Malayalam Short Story: അടിവസ്ത്ര പുരാണം, ഷഫ്‌ന മാജിദ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jul 20, 2022, 4:42 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷഫ്‌ന മാജിദ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Latest Videos

 

മുറ്റത്തെ അയയില്‍ മുന്‍പന്തിയില്‍തന്നെ തൂങ്ങിയാടുന്ന പുരുഷകേസരികളുടെ അന്തരാവരണങ്ങള്‍ പുറകില്‍ കിടക്കുന്ന തരുണീമണികളുടെ ഉള്ളാടകളെ എത്തിനോക്കി ചൂളമടിച്ചു.

'ഹും... അവര്‍ പതിവ് കലാപരിപാടികള്‍ തുടങ്ങി'- വര്‍ണശബളമായ സ്തനകഞ്ചുകങ്ങളിലെ ഒരുവള്‍ അരിശത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.

'അവന്മാരുടെ സൂക്കേട് ഞാന്‍ ഇന്നത്തോടെ തീര്‍ക്കും'- കൂട്ടത്തില്‍ തല മൂത്ത് നരച്ച ഒരു അടിപ്പാവാട പല്ലിറുമ്മി പിറുപിറുത്തു.

ചൂളമടിച്ചു മടുത്തപ്പോള്‍ വിരുതന്മാര്‍ കൂകിവിളിക്കാന്‍ തുടങ്ങി.

'ഇന്നെന്താ കലപില കലപിലയൊന്നും കേള്‍ക്കാനില്ലല്ലോ! യജമാനത്തികള്‍ ഒക്കേത്തിന്റെയും വാ അടപ്പിച്ചുകാണും.'- അവര്‍ ഉറക്കെയുറക്കെ ചിരിച്ചു. പരിഹാസവാക്കുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു.

'ഇവിടെന്താ ഇങ്ങനെ?' കഞ്ചുകങ്ങളില്‍ പുതുതായി വന്ന റോസ് നിറത്തിലുള്ള സുന്ദരി നീരസപ്പെട്ട് കാര്യം തിരക്കി.

'അഹങ്കാരികളാ മോളേ.. നീ അതൊന്നും ശ്രദ്ധിക്കാന്‍ പോകണ്ട'- അവളേക്കാള്‍ പ്രായക്കൂടുതലുള്ള ചാരനിറ അയല്‍ക്കാരി അവളെ ഉപദേശിച്ചു.

പകല്‍ മധ്യത്തോടടുത്തു. വെയില്‍ മൂത്തു തുടങ്ങി. അയയില്‍ അരങ്ങേറിയ വസ്ത്രങ്ങള്‍ അകം കായാനായി തയ്യാറെടുത്തു.

'ഇവളുമാര്‍ക്കിതെന്തു പറ്റി! അല്ലെങ്കില്‍ സ്ത്രീ സ്ത്രീശാക്തീകരണവും പൊക്കിപിടിച്ച് വരുന്നതാണല്ലോ...'- ഓട്ടകളാല്‍ സമൃദ്ധനായ ഇന്നര്‍ ബനിയന്‍ അത്ഭുതപ്പെട്ടു.

'ഓഹ്.. നിത്യവും നവോത്ഥാനം ഘോരഘോരം പ്രസങ്ങിച്ച് ഒച്ചയടഞ്ഞുകാണും.'- കരിമ്പന്‍ ബോക്‌സര്‍ പരിഹാസ ചുവയോടെ പറഞ്ഞു.

'അവളുമാരിങ്ങനെ വാ പൂട്ടി കിടക്കുന്നത് കാണാനുമുണ്ടൊരു ചന്തം'- കൂട്ടത്തിലെ ലമ്പടന് നയന സുഖം!

'എന്ത് ചന്തം? അപ്‌സരസ്സുകളാണെന്നാ ഭാവം!'- ശഡ്ഡിക്കുട്ടന്റെ തീവ്ര പുച്ഛം.

ചൂടിന് കാഠിന്യമേറി. കൂക്കുവിളിയും ചൂളമടിയും ഒന്നുകൂടി ഉച്ചത്തിലായി.

'നീയൊക്കെ ഉള്ളില്‍കിടന്നൊന്ന് എത്തിനോക്കിയാ നിങ്ങടെ യജമാനത്തികള്‍ വെപ്രാളപ്പെട്ട് വലിച്ചുകേറ്റും. അവര്‍ക്കത് മാനക്കേടാണേ.. എന്നാ ഞങ്ങടെ കാര്യം അങ്ങനല്ല. ഞങ്ങളെ ലേശം വെളിയില്‍ കാണിക്കുന്നതൊക്കെ ഞങ്ങടെ ഉടമകള്‍ക്കൊരു അന്തസാ.. അന്തസ്സ്. ഹു ഹു ഹൂ..'-വരത്തനാണെങ്കിലും മലയാളം നല്ലപോലെ വശമുള്ള ട്രങ്ക്‌സണ്ണന്‍ ഊറി ചിരിച്ച് കൂകിവിളിച്ചു.

ക്ഷമയുടെ നെല്ലിപലക കാണാന്‍ തുടങ്ങിയതും മൗനം പാലിച്ച് ദൂരെ മാറി കിടന്നിരുന്ന മദാലസ റാണിമാര്‍ സട കുടഞ്ഞെഴുന്നേറ്റ് അങ്കത്തിന് തയ്യാറായി നിന്നു. 

'അതേയ് കുറേ നേരമായല്ലോ... പോട്ടേ പോട്ടേന്ന് വെക്കുമ്പൊ തലേല്‍ കേറി നെരങ്ങുന്നോ?'- ശുണ്്ഠിക്കാരി അടിപ്പാവാട കലിതുള്ളി.

'നെരങ്ങിയാല്‍?' ലമ്പടന്റെ മറുചോദ്യം.

'നീയൊക്കെ വിവരമറിയും'- കച്ചകളില്‍ ഇളയവള്‍ മറുപടി കൊടുത്തു.

'ഹ ഹ ഹ വിവരമറിയും പോലും! നേരാംവണ്ണം വെളിച്ചം പോലും കണ്ടിട്ടില്ലാത്ത നീയൊക്കെ എന്തറിയിക്കാനാടീ?'

അല്‍പം പതറിപോയെങ്കിലും അവള്‍ വിട്ടുകൊടുത്തില്ല. 'വെളിച്ചം ആവശ്യത്തിന് ഞങ്ങളുടെ തലക്കകത്തുണ്ട്. അത് മതി'

'ഉണ്ടുണ്ടേയ്.. അതുകൊണ്ടാണല്ലോ എന്നും ഇങ്ങനെ പിന്നാമ്പുറത്ത് വന്ന് കിടക്കുന്നത്'- നീലത്തില്‍ മുങ്ങിയ വെള്ള അടിക്കച്ചകാര്‍ന്നോര് പരിഹാസ ചുവയോടെ പറഞ്ഞു.

നാരിസംഘം വീണ്ടും നിശബ്ദമായി. 

'ഹെയ് കമോണ്‍.. ഫൈറ്റ്.. ആര്‍ഗ്യൂ..' കൂട്ടത്തില്‍ വരുത്തനായ മെറൂണ്‍ ബ്രീഫ്‌സായിപ് അവരെ വെല്ലുവിളിച്ചു.

'എന്താ നാക്കിറങ്ങി പോയോ?' ശഡ്ഡിക്കുട്ടന്‍ പ്രകോപിപ്പിച്ചു.

'നീ പോടാ വഷളാ'- ഷിമ്മിപെണ്ണ് അവനെ അടപടലം ആട്ടി.

പെണ്‍പട അരിശംകൊണ്ടു.

'നമ്മളിങ്ങനെ താഴ്ന്നു കൊടുക്കുന്നതുകൊണ്ടാണ് ഇവന്മാര്‍ക്കിത്ര അഹങ്കാരം' 

'വന്നു വന്ന് കണ്ട വരത്തന്മാര്‍ പോലും നമ്മളെ പോരിന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.'

'ഹും.. അവനുമായി ഞാനിന്നലെ രാത്രി ഒന്നുരസിയതാ.. അപ്പൊഴേക്കും എന്നെ ഇറക്കിവിട്ടുകളഞ്ഞു. അല്ലാര്‌ന്നേല്‍ സായിപ്പിന്റെ മോന്തക്കൊരെണ്ണം വെച്ചു കൊടുത്തേനെ'- ഷഡ്ഡിപെണ്ണിന്റെ രക്തം തിളച്ചുമറിഞ്ഞു.

'അവിടെ കിടന്ന് കുശുകുശുക്കാതെ ധൈര്യമുണ്ടേല്‍ ഇങ്ങോട്ട് വന്നുനിന്ന് ചിലക്കെടീ.. കാണട്ടെ നിന്റെയൊക്കെ തന്റേടം'- മൂട് കീറിയ കളസം കാറ്റില്‍ ആടിയാടി നെഞ്ചും വിരിച്ച് നിന്നു.

'നമ്മള്‍ എന്നും ഇങ്ങനെ പുറകിലായി പോയതുകൊണ്ടാണ് അവരിങ്ങനെ അപമാനിക്കുന്നത്'- മേനി നിറയെ വര്‍ണ ശലഭങ്ങളുടെ ചിത്രമുള്ള മനോഹരിയായ അടിയുടുപ്പ് ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു. 

'നമ്മളെയെന്താ ഇവിടെ കൊണ്ടിട്ടേക്കുന്നേ? എനിക്കിവിടെ കിടന്നിട്ട് ഒരിറ്റ് പോലും വെയില് കിട്ടണില്ല.' കൂട്ടത്തില്‍ ഏറ്റവും ഇളയവളായ സ്‌പോട്‌സ്ബ്രാ കൊച്ചിന് പരാതി.

'നമ്മുടെ യജമാനത്തികള്‍ ഇങ്ങനേ ചെയ്യൂ.. അതാ ഈ വീട്ടിലെ രീതി'- മുതിര്‍ന്നവര്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

'എന്ത് രീതി?''

'കീഴ്വഴക്കം!'

'അന്ന് എന്റെ യജമാനത്തി എന്നെ ആ കരിമ്പന്‍ ബോക്‌സറിന്റെ അടുത്ത് കൊണ്ടിട്ടപ്പൊ ഈ വീട്ടിലെ അമ്മ പറഞ്ഞത് എല്ലാരും കേട്ടതാ..- ഷഡ്ഡിപെണ്ണ് വിഷമത്തോടെ ഓര്‍ത്തു.

'അവരെന്തു പറഞ്ഞു?'

'അവളുടെ അടിവസ്ത്രങ്ങളൊക്കെ വീടിനു പുറകുവശത്തെ അഴയിലേ ഇടാവൂന്ന് താക്കീത്.'

'അതെന്താ?'

'വീടിന് മുന്നിലെയും ഇരു വശങ്ങളിലെയും അയകളെല്ലാം പുരുഷകേസരികള്‍ക്കുള്ള സ്ഥാനങ്ങളാണ്. നമ്മളെ അവിടെയൊന്നും ഉണക്കാനിടാന്‍ പാടില്ലത്രെ.'

'എന്താ ഇട്ടാല്‍?'

'ഇടാന്‍ അനുവാദമില്ല'

'അതെന്താണെന്നാ ചോദിച്ചത്'

'ആരേലും കണ്ടാലോ'

'കണ്ടാലെന്താ?'

'നാണക്കേടാണ് പോലും.'

''ഇനി അടങ്ങിയൊതുങ്ങി വല്ല കുളിമുറിയുടെ മൂലയിലും കിടക്കാന്നുവെച്ചാല്‍ അതും കാണുന്നവര്‍ക്ക് നാണക്കേട്! മാനക്കേട്'-കഞ്ചുകറാണി ഹൂക്കുകള്‍ ഞെരിച്ച് അമര്‍ഷമടക്കി.

'ഏഹ്! നമ്മളെ ഇടാതിരിക്കുന്നതല്ലേ നാണക്കേട്?'

ആരും ഒന്നും പറയാത്തത് കണ്ട് കൊച്ചുപെണ്ണ് വീണ്ടും ഓരോന്ന് ചോദിക്കാന്‍ തുടങ്ങി.

'ഈ വീട്ടിലുള്ള പെണ്ണുങ്ങള്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്താ പ്രശ്‌നം?'

'നാണക്കേടാണെങ്കില്‍ പിന്നെ അവന്‍മാരെയെന്താ അവിടെയിട്ടത്? ഇവിടെ നമ്മുടെ കൂടെയല്ലെ ഇടണ്ടത്?'

'അവരൊക്കെ ആണ്‍വര്‍ഗമല്ലേ.. അപ്പൊ കുഴപ്പമില്ല.'- അടിപ്പാവാട പറഞ്ഞു.

'നേരാ. ഇവിടത്തെ ആണുങ്ങളുടെ ഉള്‍സാമഗ്രികള്‍ ചിലപ്പോള്‍ കാര്‍ പോര്‍ച്ചിലെ അയയില്‍ പ്രതിഷ്ഠിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. പൂമുഖത്തെ പാറാവുകാരെപോലെ അവന്മാരങ്ങിനെ ഞെളിഞ്ഞു നില്‍ക്കും! അഹങ്കാരികള്‍.' റോസ് കഞ്ചുകം പല്ലിറുമ്മി.

'ആണുങ്ങളുടെയായാലും അടിവസ്ത്രം അടിവസ്ത്രം തന്നല്ലേ? അതോ അവന്മാരെ പ്രദര്‍ശിപ്പിക്കുന്നത് വീടിന് പ്രൗഢിയാണോ?'

'ആര്‍ക്കറിയാം! എന്തായാലും നമ്മുടെ സ്ഥാനം പുറകിലാണ്. അതാണ് ഇവിടത്തെ ഒരിത'- അടിപ്പാവാട കാര്‍ന്നോത്തി തീര്‍പ്പ് കല്‍പിച്ചു.

'അപ്പൊളേയ്... ഇതൊക്കെ ഞങ്ങടെ യജമാനന്‍മാരുടെ അപ്പനപ്പൂപ്പന്‍മാര്‍ തൊട്ടുള്ള ഏര്‍പാടാ.. നീയൊക്കെ എത്ര പരിഷ്‌കാരം പ്രസങ്ങിച്ചാലും അതൊന്നും മാറാന്‍ പോണില്ല.' നര കയറിയ കള്ളിനിക്കര്‍ ചിറി കോട്ടി ഗര്‍വിച്ചു.

'നേരോ?' കൊച്ചുബ്രാ പെണ്ണിന് വീണ്ടും സംശയം.

'പിന്നല്ലാതെ. ആണ്‍ മേല്‍ക്കോയ്മക്ക് പേരുകേട്ട തറവാടാ ഇത്.'- ശഡ്ഡിചെറുക്കന്‍ അഭിമാനപൂരിതനായി.

'എന്നു വെച്ചാല്‍?'

'എന്നുവെച്ചാ തലമുറ തലമുറകളായി ഞങ്ങള് മുന്നോക്കക്കാരാ കൊച്ചേ. ഞങ്ങടെ പഴമക്കാരായ കോണക കേമന്മാരും ലങ്കോട്ടി പരിഷകളുമെല്ലാം മുന്‍പന്തിക്കാര്‍ തന്നായിരുന്നു. അവരുടെ ചെറുമക്കളായ ഞങ്ങളും മുന്നില്‍. എന്നാ നിങ്ങളോ... ഏതേലും മുക്കിലും മൂലേലും! ഹി ഹി ഹി.'- കള്ളിനിക്കര്‍ കാറ്റില്‍ വള്ളികളാട്ടി തുള്ളിച്ചാടി.

പിതൃതാവഴികളെ പെണ്ണുള്ളാടക്കൂട്ടം ഉള്ളറിഞ്ഞ് പ്രാകി.

'ചിലയിടങ്ങളില്‍ ഇങ്ങനാ.. പെണ്‍പിറപ്പുകള്‍ക്ക് സ്ഥാനം പുറകിലാ... അതിപ്പോള്‍ പുറത്തെ അഴയിലായാലും അകത്തെ ഊണ്‍മേശയിലായാലും.'- കഞ്ചുകറാണി സങ്കടത്തോടെ മൊഴിഞ്ഞു.

'അവരുടെ വിയര്‍പ്പും കണ്ണീരും നമ്മളില്‍ കരിമ്പന്‍ കുത്തുകളായി മാറുന്നു..'

മേനിയില്‍ നിറയെ കരിമ്പന്‍ പുള്ളികളുള്ള ഉള്‍ക്കച്ചകള്‍ ഒന്നടങ്കം നെടുവീര്‍പ്പിട്ടു.

'ഞങ്ങള്‍ കൊച്ചുങ്ങളില്‍ പോലും ഇങ്ങനോരോ സമ്പ്രദായങ്ങള്‍ അടിച്ചേല്‍പിക്കുന്നതാ സങ്കടം'- പതിമൂന്ന് വയസ്സുകാരി യജമാനത്തിയുടെ വടക്കേന്ത്യക്കാരി പാന്റിജി പരിതപിച്ചു.

'വരിഞ്ഞുമുറുക്കേണ്ടത് സ്വന്തം ഇഷ്ടങ്ങളും സ്വാതന്ത്ര്യവുമാണെന്ന തെറ്റായ പാഠം പഠിച്ച് അവര്‍ വളരട്ടെ. അയ മുതല്‍ പായ വരെ അപ്രധാനികളാവാന്‍ അവര്‍ ശീലിക്കട്ടെ.'- അടിപാവാട ഗദ്ഗദത്തോടെ പറഞ്ഞു.

'ആഹാ! അപ്പൊ എല്ലാര്‍ക്കും കാര്യങ്ങളൊക്കെ പിടികിട്ടിയല്ലോ.. ഇനിയേലും സ്വന്തം സ്ഥാനം മനസ്സിലാക്കി പെരുമാറാന്‍ നോക്ക്'- ഷഡ്ഡിചെറുക്കന്‍ പുച്ഛിച്ചു.

'മനസ്സില്ല.' റോസ് കഞ്ചുകം കണ്ണുരുട്ടി. അടുത്ത കാറ്റില്‍ അവള്‍ പറന്നു ചെന്ന് ചെറുക്കനിട്ടൊരു മാന്തുകൊടുത്ത് മൂക്കുംകുത്തി നിലം പതിച്ചു.

'ഹ ഹ ഹ അഹങ്കാരി. നിനക്ക് അങ്ങനെതന്നെ വേണം..' പുരുഷകേസരികള്‍ അവളെ നോക്കി അട്ടഹസിച്ചു.

പെട്ടന്ന് അതുവഴി വന്ന അവളുടെ യജമാനത്തി അവളെയെടുത്ത് തലമണ്ടക്കിട്ട് രണ്ട് തൊഴി തൊഴിച്ച് വീണ്ടും പുറകില്‍ തന്നെ കൊണ്ടിട്ടു. ചന്തിക്കൊരു ക്ലിപും ഇട്ടു. കാറ്റിനൊത്ത് ഇളകാനുള്ള അവകാശവും അതിനാല്‍ അവള്‍ക്ക് നിഷേധിക്കപ്പെട്ടു.

'ഇത് എല്ലാര്‍ക്കും ഒരു പാഠമാണ്. കണ്ടല്ലോ.. ചെമ്മീന്‍ ചാടിയാല്‍...'- ഇന്നര്‍ബനിയന്‍ പറഞ്ഞുമുഴുവിക്കും മുമ്പേ കാറ്റില്‍ ഭൂമിദേവിയെ തൊഴുത് ചുംബിച്ചു കിടന്നു!

അതുകണ്ട് തരുണീമണിക്കൂട്ടം പൊട്ടിചിരിച്ചു.

'അപ്പൊഴേ സാറേ... കാറ്റിന് ആണും പെണ്ണും എല്ലാം ഒരുപോലാ കേട്ടോ... വേര്‍തിരിവുണ്ടാക്കുന്നതേ മനുഷ്യരാ അല്ലാതെ പ്രകൃതിയല്ല. പ്രകൃതിക്കെല്ലാരും സമം.' വെള്ള ഉള്ളുടുപ്പ് പ്രസ്താവിച്ചു.

ഒരു നിമിഷത്തേക്ക് നിശബ്ദമായെങ്കിലും അങ്കത്തട്ടിലെ മേല്‍ക്കോയ്മ വിട്ടുകൊടുക്കാന്‍ ആണ്‍പടക്ക് മനസ്സു വന്നില്ല. 

'ഹെയ് അങ്ങനെ എല്ലാത്തിനും കേറി സമത്വം വിളമ്പണ്ട. ഓര്‍മയുണ്ടല്ലോ ഇരുട്ടില്‍ നിങ്ങളിലൊരുത്തിക്ക് പറ്റിയ പറ്റ്? എന്തായാലും ആ ഗതിയൊന്നും ഞങ്ങളിലാര്‍ക്കും വരത്തില്ല. മനസ്സിലായോ...?'- കരിമ്പന്‍ ബോക്‌സര്‍ ആവനാഴിയിലെ അവസാന അമ്പ് പുറത്തെടുത്തു.

'ആര്‍ക്ക്? എന്തു പറ്റിയ കാര്യമാ പറയുന്നത്?' സ്‌പോട്‌സ്ബ്രാ കൊച്ച് ജിജ്ഞാസ പ്രകടമാക്കി.

'അത്.. കുറച്ചു നാള്‍ മുന്‍പ് ഇരുട്ടിന്റെ മറവില്‍ നാട്ടിലെ ഏതോ സാമദ്രോഹി വന്ന് ഒരു ശഡ്ഡിപെണ്ണിനെ പൊക്കി! അതില്‍ പിന്നെ ഞങ്ങളാരും സന്ധ്യ കഴിഞ്ഞ് പുറംലോകം കണ്ടിട്ടില്ല. ഈറനാണെങ്കില്‍ പോലും യജമാനത്തിയുടെ മുറിക്കകത്ത് ഭദ്രം.'- പാന്റിജി വിശദമാക്കി.

'അതെന്തിനാ കട്ടോണ്ടു പോയത്?' കൊച്ചുപെണ്ണിന് കാര്യം പിടികിട്ടിയില്ല.

'കട്ടോണ്ടു പോയവന്‍ അത്യാവശ്യക്കാരനാവും. സ്വന്തമായി ഇല്ലാത്തവന്‍! നാണം കെട്ടവന്‍'- ത്ഫൂ.. ഉള്‍പാവാട കാര്‍ന്നോത്തി കാര്‍ക്കിച്ചു തുപ്പി.

'ആവശ്യക്കാരന് ഔചിത്യമില്ലല്ലോ...'

'അങ്ങനെയാണെങ്കില്‍ ഇവന്മാരൊക്കെ രാത്രിയിലും പുറത്ത് കിടന്ന് അര്‍മാദിക്കാറുണ്ടല്ലോ.. എന്നിട്ടെന്താ ആരും കട്ടോണ്ട് പോകാത്തത്?'- കൊച്ചുപെണ്ണ് സന്ദേഹപ്പെട്ടു.

'അതു പിന്നെ.... അവന്മാര്‍ക്ക് ആവശ്യക്കാരില്ലായിരിക്കും.'

'നമ്മുടെ വിധി!' ഷിമ്മിപെണ്ണിന്റെ ആത്മഗതം.

ഉള്ളാടകള്‍ ദീര്‍ഘശ്വാസമെടുത്തു. ആ പൊരിവെയിലിലും അവരുടെയുള്ളില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി. പെട്ടന്നുള്ള ശത്രുപക്ഷത്തിന്റെ ഭാവവ്യത്യാസത്തില്‍ കേസരി സംഘത്തിന് പ്രയാസം തോന്നി. അവര്‍ പ്രഹസനം നിര്‍ത്തിവെച്ചു. അന്തരീക്ഷം ശാന്തമായി.

'എന്താ എല്ലാര്‍ക്കും ഒരു വൈക്ലബ്യം?' അടിക്കച്ച കാര്‍ന്നോര് കാര്യമന്വേഷിച്ചു. മറുപക്ഷത്തു നിന്നും പ്രതീക്ഷിച്ച മറുപടിയൊന്നും വന്നില്ല. 

'അതേയ് ഞങ്ങളോട് പരിഭവിച്ച് ഒരു കാര്യവുമില്ല കേട്ടോ. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ യജമാനത്തികള്‍ തന്നെയാ അല്ലാതെ ഞങ്ങളല്ല.' ഇളമുറക്കാരന്‍ ബോക്‌സര്‍ പറഞ്ഞു മുഴുമിക്കും മുന്‍പേ കഞ്ചുക റാണി ഇടക്കു കയറി ഉത്ക്രാശിച്ചു..

'ഉളുപ്പില്ലല്ലോ അവരെ കുറ്റം പറയാന്‍? നീയൊക്കെ നാറീട്ട് വല്ലോട്ത്തും പോയി കിടക്കുമ്പൊ എടുത്തോണ്ടു പോയി ഉരച്ചലക്കി വെടിപ്പാക്കിയിടുന്നതേ ഞങ്ങടെ യജമാനത്തികളാ. അവരുടെ സ്ഥാനത്ത് നിന്റെയൊക്കെ ഏമാന്മാരാണെങ്കിലോ? ഞങ്ങളെ കാണുന്നതേ കുറച്ചിലുള്ളൂ. അഴിച്ചു വിടാന്‍ എന്താ ഉത്സാഹം!'

'പെണ്ണിന്റെ അകവസ്ത്രങ്ങള്‍ കഴുകുന്നതൊക്കെ ആണിന് അയിത്തമല്ലേ.. ഇത്തിരി ചോരയെങ്ങാനും കണ്ടാല്‍ പറയേം വേണ്ട. നന്ദി കെട്ടവന്മാര്‍'- കല്ലില്‍ ഏറെ ഉരഞ്ഞിട്ടും രക്തക്കറ മായാത്ത ഇളം നീല പാന്റീസ് രോഷാകുലയായി.

'ആദ്യം പഴിചാരല്‍ നിര്‍ത്ത്. ഇവിടെയാരാണ് അയ്ത്തവും ഭ്രഷ്ടും കല്‍പിച്ചതെന്ന് സ്വയം വിലയിരുത്തുന്നത് നന്ന്. തലക്കകത്ത് വെട്ടമുണ്ടെന്നല്ലേ പറഞ്ഞത്.. അതില്‍ കുറച്ചെടുത്ത് ചുറ്റും കണ്ണു മിഴിച്ചൊന്ന് നോക്ക് '- ബോക്‌സേഴ്‌സില്‍ മൂത്തവന്‍ രംഗം ലഘൂകരിച്ചു.

അന്തരീക്ഷം വീണ്ടും ശാന്തമായി. നിശബ്ദത ചിന്തകള്‍ക്ക് ഇടം നല്‍കി.

'ആ പറഞ്ഞതിലും കാര്യമുണ്ട്. പ്രത്യക്ഷത്തില്‍ നമ്മുടെ എതിരാളികള്‍ അവന്മാരാണെന്ന് തോന്നുമെങ്കിലും യാഥാര്‍ഥ്യം മറ്റൊന്നല്ലേ? സ്വന്തം ഉടലിന് ആത്മവിശ്വാസം പകരുന്ന നമ്മളെ പോലും വെളിച്ചം കാണിക്കാന്‍ മാനക്കേട് കരുതുന്ന യജമാനത്തികള്‍ തന്നെയല്ലേ നല്ല ഒന്നാംതരം വര്‍ഗശത്രുക്കള്‍?'

'സ്വവര്‍ഗത്തെ പിന്നോക്കം പിന്നോക്കം നയിക്കാന്‍ ചുക്കാന്‍ പിടിച്ച് ഓരോ വീട്ടിലും കാണും ഒരു പെണ്ണുടലെങ്കിലും.. തലമുറ തലമുറകളായി കൈമാറി വരുന്ന ദുരാചാരം. കഷ്ടം!'

ഒരു നിഗമനത്തിലെത്താന്‍ അവര്‍ക്ക് അധിക സമയം വേണ്ടി വന്നില്ല.

ഉച്ച തിരിഞ്ഞു. വെയില്‍ മങ്ങി. ഉണങ്ങി തളര്‍ന്ന വസ്ത്രങ്ങള്‍ ഓരോന്നായി അരങ്ങു വിട്ട് പോയിതുടങ്ങി. 

ഇരുളറകളിലേക്കുള്ള സ്വന്തം ഊഴവും കാത്ത് അവര്‍ കിടന്നു. ഉള്ളെരിയുന്ന ഉള്ളാടകള്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!