്ഷകേളാടെയാണ് സിദ്ദിഹയെ സമീപിച്ചിരുന്നത്.
കവിതയുടെ മാനിഫെസ്‌റ്റോ പോലെ, സിദ്ദിഹ എഴുതിയ നാല് വരികള്‍ എസ് എസ് മാധവന്‍ ആ കുറിപ്പില്‍ ഉദ്ധരിച്ചിരുന്നു:
undefined
എന്റെ കവിതകള്‍
എന്റെ പ്രേമംപോലെ തീവ്രമെങ്കില്‍
കവിതയുടെ കാടുകള്‍ പൂക്കട്ടെ
എന്റെ കവിതകള്‍ എനിക്കു വിലാസമാകട്ടെ
(കവിത)
ആ പുസ്തകം സിദ്ദിഹയുടെ വിലാസം തന്നെയായിരുന്നു. അതിലെ കവിതകള്‍ പ്രേമം പോലെ തീവ്രമായ കാവ്യഭാവുകതത്വത്തിന്റെ കൊടിയടയാളവും. അതിനാലാവാം, മാധവന്‍ ഇങ്ങനെ എഴുതിയത്. ''ഈ കവി ഭാവിയില്‍ എന്താകും എന്നൊന്നും എനിക്കറിയില്ല. ഇന്ന്, ഇപ്പോള്‍, ഈ നിമിഷം സിദ്ദിഹയെ വായിക്കുന്നത് എനിക്കു ഇഷ്ടമാണ്. കവിക്കും നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഇല്ല. അതൊരു നല്ല ലക്ഷണമാണ്.''
നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഒന്നുമില്ലെന്ന് മാധവന്‍ വായിച്ച ആ കുട്ടിക്കവി എഴുത്തിന്റെ ആകാശത്തിരുന്ന് അധികകാലം ഭൂമിയെ നോക്കിയില്ല. കവിതയുടെ പൂത്ത കാടുകളെ മറവിയില്‍ ഉണക്കാനിട്ട്, അവള്‍ ജീവിതത്തിന്റെ പല കരകളിലേക്ക് പറന്നു. കാടും മലയും മരുഭൂമിയും കടലും പിന്നിട്ട യാത്രകള്‍ക്കിടെ ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. സിദ്ദിഹ ഇപ്പോള്‍ വിദ്യാര്‍ത്ഥിനി അല്ല, കൊറോണക്കാലത്ത് സുരക്ഷാ വസ്ത്രങ്ങളില്‍ പുതഞ്ഞുജീവിക്കുന്ന ഒരു നഴ്‌സാണ്.
നീണ്ട നിശ്ശബ്ദതയുടെ ഒന്നര പതിറ്റാണ്ടിനു ശേഷം അവള്‍ വീണ്ടും കവിതകളിലേക്ക് തിരിച്ചുവന്നിരിക്കുന്നു. കുട്ടിക്കാലത്തിന്റെ പുസ്തകത്തിലെ വാക്കുകളെ ജീവിതം മറ്റ് പലയിടങ്ങളിലേക്കും പറിച്ചുനട്ടിരിക്കുന്നു. അവയില്‍ പുതിയ കാലത്തെ മനുഷ്യജീവിതമുണ്ട്. ഓര്‍മ്മകള്‍ കൊണ്ട് നിശ്ശബ്ദതയെ എയ്തിടാനായുന്ന വാക്കിന്റെ അമ്പുകളുണ്ട്. കവിത അതിജീവനവും ജീവിതവുമാവുന്നത് പുതിയ സിദ്ദിഹക്കവിതകളില്‍ വായിക്കാം.
പൂവേലില്‍
വീട്ടുപേരിലുള്ള വീടേ
നിന്നിലൊരൊറ്റ രാത്രി പോലും
തല ചായ്ച്ചില്ല
പനിച്ച നിന്നെ
പച്ചവെള്ളം കൊണ്ട് തുടച്ചില്ല
കല്‍ഭിത്തിയില്‍ കൈ ചേര്‍ത്ത്
സ്പന്ദനമറിഞ്ഞില്ല
നീയൊളിപ്പിച്ച രഹസ്യവിഷദംശനം
നിന്നെ കരിനീലിപ്പിച്ചിരിക്കുന്നു
എന്റെ മന്ദാരം മൊട്ടയടിച്ചു മനസികരോഗിയെപ്പോലെ
വിഷാദിച്ചു നില്‍ക്കുന്നു
അവളുടെ ചെപ്പുകള്‍ കളവുപോയിരിക്കുന്നു
വെട്ടാനാളില്ലാതെ
കിണറിന്റെ മുടി വളര്‍ന്നു
കാടായിരിക്കുന്നു
ഉയരച്ചില്ലയില്‍ മാത്രം കായ്ച്ചു
പേരയാരോടോ
പകരം വീട്ടുന്നു
നിലവിളിച്ചു നീട്ടിയ
നിന്റെ തേക്കിന്‍കൈയാരോ
ചെത്തിയെടുത്തു
വയറില്‍ തുളയോടെ
വീണു കിടന്ന
തേക്കിന്‍ പൂവുകള്‍ കോര്‍ത്തു ഞാന്‍ അലക്കുകല്ലിനു ചാര്‍ത്തി
എന്നോ അരച്ച് ചുറ്റിയ ചമ്മന്തി
അമ്മിക്കല്ലില്‍ നിന്നിഴഞ്ഞിറങ്ങിപ്പോയി
എപ്പഴും കെട്ടവെള്ളമാണിവിടെയെന്നു
കാപ്പി മുഖം കറുപ്പിച്ചു
എന്റെ മധുരച്ചക്ക ഇടിവെട്ടി
നെഞ്ച് കരിഞ്ഞു നിന്നു
ഒന്നുമറിയാത്ത പോലെ
ബദാം വട്ടം വരച്ചു കളിച്ചു
നീ ഊഞ്ഞാലാട്ടിയ
കടച്ചക്കയില്‍
മുറിക്കയറിരുകിയിരിക്കുന്നു
നിനക്കെത്ര വെടിയേറ്റെന്ന്
തുളകള്‍ എണ്ണം പറഞ്ഞു
പരിഭവിച്ചിട്ടെന്തിന്,
എന്റെയോട്ടങ്ങളില്‍
എളിയിലെടുത്തോടാന്‍ പറ്റുമോ
നീ വീടല്ലേ വീടേ?
സാമൂഹിക അകലം
മാനസിക ഒരുമ
എന്റെ വരികള്‍ക്കിടയിലൂടെ നിന്നെ ഒളിപ്പിച്ചു കടത്തും
നിന്റെ വിറയാര്‍ന്ന ചുണ്ടുകള്‍ എന്നെ കവിള്‍ നിറയെ ചിരിപ്പിക്കും
എനിക്ക് നിന്നെക്കാള്‍ ബലം വരുകയും നിന്റെ കൈ വലിച്ചു
മുന്നോട്ടോടുകയുമാവും
പരിഭവങ്ങളുടെ
കട്ടന്‍ കാപ്പി ഊതിക്കുടിക്കുമ്പോഴാവും
അമ്മ വാതില്‍ തുറക്കുക
ഝടുതിയില്‍ നിന്നെ
വെള്ളപുതപ്പിച്ചു കിടത്തും
'അമ്മയാണെ ഞാനവനെ ഓര്‍ക്കുന്നു പോലുമില്ലെ'ന്ന
കള്ളനാണയം കൊടുക്കും
'പെങ്കുട്ട്യോളിങ്ങനെ ഒറ്റക്കിരിക്കണത് ശരിയല്ല' എന്ന പിറുപിറുപ്പ്
അകലുമ്പോഴേക്കും
നിന്‍ നാമം ജപിച്ചു
ഞാന്‍ വാല്‍മീകിയാകും
ഉപ്പാപ്പ
കീടങ്ങള്‍ കടിച്ചു തൂങ്ങിയിട്ടും
വെളുത്ത രോമക്കാടിനു
അപ്പൂപ്പന്‍താടിയുടെ ഭാരമില്ലായ്മ
കാറ്റെവിടേക്ക് വിളിച്ചാലും കൂടെ വന്നോളാമെന്ന അനുസരണം
'എന്തെങ്കിലും കഴിക്കാന്‍ പറ്റുമെങ്കില്‍ കഴിക്കൂ.
വെന്റിലേറ്ററില്‍ ആയാല്‍ പിന്നെ പറ്റിയെന്നു വരില്ല'
മനുഷ്യത്വമില്ലാത്ത ശാസനം.
മുറിഞ്ഞു നീറുന്നുവെന്നു തൊണ്ട തുറന്നു കാണിച്ചു തന്നു
ഇത്തിരി ചൂട് വെള്ളം ചുണ്ടോടുപ്പിച്ചു കൊടുത്തപ്പോള്‍ കണ്ണിനൊരു തിളക്കം
'ആപ് കിദര്‍ സെ ഹേ'
'ഇന്ത്യാ സെ'
'വെല്‍കം ടു പാക്കിസ്ഥാന്‍'
കണ്ണ് നിറച്ചും ചിലരൊക്കെ ചിരിപ്പിക്കും...
എനിക്ക് ശ്വാസം മുട്ടുന്നു!
ഞാനറിയാതെ നിങ്ങളെന്നെ
പിന്തുടരുന്നു
എന്നെ ചോദ്യം ചെയ്യുന്നു
ആള്‍ക്കൂട്ടത്തിനിടയിലെന്റെ
തൊലിയുരിക്കുന്നു
ഒരു വിട്ടു വീഴ്ചക്കും
വകയില്ലാതെ
ഒറ്റുകൊടുക്കുന്നു
ആരാണെന്റെയിണയെ
അമ്പെയ്യുന്നത്
എന്റെ കുഞ്ഞുങ്ങളുടെ
കളിപ്പാട്ടങ്ങള്‍ കയ്യോടൊപ്പം
മുറിച്ചെടുക്കുന്നത്
എനിക്ക് കടക്കേണ്ട പാലങ്ങള്‍ക്ക്
തീവെക്കുന്നത്
ചുട്ടുപൊള്ളുന്ന ഈ റോഡ്
പണ്ടെന്നോ പിടിച്ചു നടന്ന
കരിങ്കൊടിയാവണം
ഇതെനിക്ക് പോകേണ്ട വഴിയല്ല
ഞാന്‍ പിടിച്ചു നില്‍ക്കുന്നത്
ജനലഴികളല്ല
ഇരുമ്പു പാളങ്ങളായവ
കനക്കുന്നു
എനിക്ക് തിരക്കില്ല
എന്നിട്ടും കാഴ്ചകള്‍
എന്നെയിട്ടേച്ചു
തിരക്കിട്ട് പിന്നിലേക്ക് പായുന്നു
പുണ്ണുകളാര്‍ന്ന തൊണ്ടകൊണ്ടുള്ള
മുരണ്ട നിലവിളിയല്ല
വെളുത്ത പശുക്കള്‍ അയവെട്ടുന്ന
കറുത്ത തൊലിപ്പുറത്തിന്റെ
മുദ്രാവാക്യമാണിത്
'എനിക്ക് ശ്വാസം മുട്ടുന്നു!'
കൊന്ന
കട്ടയുറക്കത്തിലെന്നെ തട്ടി വിളിച്ചു
പലക മേലിരുന്ന സ്ത്രീ
ചേര്‍ത്തു പിടിച്ചു കരഞ്ഞ നിമിഷങ്ങള്‍ക്ക്
മഴ കൊണ്ട കണ്ണാടിച്ചില്ലിനപ്പുറത്തെ അവ്യക്തത
പെട്ടിത്രാസില്‍ കിടന്നുറങ്ങിയ ഞാനെങ്ങനെ പായിലെത്തി
എന്ന് ചിന്തിച്ചു
ഉമിക്കരി കൊണ്ട്
ഇനിയും വെളുക്കാത്ത
പകലിനെ ഉരക്കുമ്പോള്‍
അവരെ വീണ്ടും കണ്ടു.
വല്ലിമ്മ തന്ന ചൂടുള്ള ചായ
അരകവിള്‍ മോന്തും മുന്‍പേ
ഉസ്താദിന്റെ സൈക്കിള്‍ മണി
ഞങ്ങളെ വലിച്ചു കൊണ്ട് പോയി
ആവുന്ന പണികള്‍ ചെയ്തു സ്‌കൂളിലേക്കിറങ്ങുമ്പോള്‍
'നിന്റെ ഉമ്മയവിടെ'
എന്ന് ചോദിച്ചു വക്രിച്ചു ചിരിച്ചു വല്ലിമ്മ.
'മരിച്ചു പോയില്ലേ?'
എന്ന് തിരിച്ചു ചോദിച്ചു സ്‌കൂളെത്തിയിട്ടും
സത്യമേത് മിഥ്യയെതെന്നു
ചിന്തിച്ചു കുഴഞ്ഞു പനിച്ചു വിറച്ചു .
പനിക്കാല മരുന്നില്‍ മങ്ങിയ കാഴ്ചക്ക്
പിന്നെ കിട്ടിയ കണ്ണട ഊരിവെച്ചന്നു
കൊന്നക്കാട്ടിലേക്ക് മാഞ്ഞു പോയ അവര്‍
എന്റെ ഉമ്മയാണെന്ന് ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നില്ല!
ഉമ്മകള്‍
ഉമ്മകള്‍
വേവുകളുടെ
വാതിലുകള്‍
തുറക്കുകയോ
അടക്കുകയോ ചെയ്യുന്ന
താക്കോലുകളാണ്
കദനം
കുത്തിനിറച്ച
കത്തുകളില്‍
കുത്തിയ
അന്ത്യമുദ്രയാണ്
മരിച്ചവരുടെ
മിഴികളൊട്ടിച്ച
പശിമയാണ്
മലരിന്റെ ലോലത
സ്വപ്നം കണ്ടുറങ്ങിയ
കള്ളിമുള്ളുകളുടെ
ചുണ്ടിലെ മുറിവുകളാണ്
ചോറ്റിന്‍ കലത്തില്‍
ചുണ്ടുതിരഞ്ഞു
പതഞ്ഞു വക്കോളമെത്തി
ആവിയായിപ്പോയൊരു
പാഴ്കിനാവാണ്
എനിക്കുമ്മകളോടുള്ള വെറുപ്പ്
പൂവിന്റെ വശ്യത ഗര്‍ഭം ധരിച്ച
വിഷക്കായകളരച്ചുമ്മവെച്ച
നിന്നെക്കണ്ടത് മുതലാണ്
മുള്‍പ്പൂവ്
തലേന്ന്
കളിപറഞ്ഞു ചിരിച്ച
മുക്കുറ്റിപ്പൂക്കള്‍
വേര് പുറത്തുചാടി
ചുറ്റും ചത്തുകിടന്ന അന്ന്
കപട സ്‌നേഹിയുടെ
വളര്‍ത്തുചെടിജീവിതം
എനിക്ക് മടുത്തു
നെറ്റിയിലുമ്മവെച്ച്
നിറയെ പൂക്കണമെന്നു പറഞ്ഞു
കുഴഞ്ഞു വീണപ്പോഴാണ്
കാക്കാത്തിപ്പൂവിന്റെ കടയ്ക്കലും
കത്തി പാഞ്ഞെന്നറിഞ്ഞത്
വേദനകളൊക്കെ
മുള്ളുകളായെങ്കിലും
മുള്ളുകള്‍ ആരെയും വേദനിപ്പിക്കാതായതില്‍പിന്നെ
വേണ്ടിടത്തും
വേണ്ടാത്തിടത്തും
വെറുതെ പൂത്തു
കാക്കാത്തി പിന്നെയും തളിര്‍ത്തോ
എന്നറിയാനുള്ള വെമ്പലില്‍
എത്തിനോക്കിയ
മുലമൊട്ടിനെ
ഞെട്ടോടെ പറിച്ചു നീ
വിരലില്‍ തിരുമ്മി
മണത്തു വലിച്ചെറിഞ്ഞേച്ചു പോയന്നു
മാറുപൊത്തിപിടിച്ചു
മരിച്ചാല്‍ മതിയെന്ന് തോന്നിയ നേരത്ത്
ഞാന്‍ തന്നെയാണ്
വെട്ടാന്‍ നീട്ടിക്കൊടുത്തത്
അനുസരണയില്ലാതെ
കയ്യാലപ്പുറത്തേക്കെത്തിനോക്കിയ
കൊമ്പിനെ.
വാശിക്ക് നിറയെപ്പൂത്തു തളിര്‍ത്തു
തളര്‍ന്നുറങ്ങിയ രാത്രി
ഞാന്‍ വള്ളിച്ചെടിയായത്
സ്വപ്നം കണ്ടു
മലര്‍ന്നു കിടന്ന്
മഴമുഴുവന്‍
മാറില്‍ നിറച്ചു
കുളിരണിഞ്ഞ വിരലുകളില്‍
പച്ചത്തളിരണിഞ്ഞു
മണ്ണിനെ ഇക്കിളിപ്പെടുത്തി
കാറ്റു തള്ളിയിട്ടു
വേനല്‍ ചിത കൊളുത്തിയ
മരത്തെപുണര്‍ന്നു
വീണ്ടും തളിര്‍ത്തല്ലോ
എന്നവളുടെ ചെവിയില്‍ മൊഴിഞ്ഞു
നാണം കൊണ്ട് തുടുത്തവളെ
ഒന്നൂടെ കെട്ടിവരിഞ്ഞു
പൊന്തകളെ പൊതിഞ്ഞു
പറമ്പുകള്‍ കടന്നു
കയ്യാലകളില്‍ പടര്‍ന്നു
ചെടിച്ചട്ടിച്ചെടികളുടെ
നെറ്റിയിലുമ്മ വെച്ച്
നിറയെപ്പൂക്കണേയെന്നോര്‍മ്മിപ്പിച്ചു
'നിനക്കെങ്ങനെ
പേരില്ലാതെ
വേരെക്കൂട്ടാതെ
പടര്‍ന്നു നടക്കാനാവുന്നു'
എന്ന അസൂയചോദ്യത്തിനു
പച്ചവിടര്‍ത്തി ചിരിച്ചു
പടര്‍ന്നു പടര്‍ന്നു
പടര്‍ന്നു പടര്‍ന്നു...
സിദ്ദിഹയുടെ കവിതകളെക്കുറിച്ച് 14 വര്‍ഷം മുമ്പ് എന്‍ എസ് മാധവന്‍ എഴുതിയ കുറിപ്പ്
വീടുടല്‍
വാസയോഗ്യമല്ല
കേറിച്ചെല്ലുവാന്‍
ഇറങ്ങിപ്പോകുവാന്‍
തിരികെ വരുവാന്‍
മാത്രമായുള്ളത്
ഒറ്റപ്പുലരിയില്‍പ്പൂത്ത പെണ്ണിനെ
ഇറുക്കുന്ന കൈകളില്‍
ആത്മനിന്ദാശ്രുപ്പെയ്ത്ത്
പൊഴിച്ച പടങ്ങളിന്‍
ഉടല്‍ മിനുസങ്ങള്‍
നിറയുന്നു കണ്ണിലെന്നും
ചോര പടര്‍ന്ന
സാരി വാരിച്ചുറ്റി
സൂര്യകരണത്തടിക്കും
സന്ധ്യ.
നീ, ഞാന്‍, നമ്മള്‍
നീയെന്‍ മനസ്സിലുള്ളത്
മാനത്തു വരക്കുന്നവന്‍
വെറുതെ
ഒരു ബന്ധവും സങ്കല്പിക്കാതെ
നിങ്ങളെ ഇഷ്ടമാണെന്ന്
മഞ്ഞുരുകുന്നവന്‍*
ഞാന്‍
മൂര്‍ച്ചയുള്ള പണിയായുധങ്ങള്‍ക്കിടയില്‍
ഒറ്റപ്പെട്ട കുഞ്ഞു പെണ്‍ചെരിപ്പിന്റെ
കഥ പറയുന്നവള്‍
കപ്പലണ്ടിക്ക് കവിതയെ
തൂക്കി വില്‍ക്കുന്നവള്‍
നീ വന്യ മൃഗവും
ഞാന്‍ വളര്‍ത്തു മൃഗവും
നീ കാട്ടാറു വെള്ളവും
ഞാന്‍ കാടിവെള്ളവും
എന്റെ നഖങ്ങള്‍
പൂവിതള്‍ പോലെ
മൃദുവാര്‍ന്നത്
നേര്‍ത്ത
നിറം തേച്ചത്
ചുണ്ടു പോലും
തേന്‍ മിട്ടായിയാക്കിയത്
എന്റെ ദ്രംഷ്ടകള്‍
ഉച്ചിഷ്ടം തിന്നാനുള്ളത്
എന്റെ ചിറകുകള്‍
'തേനേ പൂവേ'എന്ന് കൊഞ്ചിക്കുമ്പോള്‍ ചുരുണ്ടൊതുങ്ങാനുള്ളത്
നീ എത്ര ഉയരത്തിലാണ് ചാടുന്നത്
എനിക്കീ മുറ്റത്തെ
കള്ളികളില്‍ പോലും
ചാടിക്കളിച്ചു കൂടാ
നീയെത്ര സുന്ദരമായാണ് ഗര്‍ജ്ജിക്കുന്നത്
എനിക്കൊന്നുറക്കെ ചിരിച്ചു കൂടാ
നമ്മുടെ വഴി,
നടത്തങ്ങളെ
മുറിക്കുന്ന
ഏതോ ലിപിയിലെ
ചില്ലക്ഷരങ്ങളാലുള്ളത്
നമ്മുടെ ഗര്‍ഭാശയങ്ങളില്‍
പാതിവെന്ത വിത്തുകള്‍
നീ മുടിക്കുത്തിനു പിടിച്ചു
കാടത്തം കൊണ്ടുമ്മ വെക്കുമ്പോഴേക്ക്
തകര്‍ന്നു പോകുന്നെന്‍
സാമ്രാജ്യം
നിന്റെയും എന്റെയും പ്രണയമെങ്ങനെ ഒന്നാകുമെന്നാണ്?