ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീജ അജിത് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഓടിയോടിത്തളര്‍ന്നു വീഴുമെന്നുതോന്നിയിട്ടും അവള്‍ ഓട്ടം നിര്‍ത്തിയില്ല. വിജനമായ വഴിയുടെ അറ്റത്ത് എവിടെയോ ഒരു കുഞ്ഞുവെളിച്ചം കാണുന്നുണ്ട്. കാലുകള്‍ കുഴയുന്നു. തൊണ്ട വരണ്ട് പൊട്ടുന്നു. ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കില്‍, ചുറ്റിലും നോക്കി, ഇല്ല, ആരുമില്ല. എങ്ങനെയും ആ വെളിച്ചത്തിലേയ്ക്ക് ഓടിയെത്തണം. പിന്നെ പേടിക്കേണ്ട. ഇരുട്ടിനെയാണ് ഭയക്കേണ്ടത്.
പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട്, ഇരുട്ടിലാണ് പിശാചുക്കള്‍ ഇറങ്ങുകയെന്ന്. പിശാചുക്കള്‍ക്ക് തലയില്‍ കൊമ്പും തേറ്റകളും ചുവന്ന കണ്ണും വായില്‍ തീയും ഉണ്ടാകുമത്രേ. പിന്നില്‍ നിന്നുള്ള കാലടിശബ്ദം കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. അതെ, പിശാച് പുറകെത്തന്നെയുണ്ട്. ഇല്ല, അത് പിശാചാണോ? അവള്‍ ഭയപ്പാടോടെ ഒന്നുകൂടി നോക്കി.
കൊമ്പുകളില്ല, വായില്‍ തീയില്ല, തേറ്റപ്പല്ലുകളില്ല. വൃത്തിയുള്ള വേഷവും ധരിച്ചു, മധുരമായി പുഞ്ചിരിച്ചു കൊണ്ട് പിശാച് വരുമോ? ആലോചിച്ചു നോക്കിയപ്പോള്‍ ഓര്‍മ്മ വന്നു. ഉണ്ട്, കൊമ്പുകളുണ്ട്, സൂത്രത്തില്‍ ഒളിച്ചു വെച്ചിരിക്കുകയാണ്. മേലാകെ ഇഴഞ്ഞു നടക്കുന്ന നോട്ടത്തില്‍ തീയുണ്ട്. ചിരി കൊണ്ട് വായിലെ തേറ്റപ്പല്ലുകള്‍ മൂടിവെച്ചിരിക്കുന്നു.
അയ്യോ, അതാ ആ രൂപം അടുത്തെത്തിയല്ലോ. കാലുകള്‍ വലിച്ചു വെച്ച് ഓടി. വെളിച്ചം അകന്നകന്നു പോകുന്നു. വേറെയാരോ കൂടെയോടുന്നുണ്ടല്ലോ. വേറെയും പിശാചുക്കളുണ്ടോ. അല്ല, ഒരു കൊച്ചു രൂപമാണല്ലോ ഓടുന്നത്. ദേഹമാകെ ചോരയൊലിപ്പിച്ചു കൊണ്ട് ഇടറിയോടുന്ന ആ രൂപത്തിന്റെ കണ്ണുകള്‍ തുറിച്ചിരുന്നു. മുഖമാകെ വലിഞ്ഞു മുറുകി വികൃതമായിരുന്നു.
ആ മുഖം, അയ്യോ അത് കൊച്ചേച്ചിയല്ലേ. കൊച്ചേച്ചിയുടെ പൊട്ടിച്ചിരി കാതില്‍ മുഴങ്ങുന്നു. എപ്പോള്‍ മുതലാണ് ആ ചിരി കേള്‍ക്കാതായത്. പിശാചിനെ കൊച്ചേച്ചിയും കാണാറുണ്ടായിരുന്നു. ഭയന്ന് തന്നെയും കൂട്ടി ഒളിച്ചിരിക്കാറുണ്ട്. പക്ഷേ ചില ദിവസമേ ഒളിച്ചിരിക്കാനാവൂ. അധികവും കണ്ടു പിടിക്കും. ദുര്‍ഗന്ധമുള്ള ശ്വാസവും, കൂര്‍ത്ത നഖങ്ങളുള്ള കൈകളും ദേഹത്തിഴയും. ശ്വാസം മുട്ടി പിടഞ്ഞു നിലവിളിച്ചാലും ഉമ്മറത്തു മയങ്ങിക്കിടക്കുന്ന അച്ഛനോ, അടുക്കളയില്‍ പണിയുന്ന അമ്മയോ കേള്‍ക്കില്ല.
അമ്മയ്ക്കും പിശാചിനെ കണ്ടാല്‍ അറിയില്ലേ. അമ്മയോട് പറഞ്ഞപ്പോള്‍ കൊച്ചേച്ചിയേയും തന്നെയും ഏറെ വഴക്കുപറഞ്ഞു. ആരോടും പറയരുതെന്ന് പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് പിശാചിനെയൊന്നും പേടിയുണ്ടാവില്ല. കുട്ടികളെയായിരിക്കും എപ്പോഴും പിശാചുക്കള്‍ പേടിപ്പിക്കുന്നത്. പല മുഖങ്ങളില്‍, ആദ്യം ചിരിയിലൂടെ, സ്‌നേഹത്തിലൂടെ, പിന്നെ ശ്വാസം മുട്ടിയ്ക്കുന്ന തലോടലുകളായ്. ആരുമറിയാതെ, അറിഞ്ഞാലും ചിലപ്പോള്‍ പേടിപ്പിച്ചു മിണ്ടാതാക്കി.
വെളിച്ചത്തിനടുത്തു ഇനിയും എത്തുന്നില്ലല്ലോ. വീണു പോകുമോ. കൂടെയോടി വരുന്ന കൊച്ചേച്ചിയെവിടെ? കാണുന്നില്ലല്ലോ. എന്തിലോ തട്ടിത്തടഞ്ഞു വീണു. എന്തോ തൂങ്ങിയാടുന്നുണ്ട് ആ മരത്തിന്റെ താഴ്ന്നു നില്‍ക്കുന്ന കൊമ്പില്‍. രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ചോരയൊലിപ്പിച്ചു നില്‍ക്കുന്ന അതിന്റെ മുഖം കൊച്ചേച്ചിയുടേതല്ലേ. അതെ. കൊച്ചേച്ചി തന്നെ.
അവള്‍ ഉറക്കെ നിലവിളിച്ചു. ശബ്ദം പുറത്തു വന്നില്ല. കാലുകള്‍ മുറിഞ്ഞു പോകുന്നു. ദേഹം വിയര്‍ത്തൊലിയ്ക്കുന്നു. വെളിച്ചത്തിന്നടുത്തു ആരോ നില്‍ക്കുന്നുണ്ടല്ലോ. അമ്മ. കൈകള്‍ നീട്ടി അമ്മയെ ഉറക്കെ വിളിച്ചു കൊണ്ട് ഓടി.
പിന്നിലെ കാലടികള്‍ അടുത്തടുത്തു വരുന്നു. ഒന്നല്ല, ഒരായിരം പിശാചുക്കള്‍ പുറകെയുണ്ടല്ലോ. ഓടിത്തോല്‍പ്പിക്കാന്‍ പറ്റുമോ. വേഗത്തില്‍ ഓടി. വെളിച്ചം കാണുന്നില്ലല്ലോ. അതിനടുത്തു നില്‍ക്കുന്ന അമ്മയേയും.
പരുപരുത്ത കൈകള്‍ ദേഹത്തമര്‍ന്നു, ശ്വാസം മുട്ടിയ്ക്കുന്നു. പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു ചുറ്റിലും. വെളിച്ചം അണഞ്ഞു പോയിരിക്കുന്നു. കഴുത്തില്‍ മുറുകുന്ന കുരുക്ക്. കൊച്ചേച്ചിയുടെ തുറിച്ചു നില്‍ക്കുന്ന കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. വീണു പോകുന്നു. നിര്‍ത്താതെ താഴോട്ടു പോകുകയാണ്. ഒരിക്കലുമുണരാത്ത ദുസ്വപ്നങ്ങളുടെ ഇരുള്‍ച്ചുഴിയിലേക്ക്, ആര്‍ത്തു ചിരിക്കുന്ന പിശാചുക്കളുടെ വിജയഭേരി മുഴങ്ങുന്നു ചുറ്റിലും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...