ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷബ്‌ന ഫെലിക്‌സ് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഉപാധികളില്ലാത്ത സ്‌നേഹത്തെക്കുറിച്ചായിരുന്നു അയാള്‍ വാചാലനായത്. എത്ര വലിച്ചെറിഞ്ഞാലും പറിച്ചു മാറ്റിയാലും പിരിഞ്ഞുപോകാത്ത സ്‌നേഹത്തെ പറ്റി അയാള്‍ പറയുമ്പോള്‍ അവള്‍ നിശ്ശബ്ദയായി അയാളെ നോക്കിയിരുന്നു.
അവള്‍ വായിച്ച ജീവിതപുസ്തകത്തിലൊന്നും, വിലയ്ക്ക് വാങ്ങപ്പെട്ട സ്‌നേഹമല്ലാതെ മറ്റൊന്നും അവള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരികെ കിട്ടാത്ത സ്‌നേഹത്തെ മുറുകെ പുണരുക എന്നത് വിഡ്ഢിത്തമായി മാത്രമേ ഈ ലോകം അവളോട് പറഞ്ഞിരുന്നുള്ളൂ .
സ്‌നേഹത്തിന്റെ കണക്കെടുപ്പില്‍ ആദ്യം നഷ്ടമായത് അച്ഛന്റെ സ്‌നേഹമായിരുന്നു. അമ്മയെ അച്ഛന്‍ തിരിച്ചറിഞ്ഞില്ല പോലും. ഇഷ്ടങ്ങള്‍ രണ്ടു ധ്രുവങ്ങളില്‍ ആദ്യമേ നിലയുറപ്പിച്ചിരുന്നു എങ്കിലും ശരീരങ്ങളുടെ സംഗമസമയത്ത് ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കൈകള്‍കെട്ടി ഒതുങ്ങിമാറിനിന്നു. എല്ലാ കുറവുകളും ആ ഒരു നിമിഷത്തില്‍ നിശ്ചലമാകുന്നതെങ്ങിനെയാണെന്ന് അവള്‍ക്ക് ഉത്തരം ലഭിച്ചിരുന്നില്ല.
സംഗമപരിണാമമായി അവളും അവളുടെ സഹോദരനും ഭൂമിയില്‍ അവതാരമെടുത്തു. പിന്നെയുണ്ടായത് ലേലം വിളിയായിരുന്നു. ലേലത്തിന്റെ ഒടുവില്‍ വിധി പ്രസ്താവിക്കപ്പെട്ടു. ജന്മം കൊടുത്ത അമ്മയ്ക്ക് മക്കളെ വളര്‍ത്താന്‍ അവകാശം പോലും.
പ്രായപൂര്‍ത്തിയാകും വരേയ്ക്കും അച്ഛന്റെ റോള്‍ അതിഥിയെപോലായിരുന്നു. അമ്മയുടെ പഴ്‌സില്‍ ഗാന്ധിനോട്ടുകള്‍ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് അവളപ്പോള്‍ ഓര്‍ത്തു. അടുക്കളപ്പുറം വാണിരുന്ന അമ്മയ്ക്ക് ആദ്യകാലങ്ങളില്‍ കുടുംബം താങ്ങായിനിന്നു. പിന്നെ പിന്നെ സ്വയം പര്യാപ്തയുടെ വലിയ ലോകത്തിലേക്ക് അമ്മ എത്ര പെട്ടെന്നാണ് കാലെടുത്തു വെച്ചത്!
അപ്പോഴും നിറമുള്ള ചോക്ലേറ്റ് മിട്ടായിയുമായി എത്തുന്ന അച്ഛന്റെ തലോടലിനോട് ആയിരുന്നു തനിക്ക് പ്രിയം.
പിന്നെയെപ്പോഴാണ് അച്ഛന്റെ തലോടല്‍ ഭയത്തോടെ കാണാന്‍ തുടങ്ങിയത്?
ഇളയച്ഛന്റെ കൈകള്‍ തന്റെ തുടയില്‍ ഇഴഞ്ഞു നടന്ന ആ രാത്രി.
'നീ എന്താണ് ആലോചിക്കുന്നത്?'-അവളുടെ മേനിയെ മുറുകെ പുണര്‍ന്നുകൊണ്ട് അയാള്‍ ചോദിച്ചു.
അവള്‍ പെട്ടെന്ന് അയാളുടെ കൈകള്‍ തട്ടിമാറ്റി. പണ്ട് അവളെ ഗ്രസിച്ച ഭയത്തിന്റെയോ വെറുപ്പിന്റെയോ കൊഴുത്ത ദ്രാവകത്തിന്റെയോ രൂക്ഷഗന്ധം ആ മുറിയില്‍ നിറഞ്ഞു. അവള്‍ക്ക് ഛര്‍ദ്ദിക്കാന്‍ വന്നു.
'ഹേയ് ഒന്നുമില്ല'-എന്നിട്ടും അവളുടെ മറുപടി അതായിരുന്നു.
അവളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാത്ത വണ്ണം അയാള്‍ അവളെ വീണ്ടും ചേര്‍ത്തണച്ചു അവളുടെ ചുണ്ടില്‍ ഗാഢമായി ചുംബിച്ചു.
ചുംബനത്തിന്റെ ആഴം കൊണ്ടാവണം ചിന്തകളുടെ വേലിയേറ്റത്തില്‍ നിന്നൊരു പക്ഷി നിശ്ചലയായി അവരെ നോക്കിനിന്നത്.
'എന്നെ തനിച്ചാക്കുമോ?'
'ഇല്ല പെണ്ണേ, നീയെന്റെ സ്വന്തമല്ലേ?'
അയാള്‍ വീണ്ടുമവളെ ചേര്‍ത്തുപിടിച്ചു ചുംബിച്ചു
ഓരോ സ്ത്രീപുരുഷബന്ധങ്ങളിലും ഇതുപോലെ വാക്ക് കൊടുത്തുകാണണം. അനന്തമായ നാളേകളിലേയ്ക്കായി ബന്ധങ്ങളെ വിലങ്ങണിയിച്ച് കാതിലോതിയ മന്ത്രങ്ങളാല്‍ പ്രതിഷ്ഠ നടത്തി ദൈവങ്ങളാക്കി കാണണം. കാലത്തിന്റെ യാത്രക്കിടയില്‍ പൂവും പൂജയുമില്ലാതെ മന്ത്രധ്വനികള്‍ നഷ്ടമായ പ്രതിഷ്ഠകള്‍ ഏതോ ചുടുകാട്ടില്‍ നെരിപ്പോടായി ഇടക്കിടെ എരിഞ്ഞുകത്തിക്കാണണം.
'നീ നാട്ടിലേക്ക് പോകുന്നുണ്ടോ?'
'പോണം. ഇപ്പോഴില്ല.'
'അച്ഛന്റെ അടുത്തേക്കോ അതോ?'
ആ ചോദ്യത്തിന് മറുപടി പറയാതെ അവള്‍ വസ്ത്രമെല്ലാം വാരിയെടുത്ത് ജനാലയ്ക്കല്‍ പോയിനിന്നു
ചാഞ്ഞുകിടന്ന പ്ലാവിന്റെ കൊമ്പില്‍ ഒരു കാക്കയിരുന്നു കരഞ്ഞു. കൊമ്പിന്റെ ഒരു മൂലയില്‍ ഒരു കൂട് കാണാം. കൂട്ടില്‍ കിളികൊഞ്ചല്‍ ഉയരുന്നു. അമ്മക്കിളിയാവാം കാവലിരിക്കുന്നത്, അച്ഛന്റെ വരവിനായ്. അവളുടെ കണ്ണുകള്‍ നിറഞ്ഞു
വാക്യങ്ങള്‍ സമരസപ്പെടാതെ പോയ ജന്മങ്ങളായിരുന്നു അച്ഛനും അമ്മയും. ഇടയില്‍ പകച്ചു നിന്ന്, അവരുടെ സ്‌നേഹം കണ്ടറിയാന്‍ വിധിയില്ലാതെപ്പോയ രണ്ട് കുട്ടിആത്മാക്കള്‍. താനും ജീവനും.
തന്നെപ്പോലെ ജീവനും തിരക്കുള്ള ഈ നഗരത്തിലെവിടെയോ ഉദ്യോഗസ്ഥപദവിയില്‍ ഉന്നതനായി നിശാപാര്‍ട്ടികളില്‍ അലയുന്നുണ്ട്.
ആത്മാവില്‍ ദരിദ്രരായി സ്‌നേഹശൂന്യതയുടെ നടുവില്‍!
അല്ലെങ്കില്‍ സ്‌നേഹത്തിന്റെ ചൂടുംതേടി അനൂപിന്റെ ചുംബനത്തിന്റെ ആഴം തേടി യാത്ര തിരിക്കുമോ?
നിറം നഷ്ടമായ ബാല്യത്തിന്റെ ചിത്രം അകക്കാമ്പില്‍ നോവായ് തെളിയുന്നു. പടര്‍ന്നു കയറിയ ബോഗൈന്‍വില്ലയിലെ പുഷ്പങ്ങള്‍ അവളെനോക്കിച്ചിരിച്ചു.
കടലാസുപൂക്കള്‍. ആരാണ് അവയ്ക്കീ പേര് നല്‍കിയത്?
ഞെരിഞ്ഞമങ്ങുന്ന മുള്ളുകളുള്ള വള്ളിപ്പടര്‍പ്പിനിടയിലും ദിവസങ്ങളോളം വാടാതെ നിശബ്ദസംഗീതം പൊഴിക്കുന്ന പൂക്കള്‍.
തന്നെയും അനൂപിനേയും ചേര്‍ത്തുകെട്ടപ്പെട്ട ചങ്ങലകണ്ണിയ്ക്ക് സമൂഹം ചാര്‍ത്തുന്ന പേരിനപ്പുറം രണ്ടു വ്യക്തികള്‍ക്കിടയില്‍ തിരിച്ചറിയാതെ പോകുന്ന ഏതോ ഒരു രഹസ്യവീചിയുണ്ട്. അല്ലെങ്കില്‍ എന്ത് കൊണ്ട് ദമ്പതികള്‍യ്ക്കിടയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മനസ്സുകള്‍ മൂന്നാമിടങ്ങളില്‍ സര്‍വ്വ ഹുങ്കും അടിയറവ് വെച്ച് ബന്ധങ്ങളെ നിലനിര്‍ത്തണം?
വിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടപ്പെട്ട കുടുംബങ്ങളുടെ ചുമരുകള്‍ക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയ സര്‍പ്പങ്ങളായി അവ മാറുന്ന കാഴ്ച്ചകള്‍. സര്‍പ്പങ്ങള്‍ ചീറ്റിയ വിഷംതീണ്ടിയ കുടുംബബന്ധങ്ങള്‍.
താനും ഇന്നൊരു സര്‍പ്പമാണ്. ലോകത്തിന്റെ മുന്നില്‍ നുഴഞ്ഞുകയറിയ സര്‍പ്പം. അവിടെ ഹൃദയവാക്യത്തിന്റെ സമരസപ്പെടലുകള്‍ക്ക് അര്‍ഥമില്ല. വ്യക്തികള്‍ തമ്മിലുള്ള വാഗ്ദാനങ്ങള്‍ക്ക് മുദ്രയില്ല.
ഉപാധിയില്ലാതെ സ്‌നേഹിക്കാന്‍ നിര്‍ബന്ധിതരായി ദമ്പതികള്‍ മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ചൊഴുകാന്‍ തുടങ്ങുന്നു.
പൊട്ടലും ചീറ്റലും ബാക്കിയാക്കി മനസ്സിലും ശരീരത്തിലും വ്രണങ്ങള്‍ ബാക്കിയാക്കി നുഴഞ്ഞുകയറിയ സര്‍പ്പങ്ങള്‍ തലതാഴ്ത്തി പടിയിറങ്ങുന്നു.
മുദ്രയില്ലാത്ത ബന്ധങ്ങള്‍ മുദ്രയുള്ള ബന്ധങ്ങളെക്കാള്‍ മനസ്സ്‌കൊണ്ട് ആഴപ്പെടുന്നതിന്റെ അര്‍ത്ഥം തിരിച്ചറിയാനാവാതെ ഇന്നു താനും പകച്ചുനില്‍ക്കുന്നു.
പതിയെ തിരിഞ്ഞുനോക്കി. അനൂപ് ഉറക്കം പിടിച്ചിരിക്കുന്നു. നാലു വര്‍ഷമായുള്ള ബന്ധം. അനൂപിന്റെ ഫോണ്‍ ശബ്ദമില്ലാതെ ചിലച്ചുകൊണ്ടിരുന്നു. ഫോണില്‍ അനൂപിന്റെ ആറുവയസ്സുകാരി മകളുടെ ചിത്രം തെളിഞ്ഞു
തന്റെ പഴയ ചിത്രം മനസ്സില്‍തെളിഞ്ഞതും ഒരു നിമിഷം എന്തോ ആലോചിച്ചെന്നവണ്ണം അവള്‍ കുളിച്ചു വസ്ത്രം മാറ്റി നിശ്ശബ്ദമായി മുറിയില്‍ നിന്നിറങ്ങി കാറില്‍ കയറി മെയില്‍ബോക്സ് തുറന്നു.
ഉപാധികളില്ലാത്ത സ്‌നേഹം ഇവിടെ തുടങ്ങുകയാണ് അനൂപ്. ശരീരത്തിന്റെ കഥപറച്ചിലില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നുപോവുകയാണ്. നീ രചിക്കേണ്ടുന്ന കവിതയില്‍ ഞാനെന്ന ബിംബം വരികള്‍ക്കിടയില്‍ മുഴച്ചു നില്‍ക്കുന്നു.
'ഈ ലോകത്തിന്റെ മുന്നില്‍, ഉപാധികളില്ലാത്ത സ്‌നേഹം വെറും കെട്ടുകാഴ്ചയാണ് അനൂപ്. നീ പറഞ്ഞ
ഉപാധികളില്ലാത്ത സ്‌നേഹത്തെ ഇനിമുതല്‍ നീ നിന്റെ പങ്കാളിയില്‍ കണ്ടെത്തുക. അതില്‍ നീ വിജയിക്കുന്ന നാള്‍ ഒരുപക്ഷേ നിന്റെ മനസ്സില്‍ എന്റെ മരണം ആരംഭിച്ചു തുടങ്ങും. അമൂര്‍ത്തമായ സ്‌നേഹത്തിന്റെ ഭാഷ്യമാണ് നീ എന്നിലും രചിച്ചതെങ്കില്‍, നിന്റെ സ്‌നേഹം ഉപാധികളില്ലാതെയാണെങ്കില്‍ കാലങ്ങള്‍ക്ക് അപ്പുറം നാം കണ്ടുമുട്ടും..'
മറക്കുക എന്നത് ഒരു തെറ്റായ പ്രയോഗമാണ് അനൂപ്.