Malayalam Short Story : അങ്ങനൊരു മൊഹബത്തിന്റെ കഥ, ഷഫ്‌ന മാജിദ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Aug 3, 2022, 5:37 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഷഫ്‌ന മാജിദ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

കാലചക്രം എത്ര മുന്നോട്ടുരുട്ടിയാലും പിന്നോട്ടുരുട്ടിയാലും ഇനി ഉരുട്ടീല്ലേലും മുഹബ്ബത്തിന്‍ കഥയിലെന്നും കടലുണ്ട് നിലാവുണ്ട് കിനാവുമുണ്ട്...

'അങ്ങനൊരു മൊഹബത്തിന്റെ കഥ കേക്കണാ?' പക്കര്‍ ചോദിച്ചു.

'ആ കേക്കണം കേക്കണം...' സുഹ്‌റ ഓടി അടുത്തു വന്നിരുന്നു.

'അവറാന് കപ്പലിലാര്ന്നു ജോലി. ഒരിക്കല്‍ മൂപ്പര് കടലുംചുറ്റി പോരുമ്പൊ ഒരു മൊഞ്ചത്തീനേം അടിച്ചോണ്ടാ പോന്നെ... അങ്ങ് തിബറ്റിലെ ഒരു കടല്‍തീരത്ത് മുന്തിരിവിറ്റ് നടന്ന തിത്ത്യേമാനെ! ന്താ പറയാ.. അന്നും മൊഹബത്ത് തലക്ക് പിടിച്ചാപിന്നെ ചുറ്റുള്ളതൊന്നും തിരിയൂല...'

പക്കര്‍ കഥപറച്ചില് നിര്‍ത്തി സുഹ്‌റാനെയൊന്നു നോക്കി.

അവറാന്‍ വെല്ല്യാപ്പാടെ കഥയിലെ മൊഞ്ചത്തീനെ ഓര്‍ത്ത് കണ്ണുകള്‍ വിടര്‍ത്തി തന്നെനോക്കിയിരിക്കുന്ന സുഹ്‌റാനെ കണ്ടപ്പോള്‍ പക്കറിനും മൊഹബത്ത് കൂടി. അവന്‍ അവളുടെ ചുറ്റിനും ഒന്നുനോക്കി.. എല്ലാം നല്ല വെടിപ്പായി കാണണുണ്ടല്ലാ. 

'അപ്പൊ ഞമ്മക്കീ സെയ്ത്താനോട് മൊഹബത്തില്ലാന്നാണൊ പടച്ചോനെ!' പക്കര്‍ ചിന്തിച്ചു.

'ന്നിട്ടോ? ങ്ങള് ബാക്കി പറയീ പക്കറ്ക്കാ'- സുഹ്‌റ അക്ഷമയായി.

സുഹ്‌റാടെ കണ്ണുകളില്‍ കഥയിലെ ആ തിരമാലകളെ പക്കര്‍ കണ്ടു.

'പറയീ..ന്നട്ട് അവ്‌റാന്‍ വെല്ല്യാപ്പാനേം പെണ്ണിനേം വല്ല്യവെല്ലിപ്പ പൊരേക്കേറ്റിയാ?'

'ഹും..'പക്കര്‍ തുടര്‍ന്നു.. 'ഈ തിത്ത്യേമു ഒര് യത്തീം പെങ്കുട്ട്യാണ്. ഓര് തലമറച്ചിര്ന്ന് പക്ഷേങ്കില് ഇസ്ലാമല്ല. ഏതോ ജൂതമ്മാരെ ജാത്യാന്നാ എയ്‌ത്യേക്കണെ.'

'ഏ ഇസ്ലാമല്ലെ!' സുഹ്‌റ അത്ഭുതപ്പെട്ടു.

'അല്ലാത്രെ. പേരെന്നെ വേറെന്തോ ആണ്. മൂപ്പര് വിളിക്കണതാണ് തിത്ത്യേമാ ന്ന്.'

'ന്നിട്ട് ന്നിട്ട്?' സുഹ്‌റ ധൃതികൂട്ടി.

കഥ കേള്‍ക്കാനുള്ള അവളുടെ ആവേശം കണ്ടപ്പോള്‍ പക്കറിന് രസം തോന്നി.

'ഇക്കൊന്നൊര്‍ങ്ങണം. ബാക്കി പിന്നൊരീസം പറയാ'

സുഹ്‌റാക്ക് ദേഷ്യം വന്നു.

'ന്നാ ങ്ങള് കെട്‌ന്നൊര്‍ങ്ങ് ഞാമ്പോണ്.'

ഓടി പോകാനൊരുങ്ങിയ അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് പക്കര്‍ പറഞ്ഞു

'പിന്നെ കഥേലിനി മൊഹബ്ബത്തിന്റ നാളുകളാടീ മ്മളെപ്പോലെ. ഇയ്യിവ്ടിരിക്കീ ഞാമ്പര്‍ഞ്ഞെരാ എങ്ങനേന്ന്'

'അയ്യടാ അങ്ങ്‌നിപ്പൊ പറേണ്ട. ഓരെ വല്ല്യവെല്ലിപ്പ പൊരേകേറ്റിയാ... അത് പറ'

'ഹൂം. ഇയ്യ് മൂപ്പര് പുസ്തകത്തീ എയ്ത്യപോലെ അണ്‍റൊമാന്റിക്ക് ആണ്.'

'ഏ അറമാണ്ടിക്കാ! അയെന്ത് സാനാ?'

'ഓ അറമാണ്ടിക്കല്ലടി പെണ്ണേ അണ്‍റൊമാന്റിക്ക്. ഇതിങ്ക്‌ളീഷാണ്.'

'ആയ്‌ക്കോട്ടെ അയ്ന്റര്‍ത്തം എന്തൂട്ടാ?'

'അതാ അത്.. ഞമ്മളിങ്ങ്‌നെ അട്ത്ത്ക്ക് വരുമ്പോ' എന്നും പറഞ്ഞ് പക്കര്‍ മുന്നോട്ടാഞ്ഞപ്പോള്‍ സുഹ്‌റ ഒരടി പിന്നോട്ട് വച്ചു.

'അപ്പിയ്യ് ദേ ഇതേമാരി ഒയ്ഞ്ഞ്മാറും. അതെന്നെ അണ്‍റൊമാന്റിക്ക്.' പക്കര്‍ ഉറപ്പിച്ചു.

'എന്നിങ്ങളോടാര് പര്‍ഞ്ഞീ? ങ്ങക്കിങ്ക്‌ളീഷ് തിര്യൂലല്ലാ' സുഹ്‌റ പക്കറിന്റെ കണ്ടുപിടുത്തം നിഷേധിച്ചു.

'തെക്കേലെ ചന്ദ്രന്‍. അയ്‌ല്ള്ള ഇങ്ങന്‍ത്തെ ചെല ഇങ്ക്‌ളീഷ് വാക്കിന്റൊക്കെ അര്‍ത്തം പറഞ്ഞന്നത് ഓനാ. ഓന് തെറ്റൂല. ഓന്‍ വല്ല്യസ്‌ക്കൂളീ പോയക്കണ്.'

'അപ്പ അവ്‌റാന്‍ വെല്ല്യാപ്പാക്ക് ഇങ്ക്‌ളീഷൊക്കെ അറ്യാര്ന്ന്‌ലെ?'

'പിന്നല്ലാണ്ട്. മൂപ്പര്ക്ക് വല്ല്യേപഠിപ്പല്ലേ. ദുന്യാവ് മുയ്മനും ചുറ്റിക്കറങ്ങാര്ന്നില്ലേ അപ്പപ്പിന്നെ ചെല്ല്ണ സലത്ത്‌ത്തൊക്കെ ഭാശേം വര്‍ത്താനോം ഒക്കെപ്പടിക്കും.'

പക്കറിന് അവറാനോട് വല്ലാത്തൊരു മതിപ്പുതോന്നി. സുഹ്‌റാക്കും.

'അപ്പ ഞമ്മള് കാണാത്ത ദുനിയാവ് ഇഞ്ഞും കൊറേണ്ട് ലേ?'

കണ്ണുകള്‍ വിടര്‍ത്തി ചോദ്യഭാവത്തില്‍ സുഹ്‌റ പക്കര്‍നെ നോക്കി.

അവന്‍ അവളുടെ കണ്ണുകളിലെ ആ തിളക്കം നോക്കിയിരുന്നു.

'പറാ' അവള്‍ പക്കറിന്റെ തോളില്‍ത്തട്ടി.

'ഉണ്ട്.. ന്റെ പൊന്നേ കൊറേണ്ട്.'

ഒരു നിമിഷം എന്തോ ഓര്‍ത്ത് സുഹ്‌റ തലതാഴ്ത്തി. അവളുടെ കണ്ണില്‍ സങ്കടക്കടലിരമ്പുന്നത് പക്കര്‍ കണ്ടു. അതിന്റെ കാരണമറിയാതെ അവനു വീര്‍പ്പുമുട്ടി. അവളുടെ താടി കൈകൊണ്ടുയര്‍ത്തി അവന്‍ ചോദിച്ചു.

'ന്താ ന്റ മുത്തിന് പറ്റ്യേ.. ന്തേ അന്‍ക്ക് സങ്കടം?'

'ഉപ്പാനെ ഓര്‍ത്തപ്പ..'

സുഹ്‌റാടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് പക്കര്‍ ദുര്‍ബലനായി. അവന്‍ അവളെ മാറോട് ചേര്‍ത്തുപിടിച്ച് പറഞ്ഞു 'മാമണ്ടാര്‌ന്നെങ്കി ന്റെ മൊഞ്ചത്തീനെ നാട്ചുറ്റാന്‍ കൊണ്ടോയേര്ന്ന് ലെ?'

'ഉം' സുഹ്‌റ തേങ്ങി.

'സാരല്ല.. ഇപ്പൊ ന്റെ കരളിനു ഞമ്മളില്ലേ.. ഇയ്യ് അമ്മായീനോട് പറാ ഞമ്മളെ വെക്കം പക്കര്‍ക്കാക്ക് കെട്ടിച്ചൊട്ക്കീ ന്ന്. അപ്പപിന്നെ മ്മക്ക് ഏടെ വേണേലും പോവാള്ള ലൈസന്‍സായീലാ.'

'ലൈസന്‌സാ അയെന്താ?'

'അതൊക്കെണ്ട്.'

'ഇതും അവ്‌റാന്‍ വെല്ല്യാപാടെ പുസ്‌കത്തീള്ളതാ?'

'ഉം അതേ. ങ്ങനെ വേറിം കൊറേ കാര്യങ്ങള്ണ്ട് മൂപ്പര്‍ടെ ആ ഡയറീല്.' പക്കര്‍ അവളെ ചേര്‍ത്തുപീടിച്ച് നെറ്റിയില്‍ ഉമ്മവെച്ചു.

സുഹ്‌റാടെ മുഖം നാണംകൊണ്ട് ചുവന്നു. അവള്‍ക്കും ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിഞ്ഞില്ല. 

പക്കറും പിന്നെ അവള്‍ക്കു വേണ്ടി മിടിക്കുന്ന പക്കറിന്റെ ഖല്‍ബുംമാത്രം. 

അവള്‍ പക്കറിന്റെ നെഞ്ചില്‍ തലവെച്ചുകൊണ്ട് വിളിച്ചു-'ഇക്കാക്കാ..'

'ഓ..'

'പര്‍ഞില്ലല്ലാ ഓരെ കേറ്റിയാ?'

പക്കറിന് ദേഷ്യം വന്നു. 'കൊറേ നേരായല്ലാ ഹമ്‌ക്കേ അന്റീ ഹലാക്കിലെ ചോദ്യം.. അതിപ്പ അര്‍ഞിട്ടെന്താക്കാനാണ്?'

'അത്.. അന്ന് ഓരെ രണ്ടാളേം വല്ല്യവെല്ലിപ്പ പൊരേ കേറ്റീലാച്ചിങ്കി..' സുഹ്‌റ നിര്‍ത്തി

'ഹാ പറ പെണ്ണേ.. കേറ്റീലെങ്കി?'

'അന്ന് ഓരെ കേറ്റീലെങ്കിപ്പിന്നെ ഇങ്ങള് ഞമ്മളേങ്കൊണ്ട് ഈടെവന്നാ മൂത്തമാമ മ്മളേം കേറ്റൂല. വല്ല്യവെല്ലിപ്പാടെ പേരക്കുട്ട്യല്ലേ ഓര്. അപ്പാ സൊഭാവോം കിട്ടീണ്ടാവും.' സുഹ്‌റ വ്യാകുലപ്പെട്ടു.

പക്കറിന് ചിരിയടക്കാനായില്ല. അവന്‍ അവളുടെ തലമണ്ടക്കൊരു കൊട്ട് വെച്ചുകൊടുത്തു.

'ഓഹ് ടി ബുത്തൂസേ, ആ വല്ല്യവെല്ലിപ്പേടെ കെട്ക്ക്ണ് ന്റ പാവം വാപ്പേടെ കെട്ക്ക്ണ്. ഓര്‌ടെ കഥെം മ്മളെ കഥെം ന്തോരം വത്ത്യാസണ്ട് മണ്ടി പാത്ത്വോ'

അത് നേരാണല്ലോ പടച്ചോനേ എന്ന് സുഹ്‌റാക്കും തോന്നി.

'ഞമ്മക്ക് പത്ത് കായിണ്ടാക്ക്ണം. ന്നട്ടീ പെര ഒന്ന് നന്നാക്കണം. അത്രെ വേണ്ടൂ അന്നെ ഈട്ക്ക് കൊണ്ട്രാന്‍. ഉമ്മ മയ്യത്തായെപ്പിന്നെ വാപ്പാക്ക് ഒന്നിന്വൊരുഷാറില്ല. അതോണ്ടല്ലേ ഉസ്‌കൂളീ പോക്ക് ന്ര്‍ത്തി ഞമ്മള് വാപ്പാന്റ മരപ്പണ്യേറ്റ്ട്‌ത്തേ. അല്ലാര്‍ന്നെങ്കീ അവറാന്‍വെല്ല്യാപ്പാടെ പുസ്തകത്തീ നോക്കാണ്ടെന്നെ ഞമ്മളിങ്ക്‌ളീഷ് പര്‍ഞ്ഞേനെ'-പക്കര്‍ നെടുവീര്‍പ്പിട്ടു.

'ഉം. പറീം പറീം' സുഹ്‌റ ചൂണ്ടുവിരല്‍കൊണ്ട് പക്കര്‍ന്റെ നെഞ്ചില്‍ കുത്തി. പക്കറവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.

'വിടീ.. മൂത്തമാമ ഇപ്പവരും' സുഹ്‌റാക്ക് പേടി.

'വാപ്പ പള്ളീല് ഇഹ്ത്തിക്കാഫ് ഇരിക്കാമ്പോയേക്ക്ണ്. ഇഞ്ഞി രണ്ടീസം കൈഞ്ഞെ വരൊള്ളു.' വാപ്പാടുള്ള പക്കറിന്റെ സ്‌നേഹം ഇരട്ടിച്ചു.

'ന്നാലും ഞമ്മള് പോണ്. മ്മച്ചി ന്നെക്കാണാണ്ട് വെസ്മിക്ക്ണ്ടാവും.'

'ഈട്ക്കാന്ന് പര്‍ഞ്ഞല്ലെ അപ്പിയ്യ് വന്നെ?'

'അല്ലാ. ഞമ്മള് സൈനബാന്റെ പൊരേല്‍ക്ക് ത്തെയ്ക്കണ മെസീന്‍ കാണാമ്പോവെര്ന്ന്'

'തയ്യല്‍മിസീനോ?'

'ഉം. മ്മടെ മൂസാക്കാന്റ തയ്യല്പീട്യേല് ള്ള പോല്‍ത്ത ഒരെണ്ണം. ഓള്‍ടുപ്പ ഏട്‌ന്നോ കൊട്‌ന്നേണ്. അയ്‌മെ ത്തെയ്ക്കാന്‍ നല്ലെളുപ്പാത്രെ. ഓള്‍ടുപ്പ ഓള്‍ക്കും ഓള്‍ടുമ്മച്ചിക്കും അയ്‌മെത്തെയ്ക്കാമ്പട്പിച്ചേക്ക്ണ്. ചെന്നാ ഞമ്മേളേമ്പട്പ്പിക്കാന്ന് ഓള് പര്‍ഞ്ഞീര്ന്ന്. ഓളോട്ക്കാന്ന് പര്‍ഞ്ഞാ ഞമ്മള് കുടീന്നെര്‍ങ്ങ്യേ. ഞമ്മള് പോട്ടെ. വിടീ..' സുഹ്‌റ പക്കറിനെ തള്ളിമാറ്റി.

'ഹ. ഇയ്യൊന്ന് ബേജാറാവാണ്ട്ക്ക് പെണ്ണേ.. പിന്നേയ് ഇയ്യിങ്ങ്‌നെ വല്ലോട്ത്തുമ്പോയി ഓരോന്ന് പഠിക്കാന്നിക്ക്ണത് ഞമ്മക്കിശ്ട്ടല്ല പര്‍ഞ്ഞേക്ക. അനക്കെന്ത് വേണേലും ഞമ്മള് വാങ്ങ്യെരും. മ്മളെ നിക്കാഹൊന്ന് കൈഞ്ഞോട്ടെ.'

'അയ്‌നിങ്ങക്ക് ത്തെയ്ക്കാന്‍ തിര്യൂലല്ലാ.'

'അതൊക്കെ ഞമ്മള് പഠിക്കും. ന്നട്ട്‌ന്റെ സൂറക്കുട്ടീനേം പഠിപ്പിക്കും.'

'ഉം നടന്നതന്നെ' സുഹ്‌റ ശബ്ദമുണ്ടാക്കി ചിരിച്ചു.

 

 

ആ ചിരിയില്‍ പക്കര്‍ അലിഞ്ഞില്ലാതായി. വെള്ള മുത്തുകള്‍പോലെ ഭംഗിയുള്ള അവളുടെ പല്ലുകളില്‍ ചിലത് ഒന്നിനുമുകളില്‍ മറ്റൊന്നായി നിരതെറ്റി നിന്നു. അതുകൊണ്ട് പണ്ടുമുതലേ പക്കറവളെ കട്ടപ്പല്ലീന്ന് വിളിച്ച് കളിയാക്കുമായിരുന്നു. എങ്കിലും ആ പല്ലുകള്‍ കാട്ടി ചിരിക്കുമ്പോള്‍ അവള്‍ക്ക് മൊഞ്ച്കൂടുന്നൂന്ന് പക്കര്‍ന് തോന്നി. പണ്ട് കുട്ടികളായിരുന്നപ്പോള്‍ 'നേരം പറേണ സൂത്രം' എന്നു പറഞ്ഞ് കൈത്തണ്ടയില്‍ കടിച്ച് വാച്ചുണ്ടാക്കി കളിച്ചതൊക്ക അവന്‍ ഓര്‍ത്തു. പല്ലായിരുന്നു കുഞ്ഞുസുഹ്‌റാടെ പ്രധാന ആയുദ്ധം. കട്ടപ്പല്ലുകള്‍ക്ക് മൂര്‍ച്ചകൂടും. പക്കറത് പണ്ടേ അറിഞ്ഞിട്ടുള്ളതാണ്. എങ്കിലും ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആ മൂര്‍ച്ചയുടെ മാറ്ററിയാന്‍ അവന് ആശതോന്നി.

'ടി കട്ടപ്പല്ലീ ഇയ്യ് ഞമ്മളെയൊന്ന് കടിച്ചാ' കൈ നീട്ടിക്കൊണ്ട് പക്കര്‍ പറഞ്ഞു.

പക്കറിന്റെ പൂതികേട്ട് സുഹ്‌റ അതിശയിച്ചു. 'ന്തിനാ. ന്നട്ട് ചെര്‍തിലെപോലെ ങ്ങക്ക് പിച്ചാനല്ലേ.. ഞമ്മളില്ലാ'

'അല്ല പെണ്ണേ ഇയ്യ് വെര്‍ക്കനൊന്ന് കടിക്കീ' പക്കര്‍ നിര്‍ബന്ധിച്ചു.

സുഹ്‌റ അവന്റെ കൈത്തണ്ടയില്‍ പല്ലുകളമര്‍ത്തി. മെല്ലെയൊരു കടി പ്രതീക്ഷിച്ച പക്കറിന് പക്ഷെ കിട്ടിയത് ഒരു അത്യുഗ്രന്‍ കടിയാണ്. പക്കറിന് നോവാതിരുന്നില്ല. അവന്‍ പെട്ടെന്ന് കൈവലിച്ചു.

'ഹൗ.. കടിച്ച്‌പൊളിച്ച് കളഞ്ഞല്ലാ സെയ്ത്താന്‍' കൈത്തണ്ടയിലെ വട്ടത്തിലുളള പാടില്‍തൊട്ട് പക്കര്‍ പറഞ്ഞു.

'ഹൂം. ഇങ്ങള്‌ന്നെ വിടാത്തോണ്ടല്ലേ.. ഞമ്മളെക്കാണാണ്ട് മ്മച്ചി ബേജാറാവ്ണ്ടാവും. ഞമ്മക്ക് പോണം..' സുഹ്‌റ കെഞ്ചി.


'ന്നാ ഞമ്മക്കൊരു മുത്തം തന്നട്ട് പൊയ്ക്കാ'

'ഹും. ഇല്ല.' സുഹ്‌റാക്ക് നാണം.

'വെര്‍ക്കനെയല്ലല്ലാ ഇയ്യ് കടിച്ച് തോല്‌പൊളിച്ചട്ടല്ലെ' പക്കര്‍ പരിഭവിച്ചു.

'അതിങ്ങള് കടിച്ചോളാമ്പര്‍ഞട്ടല്ലേ.'

പക്കറിനൊരു സൂത്രം തരപ്പെട്ടു.

'ഓരെ കുടീല് കേറ്റ്യോന്നറ്യണ്ടെ?'

'ഉം'

'ദ് തന്നാ പര്‍ഞ്ഞെരാ' പക്കറിന്റെ വാഗ്ദാനം!

'ങ്ങള് വെര്‍ക്കനെ പറ്യേണ്.'

'അല്ലാന്ന്. ഞമ്മളാണെ ഞമ്മളെ സൂറക്കുട്ട്യാണെ സത്യം.'

മടിച്ചു മടിച്ച് അവള്‍ പക്കറിന്റെ കവിളില്‍ ചുംബിച്ചു. ഒരു കുഞ്ഞു മഞ്ഞുതുള്ളി കവിളില്‍ വീണപോലെ പക്കര്‍ന് തോന്നി. ആ നിമിഷം ഒരിക്കലും അവസാനിക്കരുതെന്ന് അവന്‍ ആശിച്ചു.

'ഇഞ്ഞി പറാ ഓരെ കേറ്റ്യോ?'

'ഹും പറ്യാടീ. ഇയ്യ് വാ..' അവന്‍ സുഹ്‌റാടെ കൈപിടിച്ച് മുറ്റത്തേക്ക് നടന്നു.

'ഓര് ഈടെ വന്നപ്പ, വല്ല്യവെല്ലിപ്പടക്കം എല്ലാരും അന്തംവിട്ട് കുന്തംവിയ്‌ങ്ങ്യേപോലെ നിക്കെര്ന്ന്‌ത്രെ. അത്രക്ക് ഹൂറ്യാണ് ഈ തിത്ത്യേമു.'

ഇതു കേട്ടപ്പോള്‍ സുഹ്‌റാടെ മുഖമൊന്ന് മാറി. അതുകണ്ട് പക്കര്‍ന് ചിരിവന്നു.

'പൂര്‍ണചന്ദ്രന്‍ മാനത്തൂന്ന് എര്‍ങ്ങി വന്നപോലേന്നാ പര്‍ഞ്ഞ്‌കേട്ട്ക്ക്‌ണെ' പക്കര്‍ ഒന്നുകൂടി പൊലിപ്പിച്ചു.

'അപ്പൊ ഓര്‌ടെ മോറ് വല്ല്യൊരു മത്തങ്ങപോലെര്ന്ന്‌ലെ?' സുഹ്‌റ കവിള്‍ രണ്ടും വീര്‍പ്പിച്ച് കാണിച്ചു.

പക്കര്‍ അവളുടെ കവിളില്‍ മുഷ്ടി ചുരുട്ടിമെല്ലെയിടിച്ചു. 'ടി കുശ്മ്പത്തീ.. അനക്കപ്പൊ മൂപ്പത്തീനോട് അസൂയേണ്‌ലെ?' പക്കര്‍ സുഹ്‌റാനെ ചൊടിപ്പിച്ചു.

'ഓ പിന്നപിന്നേ മയ്യത്തായോരോടല്ലേ ഞമ്മക്ക് കുശിമ്പ്! ഉം ന്നട്ടോ.. ഓര് വന്നട്ട്..?'

'ഹൂം. വന്ന്ട്ട് മൂപ്പര് തിത്ത്യേമാക്ക് കുടീലുള്ളോരൊക്കെ ഒന്ന് കാണിച്ചൊട്ത്ത്. പിന്നെ മൂപര്‍ടെ ന്തൊക്കെയോ ചെലസാനങ്ങള് കുടീന്നെടുത്ത്, ന്നട്ട് ഓരേംകൊണ്ട് അട്ത്ത കപ്പലീത്തന്നെ തിരിച്ച്‌പോയി. അതോണ്ട് ആര്ക്കും പുകില്ണ്ടാക്കാള്ള സമ്യം കിട്ടീല.'

'പിന്നാരും ഓരെ കണ്ടീലാ?'

'ഓരങ്ങ്‌നെ മൊഹബത്തിന്റ പിന്നാലെ പോയി. മൂപ്പരെ ജിന്ന് കൊണ്ടോയീന്നാത്രെ അന്നെല്ലാരും പര്‍ഞ്ഞെ.'

'മൂപ്പര് പിന്നെ ഈട്ക്ക്വന്നീലേ?'

'ഉം. വന്ന്.. കൊറേ കൊല്ലങ്ങള് കൈഞ്ഞ് വയസായപ്പൊ. നാട്ചുറ്റലൊക്ക കൈഞ്ഞിട്ടൊട്ക്കം ഈടെന്നെ തിര്‌ച്ചെത്തി. ഒറ്റക്ക്.'

'അപ്പ തിത്ത്യേമെ?'

'തിത്ത്യേമ ന്തോ ദീനംപിടിച്ച് നേര്‌ത്തേ മയ്യത്തായിത്രെ. ഓര്ക്ക് കുട്ട്യേളൊന്നുണ്ടായൂല്ല'

'പാവം..' സുഹ്‌റാക്ക് വിഷമം തോന്നി.

'വാപ്പേം ഉമ്മേം ഒക്ക മയ്യത്തായ കാര്ണം ഈടെ കൂടപ്പെര്‍പ്പേളെ കുടീലാര്ന്ന് മൂപ്പര് പിന്നെ താമസ്‌ച്ചെ. അപ്പൊ കൂടെക്കൊണ്ട് നടന്ന ടെയ്‌റ്യാത്രെ അത്'

'തന്നെ!' സുഹ്‌റാക്ക് ആശ്ചര്യം.

'ഉം. പിന്നൊരീസം മൂപ്പരും മയ്യത്തായി. മൂപ്പര് പോയ സലങ്ങളും കഥകളും ഒക്കെ അയ്‌ല്ണ്ട്. നിക്കാഹ് കൈഞ്ഞ് ഒരീസം മ്മക്ക് ഒര്മിച്ചിര്ന്ന് വായ്ക്കാട്ടാ'

'അയ്‌നു ഞമ്മക്ക് വായ്ക്കാന്തിര്യൂലല്ലാ' സുഹ്‌റാടെ മുഖം വാടി.

'അയ്‌നെന്താണ്.. ഞമ്മള് വായ്ക്കും ഇയ്യിങ്ങ്‌നെ കേട്ടിരിക്കും.'

'ഞമ്മ്‌ളേംപഠിപ്പിക്ക്ണം വായ്ക്കാന്'

'ഊം. ന്റ സൂറക്കുട്ടീനേം വായ്ക്കാമ്പട്പ്പിക്കാ. ന്നട്ട്, മ്മക്ക് അയ്‌ലു പര്‍ഞ്ഞ ദുനിയാവീക്കൊക്കെ പോണം. അവറാന്‍ വെല്ല്യാപ്പതിത്ത്യേമാനെ ങ്കൊണ്ട് പോയപോലെ.'

'അപ്പോ ഓര് രണ്ടാളും നിക്കാഹ്‌ചെയ്ത്ണ്ടാവോ?'

'ചെയ്തൂന്ന് അയ്‌ലെയ്തീട്ടില്ല. പക്ഷേങ്കില് ഓര് മൂപ്പരെബീവ്യാണ്.'

'ഏ! നിക്കാഹ് കൈക്കാണ്ടെങ്ങ്‌നെ ബീവ്യാവാ?' സുഹ്‌റ സംശയിച്ചു.

'നമ്മള് നിക്കാഹ് കയ്ച്ചിക്ക്ണാ?'

'ഇല്ലാ'

'ന്നാലും ഇയ്യ് ഞമ്മളെ ബീവ്യല്ലെ?'

'ആണ്' സുഹ്‌റ തലയാട്ടി.

'ഉം. അപ്പൊ അതത്രൊള്ളു'

കഥ തീര്‍ന്നപ്പോള്‍ പോവാനൊരുങ്ങിയ സുഹ്‌റ എന്തോ ഓര്‍ത്ത് തിരിച്ചുവന്നു.. 'അപ്പൊപ്പിന്നെ, ഇങ്ങക്കിപ്പളേ ഞമ്മളേങ്കൊണ്ട് പൊയ്ക്കൂടെ.. ആ ദുനിയാവീക്ക്?' അവള്‍ അവന്റെ കണ്ണുകളില്‍ നോക്കി ചോദിച്ചു.

പിന്നെയവന്‍ മറ്റൊന്നും കണ്ടില്ല! അവളെ മാത്രം. ആ ദുനിയാവില് അവള് മാത്രം.

 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

click me!