ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുമ ശ്രീകുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
പതിവുപോലെ അന്നും അലീന ദില്‍ജിത്തിന്റെ ചാറ്റ് പ്രതീക്ഷിച്ചിരുന്നു, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ നിഴലിനെ പിടിക്കുന്ന കുഞ്ഞിനെ പോലെ.
പുതുതായി ചെയ്ത ഒരു ഗസല്‍ പാടാമെന്ന് പറഞ്ഞതോര്‍ത്തപ്പോള്‍ തന്നെ അലീനക്കുള്ളില്‍ കുളിര് കോരി. ആരാണെന്നോ എന്താാണെന്നോ അറിയാതെ തുടങ്ങിയ ബന്ധം. പക്ഷെ ഇന്ന് ആരോരുമില്ലാത്ത അലീനയുടെ കുളിരോര്‍മയാണ് ദില്‍ജിത്ത്! ഉത്തരേന്ത്യന്‍ ഗസല്‍ സംസ്‌കാരത്തിന്റെ പ്രണയി.
പങ്കജ് ഉദാസിന്റെ ഗസല്‍ കേട്ട് ഭ്രാന്തായി നടന്നിരുന്നതിനിടക്കാണ് ദില്‍ജിത്തിനെ അറിയുന്നത്. അച്ഛന്റ ജോലിയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ ജനിച്ചു വളര്‍ന്ന് അത് അവസാനിച്ചപ്പോള്‍ കേരള ഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ നിരാശയില്‍ എറെ കാലം കടന്നു പോയി. അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടല്‍ പൂര്‍ണമായി. പഴയ സുഹൃത്തുക്കളുടെ ഗ്രൂപ്പ് പരിചയത്തില്‍ ഉടലെടുത്ത സൗഹൃദം. ഗ്രൂപ്പില്‍ വന്ന ഗസല്‍ എത്ര തവണ കേട്ടെന്നറിയില്ല. ഉള്ളിലുണര്‍ന്ന അനുഭൂതി കൂടിയപ്പോള്‍ പേഴ്‌സണല്‍ ആയി അഭിനന്ദിക്കണമെന്ന് തോന്നി. ആ അഭിനന്ദനം പ്രണയത്തിന്റെ കടുത്ത ചായക്കൂട്ടുകളാവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. പ്രായം തെറ്റി പടി കടന്നു വന്ന പ്രണയക്കാറ്റില്‍ എപ്പോഴാണലിഞ്ഞു ചേര്‍ന്നതെന്നും ഓര്‍ക്കുന്നില്ല.
ആദ്യമെല്ലാം വെറുമൊരു സൗഹൃദമായിരുന്നത് ആഴമേറിയ ബന്ധമായി മാറാന്‍ അധികകാലം വേണ്ടി വന്നില്ല. തന്നേക്കാള്‍ രണ്ടു മൂന്നു വയസ്സിനിളയവന്‍, ഒരിക്കല്‍ പോലും തമ്മില്‍ കണാത്ത ബന്ധം പിരിയാനാവാത്ത ഹൃദയരാഗമായി മാറിയതെന്നായിരുന്നു? അനുപമമായ, നേര്‍ത്ത പ്രണയാതുരമായ, ആ ശബ്ദത്തെയല്ലേ ഞാന്‍ പ്രണയിക്കുന്നത്!
അതെ, നിന്നെപ്പറ്റി ഓര്‍ക്കുമ്പോള്‍ രൂപത്തിന് മുന്നെ സ്വരം തന്നെയാണ് മനസ്സിലോടിയെത്തുന്നത്. അതു കേള്‍ക്കുമ്പോള്‍ വെണ്‍മേഘങ്ങള്‍ക്കിടയിലൂടെ പാറി നടക്കുന്ന ഫീലാണ്.
'ദില്‍ജിത് നിന്റെ ശബ്ദമെന്തെ ഇത്രയേറെ റൊമാന്റിക്?'
'അലീനാ...നിന്റെ കണ്ണകളിലെന്തെ ഇത്രയേറെ വശ്യത? മുഖത്തിനെന്തെ ഇത്രയേറെ ഓമനത്തം? എന്ന മറുചോദ്യമായിരുന്നു ആ ചോദ്യത്തിന് കിട്ടിയ മറുപടി.
തന്റെ ഡിപിയുടെ ആരാധകനായിരുന്നെന്നറിയാമായിരുന്നെങ്കിലും, ഒരിക്കല്‍ ആ ഫോട്ടോകള്‍ ചേര്‍ത്ത് വെച്ച ഒരു ഗസല്‍ കിട്ടിയപ്പോഴാണ് അതിന്റെ ആഴം മനസ്സിലായത്. അങ്ങനെയെപ്പഴോ അലീനയുടെ ഏകാന്തതകളില്‍ കൂട്ടായി അവന്റെ പ്രണയ ഗസലുകള്‍. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ആ സ്വരമാധുരിയിലായിരുന്നു. അത് കേള്‍ക്കുമ്പോഴുള്ള അനിര്‍വചനീയമായ ആനന്ദം വാക്കുകള്‍ക്കതീതമാണ്. ആ അനുഭൂതിയുടെ സാഗരത്തിലാറാടാന്‍ പുതിയ പാട്ടിന് വേണ്ടി നിരന്തര ശല്യം ചെയ്തു കൊണ്ടേയിരിക്കും. പാടാന്‍ തരിമ്പും അറിയില്ലെങ്കിലും അവന്റെ കുറവുകള്‍ കണ്ടുപിടിക്കാന്‍ നല്ല മിടുക്കായിരുന്നു. കഴുത രാഗത്തിലത് കേള്‍ക്കുമ്പോള്‍ ആ ചുണ്ടില്‍ വിരിയുന്ന ചിരി കാണാന്‍ വേണ്ടി മാത്രമത് അയച്ചു കൊണ്ടെയിരുന്നു. തനിക്ക് വേണ്ടിയാണല്ലൊ വീഡിയൊ സോങ്ങ് ചെയ്യാന്‍ തുടങ്ങിയത്. ശല്യമാണെന്ന തോന്നല്‍ ശക്തമാവുമ്പോഴൊക്കെ അതവനോട് ചോദിക്കുമായിരുന്നു.
'ഉപദ്രവം സഹിക്കാതെ നീ എന്നെ ഒഴിവാക്കുമോ?'
വെറുതെ ഒരു രസത്തിന് വേണ്ടി പാടി നടന്നിരുന്ന ഞാന്‍, ഇന്ന് ഇത്രയേറെ വളര്‍ന്ന് ഗസല്‍ രാജ് ദില്‍ജിത് ആയത് നിനക്ക് വേണ്ടി പാടിയാണ് മോളെ. സത്യത്തില്‍ നിന്റെ കണ്ണുകളിലെ നിര്‍ബന്ധമാണെന്നെക്കൊണ്ട് പാടിപ്പിക്കുന്നത് എന്ന മറുപടി കേള്‍ക്കുമ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു മുഖത്ത്.
'ഒരു ദിവസം നിന്റെ പറുദീസയില്‍ ഞാന്‍ വരും നമ്മളൊരുമിച്ച് അവിടെ മുഴുവന്‍ പറന്നു നടക്കും.'
അതു കേള്‍ക്കുമ്പോഴും അറിയാമായിരുന്നു നടക്കാത്ത വെറും വാഗ്ദാനങ്ങളാണെന്ന്. വര്‍ഷങ്ങളായി കേള്‍ക്കുന്നതാണിത്. അകലെയിരുന്ന് സ്‌നേഹിക്കുക, വിശേഷങ്ങളും പാട്ടുകളും പങ്കുവെക്കുക. അതാണല്ലൊ കക്ഷിക്കിഷ്ടം. കാണാമറയത്തെ സ്വപ്നങ്ങള്‍ക്ക് ചാരുത കൂടുമെന്നവന്‍ പറയാറുണ്ട്. എന്നാലും വരുമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയൊ പ്രണയമഴ ചിതറി വീഴും. കേട്ടറിവു മാത്രമുള്ള കല്‍പ്പടവുകളിലൂടെയും കാടിനുള്ളിലൂടെയും നിന്റെ കൈപിടിച്ച് എനിക്കോടി നടക്കണം. കടല്‍ തീരങ്ങളില്‍ മതിവരുവോളം മണല്‍ കൊട്ടാരങ്ങള്‍ തീര്‍ക്കണം.
അങ്ങനെ സ്വപ്നക്കൂടുകള്‍ കൊണ്ടഴകേകിയ ചാറ്റുകള്‍ തരുന്ന സന്തോഷത്തില്‍ ജീവിക്കുമ്പോഴും ഒരിക്കലെങ്കിലും അവന്റെ ശബ്ദത്തിന്റെ നേര്‍ക്കാഴ്ച നുകരാന്‍ കൊതിയായിരുന്നു. കടല്‍ തീരത്തോ, പുഴമണലിലോ ഇരുന്ന് ആ പ്രണയാതുരമായ ശബ്ദം ആസ്വദിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹം തന്നെയായിരുന്നു.
അതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ ശരീരകോശങ്ങളുടെ ക്രമാതീത വളര്‍ച്ച തിരിച്ചറിഞ്ഞത്. കീമോയും റേഡിയേഷനും ചെയ്ത് ദിവസങ്ങളുടെ എണ്ണം കൂട്ടുന്ന വൈദ്യശാസ്ത്ര സഹായം തേടണമോ എന്ന ചിന്തയിലിരിക്കുമ്പോഴാണ് ദില്‍ജിത്തിന്റെ ശബ്ദം നേരില്‍ കേള്‍ക്കണമെന്ന ആഗ്രഹം ശക്തമായത്. ഇന്നവന്‍ വരുമ്പോള്‍ പറയണം, ഇനിയും കാത്തിരുന്നാല്‍ അവനേറെ പിയപ്പെട്ട കണ്ണും മുഖവുമെല്ലാം നഷ്ടപ്പെടുമെന്ന്. അതുപോലെ അവന്റെ പാട്ടാസ്വദിക്കാനുള്ള തന്റെ കഴിവും.
ഓര്‍ക്കും തോറും മനസ്സ് പിടഞ്ഞു. ദില്‍ജിത് വരുമൊ? ഒരിക്കലെങ്കിലും അവനേറെ കൊതിച്ച രൂപത്തില്‍ എന്നെ കാണുമോ?
എന്തായാലും ഇന്നതിനൊരു തീരുമാനം ഉണ്ടാക്കണം.
പതിനൊന്ന് മണി കഴിഞ്ഞു.
മഴയുടെ നേര്‍ത്ത ഇശലുകള്‍ ഒഴുകി വരുന്നുണ്ട്. കൂട്ടായി തണുത്ത കാറ്റും. നേരം ഇത്രയായിട്ടും എന്തെ കാണാത്തേ? എത്ര തിരക്കായാലും ഗുഡ് നൈറ്റ് പറയാതെ ഉറങ്ങാറില്ല. ഇന്നെന്തു പറ്റി? മൊബൈലില്‍ നോക്കിയിരുന്നപ്പോള്‍ ചിന്തകള്‍ കാടുകയറി. പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ സഹികെട്ട് അലീന അവനെ വിളിച്ചു. വളരെ അപൂര്‍വമായെ വിളിക്കാറുള്ളൂ. അവന്റെ ഗസല്‍ കേള്‍ക്കാന്‍ ഒരു പാടാഗ്രഹം തോന്നുമ്പോള്‍ ഒന്നു വിളിക്കും. ഒരു പാട്ട് കേള്‍ക്കും. പിന്നെയേറെ കാലം ആ മാധുര്യം നുകര്‍ന്ന് സ്വപ്നലോകത്തില്‍ നടക്കും. ഒരുപാട് തവണ വിളിച്ചെങ്കിലും ദില്‍ ജിത് ഫോണ്‍ എടുത്തില്ല. ഉറക്കം കണ്‍പോളകളില്‍ അസ്വാരസ്യമുണ്ടാക്കുമ്പോഴും അവള്‍ മൊബൈലില്‍ നോക്കിക്കൊണ്ടിരുന്നു. നിറമുള്ള സ്വപ്നങ്ങള്‍ മങ്ങിയ ജീവിതത്തില്‍ തീര്‍ക്കുന്ന പ്രതീകങ്ങള്‍ പോലെ ദില്‍ജിത്തിന്റെ ഗസലിലഞ്ഞവള്‍ ഉറങ്ങിപ്പോയി.
അതിരാവിലെ എഴുന്നേറ്റ ഉടന്‍ മൊബൈല്‍ എടുത്ത് അവന്റെ മെസേജിനായ് ആര്‍ത്തിയോടെ നോക്കിയപ്പോള്‍ കണ്ടത് വെള്ളാരം കണ്ണുള്ള ചെമ്പന്‍ മുടിക്കാരന്റെ ചിത്രത്തിനു താഴെ ദോസ്ത് ഗ്രൂപ്പിലെ സന്ദേശ പ്രവാഹമായിരുന്നു പ്രശസ്ത ഗസല്‍ ഗായകന്‍ ദില്‍ജിത്തിന് ആദരാഞ്ജലി.
അലീന ഞെട്ടിത്തെറിച്ചു തന്റെ മരണമണി മുഴങ്ങുന്നതറിയിക്കാന്‍ കാത്തിരുന്നപ്പോള്‍ പറയാതെ പറ്റിച്ചു കടന്നു കളഞ്ഞല്ലോ അവന്‍.
ശരീരത്തിലെ പെരുകുന്ന കോശങ്ങളോട് അവള്‍ക്ക് നന്ദി തോന്നി. ആ സ്വരം നിലച്ച ഭൂമിയില്‍ ഇനി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. ഒന്നും.
അവള്‍ കണ്ണടച്ച് അവന്റെ ഗാനങ്ങള്‍ക്കായ് കാതോര്‍ത്തിരുന്നു. നേര്‍ത്ത മഴയില്‍ അതുവഴി വന്ന തണത്ത കാറ്റില്‍ ആ സ്വരം ലയിച്ചു ചേര്‍ന്ന പോലെ തോന്നി.
ഫിര്‍മിലേ... സ്വപ്‌നോ മെ യെ ശായരി...
ഒഴുകി വരുന്ന ആ പാട്ടിന് പാതിവഴിക്കെവിടെയൊ മരിച്ചു വീണ സ്വപ്നത്തിന്റെ ഗന്ധമായിരുന്നു.