ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മനു വര്‍ഗീസ് എഴുതിയ കഥ
ചില്ല. വാക്കുല്‍സവത്തില്‍ പുതിയൊരു പംക്തി ആരംഭിക്കുന്നു. ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
മേലേ ചിന്നാറും താണ്ടി അടിവാരത്തേയ്ക്ക് മഞ്ഞ് ഇറങ്ങി തുടങ്ങിയിരുന്നു. തോമാച്ചന്റെ കുഴിക്കണ്ടത്തുള്ള ഏലക്കാ സ്റ്റോറില്‍ നിന്ന് ഉയരുന്ന പുകയും ഏലക്കാട്ടിലേയ്ക്ക് തുനിഞ്ഞിറങ്ങുന്ന മഞ്ഞും ഏകദേശം ഒരു പോലെയായിരുന്നു. ഒന്നും കാണുവാന്‍ സാധിക്കാത്ത അവസ്ഥ.
ഇരുട്ട് വീണു തുടങ്ങി, പച്ചയും, മഞ്ഞയും, ചുമപ്പുമണിഞ്ഞ പ്ലാസ്റ്റിക്കില്‍ ശരീരം പൊതിഞ്ഞു പിടിച്ച് പാണ്ടി എസ്റ്റേറ്റിലെ പണിക്കാരി പെണ്ണുങ്ങള്‍ നടന്ന് പോകുന്നത് സജി നോക്കി നിന്നു. ഇന്ന് ഇവള്‍മാര് പണി കയറുവാന്‍ താമസിച്ചോ? കയ്യാലയുടെ പുറന്ന് നിന്ന് ഒന്നൂടെ സജി എത്തിനോക്കി. രമയെ ആ കൂട്ടത്തില്‍ കാണുന്നില്ല, ചെറുപ്പം മുതലെ കാണുന്നതാണ് രമയെ. ഈ പാണ്ടി എസ്റ്റേറ്റില് അമ്മക്കൊപ്പം വന്നപ്പോഴാണ് പുഴക്കരയിലെ ലയത്തില്‍ ആദ്യമായി അവളെ കണ്ടത്. പിന്നെ എലക്കാ എടുക്കാനും, സ്റ്റോറിലെ പണികള്‍ നോക്കാനും എല്ലാം അവള്‍ക്കൊപ്പം അയാളും ഉണ്ടായിരുന്നു. പലപ്പോഴായി ഉള്ളിലെ ഇഷ്ടം പറയണമെന്ന് തോന്നിയതാണ്. പക്ഷെ അടുത്ത് ചെല്ലുമ്പോള്‍, എന്തോ പേടിയാണ്..
''ടാ... കിടുവാ...''
''ഏത് മറ്റവനാടാ... '' എന്ന് ചോദിച്ച് സജി തിരിഞ്ഞ് നോക്കിയപ്പോള്‍ ചാക്കോ ചേട്ടനാണ്. പേര് സജിയെന്നാണെലും നാട്ടുകാര് മിക്കവരും വിളിക്കുന്നത് കിടുവാ സജി എന്നാണ്. അപ്പന്‍ വഴിയാണ് ആ പേര് വരുന്നത്.
പണ്ട് ചാലക്കുടിയില്‍ നിന്ന് ഹൈറേഞ്ചിലേയ്ക്ക് കുടിയേറി വന്നപ്പോള്‍ കല്ലാറിനോട് ചേര്‍ന്നുള്ള കാലിയം എസ്റ്റേറ്റിലാണ് അപ്പന്‍ ആദ്യം പണിക്ക് ചെന്നത്. അവിടെ കുടികിടപ്പുകാരനായ കൊല്ലംപറമ്പില്‍ മാത്തു ചേട്ടനൊപ്പമായിരുന്നു താമസം. ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ള ആ എസ്റ്റേറ്റില് ഒരു ഇരട്ടക്കുഴല്‍ തോക്ക്് ഉണ്ടായിരുന്നത് അപ്പന്റെ കൈയ്യിലായിരുന്നു.
വല്യപ്പന്റെ കാലം മുതല്‍ കൈമാറി വന്ന മുതലാണത്. അന്ന് കാലിയം എസ്റ്റേറ്റിലിറങ്ങിയ ഒരു കടുവയെ അപ്പനും മാത്തു ചേട്ടനും കുരുക്കിട്ട് പിടിച്ചു. അനക്കമില്ലാതെ കിടന്ന അവന്റെ അടുത്തേയ്ക്ക് ആദ്യം ചെന്നത് മാത്തു ചേട്ടനായിരുന്നു. കുടുക്ക് മുറുക്കിയ കയര്‍ അഴിക്കുന്നതിനിടെ അലറികൊണ്ട് അവന്‍ ഒരു ചാട്ടമായിരുന്നു.
ഠോ...ഠോ!
എസ്റ്റേറ്റ് മുഴുവന്‍ ഒന്ന് നടുങ്ങി. അപ്പന്റെ കൈയ്യിലിരുന്ന ഇരട്ടക്കുഴലില്‍ നിന്ന് പാഞ്ഞ വെടിയുണ്ട കടുവയുടെ ഇടതുചെവിയുടെ താഴ്ഭാഗത്തൂടെയാണ് തുളച്ച് കയറിയത്. വിവരം അറിഞ്ഞ് നാട്ടുകാരെല്ലാം ഓടിയെത്തി കടുവയെ പിടിച്ച അപ്പനെയും മാത്തുചേട്ടനെയും തോളിലേറ്റി എസ്റ്റേറ്റ് മുഴുവനായി ഒന്ന് കറങ്ങി.
പിന്നത്തെ ചര്‍ച്ച ചത്ത കടുവയെ എന്ത് ചെയ്യും എന്നതായിരുന്നു. ദീര്‍ഘമായ ഒരു ചര്‍ച്ചയ്ക്ക് വഴി ഒരുക്കാന്‍ അപ്പന്‍ സമ്മതിച്ചില്ലാ. കടുവ ഇറച്ചിയ്ക്ക് നല്ല ടേസ്റ്റാണെന്ന് വല്യപ്പന്‍ പറഞ്ഞുള്ള അറിവ് വെച്ച് അവിടെ ഉണ്ടായിരുന്നവരെയും കൂട്ടി ആ കടുവയെ പങ്കിട്ടെടുക്കാന്‍ അപ്പന്‍ തീരുമാനിച്ചു. അങ്ങനെ സന്തോഷകരമായി ആളാം വീതം എല്ലാവര്‍ക്കും വീതം വെച്ചു. തിരിച്ച് ലയത്തിലെത്തിയപ്പോള്‍ തന്നെ അപ്പനും മാത്തു ചേട്ടനും കടുവ ഇറച്ചി നല്ല കുരുമുളകിട്ട് വരട്ടിയെടുത്തു. മാരിയപ്പന്റെ പാടത്ത് നിന്ന കട്ടന്‍കപ്പയും പറിച്ചുകൊണ്ട് വന്നു വേവിച്ചിളക്കി ഒരു പിടിത്തം പിടിക്കാന്‍ കാത്തിരുന്ന അപ്പന്റെയും മാത്തു ചേട്ടന്റെയും മുമ്പിലേയ്ക്ക് എത്തിയത് ഫോറസ്റ്റ് റെയ്ഞ്ചര്‍ രാമുണ്ണിയും കൂട്ടരുമാണ്.
ഇറച്ചി പങ്കിടുന്നതിനിടെ വാച്ചര്‍ ചെല്ലപ്പനുമായി അപ്പനൊന്ന് കോര്‍ത്തിരുന്നു. കടുവത്തോലിന്റെ പേരിലായിരുന്നു വഴക്ക്. അവസാനം അവന്റെ ചെപ്പ തീര്‍ത്ത് ഒരെണ്ണം കൊടുത്തിട്ടാണ് അപ്പന്‍ വന്നത്. അതിന് കിട്ടിയ പണിയാണ്.
വാച്ചര്‍ ചെല്ലപ്പനാണ് ഒറ്റിയത്. ''കടുവയെ കൊന്ന് തിന്നുമോടാ നാറി..' എന്ന് ചോദിച്ച് കൊമ്പന്‍ മീശ പിരിച്ച് റെയ്ഞ്ചര്‍ രാമുണ്ണി അപ്പനിട്ട് ഒരു ചവിട്ടായിരുന്നു. ''ഒന്ന് കറിയുടെ ഉപ്പ് നോക്കിയിട്ട് വരാം സാറെ'' എന്ന് പറഞ്ഞ മാത്തു ചേട്ടനും കിട്ടി നല്ല കീറ്. പിറ്റേ ദിവസം പത്രത്തില് അപ്പന്റെ ഫോട്ടോയും ഒരു ചട്ടി കടുവ ഇറച്ചി ഉലര്‍ത്തിയതും കൂടെ കടുവ തോലും വെച്ച് പിന്നില്‍ ഞെളിഞ്ഞിരിക്കുന്ന റെയ്ഞ്ചര്‍ രാമുണ്ണിയുടെ ഫോട്ടോ. അപ്പന്റെ ഫോട്ടോയുടെ തലക്കെട്ടാവട്ടെ 'കടുവയെ പിടിച്ച കിടുവ' എന്നും. അങ്ങനെ അപ്പനായി ഉണ്ടാക്കിയ ആ പേര് സജിക്കും കിട്ടി, കിടുവ സജി.
കയ്യാലയുടെ പുറന്ന് നിന്ന് കൈയ്യിലിരിക്കുന്ന ഇരട്ടക്കുഴലും പിടിച്ച് സജി താഴേയ്ക്ക് ചാടി. ''ചാക്കോ ചേട്ടാ.. നമ്മുടെ ഈ ഇരുപ്പ് തുടങ്ങിയിട്ട് ഒരാഴ്ച്ചയായി. ഒന്നുകില്‍ ആ പുലി, അല്ലെങ്കില്‍ ഈ സജി ഏതേലും ഒന്ന് തീരും...''
എരിഞ്ഞ് തീര്‍ന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞിട്ട് ചാക്കോ തോളിലെ സഞ്ചിയില്‍ നിന്ന് ഒരു കുരുക്ക് എടുത്ത് സജിയ്ക്ക് നീട്ടി ''എന്റെ ചാക്കോ ചേട്ടാ, നിങ്ങള്‍ ഈ കുരുക്ക് പരിപാടി നിര്‍ത്തിയില്ലെ, നമ്മള്‍ പിടിക്കാന്‍ പോവുന്നത് കാട്ടുപന്നിയെ അല്ലാ, കടുവയാണ് ..കടുവ.''
''അതറിയാവടാ ചെക്കാ. താഴെ കണ്ടത്തില്‍ മേയാന്‍ വിട്ട എന്റെ പശുവിനെ അവന്‍ കടിച്ചു കീറുന്ന രംഗം ഇപ്പോളും കണ്ണിന്റെ മുമ്പിലുണ്ട്. ഈ കുരുക്ക് മുള്ളേ തീര്‍ത്തേക്കുന്നതാണ്, ചാവുമ്പോള്‍ വേദന അറിഞ്ഞ് തന്നെ ചാവണം...''
''ആ രമയുടെ അനിയത്തി കൊച്ചിന്റെ വിവരം വല്ലതും കിട്ടിയോടാ...''
''ഇല്ലാ ചാക്കോ ചേട്ടാ, എനിക്കുറപ്പാ അവളെ കൊണ്ടുപോയതും ചാക്കോ ചേട്ടന്റെ പശുവിനെ കൊന്ന ആ കടുവ തന്നെയാണ്... ആര്‍ക്കെല്ലാം പരാതി കൊടുത്തു. ഫോറസ്റ്റ് എന്ന് പറഞ്ഞ് കുറച്ചവന്‍മാരുണ്ട്, തിന്നു മുടിപ്പിക്കുന്നതല്ലാതെ എന്ത് ഫലം...''
ഇരുട്ട് കൂടി വന്നു, ഏലത്തട്ടകള്‍ക്കിടയിലൂടെ പെയ്യുന്ന മഞ്ഞ് കണങ്ങളെ സജിയുടെ തലയിലിരിക്കുന്ന ടോര്‍ച്ച് വെട്ടം ചൂഴ്ന്നിറങ്ങി, നിശ്ശബ്ദതയുടെ താഴ്‌വരയില്‍ നിന്ന് ചീവീടുകളുടെ കരച്ചില്‍ മാനം മുട്ടെ ഉയര്‍ന്നു.
ചാക്കോ ഏലക്കാടിനിടയിലൂടെ മുമ്പില്‍ നടന്നു, പിന്നാലെ സജിയും. മേപ്പാറ രഘുവിന്റെ പറമ്പിലേയ്ക്ക് ഒഴുകുന്ന തോടും കടന്ന് മുനമ്പന കുന്നിലെത്തി. ''രണ്ട് ദിവസവും അവനെ അടിവാരത്ത് കണ്ടുവെന്നാണ് എസ്റ്റേറ്റിലെ പാണ്ടി പെണ്ണുങ്ങള്‍ പറഞ്ഞത്. അപ്പോള്‍ ഈ പരിസരത്ത് നിന്നാവും അങ്ങോട്ടുള്ള യാത്ര, നമ്മുക്ക് ആദ്യത്തെ കെണി ഇവിടെ വെക്കാമെടാ സജി.''
സജി കനത്തിലൊന്ന് മൂളി.
ഏലത്തട്ടകള്‍ വകഞ്ഞ് മാറ്റി രണ്ട് പേരുംകൂടി കുരുക്ക് വെച്ച് തുടങ്ങി. ''ഒന്നാന്തരം പൂട്ടാണ്, ഇതില്‍ വീണാല്‍ പിന്നെ തീര്‍ന്നത് തന്നെയാണ്'' - ചാക്കോ കുരുക്ക് മുറുക്കുന്നതിനിടെ പറഞ്ഞു. മുള്ള് കമ്പിയില്‍ വട്ടം തീര്‍ത്ത് മുറുകുന്ന രീതിയിലുള്ള കുരുക്കിനുള്ളില്‍ ചാക്കോ ഇറച്ചി കഷണം തൂക്കിയിട്ടു.
മുന്‍നിരയിലെ നാല് കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. കഴുത്തിലോ തലയ്ക്കു പിന്നിലോ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് ഇരയ്ക്ക് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകള്‍ നഷ്ടപ്പെട്ടാല്‍ അതോടെ കടുവയുടെ ഇരപിടിത്തം നിലയ്ക്കും.
................................
Read more: വണ്‍ ഷേഡ് ലൈറ്റര്‍, സീന ജോസഫ് എഴുതിയ കവിത
................................
രമയുടെ അനിയത്തിക്കുട്ടിയെ കാണാതായപ്പോള്‍ സജിയും കൂടിയാണ് പൊലീസ് സ്‌റ്റേഷനില്‍ ചെന്നത്. കാണ്‍മാനില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ സുരേഷ് പൊലീസ് പറഞ്ഞു: ''എസ്റ്റേറ്റിലെ കേസൊന്നും ഇവിടെ എടുക്കില്ലാ, കാണാതായെങ്കില്‍ വല്ല കടുവയോ പുലിയോ പിടിച്ചതാകും വേണേല്‍ ചെന്ന് ഫോറസ്റ്റോഫീസില്‍ പറ''
''താന്‍ ഏത് കോപ്പിലെ പൊലീസാടോ'' എന്ന് ചോദിച്ച് അടിക്കാന്‍ ചെന്ന സജിയെ തടഞ്ഞത് രമയായിരുന്നു. അവിടുന്ന് ആ ഫോറസ്റ്റ് ഓഫീസില്‍ ചെന്നപ്പോള്‍ അവന്‍മാരുടെ കാമവെറി പിടിച്ച നോട്ടം രമയിലേയ്ക്ക്. അവിടെ കിടന്ന പത്തലെടുത്ത് ആ ഓഫീസറിന്റെ തലക്കിട്ട് ഒരെണ്ണം കൊടുത്ത് അവളെ വീട്ടിലും ആക്കി കടുവയെ പിടിക്കാന്‍ ഇറങ്ങി തിരിച്ചതാണ്.
''എത്ര ദിവസം എടുത്താലും അവനെ പിടിക്കാതെ ഞാന്‍ പോവൂല്ലാ ചാക്കോ ചേട്ടാ''-ഉള്ളിലെ ദേഷ്യം കടിച്ചമര്‍ത്തി സജി പറഞ്ഞു.
രാത്രിയില്‍ ഏലക്കാടിന് ഒരു പ്രത്യേക ഭംഗിയാണ്. ഇരുട്ട് വീണ ആ വലിയ കാട്ടിലെ ഏലത്തട്ടകള്‍ക്കിടയിലൂടെ സജിയുടെ ഹെഡ് ലാമ്പ് അരിച്ചിറങ്ങി, ഇരുട്ടിനെ വകമാറ്റിയുള്ള ആ മഞ്ഞ വെട്ടം അവന്റെ വരവിനായി കാത്തിരുന്നു.
അമ്മ പറഞ്ഞുള്ള അറിവാണ്, സാധാരണ മനുഷ്യരെ കടുവകള്‍ ആക്രമിക്കാറില്ല. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂര്‍വം അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയാറുള്ളത്. മനുഷ്യ മാംസത്തിന് കടുവയെ ആകര്‍ഷിക്കുന്നത് ഉപ്പ് രുചിയാണെന്നാണ് അപ്പന്‍ പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ ആ രുചി കിട്ടിയാല്‍ കടുവകള്‍ വീണ്ടും മനുഷ്യനെ തേടുമെന്നാണ് വിശ്വാസം. രമയുടെ അനിയത്തിക്കുട്ടിയെ ആ കടുവ പിടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ വീണ്ടും താഴ്വാരവും കടന്ന് ഇങ്ങോട്ടെത്തും.
''എത്രനാളാണ് മനുഷ്യന്മാര് ക്ഷമിക്കുക, ഒള്ള കൃഷിയിടം മുഴുവന്‍ ഇവറ്റകളുടെ ശല്യം കാരണം നശിച്ചു. പാട്ട കൊട്ടിയും തീ കാണിച്ചും മടുത്തു. പരാതി പറഞ്ഞ് പറഞ്ഞ് നാണം കെട്ടതല്ലാതെ ഒരു പ്രയോജനവും ഇല്ലാ. ഇപ്പോള്‍ മനുഷ്യനെ കടുവ കൊണ്ടുപോയാലും ആര്‍ക്കും ഒരു പരാതിയില്ലാ''- ആരോടെന്നില്ലാതെ സജി പറഞ്ഞു.
ചാക്കോ ഹെഡ് ലാമ്പ് വെട്ടത്തിലൂടെ ചുറ്റും വീക്ഷിച്ചു. ഇപ്പോള്‍ തന്നെ മൂന്നാമത്തെ പുകയാണ് എടുക്കുന്നത്. കടുവയെ പിടിക്കാന്‍ പോവാന്ന് പറഞ്ഞപ്പോള്‍ അപ്പന് വേറെ പണിയില്ലെയെന്നാണ് മകന്‍ ചോദിച്ചത്. അല്ലാ, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലാ. അവനെ പഠിപ്പിച്ച കാശ് കടുവ കൊന്ന പശുവിന്‍ പാല് വിറ്റതാണെന്ന് അറിയില്ലല്ലോ. അറിഞ്ഞാലും അവര്‍ക്കെന്താ....നഷ്ടം.
''സജിയെ... സൂക്ഷിക്കണം. പതിയിരുന്നാണ് ആക്രമണം''- ചാക്കോ പറഞ്ഞു.
ഹെഡ് ലാമ്പ് വെട്ടത്തിനടീല് എന്തോ ഒരു നിഴല് കണ്ടപോലെ ചാക്കോയ്ക്ക് തോന്നി. കെണി വെച്ചിരിക്കുന്ന ഭാഗത്ത് അനക്കമുണ്ടോയെന്ന് നോക്കി. ഇല്ലാ ചിലപ്പോള്‍ തോന്നലാവും.
സജിയും ചുറ്റും വീക്ഷിച്ചു, കാല്‍ പെരുമാറ്റവും മുരള്‍ച്ചയും കേള്‍ക്കുന്നതായി സജിക്ക് തോന്നി. എവിടെ നിന്നോ ചെറിയ ഒരു പേടി തന്നെ പിടികൂടിയോ എന്ന് അവന് തോന്നി. കയ്യിലിരുന്ന തോക്ക് ഇറുക്കി പിടിച്ചു. ഹെഡ് ലാമ്പ് വെട്ടത്തിലൂടെ സജിയുടെ കണ്ണുകള്‍ ചലിച്ചു.
''ചാക്കോ ചേട്ടാ'' എന്ന് വിളിക്കാന്‍ ഒരുങ്ങി തിരിഞ്ഞ് നോക്കിയതും ഏലക്കാട്ടില്‍ നിന്ന് തിളക്കമുള്ള രണ്ട് കണ്ണുകള്‍ മുന്നിലേയ്ക്ക് വരുന്നതായി സജിക്ക് തോന്നി.
ചാക്കോയെ ഉറക്കെ വിളിച്ചതും കാടുമുഴക്കുന്ന ഗര്‍ജനത്തോടെ ആ ഭീകരന്‍ കടുവ ചാടി വരുന്നതായി സജിയ്ക്ക് മനസിലായി. ചാക്കോയുടെ കഴുത്തിലേയ്ക്ക് കടുവയുടെ പല്ലുകള്‍ ഇറങ്ങി. മൂന്ന് തവണയാണ് സജിയുടെ തോക്ക് പൊട്ടിയത്.
ചാക്കോയുടെ കഴുത്തില്‍ നിന്ന് ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നു. തോര്‍ത്തെടുത്ത് വലിച്ചുമുറുക്കി കെട്ടി.
വെടിയൊച്ച കേട്ടിട്ടാകണം ഏലക്കാടുകള്‍ താണ്ടി തീ പന്തങ്ങള്‍ അടുത്ത് വരുന്നതായി സജിയ്ക്ക് തോന്നി. കടുവയുടെ അടുത്ത് നെഞ്ചു വിരിച്ചുനിന്നപ്പോള്‍ ഈ ലോകം കീഴടക്കിയ സന്തോഷമുണ്ടായിരുന്നു സജിയ്ക്ക്.
ആള്‍ക്കൂട്ടം കടുവയ്ക്ക് ചുറ്റം കൂടി. സജിയുടെ കണ്ണുകള്‍ തെരഞ്ഞത് രമയെ ആയിരുന്നു. നിശ്ചലമായ ഒരു മനുഷ്യപ്രതിമയെ പോലെ അവള്‍ ആ കടുവയെ നോക്കി നില്‍ക്കുന്നത് സജി കണ്ടു. വലിയ ആര്‍പ്പുവിളികള്‍, കൈയ്യടികള്‍.
ഇതേപോലൊരു ആഘോഷം അപ്പനും ഉണ്ടായിട്ടുണ്ട്. അപ്പന്റെ ജീവിതത്തിലെ അവസാനത്തെ ആഘോഷം.
ചാക്കോ ചേട്ടനെ ആരൊക്കയോ ചേര്‍ന്ന് എടുത്തുകൊണ്ട് പോവുന്നുണ്ടായിരുന്നു. പോവും മുമ്പ് ''നമ്മള്‍ ജയിച്ചടാ സജിയെ'' എന്ന് ആ മനുഷ്യന്‍ പറഞ്ഞത് കാതിലങ്ങനെ മുഴങ്ങുന്നതായി സജിയ്ക്ക് തോന്നി.
അന്നേരം, അകലെ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഗേറ്റ് കടന്ന് ഒരു വാഹനം പതിയെ ഇളകിത്തുടങ്ങി. സജിയുടെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തി അതില്‍നിന്നാരോ കിടുവ സജിയുടെ വീടു തിരക്കി. കടുവയെ കൊന്ന കിടുവ സജിയെ ഫോറസ്റ്റുകാര്‍ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ട് എഴുതി, വേറേതോ ഒരാള്‍ വാര്‍ത്ത പത്രമോഫീസിലേക്ക് ഫാക്‌സ് ചെയ്തു.
Read more: കന്നീസാ പെരുന്നാളിന് സൈക്കിളില്‍, സുള്‍ഫിക്കര്‍ എഴുതിയ കവിത