malayalam Short Story : കര്‍ണ്ണനും റൊണാള്‍ഡോയും, വി ടി രാകേഷ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Dec 24, 2022, 4:34 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വി ടി രാകേഷ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

രണ്ടായിരം വര്‍ഷങ്ങള്‍ക്കും അപ്പുറം. അസ്വാ നദിക്കരികെ കുന്തിരാജകുമാരിയായ പ്രിത അസ്ത്രപ്രജ്ഞയായി  നില്‍ക്കുകയായിരുന്നു. ധനുമാസത്തിലെ കുളിരേകുന്ന നിലാവിനും അവളുടെ വിയര്‍പ്പ് ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരു വിനോദമെന്ന നിലയില്‍ മാത്രം നടത്തിയ,  സൂര്യതേജസുള്ള ആ യുവാവുമായുള്ള ഹ്രസ്വബന്ധം. അതൊരു കുഞ്ഞില്‍ എത്തിനില്‍ക്കും എന്ന് ആ സ്വപ്ന മുഹൂര്‍ത്തത്തില്‍  ചിന്തിച്ചതേയില്ല. വിവാഹത്തിന് മുമ്പുള്ള ആ സന്തതിയെ പുഴയില്‍ ഒഴുക്കി കളയുകയല്ലാതെ വേറെ വഴിയൊന്നും അന്ന് കുന്തിദേവി കണ്ടില്ല. 

എന്നാല്‍, ഒരു കുഞ്ഞിനു വേണ്ടി ദൈവത്തോട് യാജിച്ചിരുന്ന രാധയുടെ കൈയില്‍ സുരക്ഷിതമായി ദൈവം ആ പിഞ്ചുബാലനെ എത്തിക്കുകയും ചെയ്തു. ഒരു ജന്‍മത്തെ ദുരിതങ്ങള്‍ അനുഭവിക്കാതെ തരമുണ്ടായില്ല ആ ബാലന്. തേരാളിയുടെ മകനായി, രാധയുടെ പുത്രന്‍ രാധേയന്‍ അങ്ങനെ തന്റെ ജീവിതയാത്ര ആരംഭിച്ചു. സഹസ്രകവചന്റെ അവസാന കവചവും ഭേദിക്കാന്‍ നര നാരായണന്‍മാര്‍ക്ക് അവസരമൊരുക്കുവാന്‍  സൂര്യഭഗവാന്‍  തരമാക്കി കൊടുക്കേണ്ടിവന്ന  ജന്മം. 

''ബോണ്‍ വിത്ത് എ സില്‍വര്‍ സ്പൂണ്‍'', സമ്പന്ന കുടുംബത്തിലോ അല്ലെങ്കില്‍ രാജകുടുംബത്തിലോ പിറന്നു വീഴുന്ന ഭാഗ്യവാന്മാരെ കുറിച്ചുള്ള ഇംഗ്ലീഷ് പഴഞ്ചൊല്ല്. പാണ്ഡവരില്‍ മൂന്നാമനായ അര്‍ജുനന്‍ ആ പഴഞ്ചൊല്ലിനെ  നൂറുശതമാനം അര്‍ത്ഥവത്താക്കിയിരുന്നു. മുത്തച്ഛനായ ഭീഷ്മരുടെ കണ്ണിലുണ്ണി. ഗുരു ദ്രോണാചാര്യരുടെ അരുമ ശിഷ്യന്‍. അമ്മ കുന്തിയുടെ ഏറ്റവും പ്രിയപ്പെട്ട പുത്രന്‍. ഭാര്യ പാഞ്ചാലിയുടെ അഞ്ച് ഭര്‍ത്താക്കന്മാരില്‍ അവളുടെ പ്രാണനായകന്‍. എല്ലാത്തിനുമുപരി സാക്ഷാല്‍ ഭഗവാന്റെ അരുമ മിത്രം, നാരായണന്റെ നരന്‍. 

തേരാളിയുടെ പുത്രന് ദൂരെ നിന്ന് അസൂയപ്പെടാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. രാജപുത്രന്മാരുടെ വിവിധ ആയുധവിദ്യകള്‍ കരഘോഷത്തോടെ സ്തുതിഠകര്‍ ഏറ്റു പാടുമ്പോള്‍, മൂക്കൊലിപ്പിച്ചു നിന്നിരുന്ന രാധേയന്‍ ഇങ്ങനെ ആലോചിച്ചുപോയി. ''ഈ വിദ്യകള്‍ ഞാന്‍ എത്ര എളുപ്പത്തിലും ഇതിലും വളരെ ഭംഗിയായിട്ടും ചെയ്തു കാണിക്കും, എന്നിട്ടും എന്നെ പ്രകീര്‍ത്തിക്കാന്‍ എന്റെ അച്ഛന്‍ വരെ വൈമുഖ്യം കാണിക്കുന്നു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്''. 

എന്നാല്‍ തോറ്റു കൊടുക്കുവാന്‍ സൂര്യപുത്രന്‍ തയ്യാറായിരുന്നില്ല. മകന്റെ സമര്‍ദ്ദത്തിന് വഴങ്ങി അച്ഛന്‍ അവനെ പരശുരാമപാദങ്ങളില്‍ എത്തിച്ചു. അവതാര പുരുഷന്റെ കൈകളില്‍ തേരാളിയുടെ പുത്രന്‍ വിശ്വ ജേതാവായി വളര്‍ന്നു. ഹസ്തിനപുരത്തില്‍ അര്‍ജുനനെ വെല്ലുവിളിച്ചു, കരയുന്ന പക്ഷിയെ എയ്തു വീഴ്ത്തി കര്‍ണ്ണന്‍ കഴിവ് തെളിയിച്ചു. പാവയെ എയ്യാതെ യഥാര്‍ഥ പക്ഷിയെ വീഴ്ത്തിയ അവനെ എല്ലാവരും പരിഹസിച്ചപ്പോള്‍ രണ്ട് പേര്‍ അവന്റെ കഴിവിനെ വാഴ്ത്തി. പരശുരാമ ശിഷ്യനായ ഭീഷ്മര്‍ മനസ്സിലും , ഗാന്ധാരി പുത്രനായ ദുര്യോധനന്‍ അംഗ രാജാവായി പ്രഖ്യാപിച്ചു കൊണ്ടും. അംഗ രാജാവായ കര്‍ണ്ണന്റെ ഖ്യാതി ഭാരതമെങ്ങും മുഴങ്ങി. എന്നാല്‍ ഔദാര്യം കിട്ടിയ രാജ്യത്തിന്റെ രാജാവിനെ തങ്ങളില്‍ ഒന്നായി ഒരുവിധം എല്ലാ രാജാക്കന്മാരും കൂട്ടിയില്ല, പ്രത്യേകിച്ച് പാണ്ഡവന്മാര്‍. അപകര്‍ഷതാ ബോധം സൂര്യപുത്രന്റെ ഉറക്കം കെടുത്തിയ നാളുകള്‍.  

രണ്ടായിരം വര്‍ഷങ്ങള്‍ക്കും ഇപ്പുറം, പോര്‍ച്ചുഗല്‍ രാജ്യത്തെ ഫുഞ്ചല്‍ ഗ്രാമം. അവിടെ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സാധനങ്ങള്‍ നോക്കി നടത്തിയിരുന്ന ആളായിരുന്നു ജോസ് ആവിരോ. ശമ്പളം മതിയാവാതെ അവിടുത്തെ പൊതു ഉദ്യാനത്തില്‍ ചെടികളും മറ്റും വെച്ചു പിടിപ്പിക്കുന്ന ജോലിയും ജോസ് ചെയ്തു വന്നു. ഭാര്യ മരിയ ആവട്ടെ അടുത്തു പുറത്തുള്ള വീടുകളില്‍ പാചകം ചെയ്തു കൊടുത്തിരുന്നു. മൂന്ന് മക്കളെ തീറ്റി പോറ്റണ്ടേ?. ജോസ് ആണെങ്കില്‍ അയാള്‍ക്ക് കിട്ടുന്നതിന്റെ പകുതിയും മദ്യത്തില്‍ കലക്കി കളയും. എല്ലുന്തി, പട്ടിണി പണ്ടാരങ്ങളായ മക്കളെയോര്‍ത്ത് ആ മാതൃഹൃദയം നൊന്തുകൊണ്ടേയിരുന്നു. ആയിടക്കാണ് കൂനിന്മേല്‍ കുരു എന്ന പോലെ മരിയ വീണ്ടും ഗര്‍ഭം ധരിച്ചത്. തങ്ങളുടെ ഈ നരകത്തിലേക്ക് ഒരാളെ കൂടി അറിഞ്ഞുകൊണ്ട് എന്തിന് കൊണ്ട് വരണം? മരിയ ഒരു തീരുമാനത്തിലെത്തി. ക്രിസ്തുമസിന് കുട്ടികള്‍ക്ക് ഉടുപ്പ് വാങ്ങാന്‍ കരുതി വച്ചിരുന്ന പണവുമായി അവള്‍ ഡോക്ടറുടെ അടുക്കലെക്കോടി. എന്നാല്‍ അപകടം മണത്തറിഞ്ഞ ഡോക്ടര്‍ മരിയയെ തിരിച്ചയച്ചു.

അങ്ങനെ, വേണ്ടാതിരുന്നിട്ടും മരിയ ആ പുത്രനെ പ്രസവിച്ചു. ക്രിസ്റ്റ്യാനോ എന്ന് നാമകരണം ചെയ്ത ആ ബാലനെ, തന്റെ ഇഷ്ട ഹോളിവുഡ് നടനായ റൊണാള്‍ഡ് റീഗന്റെ പേരിനോട് ചേര്‍ത്ത് വിളിക്കുവാന്‍ അച്ഛനായ ജോസ് ആഗ്രഹിച്ചു. അങ്ങനെ അവന്റെ പേര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാക്കി മാറ്റി. ചെറുപ്പത്തിലേ, അച്ഛന്‍ ജോലി ചെയ്തിരുന്ന ക്ലബ്ബിലെ കാല്‍പ്പന്ത് തട്ടി കളിക്കുക അവന്റെ വിനോദമായിരുന്നു. ഒരു കാന്തത്തിലേക്കെന്ന പോലെ തന്റെ പാദങ്ങളിലേക്ക് പന്തിനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്ന ആ ബാലന്‍, വളര്‍ന്നു വലുതായി.അവനാണ് ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും അതികായനായ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മഹാപുരുഷന്‍. അവന്റെ കഥയോ, ദാരിദ്ര്യം പണിതീര്‍ത്ത വലയങ്ങളെയെല്ലാം തരണം ചെയ്ത ജേതാവിന്റെ, ലോകത്തെ ഹരം പിടിപ്പിച്ച ജൈത്രയാത്ര. പക്ഷേ, ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ യാതൊരു മേല്‍വിലാസവും ഇല്ലാതിരുന്ന പോര്‍ച്ചുഗല്‍ ടീം ഒരു വിധം എല്ലാ കപ്പുകളിലും ആദ്യ റൗണ്ട് കടക്കുവാന്‍ പാടുപെട്ടു. ഒരു ലോകോത്തര താരം വിചാരിച്ചാല്‍ മാത്രം ജയിക്കുന്ന കളിയല്ല പതിനൊന്ന് പേര്‍ കളിക്കുന്ന ഫുട്‌ബോള്‍. അതിന്, തന്നോടൊപ്പം താളമേളത്തോടെ കളിക്കാന്‍ കഴിവുള്ള മറ്റു കളിക്കാര്‍ കൂടി വേണം. 

അറ്റ്‌ലാന്റിക് സമുദ്രത്തിന് അങ്ങേ കരയില്‍ മറ്റൊരു താരം ഉദയം ചെയ്തിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അരുമ ശിഷ്യനും, പ്രിയതോഴനുമായിരുന്ന ലിയണല്‍ മെസ്സി. ലോക ഫൂട്ബാളിലെ കിരീടം വെക്കാത്ത രാജാക്കന്മാരില്‍ ഒന്നായ അര്‍ജന്റീന ലോകത്തിന് സംഭാവന ചെയ്ത മറ്റൊരു ഫുട്‌ബോള്‍ മാന്ത്രികന്‍. ലോകോത്തര ടീമായ അര്‍ജന്റീന എളുപ്പത്തില്‍ കളി ജയിക്കുകയും ഫൈനല്‍ വരെ കളിക്കുകയും സ്വാഭാവികം. കൂട്ടത്തില്‍, ലാറ്റിന്‍ അമേരിക്കക്കാരനായതു കൊണ്ട് മാത്രം, പെലെ മുതലായവരുടെ പ്രത്യേക പ്രശംസയും അത് മുതലെടുത്തുള്ള പെരുമയും. കൂടാതെ, ചെറുപ്പത്തില്‍ വന്നിരുന്ന ഒരു വാതശല്യം തരണം ചെയ്തു വന്നവന്‍ എന്ന സഹതാപ തരംഗവും. 

മഹാഭാരത യുദ്ധത്തിന്റെ പതിനേഴാം ദിനം. തന്റെ ഉത്തമ സുഹൃത്തായ കര്‍ണ്ണനെ സര്‍വ സൈന്യാധിപന്‍ ആയി അവരോധിച്ചതിന് ശേഷം സുയോധനന്‍ യുദ്ധം ജയിച്ച മട്ടിലാണ് നടപ്പ്. അത്രയ്ക്ക് വിശ്വാസമായിരുന്നു ദുര്യോധനന് കര്‍ണ്ണനില്‍. അതുകൊണ്ടാണ് സ്വന്തം അമ്മയായ കുന്തി യാചിച്ച് പറഞ്ഞിട്ടും കര്‍ണ്ണന്‍ കൗരവ പക്ഷം വെടിയാതിരുന്നത്. തന്റെ ജന്മത്തിലെ ഏറ്റവും വലിയ യുദ്ധത്തിന് അയാള്‍ മനസ്സാലെ തയ്യാറായി. ഒരുപക്ഷേ ഇതുവരെ അയാള്‍ ജീവിച്ചതും ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു. സൂതപുത്രന്‍ രാജപുത്രനെ വധിക്കുന്ന ദിനം. ഒരു ജന്‍മത്തെ മുഴുവന്‍ ജാതി നിന്ദകള്‍ക്കും കണക്ക് തീര്‍ക്കേണ്ട സുദിനം. 

രാധേയന്‍ തന്റെ രഥത്തില്‍ കയറി കഴിഞ്ഞിരുന്നു. ആദിത്യന്‍ തന്റെ പുത്രന്റെ മേല്‍ ആശീര്‍വാദം പുലര്‍വെയില്‍ രൂപത്തില്‍ യഥേഷ്ടം ചൊരിഞ്ഞു. സൂര്യപുത്രന്റെ കണ്ണുകള്‍ അഗ്‌നിയായി ജ്വലിക്കാന്‍ തുടങ്ങി. തന്റെ ആജന്മ ശത്രുവിനെ നിഗ്രഹിക്കാന്‍ ആ കൈകള്‍ ത്രസിച്ചു. ദൂരെ അതാ പഞ്ചാശ്വങ്ങളുടെ ശക്തിയില്‍ നന്തിഗോഷമെന്ന രഥം അടുത്തു വരുന്നു. കൊടിയടയാളമായി മാരുതീപുത്രന്‍. തേരാളിയായോ സാക്ഷാല്‍ ശ്രീകൃഷ്ണനും. തേരില്‍ തന്റെ വില്ലായ ഗാണ്ഡീവം പ്രൗഡഗംഭീരമായി ഉയര്‍ത്തി പിടിച്ച് വില്ലാളി വീരന്‍ അര്‍ജുനന്‍. കര്‍ണ്ണന്റെ ക്ഷത്രിയ രക്തം തിളക്കുവാന്‍ ഇതില്‍പരം ഉന്‍മാദമായ ഒരു കാഴ്ച വേറെയുണ്ടായിരുന്നില്ല. 

ഒരു യഥാര്‍ഥ വീരനാണ് താനെന്ന് തെളിയിച്ചുകൊണ്ട്, എതിരാളിയോടുള്ള ബഹുമാനം തന്റെ തേരാളിയായ ശല്യരോട് അയാള്‍ ഇങ്ങനെ പ്രകടിപ്പിച്ചു ''ജീവിതത്തില്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കേ ഈ കാഴ്ച കാണുവാന്‍ സാധിക്കുകയുള്ളൂ. അഞ്ച് വെള്ള കുതിരകള്‍, സാരഥിയായി ഭഗവാന്‍ വാസുദേവന്‍, കൊടിയടയാളമായി ആഞ്ജനേയന്‍, അഗ്‌നിദേവന്‍ നല്‍കിയ തേര്‍, അതിനുള്ളില്‍ സര്‍വ്വ തേജസ്സോടെ അര്‍ജുനനെ പോലുള്ള ഒരു വില്ലാളി വീരന്‍. ഈ കാഴ്ച കണ്ടാല്‍ സാക്ഷാല്‍ മഹാദേവനല്ലാതെ വേറെ ആരും തന്നെ ഒന്നു പകച്ചു പോകും''.

എന്നാല്‍ തേരാളിയായ ശല്യര്‍ മനസ്സ് കൊണ്ട് പാണ്ഡവരോടൊപ്പമായിരുന്നു. ഗത്യന്തം ഇല്ലാതെ കൗരവ സേനയില്‍ ചേരേണ്ടി വന്നവന്‍. കര്‍ണ്ണനെ തേജോവധം ചെയ്യാനുള്ള ഒരവസരവും അയാള്‍ പാഴാക്കിയിരുന്നില്ല. ''അതേ, നിനക്ക് രക്ഷപ്പെടാന്‍ ഇനിയും അവസരമുണ്ട്. നേരെ ചെന്നു മാപ്പ് പറഞ്ഞാല്‍ അര്‍ജുനന്‍ ക്ഷമിക്കാതിരിക്കില്ല. നിനക്ക് നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇത് അവസാനത്തെ അവസരമാണ്.'' സൂര്യ തേജസ്സോടെ തിളങ്ങിയിരുന്ന കര്‍ണ്ണന്റെ വദനം ചുരുങ്ങിയ ചെന്താമര പോലെ മങ്ങി പോകുന്നത് കണ്ട് അയാളുടെ ഉള്ളം നീചമായി സന്തോഷിച്ചു. തളര്‍ന്നു പോകുന്ന തന്റെ വീര്യത്തെ പിടിച്ച് നിര്‍ത്തുവാന്‍ കര്‍ണ്ണന്‍ ഇങ്ങനെ പറഞ്ഞു ''നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നവനും അത്രയ്ക്ക് മോശക്കാരനല്ല. പരശുരാമശിഷ്യനെ പരാജയപ്പെടുത്തുവാന്‍ ഒരാളും ഭൂമുഖത്ത് ജനിച്ചിട്ടില്ല. നിങ്ങള്‍ സമയം നഷ്ടമാക്കാതെ അര്‍ജുനനെ ലക്ഷ്യമാക്കി തേര്‍ തെളിക്കൂ. കര്‍ണ്ണനാണോ  അര്‍ജുനനാണോ കേമന്‍ എന്നതിന് ഞാന്‍ ഇന്നുതന്നെ ഒരു തീരുമാനം കൊണ്ടുവരും.'' 

2022 ഖത്തര്‍ ലോകകപ്പ്. ആദ്യ മല്‍സരത്തില്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് മെക്കയുടെ അനുഗ്രഹീതമായ  നാട്ടില്‍ നിന്ന് വന്നവര്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി. പ്രബലരായ മെക്‌സിക്കൊയും പോളണ്ടും ആണ് ഇനി ഗ്രൂപ്പില്‍ ഉള്ളവര്‍. പോര്‍ച്ചുഗല്‍ ആവട്ടെ ആദ്യ മല്‍സരത്തില്‍ ആഫ്രിക്കന്‍ സിംഹങ്ങളായ ഘാനയെ 3-2 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി, ക്രിസ്റ്റ്യാനോ നേടിയ പെനാല്‍റ്റി ഗോള്‍ ഉള്‍പ്പടെ. താന്‍ കളിച്ച അഞ്ച് ലോക കപ്പുകളിലും ഗോള്‍ വല ചലിപ്പിച്ച ഖ്യാതി നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തിന് മുമ്പില്‍ ഒരിക്കല്‍ കൂടി തന്റെ മാറ്ററിയിച്ചു. ആ ബഹുമതി നേടുന്ന ഏക കളിക്കാരന്‍. 

ഫെര്‍ണാന്‍ഡോ സാന്‍ഡോസ് എന്ന അഭിനവ ശല്യരുടെ ഹൃദയം നോവുകയായിരുന്നു. സാന്‍ഡോസ്, പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലകന്‍ ആയിട്ട് എട്ട് വര്‍ഷമായി. 2016 യൂറോ കപ്പ് പോര്‍ച്ചുഗല്‍ വിജയിച്ച മുഹൂര്‍ത്തം. ഫൈനല്‍ വിസില്‍ മുഴങ്ങിയ നേരം, അതാ കളിക്കാരെല്ലാവരും ഓടി അടുക്കുന്നു. തന്നെ അവര്‍ കെട്ടി പുണരും എന്ന് കരുതിയ സാന്‍ഡോസിന് തെറ്റി. പരിക്കേറ്റ് നേരത്തെ കളിക്കളം വിടേണ്ടി വന്ന ക്രിസ്റ്റ്യാനോയെ ആണ് അവര്‍ കെട്ടി പുണര്‍ന്നത്. പിന്നീടുള്ള വിജയഘോഷയാത്രയിലും അവര്‍ അയാളെ പൊക്കി പിടിച്ചു കൊണ്ട് നടന്നു. സാന്‍ഡോസ് നിന്ന് പുകയുകയായിരുന്നു. അതില്‍ നിന്നും അയാള്‍ ഒരു പാഠം പഠിച്ചു. ക്രിസ്റ്റ്യാനോ കളിക്കുന്നുണ്ടെങ്കില്‍ ടീമിന്റെ വിജയത്തിന്റെ സകല മേന്മയും അയാള്‍ കൊണ്ട് പോകും. തന്റെ പരിശീലനത്തിന്റെ മികവ് ആരും വക വച്ച് തരില്ല. 

കര്‍ണ്ണനും അര്‍ജുനനനും തമ്മിലുള്ള ശരവര്‍ഷം ലോകം ശ്വാസം അടക്കി പിടിച്ചുകൊണ്ട് കാണുകയായിരുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണന്റെ നാഗാസ്ത്രം അര്‍ജുനന്റെ കിരീടം തെറിപ്പിക്കുകയുണ്ടായി. രണ്ട് മുഴം പിന്നോട്ട് പോയി വാസുദേവന്‍ തെളിക്കുന്ന രഥം. കാര്‍വര്‍ണന്‍ വേണ്ട സമയത്ത് രഥം ചവുട്ടി താഴ്ത്തിയില്ലായിരുന്നെങ്കില്‍ കിരീടത്തിന് പകരം വിജയന്റെ ശിരസ്സായേനെ മണ്ണില്‍ കിടന്നിരുന്നത്. ആ അപമാനത്തിന് പ്രതികാരം വീട്ടുവാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു അര്‍ജുനന്‍. സൂതപുത്രന്റെ കഴുത്തിനെ ലക്ഷ്യമാക്കി താന്‍ രാത്രി മൂര്‍ച്ച കൂട്ടി തയ്യാറാക്കി വച്ചിരുന്ന അഞ്ജലികാസ്ത്രം അര്‍ജുനന്‍ ഉന്നം പിടിച്ചു. എന്നാല്‍ ആ സമയം അതാ രാധേയന്റെ രഥം മണ്ണില്‍ പൂഴ്ന്നിരിക്കുന്നു. 

അഞ്ജലികാസ്ത്രംഎടുക്കുന്ന അര്‍ജുനനെ കണ്ട് കര്‍ണ്ണന്‍ ബ്രഹ്മാസ്ത്രം എടുക്കുവാന്‍ തീരുമാനിച്ചു. അസ്ത്രം കൈയ്യിലെടുത്തു മന്ത്രം ജപിക്കുവാന്‍ ശ്രമിച്ച രാധേയന്‍ പക്ഷേ മന്ത്രം മറന്നു പോയിരുന്നു. എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരുന്നില്ല. പരശുരാമന്റെ ശാപം അയാള്‍ ഓര്‍ത്ത് പോയി. മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ തേങ്ങ വീണു എന്ന പറഞ്ഞതു പോലെ അതാ രഥം മണ്ണില്‍ പൂഴ്ന്നിരിക്കുന്നു. സഹായത്തിനായി തേരാളിയെ തിരഞ്ഞ അയാള്‍ ഞെട്ടി പോയി. രഥം ഉപേക്ഷിച്ച് അതാ ഓടി അകലുന്നു ചതിയനായ ശല്യര്‍.  ഒറ്റപ്പെട്ടു പോയ അയാള്‍ തേരില്‍ നിന്നിറങ്ങി, പൂണ്ടു പോയ ചക്രം പൊക്കിയെടുക്കുകയായിരുന്നു. ''ഇതാണ്  അവസരം പാര്‍ത്ഥാ, പാഴാക്കാതെ അസ്ത്രം അയക്കൂ. ഇനിയൊരവസരം നിനക്ക് ലഭിക്കുകയില്ല'', ശ്രീകൃഷ്ണന്റെ സ്വരം കര്‍ണ്ണന്‍ വ്യക്തമായി ശ്രവിച്ചു. അദ്ഭുതത്തോടെ തല ഉയര്‍ത്തി നോക്കിയ കര്‍ണ്ണന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വില്ലാളി വീരനും, ദ്രോണ ശിഷ്യനും, ഇന്ദ്രപുത്രനുമായ അര്‍ജുനന്‍ വെറും ഒരു ഭീരുവോ? നിരായുധനായ എതിരാളിയെ ആക്രമിക്കരുത് എന്ന അടിസ്ഥാന നിയമം പോലും ലംഘിക്കുകയോ? തന്റെ കഴുത്തിനെ ലക്ഷ്യമാക്കി വരുന്ന അഞ്ജലികാസ്ത്രത്തെ വരവേല്‍ക്കാന്‍ സൂര്യപുത്രന് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി മാത്രമാണ് ഉണ്ടായിരുന്നത്. ആ പുച്ഛം ഭീരുവായ അര്‍ജുനനെ കുറിച്ചോര്‍ത്തായിരുന്നോ അതോ വ്യഥകള്‍ മാത്രം തനിക്ക് സമ്മാനിച്ച ഈ ജന്‍മത്തെ കുറിച്ചോര്‍ത്തായിരുന്നോ?

പോര്‍ച്ചുഗല്‍ രണ്ടാം മല്‍സരത്തില്‍ ഉറുഗ്വേയേ 2-0 മറികടന്നു. ഒന്നാം ഗോള്‍ ക്രിസ്റ്റ്യാനോയുടെ തലയില്‍ തട്ടി തട്ടിയില്ല എന്ന രീതിയിലാണ് വലയില്‍ വീണത്. ഗോള്‍ അയാളുടേതല്ല എന്ന വിധി വന്നപ്പോള്‍ ഒരുപക്ഷേ ഏറ്റവും സന്തോഷിച്ചത് സാന്‍ഡോസ് ആയിരുന്നിരിക്കണം. തന്റെ കുടില തന്ത്രങ്ങള്‍ക്ക് വിശ്വാസ്യതയേകാന്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ദൗര്‍ലഭ്യം ഉപകരിക്കും. ദക്ഷിണ കൊറിയയുമായുള്ള അടുത്ത മല്‍സരം പോര്‍ച്ചുഗല്‍ തോല്‍ക്കുകയാണുണ്ടായിരുന്നത്. മല്‍സര മദ്ധ്യേ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചു പകരക്കാരനെ ഇറക്കിയപ്പോള്‍ അത് വരാന്‍ പോകുന്ന മഹാമേരിയുടെ നാന്ദിയാണെന്ന് ആരും കരുതി കാണില്ല. 

നോക്ക് ഔട്ട് റൌണ്ടില്‍ കടന്ന പോര്‍ച്ചുഗലിന്റെ എതിരാളി സ്വിസ് ആയിരുന്നു. കളിക്കാതെ പുറത്തെ ബഞ്ചില്‍ ഇരിക്കുന്ന സൂപ്പര്‍ താരത്തെ നോക്കി ലോകം അമ്പരപ്പെട്ടു. പകരക്കാരന്റെ വേഷമിട്ടിരിക്കുന്ന ക്രിസ്റ്റ്യാനോയെ കണ്ട് ലോകര്‍ക്ക് ഒരു കാര്യം ബോധ്യമായി, അയാള്‍ക്ക് പരിക്കുകള്‍ ഒന്നുമില്ല. 
ഗോളുകള്‍ ഒന്നും അടിക്കുന്നില്ല, ആകെ അടിക്കുന്നത് പെനാല്‍റ്റി ഗോളുകള്‍ മാത്രം. അത് ആര്‍ക്ക് വേണമെങ്കിലും അടിക്കാം. അത് തന്നെയല്ല, ആ പെനാല്‍റ്റികള്‍ മറ്റുളവര്‍ നേടിയെടുക്കുന്നതാണ്. ഗോളുകള്‍ സ്വയം  അടിക്കുവാനുള്ള വെമ്പലില്‍ മറ്റുളവര്‍ക്ക് പന്ത് കൈമാറുന്നില്ല. അത് കൊണ്ട് ടീമിന് അവസരങ്ങള്‍ നഷ്ടമാകുന്നു. പല ടീം അംഗങ്ങള്‍ക്കും മനസ്സില്‍ അമര്‍ഷമുണ്ട്. വയസ്സനായി, പഴയ പോലെ ശരീരം വഴങ്ങുന്നില്ല. എന്നിങ്ങനെ കുറെ കിംവദന്തികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇവയെല്ലാം സാന്‍ഡോസ് ക്രിസ്റ്റ്യാനോയോട് പറഞ്ഞതാണത്രെ. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിതെ ആറ് ഗോളുകള്‍ പോര്‍ച്ചുഗല്‍ അടിച്ചപ്പോള്‍ അതില്‍ മൂന്നെണം ക്രിസ്റ്റ്യാനോയുടെ പകരക്കാരന്‍ അടിച്ചതായിരുന്നു. സാന്‍ഡോസ് അതില്‍ പിടിച്ചു കയറി. കണ്ടില്ലേ, താന്‍ പറഞ്ഞതെത്ര ശരി, സാന്‍ഡോസ് പറഞ്ഞു കാണും. പേരിനു കുറച്ച് നേരത്തേക്ക് മാത്രം അയാള്‍ ക്രിസ്റ്റ്യാനോയെ കളത്തില്‍ ഇറക്കി. 

പിന്നീടുള്ള മല്‍സരം ആ ലോക കപ്പ് കണ്ട ഏറ്റവും അമ്പരിപ്പിക്കുന്ന ടീമായ മൊറോക്കൊയുമായിട്ടായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍. വമ്പന്മാരെ ഒന്നൊന്നായി മറിച്ചിട്ട ടീം. ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീം. തന്റെ ടീമിന്റെ ജയം മാത്രം ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ കോച്ച് ആവശ്യപ്പെട്ട പ്രകാരം ബെഞ്ചില്‍ ഇടം പിടിച്ചു. കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ മൊറോക്കൊ ഗോള്‍ അടിച്ചു. പോര്‍ച്ചുഗല്‍ എത്ര ശ്രമിച്ചിട്ടും കാരിരുമ്പ് പോലത്തെ മൊറോക്കന്‍ പ്രതിരോധ നിരയെ മറികടക്കുവാന്‍ സാധിച്ചില്ല. രണ്ടാം പകുതി തുടങ്ങി, സ്ഥിതി ഒട്ടും തന്നെ മെച്ചപ്പെടുന്നില്ല. സാന്‍ഡോസിന് അപകടം മണത്തു തുടങ്ങി, ഈ കളി ഇങ്ങനെ തുടര്‍ന്നാല്‍, തന്നെ ജനം തല്ലി കൊല്ലും. അങ്ങനെ കളിയുടെ അറുപതാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ കളത്തില്‍ ഇറങ്ങി. 

ഒരു വശത്ത് കളിയുടെ മുപ്പതു മിനുറ്റുകള്‍ മാത്രം ബാക്കി. മറുവശത്ത് തന്റെ കരിയറിലെ അവസാനത്തെ ലോക കപ്പ്, അത് തന്നില്‍ നിന്നും അകന്നു പോകുകയാണെന്ന ഭീതിപ്പെടുത്തുന്ന തോന്നല്‍. തനിക്ക് കാലുകള്‍ ഇടറുകയാണോ? ഇല്ല, പോര്‍ച്ചുഗല്‍ ആകെ ലോക ഫുട്‌ബോളില്‍ നേടിയ ഗോളുകളില്‍ നല്ലൊരു ഭാഗം തന്റേതാണ്. 119 ഗോളുകള്‍. ലോക റെക്കോര്‍ഡ്. അടുത്ത കാലത്തെങ്ങും ആര്‍ക്കും അടുത്തുപോലും എത്തുവാന്‍ കഴിയാത്ത കാര്യം. തന്റെ സകല കഴിവുകളും പുറത്തെടുക്കുക തന്നെ. അയാള്‍ തന്നാല്‍ ആവുന്ന രീതിയെല്ലാം ശ്രമിച്ചു നോക്കി. കളി കഴിയുവാന്‍ കേവലം ഏതാനും മിനുട്ടുകള്‍ മാത്രം. മിഡ് ഫീല്‍ഡര്‍ നല്കിയ ക്രോസ് അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ ഡിഫെന്‍ഡര്‍മാരേ ഒന്നൊന്നായി വെട്ടിച്ച് ഗോള്‍മുഖത്തേക്ക് പാഞ്ഞു. മുന്നില്‍ ഗോളി മാത്രം. പിന്നില്‍ നിന്നും ഓടിയടുക്കുന്ന ഡിഫെന്‍ഡറുടെ ശ്വാസോച്ഛാസം അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കൂടുതല്‍ സമയമെടുത്താല്‍ ഡിഫെന്‍ഡെര്‍ തന്റെ അടുത്തെത്തും, ഗോളിയും അത്ര ദൂരെയല്ല. പവര്‍ ഷോട്ടിന് ശ്രമിക്കുവാന്‍ സമയവും സ്ഥലവുമില്ല. വെച്ചു താമസിപ്പിക്കാതെ അയാള്‍ ഗോള്‍ വലയെ ഉന്നം വച്ച് അടിച്ചു. പക്ഷേ വളരെ അടുത്തെത്തിയിരുന്ന ഗോള്‍ കീപ്പര്‍ അയാള്‍ക്ക് അധികം ആംഗിള്‍ അനുവദിച്ചു കൊടുത്തില്ല. പവര്‍ വളരെ കുറവുള്ള ആ ഷോട്ട് തട്ടി മാറ്റാന്‍ മൊറോക്കൊ ഗോളിക്ക് അധികം പണിപ്പെടേണ്ടി വന്നില്ല. 

പക്ഷേ, മൊറോക്കൊ ഗോളി തട്ടി മാറ്റിയത് ആ പന്ത് മാത്രമായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന അതികായന്റെ ലോക കപ്പ് സ്വപ്നങ്ങളെയാണ്. തന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒരേയൊരു പുരസ്‌കാരം. ലോകത്തിലേറ്റവും വലിയ ഫുട്‌ബോള്‍ കളിക്കാരന്‍ ആര് എന്ന കിടമല്‍സരത്തില്‍ എതിരാളി ലിയണല്‍ മെസ്സിയോട് തനിക്ക് തോല്‍ക്കേണ്ടി വരുന്ന നിമിഷങ്ങള്‍. അത് സഹിക്കുക വയ്യ. ഫൈനല്‍ വിസില്‍ മുഴങ്ങിയതേ അയാള്‍ കേട്ടുള്ളു, അയാള്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ, കരഞ്ഞു കൊണ്ട്. 
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!