Malayalam Short Story : കോമാളി, സൂര്യ സരസ്വതി എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Dec 20, 2021, 2:22 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സൂര്യ സരസ്വതി എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

അയാള്‍ ആ പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസവും നാലു ദിവസവും ആകുന്നു. ഇടവമാസത്തിലെ മഴ ചിണുങ്ങി പെയ്യന്ന ഒരു വൈകുന്നേരം തുടങ്ങിയ അതിന്റെ പണി കര്‍ക്കിടകത്തിലെ കരിമേഘങ്ങള്‍ ആര്‍ത്തലച്ചു പെയ്യുന്ന ഈ പാതിരാവിലും അയാള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അടുത്ത് തന്നെ പണിപൂര്‍ത്തിയായി ഗൃഹപ്രവേശം നടത്താനിരിക്കുന്ന കൊട്ടാരം പോലുള്ള വീടിന്റെ ഉടമയ്ക്ക് വേണ്ടിയാണ് അയാള്‍ അത് നിര്‍മ്മിക്കുന്നത്. വീട്ടുടമസ്ഥന്റെ വീടിന് കണ്ണ് തട്ടാതിരിക്കാന്‍ ഒരു വലിയ കോമാളിയുടെ പ്രതിമ വേണം. പക്ഷേ എന്തുകൊണ്ടോ ആ പ്രതിമയുടെ മുഖം അയാള്‍ക്ക് ഉദ്ദേശിച്ചപോലെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.

എത്രയോ വര്‍ഷങ്ങളായി അയാള്‍ കളിമണ്ണിലും കല്ലിലും പ്രതിമയും ശില്‍പ്പങ്ങളുമുണ്ടാക്കുന്നു. നിര്‍മ്മിച്ചതില്‍ ഏറെയും ദൈവങ്ങളുടെ പ്രതിമകള്‍ ആയിരുന്നു. എണ്ണമറ്റ ജീവസ്സുറ്റ ദൈവ പ്രതിമകള്‍. ജീര്‍ണ്ണിച്ചു നിലം പൊത്താറായ അയാളുടെ വീടിന്റെ മുക്കിലും മൂലയിലും അവ ചലനമറ്റ് പതുങ്ങി കിടന്നു.

വീശിയടിച്ച കാറ്റിനൊപ്പം അടുക്കും ചിട്ടയുമില്ലാതെ കയറി വന്ന മഴത്തുള്ളികള്‍, ചേര്‍ത്തടയ്ക്കാന്‍ കഴിയാത്ത വാതില്‍ പാളികളിലൂടെ അകത്തേയ്ക്ക് തെറിച്ചു വീണുകൊണ്ടിരുന്നു. സന്ധ്യക്ക് കറന്റ് പോയപ്പോള്‍ കത്തിച്ചു വച്ച ചിമ്മിനി വിളക്കിന്റെ പുകയേറ്റ് അയാളുടെ മുഖം കരിപിടിച്ചിരുന്നു. അയാളുടെ ചീകിയൊതുക്കാത്ത മുടിയും നീട്ടിവളര്‍ത്തിയ താടിയും ശോഷിച്ച ശരീരവും ചുമരില്‍ ഒരു ഭീകര ജീവിയുടെ പ്രതിച്ഛായയുണ്ടാക്കി. മെലിഞ്ഞു നീണ്ട അയാളുടെ കൈ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

കോവിഡ് തുടങ്ങിയതിനു ശേഷം അയാള്‍ ഉണ്ടാക്കിയ പ്രതിമകളില്‍ ഒന്ന് പോലും വിറ്റു പോയിരുന്നില്ല. കോമാളിയുടെ പ്രതിമ അയാള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത് ഒത്തിരി പ്രതീക്ഷകളോട് കൂടിയാണ്. കോടീശ്വരനായ വീട്ടുടമസ്ഥനില്‍ നിന്ന് മോശമല്ലാത്തൊരു തുക വാങ്ങണം എന്നയാള്‍ നിശ്ചതിച്ചിരുന്നു. പക്ഷേ എത്രയേറെ ശ്രമിച്ചിട്ടും ദുഖവും ദൈന്യതയും ഒളിപ്പിച്ചു ചിരിക്കുന്ന കോമാളിയെയുണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു. അതിന്റെ ചലനത്തില്‍ വിളക്കിലെ തിരി കെട്ടു. അയാള്‍ ഇരുട്ടിലേക്കു തുറിച്ചു നോക്കി കുറേനേരമിരുന്നു. പിന്നെ പതിയെ തീപ്പെട്ടിയെടുത്ത് വീണ്ടും വിളക്ക് കത്തിച്ചു
അയാള്‍ എഴുന്നേറ്റ് നടു പിന്നിലേക്ക് വില്ല് പോലെ വളച്ച് കോട്ടുവായിട്ടു. പിന്നെ പതിയെ കുനിഞ്ഞ് വിളക്കെടുത്ത് അടുത്ത മുറിയിലേക്ക് നടന്നു. അവിടെ കട്ടിലില്‍ അയാളുടെ ഭാര്യ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവളുടെ വയര്‍ മല പോലെ ഉയര്‍ന്നും നെഞ്ചിന്‍ കൂട് പാതാളത്തോളം താഴ്ന്നുമിരുന്നു. വേദന കല്ലിച്ച കവിള്‍ത്തടങ്ങളില്‍ കണ്ണുനീരുണങ്ങിയ പാടുകള്‍ അവശേഷിക്കുന്നുണ്ടെന്നു തോന്നി..

താഴെ പൊട്ടിയടര്‍ന്ന സിമന്റു തറയില്‍ മെഴുക്കു പുരണ്ട പുല്‍പ്പായയില്‍ രണ്ടു കുട്ടികള്‍ തളര്‍ന്നുറങ്ങുന്നു. പത്തും എട്ടും വയസ്സുള്ള ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. ഇടയ്ക്കിടയ്ക്ക് തണുപ്പേറ്റിട്ടെന്നവണ്ണം അവര്‍ ചുരുണ്ടു കൂടുന്നതും അസസ്ഥതയോടെ തിരിഞ്ഞു കിടക്കുന്നതുമയാള്‍ കണ്ടു. ആണ്‍കുട്ടി ഇടയ്‌ക്കൊക്കെ ചുമയ്ക്കുന്നുണ്ടായിരുന്നു.

അവന്‍ ശ്വാസമയക്കുമ്പോള്‍ പ്രാവ് കുറുകുന്നതുപോലെയുള്ള ഒച്ച പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ചുമച്ചു ചുമച്ച് അവന്റെ വലിവ് കൂടുമെന്നയാള്‍ക്ക് തോന്നി. ചുമരലമാരയിലെ ഒഴിഞ്ഞ മരുന്ന് കുപ്പിയിലേക്ക് അയാള്‍ ഭീതിയോടെ നോക്കി.

പുറത്തു മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയെന്നു തോന്നുന്നു. മേല്‍ക്കൂരയിലെ പൊട്ടിയ ഓടുകള്‍ക്കിടയില്‍ക്കൂടി വെള്ളത്തുള്ളികള്‍ തറയില്‍ വച്ചിരിക്കുന്ന വലിയ പാത്രത്തിലേക്ക് ക്ലോക്കിന്റെ പെന്റുലം ചലിക്കുന്ന ഒച്ചയിലും താളത്തിലും വീണുകൊണ്ടിരുന്നു. പാത്രം നിറയാറായിരിക്കുന്നു.ഏത് നിമിഷവും അത് തുളുമ്പി പുറത്തേയ്ക്ക് ഒഴുകി പരക്കും എന്നയാള്‍ക്കു തോന്നി. ചുവരിനോട് ചേര്‍ത്തിട്ടിരിക്കുന്ന തടിക്കസേരയില്‍ അയാള്‍ അസസ്ഥതയോടെ ചാരിയിരുന്നു. 

നാളെയാണ് പ്രതിമ കൊടുക്കാമെന്നേറ്റ അവസാനത്തെ ദിവസം. കഴിഞ്ഞ കുറെ നാളുകളായി രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും കയ്പ്പ് നിറഞ്ഞ സ്വരത്തില്‍ അയാളുടെ ഭാര്യ ആവലാതികളുടെ കെട്ടഴിക്കുമ്പോള്‍, കണ്ണില്ലാത്ത ദൈവങ്ങളെന്ന് പറഞ്ഞു അയാളുടെ ദൈവ പ്രതിമകളെ ശപിക്കുമ്പോള്‍ അയാള്‍ അവളെ സമാധാനപ്പെടുത്തിയത് കോമാളിയുടെ പ്രതിമ വിറ്റ് കിട്ടുന്ന തുകയെക്കുറിച്ച് പറഞ്ഞായിരുന്നു.

ഇരുന്നാലോചിച്ചിരുന്ന് അയാള്‍ എപ്പോഴോ മയങ്ങിപ്പോയി. നേരം വെളുക്കുമുന്നേ തന്നെ അയാള്‍ ഉണര്‍ന്നു. ഭാര്യയും കുട്ടികളും അപ്പോഴും ഉറക്കം തന്നെ. പതിവായി ചായ കുടിക്കുന്ന കടയിലേക്ക് പോകുന്നതിനു മുന്നേ അയാള്‍ ചുമരില്‍ പതിച്ചിരുന്ന രസമടര്‍ന്ന് ദ്രവിച്ചു മങ്ങിയ കണ്ണാടിയിലേക്ക് വെറുതെ നോക്കി. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ അയാള്‍ക്ക് എന്തുകൊണ്ടോ ചിരി വന്നു. വഴിയിലുടനീളം അയാള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രതിമയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു.

കടയില്‍ ചെന്ന് കയറുമ്പോള്‍ അവിടെ അയാള്‍ എത്തുന്ന സമയത്ത് സ്ഥിരമായി ചായ കുടിക്കാന്‍ വരാറുള്ള ഭരണകക്ഷിയോട് ചായ്‌വുള്ള ലോക്കല്‍ നേതാവും ചായക്കൊപ്പം പത്ര വാര്‍ത്തകള്‍ വിളമ്പുന്ന, ജംഗ്ഷനിലുള്ള വായനശാലയില്‍ പുസ്തകം വായിച്ചിരുന്നു മനോരാജ്യം കാണുന്ന മെല്ലിച്ച ചെറുപ്പക്കാരനുമുണ്ടായിരുന്നു. അവരെ കൂടാതെ രാവിലെ പട്ടണത്തിലേക്കുള്ള ബസില്‍ ജോലിക്കും മറ്റവശ്യത്തിനുമൊക്കെ പോകാനായി വന്നവരും ചായ കുടിക്കാനായി നില്‍ക്കുന്നുണ്ടായിരുന്നു

തേയിലക്കറ പിടിച്ചു കറുത്ത ഗ്ലാസില്‍ ചായ കൊണ്ട് വന്ന് ഡെസ്‌കില്‍ വലിയ ശബ്ദത്തോടെ വച്ച ശേഷം കടക്കാരന്‍ അയാളെ നീരസത്തോടെ നോക്കി. തലേ ദിവസം വരെ പറഞ്ഞത് പോലെ 'ഉടനെ തരാം' എന്ന് പറയാനുള്ള ആത്മ വിശ്വാസം ഇല്ലാത്തതുകൊണ്ട് അയാള്‍ കുനിഞ്ഞിരുന്നു.

'പെട്രോളിന് ഇങ്ങനെ വില കൂടി കൂടി പോയാല്‍ എന്താവും ജനങ്ങളുടെ അവസ്ഥ. ജി. എസ്. ടി കുറയ്ക്കാന്‍ തയ്യാറാകാത്തത്‌കൊണ്ടാണ് വില ഇങ്ങനെ കൂടുന്നത്'- വായിച്ചു കൊണ്ടിരുന്ന പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ ചെറുപ്പക്കാരന്‍ ആരുടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു. അവന്റ എതിര്‍ വശത്ത് ബെഞ്ചില്‍ ചൂട് ചായ ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്ന നേതാവിന് അതത്ര രസിച്ചില്ലെന്നു തോന്നി.

'ഞങ്ങടെ സര്‍ക്കാര് ഒരു രൂപയ്ക്ക് അരിയും സൗജന്യ കിറ്റുമൊക്കെ കൊടുക്കുന്നത് ഈ വരുമാനം കൊണ്ടാ.. പെട്രോളിന് നികുതി കൊറച്ചാല് കാണാം.. പാവങ്ങക്ക് എവിടെയാ കാറും വണ്ടിയും. പെട്രോളിന് വെല കൊറയ്ക്കാന്‍ പറയുന്നത് ബുര്‍ഷ്വാസികളാണ്..'- എന്തോ വലിയ കാര്യം പറഞ്ഞ മട്ടില്‍ നേതാവ് ഞെളിഞ്ഞിരുന്നു.

ചെളി കലര്‍ന്ന മഴ വെള്ളത്തിന്റെ നിറത്തിലുള്ള ചായ മൊത്തികുടിച്ച് അയാള്‍ നേതാവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു. പെട്രോള്‍ വില ഒരു സൈക്കിള്‍ പോലുമില്ലാത്ത തന്നെ ബാധിക്കില്ലല്ലോയെന്നോര്‍ത്തു ആശ്വസിച്ചു. എന്ന് മാത്രമല്ല

കുറച്ചു കൂടി വില കൂട്ടിയാല്‍ ഒരു രൂപയ്ക്ക് കിട്ടുന്ന അരി അമ്പതു പൈസയ്ക്ക് കിട്ടിയാലോ എന്ന് ചിന്തിച്ച്  വില ഇനിയും കൂടട്ടെ എന്ന് ആശിച്ചു.

തിരിച്ചു വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക് തോന്നിയില്ല. പ്രതിമയുടെ പണി  പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയില്ല എന്നയാള്‍ക്ക് മനസ്സിലായി. കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം അയാള്‍ എഴുന്നേറ്റു. പാടവരമ്പും, തെങ്ങിന്‍ തോപ്പും കടന്ന് പള്ളികൂടവും അമ്പലവും പോസ്റ്റഫീസും കടന്ന് അയാള്‍  ഒരു പാവയെ പ്പോലെ മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പണി തീരാറായ ഒരു പടുകൂറ്റന്‍ മാളികയുടെ മുന്നിലെത്തി. മനോഹരമായി ടൈല്‍സിട്ട് അലങ്കരിച്ച മുറ്റത്ത് നിന്ന് അയാള്‍ കിതച്ചു. അപ്പോള്‍ അകത്തു നിന്ന് പുറത്തേക്ക് വന്ന ഗൃഹ നാഥന്‍ അയാളെകണ്ടു പരിചിത ഭാവത്തില്‍ ചിരിച്ചു

'നിങ്ങള്‍ എത്തിയോ  പ്രതിമ കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലെ. ദാ അവിടെയാണ് വയ്‌ക്കേണ്ട സ്ഥലം..'

അയാള്‍ കൈ ചൂണ്ടിക്കാണിച്ചു. വീടിന്റെ മതിലിനോട് ചേര്‍ന്ന് ഇടതു വശത്ത് കുറച്ചു സ്ഥലം പ്രതിമ വയ്ക്കാന്‍ പാകത്തില്‍ പൊക്കത്തില്‍ കെട്ടി പെയിന്റടിച്ചിരിക്കുന്നത് അയാള്‍ കണ്ടു.
അയാള്‍ അവിടെക്കു നടന്നു ചെന്നു. പ്രതിമ വയ്ക്കാന്‍ വേണ്ടി കെട്ടിയിരിക്കുന്ന സ്ഥലത്ത്,  കണ്ണിമ ചലിക്കാതെ, ശ്വാസം അടക്കി പിടിച്ച് അതിന് മുകളില്‍ കയറി നിന്നു.  

click me!