പൂവ് , ടി.സി.രാജേഷ് സിന്ധു എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 4, 2021, 7:29 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ടി.സി.രാജേഷ് സിന്ധു എഴുതിയ ചെറുകഥ 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

അനന്തരാമന്‍ എന്ന അന്‍പത്തിരണ്ടുകാരന്‍ കുടുംബക്കോടതിയിലെ ജഡ്ജിക്കു മുന്നില്‍ ആവര്‍ത്തിച്ചു പറഞ്ഞു, ഇരുപത്താറു വര്‍ഷം നീണ്ട ബന്ധത്തില്‍ നിന്ന് മോചനം നേടാന്‍മാത്രം തനിക്കും ജയയ്ക്കുമിടയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നുമില്ലെന്ന്. മക്കള്‍ രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായി. അവരുടെ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു കടക്കാന്‍ ഇനി അധികനാളില്ലെന്നിരിക്കെ എന്തിനാണ് ഇത്തരമൊരു തീരുമാനവുമായി ജയ മുന്നോട്ടു പോകുന്നതെന്ന് അവള്‍ക്കുമാത്രമേ അറിയൂ എന്നായി അയാള്‍. നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒരു ജനപ്രതിനിധിയായ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ ഭാണ്ഡക്കെട്ടുകളഴിച്ചുവയ്ക്കുമ്പോഴൊക്കെ അനന്തരാമന്റേത് വെറും വാക്കുകളല്ലെന്ന് ജഡ്ജിക്കു തോന്നുന്നുണ്ടായിരുന്നു. പക്ഷേ, ജയ തീരുമാനത്തിലുറച്ചു നില്‍ക്കുകയാണ്. വിവാഹമോചനം കൂടിയേ തീരൂ! 

അനന്തരാമന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പത്രിക നല്‍കിയതിന്റെ പിറ്റേന്നാണ് ജയ വക്കീലിനെ കണ്ടത്. തനിക്ക് ഈ ബന്ധം അവസാനിപ്പിക്കണം. കാല്‍നൂറ്റാണ്ടു നീണ്ട ദാമ്പത്യത്തിന്റെ ഏതു ഘട്ടത്തിലാണ്  അസ്വാരസ്യങ്ങളാരംഭിച്ചതെന്നതിന് ജയക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. വിവാഹമോചനത്തിന് തക്കതായ കാരണങ്ങളൊന്നും നിരത്താതിരുന്ന ജയയെ പിന്തിരിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് വക്കീലാണ്. പറ്റില്ലെങ്കില്‍ വേറേ വക്കീലിനെ കണ്ട് നോട്ടീസ് അയപ്പിച്ചുകൊള്ളാമെന്ന് ജയ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞപ്പോള്‍ വക്കീലിന് മറ്റ് നിവൃത്തിയൊന്നുമില്ലായിരുന്നു. ഇനിയുള്ള കാര്യങ്ങള്‍ കുടുംബക്കോടതിയും അവിടുത്തെ കൗണ്‍സലര്‍മാരും നോക്കട്ടെയെന്നായി വക്കീല്‍. 

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടഭ്യര്‍ഥിച്ച് വീടുകള്‍ കയറിയിറങ്ങി തിരികെയെത്തിയ ഒരു വൈകുന്നേരം അനന്തരാമനെ സ്വാഗതം ചെയ്തത് ഭാര്യയുടെ വക്കീല്‍ നോട്ടീസായിരുന്നു. വിവാഹം കഴിഞ്ഞ കാലംമുതല്‍ ജയയുടെ ഒട്ടുമുക്കാല്‍ ആവശ്യങ്ങള്‍ക്കുമൊപ്പം നിന്നിരുന്നയാളായിരുന്നു താനെന്നതില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നതിനാല്‍ അനന്തരാമന് ആ വക്കീല്‍ നോട്ടീസ് ശരിക്കുമൊരു ഞെട്ടല്‍തന്നെയാണ് സമ്മാനിച്ചത്. വിറയ്ക്കുന്ന കയ്യില്‍ നോട്ടീസ് പിടിച്ച് അയാള്‍ അകത്തെ മുറിയിലേക്കു നോക്കി. കുറച്ചു ദിവസങ്ങളായി പുകഞ്ഞിരുന്നതെന്തോ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച ആ അനുഭവത്തില്‍, പിറ്റേന്നു പോകേണ്ട വീടുകള്‍ അടയാളപ്പെടുത്തി വച്ച വോട്ടര്‍ പട്ടിക ചാരമായിപ്പോകുന്നുവെന്ന് അനന്തരാമന് തോന്നി. അച്ഛനോടും അമ്മയോടും ഒന്നും പറയാനാകാതെ മറ്റൊരു മുറിയില്‍ വിഷണ്ണരായി മക്കളിരിപ്പുണ്ടായിരുന്നു. 

ബിരുദപഠനം കഴിഞ്ഞ് ആധാരമെഴുത്ത് പഠിക്കുന്ന കാലത്ത്, നിലാവ് കഥ പറഞ്ഞുതുടങ്ങുന്ന, രാത്രിമുല്ലയുടെ മണമുയരുന്ന സന്ധ്യകളിലൊന്നിലാണ് അനന്തരാമന്‍ ആദ്യമായി ജയയെ കണ്ടത്. അമ്പലത്തിലെത്തിയിരുന്ന പാവാടക്കാരി പെണ്‍കുട്ടി. അവളെന്നും ദീപാരാധന തൊഴാന്‍ വന്നിരുന്നു. ഓരോ ദിവസത്തേയും കാഴ്ചകളില്‍ അവളങ്ങനെ അനന്തരാമന്റെ മനസ്സില്‍ പതിഞ്ഞുകൊണ്ടേയിരുന്നു.

ആ ദിവസം ഇന്നും അനന്തരാമന് ഓര്‍മയുണ്ട്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് ഡിസംബറിലെ ആദ്യത്തെ ഞായറാഴ്ച. അമ്പലത്തില്‍ പകല്‍മുഴുവന്‍ നീണ്ട നാമജപ പരിപാടിയില്‍ അവളെ തേടിയെങ്കിലും കണ്ടില്ല. മണ്ഡലകാലമായിരുന്നിട്ടും, വൈകിട്ടത്തെ ദീപാരാധനയ്ക്കും പതിവിനു വിരുദ്ധമായി അവളെത്തിയില്ല. എന്നും കാണുന്ന മുഖം കാണാതിരുന്നപ്പോള്‍ എന്തോ ഒരു വല്ലായ്ക. ആ മുഖം മനസ്സില്‍ പതിഞ്ഞുപോയെന്ന് അനന്തരാമന്‍ തിരിച്ചറിഞ്ഞത് ആ ദിവസമായിരുന്നു. പതിവായി അമ്പലത്തില്‍ വരുന്ന കുട്ടിയുടെ ക്ഷേത്രദര്‍ശന മുടക്കദിവസങ്ങള്‍പോലും അവന്‍ ഏകദേശം കണക്കുകൂട്ടി വച്ചിരുന്നു. അത് അങ്ങനെയൊരു ദിവസമല്ല. വരാത്തതെന്തെന്ന് ആരോടെങ്കിലും ചോദിച്ചറിയാമെന്നു വച്ചാല്‍ അതിനുള്ള ബന്ധവുമില്ല.  

ആ ഞായറാഴ്ചയ്ക്കു ശേഷം ഒരിക്കലും ജയ അമ്പലത്തിലേക്കെത്തിയില്ല. അനന്തരാമന്റെ ഡയറിയില്‍ ആ ഞായറാഴ്ചയുടെ ആറു വരികള്‍ ഒഴിഞ്ഞുകിടന്നു, ആദ്യമായി. 

പിന്നീടവളെ കണ്ടില്ല. കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കളോട് ചോദിക്കാന്‍ മടിയായിരുന്നു. ചോദിച്ചാല്‍ എന്തിനെന്ന മറുചോദ്യത്തിന് ഉത്തരം പറയണം. വെറുതേ പുലിവാലു പിടിക്കാന്‍ ശ്രമിക്കാതെ അവന്‍ വിഷമം ഉള്ളിലൊതുക്കി. 

ആ വര്‍ഷം അമ്പലത്തിലെ ഉല്‍സവത്തിന് അനന്തരാമന്‍ ഉല്‍സവക്കമ്മിറ്റിക്കാര്‍ക്കൊപ്പം പിരിവിനായി വീടുകള്‍ കയറി. അങ്ങനെ ജയയുടെ വീടു കണ്ടെത്തി. അയല്‍വീട്ടിലെ കൂട്ടുകാരിക്കൊപ്പം കയ്യില്‍ മൈലാഞ്ചിയിട്ടുകൊണ്ടിരിക്കുകയായിരുന്നു അവള്‍. അനന്തരാമനെ കണ്ടപ്പോള്‍ തലയില്‍ തട്ടമിട്ട കൂട്ടുകാരിപ്പണ്ണിന്റെ കയ്യും പിടിച്ച് ജയ വീടിനകത്തേക്ക് ഓടിയൊളിച്ചു.  

പതിവു പ്രണയത്തിന്റെ പൈങ്കിളിത്തം മാത്രമേ നിങ്ങളുടെ പ്രണയത്തിനുമുണ്ടായിരുന്നുള്ളുവല്ലേ എന്നു ചോദിച്ച് കുടുംബക്കോടതിയിലെ വനിതയായ സൈക്കോളജിസ്റ്റ് ഒരു ചിരി ചിരിച്ചു. പ്രണയത്തിന്റെ ത്രില്ലനുഭവിച്ച രണ്ടു വര്‍ഷങ്ങളെപ്പറ്റി എന്നിട്ടും അനന്തരാമന്‍ വാചാലനായി. സന്ധ്യാനേരങ്ങളില്‍ അവള്‍ അമ്പലത്തിലെത്തുമെന്നു കരുതി കാത്തിരുന്നിട്ടും അവള്‍ പിന്നാടൊരിക്കലും വന്നില്ല. ഒടുവില്‍ അവള്‍ പോകുന്ന വഴികള്‍ തേടിപ്പിടിച്ച് അനന്തരാമന്‍ കാത്തിരുന്നു. കണ്ടപ്പോഴൊക്കെ മൊഞ്ചത്തി കൂട്ടുകാരിയും അവള്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും മനസ്സുതുറക്കാന്‍ അനന്തരാമന് സാധിച്ചില്ല. ഒടുവില്‍ ജയക്കു വീട്ടുകാര്‍ കല്യാണമാലോചിക്കാന്‍ തുടങ്ങിയെന്നറിഞ്ഞപ്പോള്‍ ധൈര്യം സംഭരിച്ച് അനന്തരാമന്‍ അച്ഛനേയും അമ്മാവനേയും അങ്ങോട്ടേക്കു പറഞ്ഞയച്ചു. 

''പ്രണയത്തിന്റെ ത്രില്ലെന്നൊക്കെപ്പറഞ്ഞാല്‍, അസ്സല്‍ വണ്‍വേ പ്രേമം!'' പ്രണയകഥയുടെ രസച്ചരട് മുറിച്ച് കൗണ്‍സലര്‍ പിന്നെയും പുഞ്ചിരിച്ചു.

നിലാവ് നിറഞ്ഞുപെയ്ത പൗര്‍ണമിരാവിലേക്കു കണ്ണടച്ച പകലുകളിലൊന്നിലാണ്, മൊഞ്ചത്തി കൂട്ടുകാരിക്കൊപ്പം കളിച്ചുചിരിച്ചുനടന്ന പെണ്ണിനെ വീട്ടുകാര്‍ പിടിച്ച് അനന്തരാമന് കെട്ടിച്ചുകൊടുത്തത്. 'നല്ലൊരാലോചന' വരുമ്പോള്‍ ഏതു വീട്ടുകാരും ചെയ്യുന്നതുമാത്രമേ അവരും ചെയ്തുള്ളു. അനന്തരാമനാകട്ടെ അപ്പോഴേക്കും നാട്ടിലെ മികച്ച കയ്യക്ഷരമുള്ള ഒരു ആധാരമെഴുത്തുകാരനായി മാറിയിരുന്നു. മുദ്രപ്പത്രങ്ങളുടെ നാലു മൂലകളിലും മഞ്ഞള്‍ കുഴമ്പുതേച്ച് ഭൂമിയുടെ കച്ചവടത്തില്‍ ഐശ്വര്യമുറപ്പിച്ചിരുന്ന അനന്തരാമന്‍ ജയയുടെ സീമന്തരേഖയില്‍ തൊടുവിച്ചതും മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ചുകചുകപ്പന്‍ കുങ്കുമമായിരുന്നു. അങ്ങനെ അവള്‍ അനന്തരാമന്റെ നല്ല ഭാര്യയായി. 

''പത്തു പൊരുത്തമായിരുന്നു. മുഹൂര്‍ത്തം കുറിച്ചുതന്ന കണിയാന്‍ പറഞ്ഞത് നൂറുവര്‍ഷം വരെ ഒന്നിച്ചു ജീവിക്കാനുള്ള പൊരുത്തമാണ് രാശിയില്‍ കണ്ടതെന്നാണ്.'' 

''എന്നിട്ടിപ്പോള്‍ വെറും ഇരുപത്താറു വര്‍ഷം! ബാക്കി 74 ഏതു കണക്കിലാണ് മിസ്സായതെന്നു കണിയാനോട് ചോദിച്ചാലോ?''

കൗണ്‍സലര്‍ തമാശയായാണ് ചോദിച്ചതെങ്കിലും അനന്തരാമന്റെ മുഖമൊന്നു വിളറി. 

''ആ ജ്യോല്‍സ്യന്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ നാലു വര്‍ഷമായപ്പോള്‍ ആത്മഹത്യചെയ്തു.''

''എന്തിന്?''

''അയാള്‍ക്ക് സ്വന്തം ജീവിതത്തിലെ പൊരുത്തം കണക്കുകൂട്ടുന്നതില്‍ തെറ്റിപ്പോയിരുന്നു.''

''ആ തെറ്റുതന്നെയാണോ നിങ്ങളുടെ കാര്യത്തിലും സംഭവിച്ചത്?'' കൗണ്‍സലര്‍ ചോദിച്ചു. 

അനന്തരാമന് ഉത്തരം അറിയില്ലായിരുന്നു. 

''നിങ്ങള്‍ തമ്മില്‍ എന്നാണ് ആദ്യമായി വഴക്കുണ്ടാക്കിയതെന്നോര്‍മയുണ്ടോ?''

കൗണ്‍സലര്‍ നിര്‍ദ്ധാരണത്തിന്റെ പാതയിലാണ്. 

അനന്തരാമന്റേയും ജയയുടേയും ജീവിത പുസ്തകത്തിലൊരിടത്തും അവര്‍ക്ക് വലിയൊരു അക്ഷരത്തെറ്റ് കണ്ടെത്താനാകുന്നില്ല. അനന്തരാമന്‍ അമ്പലജീവിയായിരുന്നെങ്കില്‍ ജയ അതായിരുന്നില്ല. കാട്ടുകോഴിക്കെന്ത് വാവും സംക്രാന്തിയുമെന്നായിരുന്നു ജയയുടെ നിലപാട്. അവള്‍ക്കു പകരം അയാള്‍ നിരന്തരം പുലര്‍കാലേ കുളിച്ചു വസ്ത്രം മാറി അമ്പലത്തില്‍ പോയി. തിരികെയെത്തി നെറ്റിയിലെ ചന്ദനക്കുറിയെ ഒന്നുകൂടി കടുപ്പത്തില്‍ വരച്ച് ഒത്തനടുക്ക് കുങ്കുമത്തിന്റെയൊരു പൊട്ടുംതൊട്ട് അയാള്‍ ആധാരമെഴുത്തിന്റെ പകലുകളിലേക്ക് ഊളിയിട്ടു. സമാന്തരമായി മാത്രം നീണ്ടുപോയ ആ ജീവിതങ്ങളില്‍ ചിലയിടത്തൊക്കെ വക്രതകള്‍ അകലമിട്ടിരുന്നില്ലേ എന്ന് കൗണ്‍സലര്‍ പേര്‍ത്തും പേര്‍ത്തും സംശയിക്കാന്‍ തുടങ്ങി. 

നാലുകെട്ട് പൊളിച്ചുമാറ്റിപ്പണിത ഇരുനില വീടിന്റെ വരാന്തയില്‍ നിന്ന് ചൂലുമായി അകത്തുകയറി കിടപ്പറകളും അടുക്കളയും കക്കൂസും കുളിമുറിയും തൂത്തുതുടച്ച് പൂജാമുറിയുടെ മുന്നിലെത്തി തളര്‍ന്നിരിക്കുമ്പോള്‍ ഉച്ചയാകും. എഴുതിവച്ച ആധാരങ്ങളുടെ മുറുമുറുപ്പുകള്‍ ക്രയവിക്രയങ്ങള്‍ക്കു കൈമാറി വീട്ടിലെത്തി, ഉണ്ട്, അനന്തരാമന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജയ കുളിക്കാന്‍ കയറും. അയാള്‍ ഉണര്‍ന്ന് മുഖം കഴുകി, മാഞ്ഞുപോയ ചന്ദനക്കുറി ഒന്നുകൂടി തെളിച്ചുവരച്ച് കാലന്‍കുടചൂടി സായാഹ്നത്തിലേക്കു നടന്നുപോകും. പിന്നെ, അമ്പലത്തിലെ ദീപാരാധന കഴിഞ്ഞ് ഇലക്കീറില്‍ ചെത്തിപ്പൂവിതളുകളും തുളസിയുടെ ഒരിലയും പറ്റിക്കിടക്കുന്ന നേദിച്ച കുറച്ചു കടുംപായസവും പൊതിഞ്ഞ് അനന്തരാമനെത്തുമ്പോള്‍ എട്ടു മണി കഴിയും. 

ആദ്യമൊക്കെ പായസം ജയയും കഴിക്കുമായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യമാസം തന്നെ മൂത്തമകന്‍ നിഷാദിനെ അവള്‍ ഗര്‍ഭം ധരിച്ചിരുന്നു. അവനുണ്ടായി മൂന്നുമാസംകഴിഞ്ഞ് ഒരുദിവസം വൈകിട്ട് അനന്തരാമന്‍ സന്തോഷത്തോടെ നീട്ടിയ പായസവും കഴിച്ച് കിടപ്പറയിലെത്തി കുഞ്ഞിനെ തൊട്ടിലിലുറക്കി കട്ടിലിലേക്കെത്തിയപ്പോഴാണ് നാലഞ്ചു മാസമായി അമര്‍ത്തിവച്ചിരുന്ന വികാരങ്ങളുടെ തിരത്തള്ളിച്ചയില്‍ അനന്തരാമന്‍ അവളെ കെട്ടിപ്പിടിച്ചത്. സ്‌നേഹത്തോടെ ഒരുമ്മയും കൊടുത്ത് അവള്‍ മെല്ലെ അയാളെ തള്ളിമാറ്റി. പ്രസവശേഷം ആദ്യമായി തന്റെ ഗര്‍ഭപാത്രം വീണ്ടും തളിര്‍ത്ത് പരാഗങ്ങള്‍ പുറത്തേക്കൊഴുകിയതിന്റെ വേദനയിലായിരുന്നു അവള്‍. വിവാഹശേഷം ഭാര്യയുടെ ആദ്യ ആര്‍ത്തവദിവസം അങ്ങനെ അയാള്‍ക്കൊരു ഷോക്കായി. പിന്നീടൊരിക്കലും അയാള്‍ അമ്പലപ്രസാദം അവള്‍ക്കു നേരേ നീട്ടിയില്ല. 

ഗുരുവായൂരില്‍ കൊണ്ടുപോയി ചോറു കൊടുക്കാന്‍ നിശ്ചയിച്ചിരുന്നതിന്റെ രണ്ടുദിവസം മുന്‍പ് നിഷാദിന് ജ്വരം ബാധിച്ചു. ജയയേയും നിഷാദിനേയും ഒരോട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട് അനന്തരാമന്‍ അമ്പലത്തിലേക്കോടി. അശുദ്ധയായ പെണ്ണ് ഭഗവല്‍പ്രസാദം കഴിച്ചതിന്റെ പാപമോചനത്തിനായി അനന്തരാമന്‍ നേര്‍ച്ചകള്‍ നേര്‍ന്നു. ആ നേര്‍ച്ചകാഴ്ചകളുടെ ശക്തികൊണ്ടുമാത്രമാണ് നിഷാദ് ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് അനന്തരാമന്‍ വിശ്വസിച്ചു. ജയയാകട്ടെ ആ വിശ്വാസത്തിന്റെ തിരി മങ്ങിമങ്ങിക്കത്തിക്കൊണ്ടേയിരിക്കുന്നത് കണ്ടുകൊണ്ടും നിന്നു. പിന്നീടുള്ള കാലം ജയക്ക് ദൈവശാപമെന്നോണം ആര്‍ത്തവം ക്രമം തെറ്റിക്കൊണ്ടേയിരുന്നു. കാത്തിരിക്കുമ്പോള്‍ വരില്ല. പ്രതീക്ഷിക്കാത്ത ചിലപ്പോള്‍ നേരവും കാലവും നോക്കാതെ ഒലിച്ചിറങ്ങും. കിടപ്പറയില്‍ അനന്തരാമന്‍ കെട്ടിപ്പിടിക്കുമ്പോഴൊക്കെ നേരകാലങ്ങളുടെ അസന്നിഗ്ദ്ധതയില്‍ അവള്‍ പിടയാന്‍ തുടങ്ങി.   
 
''അപ്പോള്‍ ആദ്യത്തെ പിണക്കം അന്നായിരുന്നല്ലേ, ആ പ്രസാദം കഴിച്ച ദിവസം''

''ആയിരിക്കണം.'' 

അനന്തരാമന് അപ്പോഴും അതേപ്പറ്റി വലിയ നിശ്ചയമൊന്നുമില്ലായിരുന്നു. 

കൗണ്‍സലറുടെ മേശപ്പുറത്തെ വെള്ളം നിറച്ച ഓട്ടുരുളിയില്‍ അന്നൊരു ആമ്പല്‍പ്പൂവ് വിരിഞ്ഞുനിന്നിരുന്നു. അനന്തരാമന്റെ സങ്കടങ്ങള്‍ കേട്ടാകണം ആ ആമ്പല്‍പ്പൂവ് പതിയെ വാടിയ മുഖം കുനിച്ചുനിന്നു. അനന്തരാമന്‍ മെല്ലെ, നോവാതെ, ആ ആമ്പല്‍പ്പൂവിന്റെ കൂമ്പിയ മുഖം ഉയര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു. 

പിന്നീട്, സ്വകാര്യമായി ജയയുമായി സംസാരിക്കാന്‍ കൗണ്‍സലര്‍ തീരുമാനിച്ച ദിവസവും അതുപോലൊരു ആമ്പല്‍പ്പൂവ് അവിടെത്തന്നെയുണ്ടായിരുന്നു. പാതി മാത്രം വിരിഞ്ഞിരുന്നതിനാലാകണം ആ ആമ്പല്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്ന് ജയയുടെ ഭാഗം കേട്ടത്. 

രണ്ടാമത്തെ കുഞ്ഞുകൂടിയുണ്ടായി ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു അത്. ചെങ്ങന്നൂരമ്പലത്തില്‍ ഉല്‍സവമായിരുന്നു. അനന്തരാമന്‍ രണ്ടു മക്കളേയുമൊരുക്കി രാവിലെ ചെങ്ങന്നൂരിലേക്ക് വണ്ടി കയറി. 

ജയ പതിവുപോലെ വീടിന്റെ വരാന്തയില്‍ നിന്ന് ചൂലുമായി അകത്തേക്കു കയറി. അടുക്കള കടന്ന്, കക്കൂസും കുളിമുറിയും കഴുകി, കിടപ്പുമുറികളോട് പുന്നാരം ചൊല്ലി മെല്ലെമെല്ലെയാണ് പൂജാമുറിക്കു മുന്നിലെത്തിയത്. 
കാലങ്ങളായി തനിക്കു മുന്നില്‍ അടഞ്ഞുകിടക്കുന്ന പൂജാമുറിയുടെ വാതിലുകള്‍ അവള്‍ മെല്ലെത്തുറന്നു. രാവിലെ അനന്തരാമന്‍ കത്തിച്ചുവച്ച നിലവിളക്ക് അതിനുള്ളില്‍ മുനിഞ്ഞു കത്തുന്നു. അവള്‍ കതകു പതിയെ ചാരി അടുക്കളയിലേക്കു നടന്നു. അടുപ്പില്‍ അരി വെന്തിരിക്കുന്നു. അതെടുത്ത് വാര്‍ക്കാന്‍ വച്ച് നേരേ കുളിമുറിയിലേക്കു പോയി വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് വിശാലമായി കുളിച്ചു. അപ്പോഴവള്‍ ബാല്യക്കാരിയായി. നാണമില്ലാതെ മറപ്പുരയ്ക്കു വെളിയില്‍ നിന്ന് വെള്ളംകോരിയൊഴിച്ച് അര്‍മാദിച്ച ദിവസങ്ങളോര്‍ത്തോര്‍ത്ത് അവള്‍ വലിയ ബക്കറ്റില്‍ നിന്ന് വെള്ളം കോരി തലവഴി ഒഴിച്ചുകൊണ്ടേയിരുന്നു. 

പിന്നെ, തോര്‍ത്തി, പുതിയൊരു സാരിയുമുടുത്ത് അവള്‍ മെല്ലെ അടുക്കളയിലെത്തി അരി വാര്‍ത്ത്, ചോറുണ്ട്, പാത്രം കഴുകുമ്പോഴേക്കും സൂര്യന്‍ ഉച്ചിയില്‍ നിന്ന് പടിഞ്ഞാറേക്കുള്ള യാത്രയില്‍ പകുതി വരെയെത്തിയിരുന്നു. വെറുതേ, വരാന്തയിലെ അനന്തരാമന്റെ ചാരുകസേരയില്‍ അല്‍പനേരം പോയിക്കിടന്നൊന്നു മയങ്ങാമെന്നു കരുതിയപ്പോഴാണ് പൂജാമുറിയില്‍ നിന്ന് കരിന്തിരി കത്തുന്ന മണം ഉയര്‍ന്നത്. എന്നും ഉച്ചയ്ക്ക് ഉണ്ണാന്‍ വരുന്ന അനന്തരാമന്‍ വിളക്കിലെണ്ണയൊഴിച്ച് തിരിയെ ഊര്‍ജ്ജസ്വലമാക്കാറുളളതാണ്. അന്ന് അതു ചെയ്യാതിരുന്നതിനാല്‍ വിളക്കില്‍ എണ്ണ വറ്റി കരിന്തിരി കത്തുന്നു. 

ജയ മെല്ലെ സാരിയുടെ അറ്റമെടുത്ത് എളിയില്‍ കുത്തി, കയ്യിലൊരു ചൂലുമായി ആദ്യമായി പൂജാമുറിയുടെ പടി കയറി. അങ്ങിങ്ങു വളര്‍ന്നു തുടങ്ങിയ, അനന്തരാമന്‍ കണ്ടിട്ടില്ലാത്ത മാറാലകള്‍ ഒന്നൊന്നായി അവള്‍ ചൂലുകൊണ്ട് തൂത്തെടുത്തു. ദൈവങ്ങളുടെ ചിത്രങ്ങളുടെ ചുറ്റിനും പലപ്പോഴായി വച്ച കരിപുരണ്ട പട്ടുതുണികള്‍ ഒന്നു കഴുകിയിട്ടാലോ എന്നു കരുതി  അവയോരാന്നായി അഴിച്ചെടുത്തപ്പോള്‍ പൂജാമുറിയിലെ ദൈവങ്ങള്‍ക്ക് നാണം വരുന്നതായി അവള്‍ക്കു തോന്നി. അവരോട് നാണിക്കേണ്ടെന്നു മൊഴിഞ്ഞ്, തറയിലിരുന്ന്, വാടിയ പൂവിതളുകള്‍ പെറുക്കിയെടുക്കവേയാണ് അടിവയറ്റിലൊരാളലുണ്ടായത്. രണ്ടുമൂന്നു മാസമായി പിണങ്ങിനിന്നിരുന്ന പരാഗങ്ങള്‍ അണപൊട്ടി ഉറന്നൊഴുകി. അസഹ്യമായ വേദനയില്‍ വയര്‍പൊത്തി അവള്‍ തറയില്‍ പടിഞ്ഞിരുന്നു. അല്‍പനേരത്തെ വേദനയുടെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും അനന്തരാമനും മക്കളും പടികടന്നു വന്നു. 

അന്ന് ചെങ്ങന്നൂരമ്മയുടെ തൃപ്പൂത്തായിരുന്നു. 

ജയക്ക് അനന്തരാമന്റെ പൂരാഘോഷവും! 

പൂജാമുറിയുടെ തറയില്‍ പടര്‍ന്ന ചുവപ്പുരാശിയ്ക്കുമീതേ അയാളൊരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറഞ്ഞു. 

പിന്നെ ആ പൂജാമുറിയില്‍ വിളക്കു തെളിഞ്ഞിട്ടേയില്ല.  

''രണ്ടാമത്തെ പിണക്കം അന്നായിരുന്നല്ലേ?'' കൗണ്‍സലര്‍ ജയയോടു ചോദിച്ചു. 

അവള്‍ ഉത്തരം പറയാതെ അവരുടെ മേശപ്പുറത്തെ ആമ്പല്‍പ്പൂവിനെ വെറുതേ നോക്കിക്കൊണ്ടിരുന്നു. 

പ്രായപൂര്‍ത്തിയായ രണ്ടു മക്കളുള്ള ദമ്പതിമാര്‍. പിരിയാന്‍ പതിവുള്ള കാരണങ്ങളൊന്നുമില്ലാത്തവര്‍. ഉത്തരം നിര്‍ദ്ധാരണം ചെയ്ത് എത്രയും പെട്ടെന്നൊരു തീര്‍പ്പു കല്‍പിക്കേണ്ടതുണ്ട്. പിറ്റേന്നുതന്നെ കൗണ്‍സലറുടെ മുറിയിലേക്ക് വീണ്ടും അനന്തരാമനെത്തി.

''തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ അമിതമായി പണം ചെലവാക്കിയോ?''

നിഷേധാര്‍ഥത്തില്‍ അനന്തരാമന്‍ തലയാട്ടി.

''മല്‍സരിക്കരുതെന്ന് ജയ നിങ്ങളോടാവശ്യപ്പെട്ടിരുന്നോ?''

അപ്പോഴും അയാള്‍ ആദ്യത്തേതുപോലെതന്നെ തലയാട്ടി. 

''ഇരുപത്താറു വര്‍ഷത്തെ ദാമ്പത്യത്തില്‍, സാധാരണ ഏതൊരു കുടുംബത്തിലുമുള്ളതുപോലുള്ള സൗന്ദര്യപ്പിണക്കങ്ങളുടേയും ഭാര്യാഭര്‍തൃ കലഹങ്ങളും മാത്രമേ നിങ്ങളുടെ കുടുംബത്തിലും ഉണ്ടായിട്ടുള്ളു. എന്നിട്ടും, ഒരു തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയതിന്റെ പിറ്റേന്നുതന്നെ വിവാഹമോചനത്തിനുള്ള നോട്ടീസ് അയക്കണമെങ്കില്‍ അതിനൊരു കാരണമുണ്ടാകും. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭര്‍ത്താവിനെ തനിക്കു കിട്ടിയില്ലെങ്കിലോ എന്ന സ്വാര്‍ഥതയാകാം.''

ഉരുളിയിലിരുന്ന ആമ്പല്‍പ്പൂവിനെ നോക്കി അനന്തരാമന്‍ വക്രിച്ചൊരു ചിരിചിരിച്ചു. അതുകണ്ട ആമ്പല്‍പ്പൂവ് തലയുയര്‍ത്തി കൗണ്‍സലറെ ഒന്നു നോക്കി. 

ആധാരമെഴുത്തിനും അമ്പലത്തിലെ വഴിപാടു രസീതുകളുടെ എഴുത്തിനുമിടയില്‍ താന്‍ അവള്‍ക്കു നഷ്ടപ്പെട്ടിരുന്നോ എന്ന് അനന്തരാമന്‍ ഒന്നാലോചിച്ചു. 

''നിങ്ങള്‍ തമ്മില്‍ സെക്ഷ്വല്‍ പ്രശ്‌നങ്ങളെന്തെങ്കിലും.'' അത് ആദ്യം ചോദിക്കേണ്ടതായിരുന്നല്ലോ എന്ന ശങ്കയോടെയാണ് കൗണ്‍സലര്‍, വൈകിയെങ്കിലും സാരമില്ലെന്ന അര്‍ഥത്തില്‍ കാതുകൂര്‍പ്പിച്ചത്. 

മാസ്‌കുകൊണ്ടു മറയിട്ട അനന്തരാമന്റെ ചുണ്ടുകളില്‍ നേര്‍ത്തൊരു പുഞ്ചിരി വിരിയുന്നത് അയാളുടെ കണ്ണുകളില്‍ നിന്ന് അവര്‍ കണ്ടെടുത്തു.

''വയസ്സ് അമ്പത്തിരണ്ടായേ...''

''അതിനെന്താ? ഇരുവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ അന്‍പത്തിരണ്ടൊന്നും ഒരു പ്രായമേയല്ല.''

അനന്തരാമന്‍ ഒന്നും പറഞ്ഞില്ല. എന്നും അമ്പലത്തില്‍ പോകുന്നതുകൊണ്ട്, വല്ലപ്പോഴും മാത്രമായി മാറിയ വഴിപാടുകഴിപ്പിക്കലുകളെപ്പറ്റി അയാളോര്‍ത്തുപോയി. പുഷ്പാഞ്ജലിയും നിവേദ്യച്ചോറും നിത്യപൂജപോലും തനിക്ക് പതിവില്ലാത്ത വഴിപാടായി മാറി. കൗണ്‍സലറുടെ മുറിയില്‍ നിന്നിറങ്ങി എത്രയും പെട്ടെന്ന് അമ്പലത്തിലെത്താന്‍ അയാള്‍ വെമ്പി. ആമ്പല്‍പ്പൂവ് അന്ന് പതിവില്ലാതെ പൂര്‍ണമായും വാടിവീണിരുന്നു. 

''എത്ര കാലമായിട്ടുണ്ടാകും നിങ്ങളിരുവരും രണ്ടുമുറികളിലേക്ക് ഉറക്കം മാറ്റിയിട്ട്?''

കൗണ്‍സലിംഗ് ചെയ്യുന്നയാള്‍ ഇതൊക്കെയെന്തിനറിയണമെന്ന് ശങ്കിച്ചുകൊണ്ടാണെങ്കിലും ജയ അതിന് ഉത്തരം തേടാന്‍ ശ്രമിച്ചു. കല്യാണം കഴിഞ്ഞിട്ട് കൃത്യം പതിനഞ്ചാമത്തെ വര്‍ഷമായിരുന്നു അതെന്ന് അവള്‍ ഓര്‍മിച്ചെടുത്തു. ഇടവപ്പാതിക്ക് ഏതാനും ദിവസംകൂടിയേ അവശേഷിക്കുന്നുള്ളു. വേനല്‍ച്ചൂടിനു ശമനം വന്നിട്ടില്ലാത്ത, മെയ് മാസത്തിലെ ആ പകലില്‍ രാജ്യം വോട്ടെണ്ണലിന്റെ തിരക്കിലായിരുന്നു. അന്നാണ് ആദ്യമായി അടിവയറ്റിലൊരു കൊളുത്തിപ്പിടുത്തമുണ്ടായത്. വയറമര്‍ത്തിപ്പിടിച്ച് അനന്തരാമനെ വിളിക്കുമ്പോള്‍ ആധാരമെഴുത്തോഫീസിലെ തിരക്കുകള്‍ക്കിടയിലും  റോഡിലൂടെ കടന്നുപോയ വിജയാഹ്ലാദപ്രകടനത്തിന്റെ ആവേശശബ്ദങ്ങള്‍ക്കിടയിലും ജയയുടെ കരച്ചില്‍ മുങ്ങിപ്പോയി. രാത്രി  അനന്തരാമന്‍ ഓടിക്കിതച്ച് ആശുപത്രിയിലെത്തുമ്പോള്‍ നെറ്റിയിലെ ചന്ദനവും കുങ്കുമവും വിയര്‍പ്പില്‍ കുതിര്‍ന്ന് തിരുനെറ്റിയിലൊരു വെടിയുണ്ട പതിച്ചാലെന്നതുപോലെ ചോരനിറത്തിന്റെ ചാലു കീറിയിരുന്നു. ജയയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കാലംതെറ്റി ഉരുള്‍പൊട്ടിയെത്തിയ കറുത്തിരുണ്ട രക്തമാകട്ടെ അപ്പോഴേക്കും ഉറവവറ്റി അവസാനിക്കുകയും ചെയ്തിരുന്നു. 

ജയയുടെ ഗര്‍ഭത്തിലവിടവിടെയായി എരകപ്പുല്ലുകള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ്. മരുന്നും മന്ത്രവുമായി തിരികെ  വീട്ടിലെത്തിയ ആ ദിവസം രാത്രി ടെലിവിഷനില്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവര്‍ത്തനവും കണ്ട് മെല്ലെ മുറിയിലേക്കു ചെല്ലുമ്പോഴാണ് കെട്ടും കിടക്കയുമെടുത്ത് ജയ അടുത്ത മുറിയിലേക്കു താമസം മാറ്റിയ കാര്യം അനന്തരാമന്‍ അറിയുന്നത്. പിന്നീടൊരിക്കലും തങ്ങള്‍ ഒരുമിച്ചു കിടന്നിട്ടില്ലെന്ന് അവള്‍ കൗണ്‍സലറോട് സമ്മതിച്ചു.     

2018-ലെ പ്രളയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ജയയ്ക്ക് വീണ്ടും അടിവയറ്റില്‍ വേദന കനത്തത്. അന്ന് മകള്‍ ആര്യയുടെ പതിനെട്ടാം പിറന്നാളായിരുന്നു. പ്രളയജലം കയറി മുങ്ങിയ അമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീടുകയറി പണം പിരിച്ചുകൊണ്ടിരിക്കെയാണ് വീട്ടില്‍ നിന്നും ആര്യ വിളിച്ചത്. അസഹ്യവേദനയില്‍ പുളയുന്ന ജയയേയും കൊണ്ട് ആര്യ ആശുപത്രിയിലേക്കു പോയി. വഴിയിലെവിടെയൊക്കെയോ നാമജപഘോഷയാത്രകള്‍ കടന്നുപോകുന്നുണ്ടായിരുന്നതിനാല്‍ ഓട്ടോറിക്ഷ പതിവിലും വൈകിയാണ് ആശുപത്രിയിലെത്തിയത്.  
 
''മോന് നിഷാദെന്നും മോള്‍ക്ക് ആര്യയെന്നും പരസ്പര ബന്ധമില്ലാത്ത രണ്ടു പേരു വന്നതെങ്ങനെയാണ്.'' കൗണ്‍സലര്‍ അനന്തരാമനോട് കുതുകിയായി.

''മകന് അവളാണ് പേരിട്ടത്. അവളുടെ ഇഷ്ടമതായതിനാല്‍ ഞാനങ്ങു സമ്മതിച്ചു. രണ്ടാമത്തെ ആള്‍ക്ക് പേരിടാനുള്ള അവകാശം എനിക്കു വേണമെന്നു പറഞ്ഞു. അവള്‍ സമ്മതിച്ചു. അവള്‍ക്ക് ഞാനാണ് പേരിട്ടത്. എനിക്കിഷ്ടപ്പെട്ട പേര്.'' 


അനന്തരാമന്‍ വെറുതേ മേശപ്പുറത്തെ ഉരുളിയിലേക്കു നോക്കി. അന്ന് അതില്‍ പൂവുകളൊന്നുമുണ്ടായിരുന്നില്ല. നേരത്തേ വച്ചിരുന്ന പൂവുകളിലൊന്നിന്റെ ഇതളുകളിലൊന്ന് വാടിക്കരിഞ്ഞ് ഉരുളിയിലെ വെള്ളത്തില്‍ കിടപ്പുണ്ടായിരുന്നു. രാത്രിയിലെപ്പോഴോ മോന്തായത്തിലെ വെളിച്ചത്തിലെത്തി ആത്മഹത്യ ചെയ്ത ഈയാംപാറ്റകളുടെ ഒന്നു രണ്ടു ചിറകുകളും അതിനൊപ്പമുണ്ടായിരുന്നു. ഇതളും ചിറകുകളും പരസ്പരം ചുംബിച്ച് മൂന്നു ചിറകുള്ള പുതിയൊരു ശലഭജന്മത്തെപ്പോലെ വെള്ളത്തിനു മുകളില്‍ അങ്ങനെ ചത്തുമരവിച്ചു കിടന്നു.  

അനന്തരാമന്റെ നോട്ടം കണ്ടു സംശയം തോന്നിയതിനാലാകണം കൗണ്‍സലര്‍ പറഞ്ഞു: ''ആമ്പല്‍പ്പൂവ് കിട്ടിയില്ല. അതുകൊണ്ടാണ്...''

അനന്തരാമന്‍ കണ്ണുകളെ ഉരുളിയിലെ വെള്ളത്തില്‍ നിന്ന് തിരിച്ചെടുത്തു.

''അവളുടെ വയറ്റുവേദനയ്ക്ക് പെട്ടെന്ന് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ അവളാശുപത്രിയില്‍ അഡ്മിറ്റായി.''

നാല്‍പത്തൊന്നു ദിവസത്തെ നോമ്പുനോറ്റ് ശബരിമലയ്ക്കു പോകാന്‍ മാലയിട്ടിരിക്കുകയായിരുന്നു അനന്തരാമന്‍. വൃശ്ചികം ഒന്നിലെ ശബരിമല ദര്‍ശനത്തിന്റെ പതിവു മുടങ്ങുമോയെന്ന് ആദ്യമായി അനന്തരാമന്‍ പേടിച്ചു. തുടര്‍ച്ചയായ മുപ്പത്താറാമത്തെ വര്‍ഷം മലകയറി രണ്ടാമത്തെ തൈത്തെങ്ങ് വയ്‌ക്കേണ്ടതുണ്ട്. പെരിയസ്വാമിക്കൊപ്പം കെട്ടുനിറച്ച് മലകയറാന്‍ മാലയിട്ടു കാത്തിരിക്കുന്നവരെ ഓരോരുത്തരെയായി അനന്തരാമന്‍ മനസ്സില്‍ കണ്ടു. നാലഞ്ചു കന്നിക്കെട്ടുകാരുമുണ്ട്.  ജയയുടെ ഓപ്പറേഷന്‍ ദോഷംകൂടാതെ നടക്കാന്‍ അയ്യപ്പസ്വാമി സഹായിക്കുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

വൃശ്ചികം ഒന്നിന് നാലുദിവസം മുന്‍പായിരുന്ന ജയയുടെ ഓപ്പറേഷന്‍. മാലയിട്ട കന്നിക്കാരൊക്കെ അമ്പലത്തില്‍ നാമജപത്തിനായി എത്തിയിരുന്നു. പോകാനാകാതെ പോയതില്‍ അനന്തരാമന് കുണ്ഠിതം ഏറെയുണ്ടായിരുന്നു. അമ്പലത്തിലൊന്നുപോയി തലകാണിച്ച് രണ്ടുനാലു വരി നാമവും ജപിച്ച് അയാള്‍ മെല്ലെ ആശുപത്രിയിലേക്കു വിട്ടു. 
ലോ കോളജില്‍ പഠിക്കുന്ന നിഷാദിനെ ആര്യതന്നെ വിളിച്ചു വിവരം പറഞ്ഞിരുന്നു. ഓടിപ്പാഞ്ഞു വരേണ്ടെന്നും തനിക്ക് പേടിക്കത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആര്യയുടെ ഫോണില്‍ നിന്ന് ജയ മകനോട് പറഞ്ഞതിനാല്‍ അവന്‍ ടെന്‍ഷനുകള്‍ മറക്കാന്‍ വെയിലത്തേക്കിറങ്ങി. നാമജപം മുഴങ്ങുന്ന തെരുവുകള്‍ കടന്ന് മജന്താ ബലൂണുകള്‍ വാനിലുയരുന്ന തെരുവിലേക്കെത്തി അവനും അന്ന് കാമുകിയായ സൈറയ്‌ക്കൊപ്പം കൈകോര്‍ത്തുപിടിച്ച് ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. അപ്പോള്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍, അവനുരുവംകൊണ്ട, അവന്റെ ജന്മപാത്രത്തില്‍ വളര്‍ന്നുപന്തലിച്ച എരകപ്പുല്ലുകള്‍ ഡോക്ടര്‍മാര്‍ മൂടോടെ പിഴുതെടുക്കുകയായിരുന്നു. 

ഓപ്പറേഷന്‍ തിയേറ്ററിലെ വരാന്തയില്‍ തോളില്‍ ചാരിക്കിടക്കുന്ന മകളെ ആശ്വസിപ്പിച്ച് അനന്തരാമന്‍ ടെലിവിഷനിലേക്കു കണ്ണുനട്ടു. അതില്‍ മുഴങ്ങിയ ശരണം വിളികള്‍ നിശ്ശബ്ദമായി ഏറ്റുവിളിക്കുകയായിരുന്നു അയാള്‍. 

''എന്നിട്ടും നമുക്ക് ഉത്തരമായില്ല. എന്താണ് ജയയുടെ പ്രശ്‌നമെന്ന്.'' സൂത്രവാക്യങ്ങളുടെ തെറ്റിപ്പോകുന്ന നിര്‍ദ്ധാരണക്രിയകളില്‍ കൗണ്‍സലര്‍ പിന്നെയും തലപുകച്ചു. 

നിഷാദും ആര്യയും അങ്ങനെ അവര്‍ക്കു മുന്നിലെത്തി. 

അമ്മ അച്ഛന് അയച്ച വക്കീല്‍ നോട്ടീസ് മുതല്‍ ഇരുവരും നിസ്സംഗരായിരുന്നു. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നോയെന്ന് കൗണ്‍സിലര്‍ക്കും വ്യക്തമായില്ല. സൈറയുമായുള്ള ബന്ധം മനസ്സിലായ അച്ഛന്‍ നിഷാദിനെ കണക്കറ്റു ശകാരിക്കെ അമ്മ ഒന്നും പറയാതെ ഇരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ക്കറിയില്ലായിരുന്നു. പിന്നെ, ജയ അകത്തുപോയി പഴയൊരു പെട്ടി തുറന്ന് അതില്‍ നിന്ന് മൈലാഞ്ചി മണമുള്ള കറുപ്പും വെളുപ്പും പടര്‍ന്നുമങ്ങിയ ഒരു പഴയ ഫോട്ടോയെടുത്ത് അതിലേക്കു തന്നെ ഉറ്റുനോക്കിയിരിക്കുന്നതും അവര്‍ കണ്ടു. 

''ആ ഫോട്ടോയില്‍ ആരായിരുന്നു?'' അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യത്തിന് ഏതാണ്ടൊക്കെ ഉത്തരമായെന്ന മട്ടില്‍ കൗണ്‍സലര്‍ ആകാംക്ഷപ്പെട്ടു. 

''അമ്മയുടെ പഴയൊരു കൂട്ടുകാരി. ഞങ്ങള്‍ കണ്ടിട്ടില്ല. ഇടയ്‌ക്കൊക്കെ അമ്മ ആ ഫോട്ടോയെടുത്തു നോക്കാറുണ്ട്.''

''കൂട്ടുകാരിയോ കൂട്ടുകാരനോ?''

കൗണ്‍സലര്‍ പിന്നെയും സംശയപ്പെട്ടു. 

''കൂട്ടുകാരിതന്നെ. സാഹിറ എന്നോ മറ്റോ ആണ് പേര്.'' 

കയ്യിലേക്കെത്തിയ ഉത്തരം വഴുതിപ്പോയ വിഷമതയില്‍ കൗണ്‍സലര്‍ പിന്നെയും ചിന്താമഗ്‌നയായി.

''അച്ഛന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിലും രാഷ്ട്രീയത്തിലിറങ്ങുന്നതിലും അമ്മയ്ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നോ?''

അവരോര്‍ത്തു. 

ഒരുദിവസം രാവിലെ ആധാരമെഴുത്തോഫീസിലേക്കിറങ്ങാന്‍ തുടങ്ങുന്ന സമയത്താണ്, കൈത്തണ്ടയില്‍ പല നിറങ്ങളുള്ള ചരടുകള്‍ കെട്ടിയ ചിലര്‍ അച്ഛനെ കാണാനെത്തിയത്. സ്ഥിരമായി അമ്പലത്തില്‍ കാണുന്ന ആ പരിചയക്കാര്‍ വീട്ടിലേക്കു വന്നപ്പോള്‍ ആതിഥ്യമര്യാദയോടെ സ്വീകരിച്ചിരുത്തി. പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകളെപ്പറ്റി അവര്‍ വെറുതേ സംസാരിച്ചു. വന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. അച്ഛന്റെ രാഷ്ട്രീയമാകട്ടെ എന്നും അമ്പലം മാത്രവുമായിരുന്നു. അതിഥികള്‍ വീട്ടില്‍ നിന്നിറങ്ങിയത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അച്ഛന്റെ സമ്മതപത്രവുമായിട്ടാണ്.   

''അച്ഛന്‍ ഇലക്ഷനില്‍ ജയിച്ചപ്പോള്‍ എന്തായിരുന്നു അമ്മയുടെ പ്രതികരണം?'' 

''ഒട്ടും സന്തോഷത്തിലായിരുന്നില്ല.''

''സത്യപ്രതിജ്ഞയ്‌ക്കൊക്കെ അമ്മ വന്നിരുന്നോ?''

''ഇല്ല''

''അച്ഛന്‍ ഒന്നും പറഞ്ഞില്ല?''

''ഇല്ല.'' 

''പക്ഷേ, നിങ്ങളുടെ അച്ഛനെ അതൊന്നും ബാധിച്ചിരുന്നില്ലെന്നു തോന്നുന്നു, അല്ലേ?''

ഇതുവരെയുള്ള ചോദ്യോത്തരങ്ങളില്‍ നിന്ന് കൗണ്‍സലര്‍ തന്റേതായ പ്രസ്താവനയിലേക്കു മാറിയപ്പോള്‍ നിഷാദും ആര്യയും ആദ്യം ഒന്നു പകയ്ക്കാതിരുന്നില്ല. 

അപ്രതീക്ഷിതമായി ഉണ്ടായ തിരഞ്ഞെടുപ്പു വിജയത്തിന്റെ ലഹരിയിലായിരുന്നു അപ്പോഴൊക്കെ അച്ഛന്‍. അമ്മ പതിവുപോലെ അടുക്കളയില്‍ നിന്ന് തന്റേതു മാത്രമായ മുറിയിലേക്കും അവിടെ നിന്ന് അടുക്കളയിലേക്കും മാത്രം സഞ്ചരിച്ചുകൊണ്ടുമിരുന്നു.

''കുറച്ചുദിവസങ്ങളായി നിങ്ങളുടെ അച്ഛന്‍ എനിക്കൊരു സമ്മാനം കൊടുത്തയക്കാറുണ്ട്, എന്നും രാവിലെ.''

ഇപ്പോള്‍ നിഷാദും ആര്യയും ശരിക്കും ഞെട്ടി. തങ്ങള്‍പോലും പ്രതീക്ഷിക്കാതെ, ജീവിതത്തിലേക്ക് ചില വില്ലത്തരങ്ങള്‍ കടന്നുവരികയാണല്ലോയെന്ന് അവരോര്‍ത്തു. 

അപ്പോഴാണ് കൗണ്‍സലര്‍ ചിരിച്ചുകൊണ്ടു പൂരിപ്പിച്ചത്: 
''പേടിക്കേണ്ട. ദാ, ഈ ഇരിക്കുന്ന പൂവ് നിങ്ങളുടെ അച്ഛന്‍ കൊടുത്തുവിട്ടതാണ്.''

മേശപ്പുറത്തെ ഉരുളിയിലിരിക്കുന്ന താമരപ്പൂവ് അപ്പോഴാണ് അവര്‍ കണ്ടത്. മുഴുവന്‍ വിടര്‍ന്ന് തെളിഞ്ഞുചിരിക്കുന്ന താമരപ്പൂവിന്റെ നടുവിലെ പീഠത്തില്‍ ഒന്നു രണ്ട് ചെറിയ പ്രാണികള്‍ മണം പിടിച്ച് പറ്റിയിരിക്കുന്നുണ്ടായിരുന്നു. 
അനന്തരാമന് താമര വലിയ ഇഷ്ടമായിരുന്നു. അതറിയാവുന്ന അമ്പലത്തിലെ പൂജാരി പ്രസാദത്തിനൊപ്പം പറ്റുമെങ്കില്‍ അയാള്‍ക്ക് താമരയിതളുകളും ഇലക്കീറിലെ ചന്ദനത്തിനൊപ്പം നല്‍കാറുണ്ടായിരുന്നു. 

''നേരത്തേ സ്ഥിരമായി ഒരാള്‍ ആമ്പല്‍പ്പൂവ് കൊണ്ടെത്തരുമായിരുന്നു. പിന്നെ അയാള്‍ വരാതായതോടെ എന്റെ ഉരുളി ശൂന്യമായി. അതുകൊണ്ട് വിഷമം തോന്നിയിട്ടാകാം നിങ്ങളുടെ അച്ഛന്‍, പകരം, താമരപ്പൂവ് കൊടുത്തുവിട്ടുതുടങ്ങിയത്.'' കൗണ്‍സലര്‍ പറഞ്ഞു. 

കൗണ്‍സലറുടെ നിര്‍ദ്ദേശാനുസരണം, നിഷാദിന്റെയും ആര്യയുടേയും നിര്‍ബന്ധത്തിനു വഴങ്ങി ഒരിക്കല്‍കൂടി ജയ കൗണ്‍സലര്‍ക്കു മുന്നിലെത്തി. 

''ഇനി അധികം ചോദ്യോത്തരങ്ങളില്ല. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഈ ബന്ധം തുടരേണ്ട. അപ്പോഴും ജഡ്ജിക്കു മുന്നില്‍ പറയാന്‍ കൃത്യമായ ഒരു കാരണം വേണം. ഭര്‍ത്താവിന്റെ പീഡനം. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം... അങ്ങനെയെന്തെങ്കിലുമൊക്കെ.''

ജയ തലകുനിച്ചിരുന്നു. 

''ഇന്ന് നിങ്ങളുടെ ഭര്‍ത്താവ് ഒരു ജനപ്രതിനിധിയാണ്. അതിന്റെ വിലയെങ്കിലും കല്‍പിക്കണം.''

അപ്പോള്‍, അതുകേട്ടപ്പോള്‍ മാത്രം ജയ തലയൊന്നുയര്‍ത്തി. 
''ഇനിയെങ്കിലും പറയൂ, എന്തിനാണ് നിങ്ങള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത്?''

ഒരക്ഷരം പോലും ഉരിയാടാതെ ജയ പതിയെ തലചെരിച്ച് കൗണ്‍സിലറുടെ മേശപ്പുറത്തിരുന്ന ഉരുളിയിലേക്ക് നോക്കി. അതിനുള്ളിലിരിക്കുന്ന പൂവില്‍ എവിടെയൊക്കെയോ രക്തം പുരണ്ടതുപോലെ സിന്ദൂരത്തരികള്‍ ചിതറിക്കിടന്നിരുന്നു. ജയ മെല്ലെ ആ പൂവിനുനേരേ കൈചൂണ്ടിയശേഷം ഉത്തരം കിട്ടിയില്ലേ, എന്ന മുഖഭാവത്തോടെ കസേരയില്‍ നിന്നെഴുന്നേറ്റ് ശാന്തയായി, മെല്ലെ, ദൃഢനിശ്ചയത്തോടെ പുറത്തേക്കു നടന്നു.

click me!