ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുമ ശ്രീകുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
സീറോ വാട്ട് ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍, ഉറങ്ങിക്കിടക്കുന്ന ഋഷിയെ തന്നെ നോക്കിയിരുന്ന നന്ദന്റെ മനസ്സിലെ അസ്വസ്ഥത മുഖത്ത് പ്രകടമായിരുന്നു. പുറത്തെ ചാറ്റല്‍ മഴയിലും അനിശ്ചിതത്വത്തിന്റെ ആവരണത്തില്‍ അയാള്‍ വിയര്‍ത്തു കുളിക്കുന്നുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുന്ന ഋഷിയുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ മനസ്സ് പതറിപ്പോവുന്നു. മനസ്സിലെ കണക്കുകൂട്ടലുകള്‍ പാളുമോ എന്ന് സംശയം തോന്നി. കണ്ണിലെ കൃഷ്ണമണി പോലെ ഇന്ദു നോക്കി വളര്‍ത്തിയ മോന്‍. ഒരു പക്ഷെ ദേവികയെക്കാളും വേദികയെക്കാളും അവള്‍ ഏറെ സ്‌നേഹിച്ചത് ഋഷിയെയാണ്.
മരണ വെപ്രാളത്തില്‍ അവസാന നിമിഷത്തിലും അവള്‍ പറഞ്ഞത് അതായിരുന്നു. 'നന്ദേട്ടാ ഋഷിയെ ഉപേക്ഷിക്കരുത്. അവനെ മറ്റാരെയും ഏല്‍പിക്കരുതേ. പാവാണ് നന്ദേട്ടാ അവന്‍...'
ഇപ്പോഴും ആ ശബ്ദം കാതില്‍ മുഴങ്ങുന്നു. നന്ദന്‍ കണ്ണുകളടച്ച് സോഫയില്‍ ചാരിക്കിടന്നു.
മണലാരണ്യത്തിലെ ഏകാന്തതയില്‍ കഴിയുമ്പോഴും തിരിച്ച് നാട്ടില്‍ വന്ന് ഇന്ദുവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്ന ദിനങ്ങളായിരുന്നു മനസ്സില്‍. മിക്കവാറും ഫോണ്‍ സംസാരത്തില്‍ ഇന്ദു ഏറെ സംസാരിച്ചിരുന്നതും ഋഷിയെപ്പറ്റിയായിരുന്നു.
അനങ്ങാന്‍ പോലുമാവാതെ മലര്‍ന്നു കിടക്കുന്ന അവന്‍ തന്നെ നോക്കി ചിരിച്ചു, കരഞ്ഞു എന്നൊക്കെ പറയുമ്പോള്‍ അവളുടെ സന്തോഷം ആ ശബ്ദത്തിലൂടെ തിരിച്ചറിയാറുണ്ട്. സുമനസ്സുകളുള്ളവര്‍ക്ക് ദൈവത്തിന്റെ വരദാനമാണ് ഇത്തരം മക്കള്‍ എന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് കൊണ്ട് അവള്‍ അവനെ ദൈവത്തെ പോലെയാണ് കണ്ടിരുന്നത്. പലപ്പോഴും അവള്‍ പറയും- 'നന്ദേട്ടാ ഇവന്‍ ദൈവത്തിന്റെ വരദാനമാണ്, അല്ല ദൈവം തന്നെയാണ്. അല്ലേ നന്ദേട്ടാ..'
ഇരട്ടകളായ ദേവികക്കും വേദികക്കും അഞ്ച് വയസ്സുള്ളപ്പോഴായിരുന്നു ഋഷിയുടെ ജനനം. കരയാന്‍ പോലും കഴിയാത്ത കുട്ടി. പതിയെപ്പതിയെ മനസ്സിലായി, കരയാന്‍ മാത്രമല്ല കഴിയാത്തത്, ജീവിതത്തില്‍ ഒരിക്കലും എഴുന്നേറ്റ് നടക്കാനും അവനു കഴിയില്ല. അന്ന് മുതല്‍ ഇന്ദുവിന്റെ ജീവിതം അവനില്‍ തളക്കപ്പെടുകയായിരുന്നു. കുഞ്ഞുങ്ങളായിരുന്ന ദേവികക്കും വേദികക്കും പോലും വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. താന്‍ നാട്ടില്‍ വരുമ്പോള്‍ മാത്രമായിരുന്നു അവര്‍ക്കല്‍പം സന്തോഷം. അതുകൊണ്ട് തന്നെയാവാം മക്കളില്ലാതിരുന്ന ഇന്ദുവിന്റെ ചേച്ചിയെ വേദിക കൂടുതല്‍ ഇഷ്ടപ്പെട്ടതും അവിടെ സ്ഥിര താമസമാക്കിയതും.
ഇടക്കിടെ താനത് സൂചിപ്പിക്കുമ്പോഴും ഇന്ദുവിനതില്‍ വലിയ പ്രയാസമൊന്നും കണ്ടില്ല.
അവള്‍ക്ക് അതാണിഷ്ടമെങ്കില്‍ അങ്ങനെ ആവട്ടെ എന്നായിരുന്നു ഇന്ദുവിന്റെ നിലപാട്. മറ്റെവിടെയും അല്ലല്ലോ ഗീതേച്ചിയുടെ അടുത്തല്ലേ, എന്ന അവളുടെ മറുപടി പലപ്പോഴും തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഋഷിയില്‍ അലിഞ്ഞുചേര്‍ന്ന ആ മനസ്സില്‍ മറ്റാര്‍ക്കും സ്ഥാനമില്ലെന്ന വേദനിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞപ്പോഴും മറുത്തൊന്നും പറഞ്ഞില്ല. അത്രയും സമയം കൂടി ഋഷിക്കുവേണ്ടി ചില വഴിക്കാം എന്നാവും അവള്‍ കരുതിയത്.
നീണ്ട പതിനെട്ട് വര്‍ഷം അവള്‍ തന്റെ ജീവിതം അവനു വേണ്ടി ഉഴിഞ്ഞു വെച്ചു. എന്നാണ് അവസാനമായി അവള്‍ ആ വീടിന് പുറത്തിറങ്ങിയത്? ഏറെ ഓര്‍ത്തെങ്കിലും പതിനെട്ട് വര്‍ഷത്തിനുള്ളില്‍ അങ്ങനെയൊരു സംഭവം ഓര്‍മയില്‍ വന്നതേയില്ല. കുടുംബത്തിലുണ്ടാവുന്ന ആഘോഷങ്ങളൊക്കെ ഓര്‍ത്ത് നോക്കി. ലീവില്‍ വരുന്ന താന്‍ പോലും അതനുഭവിച്ചതാണ്. കുറച്ച് നേരം വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ പത്ത് പ്രാവശ്യമെങ്കിലും മോനെ പോയി നോക്കും.
'ഞാനിവിടില്ലേ, നീ വീട്ടിലൊന്നു പോയി വാ' എന്നു പറയുമ്പോഴും അവള്‍ പറയും, 'ഞാനില്ലെങ്കില്‍ ഋഷിക്ക് വിഷമമാവും. നിങ്ങള്‍ക്കും പ്രയാസമാവും. അതുകൊണ്ട് എനിക്കെങ്ങും പോവണ്ട'. അതു പറയുമ്പോള്‍ ശൂന്യമായ കണ്ണുകളില്‍ ഒരു തിളക്കം കാണാം. ഇല്ല, അവള്‍ പുറത്തെങ്ങും പോയിട്ടില്ല. പതിനെട്ട് വര്‍ഷം വീട്ടിനുള്ളിലെ ഏകാന്ത തടവില്‍ തന്നെ കഴിച്ചു കൂട്ടി.
ഒരിക്കലവള്‍ ചോദിച്ചു, 'നമുക്കു ശേഷം ആരാ ഇവനെ നോക്കാ, നന്ദേട്ടാ'.
'എന്നെയും ദേവികയെയും നീ ഒരിക്കല്‍ പോലും ഓര്‍ക്കുന്നില്ലല്ലൊ ഇന്ദു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും, പറഞ്ഞതിങ്ങനെയാണ്: 'ദൈവപുത്രന്‍മാരെ ദൈവം രക്ഷിച്ചോളും. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ ആരും കാണില്ല.'
അതു കേട്ട് അവള്‍ ആശ്വാസത്തോടെ ചിരിച്ചു.
അത് കണ്ടപ്പോള്‍ പണ്ട് വീട്ടില്‍ പണിക്കു വന്നിരുന്ന മൈല എന്ന സാധു സ്ത്രീയെയാണോര്‍മ വന്നത്. ഒരിക്കല്‍ പണി കഴിഞ്ഞ് അല്പം വൈകിയപ്പോള്‍ ഇരുട്ടത്ത് പോണ്ടാന്ന് പറഞ്ഞ് അമ്മ അവള്‍ക്ക് ഒരു ടോര്‍ച്ചു കൊടുത്തു. അതു വാങ്ങിപ്പോയ മൈല അത് കെടുത്താനായ് കണ്ടത്തില്‍ പൂഴ്ത്തി. അടുത്ത ദിവസം ചെളിപുരണ്ട ടോര്‍ച്ച് കണ്ട് കാര്യം മനസ്സിലാക്കിയ അച്ഛന്‍ പറഞ്ഞു, 'ഭാഗ്യം, വിറക് കത്തിക്കാന്‍ അടുപ്പിലിട്ടില്ലല്ലോ!'
അതു കേട്ട മൈല ചിരിച്ചു. അതേ ചിരിയാണ് ഇന്ദുവും ചിരിച്ചത്. അവളുടെ ലോകം അത്രമാത്രം ചെറുതായിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഋഷിയെ മാത്രം മനസ്സില്‍ സൂക്ഷിച്ചിരുന്ന അവള്‍ സ്വന്തം കാര്യം പോലും ചിന്തിച്ചിരുന്നില്ല.
ഇന്ദുവിന്റെ മരണശേഷം ഋഷിയെ നോക്കാന്‍ പെടാപ്പാട് പെടുന്നത് കണ്ടാവാം മെഡിസിന്‍ പഠനം കഴിഞ്ഞ ദേവിക ഹൗസ് സര്‍ജന്‍സിക്ക് പോലും പോവാതെ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ചത്. ഇന്ദുവിനെപ്പോലെ തന്നെ, ഋഷിയുടെ ഹൃദയസ്പന്ദനം അവള്‍ തൊട്ടറിഞ്ഞു. അമ്മയുടെ കുറവ് അറിയിക്കാതിരിക്കാന്‍ പാടുപെട്ടു. ആദ്യമൊക്കെ അത് വെറും കൃത്യനിര്‍വഹണമായിരുന്നെങ്കില്‍ ഇപ്പോഴവള്‍ അതില്‍ ഒരു പാട് മുഴുകിപ്പോയിട്ടുണ്ട്. ഇന്ദുവിനെപ്പോലെ അവള്‍ അവനെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. രണ്ട് ദിവസം മുന്നെ വന്ന വേദികയാണ് അതോര്‍മപ്പെടുത്തിയത്. 'അച്ഛാ ഋഷിയെ നോക്കാന്‍ ആളെ നിര്‍ത്തൂ, അല്ലെങ്കില്‍ ദേവിക അമ്മയെപ്പോലെ ഒരു നിഴലായി മാറും.'
അവളുടെ ശബ്ദത്തില്‍ ഇടര്‍ച്ചയോ മുഖത്ത് ഭാവവ്യത്യാസമോ കണ്ടില്ല. അകല്‍ച്ചയും കാലവും മനസ്സിനെ പാകപ്പെടുത്തുമെന്ന് എവിടെയോ വായിച്ചതോര്‍ത്തു. അതിനാലാവാം അവള്‍ക്കിത്രയും പ്രായോഗികമായി ചിന്തിക്കാന്‍ സാധിക്കുന്നത്. എന്തായാലും വേദിക പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നിയതു കൊണ്ട് അടുത്ത ദിവസം തന്നെ അന്വേഷണമാരംഭിച്ചു. പൊതുവെ നിസ്സംഗയായ ദേവിക അതറിഞ്ഞു പൊട്ടിത്തെറിച്ചു. കണ്ണുകളില്‍ നിന്ന് അഗ്‌നിയുതിര്‍ന്നു.
'അച്ഛന്‍ എന്തായി ചെയ്യുന്നെ? അമ്മ പറഞ്ഞതോര്‍മയില്ലേ? ഋഷി, നമുക്കു നോക്കാന്‍ ദൈവം തന്നതാ അതു മറ്റാരും ചെയ്താല്‍ ശരിയാവില്ല. ഞാന്‍ നോക്കിക്കൊള്ളാം അവനെ.'
ആ ഉറച്ച സ്വരത്തില്‍, ഇനി ആളെ തിരയാന്‍ മിനക്കെടണ്ട എന്ന താക്കീതിന്റെ സ്വരം മാറ്റൊലി കൊണ്ടു.
ആ വഴി അടഞ്ഞതായി മനസ്സിലായി. ഋഷിക്കായി അവള്‍ തന്റെ ജീവിതം ഉഴിഞ്ഞു വെക്കുമെന്ന കാര്യം ഉറപ്പായിരുന്നു. ഇന്ദുവിനെപ്പോലെ, അവളും കിടപ്പു തന്നെ ആ മുറിയിലേക്ക് മാറ്റിയിരുന്നു.
വേദികയുടെ സംശയം നൂറു ശതമാനം ശരിയെന്ന് മനസ്സിലായപ്പോള്‍ തരിച്ചു പോയി. പക്ഷെ കൂടുതലൊന്നും പറഞ്ഞില്ല. 'ശരി മോള്‍ക്കങ്ങനെയാ താല്‍പര്യമെങ്കില്‍ അങ്ങനെയാവട്ടെ' എന്ന് പറഞ്ഞു. മനസ്സിലെ കനല്‍ അല്പം പോലും പുറത്തു കാണിക്കാതിരിക്കാന്‍ പാടുപെട്ടു.
ഇന്നിപ്പോള്‍ കടുത്ത പനിയായതു കൊണ്ടാണ് അവള്‍ മാറിക്കിടക്കുന്നത്.
ഇനിയൊരവസരം ഇപ്പോഴെങ്ങും കിട്ടിയെന്നു വരില്ല. മറ്റൊന്നും ആലോചിക്കാനില്ല. 'മോളെയെങ്കിലും രക്ഷപ്പെടുത്തണം.'
നന്ദന്‍ ദേവികയുടെ മുറിയിലെത്തി. മരുന്നിന്റെ ഡോസിനാലാവാം നല്ല ഉറക്കത്തിലാണവള്‍. തിരിച്ചു വന്ന് സൂക്ഷിച്ചു വച്ചിരുന്ന സയനൈഡ് കയ്യിലെത്തു. ഋഷിയുടെ ജ്യൂസില്‍ അതു പടരുമ്പോള്‍ ശരീരം വിയര്‍ത്തുകൊണ്ടിരുന്നു. നാവു വരണ്ടുണങ്ങി. മുഖം വലിഞ്ഞു മുറുകി.
തൊണ്ട വല്ലാതെ വരളുന്നു.
വീണ്ടും മുറിക്കു പുറത്ത് വന്ന് ദേവിക ഉറക്കമാണെന്ന് ഉറപ്പു വരുത്തി പതുക്കെ ഋഷിയുടെ അരുകിലെത്തി. 'നന്ദേട്ടാ അരുതേ..' എന്ന ഇന്ദുവിന്റെ നിലവിളി കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
നിസ്സഹായതയുടെ രോദനം അന്തരീക്ഷത്തില്‍ മാറ്റൊലി കൊള്ളുമ്പോഴും പതറാതിരിക്കാന്‍ നന്ദന്‍ കാതുകള്‍ കൊട്ടിയടച്ചു. ജ്യൂസിനു കാത്തു കിടക്കും പോലെയവന്‍ നോക്കിയൊ? അസാധാരണ മധുരം ചേര്‍ത്തതിനാല്‍ നുണഞ്ഞിറക്കി. അപ്പോള്‍ അവന്റെ ഭാവമെന്തായിരുന്നു?
നന്ദന്‍ ശ്രദ്ധിച്ചില്ല. സയനൈഡ് ബോട്ടില്‍ ദേവിക കാണാതെ സൂക്ഷിക്കാനുള്ള തത്രപ്പാടില്‍ അയാളതൊന്നും അറിഞ്ഞതേയില്ല. തന്റെ മനസ്സിന്റെ താളം തെറ്റുന്നതിനു മുന്‍പ് തൊണ്ടികളുടെ ബാക്കിപത്രങ്ങള്‍ മായ്ച്ചുകളഞ്ഞയാള്‍ പുലമ്പിക്കൊണ്ടിരുന്നു
ഇന്ദു, മാപ്പ്. ഒരിക്കലും ഞാന്‍ നിന്റെ ഇഷ്ടങ്ങള്‍ക്കെതിരു പറഞ്ഞിട്ടില്ല. നിന്റെ സന്തോഷമായിരുന്നു എന്നും എന്റെ സന്തോഷ. അതുകൊണ്ട് തന്നെ ജീവിതയാത്രയില്‍ ഞാന്‍ ഒറ്റപ്പെട്ടു. ഇന്ന് സ്വാര്‍ത്ഥതയുടെ നിഴലില്‍ ഞാനും അല്പമധികം ക്രൂരനായിപ്പോയി.
'ഞാനെന്റെ മോളെ അല്പം സ്‌നേഹിക്കട്ടെ . അവള്‍ സുരക്ഷിതയാവും വരെ എനിക്കിവിടെ നിന്നെ പറ്റൂ. അതിനുശേഷം നീയും മോനും പറന്നു നടക്കുന്ന ആകാശത്ത് അല്‍പമിടം എനിക്കും കരുതിക്കോളൂ. നമുക്കൊരുമിച്ച് മതിവരുവോളം ഋഷിയെ സ്‌നേഹിക്കാം.'
ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ മൗനത്തിന്റെ മാറ്റൊലിയില്‍ വിയര്‍പ്പില്‍ കുളിച്ച നന്ദന്റെ മനസ്സ് മന്ത്രിച്ചു, കൊണ്ടേയിരുന്നു, മാപ്പ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...