Malayalam Short Story : ഊഴം, സുനില്‍ ജേക്കബ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Apr 1, 2022, 2:55 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.സുനില്‍ ജേക്കബ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

രണ്ടു ദിവസമായി ഇവിടെയെത്തിയിട്ട്. എപ്പോഴാണ് പിടിവീഴുന്നതെന്ന് അറിയില്ല. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഒരാളും ഇവിടെ ജീവിച്ചിട്ടില്ല എന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്.

മുന്നില്‍ വെച്ച ഭക്ഷണം തിന്നാതെ കമ്പി അഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി  നില്‍ക്കുമ്പോഴാണ് ആ ശബ്ദം. 

'ഏയ്...എന്താണ് ചങ്ങായി ഭക്ഷണം കഴിക്കാത്തത്?'

നോക്കുമ്പോള്‍ അവനാണ്.

'ഏതു സമയത്തും മരണം സംഭവിക്കും. അതും അതിക്രൂരമായ വിധത്തില്‍. ഈ അവസ്ഥയില്‍ ഭക്ഷണം എങ്ങിനെ തൊണ്ടയില്‍ നിന്നിറങ്ങും ചങ്ങായി....?'-നിറകണ്ണുകളോടെ മറുപടി പറഞ്ഞു.

ചുറ്റും നോക്കുമ്പോള്‍ കൂടെയുള്ളവര്‍ എല്ലാവരും തിരക്കിട്ട് ഭക്ഷണം വെട്ടി വിഴുങ്ങുകയാണ്.

'മരണമാണ് മുന്നില്‍ എന്നറിഞ്ഞിട്ടും ഇവര്‍ക്കെങ്ങിനെ കഴിക്കാന്‍ പറ്റുന്നു?'

ഞാന്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.

'മല്‍സരിച്ച് ഭക്ഷണം കഴിച്ച് കരുത്ത് കൂട്ടുകയാണവര്‍. എന്തിനാണെന്ന് വെച്ചാല്‍
പിടിക്കാനായി കോഴിക്കടക്കാരന്റെ കൈയ്യ് തങ്ങളുടെ നേരെ വരുമ്പോള്‍, മരിക്കാതിരിക്കാന്‍ മറ്റുള്ളവരെ ചവിട്ടിമെതിച്ചിട്ടാണെങ്കിലും ഉള്ളിലോട്ട് ഓടണമെങ്കില്‍ ശക്തിവേണം.'

ഫാമില്‍ നിന്നും പെട്ടി ഓട്ടോറിക്ഷയില്‍ സന്തോഷത്തോടെ ആടി പാടി യാത്ര ചെയ്ത് ഇവിടെയെത്തിയ ഞാന്‍ മുന്നില്‍ നടക്കുന്ന കൊലയും കൊത്തിനുറുക്കലും കണ്ട് തരിച്ചിരിക്കുമ്പോഴാണ് അവനെ കണ്ടത്. 

'പിടിക്കാന്‍ വരുന്നു ഓടിക്കോ..'അവനന്ന് കാതില്‍ പറഞ്ഞ് എന്നെ രക്ഷിച്ചു. അന്നേരം  അവനോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നി. 

കണ്ണുമടച്ചുള്ള ആ ഓട്ടം കോഴിക്കൂടിന്റെ അങ്ങേത്തലക്കല്‍ പോയി ഇടിച്ചപ്പോള്‍ ആണ് നിര്‍ത്തിയത്. 

അവിടെ ചാരി നിന്ന് കിതയ്ക്കുമ്പോഴാണ് വന്നിട്ട് രണ്ട് ദിവസമായി ഇവിടെയുള്ള അവന്‍ ഇവിടെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പറഞ്ഞത്.

പിന്നെ ഞങ്ങള്‍ കൂട്ടായി. ഒരു പക്ഷെ, ഈ ഭൂമിയിലെ അവസാന കൂട്ടുകെട്ടായിരിക്കും ഇത്.

സമയം ഉച്ചയോടടുത്തു. പുറത്ത് നല്ല ചൂട്. സാധാരണ ഈ സമയത്ത് കടയില്‍ കച്ചവടം കുറവാണ്. 

ചുരുക്കം പറഞ്ഞാല്‍ രാവിലത്തെ പിടികൊടുക്കാതെയുള്ള ഓട്ടം കഴിഞ്ഞ് വൈകുന്നേരത്തെ ഓട്ടത്തിനു മുമ്പുള്ള ഷോര്‍ട്ട് ബ്രേക്ക്.

സാധാരണ രാവിലേയും വൈകീട്ടുമാണ് കടയില്‍ തിരക്ക് ഉണ്ടാവുക.

ഇന്ന് ഞായറാഴ്ച്ച ആയതിനാല്‍ വൈകിട്ട് തിരക്കിന് സാധ്യത കുറവാണ്.

ഇന്നത്തേക്ക് രക്ഷപ്പെട്ടു എന്നാണ് തോന്നുന്നത്.

രാവിലെ നല്ല തിരക്കുണ്ടായിരുന്നതിനാല്‍ പിടി കൊടുക്കാതിരിക്കുന്നതിനായി നന്നായി ഓടേണ്ടി വന്നു.

ഭയങ്കര ക്ഷീണം. കാലുകള്‍ക്ക് നല്ല വേദന. വല്ലാത്ത വെള്ളം ദാഹം കണ്ണുകള്‍ താനെ അടഞ്ഞു പോകുന്നു.

ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍

'ദൈവമേ....'

നെഞ്ചുരുകി വിളിച്ചു. 

മരിക്കാന്‍ വിധിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥന ആര് കേള്‍ക്കാന്‍?

അപ്പോഴാണ് തൂക്കം കുറഞ്ഞ ചെറിയവരെ പാര്‍പ്പിച്ച തൊട്ടടുത്ത കൂട്ടിലെ പാത്രത്തില്‍ വെള്ളമിരിക്കുന്നത് കണ്ടത്.

കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ കൊക്ക് കടത്തി വെള്ളത്തിന്റെ പാത്രം എത്തി പിടിക്കാന്‍ ശ്രമിച്ചു.

'ങേ...ഇതെന്താ പാത്രം അകന്നകന്ന് പോകുന്നത്'

''ഇത് ഞങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളമാണ്'-ആ കൂട്ടിലെ ഒരുത്തന്‍ പാത്രം കാലുകൊണ്ട് തട്ടി നീക്കി കലിപ്പില്‍ പറഞ്ഞു.

'വല്ലാതെ ദാഹിച്ചിട്ടാണ് ഒരു തുള്ളി വെള്ളം തരുമോ?'

പുച്ഛസ്വരത്തിലുള്ള ഒരു ചിരിയായിരുന്നു മറുപടി.

പെട്ടന്ന് മുതുകില്‍ പിടിവീണു.

'ദൈവമേ ചതിച്ചല്ലോ...?'

മുന്നോട്ട് കുതിക്കണമെന്നുണ്ട്. ക്ഷീണം കാരണം കഴിയുന്നില്ല.

'ചങ്ങായി....'

വിളി കേട്ട് തലയുര്‍ത്തി നോക്കി. മുന്നില്‍ അവന്‍ നിന്നു കരയുന്നു. 

'നിന്നെ കൊല്ലുന്നത് എനിക്ക് കാണാന്‍ വയ്യ.'-അവന്‍ പുറംതിരിഞ്ഞ് നിന്നു.

കൂട്ടില്‍ നിന്ന് പുറത്തേക്ക് എടുക്കപ്പെട്ടു.

പിന്നെ ചിറകുകള്‍ കൂട്ടി പിരിച്ച് നേരെ ത്രാസ്സിലേക്ക്.

'2.650 കിലോ ഉണ്ട് എടുക്കട്ടേ?'

ഞാനെന്റെ മരണദൂതനെ നോക്കി. പുള്ളി ഫോണിലാണ്. ഒന്നും പറഞ്ഞില്ല. 

ക്ഷമ നശിച്ച കോഴിക്കടക്കാരന്‍ എനിക്ക് വെള്ളം കുടിക്കാന്‍ തന്നു. ചിക്കന്‍ സ്റ്റാളുകളില്‍ കോഴിയെ കൊല്ലുന്നതിനു മുമ്പ് അതിന് വെള്ളം കൊടുക്കുന്ന പതിവ് ഉണ്ട്.

കൊല്ലാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു എന്ന് ചിന്തിക്കാതെ ദാഹിച്ച് വലഞ്ഞിരിക്കുകയായിരുന്ന ഞാന്‍ വെള്ളം ആര്‍ത്തിയോടെ മടുമടാ കുടിച്ചു. 

എന്റെ വെള്ളം കുടി കണ്ടിട്ടാണെന്ന് തോന്നുന്നു. കോഴിക്കാരന്‍ മതിയാവോളം വെള്ളം കുടിക്കാന്‍ അനുവദിച്ചു.

ഇവിടെ വന്ന അന്ന് മുതല്‍ ഒരു ദുഷ്ടനായി മാത്രം കണ്ടിരുന്ന അയാളോട് എനിക്ക് ആദ്യമായി ഇഷ്ടം തോന്നി.

'ചേട്ടാ എത്രയാ പറഞ്ഞേ?'-ഫോണ്‍ പോക്കറ്റിലിട്ടോണ്ട് എന്റെ മരണദൂതന്‍ ചോദിച്ചു.

'രണ്ടേ അറനൂറ്റി അമ്പത്.' 

'ബിരിയാണിക്കോ? ചില്ലിക്കോ? കറിക്കോ?'

കടക്കാരന്‍ കട്ട് ചെയ്യാനുള്ള ഓപ്ഷനുകള്‍ മുന്നോട്ട് വെച്ചു.

'അത്ര വലുത് വേണ്ട ചേട്ടാ എനിക്ക്  ചെറിയത് മതി.'

ഒരു നിമിഷം കൊണ്ട് എന്റെ മരണദൂതനായി വന്നയാള്‍ ദൈവദൂതനായി മാറുന്നത് ഞാന്‍ കണ്ടു.

നിമിഷങ്ങള്‍ക്കകം ഞാന്‍ കൂട്ടില്‍ തിരിച്ചെത്തി. അതൊരു സോഫ്റ്റ് ലാന്‍ഡിങ്ങ് അല്ലായിരുന്നു.

'ചങ്ങായി...'

ചിറകുകള്‍ കൊണ്ട് കാത് രണ്ടും പൊത്തിപ്പിടിച്ച് തിരിഞ്ഞു നിന്നു നിശ്ശബ്ദമായി കരയുന്ന അവനെ തട്ടി വിളിച്ചു.

തിരിഞ്ഞു നോക്കിയ അവന്‍ അലറി

'അമ്മേ... പ്രേതം...'

'പ്രേതമല്ലടാ പുല്ലേ... ഞാന്‍ ചത്തില്ല.'

'ചങ്ങായി....എന്നാലും നീ  രക്ഷപ്പെട്ടു.'

വിശ്വസിക്കാനാവാതെ നിറഞ്ഞകണ്ണുമായി നില്‍ക്കുന്ന അവന്റെ കൈയ്യും പിടിച്ച് കൂടിന്റെ ഒരു മൂലയിലേക്ക് നടക്കുമ്പോള്‍ അപ്പുറത്തെ കൂട്ടില്‍ നിന്നും പുറത്തെടുക്കപ്പെട്ട ചെറിയവന്റെ കരച്ചിലും പ്ലാസ്റ്റിക് ഡ്രമില്‍ ചിറകും കാലിട്ടടിക്കുന്ന ശബ്ദവും കാതില്‍ അലയടിച്ചു.

ദാഹിച്ചു വലഞ്ഞ എനിക്ക് വെള്ളം നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ പ്രിയ ചങ്ങായിയോടൊപ്പം ഇവിടെ കാത്തിരിക്കുകയാണ്, എന്റെ ഊഴത്തിനായി.

click me!