ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സിമി ആന്റണി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഡോര്‍ബെല്‍ അടിച്ചപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്. പനി ആയതുകൊണ്ട് മരുന്ന് കഴിച്ചു മയങ്ങി പോയതാണ്. ഡോര്‍ തുറന്നപ്പോള്‍ ഡെലിവറി ബോയ്. ഫുഡ് പാക്കറ്റ് എനിക്കല്ല റൂംമേറ്റിനാണ്. അതിനാല്‍ തന്നെ തുറന്നു നോക്കാനൊന്നും നിന്നില്ല അടുക്കളയില്‍കൊണ്ടു വച്ചു.
റൂംമേറ്റ് ഒരു പ്രത്യേക സ്വഭാവക്കാരനാണ്. അധികം സംസാരിക്കില്ല. അസുഖവും മരുന്നും സ്വന്തമായി കണ്ടു പിടിക്കുന്ന വിചിത്ര സ്വഭാവം ഉണ്ട്. മാനസികവും ശാരീരികവും ആയ ആരോഗ്യം നോക്കുന്നതിനാല്‍ പറയത്തക്ക വേറെ ദുശ്ശീലങ്ങള്‍ ഒന്നും തന്നെ ഇല്ല.
ഫുഡ് വന്നു എന്ന് പറഞ്ഞപ്പോഴേക്കും മൂപ്പര്‍ അത് തുറന്നിരുന്നു. ചായയും എണ്ണപലഹാരവും ആണ്. കിടക്കും മുന്‍പ് ഞാന്‍ ചായ ഉണ്ടാക്കിക്കൊടുത്തതാണല്ലോ എന്ന് എനിക്ക് തോന്നി. പിന്നെ ഇതൊക്കെ കാണുമ്പോള്‍ പുള്ളിക്ക് ജോലി ഉള്ളതിന്റെ അഹങ്കാരം ആണോ, അതോ എനിക്ക് ജോലി ഇല്ലാത്തതിന്റെ ഓര്‍മ്മപ്പെടുത്തലാണോ എന്ന് എനിക്കു ഇടക്ക് തോന്നാറുണ്ട്.
പനിയെക്കാള്‍ വലുതാണ് അത് കഴിഞ്ഞുള്ള ക്ഷീണവും തളര്‍ച്ചയും. രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കണം. ചോറിനൊപ്പം പച്ചക്കായ തോരനും പാവയ്ക്കാ കൊണ്ടാട്ടവും ഉണ്ടാക്കി വച്ചു. വിശപ്പ് നന്നേ കുറവാണ്. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി.
അദ്ദേഹം പാര്‍സല്‍ തുറന്നു എന്തൊക്കെയോ കഴിക്കുന്നുണ്ട്. ഞാന്‍ ഉണ്ടാക്കിയ അത്താഴത്തിലേക്കു ഒന്ന് നോക്കി തിരിച്ചു മുറിയിലേക്ക് പോയി. ഡിന്നര്‍ മെനു ഇഷ്ടപ്പെട്ടു കാണില്ല എന്ന് ഞാന്‍ മനസ്സില്‍ പിറു പിറുത്തു. പനിയായിട്ടും ഇത്രയെങ്കിലും ഉണ്ടാക്കിയില്ലേ എന്നൊന്നും പരിഗണിക്കുന്ന മട്ടില്ല. പുള്ളിക്ക് ആരോടും പരാതിയും വൈകാരിക ബന്ധവും ഇല്ല. 'നിന്റെ കാര്യം നീ നോക്കണം എന്റേത് ഞാനും' എന്ന മനോഭാവം കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നാമെങ്കിലും പ്രാവര്‍ത്തികം ആക്കുന്നത് അല്‍പ്പം കഠിനം ആണ്, അതും ഒരേ ചുവരുകള്‍ക്കിടയില്‍ താമസിക്കുന്നവര്‍ക്കിടയില്‍.
എപ്പോഴാണ് ഉറങ്ങി പോയത് എന്നോര്‍മ്മയില്ല.
എന്തായാലും രാവിലെ അലാറം അടിക്കുന്നതിനു മുന്‍പേ എണീറ്റു. ഒരു കപ്പു ചായ കുടിച്ചു. ക്ഷീണം ഒക്കെ കുറവുണ്ട്. അദ്ദേഹത്തിനും ചായ കൊടുത്തു. പിന്നെ ഞാന്‍ ന്യൂസ്‌പേപ്പര്‍ വായിക്കാനിരുന്നു. പുള്ളി ഓഫീസിലേക്ക് പോകാനൊരുങ്ങുകയാണ്. വാതിലടക്കുന്ന ശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്ന എന്റെ ഉള്ളിലെ ദീര്‍ഘ നിശ്വാസം എന്നെ വിട്ടു പുറത്തേക്കു പോയി. ഇനി ഞാന്‍ മാത്രമുള്ള ലോകം ആണ്.
ഫോണ്‍ ബെല്‍ അടിച്ചു. അമ്മയാണ് വിളിക്കുന്നത്.
''മോളേ, ഓര്‍മയുണ്ടല്ലോ, ഈ വരുന്ന പതിനെട്ടിനാണ് സരസ്വതിയുടെ നിശ്ചയം. നിങ്ങള്‍ രണ്ടാളും നേരത്തെ വരണം. അവനോടു പറഞ്ഞോ നേരത്തെ തന്നെ എത്തണം എന്ന്? അവന്‍ ഓഫീസില്‍ പോയോ? അച്ഛന്‍ അവനെ വിളിച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്. എന്നാലും അച്ഛനെ അറിയാലോ പകുതി പറയില്ല. നേരത്തെ തന്നെ എത്തിയേക്കണേ, തറവാട്ടില്‍ വച്ച് നടത്തണം എന്ന് അച്ഛന് വാശിയാണ്. അവള്‍ ഒരു കഥയും ഇല്ലാത്ത പെണ്ണാണ്. നീ വേഗം വന്നാല്‍ പകുതി ആശ്വാസം ആണ്.''
എല്ലാം കേട്ട് കഴിഞ്ഞു ''ഇനിയും സമയം ഉണ്ടല്ലോ!'' എന്ന് മാത്രം പറഞ്ഞു ഫോണ്‍ വച്ചു.
മകളെയും മരുമകനെയും പ്രതീക്ഷിച്ചിരിക്കുന്ന അമ്മയെ നിരാശപ്പെടുത്താന്‍ വയ്യ. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷമായി, എന്നാല്‍ ഇപ്പോള്‍ ഒരു വീട്ടില്‍ ഒന്നിച്ച് താമസിക്കുന്നു എന്നേ ഉള്ളു. വെറും റൂംമേറ്റ്!
വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ ശാന്തമായിരുന്നു. ഏതോ ഫലിത ബിന്ദുവില്‍ വായിച്ചതു പോലെ, ബോക്‌സിങ്ങിനു മുന്‍പ് കൊടുക്കുന്ന ഹസ്തദാനം പോലെ ആ മാസങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സൗമ്യമായി വേറിട്ട് നിന്നു.
ചെറിയ ചെറിയ പൊരുത്തക്കേടുകള്‍. അത് നീണ്ട പിണക്കങ്ങളിലേക്കു വഴുതി മാറി. കൊറോണ നിയന്ത്രണത്തില്‍ രണ്ടു ദിക്കുകളിലായതോടെ ഇണക്കങ്ങള്‍ക്കുള്ള സാധ്യതയും പോയി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ തിരികെ വന്നെങ്കിലും ഇടയിലെ ദൂരം കുറയാതെ നിന്നു. കൊറോണ ആളുകള്‍ക്കിടയില്‍ ജീവിക്കാന്‍ തുടങ്ങിയതോടെ അകല്‍ച്ച സജീവമായി നിന്നു.
ഒരു ജോലി കിട്ടുന്നതോടെ അദ്ദേഹത്തില്‍ നിന്നുള്ള പൂര്‍ണ വിമോചനമാവും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. കല്യാണസമയത്ത് വീട്ടിലെ തല മുതിര്‍ന്നവരുടെ തീരുമാനം ആണ് വീട്ടമ്മ ആകുക എന്നത്. ജോലി ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും എന്റെ തീരുമാനം ആണ്. ആരോടും തര്‍ക്കിച്ചു ജയിക്കണം എന്നെനിക്കില്ലായിരുന്നു. അദ്ദേഹവും ആ അഭിപ്രായം ശരിവച്ചിരുന്നു. പിന്നീടതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിന്നിട്ടില്ല.
അങ്ങനെ അമ്മ പറഞ്ഞ ചടങ്ങിലേക്ക് ഞങ്ങള്‍ ഒന്നിച്ചു പോയി. പൊതുവെ അന്തര്‍മുഖനായിരുന്ന അദ്ദേഹത്തിന് ആ ദിവസങ്ങള്‍ ലളിതമായി കടന്നു പോയി. ഞാന്‍ കുറച്ചു ബുദ്ധിമുട്ടി തന്നെ ആ ദിവസങ്ങള്‍ തള്ളിനീക്കി. തിരികെ എത്തിയപ്പോഴാണ് എനിക്ക് എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ കിട്ടിയത്. സാമാന്യം തരക്കേടില്ലാത്ത സര്‍ക്കാര്‍ ജോലിയാണ്. അതെനിക്ക് അദ്ദേഹത്തിനോട് പറയാതിരിക്കാനായില്ല. ആ സന്തോഷം, എന്ത് കൊണ്ടോ ഞങ്ങള്‍ ഒന്നാകുമെന്ന പ്രതീക്ഷ എന്നില്‍ ഉണ്ടാക്കി. പക്ഷെ അദ്ദേഹം എനിക്ക് സമ്മാനിച്ചത് മറ്റൊന്നാണ്.
''തന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പിന്മാറിയാല്‍ സംശയവും സഹതാപവും നിറഞ്ഞ കണ്ണിലൂടെ മാത്രമേ ആളുകള്‍ കാണൂ. വീട്ടുകാര്‍ക്ക് ഒരു ബാധ്യത ആയും തോന്നാം. തന്നെ ഈവിധമാക്കി എന്ന കുറ്റബോധം എനിക്കും താങ്ങാന്‍ കഴിയില്ല. ഈ സാമ്പത്തിക സ്വാതന്ത്ര്യം ഇതില്‍ നിന്നെല്ലാം തനിക്കു ഒരു കൂട്ടായിരിക്കും. ഇനി സ്വാതന്ത്രയായി ജീവിച്ചു കൊള്ളുക. ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോള്‍ മാത്രം അതിനു മുതിരുക. തന്റെ ഒരു സുഹൃത്തായി ഞാന്‍ ഉണ്ടാകും.''
കരുതലുള്ള വാക്കുകള്‍ എന്റെ കണ്ണുകളെ നനയിച്ചു. എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പേ അദ്ദേഹം കൂട്ടി ചേര്‍ത്തു.
''അകന്നു പോയ ഈ ബന്ധം താന്‍ ഇനി വിളക്കി ചേര്‍ക്കേണ്ടതില്ല. ഈ ദിവസം എനിക്കും സന്തോഷം നിറഞ്ഞതാണ്.''
അതെ ശരിയാണ്, ഞാനും ഇതാഗ്രഹിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തത് എന്ന ചോദ്യം മുന്നില്‍ ഉണ്ട്. ഒരുമിച്ചു ജീവിക്കാന്‍ ഒരു കാരണവും കാണുന്നില്ല എന്നതും ഒരു കാരണം ആണ്. ഈ ബന്ധത്തില്‍ നിന്നും പണ്ടേ ഞങ്ങള്‍ പുറത്തെത്തിയതാണ്. ഇനിയൊരല്പം പരസ്യമാക്കാം എന്നുമാത്രം.
ഇന്നും ഞങ്ങള്‍ സ്വതന്ത്രരായി ജീവിക്കുന്നു. സമൂഹം അറിയുന്ന ബന്ധത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങി. അദ്ദേഹവും ആയുള്ള ബന്ധം റൂംമേറ്റ് എന്ന പേരില്‍ ഫോണിലെ ഒരു കോണ്‍ടാക്ട് നമ്പര്‍ മാത്രമായി ഒതുങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...