ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഷീബ പ്രസാദ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
'എന്താ പേര്?'
'മഞ്ജു.'
'എവിടെയാ പഠിച്ചത്?'
'ഡിഗ്രി വരെ ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജ്, പി ജി, ഇവാനിയോസ്..'
'അതെവിടെ?'
'നാലഞ്ചിറ, തിരുവനന്തപുരം.'
'ഇപ്പോള്‍ എന്ത് ചെയ്യുന്നു?'
'ഇപ്പോള്‍ അവള്‍ എസ് എന്‍ കോളേജില്‍ ഗസ്റ്റ് ആയി പഠിപ്പിക്കുന്നു മോനെ.'-മറുപടിയായി പുരുഷ സ്വരം കേട്ട് പുള്ളിക്കാരന്‍ ചമ്മി.
എന്നെ കാണാന്‍ വന്ന ഒന്‍പതാമത്തെ ചെക്കന്‍ ആയിരുന്നു അത്. നാട്ടു നടപ്പ് അനുസരിച്ചു പെണ്ണിനും ചെക്കനും സംസാരിക്കാന്‍ ഉള്ള അവസരം എന്റെ വീട്ടുകാര്‍ ഉദാരമായി നല്‍കും. പക്ഷേ അത് മൂന്നോ നാലോ ചോദ്യം ആയിരിക്കണം. അത് കഴിഞ്ഞാല്‍ എന്റെ അച്ഛന്‍ ഉദാരമനസ്‌കന്‍ അല്ലാതാകും.
അച്ഛന്‍ എന്നോട് അകത്തു പോകാന്‍ പറഞ്ഞു. ചെക്കനും ചേട്ടനും കൂടിയാണ് പെണ്ണ് കാണാന്‍ വന്നത്. അവര്‍ പിന്നെയും എന്തൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞു, അഭിപ്രായം അറിയിക്കാം എന്നേറ്റ് തിരിച്ചു പോയി.
എന്റെ വീട്ടില്‍ ആര്‍ക്കും ആ ആലോചനയില്‍ തീരെ പ്രതീക്ഷ ഇല്ലായിരുന്നു. കാരണം ചെക്കനെ കണ്ടപ്പോഴേ, ഇത് നടക്കില്ല എന്നുറപ്പായി. വെളുത്തു സുന്ദരനായ പയ്യന്‍. നല്ല വിദ്യാഭ്യാസം, മികച്ച സാമ്പത്തികം.
മെലിഞ്ഞു ഉണങ്ങി കോല് പോലിരിക്കുന്ന എന്നെ അവര്‍ക്കു ഇഷ്ടപ്പെടില്ല എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി.
എന്നാല്‍ ഞങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി രാത്രി ആ ചെക്കന്റെ ചേട്ടന്‍ വിളിച്ചു പറഞ്ഞു, ഞങ്ങള്‍ക്ക് താല്പര്യം ആണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ വരുന്ന ഞായറാഴ്ച വീട് കാണാന്‍ വരൂ.
അവരുടെ അഭിപ്രായം അറിഞ്ഞപ്പോള്‍ അണ്ണന് സംശയം...'അല്ല ഇനി ചെക്കന് എന്തെങ്കിലും കുഴപ്പം കാണുമോ? ഈ എലുമ്പിയെ ഇഷ്ടപ്പെട്ടു എന്ന് പറയാന്‍...'
അച്ഛന്‍ അണ്ണനെ കണ്ണുരുട്ടി ഓടിച്ചു. എന്തായാലും മെയ് അവസാന ആഴ്ച വിവാഹ നിശ്ചയം നടന്നു. മൂന്ന് മാസത്തിനു ശേഷം ഓഗസ്റ്റില്‍ വിവാഹം.
അമ്മായിമാരും മറ്റും പറഞ്ഞു, 'പെണ്ണിനും ചെക്കനും പരിചയപ്പെടാന്‍ സമയമുണ്ട്...അതേതായാലും നന്നായി.'
നിശ്ചയം കഴിഞ്ഞ ദിവസം മുതല്‍ ഓരോ ഫോണ്‍ ബെല്‍ കേള്‍ക്കുമ്പോഴും അതെന്റെ പ്രിയതമന്‍ എന്നെ വിളിക്കുന്നതാണെന്നു ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. ആഴ്ച ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു, ഒടുവില്‍ ഓണവും വന്നു.
'ഇതു വരെ ഫോണ്‍ വിളിക്കാത്തത് കൊണ്ട്, ഓണക്കോടിയും കൊണ്ട് നേരിട്ട് വരും...' മാമി പറഞ്ഞു.
മാമി എന്നല്ല ആര് പറഞ്ഞാലും ഞാന്‍ വിശ്വസിച്ചേനെ. ആറ്റുനോറ്റു കാത്തിരുന്നു വന്ന എന്റെ സ്വന്തം കല്യാണം ആണ്.
ഒന്നാം ഓണം, രണ്ടാം ഓണം...നാലാം ഓണവും കഴിഞ്ഞു. കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്ന എന്നെക്കാണാന്‍ എന്റെ പ്രതിശ്രുത വരന്‍ വന്നത് ഇരുപത്തിയെട്ടാം ഓണത്തിന്റെ അന്നായിരുന്നു.
അന്ന് വരാതിരിക്കാന്‍ കഴിയില്ലല്ലോ. കാരണം അന്നായിരുന്നു ഞങ്ങളുടെ വിവാഹം!
പെണ്ണ് കണ്ട ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പുള്ളിക്കാരന്‍ എന്നോട് സംസാരിച്ചത്, വിവാഹശേഷം സദ്യ ഉണ്ണുമ്പോള്‍ ആയിരുന്നു. 'എന്താ മഞ്ജു, വിശപ്പ് ഇല്ലേ?'
'ശ്ശോ', ഞാന്‍ തരളിതയായി...വിചാരിച്ച പോലെ അരസികന്‍ അല്ല. കെയറിങ് ആണല്ലോ.. ഞാന്‍ മനസ്സില്‍ പറഞ്ഞു.
മിണ്ടിയും പറഞ്ഞും കഴിച്ചു തീര്‍ക്കാം എന്ന് വിചാരിച്ചു തൊണ്ട ശരിയാക്കിയപ്പോഴേക്കും വീഡിയോഗ്രാഫര്‍ ലൈറ്റും ക്യാമറയും തൂക്കി പിടിച്ചു വന്നു.
ആ വെട്ടവും വെളിച്ചവും ഒക്കെ ആയപ്പോള്‍ സംസാരിക്കാന്‍ ഉള്ള 'ഫ്‌ലോ' അങ്ങ് പോയി.
ഊണ് കഴിച്ച്, ഫോട്ടോ ഷൂട്ടും കഴിഞ്ഞു, എല്ലാരോടും വര്‍ത്താനം പറഞ്ഞു നില്‍ക്കുമ്പോഴേക്കും ചെക്കന്റെ വീട്ടിലേക്ക് ഇറങ്ങാന്‍ നേരമായി.
എന്നെ ഞെട്ടിച്ചു കൊണ്ട്, അമ്മയും അണ്ണനും അതാ വലിയ വായില്‍ കരയുന്നു.
എല്ലാരെയും ആശ്വസിപ്പിച്ചു, ഞാനും കണ്ണൊന്നു തിരുമ്മി ചുവപ്പിച്ചു, ഇറങ്ങാന്‍ റെഡിയായി. ആറ്റിങ്ങല്‍ നിന്നും കൊല്ലം വരെയാണ് യാത്ര. വൈകുന്നേരം അഞ്ചരയ്ക്ക് ആണ് അവിടെ വീട്ടില്‍ കുടിവെപ്പ്. അഞ്ചു മണി കഴിഞ്ഞു വീട്ടില്‍ എത്തിയെങ്കിലും അര മണിക്കൂര്‍ കൂടി കാറില്‍ ഇരുന്നു.
ശേഷം കത്തിച്ച നിലവിളക്കും വാങ്ങി വീടിനുള്ളിലേക്ക് കയറി. അച്ഛന്റെ കാല്‍ തൊട്ടു തൊഴുതു വിളക്ക് പൂജ മുറിയില്‍ വെച്ചു.
ആറു മണിക്ക് റിസപ്ഷന്‍ ആരംഭിച്ചു. ഒന്‍പതര മണി വരെ അതിഥികള്‍ വന്നും പോയും ഇരുന്നു. ഒന്‍പതര കഴിഞ്ഞപ്പോള്‍ പിന്നെ വിവാഹം കൂടാന്‍ വന്ന അടുത്ത ബന്ധുക്കള്‍ മാത്രമായി.
മൂത്ത ചേട്ടത്തി വന്നു പറഞ്ഞു, 'മഞ്ജു, നീ പോയി കുളിച്ചു ഡ്രസ്സ് മാറ്റൂ. നൈറ്റി ആ അലമാരയില്‍ ഉണ്ട്.'
ഞാന്‍ ചേട്ടന്റെ റൂമിലെ അലമാര തുറന്നു, നൈറ്റിയും ബാക്കി വേണ്ടവയും എടുത്തു. കുളി കഴിഞ്ഞു നൈറ്റിയും ഇട്ട് വെളിയില്‍ ഇറങ്ങിയപ്പോള്‍, കണ്ടു നിന്നവരെല്ലാം 'അയ്യോ കഷ്ടം എന്ന മട്ടില്‍' എന്നെ നോക്കുന്നു.
കാരണം കഷ്ടി അഞ്ച് അടി ഉയരവും നാല്‍പത് കിലോഗ്രാം ഭാരവുമുള്ള എനിക്ക് വാങ്ങിയത് XXXL നൈറ്റി ആയിരുന്നു.
ഫാമിലി കോട്ട് ബെഡ് പോലെ ഇവിടെയുള്ളവര്‍ എനിക്ക് വാങ്ങിയത് ഫാമിലി സൈസ് നൈറ്റി ആണല്ലോ ദൈവമേ എന്ന് ചിന്തിച്ചു എനിക്ക് കരച്ചില്‍ വന്നു. എനിക്കും എന്റെ അമ്മയ്ക്കും കൂടി അതിനകത്തു സുഖമായി കഴിഞ്ഞു കൂടാം.
ആ നെറ്റിയുടെ മുപ്പതു ശതമാനം നീളം അധികമായി തറയില്‍ ഇഴയുന്നു. മുണ്ട് മാതിരി മടക്കി കുത്താന്‍ തോന്നിപ്പോയി. പക്ഷേ ചെയ്യാന്‍ കഴിയില്ലല്ലോ...ഭര്‍ത്താവിന്റെ വീട്ടിലെ ആദ്യ ദിവസം ആണല്ലോ.
ഒരു പത്തു മണിയോടെ ഞാന്‍ ഞങ്ങളുടെ മുറിയുടെ നേരെ കാണുന്ന ഹാളില്‍ നില്‍പ് ആരംഭിച്ചു. ചേട്ടന്റെ റൂമില്‍ നിന്നും ഇറങ്ങുന്നത് ഒരു ചെറിയ ഹാളിലേക്ക് ആണ്. ആ ഹാളില്‍ ചേര്‍ന്നു തന്നെ ഒരു ഓപ്പണ്‍ റൂം. അവിടെ ആണ് ചേട്ടന്റെ അച്ഛന്‍ കിടക്കുന്നത്. അച്ഛന്‍ സ്‌ട്രോക്ക് വന്നു പകുതി ശരീരം തളര്‍ന്നു കിടപ്പിലാണ്.
അച്ഛന്‍ കട്ടിലില്‍ ചാരി ഇരിക്കുന്നു. അരികില്‍ ഇട്ട സെറ്റിയിലും വേറെ ഒരു കട്ടിലിലും ആയി അച്ഛന്റെ പെങ്ങന്മാര്‍ ഇരിക്കുന്നു. ഇതാണ് ഞാന്‍ കുളി കഴിഞ്ഞു വരുമ്പോള്‍ കാണുന്ന കാഴ്ച. ഞാനും ചുവരും ചാരി നിന്നു.
അപ്പച്ചിമാര്‍, വല്യമ്മച്ചി, എന്റെ രണ്ടു ചേട്ടത്തിമാര്‍, പിന്നെ വേറെ രണ്ടു സ്ത്രീകള്‍... ഇത്രയും പേര് വലിയ വായില്‍ വിശേഷങ്ങള്‍ പറയുന്നു. ഇടയ്ക്ക് ചേട്ടത്തി, ചായ, കാപ്പി, മിക്‌സ്ചര്‍ ഒക്കെ എത്തിക്കുന്നു.
സമയം ഏതാണ്ട് പതിനൊന്നു മണിയായി. നിന്നു നിന്നു ഞാന്‍ വശം കെട്ടു. ആരും എന്നോട് ഇരിക്കാനോ മറ്റോ പറയുന്നില്ല. ഇടയ്കിടയ്ക്കു, അന്ന് ഉച്ചക്ക് മാത്രം എന്റെ സ്വന്തമായ ഭര്‍ത്താവും അതിലെ പോകുന്നുണ്ട്.
ഞാന്‍ പതിയെ നില്‍പ് ഞങ്ങളുടെ റൂമിന്റെ വാതില്‍ക്കലേക്ക് മാറ്റി. അന്നേരം മൂത്ത ചേട്ടത്തി വന്നു പറഞ്ഞു, 'നീ പോയിക്കിടന്നു ഉറങ്ങൂ മഞ്ജു.'
'ആ ചേച്ചി...'
അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് മടി തോന്നി. ആറ്റു നോറ്റു കഴിച്ച കല്യാണവും ആദ്യ രാത്രിയുമാണ്. അത് അങ്ങനെ അങ്ങ് കളയാന്‍ പാടില്ലല്ലോ.
ചേട്ടത്തി അടുത്ത ട്രിപ്പ് ചായയും കൊണ്ട് മുന്‍ വശത്തു പുരുഷന്‍മാരുടെ അടുത്തേക്ക് പോയപ്പോഴും പറഞ്ഞു, 'നീ പോയി കിടന്നു ഉറങ്ങൂ കൊച്ചേ, അവന്‍ വന്നോളും.'
ഇനിയും നിന്നാല്‍ ചേട്ടത്തി എന്നെപ്പറ്റി എന്തു വിചാരിക്കും എന്നൊരു വൈക്ലബ്യത്തോടെ ഞാന്‍ മുറിക്കുള്ളില്‍ കയറി, കട്ടിലില്‍ ഇരുന്നു.
കട്ടിലില്‍ ചാരി ഇരുന്നു, എനിക്ക് ഉറക്കം വന്നു തുടങ്ങി. പിന്നെയും കുറെ സമയം കഴിഞ്ഞു, കതക് തുറക്കുന്ന ശബ്ദം കേട്ടു. ചേട്ടന്‍ റൂമിലേക്ക് കയറി കതക് കുറ്റിയിട്ടു. ലൈറ്റ് ഓഫ് ചെയ്തു, ബെഡ് ലാമ്പ് ഓണ്‍ ചെയ്തു.
അരണ്ട മഞ്ഞ വെളിച്ചം. ആഹാ, ഒരു റസ്റ്റിക് ലുക്ക് ആയി മുറിക്ക്. ചേട്ടന്‍ എന്റെ അരികിലായ് ഇരുന്നു. എന്നെ നോക്കി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി, ഞാന്‍ മനസ്സില്‍ പറഞ്ഞു.
ബെഡില്‍ വെച്ചിരുന്ന എന്റെ വലതു കൈപ്പത്തിയുടെ അരികിലേക്ക് ചേട്ടന്‍ ഇടതു കൈപ്പത്തി നിരക്കി നിരക്കി വന്നു.
തൊട്ടു... തൊട്ടില്ല...
ടക്..ടക്... കതകില്‍ മുട്ടു കേട്ടു. ചേട്ടന്‍ ചാടി എണീറ്റു കതക് തുറന്നു.
'ഗ്യാസ് തീര്‍ന്നെടാ...ഒന്ന് മാറ്റി വെച്ചു തന്നേ. അപ്പയ്ക്ക് ചൂട് വെള്ളം ഇടാന്‍ നോക്കിയതാ...' മൂത്ത ചേട്ടത്തി വെളിയില്‍ നിന്ന് പറഞ്ഞു.
ചേട്ടന്‍ വേഗം കതക് ചാരി അടുക്കളയിലേക്ക് പോയി. സിലിണ്ടര്‍ മാറ്റി വെച്ച ശേഷം തിരിച്ചു വന്ന് വീണ്ടും കതക് അടച്ചു. ഞാന്‍ സമയം നോക്കി 12.10.
'ഗ്യാസ് തീര്‍ന്നതാ...'
'ആരുടെ?' ചോദിക്കാന്‍ വന്ന ചോദ്യം പെട്ടെന്ന് ഞാന്‍ വിഴുങ്ങി...ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
ചേട്ടന്‍ വീണ്ടും പഴയ സ്ഥാനത്ത് ഇരുന്നു.
'ഓ നേരം ഒത്തിരിയായല്ലേ.'
ഉം...
'സാരമില്ല, വെളുക്കാന്‍ ഇനിയും ഒത്തിരി നേരമുണ്ടല്ലോ.'
പെട്ടെന്ന് പുറത്തു ഒരു ചുമ കേട്ടു. ചേട്ടന്‍ വേഗം വായടച്ചു.
ശേഷം എന്റെ കൈയുമ്മേല്‍ പുള്ളിയുടെ കൈ വെച്ചു.
പുറത്ത് അന്നേരം, അപ്പച്ചി ആദ്യമായി ഒരു രോഗിക്ക് കുത്തിവെയ്പ് എടുത്ത കഥ തുടങ്ങി. കൊല്ലം താലൂക്ക് ആശുപത്രിയില്‍ തുടങ്ങി ചിറയിന്‍കീഴ് ഗവണ്മെന്റ് ആശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നത് വരെയുള്ള മുഴുവന്‍ സാഹസിക കഥകളും അപ്പച്ചി പറഞ്ഞു.
ഈ നേരം ചേട്ടന്‍ എന്റെ കൈയില്‍ എത്ര വിരലുകള്‍ ഉണ്ടെന്നു നൂറ്റി അറുപത്തിയെട്ടാം തവണ എണ്ണി തിട്ടപ്പെടുത്തി, ഇനിയെന്ത് വേണ്ടൂ എന്ന് ആലോചിച്ചു ഇരിപ്പുണ്ട്.
നേഴ്‌സ് അപ്പച്ചിയുടെ കഥയുടെ അവസാനം ഫര്‍മസിസ്റ്റ് അപ്പച്ചി കഥ ഏറ്റെടുത്തു.
പുറത്ത് കഥാകാരിയുടെ ശബ്ദം മാറിയപ്പോള്‍ ചേട്ടന്‍ പതിയെ പറഞ്ഞു, 'അത് പദ്മ അപ്പയാ....'
'എന്തോന്ന് ബ ബ്ബ ബ്ബാ...' എന്റെ വീട്ടില്‍ ആണെന്ന് ഓര്‍ത്ത് ഞാന്‍ പറഞ്ഞ മറുപടി എന്റെ കണ്‍ട്രോളില്‍ നില്‍ക്കാതെ എയറില്‍ ആയി.
ആലോചിച്ചു നോക്കിയേ അകത്തു ഞങ്ങളുടെ ആദ്യരാത്രി. പുറത്ത് കഥപ്രസംഗം പൊടി പൊടിക്കുന്നു.
ഞാന്‍ ചിന്തിച്ചു. ഈ മനുഷ്യര്‍ക്ക് രാത്രി ആയാല്‍ ഉറക്കവും ഇല്ലേ? ഇതുങ്ങള്‍ക്കു പോയിക്കിടന്നു ഉറങ്ങിക്കൂടെ?
'ഹുര്‍... ഹുര്‍...' ഇതിപ്പോ എവിടുന്നാ ശബ്ദം. ഞാന്‍ ചേട്ടനെ നോക്കി.
യ്യോ...എന്റെ ഭര്‍ത്താവ് ഇതാ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു. എന്നാലും കണ്ണില്‍ ചോര ഇല്ലാത്ത ഈ മനുഷ്യന് എങ്ങനെ ഉറങ്ങാന്‍ കഴിഞ്ഞു. അതും പൂവമ്പഴം പോലൊരു പെണ്ണ് അടുത്തിരിക്കുമ്പോള്‍?
കുറച്ചു നേരം ഞാന്‍ ഉറങ്ങുന്ന ചേട്ടനെ നോക്കിയിരുന്നു. നിഷ്‌കളങ്കമായ മുഖം. ടു ട്ടു ലു... ടു ട്ടു ലു... എന്ന് കൊഞ്ചിക്കാന്‍ തോന്നി. അയ്യേ...ചമ്മിയ ചിരിയോടെ ഞാന്‍ തലയണ ചാരി അതിലേക്കു ചാഞ്ഞിരുന്നു. വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് പുറത്തെ കഥാപ്രസംഗത്തിന് ചെവി കൊടുത്തു. പെട്ടെന്ന് തട്ടിന്‍ പുറത്ത് ആരോ നടക്കുന്ന ഒച്ച കേട്ടു.
ഞാന്‍ ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. ഇനി കൂര്‍ക്കം വലിയുടെ എക്കോ ആണോ? അല്ല...ശരിക്കും ആരോ നടക്കുന്നുണ്ട്. എന്റെ തൊണ്ട വരണ്ടു. വിവാഹം നടന്ന വീടാണ്. സ്വര്‍ണം മോഷ്ടിക്കാന്‍ കള്ളന്‍ വന്നു.
വീണ്ടും ശ്രദ്ധിച്ചപ്പോള്‍ തട്ടിലെ തടി ആരോ മാന്തുന്ന പോലെ തോന്നി. കള്ളന്‍ തടിയുടെ പാളികള്‍ ഇളക്കാന്‍ നോക്കുന്നു. പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല, ചേട്ടനെ തട്ടി വിളിച്ചു...
'ചേട്ടാ, തട്ടും പുറത്ത് കള്ളന്‍ കയറി, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു...എഴുന്നേല്‍ക്ക്...'
'കിടന്നു ഉറങ്ങെടീ, അത് മരപ്പട്ടിയാ...' തല തെല്ലുയര്‍ത്തി ഉറക്കപ്പിച്ചോടെ ചേട്ടന്‍ പറഞ്ഞു.
'അയ്യോ, അത് ഇങ്ങോട്ടു ചാടില്ലേ?'
'ഇല്ലന്നേ, ചാടിയാലും അടുക്കളയിലെ ചാടൂ. ഇവിടെ ഒക്കെ മച്ച് അല്ലെ.'
പറഞ്ഞു കഴിഞ്ഞു പുള്ളിക്കാരന്‍ വീണ്ടും കിടന്നു ഉറങ്ങി.
ഞാനും ഉറങ്ങാം എന്ന് വിചാരിച്ചു, അവസാന വട്ടം ക്ലോക്കിലെ സമയം നോക്കി. 4.55. ഓ ഇനി ഇപ്പൊ ഉറങ്ങിയിട്ട് എന്തിനാ. ഞാന്‍ എഴുന്നേറ്റിരുന്നു, മുടി വാരിക്കെട്ടി. അല്‍പ്പം സ്വസ്ഥതക്ക് വേണ്ടി നൈറ്റിയും മടക്കി കുത്തി.
കഴിഞ്ഞു പോയ രാത്രിയെക്കുറിച്ച് ആലോചിച്ചു. എന്റെ ആദ്യരാത്രിയുടെ സംഗ്രഹം ഇനി പറയുന്നതാണ്. എന്റെ അമ്മായി അച്ഛന് നാലു പെങ്ങന്മാര്‍. പദ്മ, രാധമ്മ, അംബിക, രമ. ആദ്യത്തെയാള്‍ നേഴ്‌സ് ആയി കൊല്ലം ആശുപത്രിയില്‍ ജോലി തുടങ്ങി ചിറയിന്‍കീഴ് നിന്നും വിരമിച്ചു, ഭര്‍ത്താവ് അധ്യാപകന്‍, പദ്മ അപ്പ ഫര്‍മസിസ്റ്റ്, ഭര്‍ത്താവ് വക്കീല്‍, അംബിക അപ്പ റിട്ടയേര്‍ഡ് അധ്യാപിക, ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍, രമ അപ്പ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സൂപ്രണ്ട് ആയി വിരമിച്ചു, ഭര്‍ത്താവ് ബാങ്കില്‍ ജോലി ചെയ്തിരുന്നു. പിന്നെ അവരുടെ ബാക്കി കുടുംബ ചരിത്രം മുഴുവന്‍ ഏതു ഉറക്കത്തിലും പറയാന്‍ പറ്റുന്ന വിധം കേട്ടു പഠിച്ചു.
അഞ്ച് മണി കഴിഞ്ഞതോടെ ഞാന്‍ റൂമില്‍ നിന്നും പുറത്തിറങ്ങി. ആ ഹാളില്‍ കണ്ട കാഴ്ച, കുരുക്ഷേത്ര യുദ്ധഭൂമിയിലെ പട കുടിരങ്ങള്‍ക്കിടയിലെ കാഴ്ച പോലെ ആയിരുന്നു. നേര്‍ത്ത ഇരുട്ടില്‍ കാലേത്, തലയേത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ രാത്രിയിലെ കഥാകാരികള്‍ പൂണ്ടു ഉറങ്ങുന്നു!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...