Malayalam Short Story : തിരുനെല്ലി, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jul 23, 2022, 4:39 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

''അടിവാരം...അടിവാരം. ഇവിടെയിറങ്ങാനുള്ളവരൊക്കെ ഇറങ്ങിക്കോളു. പതിനഞ്ച് മിനിറ്റ് സ്റ്റോപ്പുണ്ട്. കാപ്പികുടിക്കാനും മറ്റും സൗകര്യമുണ്ട്. ഇപ്പോള്‍ സമയം 8.15. 8.30ന് തിരിച്ചുകയറി കൊള്ളണം. ലേറ്റാക്കരുതേ. ഇനിയും മൂന്ന് മൂന്നര മണിക്കൂര്‍ യാത്രയുള്ളതാണ്.''

കണ്ടക്റ്ററുടെ ശബ്ദം കേട്ട് അരവിന്ദന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. നേരത്തെ എഴുന്നേറ്റതുകൊണ്ട് ബസിലിരുന്ന് ഉറങ്ങാന്‍ നല്ല സുഖം. അയാള്‍ക്കല്ലെങ്കിലും ഏത് ഓടുന്ന വാഹനത്തില്‍ കയറിയാലും ഉറങ്ങാന്‍ യാതൊരു വിഷമവുമില്ല. ഗഹനമായ എന്തിനെയെങ്കിലും കുറിച്ച് ചിന്തിച്ചാല്‍ മതി. പിന്നെ ഉറക്കം താനെ വന്നുകൊള്ളും.

കാലത്തെ മോഹന്റെ വീട്ടില്‍ നിന്നും ആഹാരം കഴിച്ചിട്ടാണ് ഇറങ്ങിയത്. ഏഴ് മണിയ്ക്കാണ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ടത്. അതുകൊണ്ട് തല്ക്കാലം വിശപ്പൊന്നും തോന്നുന്നില്ല. പുറത്തിറങ്ങാനുള്ള മടി കാരണം അരവിന്ദന്‍ സീറ്റില്‍ തന്നെയിരുന്നു.

അടിവാരം. വാവുള്‍ മലയിലേയ്ക്ക് പോകുന്നത് ഇവിടെയിറങ്ങിയിട്ടാണ്. പ്രകൃതിമനോഹരമായ സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. പലരും ട്രെക്കിംഗിന് പോകാറുമുണ്ട്. പറവൂരിലുള്ള കൂട്ടുകാരന്‍ ബാബു പല തവണ വിളിച്ചതാണ്, അയാളോടൊപ്പം ചെല്ലാന്‍. ഓരോ കാരണങ്ങള്‍ കൊണ്ട് പോകാനേ സാധിച്ചില്ല. പ്രധാനമായും കേശു കൂടെയില്ലാത്തതുകൊണ്ടാണ് യാത്രയ്ക്ക് മടിയ്ക്കുന്നത്. ജോലി ചെയ്യുന്ന കല്‍പ്പാക്കത്ത് നിന്നും കേശു ലീവില്‍ വരുമെന്ന്പറഞ്ഞിട്ട് നാളുകള്‍ പലതായി. അവന്‍ കൂടെയുണ്ടെങ്കിലെ യാത്രയ്‌ക്കൊരു രസമുള്ളു.

ബാബുവിന് യാത്ര ഒരു ആവേശമാണ്. പല തരത്തിലുള്ള കൂട്ടുകാരോടൊപ്പം അയാള്‍ പല യാത്രകളും നടത്താറുണ്ട്. എവിടെ പോകുമ്പോഴും തന്നോട് പറയാറുണ്ട്. പക്ഷേ, നാളിതുവരെ അയാളുടെ കൂടെ ഒരു യാത്ര പോലും പോകാന്‍ സാധിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം.

വാവുള്‍ മലയെ പറ്റി ബാബു പറഞ്ഞുള്ള അറിവ് മാത്രമേയുള്ളു. വെള്ളാരി മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. രണ്ടായിരമോ രണ്ടായിരത്തിയഞ്ഞൂറോ മീറ്റര്‍ പൊക്കത്തിലാണത്. അതിന് മുകളില്‍ കയറി നില്‍ക്കുന്നത് ആലോചിച്ചാല്‍ തന്നെ തല കറങ്ങും. ഒന്നാലോചിച്ചാല്‍ ബാബു വിളിച്ചിട്ട് പോകാന്‍ പറ്റാഞ്ഞത് നന്നായെന്ന് തോന്നും. അല്ലെങ്കില്‍ മലയുടെ മുകളില്‍ കയറിയിട്ട് ബാബുവിന് അയാളെ നോക്കാനെ നേരമുണ്ടാവുകയുള്ളായിരുന്നു.

ജീവനും കൈയില്‍ പിടിച്ച് അതിന് മുകളില്‍ കയറി കാണുന്ന വന്യഭംഗിയേക്കാള്‍ രസം താഴെ നിന്ന് കാണുന്നതായിരിക്കും. താഴെ നിന്നാലല്ലേ വാവുള്‍ മലയുടെ പ്രസിദ്ധമായ ഒട്ടകത്തിന്റെ പൂഞ്ഞയുടെ ആകൃതി ആസ്വദിക്കാന്‍ പറ്റുകയുള്ളു. മുകളില്‍ കയറിയാല്‍ പിന്നെ എല്ലാം ഒരേ നിരപ്പായല്ലേ തോന്നുകയുള്ളു.

വിചാരിച്ചിരിക്കാതെയാണ് ഈ തിരുനെല്ലി യാത്ര. പാപനാശിനിയില്‍ മരിച്ചവര്‍ക്ക് വേണ്ടിയൊരു ബലിതര്‍പ്പണം. സ്വയം വിശ്വാസമില്ലെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി സ്വന്തം വിശ്വാസങ്ങളെ മാറ്റി നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ സ്‌നേഹബന്ധങ്ങള്‍ക്കെന്തു വില!

പണ്ടൊക്കെ സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ചേ എന്തും ചെയ്യുമായിരുന്നുള്ളു. പക്ഷേ, പിന്നീട് മനസ്സിലായി അതല്ല ശരിയെന്ന്. തിരുനെല്ലിയില്‍ അച്ഛന് വേണ്ടി ബലിയര്‍പ്പിക്കണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു. പക്ഷേ, പല കാരണങ്ങളും പറഞ്ഞ് അത് നീണ്ടു പോയി. വേണമെന്ന് വിചാരിച്ചിരുന്നെങ്കില്‍ വളരെ എളുപ്പത്തില്‍ നടത്താവുന്ന ഒരു യാത്രയായിരുന്നു തിരുനെല്ലിയിലേയ്ക്ക്. മനസ്സില്‍ പ്രധാനമെന്ന് തോന്നുന്നതേ നമുക്ക് ചെയ്യാന്‍ സമയം കിട്ടു. ഇതൊരു പൊതുതത്വം മാത്രം.

ഒടുവില്‍ ഇനി കൊണ്ടു പോകാന്‍ കഴിയാത്ത വിധം അമ്മ എല്ലാവരേയും വിട്ട് പോയി. ഇപ്പോഴാണ് തന്റെ സ്വാര്‍ത്ഥത മനസ്സിലായത്. കരഞ്ഞിട്ട് കാര്യമില്ല. കൂടെ കൊണ്ടുപോകാനിനി സാദ്ധ്യമല്ലെങ്കിലും അമ്മ ആവശ്യപ്പെട്ട കാര്യം അമ്മയ്ക്കും കൂടി നടത്തണമെന്ന് കരുതി. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ മകനെന്ന് പറഞ്ഞിട്ടെന്ത് പ്രയോജനം?

രണ്ട് മണിയടി കേട്ടപ്പോള്‍ അരവിന്ദന്‍ ചിന്തകളില്‍ നിന്നുമുണര്‍ന്നു. അയാള്‍ വാച്ച് നോക്കി. കൃത്യം 8.30. കണ്ടക്റ്ററോടൊപ്പം എല്ലാവരും സമയനിഷ്ട പാലിച്ചിരിക്കുന്നു. 

വൈത്തിരിയിലും കല്പറ്റയിലും കുറച്ച് നേരം വണ്ടി നിര്‍ത്തി. അവസാനം മാനന്തവാടിയില്‍ വീണ്ടും ഒരു പതിനഞ്ച് മിനിറ്റ് ബ്രേക്ക്. അവിടെ നിന്നുമിനി ഒരു മണിക്കൂറിനുള്ളില്‍ തിരുനെല്ലിയെത്താം. 

തിങ്ങി നിറഞ്ഞ കാട് കാണാന്‍ വേണ്ടി ഉറക്കം വേണ്ടെന്ന് വച്ച് അരവിന്ദന്‍ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. ഉണങ്ങി മറിഞ്ഞ് വീണ് കിടക്കുന്ന മുളങ്കാടുകള്‍ കണ്ടപ്പോള്‍ കഷ്ടം തോന്നി. ആരായിരിക്കും ആ ദുഷ്ടത്തരം കാണിച്ചിട്ടുണ്ടാകുക?

മുളങ്കാടുകള്‍ നോക്കിയിരിക്കുന്ന അരവിന്ദന്റെ മുഖത്തെ അത്ഭുതം കണ്ടിട്ടാകണം അടുത്തിരുന്ന യാത്രക്കാരന്‍ പറഞ്ഞു, ''പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ അങ്ങനെ വളര്‍ച്ചയെത്തിയ മുള താനെ ഒടിഞ്ഞ് വീഴും. ഇതാരും മനപ്പൂര്‍വ്വം ഒടിച്ചിട്ടതൊന്നുമല്ല.''

അത് അരവിന്ദന് ഒരു പുതിയ അറിവായിരുന്നു. അയാളോട് അരവിന്ദന്‍ നന്ദി പറഞ്ഞു. അപ്പോള്‍ അയാള്‍ തുടര്‍ന്നു. ''മുളയുടെ പൂവും അരിയും ആണ് കാട്ടിലെ ആനകള്‍ ഭക്ഷിക്കുന്നത്. ഇനിയിപ്പോള്‍ അവയ്ക്ക് തിന്നാന്‍ ഇതു കിട്ടാതെയാകുമ്പോള്‍ മലയില്‍ നിന്നും താഴ്വാരത്തിറങ്ങും. പ്രത്യേകിച്ച് മാങ്ങയുടേയും ചക്കയുടേയും വാസന കിട്ടിത്തുടങ്ങിയാല്‍. നാട്ടുകാരിനി കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കണം.''

നല്ല സമയത്താണല്ലോ താന്‍ എത്തിയതെന്ന് അരവിന്ദന്‍ ഓര്‍ത്തു. രാത്രി പുറത്തിറങ്ങാന്‍ പേടിക്കണം. ഏതായാലും ഒരാവശ്യത്തിനായി വന്നിട്ട് ആനയിട്ടോടിക്കേണ്ട ഗതികേടില്‍ പെടണ്ട.

ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും ബസ് തിരുനെല്ലിയിലെത്തി. അരവിന്ദന്‍ ക്ഷേത്രത്തിന്റെ അടുത്തു തന്നെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു. തിരുനെല്ലി ദേവസ്വത്തിന്റെ ഉത്തരവാദിത്വത്തില്‍ നടത്തുന്ന പഞ്ചതീര്‍ത്ഥം ഗസ്റ്റ് ഹൗസ്. കേവലം അഞ്ഞൂറ് രൂപയ്ക്ക് എസി മുറി. പക്ഷേ, ഈ തണുപ്പുള്ള കാലാവസ്ഥയില്‍ എസി ആവശ്യമില്ല. അതുകൊണ്ട് നാനൂറ് കൊടുത്താല്‍ മതി. നല്ല വൃത്തിയുള്ള സ്ഥലം.

ബലിതര്‍പ്പണം അതിരാവിലെയാണ് ചെയ്യുന്നത്.അപ്പോള്‍ വൈകുന്നേരം അമ്പലവും പരിസരവും കറങ്ങി കാണാന്‍ സമയമുണ്ട്. ഉച്ചഭക്ഷണം സത്രത്തില്‍ നിന്നു തന്നെ കഴിച്ചിട്ട് ഒന്നു മയങ്ങി.

നാല് മണിയ്ക്ക് ഒരു ചായ കൂടി കുടിച്ചിട്ട് അരവിന്ദന്‍ പുറത്തേയ്ക്കിറങ്ങി.

നേരെ മുന്നില്‍ തന്നെയാണ് അമ്പലത്തിലേയ്ക്ക് കയറി പോകാനുള്ള പടികള്‍. അയാള്‍ പടിയെണ്ണി മുകളിലേയ്ക്ക് നടന്നു. മുപ്പത്തഞ്ച് പടികളാണുള്ളത്. നല്ല വ്യായാമം. പഴയ രീതിയിലുള്ള ക്ഷേത്രമാണ്. പുതുക്കി പണിയാനൊന്നും ശ്രമിച്ചിട്ടില്ല. അതുകൊണ്ട് പഴയ വാസ്തുശില്പകലയുടെ തനതായ രൂപം മനസ്സിലുള്‍ക്കൊള്ളാനുള്ള ഒരവസരമായി. 

ശില്പങ്ങളെ പറ്റിയും ക്ഷേത്രനിര്‍മ്മാണചാതുര്യത്തെ പറ്റിയും വിവരം കുറവാണെങ്കിലും ഇവയെല്ലാം മനസ്സു കുളിര്‍ക്കെ കണ്ട് പണ്ടുണ്ടായിരുന്ന തച്ചന്മാരെ അഭിനന്ദിക്കാനുള്ള ഒരു ഹൃദയം തനിയ്ക്കുണ്ടെന്ന് അയാള്‍ക്ക് തീര്‍ച്ചയായിരുന്നു. അമ്പലത്തിന് ചുറ്റും പ്രദക്ഷിണമായി നടന്നു.

ക്ഷേത്രത്തിലേയ്ക്ക് വെള്ളം കൊണ്ടു വരാനായി കരിങ്കല്ലില്‍ പണിഞ്ഞിരിക്കുന്ന അക്വാഡക്റ്റ് ഒരു വിസ്മയം തന്നെ. കടുങ്ങല്ലൂരില്‍ നിന്നും ആലുവ ചന്ത വരെയുള്ള അക്വാഡക്റ്റ് മനസ്സില്‍ തെളിഞ്ഞു. അതൊരു പാലം പോലെ പണിഞ്ഞിരിക്കുന്നതിനാല്‍ അതിന്റെ മുകളില്‍ കൂടി നടന്ന് പെരിയാര്‍ മുറിച്ച് അപ്പുറം എത്താന്‍ കഴിയും. കൃഷിയ്ക്കും മറ്റും വെള്ളമെത്തിക്കാനായി വളരെ നാളുകള്‍ക്ക് മുമ്പ് പണിഞ്ഞിട്ടിരിക്കുന്നതാണ്. പെരിയാറിന് മുകളിലൂടെയുള്ള നടപ്പ് ദേഹമാസകലം കുളിരണിയിക്കുന്ന ഒരനുഭവമാണ്.

ആലുവയെ പറ്റി ആലോചിക്കുമ്പോള്‍ ഉളിയന്നൂരും താനെ ചിന്തകളില്‍ സ്ഥാനം പിടിക്കും. അരവിന്ദന്റെ മനസ്സില്‍ ഉളിയന്നൂരിലെ കൂട്ടുകാരന്‍ കേശു എന്ന് അയാള്‍ വിളിക്കുന്ന കേശവന്റേയും കേശവന്റെ അനുജത്തി ഗീതയുടേയും അവരുടെ അമ്മയുടേയും രൂപങ്ങള്‍ ഓടിയെത്തി. കേശവന്‍ തന്റെ കൂടെ വരാനിരുന്നിരുന്നതാണ്. പക്ഷേ, അവസാന നിമിഷത്തിലാണ് അവന്റെ ലീവ് റദ്ദാക്കിയത്. കേശവനെ റിലീവ് ചെയ്യേണ്ട ആളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ക്കായി അയാള്‍ ലീവില്‍ പോയതിനാല്‍ കേശുവിന്റെ വരവ് മാറ്റി വച്ചു. ചെന്നൈയില്‍ നിന്നും ആലുവയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെല്ലാം എടുത്ത് വച്ചിരുന്നതാണ്. 

''എന്താണ് ഇങ്ങനെ ചിന്തയിലാണ്ട് നടക്കുന്നത്? പരിസരബോധത്തോടെ നടന്നാലല്ലേ ചുറ്റിനുമുള്ള പ്രകൃതിയുടെ ഭംഗിയും വികൃതിയും ആസ്വദിക്കാന്‍ കഴിയുകയുള്ളു.'' 

ആ വാക്കുകള്‍ അരവിന്ദനെ ഉളിയന്നൂരില്‍ നിന്നും തിരുനെല്ലിയിലേയ്ക്ക് തിരികെ കൊണ്ടുവന്നു. അയാള്‍ ശബ്ദം വന്ന ഭാഗത്തേയ്ക്ക് നോക്കി. അമ്പലത്തിന് മുമ്പിലുള്ള കരിങ്കല്‍ത്തൂണ്‍ മണ്ഡപത്തില്‍ ഇരിക്കുന്ന കാവി വസ്ത്രം ധരിച്ചൊരു സന്ന്യാസിയാണ് അയാളോട് സംസാരിച്ചത്. തേജസ്സാര്‍ന്ന മുഖം. നീണ്ട് മെലിഞ്ഞ ശരീരം. അര്‍ദ്ധനഗ്‌നനാണ്. തോളത്ത് ഒരു കാവി നിറത്തിലുള്ള തോര്‍ത്ത് മുണ്ട് അലക്ഷ്യമായിട്ടിട്ടുണ്ട്.

അരവിന്ദനെ നോക്കി അയാള്‍ പുഞ്ചിരിച്ചു. അരവിന്ദന്‍ അയാളെ നോക്കി കൈകള്‍ കൂപ്പി 'നമസ്‌തേ' ഉച്ചരിച്ചു.

''ഈ അമ്പലം വളരെ ദൂരെ നിന്നുമുള്ള പലരേയും ആകര്‍ഷിക്കുന്നത് അതിന്റെ അസ്ഥിത്വത്തിന്റെ സവിശേഷതയും ഇതിന് ചുറ്റും കാണുന്ന ആ മലകളും കാടുകളുമാണ്. അപ്പോള്‍ പിന്നെ ഇവിടെ വന്നിട്ട് അതെല്ലാം കണ്ട് മനസ്സിലാക്കി ആനന്ദിക്കാന്‍ പറ്റിയില്ലെങ്കില്‍ ഈ യാത്രയ്ക്ക് അര്‍ത്ഥമില്ലാതാവില്ലേ?'' സന്ന്യാസി തുടര്‍ന്നു.

അരവിന്ദന് അദ്ദേഹത്തിന്റെ സംസാരം രസിച്ചു. അയാള്‍ ആ സന്ന്യാസിയുടെ അരികില്‍ പോയിരുന്നു. 

''കൂടെ വരാനിരുന്ന ആള്‍ വന്നില്ല, അല്ലേ?'' 

സന്ന്യാസിയുടെ ആ ചോദ്യം കേട്ടപ്പോള്‍ അരവിന്ദന് തികച്ചും അത്ഭുതമായി. ''താങ്കള്‍ എവിടെ നിന്നാണ് വരുന്നത്? എന്റെ കൂടെ വരാനിരുന്ന ആളെ പറ്റി എങ്ങനെ മനസ്സിലായി?''

''ഞാന്‍ വളരെ ദൂരെ വടക്ക് നിന്നാണ് വരുന്നത്. നിങ്ങള്‍ ഇങ്ങനെ ആലോചനാനിമഗ്‌നനായി പ്രദക്ഷിണം വയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. നമ്മുടെ ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിച്ചാല്‍ നമുക്ക് പലതും മനസ്സിലാക്കാന്‍ കഴിയും. പ്രത്യേകിച്ച് ആളുകളുടെ ശരീരഭാഷ അവരുടെ ഹൃദയത്തിലേയ്ക്കുള്ള ഒരു വാതിലെന്ന പോലെ ചിലപ്പോള്‍ തുറന്നെന്ന് വരാം.'' സന്ന്യാസി സമയമെടുത്ത് വളരെ സാവധാനത്തിലാണ് സംസാരിച്ചത്.

''അങ്ങയെ പോലെ മനസ്സിനെ ഏകാഗ്രമാക്കാന്‍ പഠിച്ചിട്ടുള്ളവര്‍ക്ക് അത് കഴിയുമായിരിക്കും. എന്നെ പോലെയുള്ള സാധാരണക്കാരന് സ്വന്തം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ തന്നെ സമയം പോരാതെ വരുന്നു.''ഗഹനചിന്തകള്‍ തലയില്‍ കയറിയാല്‍ ബസില്‍ പോലുമിരുന്നുറങ്ങുന്ന കാര്യമോര്‍ത്ത് അരവിന്ദന്‍ ചെറു മന്ദഹാസത്തോടെ പറഞ്ഞു.

''എല്ലാ മനുഷ്യര്‍ക്കും ഏകദേശം ഒരേ വിധമുള്ള കഴിവുകളാണ് പ്രകൃതി കനിഞ്ഞ് തന്നിരിക്കുന്നത്. അത് അവര്‍ എങ്ങനെ പരിപോഷിപ്പിച്ചെടുക്കുന്നു എന്നതിനനുസരിച്ചല്ലെ അവരുടെ കഴിവുകള്‍ വളരുക. അതിനുള്ള അനുകൂലസാഹചര്യങ്ങളും വേണമെന്ന് മാത്രം. നമുക്ക് വേണ്ടതെന്തെന്ന് അറിയാന്‍ സാധിച്ചാല്‍ അതിനെ മുന്നില്‍ കണ്ട് അക്ഷീണം പ്രയത്‌നിച്ചാല്‍ ലക്ഷ്യപ്രാപ്തി വിദൂരത്താവില്ല.'' സന്ന്യാസിയുടെ സൗമ്യമായ ശബ്ദത്തിലെ ദൃഢത വ്യക്തമായിരുന്നു.

''ഈ ഉപദേശം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. അതിന് നന്ദിയുണ്ട്. ഞാനുദ്ദേശിക്കുന്ന പല കാര്യങ്ങളിലും ഒരു വ്യക്തത കണ്ടെത്താന്‍ ഇതെന്നെ സഹായിക്കാതിരിക്കില്ല.'' തന്റെ ചെറിയ ഫാക്റ്ററി ഇരിക്കുന്ന ഇടയാറിലെ പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ മനസ്സിനെ ഏകാഗ്രമാക്കണമെന്ന് അയാള്‍ തീരുമാനിച്ചു.

''ബ്രഹ്മാവ് യാത്രയ്ക്കിടയില്‍ വിശ്രമിക്കാനായി ഇവിടെ വന്ന സമയം വിഷ്ണുഭഗവാന്റെ ബിംബം സ്ഥാപിച്ചതാണെന്ന ഐതിഹ്യത്തില്‍ നിന്നും ഈ മലയ്ക്ക് ബ്രഹ്മഗിരി എന്ന നാമം വന്നു. അദ്ദേഹം വിഷ്ണുവിന്റെ വിഗ്രഹം ഒരു നെല്ലിമരത്തിലാണ് കണ്ടതെന്ന് പറയപ്പെടുന്നു. ഐതിഹ്യങ്ങള്‍ ശരിയാണൊ അല്ലയൊ എന്ന് സമര്‍ത്ഥിക്കാന്‍ നോക്കുന്നതില്‍ അര്‍ത്ഥമില്ല. ബ്രഹ്മഗിരിയെന്ന പേരും ഇവിടെ ഇടതൂര്‍ന്ന് വളരുന്ന നെല്ലിമരങ്ങളും ചേര്‍ന്ന് ഈ സ്ഥലത്തിന് തിരുനെല്ലിയെന്ന് നാമധേയം കൊടുത്തത് സത്യമാവാതെ വരില്ലല്ലോ!'' സന്ന്യാസിയ്ക്ക് ആ സ്ഥലത്തിനോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

''വിഷ്ണുലോകത്തിന് സമാനമായ ഇവിടത്തെ പാപനാശിനിയില്‍ മുങ്ങിയാല്‍ സകല പാപങ്ങളും തീരുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പാപം നശിച്ചാലുമില്ലെങ്കിലും നാളെ രാവിലെ പാപനാശിനിയില്‍ എനിയ്‌ക്കൊന്ന് മുങ്ങണം. അമ്മയ്ക്കും അച്ഛനും വേണ്ടി അത് ഞാന്‍ എന്തായാലും ചെയ്തിരിക്കും. ഇനിയിപ്പോള്‍ ഇങ്ങോട്ടേയ്‌ക്കൊരു വരവുണ്ടായെന്ന് വരില്ല.'' അരവിന്ദന് സന്ന്യാസിയുടെ മുന്നില്‍ മനസ്സ് തുറക്കുന്നതില്‍ പ്രയാസം തോന്നിയില്ല.

സന്ന്യാസി കുറച്ച് നേരത്തേയ്ക്ക് ആലോചനാനിമഗ്‌നനായിരുന്നു. ''ഇനി വരില്ലെന്ന് തീരുമാനിയ്‌ക്കേണ്ടത് നമ്മളല്ലല്ലോ. നമുക്ക് ചെയ്ത് തീര്‍ക്കാനുള്ള കര്‍മ്മങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്കെന്തായാലും വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നു കൂടി വരാതെ തരമില്ല.''

അദ്ദേഹം പറഞ്ഞത് വളരെ വിചിത്രമായി തോന്നിയെങ്കിലും അരവിന്ദന്‍ കൂടുതല്‍ അതിനെ പറ്റി സംസാരിക്കേണ്ടെന്ന് തീരുമാനിച്ചു. സന്ന്യാസിയാണെങ്കില്‍ തൂക്കിയിട്ടിരുന്ന കാലുകള്‍ മുകളിലേയ്ക്ക് വലിച്ച് വച്ച് ചമ്രം പടിഞ്ഞിരുന്ന് കണ്ണുകളടച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ഭംഗം വരുത്തേണ്ടെന്ന നിഗമനത്തില്‍ അരവിന്ദന്‍ എഴുന്നേറ്റ്‌സത്രത്തിലേയ്ക്ക് മടങ്ങി.

അന്ന് രാത്രി സുഖമായി ഉറങ്ങാമെന്ന അരവിന്ദന്റെ ആഗ്രഹം പാതിരാത്രിയോടെ അവതാളത്തിലായി. പുറത്ത് നിന്നും ചെണ്ടയുടേയും മറ്റും ശബ്ദം കേട്ടാണ് അയാള്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്. ജനല്‍ തുറന്ന് താഴേയ്ക്ക് നോക്കി. ഹോട്ടല്‍ തന്നെ കുറച്ചുയര്‍ന്ന പ്രതലത്തിലാണ് കെട്ടിയിരിക്കുന്നത്. അതിന്റെ ഒന്നാം നിലയിലായിരുന്നു അയാളുടെ മുറി. അപ്പുറത്തെ ജനജീവിതം വളരെ താഴെയാണെന്ന് അയാള്‍ക്ക് തോന്നി.

ധാരാളം വാഴയും കവുങ്ങും തെങ്ങും മാവും പ്ലാവും തിങ്ങി നിറഞ്ഞ പറമ്പുകളായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിനെല്ലാം ഇടത്തോട്ട് മാറി ഒരു റോഡ് കാണാമായിരുന്നു. അതിന്റേയും അപ്പുറത്ത് നിന്നാണ് കൊട്ടിന്റെ ബഹളവും കൂട്ടത്തില്‍ ആര്‍പ്പ് വിളികളും മുഴങ്ങിയത്. 

റോഡില്‍ കൂടി മുന്നോട്ട് ആഞ്ഞ് നടക്കുന്ന മൂന്ന് ചെറുപ്പക്കാരെ അരവിന്ദന്‍ ശ്രദ്ധിച്ചു. അവരുടെ പുറകെ ഏങ്ങി വലിഞ്ഞ് നടന്നെത്താന്‍ പാട് പെടുന്ന മറ്റൊരുവനോട് അവര്‍ പറയുന്നു, ''ധൈര്യമുണ്ടെങ്കില്‍ മാത്രം ഞങ്ങളോടൊപ്പം വന്നാല്‍ മതി. അല്ലെങ്കില്‍ നീ അവിടം മുഴുവന്‍ വൃത്തികേടാക്കും.'' അതോടെ മൂന്നാളും ആര്‍ത്ത് ചിരിച്ചു.

''ധൈര്യമുണ്ടായിട്ട് ഒരു കാര്യവുമില്ല കൂട്ടുകാരെ. ഒറ്റയാന്റെ മുന്നില്‍ ധൈര്യം അപ്പിയായി, ആവിയായി പോകും. ഓടാന്‍, പി ടി ഉഷയെ പോലെ നല്ല വേഗത്തില്‍ ഓടാന്‍, അറിയാമെങ്കില്‍ മാത്രമേ അവിടേയ്ക്ക് പോയിട്ട് കാര്യമുള്ളു.'' പുറകില്‍ വരുന്നവന്‍ ശ്വാസം കിട്ടാന്‍ കിതയ്ക്കുന്നതിനിടയില്‍ പറഞ്ഞൊപ്പിച്ചു.

അരവിന്ദന് അവരുടെ സംഭാഷണം ഇഷ്ടപ്പെട്ടു. അത്രയും ഗൗരവമേറിയ സമയത്തും തമാശ പറയാന്‍ അവര്‍ കാണിക്കുന്ന ചങ്കൂറ്റം. പറഞ്ഞത് തമാശയായിട്ടാണെങ്കിലും ആ പറഞ്ഞതിലെ ആന്തരീകാര്‍ത്ഥം മനസ്സില്‍ തറഞ്ഞു.

ബസ് യാത്രക്കാരന്‍ പറഞ്ഞത് സത്യമായി ഭവിക്കുന്നു. ആനകള്‍ ആഹാരം അന്വേഷിച്ച് മലയില്‍ നിന്നും താഴെയിറങ്ങുന്നു.സന്ന്യാസി പറഞ്ഞത് എത്ര ശരിയാണ്. ചുറ്റിനും നടക്കുന്നതും കേള്‍ക്കുന്നതും ശ്രദ്ധിച്ചാല്‍ നമുക്ക് പലതും മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും.

പിന്നെപ്പോഴോ അരവിന്ദന്‍ ഉറങ്ങിപ്പോയി.

പിറ്റേന്ന് പുലര്‍ച്ചെ തന്നെയെഴുന്നേറ്റ് കുളിയും കഴിഞ്ഞ് അരവിന്ദന്‍ പാപനാശിനിയിലേയ്ക്ക് പുറപ്പെട്ടു. മുണ്ടുടുത്ത് ഷര്‍ട്ടിടാതെ ഒരു തോര്‍ത്തുമുണ്ട് തോളത്തിട്ടിട്ടായിരുന്നു അയാളുടെ നടപ്പ്. കര്‍മ്മങ്ങള്‍ പറഞ്ഞ് തരാന്‍ ധാരാളം പരികര്‍മ്മികള്‍ അരുവിക്കരയില്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളെ അരവിന്ദന്‍ തനിയ്ക്ക് വേണ്ടി ഏര്‍പ്പാടാക്കി. ആ പരികര്‍മ്മി തന്നെ ബലിയിടാന്‍ വേണ്ടുന്ന സാധനങ്ങളെല്ലാം ഒരുക്കി. അയാള്‍ പറയുന്നത് ഏറ്റ് പറയേണ്ട ജോലിയെ അരവിന്ദനുണ്ടായിരുന്നുള്ളു. മനസ്സില്‍ അച്ഛനേയും അമ്മയേയും വിചാരിച്ച് അയാള്‍ പരികര്‍മ്മി പറയുന്നത് യാന്ത്രികമായി ചെയ്തുതീര്‍ത്തു.

എത്ര ശുദ്ധമായ തെളിനീരാണ് പാപനാശിനിയില്‍ കൂടി ഒഴുകുന്നത്. ഇടയാറിനെ തഴുകിയൊഴുകുന്ന പെരിയാറില്‍ കാല് വയ്ക്കാന്‍ വിഷമമാണ്. അത്രയ്ക്ക് വിഷമയമായ ജലമാണ് ഒഴുകുന്നത്. പേരുകേട്ട പെരിയാറിനെ അങ്ങനെ ആക്കിത്തീര്‍ത്തതാണ് ചുറ്റിനുമുള്ള കമ്പനികള്‍ ചേര്‍ന്ന്.

''നഗരങ്ങളില്‍ കാണുന്ന നദീജലവുമായി താരതമ്യം ചെയ്യാന്‍ നോക്കുകയാണല്ലേ?'' പരികര്‍മ്മിയുടെ ചോദ്യം കേട്ട് അരവിന്ദന്‍ വിസ്മയിച്ചു. ഇവിടെയുള്ളവര്‍ക്കെല്ലാം തന്റെ മനസ്സ് വായിച്ചെടുക്കാന്‍ സാധിക്കുന്നതെങ്ങനെ?

''എത്ര ശുദ്ധമായ വെള്ളമാണ് ഒഴുകുന്നത്. ഇതില്‍ നീരാടിയാല്‍ പാപങ്ങളെല്ലാം അത് നശിപ്പിക്കുമെന്ന് ഇതിന്റെ ഒഴുക്ക് കണ്ടാല്‍ തന്നെ തോന്നും.'' അരവിന്ദന് ആ അരുവി അത്രയ്ക്കിഷ്ടപ്പെട്ടിരുന്നു.

''നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. ഈ അമ്പലത്തിന് ഒരു ക്ഷേത്രക്കിണറില്ല. പണ്ടേ ഇങ്ങനെയായിരുന്നു. ഈ പാപനാശിനിയില്‍ നിന്നും വെള്ളം കോരിക്കൊണ്ടു പോയാണ് പൂജകള്‍ നിര്‍വ്വഹിച്ചിരുന്നത്. പണ്ട് പണ്ടൊരിക്കല്‍ ഈ നദിയും ഉണങ്ങി വരണ്ടുപോവുകയുണ്ടായി. ആ സമയം അമ്പലത്തില്‍ തൊഴാന്‍ വന്ന ചിറക്കല്‍ രാജാവിന്റെ പത്‌നിയ്ക്ക് ചന്ദനം ചാലിക്കാന്‍ വെള്ളം കിട്ടിയില്ല. അവരുടെ നിര്‍ബ്ബന്ധപ്രകാരം രാജാവുടനെ തന്നെ കാടിന്റെ വളരെയധികം ഉള്ളിലായുള്ള വരാഹം എന്നറിയപ്പെടുന്ന ഒരു ജലസ്രോതസ്സില്‍ നിന്നും തല്ക്കാലം മുള പകുത്ത് നാളികളാക്കി വെള്ളം അമ്പലത്തിലെത്തിക്കുകയാണുണ്ടായത്. പിന്നീട് അദ്ദേഹം തന്നെ കരിങ്കല്‍ നാളി പണിയാന്‍ മുന്‍കൈ എടുത്തു. ഇന്നും ആ നാളിയില്‍ കൂടിയുള്ള ജലപ്രവാഹം അഭംഗുരം തുടരുന്നു.' പരികര്‍മ്മി ഒരു ചെറുപുഞ്ചിരിയോടെ വിശദീകരിച്ചു.

''വിസ്മയാവഹമായ ഒരു കാഴ്ച തന്നെയായിരുന്നു ഈ കരിങ്കല്‍നാളി. ഒരിക്കലും വറ്റാത്ത ഒരു ജലസ്രോതസ്സും.'' തലേന്ന് തന്റെ മനസ്സിനെ പിടിച്ചു നിര്‍ത്തിയ കാഴ്ചയുടെ വിശദീകരണം ലഭിച്ചതില്‍ അരവിന്ദന്‍ പരികര്‍മ്മിയോടുള്ള കൃതജ്ഞത രേഖപ്പെടുത്തി.

''നിങ്ങളോട് ഇതെന്തിനാണ് ഞാനിപ്പോള്‍ പറഞ്ഞതെന്ന് മനസ്സിലായോ?'' 

പരികര്‍മ്മിയുടെ ആ ചോദ്യം അരവിന്ദന്‍ പ്രതീക്ഷിച്ചിരുന്നതല്ല. അയാള്‍ അത്ഭുതം സ്ഫുരിക്കുന്ന കണ്ണുകളോടെ പരികര്‍മ്മിയെ നോക്കി.

''മനസ്സില്‍ എന്തെങ്കിലും ആത്മാര്‍ത്ഥമായി നിശ്ചയിച്ചുറപ്പിച്ചാല്‍ അത് നേടിയെടുക്കാന്‍ പ്രയാസമുണ്ടാകില്ല. അതിന് വേണ്ടി മനസ്സ് തുറന്ന് അത്മാര്‍ത്ഥതയോടെ തന്നെ പ്രവര്‍ത്തിക്കണമെന്ന് മാത്രം.'' അതും പറഞ്ഞ് പരികര്‍മ്മി എഴുന്നേറ്റു. 

അദ്ദേഹത്തിനുള്ള ദക്ഷിണ കൊടുത്തിട്ട് അരവിന്ദനും അവിടെ നിന്നെഴുന്നേറ്റു. പരിസ്ഥിതി മലിനീകരണത്തിന്റെ ബാധയില്‍ നിന്നും പെരിയാറിനെ സംരക്ഷിക്കാന്‍ അപ്രതീക്ഷിതമായി തിരുനെല്ലിയില്‍ നിന്നും അനുകൂലാത്മകതരംഗങ്ങള്‍ ലഭിച്ചത് അയാളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

അയാള്‍ പാപനാശിനിയില്‍ കൂടി മുന്നോട്ട് നടന്നു. മുട്ടിനൊപ്പം വെള്ളമേയുള്ളു. നല്ല തണുത്ത ജലം. അതില്‍ കൂടി നടക്കാന്‍ നല്ല രസം. മുന്നോട്ട് നീങ്ങുന്തോറും ആളുകളില്ലാതെയായി തീര്‍ന്നു. വിജനമായ നദിയും ചുറ്റിനും കാടും. ഇവിടെയെങ്ങും വന്യമൃഗങ്ങളുടെ ശല്യമുള്ളതായി ആരും പറഞ്ഞ് കേട്ടിട്ടില്ല. പക്ഷികളുടെ കൂവലും മൂളലും ജലപ്രവാഹത്തിന്റെ കളകളാരവവും മാത്രമേ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കേട്ടിരുന്നുള്ളു.

പെരിയാറിനെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും അയാള്‍ അച്ഛനേയും അമ്മയേയും കുറിച്ചാലോചിച്ചു. അമ്മ മനസ്സില്‍ വന്നപ്പോള്‍ താന്‍ ഇഷ്ടപ്പെടുന്ന ഗീതയുടെ അമ്മ മനസ്സിലെത്തി. അതോടെ പ്രിയസുഹൃത്ത് കേശുവും. അവന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷകരമായൊരു യാത്രയായേനെ.

ആ തെളിനീരില്‍ ഒന്നു കൂടി മുങ്ങണമെന്ന് അയാള്‍ക്ക് തോന്നി. ഉടനെ തന്നെ അവിടെ കുനിഞ്ഞിരുന്ന് മൂന്നുനാല് വട്ടം അയാള്‍ മുങ്ങി നിവര്‍ന്നു.

അപ്പോഴാണ് അരവിന്ദന്‍ തന്റെ മുന്നില്‍ നീങ്ങുന്ന ഒരാള്‍രൂപത്തെ ശ്രദ്ധിച്ചത്. കുറച്ച് ദൂരെയാണ്. ഇയാള്‍ എപ്പോഴായിരിക്കും തന്നെ കടന്ന് പോയിട്ടുണ്ടാകുക? ഏതായാലും നടക്കാന്‍ കൂട്ടിനൊരാളായല്ലോ എന്ന് കരുതി അയാള്‍ നടത്തത്തിന് വേഗത കൂട്ടി. മുന്നിലുള്ള ആള്‍ യാതൊരു ധൃതിയുമില്ലാതെ സാവധാനമായിരുന്നു നടന്നിരുന്നത്.

മുന്നിലുള്ള ആളുടെ ഏകദേശം പുറകില്‍ എത്തിയപ്പോള്‍ അരവിന്ദന്‍ സ്തബ്ധനായി നിന്നുപോയി. ഇതെങ്ങനെ സാദ്ധ്യമാകും? കല്‍പ്പാക്കത്ത് ഇരിക്കുന്ന ആളെങ്ങനെ ഇവിടെ തിരുനെല്ലിയില്‍ എത്തും?

അയാള്‍ പേരെടുത്ത് വിളിക്കാന്‍ നോക്കി. പക്ഷേ, ആശ്ചര്യം കൊണ്ട് ശബ്ദം പുറത്ത് വരുന്നില്ലായിരുന്നു. തെളിഞ്ഞ് നിന്നിരുന്ന അന്തരീക്ഷത്തില്‍ ഒരു മൂടല്‍ വന്നിറങ്ങിയിരിക്കുന്നു. എങ്ങു നിന്നോ എത്തിയ മഞ്ഞ് പോലെ. മുന്നിലെ രൂപം അവ്യക്തമായിക്കൊണ്ടിരുന്നു. ഒടുവില്‍ അരവിന്ദന്റെ വായില്‍ നിന്നും ശബ്ദം പുറത്ത് വന്നു. അയാള്‍ ആകുന്നത്ര ഉച്ചത്തില്‍ വിളിച്ചു, ''കേശൂ!''

പക്ഷേ, വിളി കേള്‍ക്കാന്‍ നില്‍ക്കാതെ ആ രൂപം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അരവിന്ദന്റെ കാലുകള്‍ ചലിക്കുന്നില്ലായിരുന്നു. ചലനശേഷി നഷ്ടപ്പെട്ടപോലെ അയാള്‍ അവിടെ നിന്നനില്‍പ്പില്‍ നിന്നു.

എത്ര സമയം അവിടെ നിന്നെന്ന് അയാള്‍ക്ക് തിട്ടമില്ലായിരുന്നു. മനസ്സ് സ്വന്തം നിയന്ത്രണത്തില്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ ചുറ്റിനും നോക്കി. ആരും അടുത്തെങ്ങുമില്ല. നേരത്തെ മുന്നിലുണ്ടായിരുന്ന മൂടല്‍മഞ്ഞുരുകി മാറിയപോലെ അന്തരീക്ഷം തെളിഞ്ഞ് നിന്നു.

എന്തോ സ്വപ്നം കണ്ടതാവുമെന്ന നിഗമനത്തില്‍ അരവിന്ദന്‍ തിരിഞ്ഞ് നടന്നു.ത ലേന്ന് ഉറക്കം പോരാഞ്ഞത് കൊണ്ടുണ്ടായതാവാനാണ് വഴി. അല്ലെങ്കില്‍ തന്നെ ഇവിടെ പലര്‍ക്കും തന്റെ മനസ്സ് വായിക്കാന്‍ എളുപ്പം സാധിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കാന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു.

ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കായിരുന്നു കോഴിക്കോടേയ്ക്കുള്ള ബസ്. ഹോട്ടലില്‍ പോയി ഉച്ചഭക്ഷണം കഴിച്ച് പോകാനൊരുങ്ങി അരവിന്ദന്‍. അവിടം വിട്ട് പോകുന്നതിന് മുമ്പ് അമ്പലത്തിലേയ്ക്കുള്ള കയറ്റം കയറി, അവിടെ നിന്നും ചുറ്റിനുമുള്ള പ്രകൃതിഭംഗി ആസ്വദിക്കണമെന്ന് അയാള്‍ക്ക് തോന്നി. ഇനിയിപ്പോള്‍ ഇവിടേയ്ക്ക് അടുത്തൊരു വരവില്ലെന്ന് ആലോചിച്ചപ്പോഴും സന്ന്യാസിയുടെ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി.

അരവിന്ദന്‍ അമ്പലത്തിലെത്തി. ചുറ്റിനും നടന്ന് ദൂരെ ദൂരെ കാണുന്ന വനഭംഗി കണ്‍കുളിര്‍ക്കെ കണ്ടാനന്ദിച്ചു. എന്ത് ഭംഗിയാണ് ബ്രഹ്മഗിരിയ്ക്ക്! ബലിതര്‍പ്പണത്തിനല്ലെങ്കിലും ഈ കാനനസൗന്ദര്യം ആസ്വദിക്കാനായിട്ടെങ്കിലും ഒന്നുകൂടി വരുന്നതില്‍ തെറ്റില്ല. കേശുവിനേയും ഗീതയേയും അവരുടെ അമ്മയേയും കൂട്ടി വരാം വേണമെങ്കില്‍.

കേശവനെ പറ്റിയുള്ള ചിന്തകള്‍ അയാളെ പാപനാശിനിയില്‍ കണ്ട രൂപത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. അവിടെ കേശുവിനെ തന്നെ കാണാന്‍ എന്താണ് കാരണം? മനസ്സിന്റെ വിഭ്രാന്തി. അല്ലാതെന്ത് പറയാന്‍!

''എന്താ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പാണല്ലേ?'' പെട്ടെന്ന് കേട്ട ആ ശബ്ദം അരവിന്ദനെ വല്ലാതെ ഞെട്ടിച്ചു. അയാള്‍ തല തിരിച്ച് നോക്കിയപ്പോള്‍ തന്റെ പുറകില്‍ നടന്ന് വരുന്ന സന്ന്യാസിയേയാണ് കണ്ടത്.

''അതെ. പോകുന്നതിന് മുമ്പ് ഒരു പ്രാവശ്യം കൂടി ഇതെല്ലാം കാണാമെന്ന് കരുതി.''

''പോയി വരു. എല്ലാം നല്ലതിനെന്ന് വിശ്വസിച്ച് മുന്നോട്ട് പോയ്‌ക്കൊള്ളു. ഇനി നമ്മള്‍ തമ്മില്‍ കണ്ടെന്ന് വരില്ല. അടുത്ത വരവെന്തിനെന്ന് പാപനാശിനിയില്‍ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. മുന്നിലുള്ള ലക്ഷ്യത്തിലെത്താന്‍ സ്വന്തം ഇച്ഛ സഹായിക്കട്ടെ.'' 

വീണ്ടുമൊരു നമസ്‌തേ പറഞ്ഞ് അരവിന്ദന്‍ ഹോട്ടലിന് നേരെ നടന്നു. അയാളുടെ മനസ്സില്‍ സന്ന്യാസി പറഞ്ഞതും രാവിലെ കേശുവിനെ കണ്ടതായി തോന്നിയതും എല്ലാം ചേര്‍ന്ന് കുഴഞ്ഞ് മറിയുകയായിരുന്നു.

മനസ്സില്‍ സംശയം കൂടി വന്നപ്പോള്‍ അയാള്‍ ഫോണെടുത്ത് കേശുവിന്റെ നമ്പര്‍ വിളിച്ചു. പല പ്രാവശ്യം വിളിച്ചിട്ടും പരിധിയ്ക്ക് പുറത്താണെന്നുള്ള സന്ദേശം മാത്രമേ അയാള്‍ക്ക് ലഭിച്ചിരുന്നുള്ളു.



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!