ഒറ്റമരങ്ങള്‍, സതീജ വി.ആര്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 22, 2021, 5:54 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സതീജ വി.ആര്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

 

ആഞ്ഞിലിയുടെയും പ്ലാവിന്റെയും കറുത്ത നിഴലില്‍ തണുത്തുറഞ്ഞു പോയ മണ്‍കൂരയായിരുന്നു എസ്തപ്പാന്റേത്. വര്‍ഷങ്ങള്‍ക്കു മുമ്പും അതങ്ങനെ തന്നെയായിരുന്നു. 

നെറ്റിയില്‍ വെളുത്ത പൊട്ടുള്ള പൈക്കറുമ്പിയും പഞ്ഞിക്കെട്ടു പോലെയുള്ള ചെമ്പിപ്പൂച്ചയും ചത്തപ്പോഴാണ് മുമ്പ് അവള്‍ എസ്തപ്പാനെ തേടി വന്നത്. അന്ന് എല്‍സ തൂത്തു വൃത്തിയാക്കിയിട്ട  മണല്‍ മുറ്റത്ത് കാരക്കകള്‍ക്കൊപ്പം വെയില്‍ ചിത്രങ്ങളും ചിതറിക്കിടന്നിരുന്നു.  ടൈഗറും ചെമ്പിയും തമ്മിലുള്ള  ഒരു വലിയ കടിപിടിക്കൊടുവില്‍ ടൈഗറിന്റെ പല്ലുകള്‍ ചെമ്പിയുടെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് വലിയ തുളകള്‍ തീര്‍ത്തു, ഒഴുകിപ്പരന്ന ചോരയില്‍, കുതിര്‍ന്ന ഒരു പഞ്ഞികെട്ട് പോലെ ചെമ്പി ചത്തു കിടന്നു. 

ചമ്പിയുടെ ചാവിനെപ്പറ്റി എസ്തപ്പാനോടും എല്‍സയോടും വിവരിക്കുമ്പോള്‍ അവള്‍ വിതുമ്പിപ്പോയിരുന്നു. എസ്തപ്പാന്‍  ഒന്നും മിണ്ടാതെ, എല്‍സയുടെ ഉപ്പുമാങ്ങാക്കലത്തില്‍ നിന്നും കുറേ കാരയ്ക്കകളെടുത്ത് ഈറ്റില കുമ്പിളില്‍ പൊതിഞ്ഞു നീട്ടീ. വാങ്ങാന്‍ മടിച്ചപ്പോള്‍ ബീഡിപ്പുക കറുപ്പിച്ച പല്ലുകള്‍ മുഴുവന്‍ കാട്ടിച്ചിരിച്ചു.

'കൊച്ച് കഴിച്ചോ നല്ല രുചിണ്ട്...' അത്രേം പറഞ്ഞ് ചുവരില്‍ കോര്‍ത്തിട്ടിരുന്ന മണ്‍വെട്ടിയുമെടുത്ത് മുമ്പേ നടന്നു. 

എസ്തപ്പാന്‍ പറഞ്ഞത് സത്യമായിരുന്നു. അവളാദ്യമായിട്ടായിരുന്നു കാരയ്ക്ക കഴിക്കുന്നത്. ഉപ്പും ചവര്‍പ്പും കാരവും പുളിയും ഒക്കെ ചേര്‍ന്ന പ്രത്യേക സ്വാദ്. അവളാസ്വദിച്ചു കഴിച്ചു തുടങ്ങി. അതും  നുണഞ്ഞ് എസ്തപ്പാന് പിന്നാലെ  നടക്കുമ്പോള്‍ അയാള്‍ കാരയ്ക്കകള്‍ക്കുള്ള  അവളുടെ ഉല്പത്തി ബന്ധങ്ങളെക്കുറിച്ച് വാചാലനായി.

'കൊച്ചിനറിയാവോ കൊച്ചിന്റെ തളളയ്ക്കും എല്‍സേന്റെ കാരയ്ക്ക വല്യ പത്ത്യായിരുന്നു...കൊച്ചിനെ ഗര്‍പ്പായിരുന്നപ്പോ അങ്ങ് മദിരാശീന്ന് വല്യങ്ങത്തക്ക് എഴുത്തയയ്ക്കുവാരുന്ന് എല്‍സേന്റ കാരക്ക തിന്നോണന്ന് പറഞ്ഞ്. ഇബ്ട്ന്ന് പോണ തീവണ്ടി ത്രൈവറേലാ കൊടുത്തയയ്ക്കുവാരുന്നത്. എത്ര പരണി കാരക്കയാ മദിരാശിക്ക് വണ്ടി കേറീത്.....''    
  
തോട്ടത്തില്‍ വീട്ടിന്റെ പ്രാര്‍ത്ഥനാമുറിയില്‍  ചില്ലിട്ടു തൂക്കിയിരുന്ന  കറുപ്പിലും വെളുപ്പിലുമുള്ള  എണ്ണച്ചായ ചിത്രത്തിലെ ഒരു പുഞ്ചിരി പൊടുന്നനവേ കാരയ്ക്കയുടെ രുചിപോലെ മനസ്സില്‍ വന്നു നിറഞ്ഞു, ഒരു ബേബി പൗഡറിന്റെ മണം ആ മുറിയില്‍ എപ്പോഴും  മായാതെ നിന്നിരുന്നു. നിമിഷനേരത്തേയ്‌ക്കെങ്കിലും, അവളെക്കടന്നുപോയ കാറ്റ്  ബേബി പൗഡര്‍പോലെ  മണത്തു. 

എസ്തപ്പാനും ഏതൊക്കെയോ ഓര്‍മ്മകളിലായിരുന്നു. നീണ്ട ഒരു നിശ്വാസത്തോടെ  ഓര്‍മ്മകളില്‍ നിന്നും വിടുതല്‍ തേടി, അയാള്‍ കൂടുതല്‍  അലിവുള്ളവനായി. 

'കുഞ്ഞ് ദെണ്ണപ്പെടണ്ടാ... ചെമ്പി പോട്ടെ ഞാങ്കൊണ്ടരാം    വേറൊന്നിനെ...'

'ന്ക്ക് ചെമ്പിനെ മതി...ഏത്തപ്പാ.'
 
ഒരു നിമിഷം അയാള്‍ നിശ്ശബദനായി.പിന്നെ പീലിക്കുന്നിലേക്ക് വിരല്‍ ചൂണ്ടി, ഊറിയ ചിരിയോടെ പറഞ്ഞു: 'കൊച്ചിന്റെ ചെമ്പീണ്ടല്ലാ അബട്ണ്ട്. കാണണോങ്കി അങ്ങോട്ട് ചെന്നാ മതി. എത്തപ്പാങ്കൊണ്ടോവാം..,ദെണ്ണിക്കണ്ട'

മാത്തകത്തിന്റെ മരണാനന്തര ശാസ്ത്രത്തെപ്പറ്റി എസ്തപ്പാന്‍ വാചാലനാകാന്‍ തുടങ്ങി. മാത്തകത്ത് മരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗവും നരകവും ഉണ്ടായിരുന്നില്ല. അവര്‍ അയണി പുഴ കടന്ന് ചെമ്പന്‍കുന്നു കയറി. പാപികള്‍ അയണിപ്പുഴയുടെ ചുഴികളില്‍പ്പെട്ട് പാതാളത്തിലേക്ക് താണുപോയി. പുഴകടന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുകൊണ്ട്  പീലിക്കുന്നിന്റെ പച്ചപ്പില്‍  മരണാനന്തര ജീവിതം നയിച്ചു. 

വിശ്വാസത്തിന്റെ പിന്‍തുടര്‍ച്ചക്കാരായ മാത്തകം സ്‌കൂളിലെ  കുട്ടികള്‍ സ്‌കൂള്‍ മൈതാനത്ത് നിന്ന് കൈകള്‍ നീട്ടിപ്പിടിച്ച് പ്രിയപ്പെട്ടവരുടെ ആത്മാക്കളെ പീലിക്കുന്നില്‍നിന്നും മടക്കി വിളിച്ചു. മടങ്ങി വരാത്ത ആത്മാവുകള്‍ അവരെ സങ്കടപ്പെടുത്തി. ദഹിച്ചും ദ്രവിച്ചും പോയ ശരീരങ്ങളിലേക്ക് മടങ്ങിവരാനുള്ള ആത്മാക്കളുടെ കഴിവുകേടിനെപ്പറ്റിപ്പറഞ്ഞ് നിര്‍ബന്ധബുദ്ധിക്കാരായ കുട്ടികളെ, മുതിര്‍ന്നവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടികളാകട്ടെ മാത്തകം സ്‌കൂളിന്റെ  വിശാലമായ  മൈതാനത്തില്‍നിന്നുകൊണ്ട് തങ്ങളുടെ ശരീരങ്ങളെ പകരം വച്ച് പ്രിയമുള്ളവരെ മടക്കി വിളിച്ചുകൊണ്ടേയിരുന്നു.

ചെമ്പിയെ കുഴികുത്തി മൂടുമ്പോള്‍ എസ്തപ്പാന്‍ പിറുപിറുത്തു: 'പാവം വയറ്റ്കണ്ണി പൂച്ചായിരുന്നു... '

'പീലിക്കുന്നില്‍ ചെമ്പി തനിച്ചല്ല..!' അവള്‍ക്കാശ്വാസം തോന്നി.

അവളുടെ രണ്ടാം വരവില്‍ എസ്തപ്പാന്റെ വീടിനു ചുറ്റും വെയില്‍ മരിച്ചു കിടന്നു. പൊഴിഞ്ഞു വീണ ഇലകള്‍ മണ്ണടരുകളോട്  അലിഞ്ഞലിഞ്ഞ് ചേരുന്നതിന്റെ ജീര്‍ണ്ണഗന്ധം അവിടെ കനത്തുനിന്നു. ജീവനറ്റുപോയതിനുശേഷം കനത്തു കനത്തു വരുന്ന മൃതഗന്ധം  അവളുടെ ഹൃദയത്തെ കൂടുതല്‍ കൂടുതല്‍ ഭാരമുള്ളതാക്കി. അവള്‍ തളര്‍ന്നു. അതിനെ കുഴിയെടുത്തു മൂടാന്‍ അവള്‍ക്ക് എസ്തപ്പാനെ ആവശ്യമായിരുന്നു. അവള്‍   ഒച്ച ഉയര്‍ത്തി.

'എല്‍സേ....എല്‍സേ, ഏത്തപ്പാ ആരൂല്ലെ..'അവള്‍ അക്ഷമയായി.

'... ആരാ.'

പൂരയ്ക്കകത്തു നിന്നും ശബ്ദത്തോടൊപ്പം ആ ചെറുപ്പക്കാരനും ഇറങ്ങി വന്നു. അവള്‍ക്ക്  തീരെ  പരിചിതനായിരുന്നില്ല, അയാള്‍ . 

ചീകിയൊതുക്കാതെ പാറിപ്പറന്ന മുടി..പുക ചുറ്റിയതെങ്കിലും കനല്‍ക്കണ്ണുകള്‍..ചെറിയ താടി... 

'ആരാ... അമ്മാമ്മ മരിച്ചിട്ട് നാലഞ്ച് കൊല്ലങ്ങളായല്ലോ...'

'ഞാന്‍ എസ്തപ്പാനെ തേടിയാ വന്നത്'

അയാള്‍ ചിരിച്ചു. അതിനും മുമ്പേ കണ്ണുകളാണ് ചിരിച്ചു തുടങ്ങിയത്.

'അപ്പാപ്പന്‍ മരിച്ചിട്ട് അഞ്ചെട്ടു വര്‍ഷമായി....എവിടുന്നാ...'

'...ഞാനൊന്നിരിക്കട്ടെ...'

അയാളുടെ അനുവാദത്തിന് കാത്തിരിക്കാതെ അവള്‍ തളര്‍ച്ചയോടെ തിണ്ണയിലിരുന്നു.

'ഞാന്‍ തോട്ടത്തീന്നാ..'

'തോട്ടത്തിന്ന് എന്നു പറേമ്പം സോണിയാണോ...?'

'അതേ....'

അയാള്‍ തന്നെ ഓര്‍ത്തുവെന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നി.

'നീയല്ലേ കൊച്ചേ അന്ന് ആരാണ്ടേ കൂടെ പോയത്...? നിന്നെ അന്നഷിച്ച് നടന്നോര കൂട്ടത്തില്‍ ഞാനുണ്ടായിരുന്നു...നീ ആരട കൂടാ പോയത്. ഞങ്ങളന് എത്ര രാത്രി ഒറക്കൊഴിഞ്ഞെന്നറ്‌യ്യോ...'

അവളുടെ മുഖം മങ്ങി. വര്‍ഷങ്ങളായി തീര്‍ക്കാന്‍ കാത്തു വച്ചിരുന്ന ഒരു അരിശം തീര്‍ക്കുന്ന മട്ടില്‍ അയാള്‍ തല കുടഞ്ഞുകൊണ്ട്  തിണ്ണയിലിരുന്നു. പിന്നെയും   പിറുപിറുത്തു: 'അന്നെങ്ങാനും ഞങ്ങട കൈയ്യിക്കിട്ടണാര്‍ന്ന്'

കുറേ പകലുകളും രാത്രികളും വൃഥാവിലാക്കിയതിന്റെ അമര്‍ഷം അയാള്‍ പല്ല് ഞെരിച്ചുകൊണ്ട് അമര്‍ത്തി.  അവള്‍ സങ്കടത്തോടെ അയാളെ നോക്കി. അയാള്‍ അടങ്ങി. പിന്നെ ചോദിച്ചു.

'അവര്‍ രണ്ടോരും  ചത്തു. എന്താ കാര്യം ...?'

'എസ്തപ്പാന്‍ എങ്ങനെ മരിച്ചു...'

'വയസ്സായി മരിച്ചു..'അയാള്‍ ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു. '90 വയസ്സിനുമപ്പുറം ഒരാള്‍ ജീവിക്കേണ്ടതില്ല കൊച്ചേ.....'

എസ്തപ്പാന് അത്രേം പ്രായമുണ്ടാകുമോ...'

അപ്പന്‍ മരിച്ചതിന്റെ  നാലാം നാളാണ് അവള്‍ എസ്തപ്പാനെ അവസാനം കണ്ടത്. അന്ന്  എസ്തപ്പാന്‍ അടുക്കളപ്പുറത്തു വന്നുനിന്നു. പീള വച്ച കണ്ണുകള്‍ കൊണ്ട് എന്നെ കണ്ടു. ആ കണ്ണുകളിലെ ഭാവം വായിച്ചെടുക്കാനെനിക്കായില്ല. ആ കാലത്ത് അവളെ നോക്കുന്നവര്‍ക്കെല്ലാം ഒരേ ഭാവമായിരുന്നു. അപ്പനെ കൊലയ്ക്കു കൊടുത്തവള്‍ക്കുള്ള നിന്ദ നിറഞ്ഞവ, അറിയപ്പെടാത്ത ഒരിടത്ത് ആരോടൊക്കയോ രാപ്പാര്‍ത്ത ഒരു പെണ്ണിനോടുള്ള അവജ്ഞ.അതിനപ്പുറത്തുള്ള നോക്കുകള്‍ അവള്‍ക്കന്യമായിരുന്നു. 

'സോണിക്കൊച്ചിനാ'-ഈറ്റിലയില്‍ പൊതിഞ്ഞ ഒരുപൊതി.

പൊതിനീട്ടുമ്പോള്‍ എസ്തപ്പാന്റെ  കൈകള്‍ വിറച്ചിരുന്നു. പൊതി നിവര്‍ത്തുമ്പോഴേക്കും പുഴുങ്ങി ഉപ്പിട്ട കാരയ്ക്കകളുടെ ഗന്ധം ശ്വാസത്തിലും  രുചി ഉമിനീരിലും കലര്‍ന്നു. അവള്‍ക്കു കരച്ചില്‍ വന്നു.

'അപ്പന്‍ പോയി ...' അവള്‍ വിതുമ്പി. അയാള്‍ ആശ്വസിപ്പിച്ചു. 

'സാരമില്ല ...കഴിക്ക്. എല്‍സ തന്നയച്ചതാ' 

അടുക്കളപ്പടിയില്‍  അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു. 

ഭ്രൂണാവസ്ഥയിലേ  കാരയ്ക്കളുടെ രുചി  രക്തത്തിലേക്കിറങ്ങി ചെന്നതാണെന്ന  ബോദ്ധ്യം അവളില്‍ സ്ഥാപിക്കാനായി, അമ്മയുടെ വ്യാക്കൂണ്‍ കാലത്തെ കഥ പറഞ്ഞുതുടങ്ങുകയും തൊണ്ടയില്‍ നിന്നും അസമയത്ത് കയറി വന്ന ചുമ അയാളുടെ കഥപറച്ചിലിനെ തടസ്സപ്പെടുത്തുകയും ചെയ്തു. മുഴുമിക്കാത്ത കഥയുമായി എണിക്കുമ്പോള്‍ ചുമയുടെ ആയാസം കൊണ്ടോ അവളോടുള്ള അനുതാപംകൊണ്ടോ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാള്‍ വീണ്ടും  ചിരിക്കാന്‍ ശ്രമിച്ചു. അയാളുടെ ചിരിക്ക് പഴയ ഭംഗിയുണ്ടായിരുന്നില്ല. പല്ലുകള്‍ തീരെക്കുറവായിരുന്നു. ഉള്ളവയാകട്ടെ ഊറപിടിച്ച് കറുത്തുപോയതും പൊട്ടിയടര്‍ന്ന് വികൃതമായവയും ആയിരുന്നു. ഉപ്പു പിടിച്ച ഒരു കാര രുചി അപ്പന്റ മരണമേല്പിച്ച  സങ്കടങ്ങളെയുംകൊണ്ട്  വയറ്റിലേക്ക് അമര്‍ന്നു.

എസ്തപ്പാന്‍  ചുണ്ടുപിളര്‍ത്തി, പീലിക്കുന്നിലേക്ക് വിരല്‍ചൂണ്ടി പിന്നെയും എന്തോ പറയാന്‍ തുടങ്ങുകയും വീണ്ടും ചുമയോട് പൊരുതിത്തോല്ക്കുകയും ചെയ്തു. ചുമ മുറിച്ചിട്ട വാക്കുകളെയും ചുമന്ന് ഒരു പത്തലിന്‍മേല്‍  തന്റെ വക്രിച്ച ഉടലിനേയും താങ്ങി അയാള്‍ താഴേക്കിറങ്ങി. അയാളുടെ ചുമ അടുക്കള തിണ്ണയില്‍  പിന്നെയും കുറേ നേരം കൂടി തങ്ങി. ശരിയാണ് എസ്തപ്പാന് മരിക്കാന്‍ പ്രായമായി!  

അവള്‍ ചെറുപ്പക്കാരനെ  നോക്കി മന്ദഹസിച്ചു.അയാളാകട്ടെ പീലിക്കുന്നിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

അവള്‍ക്കഭിമുഖമായി പീലിക്കുന്ന് തലയെടുപ്പോടെ നിന്നു. വെയില്‍ പച്ച പിടിച്ചും തണല്‍ നീലിച്ചും അടിവാരത്തിലേക്കിറങ്ങിപ്പോയി.

'നോക്ക് നോക്ക്...'

അവള്‍ വിരല്‍ ചൂണ്ടി. എന്തു ഭംഗിയാണ്. എവിടെ നിന്നോ വന്ന ഒരു ചാറ്റല്‍മഴ വെയിലിന്റെ പച്ചപ്പിലേക്കും നിഴലിന്റ നീലഛവിയിലേക്കും     സൂചിപോലെ ചിതറി വീണു. അയാളും കണ്ടു. ചന്തമുള്ള മഴ.

മാത്തകം സ്‌കൂളിന്റെ മൈതാനത്തിനും പീലിക്കുന്നിനുമിടയ്ക്ക്  മരങ്ങളുടെ തടുപ്പുണ്ടായിരുന്നില്ല. രണ്ടും ഒരേ നിരപ്പില്‍ പരസ്പരാഭിമുഖമായി നിന്നു. 

അന്നും മഴപെയ്തിറങ്ങിയത് വെയിലിലേക്കായിരുന്നു.കുന്നിന്റെ കാണായ ഇടങ്ങളിലൊക്കെ ചെമ്പകം പൂത്തിരുന്നു. സ്‌കൂള്‍ വരാന്തയിലേക്ക് കാറ്റ് തട്ടിയെറിഞ്ഞിട്ട മഴയ്ക്കും ചെമ്പകത്തിന്റെ മണമായിരുന്നു. അങ്ങനെ സ്‌കൂള്‍  വരാന്തയിലും മഴപെയ്ത  നേരത്താണ് അയാള്‍ അവളെ  ആദ്യമായി ചുംബിച്ചത്. പീലിക്കുന്നിലെ മഴപോലെ കണ്ണില്‍, ചുണ്ടില്‍, മുലകളില്‍, നാഭിയില്‍...അയാളും വീണു ചിതറി.  
 
മഴ...വെയില്‍...നീലയും പച്ചയും ഇടകലര്‍ന്ന താഴ്വാരം. പൂത്തുലഞ്ഞ കാട്ടുവാകകള്‍...

ഏതൊരാണൊരുത്തന്‍ അങ്ങനെ ചെയ്യാന്‍ തുനിഞ്ഞാലും അവള്‍ക്കങ്ങനെയേ ആവുമായിരുന്നുള്ളൂ. 

ഓര്‍മ്മകളില്‍ ആനന്ദിച്ചു, അവള്‍. പീലിക്കുന്നിലേക്ക് കണ്ണുനട്ട് അവള്‍ സംസാരിക്കാന്‍ തുടങ്ങി. അവളുടെ തുറന്നുപറച്ചില്‍ ചെറുപ്പക്കാരനെ ലജ്ജാലുവാക്കി. അത് മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ കൗതുകത്തോടെ അവളെ കേട്ടു.

 

........................................

അയാള്‍ ചേര്‍ത്തു പിടിച്ചു. ഞങ്ങള്‍ രണ്ടാളും ഒരേ മഴ നനഞ്ഞു. അടിവാരവും പട്ടണവും കടന്ന് മഴ നീണ്ടുപോയി.തെരുവോരത്തെ ആ ചെറിയ വീട്ടിലും  മഴയായിരുന്നു. മഴ ശമിച്ചില്ല..

Image courtesy: JerzyGorecki/Pixabay

 

രണ്ട്

''9B യിലെ മാനസയ്ക്ക് പ്രണയലേഖനമെഴുതിയതിന്  ശരത്ചന്ദ്രന്‍ എന്ന പതിനാലു വയസ്സുകാരനെ ഒരു ദിവസം മുഴുവന്‍  ക്‌ളാസിനു വെളിയില്‍ നിര്‍ത്തിയ ടീച്ചറിന്റെ ധാര്‍മ്മികതയെ ഞാനന്നേരം ഓര്‍ത്തില്ല. ഞാന്‍ തളിക്കുന്ന  ശരിവഴികള്‍ക്കായി മുന്നിലിരുന്ന  വിസ്മയനേത്രരായ മാത്തകം സ്‌കൂളിലെ മറ്റ് കുട്ടികളെ ഓര്‍ത്തില്ല, വിഭാര്യത സമ്മാനിച്ച ഏകാന്തതയെ മകളുടെ കളിചിരികളാല്‍ മാത്രം നിറച്ചുകൊണ്ടിരുന്ന ഒരപ്പനെക്കുറിച്ചുമോര്‍ത്തില്ല. ആരേയും ഓര്‍ത്തില്ല. ഒന്നിനേയും ഓര്‍ത്തില്ല.''

മഴ മാത്രമായിരുന്നു. മഴ മാത്രം. സ്‌കൂള്‍ പൂട്ടലിന്റെയന്നും പീലിക്കുന്നില്‍ അങ്ങനെ ഒരു മഴ പെയ്തു.

അയാള്‍ ചോദിച്ചു: 'നിനക്ക് മഴ നനയണ്ടേ ...'

'ഉം..., വേണം....'-ഞാന്‍ പറഞ്ഞു. 

'വരൂ'

അയാള്‍ ചേര്‍ത്തു പിടിച്ചു. ഞങ്ങള്‍ രണ്ടാളും ഒരേ മഴ നനഞ്ഞു. അടിവാരവും പട്ടണവും കടന്ന് മഴ നീണ്ടുപോയി.തെരുവോരത്തെ ആ ചെറിയ വീട്ടിലും  മഴയായിരുന്നു. മഴ ശമിച്ചില്ല.. നിര്‍ത്താതെ പെയ്തു. തൊണ്ണൂറ് രാവും തൊണ്ണൂറ് പകലും. മഴ പെയ്യാന്‍ വെമ്പി നിന്ന തൊണ്ണൂറ്റിയൊന്നാമത്തെ പകലിലാണ് ഒക്കത്ത്  ചാളുവ ഒലിച്ചുകൊണ്ടിരുന്ന ഒരാണ്‍ കട്ടിയെ ഒക്കത്തേറ്റി ആ സ്ത്രീ വന്നത്. ശോഷിച്ച വിരലുകളും വിളര്‍ത്ത മുഖവുമുള്ള  പെണ്‍കുട്ടിയെ അവര്‍ ഉടലോട് ചേര്‍ത്തു പിടിച്ചിരുന്നു. അവളുടെ ഉടുപ്പുകള്‍ കരമ്പന്‍ പിടിച്ച് വൃത്തികേടായിരുന്നു. നഖമടര്‍ന്ന്  വികൃതമായ  വിരലുകള്‍ കൊണ്ട് ആ കുട്ടിയുടെ  എണ്ണമയമില്ലാത്ത മുടിയിഴകളീല്‍ തലോടി അവര്‍ നിന്നു. 

മുഷിഞ്ഞ സാരി... കറുപ്പു പടര്‍ന്ന കണ്‍തടങ്ങള്‍...

അയാളുടെ ഭാര്യയെന്ന് അവര്‍ സ്വയം പരിചയപ്പെടുത്താതിരുന്നെങ്കില്‍ ഊരു തെണ്ടാനിറങ്ങിയ നാടോടി സ്ത്രീയെന്നുകരുതി അഞ്ചിന്റെയോ പത്തിന്റെയോ തുട്ടുകളെറിഞ്ഞുകൊടുത്ത് ഞാന്‍ അവരെ ഒഴിവാക്കിയേനെ. അയാളുടെ ഭാര്യയാണെന്ന അവകാശ വാദം അവരുയര്‍ത്തിയതും  ആ വീട്ടിലെ വെളിച്ചം കുറഞ്ഞ വൈദ്യുത വിളക്കുകളേയും അഴുക്കും കറയും പിടിച്ച ചുവരുകളെയും പഴക്കം കൊണ്ട് പശിമ നഷ്ടപ്പെട്ട കിടക്കകളെയും കുറിച്ച് ഞാനോര്‍ത്തു. ഈ സ്ത്രീയുടെ വിയര്‍പ്പ് വീണ് മെഴുക്കുപിടിച്ച കിടക്കയിലാണല്ലോ ഞാനിത്രനാളും അയാളോടൊപ്പം ഉറങ്ങിയുണര്‍ന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ചര്‍ദ്ദിക്കണമെന്നുതോന്നി.

ഒരു കുറ്റക്കാരനെപ്പോലെ അവര്‍ക്കുമുന്നില്‍ അയാളുടെ തലതാണുപോയിരുന്നു.പക്ഷെ എനിക്കുമുന്നില്‍ അയാളുടെ  തലകുനിഞ്ഞില്ല. ആത്മനിന്ദയോടെ അയാള്‍ക്കു മുന്നില്‍ പരാജിതയായി ഞാന്‍നിന്നു.   
 
ആ പെണ്‍കുട്ടിയും അവരുടെ ഒക്കത്തിരുന്ന  ആണ്‍കുട്ടിയും  വിസ്മയത്തോടെ എന്നെ നോക്കി. ആ സ്ത്രീ ദൈന്യതയോടെയും. എന്റെ തല താണുപോയിരുന്നു. ചെല്ലപ്പന്‍ഞ്ചാരിയുടെ മൂശയില്‍ ഉരുകിത്തിളച്ച തനിത്തങ്കത്തിന്റെ എട്ടു പൂണുവളകള്‍, അപ്പന്‍ പണിയിച്ചു തന്നത്, അവര്‍ക്കു സമ്മാനിച്ച് ഞാന്‍ പുറപ്പെടാനിറങ്ങി. .കൂടെ കൊണ്ടുപോരാന്‍ 9-ാം ക്ലാസിലെ ചരിത്ര പാഠപുസ്തകവും ഒരു ചെറിയ ഹാന്‍ഡ്ബാഗുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു, എനിക്ക്. ഉപേക്ഷിക്കാനാണെങ്കില്‍ ഏറെയും.

'പട്ടണത്തിലാക്കാം..'

അയാള്‍ പറഞ്ഞു.  

'വേണ്ട  ഞാന്‍ പൊയ്‌ക്കൊള്ളാം..'

യാത്ര പറച്ചിലുണ്ടായില്ല.  ഓട്ടോയ്ക്കായി കാത്തു നിന്ന നേരത്തിനിടയില്‍ കുട്ടികള്‍ അയാളുടെ മേത്തേക്ക് ചാടിക്കയറുന്നതും താടിയിലും മുടിയിലും ഇക്കിളി കൂട്ടുന്നതും അയാള്‍ അവരെ തള്ളി മാറ്റാന്‍ ശ്രമിക്കുന്നതും 'അച്ഛാ അച്ഛാ'യെന്ന് വിളിച്ച് വീണ്ടും  കളി തുടങ്ങുന്നതും   അയാള്‍ ഉറക്കെ ഉറക്കെ ചിരിക്കുന്നതും എനിക്ക് കാണാമായിരുന്നു.

മഴ പെയ്ത് തോര്‍ന്നിരുന്ന  ദിവസമാണ് മാത്തകത്ത്  ഞാനെത്തിയത്. വഴിമരങ്ങള്‍ തോര്‍ന്നിരുന്നില്ല. അവ കരയുകയാണെന്നുപോലും എനിക്ക് തോന്നി. മഴയൊലിച്ച്  അവ്യക്തമായ ചരമ പോസ്റ്ററുകള്‍ തൂണുകളിലും മരങ്ങളിലും പതിഞ്ഞിരുന്നു. സ്‌കൂള്‍ ജംഗ്ഷനില്‍ ഒരു ബഹു വര്‍ണ്ണഫ്‌ളക്‌സില്‍ ആദരാഞ്ജലികളേറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന അപ്പനെ കാണുന്നതു വരേയ്ക്കും മഴയെടുത്തുപോയത് എന്റെ അപ്പന്റെ മുഖമായിരുന്നെന്ന് ഞാനറിഞ്ഞില്ല. 

'അപ്പന്‍ എങ്ങനെ മരിച്ചു?'

മറുപടി ഉണ്ടായില്ല. തോട്ടത്തില്‍ വീട്ടിലും  എന്റെ ചോദ്യം കേട്ടതായി ആരും ഭാവിച്ചില്ല. 

എന്റെ വരവ് ഇഷ്ടമാകാതെ പടിയിറങ്ങുമ്പോള്‍ സാറാമ്മച്ചി  പല്ലുഞെരിച്ചു. ജയിംസും ജോണിയും കൊച്ചാപ്പനും വെറുപ്പോടെ മുഖം  തിരിച്ചു. യാത്രപോലും പറയാന്‍ നില്ക്കാതെ   വീടു വിട്ടു. 

അപ്പന്‍ മരിച്ച് ഏഴാം നാളിലാണ് കാപ്പിരി മുത്തിയെ ആളയച്ച് വരുത്തിയത്: 'ഞാങ്ക ള് തന്നെ വേണോ ചെല്ലാ....'

'വേണം...'

മുത്തി ഏങ്ങലടിച്ചു കരഞ്ഞു. എനിക്ക് കരച്ചില്‍ വന്നില്ല. കൊഴുത്ത പച്ചിലച്ചാര്‍ മണ്‍കോപ്പയില്‍ നിന്നും വായിലേക്ക് ചരിക്കുമ്പോള്‍ ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് തികട്ടിവന്നു. മുത്തിയുടെ കറുത്ത വിരലുകള്‍ ചുണ്ടുകളെ  കോട്ടിപ്പിടിച്ചു. അവര്‍ തോര്‍ത്തിന്റെ കോന്തല കൊണ്ട് കണ്ണും മൂക്കും അമര്‍ത്തി തുടച്ചു. അന്നനാളവും ആമാശയവും കടന്ന് അത് അടിവയറ്റിലെത്തി അവിടം  ഇളക്കി മറിച്ചു.

അയാള്‍ ഇറ്റിച്ച പ്രണയത്തിന്റെ ചാറിന് മുത്തിയുടെ പച്ചിലച്ചാറിനോളം ശക്തിയുണ്ടായിരുന്നില്ല. ഞാന്‍ എല്ലാ സമ്മര്‍ദ്ദത്തോടെയും എന്നത്തന്നെ    ചുരുക്കാന്‍ ആരംഭിച്ചു. മാംസവും പേശിയും  മാത്രമുള്ള  ഒരു ഗോളമായി  ഞാന്‍ ചുരുങ്ങി. പിന്നെ ചുരുണ്ടു.  അയാളുടെ പ്രണയം ഞാന്‍ നിലത്തേക്ക് തള്ളി വീഴ്ത്തി. ചോരയും മാംസക്കഷണങ്ങളുമായി അത്  നിലത്ത് വീണ് ചിതറി. പിന്നെ ഞാന്‍ പെരുത്തു. നിവര്‍ന്നു നിവര്‍ന്ന് ഞാന്‍  നീണ്ടു.  കൈകള്‍ വിടര്‍ത്തി, കാലുകള്‍ കവച്ച് വച്ച്  ഞാന്‍   വെറും നിലത്തു കിടന്നു. പീലിക്കുന്നിന്റെ പച്ചപ്പിലേക്ക് മൂപ്പെത്താത്ത ഒരാത്മാവ് കൂടി ചെന്നെത്തി.എന്റെ അപ്പനും ചെമ്പിയും അവളുടെ മകളും ചേര്‍ന്ന് അതിനെ ആനയിച്ചു. പൂത്തുമ്പികളും  ശലഭങ്ങളും അതിനെ സന്തോഷിപ്പിച്ചു. മരങ്ങളില്‍  നിന്നും മരങ്ങളിലേക്ക്  ചാടിക്കളിച്ച അണ്ണാറക്കണ്ണന്‍ മാമ്പഴങ്ങളും കാരയ്ക്കകളും  പൊഴിച്ചിട്ടു. ഞാന്‍ പ്രണയ നിരാസത്തിന്റെ ആനന്ദമൂര്‍ച്ഛയിലായിരുന്നു.

അതിന്റെ അഞ്ചാം നാളാണ് ഈറ്റിലയില്‍ പൊതിഞ്ഞെടുത്ത കാരയ്ക്കകളുമായി എത്തപ്പാന്‍ എന്നെ തേടി വന്നത്.

എസ്തപ്പാന് എന്നെക്കാണാനുള്ള അനുവാദമുണ്ടായില്ല. അയാള്‍  ചുമയ്ക്കുന്നതിന്റെ ഒച്ച  പുറത്തെവിടെയോ കേട്ടിരുന്നു. കാരയ്ക്കകള്‍ ഇപ്പോള്‍ കഴിക്കേണ്ടതല്ലായെന്ന് കാപ്പിരി മുത്തി ചട്ടം പറഞ്ഞു. ഞാന്‍ ശാഠ്യം പിടിച്ചു.  മുത്തി  പൊതി വിടര്‍ത്തി. പുഴുങ്ങി ഉപ്പിട്ട കാരയ്ക്കകള്‍ കണ്ടപ്പോള്‍ പിന്നെയും ഞാന്‍  കരഞ്ഞു. മെഴുക്കുപുരണ്ട തലയിണകള്‍. വേര്‍പ്പ് മണക്കുന്ന കിടക്കകള്‍. തെളിച്ചം തീരെ  കുറഞ്ഞ വൈദ്യുത വിളക്കുകള്‍. മഴയൊഴുക്കില്‍ മുഖമൊഴുകിപ്പോയ എന്റെ അപ്പന്‍, സ്വയം  വലിഞ്ഞുമുറുകി എന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്നും ഞാന്‍ തന്നെ പൊട്ടിച്ചെറിഞ്ഞ  ജീവന്റെ ഒരു തന്ത്രി. ഞാന്‍  ഏങ്ങലടിച്ചു കരഞ്ഞു.
 
പിന്നേ കുറേക്കാലത്തേയ്ക്ക് വരള്‍ച്ചയായിരുന്നു. പീലിക്കുന്നിലെ പച്ചപ്പുകളെയെല്ലാം വിഴുങ്ങിയിട്ടും വേനലിന്റെ ആര്‍ത്തിയടങ്ങിയില്ല.  വെയില്‍ കുടിച്ച് വരണ്ടുപോയ  പുല്‍നാമ്പുകള്‍ പച്ചപ്പൊഴിഞ്ഞ് പാറകളുടെ ചൂടില്‍ ഉഷ്ണിച്ചു. 

മുറിച്ചുമാറ്റാന്‍ പാകമായ വലിയ മരങ്ങളെ തിരഞ്ഞായിരുന്നു മറ്റയാള്‍ എത്തിയത്. അയാള്‍ എത്തി ഏഴാം നാള്‍ വരേയ്ക്കും പീലിക്കുന്ന്  അങ്ങനെ വരണ്ടു കിടന്നു. വിരലുകളിലെ കല്ല് മോതിരങ്ങളും സ്വര്‍ണ്ണവാച്ചും  ബ്രേസ്‌ലെറ്റും. എന്റെ കാമുക സങ്കല്പങ്ങള്‍ക്ക് തീരെ യോജിച്ചതായിരുന്നില്ല. എന്നിട്ടും, വെയില്‍ വരള്‍ച്ചയിലേക്ക് പെയ്തിറങ്ങിയ മഴ ചിതറി വീണത് എന്റെ മേത്തേക്കായിരുന്നു. ഇനിയുള്ള മഴകള്‍ ഒരുമിച്ച് നനയാമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല. പിന്നെ കുറേക്കാലത്തേക്ക് പീലിക്കുന്ന് നനഞ്ഞുതന്നെ നിന്നു.

വിതച്ചവയൊക്കെയും പാറമേലായതിനാലാണ് മുളയ്ക്കാതെ പോയതെന്ന് പറഞ്ഞ് മഴയൊടുങ്ങുമ്പോഴൊക്കെ അയാള്‍ പരിതപിച്ചു. പീലി ക്കുന്നിന്റെ പച്ചപ്പില്‍ പൂവുകള്‍ക്കും പൂമ്പാറ്റകള്‍ക്കുമിടയില്‍ പാറി നടക്കുന്ന ഒരു ഭ്രൂണത്തെ വാശിയോടെ ഓര്‍ത്തുകൊണ്ട് പാഴ്‌വിത്തുകള്‍ പുഷ്ടിയുള്ള മണ്ണിലും കിളിര്‍ക്കില്ലായെന്ന് ഓര്‍മ്മപ്പെടുത്തി ഞാനയാളുടെ പരിതാപത്തെ ചിരിച്ചുതള്ളി. ചിലപ്പോഴൊക്കെ അടിവാരത്തിലെ ഇളക്കമുള്ള  മണ്ണില്‍  വിതയ്ക്കാന്‍ ആക്രോശിച്ചു. പക്ഷെ തോട്ടത്തിലെ മുറിക്കാന്‍ പാകതയെത്തിയ മരങ്ങളുടെ മുഴുപ്പും മിനുസവും  എന്നോട് ക്ഷമിക്കാന്‍ അയാളെ പ്രേരിപ്പിച്ചു.

ഒരു തെളിഞ്ഞ പകലിലേക്കാണ് അയാളെത്തേടി ആ യുവാവ് പടി കയറി വന്നത്. വാതില്ക്കല്‍ നിന്ന് അവന്‍ ചിരിച്ചു. അവന്‍  ചിരിക്കുമ്പോള്‍ ഇടത്തും വലത്തുമായി  തെറ്റു പല്ലുകള്‍ വെളിപ്പെട്ടു. വലത്തേ കവിളില്‍ നുണക്കുഴി തെളിഞ്ഞു വന്നു. ഞാന്‍ അയാളെ നോക്കി. അയാളും ചിരിക്കുകയായിരുന്നു, വിളറിയ ചിരി. എങ്കിലും ആ ചിരിയില്‍ അയാളുടെ തെറ്റു പല്ലുകള്‍  വെളിപ്പെടുകയും നുണക്കുഴി തെളിയുകയും ചെയ്തു. പത്തു വര്‍ഷങ്ങളില്‍ തോന്നാത്ത ഒരു അരക്ഷിതാവസ്ഥ പൊടുന്നനെ എന്നെ പൊതിഞ്ഞു തുടങ്ങി. ഇടയ്‌ക്കൊക്കെ അയാളെ തിരഞ്ഞ് ആരൊക്കെയോ എത്തിയിരുന്നു. അന്നൊന്നും എനിക്കിങ്ങനെ തോന്നിയില്ല. ചിരിക്കാന്‍ ശ്രമിച്ചു.
        
'ആരാണ്...?'

മറുപടി ഉണ്ടായില്ല.

റോഡിലേക്കിറങ്ങുന്ന പായല്‍ പിടിച്ച പടിക്കെട്ടിലിരുന്ന് അവര്‍ ഏറെ  വര്‍ത്തമാനം പറഞ്ഞു. ഊണ് കാലമായിട്ടും പിരിയാതെ വര്‍ത്തമാനം തുടര്‍ന്നു.

'ആരാണത്.........?'
  
മറുപടി കിട്ടാത്ത എന്റെ ചോദ്യം പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെട്ടു.

അയാള്‍ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ നിന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കൂടെ ബിസിനസ് ചെയ്ത കൂട്ടുകാരന്റെ മകനാണെന്നും കാശ് കടം വാങ്ങാന്‍ വന്നതാണെന്നും  പറഞ്ഞു.  

അതിന്റെ മൂന്നാം നാള്‍ പ്രാതലിന് ശേഷം അയാള്‍ തന്റെ വലിയ തുകല്‍ പെട്ടിയില്‍  ഉടുപ്പുകളും വേഷ്ടികളും അടുക്കി വെയ്ക്കാനാരംഭിച്ചു. യാത്ര എവിടേക്കാണെന്നു ചോദിച്ചില്ല. അയാളുടെ ആ യാത്ര എനിക്ക് അപ്രതീക്ഷിതമായിരുന്നുമില്ല. പിതൃത്വത്തെ അടയാളപ്പെടുത്തിയ അവന്റെ ചിരി എന്റെ മനസ്സിനെ യാത്രപറച്ചിലിന് പരുവപ്പെടുത്തിയിരുന്നു. പോകരുതെന്ന് ഞാന്‍ പറയാതിരിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നിരിക്കണം. ഞാനയാളെ തടുത്തില്ല. അയാളെ എന്നിലേക്ക് കോര്‍ത്തിടാന്‍ എനിക്കുണ്ടായിരുന്നത്  തോട്ടത്തിലെ മുഴുപ്പും മിനുസവുമുള്ള കുറേ മരങ്ങള്‍ മാത്രമായിരുന്നു. 

തുകയെഴുതാത്ത ഒരു ചെക്ക് ലീഫ് അയാളുടെ തുകല്‍പ്പെട്ടിക്ക് മുകളില്‍ വച്ച് ഞാന്‍ ഔദാര്യം കാട്ടി: 'ഇതു കൂടി എടുത്തുകൊള്ളൂ.കാശിന് ആവശ്യം വരും.'

നിസ്സംഗയായി ഞാന്‍ മാറി നിന്നു. യാത്ര പറയാന്‍ നേരം എന്റെ നെറ്റിയില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചു.പത്തുവര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും   അയാള്‍ ഇത്രമേല്‍ ഊഷ്മളമായി എന്നെ ചുംബിച്ചിരുന്നില്ല.

'ഞാന്‍ വരാം... ഇടയ്‌ക്കൊക്കെ'

അയാള്‍ വികാരഭരിതനായി. 

'എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം...'

'ഉം...'

വ്യര്‍ത്ഥമായ വാഗ്ദാനത്തിന് അത്ര ദീര്‍ഘമായ ഒരു മൂളല്‍ വേണ്ടായിരുന്നുവെന്നു  തോന്നി. അയാളുടെ മുഖം വാടിയിരുന്നു. ചിലപ്പോള്‍ കരഞ്ഞേക്കുമെന്നും തോന്നി. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല... ഞാന്‍ എന്നെ കൂടുതല്‍ സന്തോഷവതിയാക്കാന്‍ ശ്രമിച്ചു.

'ഞാനെങ്ങോട്ടാണെന്ന് നീ ചോദിക്കാത്തതെന്താ...'

എനിക്കു ചിരി വന്നു.  ചിരിച്ചു കൈവീശിക്കാണിച്ച് ഞാന്‍ അയാളെ യാത്രയാക്കി. അയാളുടെ വണ്ടി അടിവാരത്തിലേക്കുള്ള റോഡ് തിരിയും വരെയും ഞാനതു തുടര്‍ന്നു. 
            
ഉച്ചയൂണിനിരിക്കുമ്പോഴാണ് ഊണുമേശയിലെ ഉപ്പു ഭരണിക്കടിയില്‍ ആ ചെക്ക് ലീഫ് കണ്ടത്. അയാള്‍ അത് നാലായി മടക്കി ഭദ്രമായി വച്ചിരുന്നു. ഞാന്‍ തളര്‍ന്നു. എനിക്ക് കരയാന്‍ തോന്നി. ഞാന്‍ വാവിട്ട് നിലവിളിച്ചു. തെക്കു നിന്നെത്തിയ ഒരു കാറ്റ് എന്റെ കരച്ചിലിനെ കവര്‍ന്നെടുത്തു. ഒരു  കരിമ്പടം പോലെ  പീലിക്കുന്നിന് മേലേക്ക് വലിച്ചെറിഞ്ഞു. പീലിക്കുന്ന് കറുത്തു. പിന്നെ പെയ്യാന്‍ തുടങ്ങി. കുന്നിറങ്ങി അടിവാരത്തില്‍ തട്ടിച്ചിതറി പടിക്കെട്ട് കയറി മഴ വന്നു. മിന്നലെരിച്ച്, മരത്തലപ്പുകളെ ഉലച്ച് മഴ വന്നു. എനിക്ക് മഴ നനയണമെന്നു തോന്നി. 

തനിച്ചായവളുടെ സ്വാതന്ത്ര്യം!

ഞാന്‍ മഴയിലേക്കിറങ്ങി. അയാള്‍ ബാക്കി വച്ച ആ പകല്‍ മുഴുവന്‍  ആ രാത്രി മുഴുവന്‍ ഞാന്‍ നനഞ്ഞു. 

മഴയടങ്ങി. എന്നിട്ടും ഉള്ളിലെ വേനല്‍ ശമിച്ചില്ല. പിന്നെയും മഴയില്ലാത്ത രണ്ട് ദിനരാത്രങ്ങള്‍. ഞാന്‍ കാപ്പിരി മുത്തിയെപ്പറ്റി ഓര്‍ത്തു.എസ്തപ്പാനെക്കുറിച്ചോര്‍ത്തു, അപ്പനെയും ചെമ്പിയേയും കുറിച്ചോര്‍ത്തു. ഭൂമിയില്‍ പിറക്കും മുമ്പേ പീലിക്കുന്നിന്റെ ഹരിത സമൃദ്ധിയിലേക്ക് മരണാനന്തരജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട രണ്ട് ഭ്രൂണാത്മാവുകളെക്കുറിച്ചോര്‍ത്തു.'' 

 

......................................

മരത്തലപ്പുകള്‍ക്ക് മേലേക്കും മാത്രം പെയ്തു കൊണ്ടിരുന്ന ഒരു മഴ അവള്‍ക്ക് മേലേക്ക് ആദ്യം തുള്ളികളായും പിന്നെ നൂലുകളായും പെയ്തിറങ്ങുന്നതും പിന്നെ അവളെത്തന്നെ മൂടുന്ന കണക്കേ ആര്‍ത്തലച്ച് പെയ്യുന്നതും അവള്‍ തന്നെ മഴയായി മാറുന്നതും അയാള്‍ നോക്കിയിരുന്നു. 

Image courtesy: Pixabay

 

മൂന്ന് 

പറഞ്ഞുപറഞ്ഞ് പെയ്ത് തീര്‍ന്നപ്പോള്‍, അവള്‍ നിശ്വസിച്ചു. 

'കഥയവസാനിച്ചോ.....'

അവള്‍ അതിനു മറുപടി നല്‍കിയില്ല. കുറച്ചുനേരം ആലോചനയില്‍ മുഴുകി.

പിന്നെ പൊടുന്നനേ ചോദിച്ചു: 'ഇപ്പോ ഇവ്‌ടെ പുഴുങ്ങി ഉപ്പിട്ട കാരയ്ക്കകള്‍  ഉണ്ടോ?'

'തടിക്കച്ചവടക്കാരന്‍ പണി തന്നോ കൊച്ചേ..'

അയാള്‍ പരിഹസിച്ചു. നിസ്സഹായതോടെ അയാളെ നോക്കുകമാത്രം ചെയ്തു. 

ഏറെ നേരമെടുത്ത് അവള്‍ പറഞ്ഞു: 'അയാള്‍ വിതച്ചത് പാറമേലായിരുന്നു. അത് മുളച്ചില്ല'
  
'മുളച്ചാലും ....'
 
അയാള്‍ അര്‍ത്ഥ ഗര്‍ഭമായി നിര്‍ത്തി. 'കാപ്പിരി മുത്തിയും പോയല്ലോ...''പിന്നെയും അയാള്‍ പരിഹസിച്ചു.

അങ്ങനെ ഉണ്ടായിരുന്നെങ്കിലും, ഉപ്പുഭരണിക്കടിയില്‍ ഉപേക്ഷിച്ചുപോയ നാലായി മടക്കിയ നിരാസത്തിന്റെ ഒരു തുണ്ട് കടലാസ്, നെറ്റിയിലെ നനവാര്‍ന്ന ഒരു ചുംബനം. എനിക്കതിനാവുമായിരുന്നോ, വെറും രക്തവും മാംസവുമായി ഈ പ്രണയത്തെയും ചോര്‍ത്തിക്കളയാന്‍?

ആനന്ദത്തോടെ പകയോടെ തിരസ്‌ക്കരിച്ച് ആനന്ദിക്കാന്‍ ഒന്നുമില്ലാതായി. ഏറെ നേരം അവള്‍ നിശ്ശബ്ദയായി. അയാളാകട്ടെ  പീലിക്കുന്നിന്റെ വെയിലിലേക്ക് ചാഞ്ഞുപെയ്യുന്ന സൂചിമഴയെ കാണുകയായിരുന്നു. അയാള്‍ അവിടേക്ക് വിരല്‍ ചൂണ്ടി.

'നോക്ക്, നോക്ക്, മഴ. പീലിക്കുന്നില് മഴ പെയ്യ്ണ്.'

അവള്‍ ആ മഴ കണ്ടില്ല. എസ്തപ്പാന്റെ മണ്‍കൂരയെ പൊതിഞ്ഞു നിന്ന അസംഖ്യം മരത്തലപ്പുകളിലേക്ക് കണ്ണോടിച്ചു. പിന്നെ അയാള്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ ചോദിച്ചു: 'ഇവിടൊരു വലിയ കാരമരം ഉണ്ടായിരുന്നില്ലേ..'

അയാള്‍ക്കങ്ങനെയൊരു മരത്തെ  ഓര്‍ത്തെടുക്കാനായില്ല. 

'അതും മരിച്ചു പോയോ...'

തീരെ നേര്‍ത്തതെങ്കിലും ഉറച്ച ശബ്ദത്തില്‍ അവള്‍ ചോദിച്ചു.

മരങ്ങളുടെ മരണം, അയാളെ സംബന്ധിച്ചിടത്തോളം പുതിയ ചിന്താവിഷയമായിരുന്നു. മരങ്ങളുടെ ജീവന്‍. മാത്തകത്ത്  മരിച്ചുപോയ എണ്ണമറ്റ മരങ്ങള്‍. അവയുടെ ആത്മാവുകള്‍. അയാള്‍ക്ക് രസം തോന്നി.  

അയാള്‍ അവള്‍ പറഞ്ഞ  മരിച്ചുപോയ ഒരു മരത്തെ ഓര്‍മ്മയില്‍ പരതിക്കൊണ്ടിരുന്നു. വെയില്‍ പകര്‍ച്ചയില്‍ നീലിച്ചുപോയ  മരത്തലപ്പുകളില്‍ നിന്നും അതിനെ മാത്രം കണ്ടെടുക്കാന്‍ അയാള്‍ പരിശ്രമിച്ചു. അയാള്‍ക്കതിനായില്ല. അവള്‍ വീടിനു ചുറ്റും അതിനെ പരതി മടുത്ത്  തിണ്ണയിലിരുന്ന് കിതപ്പാറ്റി. പിന്നെ കരയാന്‍ തുടങ്ങി, ഉറക്കെ ഉറക്കെ. 

വൃക്ഷമരണങ്ങളുടെ സമസ്യയില്‍ നിന്നും അയാള്‍ മുക്തനായി.അവളോട് അലിവാര്‍ന്നു. ആശ്വാസവാക്കുകള്‍ക്കൊന്നും അവള്‍ വഴങ്ങിയില്ല. അയാള്‍ നിസ്സഹായതയോടെ അവളെ നോക്കി. ഏറെ നേരം അവള്‍ അങ്ങനെ തന്നെയിരുന്നു. പിന്നെ ഒന്നും മിണ്ടാതെ  കല്ലൊതുക്കുകളിലൂടെ താഴേക്കിറങ്ങി. 

മരത്തലപ്പുകള്‍ക്ക് മേലേക്കും മാത്രം പെയ്തു കൊണ്ടിരുന്ന ഒരു മഴ അവള്‍ക്ക് മേലേക്ക് ആദ്യം തുള്ളികളായും പിന്നെ നൂലുകളായും പെയ്തിറങ്ങുന്നതും പിന്നെ അവളെത്തന്നെ മൂടുന്ന കണക്കേ ആര്‍ത്തലച്ച് പെയ്യുന്നതും അവള്‍ തന്നെ മഴയായി മാറുന്നതും അയാള്‍ നോക്കിയിരുന്നു. 

പീലിക്കുന്നില്‍ വെയിലിലേക്ക് ചാഞ്ഞൊരു സൂചി  മഴ പെയ്തു. ഒരു ഒറ്റ മരംമാത്രം കുന്നിന്റെ പച്ചപ്പില്‍ വേരുകളാഴ്ത്തി നിന്നു. പിന്നെ മഴയിലേക്ക് മുഖമമര്‍ത്താനുള്ള വെമ്പലോടെ അത് നീലിച്ച ആകാശത്തിലേക്ക് ചില്ലകള്‍ പടര്‍ത്തി. 

click me!