ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിമിത എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഈ നദിക്കരയില്‍ ഇരിക്കുകയാണ്. കാലം പോലെ ശാന്തമായി ഒഴുകി നീങ്ങുന്ന തെളിഞ്ഞ ജലം. ദൂരെ എവിടെ നിന്നോ വരുന്നു. എങ്ങോട്ടോ ഒഴുകുന്നു. ഈ നദികളുടെയൊക്കെ ഉത്ഭവം എവിടെ നിന്നാണ്.
ഓര്‍മ്മകള്‍ ആണ് ജീവിതത്തില്‍ ഭാവിയെന്ന അനിശ്ചിതത്തെ പിടിച്ചു കെട്ടുന്നത്. തമ്മിലൊരു കൂടിക്കാഴ്ചക്കു പോലും വാക്കു നല്‍കാതെ ഒരുപാട് ദൂരേക്ക് അകലുന്ന ബന്ധങ്ങള്‍.
ഒരു പക്ഷി പറന്നു വന്നു കല്ലിന്മേല്‍ ഇരുന്നു. വര്‍ഷങ്ങളായി ആ കല്ല് അവിടെ തന്നെയുണ്ട്. ചില വൈകുന്നേരങ്ങളില്‍ അതിന്മേലാണ് ഇരിക്കുക. അടുത്ത പരിസരത്തുള്ള കുട്ടികള്‍ പന്ത് കളിക്കാനായി ചിലപ്പോള്‍ നദിക്കരയിലേക്ക് വരാറുണ്ട്.
ഒരുപാട് ഉച്ചത്തില്‍ അവര്‍ ചീത്ത വിളിക്കും. കളി തോല്‍ക്കുമ്പോള്‍ ചിലപ്പോള്‍ വഴക്കിടും. പക്ഷെ കളിയുടെ ആരംഭത്തില്‍ എത്ര മാത്രം സ്‌നേഹത്തിലാണ് അവര്‍ പരസ്പരം പേര് പോലും വിളിക്കുന്നത്.
തണുപ്പ് കാലം ആയാല്‍ ഇവിടെ ഇങ്ങനെ ഇരിക്കുക പ്രയാസമാണ്. നദിയിലെ വെള്ളം ഘനീഭവിക്കും. തണുപ്പ് എല്ലായിടത്തും തങ്ങി നില്കും. വരണ്ട കാറ്റ് ചുണ്ടിന്മേല്‍ പോലും വരള്‍ച്ച സമ്മാനിക്കും. തൊലി മുഴുക്കെ ചുക്കി ചുളിഞ്ഞ പോലെ ആകും.
വീണ്ടും ഓര്‍മകളിലേക്ക് തന്നെ പോകുന്നു. ഒരിക്കലും പഴയ ഓര്‍മ്മകള്‍ ഒന്നും തന്നെ അലട്ടാതിരിക്കാന്‍ വേണ്ടി ആണ് പരിചയക്കാര്‍ ആരുമില്ലാത്ത ഈ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ വന്നു ജീവിക്കുന്നത്.
ഇവിടെ എന്റെ കുഞ്ഞു വീടിന്റെ മുകളിലായി പരന്നു കിടക്കുന്ന മരക്കാടുകള്‍ക്ക് മാത്രമേ എന്റെ കണ്ണീരിനെ സുപരിചിതം ആയിട്ടുള്ളു. മറ്റാര്‍ക്കു മുന്നിലും കരയുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
നമ്മള്‍ ജീവിക്കുന്നത് സന്തോഷത്തോടെ ആണെന്ന് മറ്റുള്ളവരെ ബോധിപ്പിച്ചിട്ട് നമുക്കെന്ത് കിട്ടാന്‍ ആണ്. അത് പോലെ തന്നെ സങ്കടങ്ങളും. ഓരോരുത്തരുടെ ജീവിതം ഓരോരോ തരത്തില്‍ അല്ലെ.
ഇരുട്ട് വീഴാറായി..
ഏറ്റവും ഇഷ്ടം ഈ ഒരു അവസ്ഥയാണ്. ഇരുട്ടിലേക്കു കലരാന്‍ വെമ്പല്‍ കൊള്ളുന്ന പകല്‍. ഇവര്‍ തമ്മില്‍ പ്രണയിക്കുകയാണോ. അങ്ങനെ ആണെങ്കില്‍ അവരുടെ സംഗമ സമയം ആണോ സന്ധ്യ. ഈ പ്രകൃതിയില്‍ എല്ലാം നിശബ്ദമാകുന്ന സമയം. പക്ഷികളും മരങ്ങളും നദികളും നിശബ്ദമായി അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിക്കും. പ്രണയ പരവേശത്താല്‍ അവര്‍ ജന്മം നല്‍കിയ അവരുടെ കുട്ടികളാണോ രാത്രിയില്‍ ആകാശത്തു വിരിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍.
എനിക്കും ഇരുട്ടിനോട് തന്നെ ആണ് പ്രണയം. മറ ആവശ്യമില്ലാത്ത അത്രയും ഇരുട്ടിനെ ഞാന്‍ അഗാധമായി പ്രണയിക്കുന്നു. ഇരുട്ടിനെ ഞാന്‍ ചുംബിക്കുന്നു. ഇരുട്ടിനോട് ഞാന്‍ ശരീരവും മനസും പരിസരവും മറന്ന് ഇണ ചേരുന്നു.
ചുണ്ടില്‍ വിരിഞ്ഞു വന്ന പുഞ്ചിരി എന്തിനുള്ളതാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തീവണ്ടി യാത്ര.
മെലിഞ്ഞുങ്ങങ്ങിയ ഞാന്‍. ആരാലും ആകര്‍ഷകമാകാന്‍ പ്രാപ്തമായ ഒരു ശരീരം അല്ലായിരുന്നു എന്റേത്. എന്നിട്ടും എന്തിനാണ് അദ്ദേഹം എന്നെ തന്നെ നോക്കികൊണ്ട് ഇരുന്നത്. എന്തിനായിരുന്നു ആരും മയങ്ങുന്ന പോലൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചത്.
നീങ്ങുന്ന ട്രെയിനിന്റെ ചലനത്തിന് അനുസരിച്ച് എന്റെ ഉള്ളില്‍ സന്തോഷം നിറയുകയായിരുന്നു.
ഇതാണോ പ്രണയം.
ഞാന്‍ അദ്ദേഹത്തെ കൊതിച്ചു. എന്റെ അടുത്ത്, ഏറ്റവും അടുത്ത്... ചിലപ്പോള്‍ നിമിഷങ്ങള്‍ക്ക് കാതങ്ങളോളം ദൈര്‍ഘ്യം കാണും.അദ്ദേഹത്തോട് അടുക്കാന്‍ മനസ് കലമ്പുകയാണ്. എന്നാല്‍ എന്ത് പറഞ്ഞു തുടങ്ങും. തല ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മനസ് വെമ്പി. ആ മുഖത്തേക്ക് നോക്കുന്നേരം ചുണ്ടുകള്‍ വിറയാര്‍ന്നു. അദ്ദേഹത്തിന്റെ ചുമലില്‍ തല ചേര്‍ത്ത് ഈ യാത്ര ചെയ്യണം.
അകാരണമായ പ്രണയം..
എന്തിന്?
ആകര്‍ഷകമായ എന്തോ ഒന്നുണ്ട്. എവിടെയോ കളഞ്ഞു പോയ വിലപ്പെട്ട എന്തോ ഒന്ന് തിരികെ കിട്ടിയ തോന്നല്‍ ഉളവാക്കുന്ന എന്തോ ഒന്ന്.
തല ഉയര്‍ത്തിയപ്പോള്‍ മുഖത്തൊരു കുസൃതി ചിരിയോടെ പുസ്തകം വായിക്കുന്ന അദ്ദേഹത്തെ ആണ് കണ്ടത്.
ഞാന്‍ നോക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി എന്നെ നോക്കി.
'എങ്ങോട്ടേക്കാ?'
ഹൃദയം ഞെട്ടി, രക്തയോട്ടം കൂടി. പറയാന്‍ മറുപടി കിട്ടുന്നില്ല.
ഒന്ന് മൂളി. പിന്നെ പറഞ്ഞൊപ്പിച്ചു
'പൂനെ'
'ഞാനും'.
സിഗരറ്റു വലിച്ചു കറുത്ത ചുണ്ടുകളില്‍ വീണ്ടുമൊരു കുസൃതിച്ചിരി. സംസാരിക്കുമ്പോള്‍ ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്ന ആ ചുണ്ടുകള്‍ മുഖത്തിന് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്.
അതൊരു തുടക്കം ആയിരുന്നു. അദ്ദേഹം മെല്ലെ എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ ജനലരികിലേക്ക് നീങ്ങിയിരുന്നു. കറുത്ത താടി രോമങ്ങള്‍ ആ മുഖത്തിന് നന്നായി ചേരുന്നുണ്ട്.
ഞാന്‍ ഒന്ന് ചിരിച്ചു
'പുസ്തകം വായിക്കാന്‍ ഇഷ്ടമാണോ?'
അതേ എന്ന് തലയാട്ടി. അദ്ദേഹം ബാഗില്‍ നിന്നും നേരത്തെ വായിച്ചു പകുതിയാക്കി വെച്ചിരുന്ന പുസ്തകം എടുത്ത് എനിക്ക് തന്നു. ഞാന്‍ അതിന്റെ പുറം ചട്ടയിലേക്ക് നോക്കി. മെല്ലെ തലോടി
'ലോലിത'
കുറച്ചു നേരം ആ പുസ്തകം കൈയില്‍ പിടിച്ചു ഞാന്‍. പിന്നെ അത് ഹാന്‍ഡ് ബാഗിലേക്ക് വെച്ചു.
എനിക്ക് അദ്ദേഹത്തെ ചുംബിക്കണം എന്ന് തോന്നുന്നു. തല ഉയര്‍ത്തി നോക്കുമ്പോള്‍ അദ്ദേഹം എന്നെയും കടന്ന് ജനലിലൂടെ പുറം കാഴ്ചകള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒന്ന് അനങ്ങി. അദ്ദേഹം കൈകള്‍ എനിക്ക് പിന്നിലൂടെ നീട്ടി ജനല്‍ പാളികളില്‍ പിടിച്ചു. ഞാന്‍ പതിയെ ആ കൈകളിലേക്ക് ചാഞ്ഞു.
എന്റെ ശ്വാസഗതി കൂടുന്നു. മറ്റാരും കടന്നു വരരുതേ എന്ന് മനസ് ആശിച്ചു. ഞാന്‍ ആ കൈകളില്‍ നിന്നും തല ഉയര്‍ത്താതെ അദ്ദേഹത്തെ നോക്കി. എന്തുകൊണ്ടോ ഈ നിമിഷം ഞാന്‍ ഈ ലോകത്തില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ മുഖമാണ് എന്ന് തോന്നിപോകുന്നു.
അവിചാരിച്ചമായി ഉള്ള ആ നോട്ടം എന്നിലെ പ്രണയത്തെ മുഴുവന്‍ അദ്ദേഹത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നത് ആയിരുന്നു.
തിരികെ ഉള്ള നോട്ടം മതിയായിരുന്നു എന്നില്‍ ഇരച്ചു വന്ന കാരണം ഇല്ലാത്ത പ്രണയത്തിനെ ഊട്ടി ഉറപ്പിക്കാന്‍. ഞാന്‍ മെല്ലെ ആ ചുമലിലേക്ക് തല ചായ്ച്ചു. വല്ലാത്ത സുരക്ഷിതത്വം
തീവണ്ടിയുടെ താളത്തില്‍ ഞാന്‍ അദ്ദേഹത്തിലോട്ട് ചാഞ്ഞു. ദേഹത്തോട് ഒട്ടി ഇരുന്നു.
ശ്വാസഗതി കൂടി. മറ്റാരും കടന്നു വരാന്‍ ഇല്ലാത്ത ഈ തീവണ്ടി ബോഗിയില്‍ ഞാന്‍ അദ്ദേഹത്തിലേക്കു ഊര്‍ന്നിറങ്ങി. ട്രെയിനില്‍ നിലത്തെ പൊടിയുമായി ചേരുന്ന വെളുത്ത മഞ്ഞു നീര്‍തുള്ളികള്‍. വിയര്‍ത്തൊട്ടിയ ദേഹത്തു വസ്ത്രങ്ങള്‍ അസ്ഥാനത്ത് കിടന്നു. അലസമായ തലമുടികള്‍ അദ്ദേഹം ചൂണ്ടു വിരലാലെ മെല്ലെ ഒതുക്കി. നെറ്റിയില്‍ ചുംബിച്ചു. എന്റെ കണ്ണുകള്‍ പ്രണയ പാരവശ്യത്താല്‍ അടഞ്ഞു പോകുന്നു
ഞാന്‍ അറിഞ്ഞ പുരുഷന്‍. എന്റെ നിറമുള്ള നിമിഷങ്ങള്‍. അഗാധമായ പ്രണയത്താല്‍ ഞാന്‍ എന്നിലേക്ക് വലിച്ചെടുത്ത ബലിഷ്ഠനായ ആണ്.
മെല്ലെ ജനലിനോട് ചേര്‍ന്ന് ഇരുന്നു. മുഖത്തെ ചിരി അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.
നമുക്കിടയില്‍ പ്രത്യേകിച്ച് സംസാരിക്കാന്‍ ഒന്നുമില്ല. പേരും നാടും ഒന്നും അറിയാതെയാണ് എനിക്കീ ഇഷ്ടം തോന്നിയത്. എന്നാല്‍ അത് നിമിഷ നേരത്തേക്കുള്ള ആകര്‍ഷണം അല്ല.
കൂടെ നടക്കാന്‍, കൂടെ ചിരിക്കാന്‍, പ്രണയിക്കാന്‍, അദ്ദേഹം എന്നും കൂടെ വേണമെന്ന് തോനുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മയിലൂടെ പിന്നെയും പിന്നെയും ഓര്‍ക്കുന്നു. അദ്ദേഹത്തെ. കറുത്ത രോമങ്ങള്‍ നിറഞ്ഞ, ശ്വാസത്തിനു അനുസരിച്ച് പൊങ്ങുകയും താഴുകയും ചെയുന്ന നെഞ്ചില്‍ ഒന്നു ചേര്‍ന്നു കിടക്കാന്‍ മനസ്സ് കൊതിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ സാമീപ്യം മാത്രമാണ് എനിക്കും എന്റെ ശരീരത്തിനും വേണ്ടത്.
തമ്മില്‍ യാത്ര പറയാതെ കണ്ണില്‍ മാത്രം നോക്കി വേര്‍പിരിഞ്ഞപ്പോള്‍ വീണ്ടും ഒരു കൂടിക്കാഴ്ച താന്‍ കൊതിച്ചിരുന്നില്ലേ. വിറകൊള്ളുന്ന കൈകള്‍ കൊണ്ട് സ്പര്‍ശിക്കാന്‍ തുനിഞ്ഞിട്ടും ശ്രമിക്കാതെ ദൂരേക്ക് നോക്കി ഇടുന്നത് വിടപറയല്‍ എത്രത്തോളം വേദനാജനകം ആണെന്ന് ഊഹിക്കാന്‍ കഴിയുന്നത് കൊണ്ടാണോ.
എഴുന്നേറ്റു. നടക്കാം.
കളിയുടെ ആവേശത്തില്‍ കുട്ടികളുടെ പലതരത്തിലുള്ള ശബ്ദങ്ങള്‍.
നിശ്ശബ്ദതയെ സ്‌നേഹിക്കാനാണ് എനിക്കിഷ്ടം.
ഈ ഒളിച്ചോട്ടം എന്ന് മതിയാക്കും ഞാന്‍. ആരെന്നു അറിയാത്ത, എവിടെയെന്നു അറിയാത്ത ആ മനുഷ്യനെ കണ്ടെത്തുന്ന നാളില്‍. എന്റെ അസ്തിത്വം പോലും അങ്ങനൊരു കൂടിക്കാഴ്ചക്ക് വേണ്ടി കോപ്പ് കൂട്ടുകയാണ്.
മുറിയിലെത്തി. കിടക്കണം. കഴുത്തില്‍ മെല്ലെ തൊട്ടു. അദ്ദേഹം ബാക്കി വെച്ചു പോയ നഖക്ഷതങ്ങള്‍. ചുണ്ടിലെ ചിരി അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നു, മാഞ്ഞു പോകാത്ത രസമുള്ള നിമിഷങ്ങള്‍ തന്നിട്ട് എങ്ങോട്ടോ മറഞ്ഞു പോയ എന്റെ പ്രണയത്തിനെ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...