ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൂര്യ സരസ്വതി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഒരിക്കല്‍ ഭ്രാന്ത് വന്നാല്‍ പിന്നെ അതൊരിക്കലും മാറില്ല. പ്രത്യേകിച്ച് അത് കുറെയൊക്കെ ജന്മനാ കിട്ടിയിട്ടുണ്ടെങ്കില്‍.ഏറിയും കുറഞ്ഞും ജീവിതാവസാനം വരെ അത് കൂടെത്തന്നെ കാണും. നീ ചോദിച്ചില്ലേ ഇക്കാലത്തും നീയെന്തിനാണ് കത്തുകള്‍ അയക്കുന്നത് എന്ന്. ഇതും എന്റെ പല ഭ്രാന്തുകളില്‍ ഒന്നാണെന്ന് കരുതിക്കോളൂ ശാരി.
ആകാശ നീല നിറമുള്ള ഇന്‍ലന്‍ഡില്‍ പാമ്പിന് കൈകാലുകള്‍ വച്ചതുപോലെയുള്ള, കുനുകുനെ എഴുതിയ അക്ഷരങ്ങള്‍ക്കിടയില്‍, ചിരിക്കുമ്പോള്‍ നനയുന്ന അവളുടെ വെള്ളാരം കണ്ണുകള്‍ തെളിഞ്ഞു വന്നു .
ശാരിയ്ക്ക് മനസ്സിലൊരു നോവനുഭവപ്പെട്ടു .
ഭദ്ര ഞാനൊരിക്കലും നിനക്ക് ഭ്രാന്തുണ്ടെന്ന് ചിന്തിച്ചിട്ടേയില്ലല്ലോ. അല്ലെങ്കിലും എന്താണ് ഒരാളുടെ ഭ്രാന്തിനുള്ള അളവുകോല്‍. എങ്ങനെയാണ് അതിനെ നിര്‍വചിക്കാനാവുക. എല്ലാവരും ഒരുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്? കുറെയധികം ആളുകള്‍ ഒരുപോലെ ചിന്തിക്കുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് മാറ്റി ചിന്തിക്കാന്‍ പാടില്ലേ.
ഭദ്രയെന്നും അങ്ങനെയായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുന്നതിലധികം അവള്‍ക്ക് അവളോട് തന്നെ സംസാരിക്കാനായിരുന്നു ഇഷ്ടം .കാണുന്ന കാഴ്ചകളിലെ, വായിക്കുന്ന പുസ്തകങ്ങളിലെ, കേള്‍ക്കുന്ന കാര്യങ്ങളിലെ, സന്തോഷവും സങ്കടവും അവള്‍ അവളോട് തന്നെ പങ്കു വച്ചു. ഒറ്റയ്ക്കിരുന്നു ചിരിച്ച് സന്തോഷം ആസ്വദിച്ചു. ആരുമറിയാതെ കരഞ്ഞു. സങ്കടങ്ങളെ കഴികിക്കളഞ്ഞു.
ചിലപ്പോളൊഴൊക്കെ ഭദ്ര വഴിയോരത്തെ കൈതക്കാടുകളോട് സംസാരിച്ചു. അതിലെ ചെറിയ കൂര്‍ത്ത മുള്ളുകള്‍ സൂഷ്മതയോടെ ഊരിയെടുത്തു. ഇടയ്ക്ക് കൈമുറിയുമ്പോള്‍ കൈതയോട് പരിഭവം പറഞ്ഞു. പറമ്പിലെ പെരുമരത്തില്‍ വന്നിരിക്കുന്ന, തൊട്ടാലുടന്‍ ഞെട്ടിപ്പറന്നുപോകുന്ന പാറ്റപോലെ തോന്നിക്കുന്ന ഒരിനം പ്രാണികളെ വിരല്‍ത്തുമ്പുകൊണ്ട് തൊട്ടുപറത്തിവിട്ട് ആസ്വദിച്ച് ചിരിച്ചു. എച്ചിലുകള്‍ തിന്നാനായി അടുക്കളപ്പുറത്തെത്തുന്ന ഉടമസ്ഥനില്ലാത്ത നായയുടെ കണ്ണിലെ ദൈന്യതകണ്ട് സങ്കടപ്പെട്ടു.
കൂടെപ്പഠിക്കുന്ന കുട്ടികളിലാരുമായും ഭദ്രയ്ക്ക് കാര്യമായ അടുപ്പമോ സൗഹൃദമോ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ അവര്‍ അവളെ 'വട്ടത്തി' എന്ന് വിളിച്ചു കളിയാക്കി. ഭദ്ര അതൊന്നും ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല. അവള്‍ എപ്പോഴും അവളുടേതായ ലോകത്ത് ഒരു കളിവഞ്ചിയിലെന്നപോലെ ശാന്തമായി സഞ്ചരിച്ചുകൊണ്ടിരുന്നു.
ഭദ്രയുടെ ആ കളിവഞ്ചിയെ ഉലച്ചുകൊണ്ട് ചിലപ്പോഴൊക്കെ ശാരി മാത്രം ഭദ്രയെതേടിച്ചെന്നു. ഒരുമിച്ചു പഠിക്കുന്നവര്‍. അയല്‍ക്കാര്‍. അങ്ങനെയുള്ള അടുപ്പം മാത്രമായിരുന്നില്ല ശാരിക്കു ഭദ്രയോട്. അവള്‍ക്കു ഭദ്രയെ കാര്യമൊന്നുമില്ലാതെ തന്നെ വലിയ ഇഷ്ടമായിരുന്നു. ഭദ്രയാകട്ടെ ആകെ മനസ്സ് തുറക്കുന്നതും ശാരിയോട് മാത്രം.
ഭദ്രയുടെ ഓരോരോ സംശയങ്ങള്‍. അതിനവള്‍ തന്നെ കണ്ടുപിടിക്കുന്ന വിചിത്രവും രസകരവുമായ ഉത്തരങ്ങള്‍.
ഡിഗ്രി പഠനത്തിന്റെ അവസാന വര്‍ഷമായിരുന്നു ഭദ്രയുടെ വിവാഹം. വിവാഹാലോചന നടക്കുന്ന സമയത്ത് ശാരി അവളോട് തമാശയായി ചോദിച്ചു.
'നിനക്ക് ശ്രീരാമനെയാണോ അര്‍ജുനനെയാണോ വേണ്ടത്.' മറുപടി പെട്ടെന്നായിരുന്നു.
ആരായാലെന്താ ശാരി. ശ്രീരാമനും വെറും രാമനും ഒരുപോലെ തന്നെ.'
ആയിടയ്ക്കാണ് ശാരിക്കൊരു പ്രേമബന്ധമുണ്ടായത്. അറിഞ്ഞപ്പോള്‍ ഭദ്രയവള്‍ക്ക് ഗൗരവത്തില്‍ തന്നെ ഒരുപദേശം കൊടുത്തു.
ശാരീ, പുരുഷന്മാര്‍ ദുര്‍ മന്ത്രവാദികളെപ്പോലെയാണ്. പുരുഷനിലേക്കു നടക്കുമ്പോള്‍ സൂക്ഷിക്കണം. എത്ര ശ്രദ്ധിച്ചു ചുവടുവച്ചാലും കാലിടറും. കിടന്നെടുത്തുനിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാതെ വരുമ്പോഴാണ് വീണുപോയെന്നുതന്നെ മനസ്സിലാവുന്നത്.
അത് ഏറെക്കുറെ ശരിയാണെന്ന് ശാരി അധികം വൈകാതെ തിരിച്ചറിയുകയും ചെയ്തു. പുരുഷന്റെ മനസ്സിനെ അറിയാന്‍ ശ്രമിക്കുകയെന്നത് വിഷനാഗങ്ങള്‍ നിറഞ്ഞ മാളത്തിലേക്ക് നുഴഞ്ഞുകയറുന്നതുപോലെ സാഹസികവും അപകടവുമാണ്. പത്തി വിടര്‍ത്തിയ ഒറ്റചീറ്റലില്‍ തന്നെ മുന്‍പില്‍ നില്‍ക്കുന്നവള്‍ കരിനീലയാവും. ദംശനമേല്‍ക്കാതിരിക്കാന്‍ സമര്‍ത്ഥനായ ഒരു പാമ്പുപിടുത്തക്കാരന്റെ പ്രാഗല്‍ഭ്യം വേണം.
വിവാഹം കഴിഞ്ഞു പോയതിനുശേഷം കുറേനാളത്തേയ്ക്കു ഭദ്രയുടെ ഒരു കാര്യവും ശാരിക്കറിയാന്‍ കഴിഞ്ഞില്ല. പുതിയ ജീവിതം കിട്ടിയപ്പോള്‍ താനുമായുള്ള സൗഹൃദം ഭദ്രയ്ക്ക് മടുത്തുകാണുമെന്ന് ശാരിയ്ക്കു തോന്നി. മടുത്തു തുടങ്ങുമ്പോള്‍ മറവിയുണ്ടാകും.
അപ്രതീക്ഷിതമായാണ് ഒരുദിവസം ശാരിയ്ക്ക് ഭദ്രയുടെ കത്ത് കിട്ടിയത്. വളരെ സന്തോഷത്തോടെ കത്ത് പൊട്ടിച്ചുവായിച്ചെങ്കിലും കത്തിന്റെ ഉള്ളടക്കം അവളെ വിഷമിപ്പിച്ചു.
'ശാരീ സിംഹങ്ങളും വ്യാളികളും കാവല്‍ നില്‍ക്കുന്ന ഒരു കോട്ടയ്ക്കുള്ളിലാണ് ഞാന്‍. പുറത്തിറങ്ങിയാല്‍ ചുട്ടുപഴുത്ത മണലാരണ്യം. ഇലകളെല്ലാം ഉണങ്ങിക്കൊഴിഞ്ഞ ഒരു പടുമരത്തിലുരുന്ന് കാക്കകള്‍ മാത്രം നിര്‍ത്താതെ നിലവിളിച്ചുകൊണ്ടിരിക്കുന്നു.'
അതിനു ശേഷം ഇടയ്ക്കൊക്കെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ശാരി ഭദ്രയുടെ ഭര്‍ത്താവിനെപ്പറ്റി ചോദിച്ചു. അടുത്ത കത്തില്‍ മറുപടി വന്നു.
'അയാള്‍ അന്ധനാണ് ശാരീ. പക്ഷെ ധൃതരാഷ്ട്രരെപ്പോലെയല്ല ഗാന്ധാരിയെപ്പോലെ.'
എന്നോ ഒരിക്കല്‍ പുരാണത്തിലെ ഗാന്ധാരിയെക്കുറിച്ച് ശാരി ആരാധനയോടെ ഭദ്രയോട് പറഞ്ഞിരുന്നു.
'ഭദ്രാ ഗാന്ധാരി എന്ത് നല്ല സ്ത്രീയാണ് അല്ലെ. ഭര്‍ത്താവ് അന്ധനാണെന്നറിഞ്ഞപ്പോള്‍ സ്വന്തം കണ്ണുകളെ മൂടിക്കെട്ടി കാഴ്ചയുടെ സൗന്ദര്യവും സുഖവും വേണ്ടെന്നുവച്ചവര്‍. അവരുടെ ത്യാഗവും ഭര്‍തൃ ഭക്തിയും വേറെയാര്‍ക്കുമുണ്ടാവില്ല അല്ലെ...'
അതിനു മറുപടി ഭദ്രയുടെ പൊട്ടിച്ചിരിയായിരുന്നു. ചിരി നിലച്ചപ്പോള്‍ അവള്‍ പറഞ്ഞു.
'ശാരീ... കൊട്ടാരവും സമ്പത്തും പതിനായിരക്കണക്കിന് പരിചാരകരുമുള്ള ഗാന്ധാരിയ്ക്കു ചുറ്റമുള്ളതൊന്നും കാണാതെ കണ്ണുകളടച്ചു നടക്കാം. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും അറിഞ്ഞുകൊണ്ടൊഴിഞ്ഞു മാറാം.
അല്ലെങ്കില്‍ തന്നെ ഗാന്ധാരി അവരുടെ ഏറ്റവും സ്വാകാര്യമായ നിമിഷത്തിലെങ്കിലും കണ്ണിലെ കെട്ടഴിച്ചു കാഴ്ചകള്‍ കണ്ടിട്ടില്ലെന്നു പറയാന്‍ കഴിയുമോ? സ്വന്തം മക്കളെ ഒരു പ്രവശ്യമെങ്കിലും ജീവനോടെ കാണാത്തവള്‍ക്ക് എങ്ങനയെയാണ് മരിച്ചശേഷം ശേഷം അവരെ കാണണമെന്ന് ചിന്തയും ധൈര്യവുമുണ്ടാവുക?'
ഒരിക്കലെത്തിയ ഭദ്രയുടെ കത്ത് ശാരിയെ ശരിക്കും വിഷമിപ്പിച്ചു. ഭദ്രയെക്കുറിച്ച് അറിയുംതോറും അവളിലേക്കുള്ള ആഴങ്ങള്‍ കൂടി വരുനനതുപോലെ ശാരിയ്ക്ക് തോന്നി. വിഭ്രമത്തിന്റെ ചുഴികള്‍ അവളെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടു പോവുന്നതുപോലെ .
'ശാരീ സ്വയം വരിച്ച അന്ധതയ്ക്കുള്ളില്‍ നിസ്സംഗനായ അധികാരമില്ലാത്ത രാജാവിന്റെ അടിമയാണ് ഞാന്‍. അധികാരം കയ്യാളുന്ന കൊട്ടാരത്തിലെ രാജാവിന്റെ ബന്ധുക്കള്‍ എന്നെ അവരുടെ കൂടി അടിമയാക്കി മാറ്റിയിരിക്കുന്നു. എനിക്ക് ചുറ്റിലും ഇപ്പോള്‍ ഇരുട്ടാണ്. വെളിച്ചം കേട്ട നിലാവിന്റെ കണ്ണുകളില്‍നിന്നും ചാര നിറത്തിലുള്ള പുകയുയരുന്നു. സൂര്യന്റെ കവിളിലെ അരുണിമ മാഞ്ഞുപോയി കരുവാളിച്ചിരിക്കുന്നു.
ശാരി, ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍ മനുഷ്യന്‍ അവന്റെ അമ്മയെ ഓര്‍ക്കും. ഇപ്പോള്‍ മിക്ക സമയത്തും ഞാനെന്റെ അമ്മയെക്കുറിച്ചോര്‍ക്കും. അമ്മയുടെ ഒടിവുകളുള്ള തണുത്ത വയറിലേക്ക് മുഖം ചേര്‍ക്കുമ്പോള്‍ കണ്ണുകളില്‍ കൂടി ആത്മാവ് വരെ ഇറങ്ങി ചെല്ലുന്ന കുളിരും സുഖവും. അമ്മയുടെ വിരലുകള്‍ ഇപ്പോള്‍ എന്റെ തലയില്‍ തൊടുമെന്നും തലമുടിയിലൂടെ വിരലുകള്‍ ഓടിക്കുമെന്നും ചിന്തിക്കുമ്പോഴേയ്ക്കും മൂര്‍ദ്ധാവില്‍ വീഴുന്നത് രണ്ടു തുള്ളി കണ്ണുനീരാണ്. അതോടെ വീണ്ടും എന്റെ ശരീരം ചുട്ടുപഴുക്കാന്‍ തുടങ്ങും. ആത്മാവില്‍ നിന്നും അഗ്നിഗോളങ്ങള്‍ ആളിപ്പടര്‍ന്ന് എന്റെ ശരീരത്തെ കത്തി ചാമ്പലാക്കും പോലെ തോന്നും.
ഒരിക്കല്‍ ഭദ്രയെഴുതി.
''എന്റെ കത്തുകള്‍ നിന്നെ വല്ലാതെ വിഷമിപ്പിക്കുന്നു എന്നെനിക്കു തോന്നുന്നു. ഇനി ഞാന്‍ നിനക്ക് തുടര്‍ച്ചയായി കത്തുകളയക്കില്ല. കാരണം വേദനകള്‍ പങ്കുവയ്ക്കപ്പെടേണ്ടതല്ല. അത് സ്വയം നീറി നീറി പ്രകാശിപ്പിക്കാനുള്ളതാണ്. ആ പ്രകാശത്തില്‍ എനിക്കെല്ലാം കാണണം. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പേടിപ്പെടുത്തുന്ന കട്ടപിടിച്ച ഇരുട്ടിനെ ആ പ്രകാശം കൊണ്ട് മായ്ച്ചു കളയണം. ആ പ്രകാശത്തില്‍നിന്നും എന്റെ ശാപത്തിന്റെയും പേടിയുടെയും നിസ്സഹായതയുടെയും ഇടയില്‍നിന്നും എനിക്ക് ചെയ്തു തീര്‍ക്കാനുള്ള കര്‍മ്മത്തെ വേര്‍തിരിച്ചെടുക്കണം. നീ പേടിക്കണ്ട ശാരീ, ഇനി കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഒരു തീഗോളമായി എന്നെ വിഴുങ്ങില്ല. എന്റെ മാത്രമായ ഭൂമിയില്‍ ഞാനെന്റെ വേരുകളാഴ്ത്തും. പടര്‍ന്നു പന്തലിച്ച് ഞാന്‍ എനിക്ക് തന്നെ തണലാകും.'
ശാരിക്ക് സമാധാനമായി. ഭദ്ര അവളെ തിരിച്ചറിഞ്ഞു തുടങ്ങി. ഇടറാതെ നടക്കാന്‍ അവള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഭദ്രയുടെ കണ്ണുകളില്‍ നിന്നുമടര്‍ന്നുമാറിയ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍ സൂര്യ പ്രകാശമേറ്റ് തിളങ്ങി. അത് ശാരിയെ നോക്കി പുഞ്ചിരിച്ചു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...