ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയത് ബംഗളൂരുവിലോ? ‘ഡിസ്‍കവറിങ് ബംഗളൂരു’ പറയുന്നത്

By Bindu A V  |  First Published Nov 26, 2019, 5:38 PM IST

ഒന്നാം സ്വാതന്ത്ര്യസമരം അല്ലെങ്കിൽ ശിപായി ലഹള നടന്നത് 1857 -ൽ മീററ്റിലാണെന്നാണ് ചരിത്രപുസ്തകത്തിൽ നിന്ന് നാം വായിച്ചറിയുന്നത്. എന്നാൽ, അതിനു മുമ്പ് 1832 -ൽ ബംഗളൂരുവിൽ സമാനമായ രീതിയിലുളള ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും അതിൽ പങ്കെടുത്തവരെ ഇന്നത്തെ എംജി റോഡ് നിൽക്കുന്നിടത്തുണ്ടായിരുന്ന പരേഡ് ഗ്രൗണ്ടിൽ വച്ച് ബ്രിട്ടീഷുകാർ വെടിവെച്ചുവെന്നും പുസ്തകത്തിൽ പറയുന്നു.
 


ബംഗളൂരു നഗരത്തിലെ കണ്ഠീരവ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന ഇടം പണ്ടൊരു തടാകമായിരുന്നു. റോമൻ കച്ചവടക്കാരുടെ മുഖ്യ കേന്ദ്രമായിരുന്നു യശ്വന്തപുരം. ചക്കപ്പഴം കൂടുതൽ ഉള്ള സ്ഥലമായതിനാലാണ് ഹളസൂരുവിന് ആ പേരു വന്നത്. ഇന്നത്തെ ലാൽബാഗ് ഉദ്യാനം പണ്ട് കാലത്ത് യുദ്ധക്കളമായിരുന്നു. ഇങ്ങനെ ഐടി നഗരമായ ബംഗളൂരുവിന്‍റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുകയാണ് മീര അയ്യരുടെ ‘ഡിസ്കവറിങ് ബംഗളൂരു’ എന്ന പുസ്തകം.

ലോകത്തെവിടെയായാലും എഴുതപ്പെട്ട ചരിത്രങ്ങൾക്ക് അതിന്‍റേതായ പരിമിതികളും വീക്ഷണങ്ങളും ഒരുപക്ഷേ പ്രത്യേക താത്പര്യങ്ങളുമുണ്ടായിരുന്നിരിക്കാം. അവിടെയാണ് മീര നായരെ പോലുളള ചരിത്രാന്വേഷകരുടെ പ്രാധാന്യം. അറിയപ്പെടുന്ന ആ ചരിത്രത്തിന്റെ അടിത്തട്ട് ചികഞ്ഞുകൊണ്ടാണ് അതിനു സമാന്തരമായി വർത്തിച്ചിരുന്ന മറ്റൊരു ചരിത്രത്തെ അവർ പുറത്തെടുക്കുന്നത്.

Latest Videos

അതായത് നഗരത്തിലെ തെരുവുകളുടെ ഭൂതകാലത്തെകുറിച്ചും വിവിധ സ്ഥലങ്ങൾക്ക് പേരുകൾ വന്നതെങ്ങനെയെന്നതിനെ കുറിച്ചുമെല്ലാം എഴുതപ്പെട്ട ചരിത്രങ്ങൾ വളരെ കുറവാണ്.  ഇവയെല്ലാം ‘ഡിസ്കവറിങ് ബംഗളൂരു’ മുഖ്യവിഷയമാക്കുന്നു.

താൻ താമസിക്കുന്ന വീട് നിന്നിടത്ത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് എന്താണ് ഉണ്ടായിരുന്നത് എന്നറിയാനുള്ള കൗതുകം ചിലർക്കെങ്കിലുമുണ്ടാവും. അതൊരു ശ്‍മശാനമായിരുന്നിരിക്കാം അല്ലെങ്കിൽ തടാകമായിരിക്കാം. അത്തരത്തിലുളള അറിവുകളിലെ കൗതുകമാണ് ഈ പുസ്തകത്തിന്റെ കാതൽ എന്നു വേണമെങ്കിൽ പറയാം. അതായത് മുഖ്യധാരാചരിത്രത്തോടൊപ്പം തന്നെ ബംഗളൂരു നഗരത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തെയും എഴുത്തുകാരി ഇവിടെ അടയാളപ്പെടുത്തുന്നു.

മീര

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങളുമായി ആശയവിനിമയം നടത്തിയതുമുതൽ വിദേശരാജ്യങ്ങളിലെ ലൈബ്രറികളിൽ നിന്നുള്ള ചരിത്ര രേഖകൾ, പുരാവസ്തു തെളിവുകൾ, ചരിത്രകാരന്മാരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ തുടങ്ങിയവയെയെല്ലാം ആശ്രയിച്ചാണ് അഞ്ചു വർഷത്തോളമെടുത്ത് മീര പുസ്തകം തയ്യാറിയത്.

യാതൊരു ചരിത്രപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത നഗരമാണ് ബംഗളൂരു എന്ന പലരുടെയും വാദങ്ങളാണ് ഇങ്ങനെ ഒരു പുസ്തകം തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനിടയായതെന്ന് മീര പറയുന്നു. “നമ്മൾ നേരിട്ടു കാണുന്നവയുടെ ചരിത്രമാണ് പുസ്തകത്തിൽ കൂടുതൽ. അതായത് ഏകദേശം 150 വർഷം മുതലുള്ള ചരിത്രം. ചില സ്ഥലങ്ങളിലുളള ശിലാലിഖിതങ്ങൾക്ക് 1600 വർഷം പഴക്കമുണ്ടെങ്കിൽ ചിലത് ഒൻപതാം നൂറ്റാണ്ടിലേതാവും. അങ്ങനെ വരുമ്പോൾ നേരിട്ട് ആ കാലഘട്ടത്തിലേക്ക് കടക്കുന്ന രീതിയാണ് പുസ്‍തകത്തിൽ സ്വീകരിച്ചിരിക്കുന്നത്” മീര ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

നഗരത്തിലെ കബൺപാർക്ക്, വൈറ്റ് ഫീൽഡ്, ഫ്രേസർ ടൗൺ, മല്ലേശ്വരം, ലാൽബാഗ്, യശ്വന്തപുരം, സംപംഗി രാമനഗര, അൾസൂരു എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടുളള ചരിത്രമാണ് പുസ്‍തകത്തിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഗരത്തിൽ കോട്ടകൾ സ്ഥിതിചെയ്യുന്ന ഇടങ്ങളെ കുറിച്ചും പെട്ടെ (നഗരം) ഏരിയകളെ കുറിച്ചും (ചിക്ക്പേട്ട്, ബളേപേട്ട്, കോട്ടൺ പേട്ട് തുടങ്ങിയ ഏരിയകൾ) പ്രതിപാദിക്കുന്നുണ്ട്.

ഒന്നാം സ്വാതന്ത്ര്യസമരം അല്ലെങ്കിൽ ശിപായി ലഹള നടന്നത് 1857 ൽ മീററ്റിലാണ്. എന്നാൽ അതിനു മുൻപ് 1832 ൽ ബംഗളൂരുവിൽ സമാനമായ രീതിയിലുളള ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും അതിൽ പങ്കെടുത്തവരെ ഇന്നത്തെ എംജി റോഡ് നിൽക്കുന്നിടത്തുണ്ടായിരുന്ന പരേഡ് ഗ്രൗണ്ടിൽ വച്ച് ബ്രിട്ടീഷുകാർ വെടിവെച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. 

1891 -ൽ ബിന്നി ആന്‍ഡ് കമ്പനി അവരുടെ ഓയിൽ മില്ലിൽ വൈദ്യുതി കൊണ്ടുവന്നു, ചാമരാജ്പേട്ടിലെ ഫോർട്ട് ഹൈസ്കൂൾ സ്ഥാപിച്ചത് 1800 -ലാണ്. മോസ്ക് റോഡിലെ പ്രശസ്തമായ ആൽബർട്ട് ബേക്കറി സ്ഥാപിച്ചത് 1902 -ലും. ഇങ്ങനെ നഗരത്തെ അടുത്തറിയുന്നവർക്ക് വളരെ കൗതുകത്തോടെ വായിക്കാവുന്ന തരത്തിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്.

“ഇന്നത്തെ ബംഗളൂരു വിവിധ സംസ്‍കാരങ്ങൾ സംഗമിക്കുന്ന നഗരമാണ്. എന്നാൽ, പണ്ടുകാലത്തും നഗരം ഈ ആതിഥേയത്വം കാത്തുസൂക്ഷിച്ചിരുന്നതിനു തെളിവുകളുണ്ട്. നഗരത്തിൽ പലയിടത്തുനിന്നും ലഭിച്ച ചരിത്ര രേഖകളിലെ ഭാഷ കന്നട മാത്രമല്ല തമിഴ്, തെലുങ്ക് ഉൾപ്പെടെയുളള ഭാഷകളിൽ എഴുതപ്പെട്ടവയുമുണ്ട്. കൂടാതെ ഗവേഷണത്തിനിടയിൽ നഗരത്തിലെ 250 വർഷം പഴക്കമുളള കെട്ടിടത്തിൽ ഫ്രഞ്ച് മാതൃകയിലുള്ള അലങ്കാരപ്പണികൾ കണ്ടിരുന്നു. അതിനു തൊട്ടടുത്തായി ഏകദേശം അത്രയും തന്നെ പഴക്കം വരുന്ന മറ്റൊരു കെട്ടിടത്തിൽ ഗ്രീക്ക് മാതൃകയിലുളള അലങ്കാരപ്പണികളായിരുന്നു. ഇതെല്ലാം പറയുന്നത് 1000 വർഷങ്ങൾ മുതൽക്ക് തന്നെ ഇവിടെ വ്യത്യസ്ത ജനവിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണെന്ന് മീര പറയുന്നു. മറ്റു നഗരങ്ങളെപ്പോലെ ബംഗളൂരുവും അതിവേഗം മാറ്റങ്ങൾക്ക് വിധേയമായ നഗരമാണ്. പക്ഷേ, നമ്മളിപ്പോഴും പഴയ ആ ഏകത്വം കാത്തു സൂക്ഷിക്കുന്നുണ്ട്. മീര കൂട്ടിച്ചേർത്തു.

പുസ്തകത്തിൽ മീരയെ കൂടാതെ നഗരത്തിലെ ചില സ്ഥലങ്ങളെ കുറിച്ച്  മഞ്ജുനാഥ്, ഹരിണി, കൃപ എന്നിവർ നടത്തിയ പഠനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മഞ്ജുനാഥ് ഹരിണി എന്നിവർ സംപംഗി രാമനഗരത്തെ കുറിച്ചും കൃപ വൈറ്റ്ഫീൽഡിനെ കുറിച്ചുമാണ് എഴുതിയത്. ചരിത്രരേഖകൾ, പഴയതും പുതിയതുമായ ഫോട്ടോഗ്രാഫുകൾ, മാപ്പുകൾ തുടങ്ങിയവയെല്ലാം 339 പേജുകളുള്ള പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്‍ഡ് കൾച്ചറൽ ഹെറിട്ടേജ്  (ഇൻടാക്) കൺവീനറും ഗവേഷകയുമായ മീര അയ്യർ ജംഷ‍ഡ്‍പൂർ സ്വദേശിയാണ്. ബംഗളൂരു, ദക്ഷിണാഫ്രിക്ക, യുഎസ്എ, ന്യൂഡൽഹി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്വദേശം ജംഷഡ്‍പൂപൂരിലാണെങ്കിലും വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. പുസ്തകം ബംഗളൂരുവിലെ ബുക്ക് സ്റ്റാളുകളിൽ ലഭിക്കും. ഉടനെ ആമസോണിലും ലഭ്യമാവുമെന്ന് മീര പറഞ്ഞു.

click me!