ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തസ്‌നീം ദിനാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അവന്റെ കണ്ണുകളുടെ തിളക്കവും പുഞ്ചിരിയുടെ ആഴവും ഇന്നും എന്റെയുള്ളില്‍ ഒളി മങ്ങാതെ അവശേഷിക്കുന്നു. ഭര്‍ത്താവും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെ താളം തെറ്റാതെ മുന്നോട്ട് നയിക്കുന്ന പ്രയാണത്തിനിടയിലും അവന്റെ ഓര്‍മ്മകള്‍ സ്ഥിരമായി എന്നെ തേടിയെത്തുന്നു. അത് മൂലമുണ്ടാകുന്ന ആഘാതംസമാധാനപൂര്‍ണമായ കുടുംബജീവിതത്തെ സാരമായിത്തന്നെ ബാധിക്കുന്നു.
ചില ദിവസങ്ങളില്‍ ഞാന്‍ ബോധപൂര്‍വ്വം ആ ഓര്‍മ്മകളെ അവഗണിക്കാറുണ്ട്. എന്നാല്‍ അത്തരം ദിവസങ്ങള്‍ക്കൊടുവിലെ രാത്രികളില്‍ അവന്‍ എന്റെ സ്വപ്നങ്ങളില്‍ വന്ന് തെളിയാറുമുണ്ട്. ഒരു മാസക്കാലത്തോളം നിത്യവും ഞാന്‍ അവനെ സ്വപ്നം കണ്ടിട്ടുണ്ട്. ഇതൊരു അത്ഭുത സംഭവമായി എനിക്കും തോന്നാതെയില്ല.
അവന്‍ ഇന്ന് എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും എനിക്ക് തീര്‍ച്ചയില്ല. കാലങ്ങളായി ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട്. അതിനിടയില്‍ അവന്‍ വിവാഹിതനായത് ആരോ പറഞ്ഞ് ഞാന്‍ അറിഞ്ഞിരുന്നു. അല്ലെങ്കിലും അവന്‍ എന്തിനെന്നെ ഓര്‍ക്കണം. ഇപ്പോള്‍ ഞാനെരിയുന്നത് പോലെ അവനും എരിഞ്ഞമരാനോ?
അത് വേണ്ട. അവന്‍ സന്തോഷമായി എവിടെയെങ്കിലും ജീവിക്കട്ടെ. ഓര്‍മ്മകളിലൂടെ പോലും ഞാന്‍ അവനൊരു ഭാരമാകാതിരിക്കട്ടെ.
അവന് മറ്റൊരാളെ ഇഷ്ടമുണ്ടെന്ന് തോന്നിയപ്പോള്‍ എന്റെയുള്ളില്‍ ഉദിച്ച ഒരു മണ്ടത്തരമാണ് ഞങ്ങളെ തമ്മില്‍ പിരിച്ചത്. അവന് ഒരു പെണ്‍ സുഹൃത്തുണ്ടെന്നും അവള്‍ക്ക് ഞങ്ങളുടെ പ്രണയം അറിയാം എന്നും എല്ലാം അവന്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അവളെ എനിക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ അവന്‍ എന്നെ കാണുന്നതോ സംസാരിക്കുന്നതോ ഒന്നും അവള്‍ അറിയാന്‍ പാടില്ലെന്ന അവന്റെ വിചിത്രമായ നിര്‍ബന്ധമാണ് എന്നില്‍ സംശയം ജനിപ്പിച്ചത്. അതോടൊപ്പം നിന്റെ വീട്ടുകാര്‍ ഇങ്ങനെയൊരു അന്യമതസ്ഥനെ സ്വീകരിക്കാന്‍ തയ്യാറാവില്ല, നമുക്കിത് മുന്നോട്ട് കൊണ്ട് പോകണോ തുടങ്ങിയ അവന്റെ ചോദ്യങ്ങളും.
അക്കാര്യത്തില്‍ ഒരു തീര്‍പ്പറിയാനും അവനെന്നോടുള്ള പ്രണയം ഒന്നുകൂടി ഉറപ്പിക്കാനും വേണ്ടിയാണ് നമുക്ക് പിരിയാമെന്ന് അവനോട് പറയാന്‍ ഞാന്‍ തീരുമാനിച്ചത്. തികഞ്ഞ യാഥാസ്ഥിതികത വച്ചുപുലര്‍ത്തുന്ന എന്റെ കുടുംബം ഈ ബന്ധം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞു. ആ സമയത്തും എന്റെ ഉള്ളിലെ പ്രതീക്ഷ അവന് ഞാനില്ലാതെ ജീവിക്കാനാകില്ലെന്നും പറഞ്ഞ് എന്നെ ചേര്‍ത്ത് പിടിക്കുമെന്നായിരുന്നു. എന്ത് തന്നെ സംഭവിച്ചാലും കൂടെയുണ്ടാകുമെന്ന ഒരു വാക്ക് മാത്രമായിരുന്നു അപ്പോള്‍ എനിക്ക് വേണ്ടിയിരുന്നത്.
എന്നെ തിരിച്ചെടുക്കാനുള്ള ഒരു നീക്കവും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഈ ഒരു നിമിഷത്തിനായി നാളുകളായി കാത്തിരിക്കുകയായിരുന്നു എന്നത് പോലെയാണ് അവന്‍ പ്രതികരിച്ചത്. യാതൊന്നും മറുത്ത് പറയാതെ അവന്‍ എന്നില്‍ നിന്നും പടിയിറങ്ങി, ശിശിരകാല വൃക്ഷത്തില്‍ നിന്നും പൊഴിഞ്ഞകലുന്ന ഒരു ഇലയുടെ ലാഘവത്തോടെ...
യുഗങ്ങളായി തോന്നിച്ച പതിനഞ്ച് ദിവസങ്ങള്‍ക്കൊടുവില്‍ അവന്റെ പെണ്‍ സുഹൃത്തിന്റെ എഴുത്ത് എന്നെ തേടിയെത്തി. എന്റെ അഭാവത്തില്‍ അവന്‍ വല്ലാതെ വിഷമിക്കുന്നുവെന്നും ആയതിനാല്‍ അവന്റെ ജീവിതത്തിലേക്ക് മടങ്ങി വരണമെന്നുമുള്ള അഭ്യര്‍ത്ഥന പ്രതീക്ഷിച്ച് സന്തോഷം തുളുമ്പുന്ന ഹൃദയത്തോടെ ഞാന്‍ ആ കത്ത് പൊട്ടിച്ചു. എന്റെ അടിവയറ്റില്‍ നിന്നും കത്തിത്തുടങ്ങിയിരുന്ന പ്രതീക്ഷയുടെ തീ തല്ലിക്കെടുത്താന്‍ തക്ക ശക്തിയുള്ള വാക്കുകളായിരുന്നു അതിനകത്ത് എന്നെ കാത്തിരുന്നത്.
ഞാനുമായുള്ള പ്രണയത്തകര്‍ച്ച അവനെ വല്ലാതെ ഉലച്ചുവെന്നും ആ കുത്തൊഴുക്കില്‍ പിടി വിട്ടു പോയ അവനെ കൈ പിടിച്ചു കരക്കെത്തിച്ച അവളോട് അവന് പ്രണയം തോന്നിയെന്നും ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിയാനാകാത്തവണ്ണം അടുപ്പത്തിലാണെന്നും ഇനി അവന്റെ ജീവിതത്തിലേക്ക് എനിക്ക് സ്വാഗതമില്ലെന്നും ആയിരുന്നു ആ കത്തിന്റെ സാരാംശം. കത്തു വായിച്ച ഞാന്‍ എനിക്കിപ്പോള്‍ സന്തോഷമാണോ സങ്കടമാണോ ഉണ്ടാകേണ്ടതെന്ന് അറിയാതെ ഒരു നിമിഷം തരിച്ചു നിന്നു.
വരാന്‍ പോകുന്ന വഞ്ചനയെ മുന്‍കൂട്ടി കണ്ട എന്റെ ബുദ്ധിസാമര്‍ത്ഥ്യമായാണോ അതോ കേവലം സംശയ നിവാരണത്തിനായി ഒരു നിഷ്‌കളങ്ക പ്രണയത്തെ കുരുതി കൊടുത്ത വിഡ്ഢിത്തമായാണോ ഇതിനെ കാണേണ്ടതെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. ഈ അനിശ്ചിതാവസ്ഥ അന്നു തൊട്ടിന്നോളം എന്നെ പിന്തുടരുന്നുണ്ട്.
അതുകൊണ്ട് തന്നെയാവാം മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ പുഞ്ചിരിക്കും പതിയുടെ അതിരെഴാത്ത സ്‌നേഹത്തിന്നും മുകളില്‍ അവന്റെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും അവന്റെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയേറി വരുന്നത്. ആ ഓര്‍മ്മകളുടെ കിണറ്റില്‍ വീണ് കിടന്ന് ശ്വാസം മുട്ടുകയാണ് ഞാനിന്നും.
മുകളിലേക്ക് കയറി വരാനുള്ള പടവുകള്‍ തേടി, പിടിച്ചു നില്‍ക്കാനൊരു വൈക്കോല്‍ത്തുരുമ്പ് തേടി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...