Malayalam Short Story ; പഞ്ചവര്‍ണ്ണക്കിളി, സരിത സുനില്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 10, 2023, 4:47 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പഞ്ചവര്‍ണ്ണക്കിളി,  സരിത സുനില്‍ എഴുതിയ ചെറുകഥ

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

പുതിയതായി താമസം മാറിയ വീടിന്റെ അടുക്കള ജനലരികിലുള്ള പേരമരത്തില്‍ നിറയെ തത്തകള്‍ പറന്നു വന്നിരിയ്ക്കുന്നത് അവള്‍ വല്ലാത്ത  കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. എത്ര  കണ്ടാലും അവള്‍ക്കു മതി വരാത്ത  കാഴ്ച. പതിയെ പതിയെ അതിലൊരു തത്ത അവളുടെ ജനാലക്കല്‍ ദിവസവും അതിഥിയായെത്താന്‍ തുടങ്ങി. ആദ്യമാദ്യം അവളുടെ ശബ്ദം കേള്‍ക്കുമ്പോഴത് പറന്നു പോയി. പിന്നീട് അവളുടെ മനസ്സു മനസ്സിലാക്കിയ പോലെ അതവിടിരിക്കാന്‍ തുടങ്ങി. തന്റെ  ജോലികള്‍ക്കിടയിലും അവളതിനോടു കിന്നാരം പറഞ്ഞു. 

എന്തൊക്കെയോ മനസ്സിലായ പോലെ അതവളേയും നോക്കിയിരിക്കും. അവിടുന്നു തുടങ്ങി, തത്തയും അവളും തമ്മിലുള്ള ആത്മബന്ധം.

മറ്റാരുടെ കാലടി ശബ്ദം കേട്ടാലും അതു ഭയന്നു മാറും. പക്ഷേ അവളെ ക്കാണാനെന്നപോലെ എന്നുമെത്തും. ചുണ്ടില്‍  ഗോതമ്പുമണികളോ പേരയ്ക്കാകുരുവോ എന്തെങ്കിലും അവള്‍ക്കായി കരുതും. അവള്‍ ഏതെങ്കിലും ധാന്യങ്ങള്‍ ജനല്‍പ്പടിയില്‍ തത്തയ്ക്കായും നീക്കി വയ്ക്കും.

അവളുടെ മുഷിപ്പിക്കുന്ന ഏകാന്തതയില്‍ തത്തയവള്‍ക്കു കൂട്ടായി. ഒരുപക്ഷേ ഇതു കഴിഞ്ഞ ജന്മത്തില്‍ തന്റെ ആരെങ്കിലുമായിരുന്നിരിയ്ക്കാം എന്നൊക്കെയവള്‍ ചിന്തിച്ചു കൂട്ടി. അവളിലെ കുട്ടി, ഇടയ്ക്കിടെ തത്തയോടു കലപില കൂട്ടുമ്പോള്‍, അവളറിയാതെ ചിരിക്കാന്‍ തുടങ്ങി. എവിടെയോ കൈമോശം വന്ന തന്റെ ബാല്യം അവള്‍ക്കു തിരികെ കിട്ടിയപോലെ.

മക്കളെകുറിച്ചുള്ള ആവലാതികള്‍, കാലഘട്ടത്തിനനുസരിച്ചു മക്കളിലെ മാറ്റങ്ങള്‍, അവളുടെ ചെറിയ ചെറിയ ഭ്രാന്തുകള്‍, എന്നോ ഒരിയ്ക്കല്‍ കമ്പികള്‍ പൊട്ടിപ്പോയപ്പോള്‍ മുറിയുടെ മൂലയ്ക്കു മാറ്റി വയ്ക്കപ്പെട്ട തന്റെ പ്രിയപ്പെട്ട വീണ, അലമാരയ്ക്കുള്ളില്‍ ഭഭ്രമായി ഫയലില്‍ സൂക്ഷിച്ചിരിക്കുന്നസംഗീതത്തിലും കവിതാലാപനത്തിലും അവള്‍ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍, തലേന്നു രാത്രിയില്‍ കണ്ട ഭയപ്പെടുത്തുന്ന സ്വപനം, അങ്ങനെയങ്ങനെ കുന്നോളം കാര്യങ്ങളവളുടേതായി തത്തമ്മ കേട്ടിട്ടുണ്ടാകാം.

ഇടയ്ക്കിടെ വാലാട്ടിയും തലയനക്കിയും കണ്ണുചിമ്മിയും അതവളെ പ്രോത്സാഹിപ്പിക്കും.

പലനിറത്തിലുള്ള കുപ്പിവളകളകണിഞ്ഞിരുന്ന തന്നെ സ്‌കൂളിലെ ആണ്‍കുട്ടികള്‍ കളിയാക്കി വിളിച്ചിരുന്ന പേര് പഞ്ചവര്‍ണ്ണക്കിളി എന്നായിരുന്നുവെന്ന് ഒരു പൊട്ടിച്ചിരിയോടെയാണവള്‍  പറഞ്ഞത്.

കുറേ യാന്ത്രികതകള്‍ക്കിടയില്‍ സ്വയം നഷ്ടമായതില്‍പ്പിന്നെ അവളൊരിക്കലും കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചിരുന്നില്ല. കണ്ണിനടിയിലെ കരുവാളിച്ച പാടു നോക്കി സങ്കടപ്പെട്ടിരുന്നില്ല. തലമുടിയിലെ വെള്ളി വരകളില്‍ ദുഖിച്ചില്ല. പക്ഷേ പുതിയ കൂട്ടുകെട്ടവള്‍ക്കു വല്ലാത്ത സന്തോഷം നല്‍കി. അവളറിയാതെ അവളിലെന്തൊക്കെയോ മാറ്റം വന്നു.

സ്വതവേ മൂഡിയായ, അധികം സംസാരിയ്ക്കാത്ത അവളിലെ മാറ്റം ഭര്‍ത്താവിലും മക്കളിലും അത്ഭുതമായി.

അവള്‍ തത്തയോടു സംസാരിയ്ക്കുമ്പോള്‍ അവര്‍ കളിയാക്കി ചിരിയ്ക്കും. 'ഈ അമ്മയ്ക്കിതെന്താ പറ്റിയേ, ആ തത്തയ്‌ക്കെന്തു മനസ്സിലാകാനാ?'

മകളുടെ ചോദ്യത്തിന് ഒരു ചിരി മാത്രം മറുപടി നല്‍കിയവള്‍. അല്ലെങ്കിലും മകള്‍ക്കതിന്റെ മറുപടി ആവശ്യവുമായിരുന്നില്ല. മൊബൈലിലെ അടുത്ത നോട്ടിഫിക്കേഷനില്‍ കണ്ണുകള്‍ പരതിയവള്‍ നടന്നു പോയി.

മകന്‍ പക്ഷേ അമ്മയെ കുറച്ചു കൂടി മനസ്സിലാക്കിയ പോലെ ഇടയ്ക്കിടെ അമ്മയോടൊപ്പം തത്തയെ വീക്ഷിച്ചു. പിന്നെ മറഞ്ഞു നിന്നു ഫോട്ടോയെടുത്തു. ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത് കുറേ ലൈക്കും കമന്റ്‌സും വാങ്ങിച്ചു.

ഭര്‍ത്താവാകട്ടെ ഭാര്യയുടെ മാറ്റത്തില്‍ സന്തോഷിച്ചെങ്കിലും അവള്‍ക്കെന്തോ കുഴപ്പമുള്ളതായി സംശയിച്ചു. പക്ഷേ അയാളുടെ വൈകുന്നേരങ്ങള്‍ മൊബൈലും കൂട്ടുകാരും അപഹരിച്ചു. അവള്‍ തന്റെ ജോലികള്‍ സന്തോഷത്തോടെ ചെയ്തു തീര്‍ത്തു. അല്ല, ജോലികളല്ലല്ലോ,അവളുടെ കടമകളല്ലേ.

അങ്ങനെയൊരിക്കല്‍ അവള്‍ രണ്ടു നാള്‍ സുഖമില്ലാതെ കിടപ്പായി. ഭക്ഷണം പുറത്തു നിന്നും വാങ്ങി മക്കളും അച്ഛനും പങ്കിട്ടു. അമ്മയ്ക്ക് വേണ്ടാന്നു പറഞ്ഞതിനാല്‍ അവര്‍ നിര്‍ബന്ധിക്കാനും പോയില്ല. എങ്കിലും, മരുന്നുകള്‍ മുടങ്ങാതെ കഴിക്കണമെന്നവര്‍ ഉപദേശിക്കാനും മറന്നില്ല.

അടുക്കള ജനലരികില്‍  അമ്മയെക്കാണാതെ ഒരാള്‍ ചിറകിട്ടടിക്കാന്‍ തുടങ്ങി. മകളുടെ മൊബൈല്‍ ഏകാന്തതയെ അതു അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവളതിനെ ഭയപ്പെടുത്തി ഓടിച്ചു.

അസുഖം കഴിഞ്ഞ് ഒരുവിധം എണീക്കാറായ  അവള്‍ ആദ്യം തിരഞ്ഞത് തന്റെ തത്തയെയായിരുന്നു. അതിനെ ഓടിച്ചു വിട്ടെന്നു മകള്‍ ലാഘവത്തോടെ പറയുന്നതു കേട്ട് അവളുടെ കണ്ണു തുളുമ്പി. അടുത്ത ദിവസവും അതിനടുത്ത ദിവസവും തത്തയെ കാണാതെ  തന്റെ മനസ്സു കൈവിട്ടപോലെ തോന്നിയവള്‍ക്ക്. കൂട്ടി വയ്ച്ചതെന്തൊക്കെയോ അവള്‍ക്കതിനോടു പറയാനുണ്ടായിരുന്നു. എന്നാലും അവളാരോടും ദേഷ്യപ്പെട്ടില്ല. വിഷമം ഉള്ളിലടക്കി. മകളതിനെക്കുറിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു.അവളുടെ സുഹൃത്തുക്കളെല്ലാരും അമ്മയോടൊപ്പമെന്നു ഹാഷ്ടാഗുമിട്ടു. എന്നാലും അമ്മയുടെ ഉന്മേഷവും ഉല്ലാസവുമില്ലാതായത് മകളും ശ്രദ്ധിച്ചില്ല.

നാലഞ്ചു നാള്‍ കഴിഞ്ഞൊരു ഉച്ചയുറക്കത്തിനിടയിലാണ് ജനാലക്കലെ ചിറകടിയൊച്ചവള്‍ കേട്ടത്. ഓടിയെത്തിയ അവള്‍ കണ്ടു ജനല്‍പ്പടിമേല്‍ കുറച്ചു ഗോതമ്പുമണികള്‍. കുറച്ചു മാറി പേരയിലകള്‍ക്കുള്ളില്‍ നിന്നും  ഒരു കുഞ്ഞു മുഖം ഒളിഞ്ഞു നോക്കുന്നതു കണ്ടവള്‍ക്കു മനസ്സു നിറഞ്ഞു. അവള്‍ക്കതൊരു ശിശുവിന്റെ മുഖമായി തോന്നി. ഒരു പരിഭവം പറച്ചില്‍ പോലെ എന്തൊക്കെയോ ശബ്ദമുണ്ടാക്കി അത് ചിറകടിച്ചു. ജനാലയ്ക്കലെത്തിയ തത്തയെ അന്നാദ്യമായവള്‍ കൈകൊണ്ടു തലോടി. അപ്പോഴത് അവളുടെ കൈക്കുള്ളിലേക്കു ചേര്‍ന്നിരുന്നു. ആ നില്‍പ്പില്‍ കണ്ണുകള്‍ ചേര്‍ത്തടച്ചപ്പോള്‍ അവള്‍ കണ്ടു, ഒരുപാടു സ്വപ്നങ്ങളുമായി, പടര്‍ന്നു കയറിയ മുല്ലവള്ളികളില്‍ നിന്നും മുല്ലമൊട്ടുകളടര്‍ത്തിയെടുക്കുന്നൊരു പട്ടുപാവാടക്കാരിയെ. അവള്‍ പൊട്ടുകുത്തി, ചന്ദനക്കുറിയിട്ട്, കുപ്പിവളയണിഞ്ഞ്, പാദസരം കിലുക്കി തന്റെ വീണക്കരികിലേക്കു നടക്കുന്നുണ്ട്. ആരൊക്കെയോ വിളിക്കുന്നതു കോറസ്സായി കേള്‍ക്കുന്നുണ്ട്.

'പഞ്ചവര്‍ണ്ണക്കിളീീീീ...'

ഒരുപാടു നാളുകള്‍ക്കു ശേഷം അന്നു കണ്ണാടി നോക്കിയപ്പോള്‍ അത്ഭുതത്തോടെയവള്‍ കണ്ടു, സ്വന്തം മുഖത്തെ ആത്മവിശ്വാസത്തോടെയുള്ളൊരു പുഞ്ചിരി.

തനിക്കേറെയിഷ്ടമുള്ള കവിതയുടെ ഈരടികളവള്‍ ഈണത്തില്‍ ചൊല്ലി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ വരികള്‍. 


'ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ് ഞാന്‍ പൊഴിയ്ക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം.

ഒരു പുഞ്ചിരി ഞാന്‍ മറ്റു
ള്ളവര്‍ക്കായ് ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിര്‍മ്മല പൗര്‍ണ്ണമി.''

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!