Malayalam Short Story : കൊമ്പ്, വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 4, 2024, 6:17 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ഇരുന്നിരുന്ന് മെഴുകു മിനുസമെത്തിയ ബെല്ലിച്ചന്റെ കാലം തൊട്ടുള്ള മരക്കസേരയില്‍ അരയ്ക്കു താഴെ ജീവനില്ലാത്ത ശരീരം വിരിച്ചിട്ട് മുന്നോട്ടു കാണുന്ന മൊട്ടപ്പാറയിലൂടെ ദൂരേന്ന് വരുന്നവരെയും അതേ വഴിക്ക് ദൂരേക്കു പോകുന്നവരെയും പാറപ്പുല്ല് മേയുന്ന കന്നുകാലികളെയും ഉച്ചക്കഞ്ഞി കഴിഞ്ഞ് പള്ളത്തില്‍ പാത്രം കഴുകുന്ന അംഗണവാടി കുട്ടികളെയും നോക്കിക്കൊണ്ട് കള്ളിന്റ മത്ത് കേറി കണ്ണ് പാതിയടഞ്ഞ് പകല് മുഴുത്ത് ഇരുട്ടുവോളം അപ്പക്കുഞ്ഞി വീടിനോട് ചേര്‍ന്നുള്ള കള്ള് ഷാപ്പിന്റെ പള്ളയ്ക്ക് മരം പോലെ ഇരിക്കും.

''അപ്പക്കുഞ്ഞി ഇപ്പൊ തൊണ്ടന്‍.''

കുട്ടികള്‍ അയാളെ കണ്ട് കളിയാക്കി പറയും. എന്നാലും ആരാധന തിളക്കം വെപ്പിച്ച കണ്ണുകളോടെയല്ലാതെ അവര്‍ ഒരിക്കലും അയാളുടെ മുണ്ടു മാടിക്കുത്തിയ തളര്‍ന്ന പാതി ഉടലിലേക്കും നരച്ച താടിരോമങ്ങളിലേക്കും കഷണ്ടി കൈയറി കലം കമഴ്ത്തിയ പോലത്തെ തലമണ്ടയിലേക്കും ചോര കേറി ചുവന്ന കണ്ണുകളിലേക്കും നോക്കി നിന്നിട്ടില്ല. ഉല്‍സവ ചന്തയിലേക്ക് ചട്ടിക്കളിക്കാരെ പിടിക്കാന്‍ വരുന്ന പോലീസുകാരോട് കൈയൂക്ക് കാണിക്കാന്‍ മൂച്ചുള്ളത് അപ്പക്കുഞ്ഞിക്ക് മാത്രമായിരുന്നു. കോഴിക്കെട്ടിന് അപ്പക്കുഞ്ഞി മെരുക്കിയ പോരുകോഴികള്‍ കത്തി പോലും കോര്‍ക്കാതെ കാല്‍നഖം വച്ച് പൊരുതി ജയിച്ചു പറന്നുയരുന്നത് ആളുകള്‍ അന്തം വിട്ട് നോക്കി നിന്നിട്ടുണ്ട്. പൊട്ട കിണറ്റില്‍ കന്നുകാലി വീണ് ചത്താലും കാട്ടു കൊല്ലിയില്‍ ആളിനെ പാമ്പ് വിഴുങ്ങിയാലും കാട്ടിയിറങ്ങി കാട് കുലുങ്ങിയാലും പുഴയില്‍ വീണു ചത്തവര്‍ പഴുത്തു ചീഞ്ഞാലും 

'ഏ കുണ്ടംകുയ്യപ്പാ' എന്ന് വിളിച്ച് കൂവി നില്‍ക്കുന്നവര്‍ക്ക് അപ്പക്കുഞ്ഞിയുടെ ഊക്കുമുശിരും വേണമായിരുന്നു.

കുത്തിമറിഞ്ഞ കാലത്ത് കിണറു വെട്ടുകാരനായിരുന്നു അയാള്‍. കാണുന്നവരോടൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തത് തള്ളയ്ക്കു വിളിയൊ തല്ലോ ആയി മാറി വീട്ടിലും നാട്ടിലും പകയുള്ളവരെ തഴപ്പിച്ച പോറ്റിയ അപ്പക്കുഞ്ഞിക്ക് കലി കുളിരു പോലെ അടിമുടി മേത്ത് ഈര്‍ക്കില കേറ്റുമ്പോള്‍ കണ്ണില്‍ ഇരുട്ട് പുളയും. പിന്നെ കൂടെയുള്ളവരെയും കൂടെ പിറന്നവരെയും തിരിയാണ്ടാവും. കള്ള് തലയ്ക്ക് പിടിച്ചാല്‍ അപ്പക്കുഞ്ഞിക്ക് നാലോ അഞ്ചോ കൂരകളിലേക്ക് നേരം നോക്കാതെ പെണ്ണുപിടിക്കാന്‍ കേറണം.
അവരുടെ ആണുങ്ങളൊ ആങ്ങളമാരൊ അയാളോട് പോരിന് വന്നാല്‍ വന്നോരെല്ലാം കരുത്തുള്ള കാലിന്റെ ഊക്കറിയും. സകലതും അപ്പക്കുഞ്ഞിയോട് സമരസപ്പെട്ടുകൊണ്ടാണ് അയാള്‍ക്കു ചുറ്റിലും അതിജീവിച്ചിരുന്നത്.

അപ്പക്കുഞ്ഞിയെ കൂട്ടാക്കാത്തവനൊരുത്തനേ അന്നാട്ടിലുണ്ടായിരുന്നുള്ളു. പെങ്ങളെ പ്രേമിച്ചുകെട്ടിയ ചിണ്ടന്‍ പണിക്കന്‍. സ്വത്ത് തര്‍ക്കം പറഞ്ഞ് വീട്ടുമുറ്റത്ത് വന്ന് നിന്ന് തെയ്യക്കോലം പോലെ പണിക്കന്‍ ഉറഞ്ഞു തുള്ളിയപ്പോള്‍  അച്ഛന്‍ നായാടിയിരുന്ന ചുവരില്‍ തൂക്കിയിട്ട നായാട്ടു തോക്കുമെടുത്ത് മുറ്റത്തേക്ക് ചാടിയിറങ്ങി പാത്തി വച്ച് പണിക്കന്റെ പിടലി അപ്പക്കുഞ്ഞി തല്ലി ഒടിച്ചു. അടി കൊണ്ട് മുറ്റത്തു വീണു കിടക്കുന്ന പണിക്കനെ കെട്ടിപ്പിടിച്ച് പെങ്ങള്‍ അലമുറയിട്ടു കരഞ്ഞു. ഓടി വന്നവര്‍ പൊക്കിയെടുത്തു  നേരെ തടവിക്കാന്‍ കൊണ്ടുപോയ പണിക്കന്‍ പിന്നെ കുറേ നാള് കിടന്നു പോയി. പിടലി ഒന്ന് പരുവപ്പെട്ടപ്പോള്‍ ബാക്കി വാങ്ങാനെന്ന പോലെ വയറു നിറച്ച് വാറ്റ് കുടിച്ച് പെങ്ങള്‍ക്കു കൊടുക്കേണ്ട പങ്കു പറ്റിച്ച പറങ്കിമാവിന്‍ തോട്ടത്തിന്റെ കണക്കും പറഞ്ഞ് പണിക്കന്‍ അളിയനെ കാണാന്‍ പിന്നെയും വന്നു.
പാണ്ടിക്കണ്ടത്തെ കുന്നിന്‍ മൂട്ടില്‍ കിണറു കുത്തുകയായിരുന്നു അപ്പക്കുഞ്ഞിയും കിണറു പണിക്കാരും. ചിണ്ടന്‍ പണിക്കന്‍ കിണറിന്റെ മുകളില്‍ നിന്ന് താഴെ മണ്ണ് കൊത്തുന്ന അപ്പക്കുഞ്ഞിക്കു നേരെ തെറി കോരി എറിഞ്ഞു. കാര്‍ക്കിച്ച് തുപ്പി. തന്തയെ പറഞ്ഞു. സമാപ്തിക്ക് ചിണ്ടന്‍; കിണറില്‍ പണി നിര്‍ത്തി മുകളിലേക്ക് വായും പൊളിച്ച് നോക്കി നില്‍ക്കുന്ന അപ്പകുഞ്ഞിക്കും പണിയെടുക്കുന്നവര്‍ക്കും നേരെ  മഞ്ഞള്‍പ്പൊടി കറയുള്ള മുണ്ടു പൊക്കി മൂത്രമൊഴിക്കുകയും ചെയ്തു. കിണറിലേക്ക് ഞാന്നു കിടക്കുന്ന കമ്പക്കയറിലേക്ക് ചാടിക്കയറി അലര്‍ച്ചയോടെ കിണറിന്‍ പടം ചവുട്ടി അപ്പക്കുഞ്ഞി മുകളിലേക്ക് കുതിച്ചു.

''സുള്‍ണ്ട മോനേ നിന്ന ഞാന്‍ ബെച്ചക്കീലടാ. കൊന്നിറ്റീ കെണ്‍ടിലിട്ടിറ്റ് മൂടും.''

മുകളിലേക്കുള്ള കുതിപ്പിനൊപ്പിച്ച് അപ്പക്കുഞ്ഞി വിളിച്ചു പറഞ്ഞു. കിണറ് കൊത്തി തുടങ്ങിയേടം ഒന്നോ രണ്ടോ ചാട്ടത്തിനെത്തേണ്ടതായിരുന്നു അപ്പക്കുഞ്ഞി. അയാള്‍ കമ്പക്കയറില്‍ പിടിത്തം കിട്ടാതെ വന്ന വഴിയേ താഴേക്ക് കിണറിന്റെ ആഴത്തിലേക്ക് നടുതല്ലി വീണു. ചെങ്കല്ലു ചീളില്‍ വീണു കിടക്കുന്ന അപ്പക്കുഞ്ഞിയുടെ ശരീരം തൊട്ടു നോക്കുവാന്‍ പോലുമാവാതെ കിണറ്റിലുള്ളവര്‍ അല്‍പ്പനേരം മണ്‍ ചുവരിലേക്ക് അള്ളിപ്പിടിച്ച് അനങ്ങാതെ നിന്നു. അവരെ ഇരുട്ടിലാക്കികൊണ്ട് കിണറിനു ചുറ്റിലും ആളു കൂടി. ചത്തെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിച്ച അപ്പക്കുഞ്ഞിയുടെ ചതഞ്ഞ ശരീരം കെട്ടിവലിച്ച് മുകളിലെത്തിച്ചപ്പൊഴേയ്ക്കും കുന്നിന്‍ മൂട് നിറയെ ആളുകളായിരുന്നു. അവിടന്ന് കൊണ്ടുപോയി കിടത്തി മരുന്നായിട്ടും മറുമരുന്നായിട്ടും കൈയ്ച്ചതും കൈക്കാത്തതും പച്ചയും പഴുത്തതും തീറ്റിച്ച് ചവുട്ടിയും കുഴച്ചും കൂട്ടിയും കാലം പിടിച്ച് ഒന്നനക്കം വെപ്പിച്ച പാതി ചത്ത ശരീരമാണ് അപ്പകുഞ്ഞിയുടേത്.

ചത്ത പാതിയെ പറ്റി ഓര്‍ക്കാതെ ചാവാതെ കിടക്കുന്ന മറുപാതി മതി ബാക്കിയുള്ളതിന് എന്ന് കണക്കുകൂട്ടി മനസിനെ ആവലാതി ഏല്‍പ്പിക്കാതെ ഉണ്ടുമുറങ്ങിയും അപ്പക്കുഞ്ഞി രാവും പകലും കഴിച്ചുകൂട്ടി. അപ്പകുഞ്ഞി കിടന്നു പോയ തഞ്ചം നോക്കി ഇറങ്ങിയവരെല്ലാവരും അപ്പൊഴെയ്ക്കും തിടം വച്ചിരുന്നു. അപ്പക്കുഞ്ഞിക്ക് നേരെ നിന്ന് വീക്ക് കിട്ടിയോന്മാര്‍ അയാളെ ചത്തവനൊപ്പം പറഞ്ഞ് നടന്നു. അപ്പക്കുഞ്ഞി കുടിച്ച് കൂത്താടിയേടത്ത് അവര്‍ വെരകി വെളുപ്പിച്ചു. അപ്പക്കുഞ്ഞിക്ക് വിരിക്കാറുണ്ടായിരുന്ന ഓല പായയില്‍ അവര്‍ മുക്കി മൂരി നിവര്‍ന്നു. കൊക്കിനും കാലിനും പോരു കത്തിയെക്കാളും മൂര്‍ച്ചയുള്ള അപ്പക്കുഞ്ഞിയുടെ പൂവന്‍കോഴികള്‍ കോഴിക്കെട്ട് കണ്ടത്തില്‍ കൊത്ത് കൊണ്ട് കീറി പൊടി മണ്ണ് പാറ്റി കാണാന്‍ വന്നവരുടെ കാലുകള്‍ക്കിടയിലൂടെ പാഞ്ഞു. അപ്പക്കുഞ്ഞിയുടെ വാറ്റ് കലം ചവുട്ടി പൊട്ടിക്കാനും കവുങ്ങിന്‍ മെരടില്‍ കുഴിച്ചിട്ട കന്നാസുകള്‍ കുത്തി കീറാനും അയാളുടെ വീട്ടു ചെരുവിലുടെ പോലീസു വണ്ടി ഇറങ്ങി. എല്ലാറ്റിനുപരി വൈദ്യന്‍ ബെള്ളുങ്ങന്‍ പച്ചില പറിക്കാന്‍ പോയി പാമ്പു കൊത്തി ചത്തതില്‍ പിന്നെ അപ്പകുഞ്ഞിക്ക് മാത്രം ഓലപ്പായ വിരിച്ചതിന്റെ ഓര്‍മ്മകള്‍ കിടന്ന് തിളയ്ക്കുമ്പോള്‍ അപ്പക്കുഞ്ഞി കിടക്കുന്ന തിണ്ണയില്‍ വന്നിരുന്ന് നാടുനീളെ തെണ്ടിയൊപ്പിച്ച കുയ്മ്പും പീനും പറച്ചില്‍ നിര്‍ത്തി വണ്ണാത്തി നാരായണി പിന്നെ അപ്പകുഞ്ഞിയെ പറ്റി ചോദിച്ചതായ് പോലും അയാള്‍ കേള്‍ക്കാതെയായി. അവിടന്നാണ് മനസ് കല്ലാക്കി നെഞ്ചിന്റെ ഊക്ക് കൊണ്ട് അപ്പക്കുഞ്ഞി ഒന്നനങ്ങിത്തുടങ്ങിയത്.

പിന്നെ കൈയനങ്ങിത്തുടങ്ങിയപ്പോള്‍ കൈയില്‍ കിട്ടുന്നതെടുത്ത് കണ്ണിനു പിടിക്കാത്തോരുടെ  മേത്തേക്കെറിഞ്ഞും ഓര്‍മ്മയില്‍ ബാക്കിയുള്ള പച്ചതെറി ആളും തരവുമില്ലാതെ മുന്നില്‍ കാണുന്നവരെ കണ്ണുപൊട്ടി വിളിച്ചും കിടപ്പുവിട്ട് ഇരുന്ന ഇരിപ്പില്‍ പണ്ടുണ്ടായവനിനിയും ബാക്കിയുണ്ടോ എന്ന് നോക്കും. അപ്പക്കുഞ്ഞി  ഉള്ള ഉടലുവച്ച് എല്ലാറ്റിനും ഉത്തരം പറയും എന്നൊരു വര്‍ത്തമാനം നാട്ടില്‍ പരന്നിരുന്നു.

ഷാപ്പിന്റെ പള്ള പിടിച്ചിരിക്കുന്ന അപ്പക്കുഞ്ഞിക്ക് ചെത്ത്കാര്  കള്ള്കുടം കാണിക്ക വെക്കും. അത് കുടിച്ച് മത്ത് കേറുമ്പോള്‍ ഷാപ്പിലുള്ളോരോട് തന്നെയും തൂക്കി നടക്കാന്‍ പറയും. അപ്പക്കുഞ്ഞിയുടെ കള്ള് ഓസിനു കുടിച്ചോരും കടമയുള്ളോരും കടപ്പാടുള്ളോരും അയാളെ ഇരുന്ന കസേരയോടു കൂടി ജീപ്പിലിട്ട് തെയ്യക്കോലത്തിനും കോഴിക്കെട്ടിനും പഞ്ചാത്തിക്കയ്ക്കും പാര്‍ട്ടി പരുപാടിക്കും കൊണ്ടിറക്കാന്‍ തുടങ്ങി. നാട്ടിലുള്ളോര്‍ പിന്നെ കണ്ടത് അപ്പക്കുഞ്ഞി ചന്തക്കളത്തില്‍ പൊടിമണ്ണ് പുതഞ്ഞ് ആള്‍ക്കൂട്ടത്തിനു നടുവില്‍ അരയ്ക്കു താഴെ ചലനമില്ലാത്ത കാര്യം പാടേ മറന്ന് കൊണ്ടിരുത്തിയ കസേരയില്‍ ഇരുന്ന് ചട്ടി കളിക്കുന്നതും കോരന്‍ ബെല്ലിച്ചന്റെ ചായപ്പീടിക വരാന്തയില്‍ അതേ ഇരിപ്പിരുന്ന് ചീട്ടുകളിക്കുന്നതും കോഴിപ്പോരു കണ്ടത്തില്‍ എതിരാളിയെ കീറിപ്പൂളാന്‍ അതേ ഇരിപ്പില്‍ ഒന്ന് കുനിഞ്ഞ് മുന്നിലേക്ക് കൈയിലെ പോരുകോഴിയെ തൊടുത്തു വിടുന്നതും തന്തയ്ക്കു വിളിച്ച് പഴയ പകയും കൊണ്ട് വരുന്നോരെ കണ്‍മുന്നിലിട്ട് കൂട്ടിന് വന്നോരെക്കൊണ്ട് തല്ലിക്കുന്നതുമാണ്.

 

Also Read: മുത്തപ്പന്‍, വി. സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ

 

വൈകുന്നേരങ്ങളില്‍ നെല്ലിമരം കേറാനിറങ്ങിയ ചെക്കന്‍മാരില്‍ ചിലര്‍ വണ്ണാത്തി നാരായണിയുടെ ഓടു പാകിയ വീട്ടു വരാന്തയില്‍ അപ്പക്കുഞ്ഞിയുടെ അളില്ലാത്ത കസേരയും അപ്പക്കുഞ്ഞിയെ ഏറ്റി കൊണ്ടുവന്നവര്‍ പറങ്കിമാവിന്‍ കൊമ്പയില്‍ കൂടി വാറ്റ് ചാരായം കുടിക്കുന്നതും കണ്ടു. വണ്ണാത്തി നാരായണിയുടെ മണ്‍കട്ട ചുവരിലെ ജനല്‍ വിടവിലൂടെ ഒളിഞ്ഞു നോക്കിയപ്പോള്‍ തുണിയില്ലാതെ കിടക്കുന്ന അപ്പക്കുഞ്ഞിയുടെ അരയിലിരിക്കുന്ന വെളുത്തു തുടുത്ത വണ്ണാത്തിയെയും അവര്‍ കണ്ടു.
വണ്ണാത്തി അപ്പക്കുഞ്ഞിയെ പഴയ കണക്കനെ ആനന്ദത്തിന്റെ എണ്ണയില്‍ കുഴച്ചെടുത്ത് ചൂടു കൊള്ളിച്ച് മരണത്തോളം ഉറക്കി കിടത്തുന്നത് അവര്‍ ജനാല വിടവിലൂടെ നോക്കി നിന്നു.

ചിണ്ടന്‍ പണിക്കനോട് അപ്പക്കുഞ്ഞി പകരം ചോദിക്കും എന്ന വര്‍ത്തമാനം നാടുനീളെ നീണ്ടു വാഴാന്‍ തുടങ്ങീട്ട് കുറച്ചങ്ങായിരുന്നു. നാട്ടുകാരെല്ലാവരും കാത് അതിന് കൂര്‍പ്പിച്ച് വച്ചിരുന്നു. നായാട്ടിനെന്നും പറഞ്ഞ് അങ്ങനെ ഒരു ദിവസം രാത്രിയടുപ്പിച്ച് കൂട്ടുകാര്‍ക്കൊപ്പം അപ്പക്കുഞ്ഞി കാട്ടു കൊല്ലി കയറി. ജീപ്പും പിടിച്ച് കാട് കേറി ജീപ്പെത്തുന്നിടം തൊട്ട് കസേരയേറ്റി അപ്പക്കുഞ്ഞിയെയും കൊണ്ട് കൂട്ടുകാര്‍ രാത്രിയോടെ കാടിന്റെ ഉള്ള് കിതച്ച് പിടിച്ചു. അപ്പക്കുഞ്ഞിയെ ഒത്ത ഒരിടത്തിരുത്തി കൈയിലൊരു തോക്കും കൊടുത്ത് ബാക്കിയുള്ളോര്‍ കാടിന്റെ പല ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പൊന്തക്കാട് നൂണു. അന്ന് രാത്രി അവര്‍ തിരിച്ചു പോയില്ല. നായാടി കിട്ടിയ കീരിയെയും അണ്ണാ കൊട്ടനെയും ഉടുമ്പിനെയും ചുട്ടു തിന്ന് തീ കൂട്ടി അവര്‍ കാട്ടില്‍ കിടന്നുറങ്ങി. അതിരാവിലെ എണീറ്റ് കാടിനിടയില്‍ കുത്തിയിരുന്ന് കാര്യം സാധിച്ച് കമ്മ്യൂണിസ്റ്റ് പച്ചകൊണ്ട് ചന്തി തുടച്ച് ബാക്കി വെച്ച വാറ്റും വെള്ളവും വായിലേക്ക് കമഴ്ത്തി നേരെ എരിഞ്ഞിപ്പുഴയ്ക്ക് നടന്നു. അപ്പക്കുഞ്ഞിയുടെ കസേര നാലാള്‍ വച്ച് മാറി മാറി തോളിലേറ്റി കുന്ന് കേറിയും കീഞ്ഞും അവര്‍ പുഴ കാണാവുന്ന തഞ്ചത്തിനെത്തി. കാട്ടു മരങ്ങള്‍ക്കിടയില്‍ അവര്‍ അപ്പക്കുഞ്ഞിയെ കൊണ്ടിരുത്തി. അയാളുടെ കൈയിലേക്ക് വെടിയുണ്ട നിറച്ച തോക്കും വച്ചു കൊടുത്തു.

മറ്റുള്ളവര്‍ കാട്ടിന്റെ പല ഭാഗങ്ങളില്‍ മറഞ്ഞിരുന്നു. മരത്തലപ്പിനിടയിലൂടെ കാടിന്റെ ഇരുട്ടിലേക്ക് മൂര്‍ച്ച കൂടിയ വെളിച്ചം വന്നു വീഴുന്ന കാട്ടുവഴിയുടെ തിരിവിലേക്ക് നോക്കി അപ്പക്കുഞ്ഞി തോക്കും പിടിച്ച് ഏകാഗ്രതയോടെ ഇരുന്നു. എല്ലാവരും ഇല പടര്‍പ്പിനിടയിലൂടെ മുന്നിലേക്ക് നോട്ടം നട്ട് കുത്തിയിരിക്കുമ്പോള്‍ എരിഞ്ഞിപ്പുഴയിലൂടെ അക്കരയില്‍ നിന്നു വരുന്ന ഒരു തോണി അവര്‍ കണ്ടു. തോണിയില്‍ തുഴക്കാരനും പിന്നൊരു തെയ്യവുമുണ്ടായിരുന്നു.

വേലക്കുന്നപ്പന്റെ ഉല്‍സവം കഴിഞ്ഞ് ഒളിവില്‍ പോയ ചിണ്ടന്‍ പണിക്കന്റെ തെയ്യം കെട്ടിയുള്ള മടങ്ങി വരവാണത്. തെയ്യക്കോലത്തില്‍ ഒരുങ്ങി അതിരാവിലെ പുഴ കടന്ന് വന്ന് കാട് കയറി എള്ളുക്കുച്ചി കൊല്ലി കേറി കാട്ടില്‍ ഇരുട്ടില്‍ കിടക്കുന്ന താനം നമസ്‌ക്കരിച്ച് തിരിച്ചു പോണം. അതിനു ശേഷമാണ് ഉറയല്‍. പുഴ കടന്ന് തോണിയിറങ്ങിയ തെയ്യം തെയ്യപേച്ച് പറഞ്ഞും ചുറ്റിലും ഗുണം വരാന്‍ അനുഗ്രഹം പരത്തിയും കാടുകയറി. ചപ്പില ചവുട്ടി ചീരി മുള്ളു മാറ്റി ഇരുട്ടിലും വെളിച്ചത്തിലും മുന്നോട്ട് നടന്ന് തെയ്യം കൊല്ലിക്കുള്ള യാത്ര തുടര്‍ന്നു. കാട്ടു ജീവജാലങ്ങള്‍ തെയ്യക്കോലത്തിലേക്ക് കണ്ണു മിഴിച്ചു. തെയ്യം അപ്പക്കുഞ്ഞി നോട്ടം പിടിച്ച വളവു തിരിഞ്ഞതും അപ്പക്കുഞ്ഞിക്ക് ദേഹമാസകലം വിയര്‍പ്പ് പൊട്ടി. കണ്ണ് കനല് കോരിയിട്ട മാതിരി കത്തി. അപ്പക്കുഞ്ഞി അറിയാതെ പരമ്പരയില്‍ ഗുണമുണ്ടായിരുന്ന പിതാക്കന്‍മാരെ മനസില്‍ വിളിച്ചു. അപ്പക്കുഞ്ഞി തെയ്യക്കോലത്തിനു നേരെ ഉന്നം പിടിച്ചു. ഉന്നം ഉറച്ച ഒരു നിമിഷത്തില്‍ ചിണ്ടന്‍ പണിക്കന്‍ കെട്ടിയ തെയ്യക്കോലത്തിന്റെ പട്ടും പച്ചത്തളിരോലയം കനത്തില്‍ കെട്ടിയ മാറിലേക്ക് അപ്പക്കുഞ്ഞിയുടെ വെടിയുണ്ട പൊട്ടി.

എള്ളുക്കുച്ചി നിറയെ മുഴങ്ങുമാറുച്ചത്തില്‍ കാട്ടു കൊല്ലിയിലെ ഓരോ കാട്ടുമുഗവും വിരണ്ട് തുള്ളുമാറുച്ചത്തില്‍ വെടിയുണ്ട നെഞ്ചില്‍ കൊണ്ട തെയ്യം അലറി. കാടിനു ചുറ്റിലും ചോരക്കണ്ണു തുറുപ്പിച്ച് നെഞ്ചില്‍ നിന്ന് രക്തം തെറുപ്പിച്ചുകൊണ്ട് തെയ്യം ഒന്നുറഞ്ഞു തുള്ളി. അപ്പക്കുഞ്ഞിയുടെ അടുത്ത ഉന്നത്തിനു മുന്നിലൂടെ തെയ്യം മുന്നോട്ടില്ലാതെ പുഴയ്ക്കു നേരെ പിന്‍തിരിഞ്ഞു കുതിച്ചു. അതേ നിമിഷത്തില്‍ അപ്പക്കുഞ്ഞിക്ക് കൂട്ടിനു വന്നവരും ഉദ്യമം തീര്‍ത്ത്; വെടി കൊണ്ട തെയ്യം അലറിച്ചുവന്ന് കാട്ടിലെ പച്ചയില്‍ കുതറിയത് കണ്ണില്‍ നിന്നു മായാതെ അപ്പക്കുഞ്ഞിയെയും കൊണ്ട് കസേരയുമേറ്റി കാട്ടിലൂടെ വന്ന വഴിക്ക് തിരിഞ്ഞോടി. വെടി കൊണ്ട് പുഴക്കരയിലേക്ക് ഓടി തോണി കയറിപ്പറ്റി പുഴ കടന്നു പോയ ചിണ്ടനെ പിന്നെ ആരും കണ്ടിട്ടില്ല.

അതോടു കൂടി അപ്പക്കുഞ്ഞി കൈമറഞ്ഞു പോയ ഒരോ പുല്‍നാമ്പും തിരിച്ചുപിടിക്കാന്‍ തുടങ്ങി. അപ്പക്കുഞ്ഞിയും അയാളിരിക്കുന്ന കസേരയും കസേരയിലെ പാതി ചത്ത ഉടലും ആളുകള്‍ ആതിശയത്തോടെ നോക്കി നിന്നു. അപ്പ കുഞ്ഞി ഉള്ള ഉടലും വച്ച് കൂട്ടിന് കൂടിയവര്‍ക്കൊപ്പം മൊരുകുപോലെ വാണു. പണ്ടുണ്ടായിരുന്നതിന്റെ ഇരട്ടി മറുപ്പിന് അയാള്‍ പേരുകേട്ടു.

അയാളുടെ പുളച്ചിലൊന്ന് തണുത്തത് ഒരു സന്ധ്യയ്ക്ക് ഓലപ്പായയില്‍ വിയര്‍ത്തു കിതച്ചൊട്ടി കിടക്കുമ്പോള്‍ വണ്ണാത്തി വെളിപ്പെടുത്തിയ ഒരു രഹസ്യം തൊട്ടാണ്.

വലംകൈയായിരുന്ന ഉണ്ണിതുന്ത തനിക്ക് കൂട്ടുകിടക്കാന്‍ വരാറുണ്ട് എന്ന് ഒരുറക്കത്തിലേക്ക് താഴും മുന്‍പ് ചെവിയിലേക്ക് ചുണ്ടുകൊള്ളിച്ച് വണ്ണാത്തി അപ്പക്കുഞ്ഞിയോടു പറഞ്ഞു. ഉറങ്ങി പോയ അപ്പക്കുഞ്ഞിക്ക് കേട്ടത് സ്വപ്നത്തിലാണെന്ന് തോന്നി. അപ്പകുഞ്ഞിയുടെ മനസ്സില്‍ വണ്ണാത്തി പറഞ്ഞത് വളഞ്ഞും പുളഞ്ഞും കിടന്നു. അപ്പക്കുഞ്ഞി ഉണ്ണിതുന്തയുടെ വരവും പോക്കും നടപ്പും ഇരിപ്പും മട്ടും മാതിരിയും ഒന്ന് കണ്ണ് വെച്ചു. ഒരു മൂവന്തിക്ക് അപ്പക്കുഞ്ഞി മറഞ്ഞിരുന്ന് വണ്ണാത്തി പറഞ്ഞത് നേരില്‍ കാണുകയും ചെയ്തു. ഉണ്ണിതുന്ത ഒരു കവറ് തേങ്ങാ പൊണ്ടവും കൊണ്ട് ജീപ്പിറങ്ങി വന്ന് നേരെ വണ്ണാത്തിയുടെ വീടു കയറി പോകുന്നു. പുറത്തിറങ്ങിയ വണ്ണാത്തി തലക്കെട്ടഴിച്ച് കുടഞ്ഞ്‌കെട്ടി പരിസരം ഒന്ന് പരതി നോക്കി നേരെ അകത്തു കയറി വാതിലടയ്ക്കുന്നു. 

മറഞ്ഞിരുന്നു കണ്ട കാഴ്ച നെഞ്ചിലേക്കമര്‍ന്ന് അപ്പക്കുഞ്ഞിയുടെ രക്തം കട്ട പിടിച്ചിരുന്നു. 

അപ്പക്കുഞ്ഞിക്ക് പിന്നെ ഉണ്ണിതുന്തയോട് നേര്‍ക്കുനേരെ കാണുമ്പൊ മിണ്ടാന്‍ തോന്നാതായി. കള്ളുകുടിക്കാനും കാടുകേറാനും ഉണ്ണിതുന്തയെ പിന്നെ കൂട്ടിന് വിളിക്കാതായി. അപ്പക്കുഞ്ഞിയുടെ അരയില്‍ പിന്നെ ഉസാറ് പോരാത്ത വണ്ണാത്തിയെ കണ്ട് അയാള്‍ മനസില്‍ കനലു കൂട്ടി.

'ഓന എനി നീ ബീട്ടില് കേറ്റര്ത്.'

അപ്പക്കുഞ്ഞി വണ്ണാത്തിയോട് പറഞ്ഞു. 

'എന്നാ ഓനോ നിങ്ങളൊ. ഒരാള് മതി.'

വണ്ണാത്തിപറഞ്ഞു.

അപ്പക്കുഞ്ഞി ഇടഞ്ഞതും വണ്ണാത്തി തെറ്റിച്ചെതും ഉണ്ണിതുന്ത മനസിലാക്കിയിരുന്നു.

'ഓനോ നിങ്ങളോ. ഒരാള്  മതി.'

വണ്ണാത്തി ഉണ്ണിതുന്തയോടും അതു തന്നെ പറഞ്ഞു.

ഉണ്ണിതുന്ത പിന്നെ കരുതലോടെ കൂട്ടം മാറി നടക്കാന്‍ തുടങ്ങി. അപ്പക്കുഞ്ഞിയോട് കലമ്പിയവരെല്ലാവരും പതിയെ ഉണ്ണിതുന്തയ്ക്കു കൂട്ടിനു വന്നു. അവറൊരു സംഘമായി മാറി. വണ്ണാത്തിയുടെ ചൂടും ചൂരുമാര്‍ക്ക്; ഓരോരുത്തരും ഓരോരു പിത്തന മെനഞ്ഞ് അപ്പക്കുഞ്ഞിയുടെയും ഉണ്ണിതുന്തയുടെയും നെഞ്ചിന് കനം കൂട്ടി. ഉണ്ണിതുന്തയെ രാത്രിയില്‍ വളഞ്ഞിട്ട് വെട്ടി പൊളുക്കുവാനും ഉണ്ണിതുന്ത കേറുന്ന തെങ്ങിന്‍ മൂട്ടില്‍ പാമ്പിനെ കൊണ്ടിട്ട് കൊത്തിക്കുവാനും ഉണ്ണിതുന്തയ്ക്ക് ഏറ്റ മാട്ടം വെക്കുവാനും അപ്പക്കുഞ്ഞിയും സംഘവും തല പുണ്ണാക്കി ആലോചിച്ചു.

വയനാട്ടുകുലവന്റ നായാട്ടു സംഘത്തില്‍ വടക്കോട്ടു പോകുന്നവരുടെ തലപ്പത്തിരുത്തിയത് ഉണ്ണിതുന്തയെ ആയിരുന്നു. മറ്റൊരു കൂട്ടരുടെ തലപ്പത്ത്  അപ്പക്കുഞ്ഞിയുമുണ്ടായിരുന്നു. നായാട്ടിനിറങ്ങിയാല്‍ കൊമ്പനായിട്ടും കീരിയായിട്ടും അണ്ണാക്കൊട്ടനായിട്ടും കിട്ടുന്നതിനെ എണ്ണി നോക്കി കൂട്ടത്തില്‍ കൂടുതല്‍ കിട്ടിയ സംഘ തലവനാരാണോ അവന് വണ്ണാത്തിയുടെ വീട്ടു പടിക്കലേക്ക് ഒരുത്തന്റെയും വഴിമുടക്കമുണ്ടാവില്ല. ഇതായിരുനു എല്ലാറ്റിനുമുപായമായി അവരവസാനം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുറപ്പിച്ചത്. അപ്പക്കുഞ്ഞിയും ഉണ്ണിതുന്തയും അതിന് തലയനക്കുകയും ചെയ്തു.

നായാട്ടു സംഘങ്ങള്‍ പിഴയ്ക്കാത്ത ഉന്നത്തിനും മുഴുത്ത പന്നിക്കും കീരിക്കും കൊമ്പനും വേണ്ടി വേലക്കുന്നപ്പനോട് നെഞ്ചു തട്ടി പ്രാര്‍ത്ഥിച്ചു. വയനാട്ടുകുലവന് പന്തല് നാട്ടിയ അന്ന് മുറിവില്‍ പുരട്ടാന്‍ പച്ചമരുന്നും മുട്ടില്‍ പുരട്ടാന്‍ കോയിനെയ്യും തോളത്ത് തോക്കുകളുമായി പല സംഘങ്ങളായി അവര്‍ കാട്ടിലേക്ക് പിരിഞ്ഞു. അപ്പക്കുഞ്ഞിയുടെയും ഉണ്ണിതുന്തയുടെയും കൂട്ടാളികള്‍ പരസ്പരം നല്ല പോരുകേറ്റിയിരുന്നു. മടക്കമുണ്ടെങ്കില്‍ ജയിക്കാനായിരിക്കുമെന്ന് തൊള്ള കീറി പാടി അവര്‍ ഇരു ഭാഗങ്ങളിലേക്ക് ശങ്കരന്‍പാടി കാടുകയറി. കസേരയിലേറ്റപ്പെട്ട അപ്പക്കുഞ്ഞി കൂട്ടുകാര്‍ക്കൊപ്പം കാട് വകഞ്ഞ്  ഇരുട്ടു തേടി കുന്നുകയറി. കാട് കരയുന്നതും കേട്ട് ഏറ്റിയ കസേരയില്‍ മിണ്ടാനൊന്നും മനസിലില്ലാതെ അപ്പക്കുഞ്ഞിയിരുന്നു. ഇടവിട്ട് മരത്തലപ്പുകള്‍ കാണിക്കുന്ന ആകാശത്ത് കാവലിനെന്തോ  കൂട്ടു പറന്നു വരുന്നത് അപ്പക്കുഞ്ഞി കണ്ടു. കാടു കയറി ഇരുട്ടോടുകൂടി അവര്‍ കാട്ടു കൊല്ലിയിലെത്തി. ഇരുട്ടില്‍ ഒരു പന്തം നാട്ടി അപ്പക്കുഞ്ഞിയെ കാട്ടിലൊരിടത്ത് കസേരയില്‍ ഇരുത്തി കാവലിനൊരുത്തനെയും നിര്‍ത്തി കൂടെയുള്ളവര്‍ നായാട്ടിനിറങ്ങി. ഒന്നും മിണ്ടാതെ അപ്പക്കുഞ്ഞിയും കൂട്ടിനു നിന്നവനും കാട്ടിലേക്ക് കാതു കൂര്‍പ്പിച്ചു. ഇരുട്ട് കനം കൂടി വന്നപ്പോള്‍ ചൂട്ട് കെട്ട് പോയി കനലിന്റെ പൊട്ട് മാത്രമായി. ചൂട്ടു കത്തിക്കാന്‍ നോക്കിയ കൂട്ടുനില്‍ക്കുന്നവനെ അപ്പക്കുഞ്ഞി തടഞ്ഞു. ഇരുട്ടില്‍ പരസ്പരം തുറിച്ച് നോക്കിയാല്‍ മാത്രം കാണുന്ന പാകത്തിലായി അവര്‍. ഒരു ബീഡി തരാന്‍ കൂട്ടുള്ളവനോട് അപ്പക്കുഞ്ഞി പറഞ്ഞു. അവന്‍ കൊടുത്ത ബീഡി ചുണ്ടില്‍ വച്ച് അതിലേക്ക് തീപ്പെട്ടി ഉരച്ച് അപ്പക്കുഞ്ഞി തീ കൊള്ളിക്കവെ കൊല്ലിയുടെ ചെരുവില്‍ നിന്ന് ആദ്യത്തെ വെടി പൊട്ടി. പിന്നാലെ കാടിന്റെ മറുപാതിയില്‍ നിന്നും കുറേ വെടിയൊച്ചകള്‍ കേട്ടു. ഓരോ വെടിയൊച്ചകള്‍ക്കുമൊപ്പം  അപ്പക്കുഞ്ഞിയുടെ നെഞ്ചിനുള്ളില്‍ എരിവുള്ളതെന്തോ പൊട്ടിയൊലിച്ചു. വെടിയൊച്ച നിലയ്ക്കുന്ന ഇടവേളകളില്‍ ഇരുട്ടില്‍ അപ്പക്കുഞ്ഞി തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും കൂട്ടുചേരുവ പോലെ ഭൂമിയിലെ ഏകപ്പെട്ടതെന്തോ ഒന്നുപോലെ കസേരയില്‍ അമര്‍ന്നിരുന്നു. അയാളുടെ മനസില്‍ വണ്ണാത്തിയുടെ പിന്‍കഴുത്തിലെ അരിമ്പാറ തടഞ്ഞു.

 

Also Read: മുറ്റ്, വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ

 

നായാട്ടുകാര്‍ തിരിച്ചിറങ്ങിയെന്ന് തെയ്യക്കോലങ്ങള്‍ പൊടിമണ്ണ് പാറ്റിച്ച് ആകാശം ചുവപ്പിച്ച കണ്ടത്തില്‍ വാര്‍ത്ത എത്തി. നായാടി വരുന്നോര്‍ക്ക് പണ്ടാരിക്കാര്‍ തിന്നാനും കുടിക്കാനും എടുത്തു വച്ചു. ബപ്പിടാനുള്ള കളം ഒരുങ്ങി. തെയ്യക്കോലക്കാരന്‍ ഏറ്റത്തില്‍ കള്ളും കളറും കുടിച്ചു. രാത്രിയോടടുപ്പിച്ച് നായാട്ടു സംഘങ്ങള്‍ കൊന്ന കാട്ടു ജീവികളുടെ കറുപ്പു കയറിയ ചോര പറ്റി പുതഞ്ഞ ഉടലുകളും കൊണ്ട് ജീപ്പുകളില്‍ കൊല്ലി കേറി തെയ്യക്കണ്ടത്തില്‍ വന്നിറങ്ങി. ജീപ്പുകള്‍ ഓരോന്നിനു ചുറ്റിലും നാനാ വശത്തു നിന്നും തെയ്യം കാണാന്‍ വന്ന ആളുകള്‍ കൂടി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഉറക്കമിളച്ച കണ്ണുകളും താങ്ങി  ചോരയൊട്ടി കാട്ടുകറ പറ്റിയ കോലവും കൊണ്ട്  നായാട്ടുകാര്‍ ഊട്ടുപുരയിലേക്ക് നടന്നു. അത്രയും നേരത്ത് തിന്നാന്‍ കിട്ടാത്തത് മുഴുവനും ഊട്ടുപുരയില്‍ ഇരുന്ന് നായിട്ടുകാര്‍ ആര്‍ത്തിയോടെ തിന്നു തീര്‍ത്തു. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കുന്ന് കൂടിയ കണ്ടത്തിനു നടുവില്‍ ഉറഞ്ഞാടുന്ന തെയ്യക്കോലത്തിന്റെ കാല്‍പാദത്തിലേയ്ക്ക് ഓരോ സംഘങ്ങളും അവരവര്‍ക്ക് നായാടി കിട്ടിയതിനെ വരിവരിയായി കൊണ്ട് വന്ന് കാണിക്ക വെക്കാനൊരുങ്ങി. ജനാവലി ഏന്തി വലിഞ്ഞ് നടുമുറ്റത്തേക്ക് നോക്കി. ചാണകം മെഴുകിയ നടുമുറ്റത്തുലാത്തുന്ന തെയ്യക്കോലത്തിനു മുന്നിലേക്ക് കാട്ടു മൃഗങ്ങളെ ആണുങ്ങള്‍ കാഞ്ഞിര മരത്തിന്‍ കമ്പില്‍ കെട്ടി വരിവരിയായി കൊണ്ടുവന്ന് കാണിക്ക വെച്ചു. കൈയിലെ പീസാങ്കത്തി കൊണ്ട് തെയ്യം നായാടിക്കിട്ടിയ ഓരോന്നിന്റെയും പളള കീറി അതിനെ ദൈവത്തിങ്കലേക്ക് ഏറ്റെടുത്തു. പളള കീറിയൊലിച്ച പന്നിക്കുടലുകളുടെ ദുര്‍ഗന്ധം കൊണ്ട് പാടം നിറഞ്ഞു. കാട് കുത്തിമറിച്ച് നായാടിക്കിട്ടിയ ഓരോന്നിലേക്കും കണ്ണുപൂട്ടാതെ ജനാവലി വേട്ടമൃഗം കണക്കനെ നോക്കിയിരുന്നു.

ആള്‍ക്കൂട്ടത്തില്‍ വണ്ണാത്തി നാരായണിയും ഉണ്ടായിരുന്നു.

അവള്‍ അപ്പക്കുഞ്ഞിയും ഉണ്ണിതുന്തയും നായാടിയ കണക്കു നോക്കാന്‍ കാത്തിരിക്കുകയായിരുന്നു. അപ്പക്കുഞ്ഞിയും സംഘവും നായാടി കൊണ്ടു വന്ന കാട്ടുമൃഗങ്ങളെ ബപ്പിടാന്‍ കളത്തില്‍ ഏറ്റിക്കൊണ്ടിറക്കിയതും നാലുപാടു നിന്നും ആളുകള്‍ നാരായണിയെ നോക്കി. നാരായണിയുടെ നെഞ്ച് ചെണ്ടകൊട്ടി. തെയ്യം കീറി വിടുന്ന ഓരോന്നിനെയും കണ്ണു കൂര്‍പ്പിച്ച് കണക്കു തെറ്റാതെ നാട്ടുകാര്‍ക്കൊപ്പിച്ച് നാരായണിയും എണ്ണുവാന്‍ തുടങ്ങി.

പതിനൊന്ന് തേറ്റപ്പന്നി.

പതിനഞ്ച് ഉടുമ്പ്.

നാല് മുള്ളന്‍പന്നി.

എട്ട് കീരി.

പന്ത്രണ്ട് അണ്ണാക്കൊട്ടന്‍.

പത്ത് കാട്ട് കൊമ്പന്‍.

എണ്ണി തീര്‍ന്നതും തെയ്യപ്പറമ്പ് വലിയൊരു നെടുവീര്‍പ്പിട്ടു. കാഞ്ഞിര മരത്തിന്‍ കമ്പിലെ കാട്ടുമൃഗങ്ങളെയും കൊണ്ട് ആണുങ്ങള്‍ അടുക്കള പന്തലിലേക്ക് പാഞ്ഞു. 

അപ്പക്കുഞ്ഞിയുടെ കണക്ക് മനസില്‍ വച്ച് വണ്ണാത്തി ഉണ്ണിതുന്തയുടെ കണക്കിന് കാത്തിരുന്നു. പിന്നീട് വന്ന രണ്ടു സംഘങ്ങളെക്കഴിഞ്ഞ് ഉണ്ണിതുന്തയുടെ കണക്കും കളത്തിലെത്തി. തെയ്യ പറമ്പ് ആകാംക്ഷയുടെ ചൂട്ടു കറ്റയായി മാറി.

പതിനാറ് തേറ്റ പന്നി.

പതിനാല് ഉടുമ്പ്.

ഏഴ് മുള്ളന്‍പന്നി.

പന്ത്രണ്ട് കീരി.

പതിനേഴ് അണ്ണാക്കൊട്ടന്‍.

പതിനഞ്ച് കാട്ടു കൊമ്പന്‍.

ആള്‍ക്കൂട്ടത്തില്‍ ഒരാരവമുണ്ടായി. അപ്പക്കുഞ്ഞിക്ക് നാട്ട് തെറിയും ഉണ്ണിതുന്തയ്ക്ക് നല്ല വിളിയും നാരായണി കേട്ടു. തെയ്യക്കോലമുറഞ്ഞപ്പോള്‍ വണ്ണാത്തി ഊട്ടുപുരയിലേക്കു നടന്നു. പാതിരാത്രികഴിഞ്ഞ് നേരം വെളുത്തു തുടങ്ങിയിരുന്നു. ഊട്ടുപുരയില്‍ കൂട്ടിനു വന്നവര്‍ക്കൊപ്പം വണ്ണാത്തി ചോറും കാട്ടു പന്നിക്കറിയും കൂട്ടിക്കുഴച്ച് കുമ്പനിറയെ കഴിച്ചു. തെയ്യം കഴിഞ്ഞ് രാവ് മാറി വെട്ടം വിതറിയിട്ട നാട്ടുവഴിയിലൂടെ വണ്ണാത്തി വീട്ടിലേക്ക് ഉറക്കച്ചടവോടെ നടന്നു. വീടെത്തിയപ്പൊഴെയ്ക്കും രാവ് പിന്നെയും വെളുത്തു. വീട്ടുമുറ്റത്ത്  അപ്പക്കുഞ്ഞിയുടെ ജീപ്പും വീട്ടുപടിക്കല്‍ കൊണ്ടിട്ട കസേരയില്‍ കൈയില്‍ നായാട്ടു തോക്കുമായി അപ്പക്കുഞ്ഞിയും വണ്ണാത്തിയെ കാത്തിരിപ്പുണ്ടായിരുന്നു. മുറ്റത്തെത്തിയ വണ്ണാത്തിയോട് അപ്പക്കുഞ്ഞി പറഞ്ഞു.

'നാരാണീ കാട്ട്ന്ന് ആരിക്കും കിട്ടാത്ത ഒന്നിനെ ഞാന്‍ വെടിവെച്ചിറ്റ് ഇട്ടിറ്റ്ണ്ട്. അത് ബപ്പിടാനില്ലതല്ല. നിന്റെ മുന്നില് കാണിക്കവെക്കാനില്ലതാന്ന്. എണ്ണി നോക്കിയേന്റെ കൂട്ടത്തില് നീ അയ്‌നേം കൂട്ടിയാ എല്ലാറ്റിനും ഒര് ഒത്ത് തീര്‍പ്പാവും. നീ ജീപ്പിലേക്ക് നോക്കറോ.'

നാരായണി അപ്പക്കുഞ്ഞിയുടെ ജീപ്പിനടുത്തേക്ക് നീങ്ങി. മുന്‍ സീറ്റിലുണ്ടായിരുന്ന ഒരുത്തന്‍ വന്ന് ജീപ്പിന്റെ പിന്നിലെ താഴ്ത്തിയിട്ട പ്ലാസ്റ്റിക്ക് കവറ് ജീപ്പിനു മുകളിലേക്ക് വീശി. ജീപ്പിനു പിറകില്‍ മടക്കി വച്ച പിന്‍സീറ്റുകള്‍ക്കിടയില്‍ വെടികൊണ്ട് ചോരയില്‍ കുതിര്‍ന്ന് ചത്തുമലച്ച ഉണ്ണിതുന്ത നാരായണിയെ ഇമ ചിമ്മാതെ നോക്കിക്കിടക്കുന്നത് നാരായണി കണ്ടു.
 

click me!