ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീലേഖ എല്‍ കെ എഴുതിയ മിനിക്കഥകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മരണത്തിന്റെ അവകാശി
ബഹളം വെയ്ക്കാന്‍ മറന്നു പോയിരുന്നു. നിശ്ശബ്ദമാകാന്‍ സമ്മതിക്കാത്ത മനസ്സ് ഉള്ളിലിരുന്ന് കലഹിച്ചു കൊണ്ടിരുന്നു.
മരിച്ചു കിടക്കുന്നയാളില്‍ അവകാശം ഒന്നുമില്ല. പക്ഷെ, 'തണുത്ത നെറ്റിയില്‍ നിന്റെ മുദ്രയില്ലാതെ പോകാന്‍ കഴിയില്ല' എന്ന പറച്ചിലോര്‍ക്കുമ്പോള്‍ എങ്ങനെ പോകാതിരിക്കാന്‍.
ജീവനില്ലാത്ത ശരീരത്തിന്റെ അവകാശി ഉറക്കെ കരയുന്നത് നോക്കി നിന്നു. അവരൊരിക്കലും അല്ലെങ്കിലും അയാള്‍ക്ക് സ്വസ്ഥത കൊടുത്തിരുന്നില്ല.
അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുമ്പോഴൊക്കെ ആ സ്ത്രീയുടെ രൂക്ഷമായ നോട്ടം ചലനങ്ങളെ തടയുന്നു.
പതുക്കെ ആ കാലുകളില്‍ ഒന്ന് തൊട്ടു. വിണ്ടു കീറിയ ഉപ്പൂറ്റിയില്‍ കണ്ണീര്‍ ചിതറി വീണു.
തിരിഞ്ഞു നടക്കുമ്പോള്‍ ആരോ കൂടെയുള്ളത് പോലെ തോന്നി. വലം കൈയില്‍ വിരലുകളുടെ സ്പര്‍ശം. അതു മതി ഇനിയുള്ള കാലം.
ഓരോരോ കാരണങ്ങള്‍
'നിങ്ങളെന്നെ പുറത്താക്കിയത് എല്ലാ ഇടങ്ങളില്‍ നിന്നുമാണ് '
അവള്‍ കരഞ്ഞു കൊണ്ടിരുന്നു. കണ്ണീരു വീണ് പൊള്ളിയപോലെ അവര്‍ അസ്വസ്ഥയായി.
കലോത്സവങ്ങളിലെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഫിദയെ ഒഴിവാക്കുമ്പോള്‍ വേറൊന്നും ആലോചിച്ചിരുന്നില്ല. അഞ്ചിനങ്ങളില്‍ മത്സരിക്കുന്ന മറ്റൊരു കുട്ടിയുള്ളപ്പോള്‍ ഫിദയെ മാറ്റുകയല്ലാതെ വഴിയില്ലായിരുന്നു.
'അറിയാമോ ടീച്ചര്‍, കുട്ടികള്‍ എല്ലാവരും എന്നെ കളിയാക്കി. അവന്‍ പോലും.'- തേങ്ങലില്‍ ശബ്ദമടഞ്ഞ് അവള്‍ നിര്‍ത്തി.
'മോള്‍ക്ക് ടീച്ചറുടെ അവസ്ഥ അറിയാഞ്ഞിട്ടാണ്. മറ്റേ കുട്ടിക്ക് അര്‍ഹത പെട്ട സ്ഥാനം എന്റെ മിസ്റ്റേക്ക് കൊണ്ടു നിനക്ക് ആദ്യം തന്നു പോയി.'
'പക്ഷെ, എനിക്കിനി ഒന്നിനും വയ്യാതെ ആയി മാഡം. പരിഹാസങ്ങള്‍. എല്ലാവരും തന്നെ. അവനും ഇപ്പോള്‍ എന്നേക്കാള്‍ ഇഷ്ടം അവളോട്. പഠിക്കാന്‍ കഴിയുന്നത് പോലും ഇല്ല.''
ഫിദയുടെ അച്ഛന്‍ അവള്‍ക്ക് കൗണ്‍സിലിങ് കൊടുക്കുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നു. കൂടുതല്‍ ട്രീറ്റ്‌മെന്റിനായി അവര്‍ ബാംഗ്ലൂര്‍ പോകുന്ന കാര്യവും പറഞ്ഞിരുന്നു.
കസേരയുടെ കൈയില്‍ മുറുകെ പിടിക്കുമ്പോള്‍ അവര്‍ക്ക് തല കറങ്ങും പോലെ തോന്നി. താന്‍ കാരണം ആദ്യമായാണ് ഒരു കുട്ടിക്ക് ഇങ്ങനെ ഒരു അനുഭവം.
'മോള് പോയി വരൂ. അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര കഴിഞ്ഞു വരുമ്പോളേക്കും ഒക്കെ ശരിയാവും. '
കാത്തു നിന്നിരുന്ന അച്ഛനൊപ്പം ഫിദ പോകുമ്പോള്‍ അവരും ഉറപ്പിച്ചിരുന്നു.
എല്ലാം ശരിയാവും.
അവള്‍ തിരിച്ചെത്തുമ്പോളേക്ക് ക്ലാസ്സ് മുറിയില്‍ ഒരാളുടെ അസാന്നിധ്യം പഴയ കാര്യങ്ങള്‍ മറക്കാന്‍ അവള്‍ക്ക് തോന്നലുണ്ടാക്കും എന്ന ഉറപ്പില്‍ അവര്‍ കസേരയില്‍ അമര്‍ന്നിരുന്നു.