ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
\''ഇതാണ് ഞാന്‍ പറഞ്ഞിരുന്ന അത്ഭുതം!'' ശ്യാമിനി ദേവരാജിനോട് ചേര്‍ന്ന് നിന്നു.
ശ്യാമിനിയുടെ നീട്ടിപിടിച്ച കൈയിലെ നീളമുള്ള വിരലിന്റെ തുമ്പത്ത് നോക്കി അയാള്‍ അകലേയ്ക്ക് കണ്ണ് പായിച്ചു. അവിടെ കണ്ട അതിമനോഹരമായ ദൃശ്യം അയാളെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതസ്തബ്ധനാക്കി എന്ന് തന്നെ വേണം പറയാന്‍.
ചുറ്റിനും തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ചെടികളുടെയിടയില്‍ കൂടി നീണ്ട് നിവര്‍ന്ന് കിടക്കുന്ന പാതയുടെ അങ്ങേ തലയ്ക്കല്‍ രാജകീയ പ്രൗഢിയോടെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ബൃഹത്തായ പാറ. അതിന്റെ ചുവപ്പിലേയ്ക്ക് ഊന്നിയുള്ള തവിട്ട് നിറം സൂര്യപ്രകാശത്തില്‍ തിളങ്ങി നിന്നു.
''ഇതാണ് സിഗിരിയ അല്ലെങ്കില്‍ സിംഹഗിരി. കശ്യപരാജാവിന്റെ രാജധാനി അതിന് മുകളിലായിരുന്നു.'' ശ്യാമിനി അയാളുടെ ഇടത് കരത്തിനുള്ളിലൂടെ തന്റെ വലത് കരം കോര്‍ത്ത് പിടിച്ചു.
ദേവരാജ് അവളുടെ മുഖത്തേയ്ക്ക് നോക്കി. ഒരു കുട്ടിയുടെ പോലെ അവളുടെ കണ്ണുകള്‍ വികസിച്ചു. മുന്നില്‍ കാണുന്ന അത്ഭുതം അവള്‍ പലയാവര്‍ത്തി കണ്ടിട്ടുള്ളതാണെങ്കില്‍ പോലും അവള്‍ക്ക് അതിപ്പോഴും ഒരതിശയമായി തന്നെ നിലനിന്നു.
''സിംഹഗിരി! സിംഗപ്പുര പോലെയുണ്ടല്ലോ. പേരുകള്‍ക്ക് സാദൃശ്യം.'' ദേവരാജ് പെട്ടെന്ന് മനസ്സില്‍ തോന്നിയത് പറഞ്ഞു.
''അതെനിയ്ക്കറിയില്ല. ഞാന്‍ സിംഗപ്പൂര്‍ പോയിട്ടില്ല. പക്ഷേ, ഇത് അഞ്ചാം നൂറ്റാണ്ടില്‍ കശ്യപരാജന്‍ പണിത കൊട്ടാരമാണ്. ഇപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ മാത്രമെ ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ കയറിയാല്‍ കാണാന്‍ കഴിയു.''
''ഇവിടെ കാണുന്ന പൂന്തോട്ടങ്ങളൊക്കെയോ?'' ചുറ്റിനും ഭംഗിയായി വളര്‍ത്തി നിര്‍ത്തിയിരിക്കുന്ന ചെടികള്‍ക്ക് നേരെ കണ്ണോടിച്ച് ദേവരാജ് ചോദിച്ചു.
''കശ്യപന്റെ അച്ഛന്‍ ധാതുസേന മഹാരാജന്‍ ഇതിനപ്പുറം കാണുന്ന ആ വലിയ സരോവരം നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രജകള്‍ക്ക് നല്‍കുന്ന ഏറ്റവും വിലയേറിയ സമ്മാനമായിട്ടാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വെള്ളത്തിന്റെ മഹിമ അത് കിട്ടാത്തപ്പോഴല്ലേ മനസ്സിലാക്കാന്‍ സാധിക്കു. പൂന്തോട്ടങ്ങള്‍ അതിന് ശേഷം വച്ച് പിടിപ്പിച്ചതാവും.''
ശ്യാമിനിയ്ക്ക് ചരിത്രത്തില്‍ നല്ല അവഗാഹമാണെന്ന് ദേവരാജിന് ഇതിന് മുമ്പും തോന്നിയിട്ടുണ്ട്. തന്റെ ഓരോ വരവിലും അവള്‍ തന്നെ പുതിയ ഓരോ ചരിത്രസ്മാരകങ്ങള്‍ കാണിച്ച് അതിനെ പറ്റി പറഞ്ഞ് തരാറുണ്ട്. ഇത്തവണത്തെ അത്ഭുതം ഈ സിഗിരിയ ആണ്.
ശ്രീലങ്കയുടെ വശ്യഭംഗി ആസ്വദിക്കുന്നതിന് വേണ്ടി മാത്രം അയാള്‍ കൂടുതല്‍ യാത്രകള്‍ ഇവിടേയ്ക്കാക്കി മാറ്റിയിരുന്നു. മാര്‍ക്കറ്റിംഗില്‍ ആയതിനാല്‍ പല സ്ഥലങ്ങളും അയാളുടെ ഔദ്യോഗികപരിധിയില്‍ വരുന്നതായിരുന്നു. പക്ഷേ, ശ്രീലങ്കയോട് ഒരു പ്രത്യേക മമത അയാളില്‍ ഉടലെടുത്തിരുന്നു. ചരിത്രസ്മാരകങ്ങളും പ്രകൃതിസൗന്ദര്യവും ആയിരുന്നു അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചിരുന്ന ചേതോവികാരമെന്ന് അയാള്‍ വിശ്വസിച്ചു. അല്ലെങ്കില്‍ തന്നെത്തന്നെ വിശ്വസിപ്പിച്ചു.
കഴിഞ്ഞ മൂന്ന് യാത്രകളില്‍ സന്തതസഹചാരിയായി ശ്യാമിനി എന്ന ഗ്രാമീണ സുന്ദരി തന്നോടൊപ്പമുണ്ട്. അവളുടെ സാമീപ്യമല്ലേ തന്നെ ഇപ്പോള്‍ വീണ്ടും വീണ്ടും ശ്രീലങ്കയുമായി അടുപ്പിക്കുന്നതെന്ന് സ്വയം ചോദിക്കാറുണ്ടയാള്‍. അത് ശരിയാണോ അല്ലയോ എന്നറിയാത്ത വിധത്തില്‍ സ്വയം തലകുലുക്കുകയും ചെയ്യും.
''എന്താണ് ദേവന് ഒരു ചിന്ത? തല കുലുക്കിയതെന്തിനാണ്?'' ശ്യാമിനി അയാള്‍ തല കുലുക്കുന്നത് ശ്രദ്ധിച്ചിരുന്നു. അയാളെ തന്നെ നോക്കി നില്‍ക്കുന്ന അവളത് കണ്ടില്ലെങ്കിലെ അത്ഭുതമുള്ളു.
''ഏയ് ഒന്നുമില്ല. വെറുതെ.'' അയാള്‍ കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയെ പോലെ പ്രതിവചിച്ചു.
''മുഖത്തെ കള്ളത്തരം കണ്ടാലറിയാം ദേവന്‍ സോപ്പ് വില്‍ക്കുന്നതിനെ പറ്റിയാണ് ഇപ്പോഴും ആലോചിക്കുന്നതെന്ന്. കള്ളന്‍! മുഴുക്കള്ളന്‍!'' ഇല്ലാത്ത ദേഷ്യം മുഖത്ത് വരുത്താന്‍ ശ്രമിക്കുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞ് നിന്നു.
അയാള്‍ അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു. ''സിഗിരിയക്കാണോ ശ്യാമിനിക്കാണോ കൂടുതല്‍ സൗന്ദര്യമെന്നാലോചിക്കുകയായിരുന്നു.''
''എന്നിട്ടെന്ത് തീരുമാനിച്ചു?'' അവള്‍ അയാളുടെ കൈ വിടുവിച്ചിട്ട് ചോദിച്ചു.
അയാളുടെ മുഖത്ത് കുസൃതി നിറഞ്ഞു. ''സിഗിരിയ വശ്യം, ശ്യാമിനി വന്യം!'' അയാള്‍ അവളുടെ കണ്ണുകളില്‍ സൂക്ഷിച്ച് നോക്കി.
''ഞാനെന്താ വനത്തില്‍ നിന്നും വന്നതാണെന്നാണോ ഉദ്ദേശിച്ചത്?'' അത് പറയുമ്പോള്‍ അവളുടെ മുഖത്ത് വന്യമായൊരു വശ്യത അയാള്‍ക്ക് കാണാമായിരുന്നു.
''നാഗരികത തെല്ലും ഏശാത്ത ഈ ഗ്രാമീണകന്യകയില്‍ കാനനത്തിന്റെ വശ്യസൗന്ദര്യവും പിച്ച വച്ച് തുടങ്ങിയ കുഞ്ഞിന്റെ നൈര്‍മ്മല്യവുമാണ് ഞാന്‍ കാണുന്നത്.'' അവളേയും സിഗിരിയയേയും മാറി മാറി നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
''മതി മതി, കവിതാപാരായണം. നമുക്ക് പോയി സിഗിരിയ കാണാം.'' അവള്‍ അയാളുടെ കൈ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.
ആ പാറയുമായി ബന്ധപ്പെട്ട ഓരോ കാര്യവും പറഞ്ഞ് തരാന്‍ അവള്‍ കാണിച്ച ഔത്സുക്യം അയാളെ കൂടുതല്‍ അവളിലേയ്ക്കടുപ്പിച്ചു. അവര്‍ ആ പാറയുടെ മുകളിലേയ്ക്ക് നടന്ന് കയറി. കയറാന്‍ പാകത്തിന് പടിക്കെട്ടുകള്‍ പണിതിട്ടിട്ടുണ്ട്. അതിന്റെ തുടക്കത്തിലാണ് ആ പാറയ്ക്ക് സിംഹഗിരിയെന്ന് പേര് വരാന്‍ കാരണഭൂതനായ സിംഹത്തിന്റെ കാലുകള്‍. ആ സിംഹകവാടത്തിന് മുകളിലായി ഉണ്ടായിരുന്ന സിംഹത്തിന്റ തല മറിഞ്ഞ് വീണതാണെന്ന് കരുതപ്പെടുന്നു. പക്ഷേ, ആ തലയുടെ അവശിഷ്ടങ്ങളൊന്നും അവിടെയെങ്ങും കാണുകയുണ്ടായില്ല.
''ഈ പാറയുടെ ചുറ്റിനും വരച്ചിരിക്കുന്ന ചിത്രങ്ങള്‍ നോക്കു. യക്ഷകന്യകകളും നാഗകന്യകകളും ദേവന്മാരും ഗന്ധര്‍വ്വന്മാരും അപ്‌സരസ്സുകളും നിറഞ്ഞിരിക്കുന്നു. എത്ര ഭംഗിയുള്ളവരായിരുന്നു ഇവരെല്ലാം.'' ശ്യാമിനി ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേവരാജ് ആ ചിത്രങ്ങളുടെ ശരിയായ മികവ് ശ്രദ്ധിച്ചത്. ആയിരത്തിയഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് ആരെങ്കിലും ഇതെല്ലാം വരക്കണമെങ്കില്‍ ആ കാലത്ത് ജീവിച്ചിരുന്നവരും അത്രയും ഭംഗിയുള്ളവരായിരുന്നിരിക്കണം.
''കശ്യപരാജന് സ്ത്രീകളോടുള്ള മമത ഇവിടെ തെളിയുന്നുണ്ട്.'' അയാള്‍ തമാശ മട്ടില്‍ പറഞ്ഞു.
''കശ്യപന്റെ കൂട്ട് പിടിച്ച് ആ വഴി നടക്കാന്‍ നോക്കണ്ട ദേവന്മാരുടെ രാജാ. അദ്ദേഹം അഞ്ഞൂറ് സ്ത്രീകളുമായി ഇടപഴകിയിരുന്നതായി ചിലര്‍ പറയുന്നുണ്ട്. പക്ഷേ, ആ അഞ്ഞൂറ് സ്ത്രീകള്‍ ഈ കാണുന്ന ചിത്രങ്ങളായിരുന്നെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല.''
അയാള്‍ അവളെ തന്നോട് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നടന്നു. ''എനിയ്ക്ക് ഒരേയൊരാള്‍ മാത്രം മതി.''
കുറച്ച് മുകളിലേയ്ക്ക് നടന്നപ്പോള്‍ കണ്ണാടി പോലെ മിനുക്കിയിരിക്കുന്ന പാറ കാണായി. ''ഇതു വഴി നടക്കുമ്പോള്‍ സ്വന്തം രൂപം കണ്ടാസ്വദിക്കാനായി കശ്യപന്‍ പണിയിപ്പിച്ചതാണിത്. ഇപ്പോള്‍ ഇതിന്റെ തിളക്കവും മിനുസവും നഷ്ടപ്പെട്ടിരിക്കുന്നു. വരുന്നവരെല്ലാം ഈ കണ്ണാടിമതിലില്‍ കവിതകള്‍ രചിച്ചിരിക്കുന്നത് കാണാം.'' അതും പറഞ്ഞ് ശ്യാമിനി ആ പാറയില്‍ എന്തോ എഴുതി. സിന്‍ഹള ഭാഷയിലായതുകൊണ്ട് അയാള്‍ക്കത് മനസ്സിലായില്ല.
അവള്‍ അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ കൈ മലര്‍ത്തി. അവള്‍ പിന്നെ അത് തമിഴില്‍ എഴുതി. അയാള്‍ക്ക് തമിഴും വലിയ വശമുണ്ടായിരുന്നില്ല. പിന്നീടവള്‍ മലയാളത്തില്‍ എഴുതി. 'ദേവരാജും ശ്യാമിനിയും ഇന്നിവിടെ ഒന്നായി'.
അയാള്‍ പെട്ടെന്നുണ്ടായ ഒരാവേശത്തില്‍ അവളെ പുണര്‍ന്നു. നെറ്റിയില്‍ ഒരു മുത്തം നല്കി. അവള്‍ പ്രതീക്ഷിക്കാത്ത ആ നിമിഷത്തിന്റെ സന്തോഷത്തില്‍ കണ്ണുകളടച്ച് നിന്നു. പിന്നെ അയാളുടെ കൈ പിടിച്ച് വീണ്ടും നടന്നു തുടങ്ങി.
ആ ചെങ്കുത്തായ പാറയുടെ ഓരോ തട്ടിലായി കൊട്ടാരത്തിന്റെ ഓരോ ഭാഗങ്ങളായി പണിതെടുത്ത അന്നത്തെ ആ ശില്പികളുടെ ചാതുര്യം ആസ്വദിച്ച് നടക്കുന്നതിനിടയില്‍ ശ്യാമിനി കശ്യപന്റെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ധാതുസേനയുടെ ശരിയായ അനന്തരാവകാശിയായ മോഗല്ലണ്ണനെ അവിടെ നിന്നും ഓടിച്ച് ഭരണം കൈയാളിയ കശ്യപന്‍ ചെയ്തത് ശരിയായില്ലെന്നൊരു സൂചന അവളുടെ സ്വരത്തില്‍ ഉണ്ടായിരുന്നെന്ന് അയാള്‍ക്ക് തോന്നിയെങ്കിലും അയാളത് കാര്യമാക്കിയില്ല.
അയല്‍ നാട്ടില്‍ അഭയം തേടിയ മോഗല്ലണ്ണ പിന്നീട് തിരിച്ച് വന്ന് കശ്യപനില്‍ നിന്നും രാജ്യം തിരിച്ചെടുത്തു എന്ന് പറഞ്ഞു വന്നപ്പോഴേയ്ക്കും ശ്യാമിനി വീണ്ടും ഉല്ലാസവതിയായി. അവര്‍ പാറയുടെ മുകളില്‍ എത്തിയിരുന്നു.
പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ട ഒരു തടാകം വിസ്മയാവഹം തന്നെ. അത്രയും ഉയരത്തില്‍ നിന്ന് ഒരുവിധം ശക്തിയായി അടിക്കുന്ന കാറ്റേറ്റ് പ്രകൃതി ഭംഗി ആസ്വദിക്കുമ്പോള്‍ ദേവരാജ് ഒന്നേ മനസ്സില്‍ വിചാരിച്ചിരുന്നുള്ളു. 'ഈ സുന്ദരിക്കുട്ടിയെ അടുത്ത തവണ വരുമ്പോള്‍ തന്റെ സ്വന്തമാക്കി കൂട്ടിക്കൊണ്ട് പോകണം.'
അന്നുതന്നെ ദേവരാജിന് കൊളംബോയില്‍ എത്തേണ്ടത് കൊണ്ട് അവര്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കാതെ താഴെയിറങ്ങി. അവള്‍ ഒന്നും സംസാരിക്കാതെ അയാളുടെ കൈയിനിടയിലൂടെ കൈ കോര്‍ത്ത് പിടിച്ച് നടക്കുകയായിരുന്നു. അയാളും അവളുടെ സാമീപ്യം മനസ്സിലുണ്ടാക്കുന്ന കുളിര്‍മ്മയില്‍ രസം പിടിച്ച് നടന്നു.
താഴ്വാരത്ത് കണ്ട ചെറിയ കടയില്‍ നിന്നും തല്ക്കാലം വിശപ്പടക്കാന്‍ ആഹാരം കഴിക്കുമ്പോള്‍ ശ്യാമിനി വീണ്ടും വാചാലയായി.
''ദേവനറിയാമോ നമ്മള്‍ ഉറങ്ങി കിടക്കുന്ന ഒരു അഗ്‌നിപര്‍വ്വതത്തിന് മുകളിലായിരുന്നു ഇത്രയും നേരം!''
അത് കേട്ട് അയാള്‍ അതിശയിച്ചു. ''സിഗിരിയ അഗ്‌നിപര്‍വ്വതമായിരുന്നെന്നോ?''
''അതേ, ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരുടെ കണക്ക് പ്രകാരം വളരെ കൊല്ലങ്ങള്‍ക്ക് മുമ്പ് പൊട്ടിത്തെറിച്ചൊരു അഗ്‌നിപര്‍വ്വതത്തില്‍ നിന്നുടലെടുത്തതാണത്രെ ഈ സിഗിരിയ. ഇതിന് ചുറ്റും ഇതിനോട് സദൃശമായ വേറൊന്നും കാണുന്നില്ലല്ലോ. അതിന്റെ കാരണം ഇതിന്റെ പഴയ വിക്രസ്സാണെന്നാണ് അനുമാനം.''
''എന്നാല്‍ പിന്നെ സിഗിരിയക്ക് വീണ്ടും പൊട്ടിത്തെറിക്കാന്‍ ആഗ്രഹം തുടങ്ങുന്നതിന് മുമ്പ് നമുക്ക് സ്ഥലം വിടാം.'' ദേവരാജ് ഒരു വലിയ ചിരിയോടെ ശ്യാമിനിയേയും കൊണ്ട് കാറിലേയ്ക്ക് കയറി.
രാവിലെ കാന്‍ഡിയില്‍ നിന്നുമെടുത്ത ടാക്‌സിയാണ്. വരുന്ന വഴി ഡമ്പുല്ലയില്‍ നിന്നാണ് ശ്യാമിനി കയറിയത്. അവള്‍ അയാള്‍ക്ക് വേണ്ടി അവിടെ കാത്ത് നില്‍ക്കുകയായിരുന്നു. അവളുടെ വീടെവിടെയാണെന്ന് അവള്‍ ഇതുവരെ പറഞ്ഞിട്ടില്ല. അയാളതിനെ പറ്റി ചോദിക്കുമ്പോഴെല്ലാം സ്വതസിദ്ധമായ തമാശകള്‍ പറഞ്ഞ് അവളൊഴിഞ്ഞ് മാറുകയായിരുന്നു. അവള്‍ സിന്‍ഹാളിയാണോ തമിഴത്തിയാണോ അതോ മലയാളിയാണോ എന്ന് തന്നെ നിശ്ചയമില്ല. മൂന്ന് ഭാഷകളും മാതൃഭാഷ പോലെ നന്നായി കൈകാര്യം ചെയ്യാന്‍ അവള്‍ക്കറിയാം.
ഇരുപത് മിനിറ്റില്‍ ഡമ്പുല്ലയിലെത്തി. അവള്‍ അവിടെയിറങ്ങി. അയാളും കൂടെയിറങ്ങി. അവളുടെ കരം ഗ്രഹിച്ച് അനങ്ങാതെ നിന്നു. ഇനിയെന്ന് കാണും എന്ന ചോദ്യം അയാള്‍ ചോദിക്കാതെ തന്നെ മനസ്സിലാക്കിയ പോലെ അവള്‍ പറഞ്ഞു. ''ഇനി കാണുമോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാണുമ്പോളെല്ലാം ഇതുപോലെ സ്‌നേഹം ഉണ്ടായിരിക്കണമെന്നുള്ളതിനാണ് പ്രാധാന്യം.''
അയാള്‍ അവളുടെ നെറുകയില്‍ അമര്‍ത്തി ചുംബിച്ചു. ''വീണ്ടും വരും. 'Bye' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'Beyond Your Eyes' എന്നേ അര്‍ത്ഥമുള്ളു. പക്ഷേ, മനസ്സില്‍ ഉണ്ടാകുമെന്നര്‍ത്ഥം!''
ശ്യാമിനി കാറിന്റെ പിന്നില്‍ വച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവറെടുത്ത് അയാളുടെ കൈയില്‍ കൊടുത്തു. ''ഇത് ഇന്ന് നമ്മളെ ഒന്നാക്കിത്തീര്‍ത്ത സിഗിരിയയുടെ ഒരു മോഡല്‍ ആണ്. എന്നെന്നും ഓര്‍മ്മിക്കാന്‍.''
അയാള്‍ അത് വാങ്ങി കൈയില്‍ പിടിച്ച് കാറിലേയ്ക്ക് കയറി. അവളുടെ മുഖം ജനലരികില്‍ കാണാമായിരുന്നു.
''മറക്കണ്ട. പുരാണത്തിലെ രാവണരാജന് വേണ്ടി കുബേരന്‍ പണിത കൊട്ടാരമാണെന്നും സിഗിരിയയെ പറ്റി പറയുന്നുണ്ട്. ദേവരാജ് രാവണനെ പോലെ മണ്ഡോദരിയെ ഇവിടെ വിട്ടിട്ട് സീതയെ അന്വേഷിച്ച് പോകാന്‍ നോക്കണ്ട.'' അവള്‍ കൈ വീശി.
അപ്പോഴേയ്ക്കും കാറ് മുന്നോട്ട് നീങ്ങിയിരുന്ന കാരണം അയാള്‍ക്ക് അതിന് മറുപടി പറയാനൊരവസരം ലഭിച്ചില്ല.
നാല് മണിക്കൂര്‍ യാത്ര. കൊളംബോയില്‍ എത്തുമ്പോള്‍ രാത്രി വൈകിയിരുന്നു.നേരത്തെ മുറി റിസര്‍വ് ചെയ്തിരുന്നതിനാല്‍ എത്ര വൈകിയാലും പ്രശ്‌നമില്ലായിരുന്നു. കാറില്‍ നിന്നുമിറങ്ങി റിസപ്ഷനില്‍ ചെന്ന് പാസ്‌പോര്‍ട്ട് കൊടുത്തു. മുറി തയ്യാറാകുന്നത് വരെ ഹോട്ടലിലെ റിസപ്ഷനിലെ ഒരു മൂലയില്‍ കണ്ട കസേരയില്‍ ഇരുന്നു. പെട്ടിയും ശ്യാമിനി തന്ന കവറും കസേരയുടെ രണ്ട് വശത്തുമായി ചുമരരികില്‍ വച്ചു. അതിനിടയില്‍ ചെറുതായൊന്ന് മയങ്ങി. ബെല്‍ബോയ് വന്ന് വിളിച്ചപ്പോള്‍ വേഗം എഴുന്നേറ്റ് അവന്റെ കൂടെ നടന്നു. പെട്ടി അവനെടുത്തിരുന്നു.
കിടക്ക കണ്ടതും ഉറങ്ങിയെന്ന് വേണം കരുതാന്‍. അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു.
സുഖസുഷുപ്തിയിലായിരുന്നെങ്കില്‍ പോലും ഉറക്കത്തിലും മനസ്സ് നിറയെ ശ്യാമിനി തന്നെയായിരുന്നു.
ഒരു സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടിട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. സിഗിരിയ ആയിരുന്നു മനസ്സില്‍. ശ്യാമിനി പറഞ്ഞപോലെ ആ പഴയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതാണെന്നായിരുന്നു അയാള്‍ വിചാരിച്ചത്. കിടക്കയില്‍ കുറേ നേരം അനങ്ങാതെയിരുന്നു.
എന്താണ് താന്‍ കേട്ട ശബ്ദം എന്നാലോചിക്കുന്നതിനിടയില്‍ ഫയര്‍ അലാറം അടിക്കാന്‍ തുടങ്ങി. ചാടിയെഴുന്നേറ്റ് കതക് തുറന്ന് പുറത്തിറങ്ങി നോക്കി. മറ്റ് മുറികളിലെ താമസക്കാരും പുറത്തിറങ്ങി നില്‍ക്കുകയാണ്. സ്വപ്നമല്ലായിരുന്നു സ്‌ഫോടനമെന്ന് ദേവരാജിന് ഉറപ്പായി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കുകയായിരുന്നു.
അപ്പോള്‍ ഹോട്ടലിലെ ഒരു ജീവനക്കാരന്‍ കോണിപ്പടികള്‍ കയറി അവിടെയെത്തി.
''ആരും പരിഭ്രമിക്കേണ്ട. റിസപ്ഷനില്‍ ഒരു സ്‌ഫോടനമുണ്ടായതാണ്. അധികം പ്രശ്‌നങ്ങളൊന്നുമില്ല. നിങ്ങളെല്ലാവരും അവരവരുടെ മുറികളില്‍ ഇരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. താഴെ പോകാന്‍ നോക്കരുത്. അത് അപകടം വരുത്തി വച്ചേക്കാം. ഫയര്‍ഫോഴ്‌സും പൊലീസുമെത്തിക്കഴിഞ്ഞു.''
''ഇലക്ട്രിക് കണക്ഷന്‍ പോയ മട്ടുണ്ടല്ലോ.'' കൂട്ടത്തില്‍ ആരോ പറഞ്ഞു.
''അത് ഞങ്ങള്‍ ഓഫാക്കിയതാണ്. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍. എല്ലാം ഒന്ന് ഒതുങ്ങിയിട്ട് സ്വിച്ചോണ്‍ ചെയ്യുന്നതാണ്. ഇനി എല്ലാവരും ഇവിടെ കൂട്ടം കൂടി നില്‍ക്കാതെ ദയവായി മുറികളിലിരിക്കണം.''
ഓരോരുത്തരായി മുറികളിലേയ്ക്ക് മടങ്ങിയപ്പോള്‍ ആ ജീവനക്കാരന്‍ അടുത്ത നിലയിലേയ്ക്ക് പോയി. എട്ട് നിലകള്‍ കയറിയിറങ്ങേണ്ട ഗതികേട് ആ പാവത്തിന്.
ദേവരാജ് മുറിയിലേയ്ക്ക് കയറി വാതില്‍ അടച്ചു.
കുളിമുറിയില്‍ ലൈറ്റില്ലെങ്കിലും വാതില്‍ തുറന്നിട്ടാല്‍ ആവശ്യത്തിന് വെളിച്ചംകിട്ടും. അയാള്‍ പ്രഭാതകര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ചു. 'ശ്രീലങ്ക' എന്നെഴുതിയ ഒരു ടീഷര്‍ട്ടും കറുത്തൊരു നിക്കറും പെട്ടിയില്‍ നിന്നെടുത്തിട്ടു. മുണ്ടിനേക്കാള്‍ അയാള്‍ക്കിഷ്ടം നിക്കറാണ്. കാലില്‍ കാറ്റടിക്കും.
കുടിക്കാനൊന്നും കിട്ടാന്‍ വഴിയില്ല. മുറിയിലെ ഇലക്ട്രിക്ക് കെറ്റില്‍ ഉപയോഗിക്കാനും പറ്റില്ല. വെള്ളം കുടിച്ച് തല്ക്കാലം വിശപ്പടക്കി.
അപ്പോഴാണ് വാതിലില്‍ ഒരു മുട്ട് കേട്ടത്. അയാള്‍ വാതില്‍ തുറന്നു. രണ്ട് പൊലീസുകാരാണ്. അവര്‍ അയാളെ അടിമുടി നോക്കി.
ഇരുനിറം. അല്പം വണ്ണമുണ്ട്. തടിച്ച ഫ്രെയിമുള്ള കണ്ണട. ശ്രീലങ്ക എന്നെഴുതിയ ടീഷര്‍ട്ട്. നിക്കറ്.
അവരുടെ സംശയം അസ്ഥാനത്തായിരുന്നു എന്ന് അയാള്‍ക്ക് പറയാന്‍ കഴിയില്ല. കുറച്ച് നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അയാളോട് അവരുടെ കൂടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണാന്‍ സ്റ്റേഷനിലേയ്ക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. പഴ്‌സും പാസ്‌പോര്‍ട്ടുമെടുത്ത് കീശയിലിട്ടിട്ട് അയാള്‍ അവരുടെ കൂടെ ചെന്നു.
രണ്ട് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ക്ക് സ്‌ഫോടനവുമായി പങ്കില്ലെന്ന നിഗമനത്തില്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞു. ഒമാനിലെ അയാളുടെ കമ്പനിയിലെ ചെയര്‍മാനുമായും അവരതിനിടയില്‍ സംസാരിച്ചു. കൂടാതെ തിരുവനന്തപുരത്തുള്ള അച്ഛനമ്മമാരായും ഫോണില്‍ ബന്ധപ്പെട്ടു. കൊളംബോയിലെ ഇന്ത്യന്‍ എംബസ്സിയില്‍ ദേവരാജിന് നല്ല പരിചയമുള്ള ഒരുദ്യോഗസ്ഥനായിട്ട് കൂടി സംസാരിച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌സ്‌ഫോടനവുമായി ബന്ധമില്ലെന്ന്അവര്‍ക്ക് ഉറപ്പായി.
അന്ന് വൈകുന്നേരത്തെ വിമാനത്തില്‍ തിരിച്ച് മസ്‌ക്കറ്റിലേയ്ക്ക് പോകാന്‍ തടസ്സമൊന്നുമില്ലായിരുന്നു. അതൊരു ഭാഗ്യമെന്നു തന്നെ കരുതി അയാള്‍. പക്ഷേ, താനെന്തോ എടുക്കാന്‍ മറന്നതായി അയാളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും അതെന്താണെന്ന് പിടികിട്ടിയതേയില്ല.
ഹോട്ടലിലെ റിസപ്ഷന്റെ നല്ലൊരു ഭാഗം സ്‌ഫോടനത്തില്‍ നശിച്ച് പോയിരുന്നു. റിസപ്ഷന്‍ മെയിന്‍ ബില്‍ഡിംഗിന്റെ ഒരു വശത്തൊതുങ്ങിയായിരുന്നു എന്നതാണ് കൂടുതല്‍ നാശനഷ്ടങ്ങളില്‍ നിന്നും ഹോട്ടലിനെ രക്ഷിച്ചത്. അത് മാത്രമല്ല സ്‌ഫോടനം റിസപ്ഷന്റെ തന്നെ ഒരു മൂലയിലാണ് സംഭവിച്ചത്. അതുകൊണ്ട് ആളപായം ഒഴിവായി.
സ്‌ഫോടനത്തിന്റെ കാരണവും മറ്റ് വശങ്ങളും പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നു.
പിറ്റേന്ന് അയാള്‍ ഓഫീസില്‍ പോയില്ല. അവിടെയുള്ളവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായതിനാല്‍ അവരും നിര്‍ബ്ബന്ധിച്ചില്ല.
അയാള്‍ ടിവി ഓണ്‍ ചെയ്ത് കാലത്തെ ന്യൂസ് കേള്‍ക്കാന്‍ തുടങ്ങി. തലേന്ന് കൊളംബോയിലെ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിന്റെ അനന്തര ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. അയാള്‍ രാത്രി ഇരുന്നിരുന്ന അതേ റിസപ്ഷന്‍. അയാള്‍ കുറേ കൂടി വൈകിയാണ് വന്നിരുന്നതെങ്കില്‍ ആ സ്‌ഫോടനത്തില്‍ അയാള്‍ ഇല്ലാണ്ടായേനെ. അതാലോചിച്ചപ്പോള്‍ അയാളുടെ ദേഹമാസകലം ഒരു വിറ കയറി വന്നു.
നാല് മണിക്കൂര്‍ യാത്രയുള്ളതിനാല്‍ തന്നെ ധൃതിയില്‍ മടക്കി അയച്ച തന്റെ സ്വന്തം ശ്യാമിനിയോട് അയാള്‍ മനസ്സില്‍ നന്ദി പറഞ്ഞു.
അയാള്‍ തലേന്ന് കണ്ട പൊലീസ് ഇന്‍സ്‌പെക്റ്ററുടെ മുഖം ടിവി സ്‌ക്രീനില്‍ തെളിഞ്ഞു. സ്‌ഫോടനത്തിന് കാരണമെന്ന് സംശയമുള്ള സാധനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ റിസപ്ഷനില്‍ നിന്ന് കണ്ട് കിട്ടിയ വസ്തുക്കളും കാണിക്കുന്നുണ്ടായിരുന്നു.
''സ്‌ഫോടനം നടന്നതെന്ന് അനുമാനിക്കാവുന്ന ഒരു കവറില്‍ നിന്നും പൊട്ടിച്ചിതറിയ ഒരു സാധനത്തിന്റെ കഷണങ്ങളാണ് ഇതെല്ലാം.'' ഇന്‍സ്‌പെക്റ്ററുടെ ശബ്ദത്തിനോടൊപ്പം സ്‌ക്രീനില്‍ കാണിച്ചത് അയാള്‍ ശ്രദ്ധിച്ച് നോക്കി.
അതിന്റെ ചുവപ്പിലേയ്ക്ക് ഊന്നിയുള്ള തവിട്ട് നിറം ഫ്‌ലാഷ് ലൈറ്റിന്റെ പ്രകാശത്തില്‍ തിളങ്ങി നിന്നു.
താന്‍ എന്താണ് അവിടെ മറന്ന് വച്ചതെന്ന് ദേവരാജിന് അപ്പോള്‍ മനസ്സിലായി.
രണ്ട്
ദേവരാജ് ബുദ്ധദേവന്റെ പ്രതിമകളുടെ ഭംഗി കണ്ട് മതിമറന്ന് നിന്നു. ഇത് കാണുവാനുള്ള ആവേശം കൊണ്ടല്ല ഇവിടെ വന്നത്. മനസ്സില്‍ വേറൊരു രൂപമായിരുന്നു പതിഞ്ഞു നിന്നിരുന്നത്.
കാന്‍ഡിയിലെ ജോലി കഴിഞ്ഞപ്പോള്‍ ഡമ്പുല്ലയില്‍ എത്താനുള്ള ധൃതിയായിരുന്നു. ഇതിന് മുമ്പ് വന്നപ്പോള്‍ ബന്ധപ്പെട്ടിരുന്ന ടൂറിസം കമ്പനിയെ തന്നെ വിളിച്ച് ചോദിക്കുകയാണ് ചെയ്തത് ഡമ്പുല്ലയിലേയ്ക്കുള്ള യാത്രയെപറ്റി. അവര്‍ എല്ലാം ഒരുക്കാമെന്ന് പറഞ്ഞതാണ്. അപ്പോഴാണ് അയാള്‍ അവളെ പറ്റി തെരക്കിയത്. അവളില്ല. ഇപ്പോള്‍ അവരുടെ കൂടെയല്ല ജോലി ചെയ്യുന്നത്. ഒരു മാസത്തോളമായി അവിടെ നിന്നും പോയിട്ട്.
അതോടെ അയാള്‍ ഡമ്പുല്ലയിലേയ്ക്കുള്ള യാത്ര വേണ്ടെന്ന് വച്ചതാണ്. എന്നിട്ടും അവളെ എങ്ങനെയെങ്കിലും കാണണമെന്നുള്ള ചിന്ത അയാളെ വിട്ട് മാറിയില്ല. കഴിഞ്ഞ തവണ വന്നപ്പോള്‍ അവള്‍ ഡമ്പുല്ലയില്‍ നിന്നാണ് തന്റെ കൂടെ കാറില്‍ കയറിയത്. അതിനടുത്തെവിടെയെങ്കിലുമായിരിക്കണം അവളുടെ വീട്.
അങ്ങനെയാണ് അയാള്‍ ഡമ്പുല്ലയില്‍ തന്നെ എത്തിച്ചേര്‍ന്നത്. രാവിലെ ടാക്‌സിയില്‍ ഇവിടെയെത്തി. ഇനി വൈകുന്നേരം വരെ അവളെ പ്രതീക്ഷിച്ച് ഇവിടെ ചുറ്റിക്കറങ്ങുക തന്നെ.
ഡമ്പുല്ലയിലെ ഗുഹാക്ഷേത്രങ്ങള്‍ പ്രസിദ്ധമാണ്. കഴിഞ്ഞ തവണ വന്നപ്പോള്‍ അവളോടൊപ്പം സിഗിരിയ കണ്ടുകഴിഞ്ഞതിന് ശേഷം അവള്‍ പറഞ്ഞതാണ് അടുത്ത വരവില്‍ ഒന്നിച്ച് ഡമ്പുല്ല കാണണമെന്ന്. പറഞ്ഞു കേട്ടതിലും മനോഹരമായിരിക്കുന്നു ഈ സ്ഥലം.
ദേവരാജിന്റെ കണ്ണുകള്‍ ശ്യാമിനിയെ തെരയുകയായിരുന്നു. പക്ഷേ, അന്നൊരു ഒഴിവു ദിവസമായതുകൊണ്ടാവാം വല്ലാത്ത തിരക്കായിരുന്നു അവിടെ. ആളുകള്‍ ഒറ്റയായും കൂട്ടമായും ബുദ്ധദേവന്റെ പ്രതിമകളുടെ ഭംഗി ആസ്വദിച്ച് നടക്കുകയാണ്.
അയാളും ആദ്യമായാണ് ഇത്രയും ഉയരത്തിലുള്ള ഒരു പാറയുടെ ഉള്ളില്‍ പണിഞ്ഞിരിക്കുന്ന ഗുഹാക്ഷേത്രങ്ങള്‍ കാണുന്നത്. അഞ്ച് ഗുഹകളില്‍ മൊത്തമായി നൂറ്റിയമ്പതോളം ബുദ്ധപ്രതിമകളാണുള്ളത്. ഓരോന്നും വ്യത്യസ്തരൂപങ്ങളിലും ഇരിപ്പിലുമാണ്. ഇതിന്റെ ശില്പികളെ അഭിനന്ദിക്കാതെ തരമില്ല. അവരെല്ലാം ബുദ്ധനില്‍ അലിഞ്ഞ് ചേര്‍ന്നാണ് ഈ ശില്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അവരോരോരുത്തരും ഓരോ ബുദ്ധനായി സ്വയം മാറുകയായിരുന്നിരിക്കണം.
തിരക്കിനിടയിലും അയാളുടെ കണ്ണുകള്‍ അവളെ പരതുകയായിരുന്നു. ഇതിനിടയില്‍ അവള്‍ ഉണ്ടെങ്കില്‍ പോലും കണ്ടുപിടിക്കാന്‍ എളുപ്പമല്ല. ആശ കൈ വിടാതെ ശ്രദ്ധാപൂര്‍വ്വം നോക്കുക തന്നെ. കാണാതിരിക്കില്ലെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
ബുദ്ധദേവന്റെ ശയനരൂപത്തിലുള്ള ശില്പത്തിന് മുന്നില്‍ അയാള്‍ നിന്നു. അതിന്റെ തല മുതല്‍ കാലുകള്‍ വരെയുള്ള ഭാഗങ്ങള്‍ വളരെ ശ്രദ്ധയോടെ കണ്ടുകൊണ്ടിരുന്നു. ശ്രദ്ധ ശില്പത്തിലായിരുന്നോ അതോ ചുറ്റിനുമുള്ള ആളുകളിലായിരുന്നോ എന്ന് നിശ്ചയമില്ലാത്തൊരു അവസ്ഥ.
ില്പത്തില്‍ മനസ്സ് കേന്ദ്രീകരിക്കുന്തോറും ബുദ്ധന്റെ രൂപം മാറി അവിടെ ശ്യാമിനിയുടെ പ്രതിഷ്ഠയാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്. നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു സുന്ദരി. മനസ്സ് നിറയെ ശ്യാമിനിയാണെങ്കിലും അവളെ നേരിട്ട് കാണുമ്പോള്‍ എന്തായിരിക്കും തന്റെ പ്രതികരണമെന്ന് അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു.
ശ്യാമിനി മനസ്സില്‍ നിറയുമ്പോള്‍ അയാള്‍ക്ക് ആരോ തന്റെ തലയില്‍ തഴുകുന്നത് പോലെ അനുഭവപ്പെട്ടു. സിഗിരിയയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ അവളുടെ കരസ്പര്‍ശം നല്‍കിയ സ്വര്‍ഗീയാനുഭൂതി ഹൃദയത്തില്‍ തികട്ടിവന്നു. അവളാകണേ എന്ന് ഉള്ളുതുറന്ന് ആഗ്രഹിച്ച് അയാള്‍ തിരിഞ്ഞുനോക്കി.
ഹീലിയം നിറച്ച ബലൂണ്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരു കുട്ടിയേയാണ് കണ്ടത്. അവന്‍ പിടിച്ചിരിക്കുന്ന കോലിന്റെ അറ്റത്ത് പൊങ്ങിനില്‍ക്കുന്ന ബലൂണാണ് അയാളുടെ തലയെ തഴുകിയിരുന്നത്. തന്റെ വിഡ്ഢിത്തരത്തെ ഓര്‍ത്ത് അയാള്‍ അറിയാതെ ചിരിച്ചുപോയി.
അയാള്‍ മുന്നോട്ട് നീങ്ങി.
അവളെ കുറിച്ച് താനെന്തിനാണ് ഇത്രയധികം ആലോചിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. കഴിഞ്ഞ തവണ തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. അവള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നില്ലേ? പക്ഷേ, എത്ര ചിന്തിച്ചിട്ടും അതാണ് ശരിയെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവള്‍ക്കത് ചെയ്യാന്‍ കഴിയുമോ?
അയാള്‍ തിരിഞ്ഞ് അടുത്ത ശില്പത്തിനരികിലെത്തി. അപ്പോഴാണ് അവളെ കണ്ടത്. കുറച്ച് മുന്നിലായി ടൂറിസ്റ്റുകളുടെ ഒരു കൂട്ടത്തിന് മുന്നില്‍ നിന്ന് അവരോട് എന്തോ വിവരിക്കുകയാണ്. അയാള്‍ വീണ്ടും നോക്കി. അതേ, ശ്യാമിനി തന്നെ. തന്റെ വരവ് വൃഥാവിലായില്ല.
അയാള്‍ കൈയുയര്‍ത്തി 'ശ്യാമിനി' എന്ന് വിളിക്കാനാഞ്ഞു.
'ഠേ...'' എന്തോ പൊട്ടിയതിന്റെ ശബ്ദം. ആളുകള്‍ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി.
മുന്നിലെ ജനക്കൂട്ടം ഇളകിമറിഞ്ഞതോടെ ശ്യാമിനി അയാളുടെ കണ്‍മുന്നില്‍ നിന്നും മറഞ്ഞു.
അയാളുടെ പുറകില്‍ ഒരു കുട്ടിയുടെ കരച്ചില്‍. തിരിഞ്ഞപ്പോള്‍ കണ്ടത് നേരത്തെ ബലൂണ്‍ പിടിച്ച് നിന്നിരുന്ന പയ്യനെയാണ്. അവന്റെ കൈയിലിരുന്നിരുന്ന ബലൂണ്‍ കാണാനില്ല. അത് കെട്ടിയിരുന്ന കോല് മാത്രമേയുള്ളു.
അവന്റെ ബലൂണ്‍ പൊട്ടിയ ശബ്ദമാണ് കേട്ടതെന്ന് മനസ്സിലായതോടെ ആളുകള്‍ ശാന്തരായി കാഴ്ചകള്‍ കാണാന്‍ തുടങ്ങി.
ദേവരാജ് ചുറ്റിനും പരതി. ശ്യാമിനിയും കൂടെയുണ്ടായിരുന്ന കൂട്ടവും എവിടെ പോയി? ചിതറിപ്പോയിരുന്നവര്‍ വീണ്ടും ഒരുമിച്ച് ചേര്‍ന്ന് നടക്കുന്നു. ഒന്നല്ല, പല കൂട്ടങ്ങളുണ്ട്. എല്ലാവര്‍ക്കും അവരുടെ ഗൈഡുമുണ്ട്. ഏത് കൂട്ടത്തിന്റെ കൂടെയായിരുന്നു ശ്യാമിനി?
അയാള്‍ ഗുഹയില്‍ നിന്നും പുറത്തിറങ്ങി. ധാരാളം മരങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്ന വിശാലമായ അങ്കണമായിരുന്നു. ഉള്ളിലുള്ളത്രയും ജനം വെളിയിലുമുണ്ട്. ഒഴിവ് ദിവസത്തിന്റെ ആഹ്ലാദത്തിലാണെല്ലാവരും. ഈ തിരക്കില്‍ അവളെ കണ്ടുപിടിക്കാനുള്ള വിഷമം കുറച്ചൊന്നുമല്ല. തിരക്കില്ലാത്ത ദിവസമായിരുന്നെങ്കില്‍ അവള്‍ ഇവിടെ വരുവാനുള്ള സാദ്ധ്യതയും കുറവായിരുന്നേനെ.
അയാളുടെ മനസ്സില്‍ വീണ്ടും ആ സ്‌ഫോടനത്തിന്റെ ശബ്ദം അലയടിക്കാന്‍ ആരംഭിച്ചു. ഇല്ല, അവളെ വിശ്വസിക്കാന്‍ പാടില്ല. ഇനിയും ഒരു പൊട്ടുന്ന സമ്മാനം അവള്‍ തരില്ലെന്ന് എന്തുറപ്പാണുള്ളത്?
മനസ്സില്‍ ശ്യാമിനിയോടുണ്ടായിരുന്ന സ്‌നേഹം ദേഷ്യമായി മാറിയ ആ നിമിഷത്തില്‍ അയാള്‍ അവളെ വീണ്ടും കണ്ടു. ''ശ്യാമിനി!'' അയാള്‍ ഉറക്കെ വിളിച്ചു.
അയാളുടെ വിളി കേട്ട് അവള്‍ അയാളുടെ നേരെ നോക്കി. അയാളെ കണ്ടപ്പോള്‍ അവളുടെ മുഖം സ്‌നേഹാദ്രമായി. കണ്ണുകള്‍ തിളങ്ങി. ഒരു ചെറുപുഞ്ചിരി ചുവന്ന ചുണ്ടുകളില്‍ വിരിഞ്ഞു. അവള്‍ കൈയുയര്‍ത്തി അയാളെ അഭിവാദ്യം ചെയ്തു.
ദേവരാജിന്റെ മനസ്സില്‍ അവളോടുള്ള കാലുഷ്യം നീറിപ്പുകഞ്ഞു. ഒന്നുമറിയാത്തപോലുള്ള അവളുടെ അഭിനയം. എങ്ങനെയിത് സാധിക്കുന്നു? പെണ്ണിന്റെ നാട്യം!
അയാള്‍ അവളുടെ സമീപത്തേയ്ക്ക് നടന്നടുത്തു.
അവള്‍ കൂട്ടത്തില്‍ നിന്നും വിട്ട് അയാളുടെ അരികിലേയ്ക്ക് വന്നു.
അയാളുടെ മനസ്സില്‍ വീണ്ടും സ്‌ഫോടനം നിറഞ്ഞു. ''നിന്നെ മനസ്സ് നിറയുവോളം സ്‌നേഹിച്ചതാണ് ഞാന്‍. എന്നിട്ടും നീയത് എന്തിന് ചെയ്തു? നിനക്കിഷ്ടമില്ലായിരുന്നെങ്കില്‍ അത് പറഞ്ഞാല്‍ പോരായിരുന്നോ? കൊല്ലണമെന്ന് തോന്നാന്‍ മാത്രം എന്തായിരുന്നു നിന്റെ മനസ്സില്‍?'' അയാള്‍ പൊട്ടിത്തെറിച്ചു.
ചുറ്റിനുമുള്ളവരുടെ ശ്രദ്ധ അവരുടെ നേരെ തിരിഞ്ഞു. ശ്യാമിനി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പകച്ച് നിന്നു.
''എല്ലാം അറിഞ്ഞുകൊണ്ട് ചെയ്ത് വച്ചിട്ട് അവളുടെ നിഷ്‌ക്കളങ്ക ഭാവം!'' അയാള്‍ തുടര്‍ന്നു. അന്ന് ടിവിയില്‍ ചിതറിക്കിടക്കുന്ന സിഗിരിയയുടെ കഷണങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ കുമിഞ്ഞ് കൂടിയിരുന്ന വിദ്വേഷമാണ് അണ പൊട്ടിയ പോലെ പുറത്തേയ്‌ക്കൊഴുകിയത്.
''ദേവ് എന്താണീ പറയുന്നത്? എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല.'' ശ്യാമിനി കാര്യമറിയാതെ ആശ്ചര്യപ്പെട്ടു. അവളുടെ കണ്ണുകള്‍ നനയുവാന്‍ തുടങ്ങിയിരുന്നു.
''നിന്റെ അഭിനയം ഗംഭീരമാകുന്നുണ്ട്. പൊലീസിലേല്പിക്കുകയാണ് വേണ്ടത്. പക്ഷേ, നിന്നെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടുപോയി. അതുകൊണ്ട് മാത്രം ഞാനത് ചെയ്യുന്നില്ല.'' അയാള്‍ കോപാകുലനായി അവളെ ഒരുവട്ടം കൂടി തുറിച്ച് നോക്കിയിട്ട് അവിടെ നിന്നുമിറങ്ങി നടന്നു.
മുഖം ചുവന്ന് കണ്ണുകള്‍ ഈറനണിഞ്ഞ് ശബ്ദമില്ലാതെ അയാളെ തന്നെ നോക്കിനില്‍ക്കുന്ന ശ്യാമിനിയെ അയാള്‍ കണ്‍കോണുകളിലൂടെ കണ്ടു.
പുറത്ത് തന്നെ കാത്തു നിന്നിരുന്ന ടാക്‌സിയില്‍ കയറി അയാള്‍ കൊളംബോയിലേയ്ക്ക് തിരിച്ചു.
നാല് മണിക്കൂര്‍ യാത്രയില്‍ അയാളുടെ മനസ്സ് കലങ്ങിമറിയുകയായിരുന്നു. താന്‍ ചെയ്തത് ശരിയായോ എന്നുള്ള സംശയം മനസ്സിനെ നീറ്റി. എല്ലാവരുടേയും മുന്നില്‍ വച്ച് അത്രയും ഉച്ചത്തില്‍ ശകാരിച്ചത് അവളെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ടാകും. പക്ഷേ, അവള്‍ തന്നോട് ചെയ്ത ചതിയ്ക്ക് ഇത്രയുമെങ്കിലും പകരം കൊടുത്തില്ലെങ്കിലോ?
തിരിച്ചും മറിച്ചും ചിന്തിച്ച് അയാള്‍ കൊളംബോയിലെ ഹോട്ടലില്‍ എത്തിയപ്പോള്‍ രാത്രിയായിരുന്നു. കഴിഞ്ഞ വരവില്‍ താമസിച്ച അതേ സ്ഥലം തന്നെ. അന്നത്തെ സ്‌ഫോടനത്തിന് ശേഷം റിസപ്ഷന്‍ പുതുക്കിപ്പണിഞ്ഞിരിക്കുന്നു. കൂടുതല്‍ ഭംഗിയാക്കിയിരിക്കുന്നു. പരിചയമില്ലാത്തൊരു വ്യക്തിയായിരുന്നു റിസപ്ഷനില്‍. മുറിയുടെ താക്കോല്‍ വാങ്ങി അയാള്‍ തന്നെ പെട്ടിയുമായി ലിഫ്റ്റില്‍ കയറി.
ശ്യാമിനിയുടെ ചിന്തകള്‍ അയാളുടെ ഉറക്കം കെടുത്തി. അവളോടുള്ള സ്‌നേഹം ഒരു വശത്ത് അയാളെ കുത്തിനോവിച്ചു. താന്‍ അവളോട് ചെയ്തത് തെറ്റായിപ്പോയി എന്നൊരു തോന്നല്‍. പക്ഷേ, പഴയ സ്‌ഫോടനം ചിന്തകളിലെത്തുമ്പോള്‍ മനസ്സിലെ കനല്‍ അഗ്‌നിയായി മാറുന്നു. എങ്കിലും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാമായിരുന്നു. താന്‍ കോപം കൊണ്ട് അലറുമ്പോഴും അവളുടെ മുഖം ഒരു നിഷ്‌ക്കളങ്കയായ കുഞ്ഞിനെ പോലെ തേങ്ങുകയായിരുന്നു. ഇനി അവളറിയാതെ വേറെയാരെങ്കിലും അവളെ ചതിച്ചതായിരിക്കുമോ?
അവളെ വീണ്ടും കണ്ട് സംസാരിക്കണമെന്നുള്ള ആഗ്രഹം നെഞ്ചില്‍ ഇടി മുഴക്കി. ഇനി അതിന് സാദ്ധ്യമല്ല. പിറ്റേന്ന് ഉച്ചയ്ക്ക് മുമ്പായിട്ടാണ് അയാളുടെ ഫ്‌ലൈറ്റ്. ഒന്നിനും സമയമില്ല. മയക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ പലതും ഉപബോധമനസ്സിലൂടെ കടന്നുപോയിട്ടൊടുവില്‍ നേരം വെളുത്തു.
അയാള്‍ പെട്ടിയുമായി റിസപ്ഷനില്‍ എത്തി. പരിചയമുള്ള മുഖം. അയാളെ കണ്ടയുടെനെ റിസപ്ഷനിസ്റ്റ് പറഞ്ഞു, ''വെല്‍ക്കം സര്‍. കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങള്‍ക്ക് മാപ്പ്!''
അന്ന് രാത്രി അയാള്‍ ചെക്കിന്‍ ചെയ്തപ്പോളുണ്ടായിരുന്ന അതേ വ്യക്തിയാണ്. ഫ്രാങ്കോ.
ചെക്കൗട്ട് ചെയ്ത് കാശെല്ലാം കൊടുത്ത് കഴിഞ്ഞപ്പോള്‍ ഫ്രാങ്കോ അയാളോട് ഒരു നിമിഷം കാക്കാന്‍ പറഞ്ഞിട്ട് അകത്ത് പോയി ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തുകൊണ്ട് വന്നു. അത് ദേവരാജിന് കൊടുത്തിട്ട് അയാള്‍ പറഞ്ഞു, ''സര്‍, അന്ന് ഇവിടെ മറന്നുവച്ച പാക്കറ്റ് ഞാനെടുത്ത് എന്റെ ലോക്കറില്‍ വച്ചിരുന്നു. കാലത്ത് സാറ് പോകുമ്പോള്‍ തരണമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, അന്ന് എന്തെല്ലാം കോലാഹലങ്ങളായിരുന്നു. സാറിനേയും അവര്‍ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു.''
ഇതെല്ലാം കണ്ടും കേട്ടും ദേവരാജ് അതിശയപ്പെട്ട് നില്‍ക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഒരു ബോദ്ധ്യവുമില്ലാതെ. അയാള്‍ ഒടുവില്‍ തന്റെ സ്വരം കണ്ടെത്തി. ''അപ്പോള്‍ സ്‌ഫോടനം നടന്നതെങ്ങനെയായിരുന്നു?''
''സാറ് മുറിയിലേയ്ക്ക് പോയി കുറേ കഴിഞ്ഞപ്പോഴാണ് ഞാന്‍ ആ കവര്‍ കണ്ടത്. അപ്പോഴിനി സാറിനെ ഉറക്കത്തില്‍ ശല്യപ്പെടുത്തണ്ട എന്ന് വിചാരിച്ച് ഞാനതെടുത്ത് ഉള്ളില്‍ വയ്ക്കുകയായിരുന്നു. അതിന് ശേഷം ഒരാള്‍ മുറിയന്വേഷിച്ച് വരുകയുണ്ടായി. ഞാന്‍ അയാള്‍ക്ക് വേണ്ടി മുറിയുണ്ടോ എന്ന് ചെക്ക് ചെയ്യുമ്പോള്‍ അയാള്‍ ആ മൂലയിലെ ഒരു കസേരയില്‍ പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ വേറെ എവിടെയെങ്കിലും മുറി തപ്പിക്കൊള്ളാമെന്നും പറഞ്ഞ് പുറത്തേയ്ക്കിറങ്ങിപ്പോയി. അയാളുടെ കൈയിലിരുന്ന പ്ലാസ്റ്റിക് കവര്‍ അവിടെ മൂലയ്ക്ക് വച്ചിട്ടാണ് പോയതെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേയ്ക്കും അത് പൊട്ടിത്തെറിച്ചിരുന്നു.''
വെളിയില്‍ ഒരു ടാക്‌സി വന്നു നിന്ന് ഹോന്‍ അടിച്ചു. സ്‌ഫോടനത്തെ പറ്റി വിശദീകരിച്ചിരുന്ന ഫ്രാങ്കോ സംസാരം നിര്‍ത്തി പുറത്തേയ്ക്ക് നോക്കി. ''സര്‍, സറിന് എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനുള്ള കാറാണ്. ഇനി അടുത്ത തവണ വരുമ്പോള്‍ കാണാം.''
ദേവരാജ് അയാളോട് നന്ദി പറഞ്ഞ് പെട്ടിയും കവറുമായി ടാക്‌സിയില്‍ കയറി. ടാക്‌സി എയര്‍പോര്‍ട്ടിലേയ്ക്ക് കുതിച്ചു.
ദേവരാജ് എന്താണ് ചെയ്യേണ്ടത് എന്താണ് ചിന്തിക്കേണ്ടത് എന്ന പ്രതിസന്ധിയിലായിരുന്നു. ശ്യാമിനി തന്ന കവര്‍ അയാള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. കാര്യങ്ങളറിയാതെ, അറിയാത്തത് അറിയാന്‍ ശ്രമിക്കുക പോലും ചെയ്യാതെ എത്ര ഭീകരമായ തെറ്റാണ് ചെയ്തിരിക്കുന്നത്! സ്വയം പഴിക്കുവാന്‍ പോലും സാധിക്കാത്ത മണ്ടന്‍.
അതിനിടയില്‍ കാറ് എയര്‍പോര്‍ട്ടിലെത്തി. അയാള്‍ ടാക്‌സിക്കാരന് കാശ് കൊടുത്ത് പെട്ടിയും കവറുമായി അകത്തേയ്ക്ക് പോയി.
ഔപചാരികതകളെല്ലാം കഴിഞ്ഞ് ഫ്‌ലൈറ്റിന് വേണ്ടി കാത്തിരിക്കുമ്പോള്‍ അയാള്‍ ശ്യാമിനി തന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞിരുന്ന ആ സമ്മാനം പുറത്തെടുത്തു. അയാളുടെ നെഞ്ചിടിപ്പ് അയാള്‍ക്ക് തന്നെ വ്യക്തമായി കേള്‍ക്കാമായിരുന്നു. അയാള്‍ കടലാസുപൊതി ശ്രദ്ധാപൂര്‍വ്വം അഴിച്ച് അതിനുള്ളിലെ വസ്തു വെളിയിലെടുത്തു.
ലൗഞ്ചിലെ നിരവധി ലൈറ്റുകളുടെ വെളിച്ചത്തില്‍ സിഗിരിയയുടെ ചുവപ്പിലേയ്ക്ക് ഊന്നിയുള്ള തവിട്ട് നിറം തിളങ്ങി നിന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...