ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീജിത്ത് വള്ളിക്കുന്ന് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ചുവന്ന തൂവാല കാട്ടി എക്സ് ഒരിക്കല്‍ കൂടി വിളിച്ചു. പെണ്‍കുട്ടി കാറിന്റെ കണ്ണാടിച്ചില്ലിനുള്ളിലൂടെ മുത്ത് പോലുള്ള പല്ല് പുറത്ത് കാട്ടി ചിരിച്ചു. എക്സിന്റെ കറ പിടിച്ച പല്ലിനിടയിലൂടെ ഉമിനീരൊലിച്ചു. പെണ്‍കുട്ടി അമ്മയുടെ തോളിലേക്ക് ചാഞ്ഞു. എക്സ് ലെഫ്റ്റ് റൈറ്റെന്ന് നടക്കാന്‍ തുടങ്ങി. പെണ്‍കുട്ടി അമ്മയുടെ കവിളില്‍ ഉമ്മ വെച്ചു. എക്സ് തന്റെ പാകമാവാത്ത ചെരിപ്പിന്റെ പുറത്തേക്ക് വന്ന വള്ളി ഉള്ളിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു.
പെണ്‍കുട്ടിക്ക് എ.സിയുടെ തണുപ്പ്. ഷാക്കിറയുടെ റാപ്പ്.
എക്സിന് ചെവിയില്‍ ഭദ്രമായി വെച്ച് ഇപ്പോള്‍ വലിക്കാനെടുക്കുന്ന ബീഡിയുടെ പുക, ചുരുണ്ടു കൂടിയ താടിരോമങ്ങള്‍ തടവുമ്പോള്‍ കിട്ടുന്ന സുഖം.
07, 06, 05, 04, 03, 02, 01...
മഞ്ഞ.
പിന്നെ ഒറ്റക്കത്തലായിരുന്നു ചുവപ്പ്.
ജീപ്പ്, ബൈക്ക്, ബസ്സ് ഇതിനിടയിലൂടെ കുട്ടിയും അമ്മയും അമ്മയുടെ കാമുകനുമുള്ള കാറ് മുന്നോട്ട് കുതിച്ചു. കുട്ടിയുടെ അച്ഛന്‍ കുട്ടിയുടെ അമ്മയുടെ കാമുകനൊപ്പം മുന്‍ സീറ്റിലുണ്ടായിരുന്നു. അമ്മ പാട്ടിനൊപ്പം തുടയില്‍ താളമിട്ട് പിന്‍സീറ്റില്‍ ചാഞ്ഞ് കിടക്കുന്നു. അച്ഛന്‍ ഇടക്ക് മൊബൈല്‍ എടുക്കുന്നുണ്ട്. അതില്‍ ഫേസ്ബുക്കില്‍ അച്ഛന്റെ കാമുകിയുണ്ട്. മഞ്ഞ ടീഷര്‍ട്ടിട്ട് പച്ചമുളക് വായിലിട്ട് കണ്ണിറുക്കി ചിരിക്കുന്ന പ്രൊഫൈല്‍ പിക്ചറാണ്. കാറ് ഗട്ടറുകളില്ലാത്ത റോഡിലൂടെ സുന്ദരമായി സഞ്ചരിച്ചു. കുട്ടിയുടെ അച്ഛന്‍ ഫേസ്ബുക്കില്‍ മറുപടി കുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. അമ്മയുടെ കാമുകന്‍ കണ്ണാടിയിലൂടെ നോക്കി ഒരിളം ചിരി ചിരിച്ചു.
പെണ്‍കുട്ടിയും കാറും പോയതോടെ എക്സ് ഒറ്റക്കായി. സമയം വൈകീട്ട് ആറ് മണിയായെന്ന് നാട്ടുകാര്‍ക്ക് മുഴുവനറിയാം. എക്സിന് അക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടെന്ന് നാട്ടുകാര്‍ക്ക് തോന്നിയിട്ടില്ല. എക്സ് ഈ നാട്ടില്‍ വന്ന കാലം മുതല്‍ക്കേ അങ്ങനെയാണ്. ആരോടും അധികം സംസാരിക്കാറില്ല. ചായം കുടിക്കാന്‍ ചെന്നാല്‍ കൃത്യം പണം എണ്ണിത്തിട്ടപ്പെടുത്തിയേ നല്‍കാറുള്ളൂ. ചോറ് കഴിക്കാറില്ല. നാല് നേരം ചായയാണ്. മുടിയും താടിയും ഒരു ബാര്‍ബര്‍ക്കും വിട്ടു കൊടുക്കാറില്ല. ഒരു പെണ്ണിനെയും തുറിച്ച് നോക്കാറില്ല.
എന്തൊക്കെയായലും കുട്ടി പോയതോടെ എക്സിന് ഒറ്റക്കായത് പോലെ ഒരു തോന്നല്‍.
പെണ്‍കുട്ടി കാറില്‍ നിന്നിറങ്ങി നേരെ ബെഡില്‍ ചെന്ന് ചാടി. പിരിച്ചു കെട്ടി വെച്ച മുടിയിലെ ക്ലിപ്പുകള്‍ തലങ്ങും വിലങ്ങുമെറിഞ്ഞു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു. ഷവറിന് താഴെ നിന്ന് തണുത്ത് കൈ കൂപ്പി. സോപ്പിന്റെ പതയില്‍ മഴവില്ല് കണ്ടു. ആകാശത്തിലെ കൊട്ടാരങ്ങളെ, നക്ഷത്രങ്ങളെ, പേരിടാത്ത രൂപങ്ങളെയൊക്കെയും കണ്ടു. വെളളത്തിന്റെ ഒഴുക്ക് കൂട്ടിയും കുറച്ചും സ്വയം പര്യാപ്തയായി കുളിച്ചു. കുട്ടി എക്സിനെക്കുറിച്ച് ഓര്‍ത്തതേയില്ല.
ഒരു ട്രാഫിക് സിഗ്‌നലില്‍ ഇത്തിരി നേരം കുടുങ്ങിയപ്പോള്‍ പുറത്തു കണ്ട ഒരാളെപ്പറ്റി കുട്ടി എന്തിന് ഓര്‍ക്കണം?
എന്നാല്‍ എക്‌സ് കുട്ടിയെപ്പറ്റിത്തന്നെ ഓര്‍ക്കുകയായിരുന്നു. വെള്ളാരങ്കണ്ണുകളിലൊളിച്ചിരിക്കുന്ന നിഷ്‌കളങ്കമായ ജീവനെ. അതിക്രൂരമായ അത്യാര്‍ത്തികള്‍ ആര്‍ത്തി പിടിച്ചിരിക്കുന്ന കഴുകന്‍ കണ്ണുകളിലേക്ക് നാളെ ഇറങ്ങി നടക്കേണ്ട പെണ്‍കുട്ടിയെ. അന്നേരത്ത് എക്‌സിന്റെ നെഞ്ചിലാകെ ഇളം തണുപ്പനുഭവപ്പെട്ടു. മൂക്കിലൂടെയും വായിലൂടെയും താളം തെറ്റാതെ ബീഡിപ്പുക പുറത്ത് വന്നു. സംഗതി അന്തരീക്ഷമലിനീകരണമാണ്. എങ്കിലും കാക്കത്തൊള്ളായിരം വാഹനങ്ങള്‍ക്കും സിഗററ്റുകള്‍ക്കുമിടയില്‍ അപകര്‍ഷതാബോധത്തോടെ ബീഡിപ്പുക അന്തരീക്ഷത്തില്‍ അയാളുടെ പങ്കാളിത്തവും സാന്നിദ്ധ്യവുമറിയിച്ചു.
അന്ന് രാത്രി പെണ്‍കുട്ടി സുഖമായി ഉറങ്ങി. വിരല്‍ പോയിട്ട്, ഒരു നഖം പോലും, നഖം പോയിട്ട് ഒരു കോശം പോലും കുട്ടിയെ ശല്യപ്പെടുത്തിയില്ല. ഗര്‍ഭ പാത്രത്തിലെന്ന പോലെ കാലുകള്‍ ഭംഗിയായി മടക്കി വെച്ച് കൈവിരല്‍ ചുണ്ടിനോട് ചേര്‍ത്ത്് വെച്ച് ധ്യാനനിമഗ്‌നമായ ശയനം. പെണ്‍കുട്ടി പിന്നീട് ഉണരുകയും പഴയ ദിവസങ്ങളെ പോലെത്തന്നെ സ്‌കൂളില്‍ പോവുകയുമുണ്ടായി. വൈകീട്ട് വസ്ത്രങ്ങളിലാകെ അഴുക്കും ശരീരം മുഴുവന്‍ വിയര്‍പ്പുമായി സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്ക് തിരിച്ചു.
സ്‌കൂളില്‍ ഡിക്കു ഫെര്‍ണാണ്ടസിനൊപ്പമാണിരുന്നത്. ഡിക്കു മൊബൈല്‍ എടുത്തു. കാന്‍ഡി ക്രഷ് കളിച്ചു. ഇതിനിടയില്‍ ബസ്സ് ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തു കയും അത് മറികടന്ന് മുന്നോട്ട് നീങ്ങുകയുമുണ്ടായി. പെണ്‍കുട്ടിക്ക് ഒരു തുണ്ട് പോലും എക്സിനെ ഓര്‍മ്മ വന്നില്ല. കുട്ടിയുടേത് ചെറിയ മനസ്സല്ലേ. എക്സിനെ ഓര്‍ത്തു വെക്കാന്‍ മാത്രം ഇടമുണ്ടാവുമോ?
പെണകുട്ടി വീട്ടിലെത്തിയപ്പോള്‍ അമ്മയും അമ്മയുടെ കാമുകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി എത്തിയ പാടെ അമ്മ വാരിയെടുത്ത് ഉമ്മ വെച്ച് കൊഞ്ചിച്ചു. സ്നേഹത്തിന്റെ തേനും പാലുമൊഴുക്കി. കുട്ടി അമ്മയുടെ കവിളിലെ ചുവന്ന പാടില്‍ തൊട്ടുനോക്കി. അമ്മ ചിരിച്ചു. അമ്മയുടെ കാമുകന്‍ പൊട്ടിപ്പൊട്ടി ചിരിച്ച് വശംകെട്ടു. പിന്നീട് വീട്ടില്‍ നിന്നിറങ്ങിപ്പോയി. വീട്ടില്‍ ടി.വി ഓണായി. ഡിസ്‌ക്കവറി, കാര്‍ട്ടൂ ണ്‍ നെറ്റ് വര്‍ക്ക് എന്നിവക്കപ്പുറത്തേക്ക് റിമോട്ടിന്റെ ബട്ടണ്‍ ഞെക്കപ്പെട്ടേയില്ല.
എക്സ് അന്ന് പതിവിലേറെ സമയം ഏകാന്തമായിരുന്നു. ബീഡി വലിച്ചില്ല. ഒരു ലഹരിയും അകത്തിറങ്ങരുതെന്ന് വാശിയുണ്ടായിരുന്നു. ഏത് നേരവും ചിന്തയായിരുന്നു. വൈകീട്ട് ഒരു പക്ഷി മുടിച്ചുരുളുകളിലേക്ക് കാഷ്ഠിച്ചതോടെയാണ് എക്സിന് ബോധമുണ്ടായത്. പിന്നെ ഒറ്റച്ചിരിയായിരുന്നു. ചിരിച്ച് ചിരിച്ച് മണ്ണില്‍ വീണു. ശേഷം ഒറ്റ നടത്തമായിരുന്നു. ഹോട്ടലിലേക്ക്. ആവി പറക്കാത്ത തണുത്ത പുട്ടും, എരിവ് കൂടിയ കടലക്കറിയും, വാട്ടച്ചായയും, ഒരേമ്പക്കവും. കൃത്യമായി 33 രൂപ എണ്ണി ടേബിളില്‍ വെച്ചു. എക്സ് ഇങ്ങനെ ചായ കുടിക്കാന്‍ പോയ സമയത്താണെന്ന് തോന്നുന്നു കുട്ടിയുടെ സ്‌കൂള്‍ ബസ് അന്ന് സിഗ്‌നല്‍ കടന്നു പോയത്.
രാത്രി എട്ട് മണിയായപ്പോള്‍ പെണ്‍കുട്ടിക്ക് പഠിപ്പ് നിര്‍ത്തി ഉറങ്ങാന്‍ തോന്നി.ഹോംവര്‍ക്ക് ചെയ്യുകയാണെന്ന് അച്ഛന്‍ കാമുകിയോട് പറയുമ്പോള്‍ കുട്ടി ഉറക്കം തൂങ്ങുകയായിരുന്നു. അച്ഛന്റെ കാമുകി പ്രൊഫൈല്‍ ചിത്രം മാറ്റി. ഇപ്രാവശ്യം പച്ചമുളകിന് പകരം പക്ഷിത്തൂവലാണ് കടിച്ചു പിടിച്ചിരിക്കുന്നത്. ആദ്യത്തെ ലൈക്ക് കുട്ടിയുടെ അച്ഛന്റെ വകയായിരുന്നു. ലൈക്കിയ ശേഷം എഫ്.ബി ലോഗ് ഔട്ട് ചെയ്തതും ലാപ്പ്ടോപ്പ് മടങ്ങിയതും അച്ഛന്‍ പുറത്തേക്ക് പോവുന്നതും കുട്ടി അറിയുന്നുണ്ടായിരുന്നു. ഇത് കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞു കാണണം, ടി.വിയുടെ ശബ്ദം നന്നേ കുറഞ്ഞു. അടുക്കളയില്‍ ചില്ല്പാത്രം നെഞ്ച് പൊട്ടും പോലെ തകര്‍ന്ന് തരിപ്പണമായി.
എക്സിന് അന്ന് രാത്രി പനിച്ചു. തൊട്ടാല്‍ പൊള്ളാത്ത പനി. ഒരിളം ചൂട്. മൂക്കിലും നെറ്റിയിലുമൊക്കെ കഫം കെട്ടി നില്‍ക്കുന്നതിന്റെ മധുരമുള്ള വേദന. ആ സുഖത്തില്‍ എക്സ് ഒരു പാട്ട് പാടി. 'ഒരിക്കല്‍... ഒരു ഭൂതം.. എന്റെ മകളെ കൊണ്ടു പോയീ... അകലെ മലമുകളില്‍ ഒരു ശബ്ദം...' പാട്ട് വായുവിലാകെ കറങ്ങിത്തിരിഞ്ഞ് എക്സിന്റെ മൂക്കിനിട്ടിടിച്ചു. എക്സ് പാട്ടിന്റെ തലക്കിട്ടിടിച്ചു. പാട്ട് പാറയില്‍ പോയി താളമിട്ടു. അവിടെ വീണു. വീണിടത്ത് നിന്ന് ഉരുണ്ടു പിരണ്ടെണീറ്റ് പാട്ടിന്റെ പാട്ടിന് പോയി.
പാട്ട് പോയതോടെ എക്സിന് കൂട്ട് പനി മാത്രമായി. എക്സ് പനിയോട് ഒരു കഥ പറഞ്ഞു. മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയുടെ കഥ. മരുഭൂമിയിലാകെ അലഞ്ഞു നടന്ന് വെള്ളം കിട്ടാതെ കരഞ്ഞ് തളര്‍ന്നു റങ്ങിപ്പോയ നക്ഷത്രക്കണ്ണുള്ള പെണ്‍കുട്ടിയുടെ കഥ. കഥയുടെ അവസാനം മരുഭൂമിയില്‍ മഴ പെയ്തു. മഴയില്‍ നനഞ്ഞ കുട്ടി മരുഭൂമിയുടെ ആഴത്തിലേക്ക് ആണ്ടു പോയി. കഥ കേട്ട് പനി കരഞ്ഞു. തുള്ളി തുള്ളിയായി പനിയുടെ കരച്ചില്‍ എക്സിന്റെ കണ്ണിലാകെ പടര്‍ന്ന് പിടിച്ചു.
പെണ്‍കുട്ടിയുടെ വീട്ടിലും അച്ഛന്റെ കാമുകിയുടെ വീട്ടിലും അന്ന് വായുവിലാകെ രഹസ്യങ്ങള്‍ പാറി നടന്നു. അച്ഛനോ കാമുകിയോ രാത്രി ഫേസ്ബുക്ക് ലോഗിന്‍ ചെയ്തതേയില്ല. എന്നിട്ടും രണ്ടാളും സംസാരിച്ചു കൊണ്ടേയിരുന്നു. ശബ്ദമില്ലാതെ. പതിഞ്ഞ താളത്തില്‍. ഉറക്കച്ചടവോടെ. കുട്ടിയുടെ അമ്മയാവട്ടെ കാമുകനോട് സൗഹൃദ സംഭാഷണത്തിലായിരുന്നു. സൗഹൃദത്തിന്റെ ഭാവം തുടരെത്തുടരെ കനക്കുകയും നിയന്ത്രണമില്ലാതാവുകയും ചെയ്തു. സൗഹൃദം വായു നിറഞ്ഞ ബലൂണായി പൊട്ടാനാവാതെ വീര്‍പ്പ് മുട്ടി. പെണ്‍കുട്ടി അമ്മക്കും കാമുകനുമൊപ്പമാണ് കിടന്നിരുന്നത്. ഉറക്കം വരാതെ, കണ്ണടച്ച്. ചുമരിനോട് ചേര്‍ന്ന്...
ഒരു കൈവിരല്‍.. ഒരു നഖപ്പോറല്‍.. കാലുകളില്‍ പതിഞ്ഞ് തുടങ്ങുന്നതറിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് കണ്ണ് തുറക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നഖം കുട്ടിയുടെ കാലുകളെ ചുവപ്പിക്കുകയായിരുന്നു. സാവധാനം ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ആദ്യമായാണ് അത്തരമൊരു വേദന അനുഭവിക്കുന്നത്. അത് കൊണ്ട് തന്നെ ശരീരം എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങി. തുടയിലെവിടെയോ നുള്ള് ചോര പൊടിഞ്ഞു. കൈകളിലും വയറിലും കാലുകളിലും കണക്കില്ലാതെ ചുവന്ന വരകള്‍. ഒരു വെളിച്ചവും കുട്ടിയുടെ രക്ഷക്കെത്തിയില്ല.
പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ സമയത്ത് കാമുകിയുണ്ടാക്കി കൊടുത്ത ചൂടാറിയ കട്ടന്‍കാപ്പി കുടിക്കുകയായിരുന്നു. അമ്മ സൗഹൃദത്തിന്റെ പുതപ്പില്‍ നനഞ്ഞ് കുതിര്‍ന്ന് ഉറങ്ങിപ്പോയി. കുട്ടി കണ്ണ് തുറന്ന് നോക്കി. അടച്ച് നോക്കി. കാലുകള്‍ വീശി നോക്കി. കൈകള്‍ ചലിപ്പിച്ച് നോക്കി. വിരലുകളും നഖവും മാംസവും ഉരഞ്ഞ് കൊണ്ടേയിരുന്നു.
പെണ്‍കുട്ടിക്ക് അന്ന് ആദ്യമായി എക്സിനെ ഓര്‍മ്മ വന്നു. ചുവന്ന തൂവാല ഓര്‍മ്മ വന്നു. സ്നേഹം ഓര്‍മ്മ വന്നു. കുട്ടി ഉച്ചത്തില്‍ ചിരിച്ചു. പൊട്ടിച്ചിതറിയ ചിരി എക്സിന്റെ ചെവിയില്‍ ചെന്ന് മുട്ടി. ചെവി തുളഞ്ഞു തുടങ്ങിയപ്പോള്‍ എക്സ് എണീറ്റ് നടക്കാന്‍ തുടങ്ങി. പിന്നീട് ഓട്ടമായി. ഓട്ടത്തിനുമപ്പുറത്തെത്തി.
ഭൂതം കൊണ്ടു പോയ മകള്‍ ചിരിക്കുന്നത് പോലെയും മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടി കൈകൊട്ടി വിളിക്കുന്നത് പോലെയും എക്സിന് തോന്നി. അതിന്റെ ആവേശത്തില്‍ മതിലുകള്‍ ചാടിക്കടന്നു. മുറിയുടെ വാതില്‍പ്പാളികള്‍ പൊട്ടിച്ചെറിഞ്ഞു.
എക്സ് അമ്മയെപ്പോലെ കുട്ടിയുടെ അടുത്തേക്ക്. കുട്ടി കുട്ടിയെപ്പോലെ, എക്സിനരികിലേക്ക്.