ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഷാഹുല്‍ ഹമീദ് കെ.ടി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
കാട്ടുനായ്ക്കള്‍ എന്നെയുംകൊണ്ട് ഉള്‍ക്കാട്ടിലേക്ക് കുതിക്കുന്നു. കറുത്തവസ്ത്രത്തില്‍ കടിച്ച്, നാലു തടിച്ച നായ്ക്കളാണെന്നെ വലിച്ചിഴച്ചു പായുന്നത്. എന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങിയ കത്തിയില്‍നിന്ന് കുറ്റിച്ചെടികളിലേക്ക് ചീറ്റുന്ന ചോരയിലേക്ക്, പിറകെ വരുന്ന ചില നായ്ക്കളുടെ നാവുകള്‍ നീളുന്നുണ്ട്. പൊടുന്നനെ, കാട്ടുവഴിയിലേക്ക് കൂട്ടഓരിയിടല്‍ ചിതറിയെത്തി. നായ്ക്കള്‍ കിതപ്പോടെ നിന്നു. അവയുടെ നാവില്‍നിന്ന് ഉമിനീര്‍ത്തുള്ളികള്‍ ഇലകളിലേക്കിറ്റിവീണു, കണ്ണുകള്‍ ഇരുട്ടിലേക്ക് തുറിച്ചു. മലഞ്ചരിവിറ ങ്ങിവരുന്ന ചെന്നായ്ക്കളെ കണ്ട് എന്നെ കുറ്റിച്ചെടികള്‍ക്കുള്ളിലേക്ക് മറച്ചുവെച്ചു. ഇരുട്ടില്‍ തിളങ്ങുന്ന ചെന്നായക്കണ്ണുകള്‍ കുറ്റിക്കാട്ടിനുള്ളിലെ എന്റെ ഇറച്ചിയിലേക്ക് പതുങ്ങിവന്നു. ചെന്നായനോട്ടങ്ങള്‍ തടയാനായി കാട്ടുനായ്ക്കളെല്ലാം എനിക്കു മുന്‍പില്‍ നിരന്നുനിന്നു. കടിച്ചുകീറാനായി അവ പാഞ്ഞടുക്കുമ്പോള്‍, കീറിപ്പറിഞ്ഞ എന്റെ കറുത്തവസ്ത്രത്തിനുള്ളില്‍നിന്ന് പച്ചവിസില്‍ മണ്ണിലേക്ക് വീണു.
ഫൈനല്‍ വിസില്‍
അന്നു വിസില്‍വിളികള്‍, മലകള്‍ക്കിടയിലെ ഗ്രാമത്തിലെ, ചെമ്മണ്‍ മൈതാനത്തുനിന്ന് മാറ്റൊലികൊണ്ടു. നീലപ്പടയും കറുമ്പന്‍പടയും തമ്മിലുള്ള ക്വാര്‍ട്ടര്‍ഫൈനല്‍ ആയിരുന്നു. പനംകാലുകളില്‍ കെട്ടിയുണ്ടാക്കിയ ഗാലറികളില്‍ കടുത്ത നിശ്ശബ്ദത പരന്ന നിമിഷങ്ങള്‍. കാറ്റിലുലയുന്ന നീലജേഴ്‌സിയുമായി കോലന്‍മുടിക്കാരന്‍ ഫ്രീകിക്ക് എടുക്കാനെത്തി. കറുപ്പു ജേഴ്‌സിക്കാര്‍ ഗോള്‍പോസ്റ്റിനുമുന്‍പില്‍ നിരന്നുനിന്നു. കോലന്‍മുടിക്കാരന്‍ ഉയര്‍ത്തി അടിച്ച പന്ത് എതിരാളികളുടെ തലക്കുമുകളിലൂടെ വളഞ്ഞിറ ങ്ങി, ഗോളിയുടെ വിരല്‍ത്തുമ്പുകളെ തൊട്ട് ഗോള്‍പോസ്റ്റിനുള്ളിലെ വലക്കണ്ണികളെ ഉലച്ചതോടൊപ്പം ഗാലറികള്‍ ആടിയുലഞ്ഞു. പന്തുമെടുത്ത് കറുമ്പന്‍പടക്കാര്‍ കളിവേഗം തുടങ്ങാനായി പായുമ്പോള്‍, ഞാന്‍ വാച്ചിലേക്ക് നോക്കി. വിസില്‍ ചുണ്ടോടടുപ്പിച്ച്, ഉച്ചത്തില്‍, താളത്തോടെ വിളിച്ചു, ഇരുകൈകളും മൈതാനമദ്ധ്യത്തേക്കു നീട്ടി.
ആ സമയം, നീലഷോള്‍ ധരിച്ച പെണ്‍കുട്ടി എനിക്കരികിലേക്കോടി വരുന്നത് പൊടി പടലങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടില്ല. അരികിലെത്തി, ചുവന്ന ചുണ്ടുകള്‍ വിറപ്പിച്ച് കിതക്കുമ്പോഴാണ് വെള്ളാരംകണ്ണുകളുള്ള പെണ്‍കുട്ടിയെ ഞാന്‍ കാണുന്നത്. ഗാലറികളില്‍ നീലപ്പതാകകള്‍ ഉലയുമ്പോള്‍ അവളെന്നെ അണച്ചുപിടിച്ചു ചുംബിച്ചു. കളിനിയമങ്ങളും കളിലോകവും മാഞ്ഞില്ലാതായി, ഞങ്ങള്‍ നഗ്‌നരായി കാട്ടുപൊയ്കയിലേക്ക് ആഴ്ന്നുപോകുന്ന അഭൗമനിമിഷങ്ങളെന്നെ ചുറ്റിവരിയുമ്പോള്‍ അവള്‍ കരവലയത്തില്‍നിന്ന് കുതറിമാറി ഓടിയത് അറിഞ്ഞതേയില്ല. ഞാന്‍ കണ്‍മിഴിച്ചു നോക്കി. പറക്കുംമുത്തം നല്‍കി, നീലഷോള്‍ കറക്കി അവള്‍ ഗാലറിയിലേക്ക് ഓടിമറയുന്നു! കളിക്കാര്‍ എനിക്ക് കൈതരുമ്പോഴും ലൈന്‍ റഫറിമാര്‍ വിളിക്കുമ്പോഴും നീലപ്പുകകള്‍ക്കുള്ളില്‍ മറയുന്ന പെണ്‍കുട്ടിയെ നോക്കി മൈതാനത്ത് അനക്കമറ്റു നിന്നു.
പകല്‍, വെള്ളാരംകണ്ണുകളെന്നെ വലംവെക്കാന്‍ തുടങ്ങി. രാത്രി, ചുംബനങ്ങള്‍ തുരുതുരെ പെയ്തിറങ്ങി ഉറക്കത്തെ എന്നില്‍നിന്നകറ്റി. രണ്ടു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കളിക്കളത്തിലേക്കിറങ്ങാനായില്ല. പക്ഷേ, കാണിയായി, മൈതാനത്ത് ഞാനെത്തി. അവളെ തിരഞ്ഞുനടന്നു.
അന്ന്, മഞ്ഞപ്പടക്കാര്‍ സെമിഫൈനലിലേക്ക് ജയിച്ചുകയറിയ കളികഴിഞ്ഞ് ഗാലറിയിറങ്ങുമ്പോള്‍ അതേ ചുരുണ്ടമുടിയുള്ള പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. ആള്‍ത്തിരക്കിലൂടെ അവളെ പിന്തുടര്‍ന്ന് അരികിലെത്തി. ചുമലില്‍ പിടിച്ചു. കലങ്ങിയ നീലക്കണ്ണുകളുമായി അവള്‍ തിരിഞ്ഞു.
'എന്തിനാ കരയുന്നേ..?' ഞാന്‍ ചോദിച്ചു
അവള്‍ വസ്ത്രം വലിച്ചുകീറി, അകത്തെ നീല ജേഴ്‌സി കാണിച്ചുതന്നു. ആളുകള്‍ മഞ്ഞപ്പൊടികള്‍ വിതറി ഞങ്ങളെ കടന്നുപോവുന്നു.
'ശരിക്കും അതൊരു പെനാല്‍റ്റി കിക്കായിരുന്നു. റഫറി അനുവദിച്ചില്ല. എങ്കില്‍ കളിമാറി മറിഞ്ഞേനെ. നേരുംനെറിയുമുള്ള നിങ്ങള്‍ റഫറിയായി ഈ കളിക്കിറങ്ങിയിരുന്നെ ങ്കില്‍ മഞ്ഞപ്പട തോറ്റുപോയേനെ. നിങ്ങളെന്താ കളിക്കിറങ്ങാത്തെ..?'
'എല്ലാ സീസണിലും റഫറിയായി ഈ ഗ്രാമത്തിലെത്തുന്ന ഞാന്‍ ഇതാദ്യമായി കളി നിയമങ്ങളെല്ലാം മറന്നുപോയവനായിരിക്കുന്നു...!'
'അപ്പോള്‍, ഇനി നിങ്ങള്‍ റഫറിയാവില്ലേ?'-അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട്, മഞ്ഞച്ചായം മുഖത്തുതേച്ച സ്ത്രീകള്‍ തിരിഞ്ഞുനോക്കി.
'എനിക്കിനിയും റഫറിയായി കളിക്കളത്തിലെത്തണം. അതിനവളെ കണ്ടെത്തണം...!'
'ആരെ...?'
'വെള്ളാരംകണ്ണുള്ള പെണ്‍കുട്ടിയെ...' അവളെക്കുറിച്ച് ഞാനാ പെണ്‍കുട്ടിയോട് പറഞ്ഞു. അവളുടെ രൂപം മണ്ണില്‍ വരച്ചു. മരത്തില്‍ മഞ്ഞപ്പട്ടങ്ങള്‍ കെട്ടുന്ന കുട്ടികള്‍ ഞാന്‍ വരക്കുന്നത് നോക്കി. അവള്‍ വെള്ളാരം കണ്ണുള്ള പെണ്‍കുട്ടിയുടെ രൂപം നോക്കി മരച്ചോട്ടില്‍ എനിക്കരികിലിരുന്നു.
സന്ധ്യപരക്കും മുമ്പുതന്നെ ആ പെണ്‍കുട്ടി പറഞ്ഞ വഴിയിലൂടെ ഞാന്‍ കുതിരവണ്ടിയില്‍ പോയി. മലയുടെ അടിവാരത്തുകൂടെ കുതിരവണ്ടിക്കാരന്‍ കുതിരയെ പായിച്ചു. കാട്ടുവഴികള്‍ പിന്നിട്ടുകൊണ്ടിരുന്നു. ഇരുവശത്തും വീടുകള്‍നിറഞ്ഞ സ്ഥലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വഴിയെപ്പറ്റി ചോദിച്ചു. സ്ഥലം അടുക്കാറായെന്ന് കുതിരക്കാരന്‍ മറുപടി തന്നു. അരുവിയുടെ ശബ്ദങ്ങള്‍ അരികിലേക്ക് വരുന്നുണ്ടായിരുന്നു.
അരുവിയുടെ അരികിലെ വീടുകള്‍ക്കിടയിലെ മഞ്ഞച്ചായംതേച്ച വീടിനരികില്‍ കുതിരക്കാരന്‍ വണ്ടി നിര്‍ത്തി. കുട്ടികള്‍, മഞ്ഞ ബലൂണ്‍പറത്തി വീട്ടുമുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ചായംതേച്ച വലിയ മണ്‍കലങ്ങളില്‍ ചിത്രംവരക്കുന്ന വൃദ്ധനരികിലേക്ക് നടന്നു. മഞ്ഞപ്പടയിലെ ഫുട്‌ബോള്‍കളിക്കാരന്റെ ചിത്രമാണ് അയാള്‍ വരക്കുന്നത്. ഞാനയാളുടെ പിറകില്‍നിന്ന് മുരടനക്കി. അയാള്‍ പിന്തിരിഞ്ഞതോടൊപ്പം എനിക്കു പിറകില്‍നിന്ന് മറ്റൊരു ശബ്ദവുമുയര്‍ന്നു. ഞാന്‍ പിറകോട്ട് തിരിഞ്ഞു. വെള്ളാരംകണ്ണു കള്‍ എനിക്കു പിറകില്‍ തിളങ്ങി..!
'നിങ്ങള്‍ക്ക് കുടിക്കാന്‍ ചൂടുള്ള കാപ്പി എടുത്തോട്ടെ..?' വൃദ്ധന്‍ ചോദിച്ചു. ഞാന്‍ തിരിഞ്ഞു നോക്കി.
'ആവാം..'
വൃദ്ധന്‍ പെണ്‍കുട്ടിയോട് കാപ്പി കൊണ്ടുവരാന്‍ പറഞ്ഞു. അവളകത്തേക്ക് പോയി.
'കളികഴിഞ്ഞ് ഞാനിപ്പൊ വന്നതേയുള്ളൂ. ഇന്നത്തെ ഞങ്ങളുടെ വിജയം ആധികാരികമായിരുന്നു.'
'അതെ..അതെ.'
'നിങ്ങളെല്ലാ സീസണിലും ഇവിടേക്ക് റഫറിയായി വരുന്നുണ്ടല്ലേ...?'
'ഉണ്ട്..'- ഞാന്‍ ചിരിച്ചു.
'വീട്...?'
'കിഴക്കന്‍ മലയുടെ അടിവാരത്താണ്.'
'നിങ്ങളിപ്പോള്‍ ഇങ്ങോട്ടു വന്നത്...?' വൃദ്ധന്‍ ചോദിച്ചു.
'കഴിഞ്ഞ ഫുട്‌ബോള്‍ സീസണിലാണ് ഭാര്യ ന്യുമോണിയ വന്നു മരിക്കുന്നത്. സെമി ഫൈനലിനുമുന്‍പ് ഞാന്‍ നാട്ടിലേക്കുമടങ്ങി. കുറേ കൃഷിസ്ഥലങ്ങളും നല്ലൊരു വീടുമുണ്ടെനിക്ക്...' പെണ്‍കുട്ടി കാപ്പിയുമായി വന്നു. വെള്ളാരംകണ്ണുകളിലേക്കു നോക്കി ഞാന്‍ കാപ്പി വാങ്ങി.
വൃദ്ധന്‍ വീട്ടുമുറ്റത്തെ കുട്ടികളെ അകത്തേക്ക് കൊണ്ടുപോവുന്നതിനിടയില്‍ പെണ്‍കുട്ടിയേയും വിളിച്ചു. അവള്‍ വീട്ടിലേക്കു നടക്കുമ്പോള്‍, എന്നെ തിരിഞ്ഞുനോക്കി.
'വന്ന കാര്യം നിങ്ങള്‍ പറഞ്ഞില്ല..'
'കളി അവസാനിക്കാന്‍ പോവുകയാണല്ലോ. ഇനി ഒരു ക്വാര്‍ട്ടര്‍ഫൈനലും രണ്ട് സെമിയും മാത്രം.'
'അതെ.. ഫൈനലില്‍ മഞ്ഞപ്പട കപ്പുയര്‍ത്തും..!'
'അവര്‍ അത്രക്കും ശക്തരാണ്. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍...'
'നേരമിരുട്ടുന്നു. നിങ്ങള്‍ വന്നത്..?'
'നാട്ടിലേക്ക് മടങ്ങുമ്പോള്‍ താങ്കള്‍ ചിത്രപ്പണിചെയ്ത മണ്‍കലങ്ങള്‍ വാങ്ങിക്കൊണ്ടുപോകണമെന്നുണ്ടായിരുന്നു. നേരം ഇരുട്ടിയതിനാല്‍ നാളെ... '
'നാളെ നിങ്ങളെന്റെ കടയിലേക്ക് വന്നാല്‍ മതി. ഫുട്‌ബോള്‍ മൈതാനത്തിന്റെ പടിഞ്ഞാറേ ഭാഗത്താണെന്റെ കട.'
'വരാം..' ഞാന്‍ യാത്രപറഞ്ഞ് നടന്നുനീങ്ങി.
കുതിരവണ്ടിയില്‍ കയറുമ്പോഴും വീട്ടിലേക്കു നോക്കി. ആരേയും കണ്ടില്ല.വൃദ്ധ അരുവിക്കരയില്‍നിന്ന് കുട്ടികളെ കുളിപ്പിക്കുകയാണ്. ചൂളംവിളി കേട്ട് ഞാന്‍ വണ്ടിക്കുള്ളില്‍നിന്ന് തല പുറത്തേക്കിട്ടു. അയല്‍വീട്ടില്‍നിന്ന് രണ്ടു ടര്‍ക്കിക്കോഴികളെയും പിടിച്ചു നടന്നുപോകുന്ന വെള്ളാരംകണ്ണുള്ള പെണ്‍കുട്ടി കൈവീശി.
ഞാനും കൈവീശി. കുതിര വേഗത്തില്‍ പാഞ്ഞു.
പിറ്റേന്ന് സായാഹ്നത്തില്‍ ഞാന്‍ വൃദ്ധന്റെ കടയിലെത്തി. രണ്ടുമൂന്നുപേര്‍ മണ്‍പാത്രങ്ങള്‍ വാങ്ങാന്‍ വന്നിരുന്നു. അവര്‍ പോയയുടനെ അകത്തേക്ക് കയറി. എനിക്ക് വേണ്ട കളിമണ്‍പാത്രങ്ങള്‍ നോക്കിയെടുക്കാന്‍ അയാളെന്നോട് പറഞ്ഞു. കുടുസുമുറിയിലെ കളിമണ്‍ ശില്‍പ്പത്തിനരികിലേക്ക് നടന്നു. വൃദ്ധന്‍ പിറകെ വന്നു. കാല്‍പ്പന്തുകളിക്കാരന്റെ ശില്പമായിരുന്നു, അത്. കളിക്കാരന്റെ കാല്‍ച്ചുവട്ടിലെ പന്തിനെ പിടിച്ച് ഞാനയാളെ നോക്കി. മണ്‍മണമുള്ള മുറിയില്‍വെച്ച് അയാളുടെ കൈപിടിച്ച് കാര്യങ്ങളെ ല്ലാം പറഞ്ഞു. വൃദ്ധന്‍, നാളെ വിവരം തരാമെന്നു പറഞ്ഞു.
അന്ന്, അവസാന ക്വാര്‍ട്ടര്‍ഫൈനലായിരുന്നു. വൈകുന്നേരം അയാളുടെ കടക്കുമുന്‍പലെത്തി.
കടപൂട്ടുകയായിരുന്നു വൃദ്ധന്‍. മഞ്ഞക്കൊടിയുമായി മൈതനത്തേക്കുള്ള വഴിയിലൂടെ നീങ്ങുമ്പോള്‍, ഞാനും പിറകെകൂടി. ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാതെ വൃദ്ധനെന്തൊ ആലോചിച്ച് നടന്നു. ടിക്കറ്റെടുത്ത് ഞാനുമയാളും അകത്തേക്ക് കയറി. ഗാലറിക്കവാടത്തിനുള്ളിലൂടെ നീങ്ങുമ്പോള്‍ ഗാലറിക്കടിയിലെ പനംകാലുകള്‍ക്കിടയിലേക്ക് വൃദ്ധനെന്നെ വലിച്ചുകൊണ്ടുപോയി. മഞ്ഞക്കൊടി എന്റെ നെഞ്ചത്തേക്ക് ചേര്‍ത്തുവെച്ച് അയാള്‍ പറയുന്നതെല്ലാം ഞാന്‍ മൂളിക്കേട്ടു.
ചെന്നായ്ക്കളെല്ലാംചേര്‍ന്ന് കുറ്റിക്കാട്ടില്‍നിന്നെന്നെ കടിച്ചെടുത്തു. കാട്ടുനായ്ക്കള്‍ അരുവികടന്ന് അടിക്കാടുകള്‍ക്കുള്ളില്‍ മറയുന്നു. ചെന്നായകളെന്നേയും വലിച്ചുനീങ്ങാന്‍ തുടങ്ങി. അവയുടെ പല്ലുകള്‍ ശരീരത്തിലേക്കാണ്ടിറങ്ങി, കടുത്തവേദന പടര്‍ത്തുന്നു. ഒരു ചെന്നായ എന്റെ കറുത്തവസ്ത്രത്തിന് വലതുകീശയിലാണ് കടിച്ചിരിക്കുന്നത്. പെട്ടെന്നത് മുഖംകുടഞ്ഞപ്പോള്‍ കീശയിലെ മഞ്ഞക്കാര്‍ഡ് കാട്ടുപ്പൊന്തയിലേക്ക് തെറിക്കുന്നത് ഞാന്‍ കണ്ടു.
മഞ്ഞക്കാര്‍ഡ്
പച്ചക്കൊടികള്‍ ആടിയുലയുന്ന ഗാലറികള്‍. മഞ്ഞപ്പടക്കാരുടെ മുഖങ്ങളില്‍ നിരാശ പടര്‍ത്തുന്ന നിമിഷങ്ങള്‍. മഞ്ഞക്കാര്‍ ഒരു ഗോളിന് പിറകില്‍നില്‍ക്കുമ്പോഴാണ്, രണ്ടാം പകുതിയില്‍, പെനാല്‍റ്റി ബോക്‌സിലേക്ക് മുന്നേറുന്ന മഞ്ഞപ്പടക്കാരന്‍ പന്തുതടഞ്ഞു വീഴുന്നത്. അയാള്‍ക്ക് പിറകെ പാഞ്ഞിരുന്ന പച്ചപ്പടക്കാരന്റെ മുന്‍പിലേക്കോടിയെത്തിയ ഞാന്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. പച്ചപ്പടക്കാര്‍ എന്നെ വളയുമ്പോള്‍, വിസില്‍ അടിച്ച്, ഇരുകൈകളും വീശി ഞാനവരോട് മാറിനില്‍ക്കാന്‍ പറഞ്ഞു. പന്തുമായി ഞാന്‍ ഗോള്‍മുഖത്തിനു മുന്‍പിലേക്ക് നടന്നു. ഫ്രീകിക്കിലൂടെ മഞ്ഞക്കാര്‍ സമനില പിടിച്ചു
പച്ചപ്പട ആക്രമണങ്ങള്‍ കടുപ്പിച്ചു. മഞ്ഞപ്പടയുടെ പ്രതിരോധങ്ങളില്‍ വിള്ളലുകള്‍ വീണുകൊണ്ടിരുന്നു. കളിക്കാര്‍ക്കു മുകളിലൂടെവന്ന പന്ത് മുന്നേറ്റനിരയിലെ പച്ചക്കാരന്റെ കാലുകളിലേക്ക് കൃത്യമായി വീണു. അയാള്‍ പന്തുമായി കുതിക്കുമ്പോള്‍, ഗോളിമാത്രം നിസ്സഹായനായിനില്‍ക്കുന്ന നിമിഷത്തിലേക്ക് ഞാനുച്ചത്തില്‍ വിസില്‍ മുഴക്കി, ലൈന്‍ റഫറിയോട് കൊടിപൊക്കാന്‍ കണ്ണാംഗ്യം കാണിച്ചു. ഓഫ്‌സൈഡ് വിധിച്ച്, ഞാനാ മുന്നേറ്റത്തിന് തടയിടുമ്പോള്‍ ഗാലറിയില്‍നിന്ന് കാണികള്‍ മരക്കഷണങ്ങളും കുപ്പികളും മൈതാനത്തേക്കെറിഞ്ഞു.
കോര്‍ണര്‍കിക്കിലൂടെ ഉയര്‍ന്നുവന്ന പന്തിലേക്ക് ചാടിയ മഞ്ഞപ്പടക്കാരന്റെ കഴുത്തിനരികിലെ പന്ത് ഗോളി കുത്തിയകറ്റിയപ്പോള്‍, മഞ്ഞക്കാരന്‍ നിലത്തുവീണുപിടഞ്ഞു. ആനിമിഷം ഞാന്‍ വിസില്‍മുഴക്കി, പെനാല്‍ട്ടി സ്‌പോട്ടിലേക്ക് കൈനീട്ടി. ഗാലറിയില്‍, മഞ്ഞക്കാരുടേയും പച്ചക്കാരുടേയും വാക്ത്തര്‍ക്കങ്ങളുയരുമ്പോള്‍ പെനാല്‍റ്റികിക്ക് പോയന്റില്‍ ഞാന്‍ പന്തുവെച്ചു.അതും മഞ്ഞപ്പടക്കാര്‍ ഗോള്‍വലക്കുള്ളിലേക്കാക്കി. ഉടനെ വലക്കണ്ണികളില്‍നിന്ന് വെള്ളാരംകണ്ണുകള്‍ എനിക്കരികിലേക്ക് പറന്നുവന്നു വലംവെച്ചു.
പാറപ്പൊത്തുകളില്‍നിന്ന് മോങ്ങലുകള്‍ക്കൊപ്പം ചുവന്ന കണ്ണുകള്‍ തിളങ്ങുന്നു. എന്നെയുംവലിച്ച് ചെന്നായക്കൂട്ടം പാറമുകളിലേക്ക് നീങ്ങുകയാണ്. മങ്ങുന്ന കാഴ്ചയില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ മിന്നുന്നത് ഞാന്‍ കണ്ടു. വസ്ത്രങ്ങളെല്ലാം ശരീരത്തില്‍നിന്ന് ഊര്‍ന്നുപോയിരിക്കുന്നു. പാറപ്പരപ്പിലേക്ക് വലിച്ചിട്ട എന്റെ ചോരയൊഴുകുന്ന ശരീരത്തിനുചുറ്റും വട്ടമണഞ്ഞ് അവ തലയുയര്‍ത്തി ഓരിയിട്ടു. തടിച്ച ചെന്നായ കല്‍പ്പൊത്തിനുള്ളില്‍നിന്ന് എനിക്കരികിലേക്ക് ചാടി. അതെന്റെ കഴുത്തില്‍ ആഞ്ഞുകടിച്ചു, ചോ ര മുകളിലേക്ക് ചീറ്റി.
ചുമന്ന കാര്‍ഡ്
ചെമ്മണ്‍മൈതാനത്ത് ഫൈനല്‍ മത്സരത്തിന്റെ പിരിമുറുക്കങ്ങളുമായി ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നു. നീലനിറങ്ങളിലും മഞ്ഞനിറങ്ങളിലും മുങ്ങിയമര്‍ന്ന കാണികള്‍ പലതരം വാദ്യോപകരണങ്ങളില്‍നിന്ന് സംഗീതം മുഴക്കുമ്പോള്‍ എന്റെ ഉന്നം നീലപ്പടയിലെ കോലന്‍മുടിക്കാരനിലായിരുന്നു. പലപ്പോഴുമയാള്‍ മഞ്ഞപ്പടക്കാരുടെ കണ്ണുവെട്ടിച്ച് മുന്നേറുന്നത് എന്റെ നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. ഒരുതവണ, കോലന്‍മുടിക്കാരനായി വന്ന ഗ്രൗണ്ട് പാസ്, ഓട്ടത്തിനിടയില്‍ ഞാന്‍ അറിയാത്ത ഭാവത്തില്‍ തട്ടിയകറ്റി പ്രതിരോധപ്പഴുതിലൂടെ നീങ്ങാനുള്ള അയാളുടെ അവസരം ഇല്ലാതാക്കി. പെനാല്‍റ്റിബോക്്‌സില്‍വെച്ച് നീലപ്പടക്കാരന്‍ ഫൗള്‍ ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ഉരുണ്ടുപോവുന്ന പന്തിനു പിറകെപാഞ്ഞ്, നീലക്കാര്‍ക്കായി ത്രോബോള്‍ അനുവദിച്ചു. നീലപ്പടക്കാരെല്ലാം എനിക്ക് നേരെ കൈയുയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ത്രോ ചെയ്യാന്‍ ആംഗ്യംകാണിച്ച് ഞാന്‍ കണ്ണുരുട്ടി.
രണ്ടാംപകുതിയില്‍, പെനാല്‍റ്റി ആര്‍ക്കില്‍വെച്ച് മഞ്ഞപ്പടയുടെ സെന്റര്‍ ഡിഫന്‍ഡറുടെ കാലില്‍നിന്ന് അടര്‍ത്തിയെടുത്ത പന്തുമായി കോലന്‍മുടിക്കാരന്‍ കുതിക്കുമ്പോള്‍, ഡിഫന്‍ഡര്‍ വെട്ടിത്തിരിഞ്ഞ്, അയാളുടെ കാലുകള്‍ക്കിടയിലേക്ക് വലതുകാല്‍നീട്ടി മറിഞ്ഞുവീണു, അതും ചാടിക്കടന്ന് കോലന്‍മുടിക്കാരന്‍ നീങ്ങുമ്പോള്‍ ഞാന്‍ വിസില്‍ മുഴക്കി. നീലപ്പടക്കാര്‍ എനിക്കു നേരെ പാഞ്ഞടുത്തു. ഞാന്‍ വീണുകിടക്കുന്ന മഞ്ഞപ്പടയുടെ ഡിഫന്‍ഡര്‍ക്കുനേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. കോലന്‍മുടിക്കാരന്‍ എനിക്കു നേരെ മുഷ്ടിചുരുട്ടി എത്തിയപ്പോള്‍ ഞാനയാളെ കൂടുതല്‍ പ്രകോപിപ്പിക്കാനായി ചുണ്ടുകള്‍കൊണ്ട് അസഭ്യം കാണിച്ചു. അയാളെന്റെ മുഖത്തടിച്ചു .ഉടനെ ചുവപ്പുകാര്‍ഡുയര്‍ത്തി ഞാന്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു.
നീലപ്പടക്കേറ്റ കടുത്ത പ്രഹരമായിരുന്നു, അത്. കോലന്‍മുടിക്കാരന്റെ അഭാവം മുന്നേറ്റങ്ങളെ തകര്‍ത്തുകളഞ്ഞു. മഞ്ഞപ്പട നിരന്തരം അവരുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തുന്നത് എന്നെ ആനന്ദിപ്പിച്ചു. കളിയവസാനിക്കാന്‍ അഞ്ചുമിനിറ്റുള്ളപ്പോള്‍ വലതു മൂലയില്‍നിന്നുയര്‍ന്നുവന്ന ക്രോസ്‌ബോളിലേക്ക് പറന്നുയരുന്ന മഞ്ഞപ്പടക്കാരന്‍ തലക്കുമറവില്‍നിന്ന് കൈകൊണ്ടുകുത്തി പന്ത് വലക്കുള്ളിലേക്ക് ആക്കിയപ്പോള്‍ ഞാനുച്ചത്തില്‍ വിസിലടിച്ച്, മൈതാനമദ്ധ്യത്തിലേക്ക് ഇരുകൈകളും നീട്ടി.
ആ സമയം ആ കാശത്തുനിന്ന് വെള്ളാരംകണ്ണുകള്‍ ചെമ്മണ്‍മൈതാനത്തേക്ക് പൊഴിഞ്ഞുവീഴുന്നത് ഞാന്‍ കണ്ടു...!
രണ്ടുദിവസം പുറത്തിറങ്ങാനായില്ല. ഗ്രാമത്തിന്റെ പലഭാഗത്തും നീലപ്പടയുടെ ആരാധകരും മഞ്ഞപ്പടയുടെ ആരാധകരും ഏറ്റുമുട്ടി. ടൂര്‍ണമെന്റ് കമ്മിറ്റിക്കാര്‍ റഫറിമാര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. നാലുദിവസം കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഗ്രാമം വിടാനുള്ള വണ്ടികളും അവര്‍ തയ്യാറാക്കിയിരുന്നു. ഞാന്‍ വൃദ്ധനെ ഫോണില്‍ വിളിച്ചു .കടയിലേക്ക് വരാന്‍ അയാള്‍ പറഞ്ഞു.
മൂന്നാംനാള്‍ സന്ധ്യക്ക് ഞാന്‍ പുറത്തിറങ്ങാന്‍ തീരുമാനിച്ചു. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ കറുത്ത വസ്ത്രങ്ങളും കറുത്ത തൊപ്പിയും അണിഞ്ഞു. കളിമണ്‍ ശില്പങ്ങള്‍ വില്‍ക്കുന്ന കടയിലെത്തി. അവിടെ മറ്റൊരാള്‍ ആയിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ മൈതാനത്തിനു പടിഞ്ഞാറുള്ള മലയടിവാരത്തുണ്ടെന്നു വൃദ്ധന്‍ പറഞ്ഞു.
അയാള്‍ പറഞ്ഞ സ്ഥലത്ത് രാത്രിയോടെ ഞാനെത്തി. അരുവിക്കരയില്‍നിന്ന് വെളിച്ചം വരുന്നത് കണ്ട് വള്ളികള്‍ ഉലയുന്ന വഴിയിലൂടെ അങ്ങോട്ട് നടന്നു. വൃദ്ധന്‍ കളിമണ്ണ് കാളവണ്ടിയിലേക്ക് കയറ്റുകയാണ്. വണ്ടിയില്‍ കെട്ടിവെച്ച പെട്രോമാക്‌സ് വെളിച്ചത്തില്‍ അയാളെന്നെ കണ്ടു. ചാക്ക് ഏറ്റിവരുന്ന അയാള്‍, മണ്ണ് വണ്ടിയിലേക്ക് ചൊരിഞ്ഞ് കിതപ്പോടെയെന്നെ നോക്കി. കാട്ടിലെന്തോ ഇളകുന്ന ശബ്ദങ്ങള്‍ ഞങ്ങള്‍ കേട്ടു.
'നിങ്ങളാഗ്രഹിച്ചപോലെ മഞ്ഞപ്പടയെ ഞാന്‍ വിജയത്തിലേക്കെത്തിച്ചു. ഇനി..'
'ചെളിമണ്ണില്‍നിന്ന് പലതും സൃഷ്ടിക്കുന്ന ഞാനൊരു വാക്ക് തന്നിട്ടുണ്ടെങ്കില്‍ നടത്തിയിരിക്കും. എന്റെ മകള്‍ ഇനി നിനക്കുള്ളതാണ്. ബന്ധുക്കളുമായി നിനക്കെപ്പോഴുമെന്റെ വീട്ടിലേക്ക് വരാം.' അയാളുടെ നനവാര്‍ന്ന വിരലുകളില്‍ പിടിച്ച് ഞാന്‍ നെഞ്ചോടു ചേര്‍ത്തു. മരങ്ങള്‍ക്കുമുകളില്‍നിന്നെന്തോ ഒച്ചകേട്ട ഞങ്ങള്‍ മുകളിലേക്ക് നോക്കി. അയാളെന്റെ ശിരസ്സില്‍ തലോടി വണ്ടിയിലേക്ക് കയറി, കാളകളെ തെളിച്ചു. അവയുടെ മണിയൊച്ചകള്‍ കാട്ടിനുള്ളിലേക്ക് അകന്നകന്നുപോകുന്നു.
ഞാന്‍ കാട്ടരുവിയിലേക്ക് നടന്നു. ജലത്തിലെ, ചാഞ്ഞ ചില്ലകളുടെയും ചന്ദ്രന്റെയും പ്ര തിബിംബത്തിന് അരികിലിരുന്നു. മീനുകള്‍ കാല്‍വിരലുകളില്‍ കൊത്താനെത്തി. വെള്ളം കോരിയെടുത്തു മുഖംകഴുകി. കാട്ടുവഴിയിലൂടെ തിരിച്ചുനടന്നു. പടര്‍ന്നുപന്തലിച്ച മരങ്ങള്‍ക്കുളളിലൂടെ നീങ്ങുമ്പോള്‍, വള്ളിയില്‍ ആടിവന്ന ആരോ എന്റെ കഴുത്തിനു വെട്ടി. ചോരചീറ്റി പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍, വീണ്ടും വന്ന് കത്തി നെഞ്ചിലേക്ക് കുത്തിയിറക്കി. അടിക്കാട്ടിലേക്ക് മറിഞ്ഞുവീണ് ഞാനലറുമ്പോള്‍, ഉലയുന്ന കാട്ടുവള്ളി കള്‍ക്കിടയില്‍നില്‍ക്കുന്ന ആ രൂപത്തെ ഇലകള്‍ക്കിടയിലൂടെ നോക്കി.
നീലവസ്ത്രമണിഞ്ഞ അത്, മുഖത്തെ തുണിച്ചുറ്റുകള്‍ അഴിച്ചുമാറ്റുമ്പോള്‍ രണ്ടു വെള്ളാരംകണ്ണു കളുടെ തിളക്കങ്ങള്‍ എന്നെ തേടി വന്നു...!
കാട്ടുവഴിയിലൂടെയെന്തോ കൂട്ടമായി ഓടിവരുന്ന ശബ്ദംകേള്‍ക്കുന്നുണ്ട്..!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...