Malayalam Short Story : കോയിന്‍ ഫോണിലെ പ്രണയം, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published May 31, 2022, 5:31 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

''ഹലോ, ഹലോ,'' രാജീവന്‍ വീണ്ടും വീണ്ടും വിളിച്ചു. 

അപ്പുറത്തുനിന്നും ഒന്നും പറയുന്നില്ല. അതോ പഴയപോലെ ഒന്നും കേള്‍ക്കാത്തതാണോ? ഫോണ്‍ ബൂത്തിലെ ഫോണുകളെല്ലാം ഇതുപോലെയാണ്. അത്യാവശ്യം ആണെങ്കില്‍ പറയുന്നതൊന്നും കേള്‍ക്കുവാനെ സാധിക്കുകയില്ല. 

ഇപ്പോള്‍ തനിക്ക് അത്യാവശ്യമൊന്നുമില്ല. എങ്കിലും ആ ശബ്ദമൊന്ന് കേട്ടിരുന്നെങ്കില്‍ എന്നൊരാശ. 

രാജീവന്‍ കോള് കട്ടുചെയ്ത് തന്റെ കൈയ്യിലുള്ള അവസാനത്തെ ഒറ്റരൂപ കോയിന്‍ ഫോണിന്റെ മുകളിലെ സ്ലോട്ടില്‍ നിക്ഷേപിച്ചു. ഇത് ഇന്നത്തെ അഞ്ചാമത്തെ ഒറ്റരൂപ തുട്ടാണ് വൃഥാവിലാകാന്‍ പോകുന്നത്. ഇത്തവണയെങ്കിലും ആ ശബ്ദമൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.

റിംഗ് ടോണ്‍ കേട്ടതും പെരുവാരത്തപ്പനെ മനസ്സില്‍വിചാരിച്ച് അയാള്‍ നമ്പര്‍ കറക്കി. ഫലം തഥൈവ. യാതൊന്നും കേള്‍ക്കുവാന്‍ സാധിക്കുന്നില്ല. അയാള്‍ റിസീവര്‍ തിരിച്ചുവച്ചു. ഇനിയെന്തു ചെയ്യും? കൈയ്യിലുള്ള ഒറ്റരൂപ തുട്ടെല്ലാം തീര്‍ന്നിരിക്കുന്നു. 

രാജീവന് വല്ലാതെ ദേഷ്യം വന്നു. 'ഈ നശിച്ച ഒരു ഫോണ്‍!' അയാള്‍ മനസ്സില്‍ പറഞ്ഞു. ഹൃദയത്തില്‍ കുമിഞ്ഞു കൂടിയ കോപം അടക്കാനായി മുഷ്ടി ചുരുട്ടി ആ ഫോണില്‍ ആഞ്ഞൊന്നിടിച്ചു. ചറപറ 'കലപില' എന്ന് ശബ്ദം കേട്ടു. നോക്കിയപ്പോള്‍ കുറേ ഒറ്റരൂപ തുട്ടുകള്‍ ഫോണില്‍ നിന്നും പുറത്തുചാടി കിടക്കുന്നു. അയാള്‍ അതെല്ലാം പെറുക്കിയെടുത്തു.

ഇതെന്തൊരു മറിമായം! ഫോണില്‍ കൂടി ശബ്ദം കേള്‍ക്കാന്‍ ദൈവം സഹായിച്ചില്ലെങ്കിലും ഇനിയും ധാരാളം വിളിക്കാനുള്ള പോംവഴി ഒരുക്കി തന്നിരിക്കുന്നു. 'ഇന്നിനി ഈ ബൂത്തില്‍ ഭാഗ്യം പരീക്ഷിക്കണ്ട' എന്ന് തീരുമാനിച്ച് രാജീവന്‍ ഹോസ്റ്റലിലേയ്ക്ക് നടന്നു.

ഒറ്റരൂപ തുട്ടിന് ക്ഷാമം ഏറിവന്നിരുന്ന കാലമായിരുന്നു അത്. മദ്രാസിലെ ബസില്‍ കയറിയാല്‍ പത്തുരൂപ നോട്ട് കൊടുത്താല്‍ പോലും ചില്ലറ കിട്ടും എന്ന് പറഞ്ഞുകേട്ടിട്ട് ഒരിക്കല്‍ രാജീവന്‍ അത് പരീക്ഷിച്ചു നോക്കുകയുണ്ടായി. ഒന്നര രൂപയുടെ ടിക്കറ്റിന് പത്തുരൂപയെടുത്തു കൊടുത്തു. ആ കണ്ടക്റ്റര്‍ അയാളുടെ മുഖത്തേയ്ക്ക് രൂക്ഷമായൊന്ന് നോക്കി. പിന്നീട് ബാഗില്‍ നിന്നും ബാക്കി എട്ടര രൂപയ്ക്ക് എട്ടണയുടെയും നാലണയുടേയും ഒരു കൂമ്പാരം എടുത്തു കൊടുത്തു. എന്നിട്ട് ഒരു വളിച്ച ചിരിയും പാസ്സാക്കി മുന്നോട്ട് നീങ്ങി.

അതില്‍ പിന്നെ രാജീവന്‍ ചില്ലറയില്ലാതെ ബസില്‍ കയറാറില്ല.

ഫോണ്‍ വിളിക്കാനുള്ള ഒരുരൂപ തുട്ടിനു വേണ്ടി ഏവരും പരക്കം പാഞ്ഞിരുന്ന സമയത്താണ് തെലുങ്കന്‍ കൃഷ്ണരാജലു അയാളുടെ അമ്മാവന്റെ കല്യാണത്തിന് ദക്ഷിണ കൊടുക്കാനെന്നും പറഞ്ഞ് ഒറ്റരൂപ തുട്ടിന്റെ ശേഖരണം തുടങ്ങിയത്. ആരുടെ കൈയ്യില്‍ കോയിന്‍ കണ്ടാലും 'അതെനിയ്ക്ക്' എന്നും പറഞ്ഞ് വാങ്ങിക്കൊണ്ടു പോകും അയാള്‍. പുള്ളിയെ കാണുമ്പോള്‍ എല്ലാവരും കാശ് ഒളിപ്പിച്ചു വയ്ക്കാന്‍ തുടങ്ങിയിരുന്നു.

അവസാനം തെലുങ്കന് ആവശ്യത്തിനുള്ള തുട്ടുകള്‍ ആയപ്പോള്‍ അയാള്‍ അത് വീട്ടിലേയ്ക്ക് അയച്ചുകൊടുത്തു. അതോടെ ബാക്കിയെല്ലാവര്‍ക്കും സമാധാനമായി. 

കുശലാന്വേഷണങ്ങള്‍ക്കിടയില്‍ രാജീവന്‍ അയാളോട് ചോദിച്ചു ആ തുട്ടുകള്‍ പാര്‍സലായിട്ടാണോ അയച്ചതെന്ന്. അതിനുടനെ കൃഷ്ണരാജലുവിന്റെ മറുപടി വന്നു. ''പാര്‍സല്‍ അയച്ച് വെറുതെ കാശ് കളയണ്ടായെന്ന് കരുതി ഞാന്‍ മണിയോര്‍ഡര്‍ അയക്കുകയാണ് ചെയ്തത്.''

അതുകേട്ട കൂട്ടുകാര്‍ അയാളെ തല്ലിക്കൊല്ലാതെയിരിക്കാന്‍ രാജീവന് കുറേ പാടുപെടേണ്ടി വന്നു.

ഹോസ്റ്റലിലെ മുറിയില്‍ ചെന്നിട്ട് രാജീവന്‍ വീണ്ടും ഗീതയുടെ എഴുത്തെടുത്ത് വായിച്ച് നോക്കി. സംസാരിക്കാന്‍ പറ്റിയില്ലെങ്കിലും എഴുത്ത് വായിച്ചെങ്കിലും സമാധാനിക്കാം.

ഇത്തവണ എഴുത്ത് 'FLASK'എന്നെഴുതിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് വന്ന കത്തുകളില്‍ 'TOL', 'LOL'എന്നെല്ലാം എഴുതി മനുഷ്യനെ വട്ടു പിടിപ്പിച്ചിരിക്കുകയാണ്. തെല്ലാം എന്താണെന്ന് പറയുവാന്‍ കൂട്ടാക്കുന്നതുമില്ല. കൂട്ടുകാരാരോടെങ്കിലുംചോദിച്ചാല്‍ പിന്നെ കോളേജ് മുഴുവന്‍ പാട്ടായിതീരും. അതേതായാലും േവണ്ട. 

നേരിട്ടു കാണുമ്പോള്‍ ചോദിച്ചു മനസ്സിലാക്കുന്നതായിരിക്കും ഭംഗി. പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ എഴുത്തെഴുതി പരിചയം ഇല്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് ഇപ്പോള്‍ അറിയുന്നുണ്ട്.

ശനിയാഴ്ച കാണണമെന്നാണ് പറഞ്ഞിരിക്കുന്നത്. 

ഗീതയുടെ മീനംബാക്കത്തുള്ള വീടിന്റെ അഡ്രസ്സ് കത്തില്‍ എഴുതിയിട്ടുണ്ട്. അച്ഛനേയും അമ്മയേയും പരിചയപ്പെടുത്തിതരുവാന്‍ വേണ്ടിയാണ് ചെല്ലാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോര്‍ക്കുമ്പോള്‍ ഒരു അന്ധാളിപ്പാണ് തോന്നുന്നത്. എങ്ങനെയാണ്അവരെനേരിടേണ്ടതെന്ന്എത്രആലോചിച്ചിട്ടുംപിടികിട്ടുന്നില്ല. 

'പോയ്‌നോക്കുക തന്നെയെന്ന്' മനസ്സില്‍ ഉറപ്പിച്ചു. 

ഇനി അതിനെപ്പറ്റി അധികം ചിന്തിക്കാതിരിക്കുന്നതാവും ഉത്തമം.

ശനിയാഴ്ച വന്നെത്തിയതോടെ രാജീവന്റെ മനസ്സില്‍ ആഹ്‌ളാദം തിരതല്ലി. കൂട്ടത്തില്‍ കുറച്ച് സംഭ്രമവും. രണ്ടും കല്പിച്ച് അയാള്‍ കോളജ് ഗേറ്റിനു മുന്‍പില്‍ നിന്നും മീനംബാക്കത്തേയ്ക്കുള്ള പല്ലവന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറി. ആവശ്യത്തിനുള്ള കോയിന്‍ കൈയില്‍ വച്ചിരുന്നു. അല്ലെങ്കില്‍ പിന്നെ കണ്ടക്റ്റര്‍ തരുന്ന ചില്ലറയിട്ട് പാന്റിന്റെ പോക്കറ്റ് തൂങ്ങിയേനെ. ഗീതയുടെ വീട്ടില്‍ ഒരു കോമാളി വേഷം കെട്ടേണ്ട കാര്യമില്ലല്ലോ.

എയര്‍പോര്‍ട്ടിനു മുന്‍പുള്ള സ്റ്റോപ്പില്‍ അയാള്‍ ഇറങ്ങി. ഗീതയുടെ വീട്ടഡ്രസ് കാണാപാഠം ആയിരിക്കുന്നു. അതന്വേഷിച്ചു നടന്നു. നല്ല വെയില്‍. മേയ് മാസത്തില്‍ മദ്രാസില്‍ ഉച്ച സമയത്ത് നടക്കുന്നവനെ നോക്കി ആളുകള്‍ ചിരിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. ഭാഗ്യത്തിന് അധികം ആളുകള്‍ വഴിയില്‍ ഉണ്ടായിരുന്നില്ല. 

കുറേ നടന്നൊടുവില്‍ വഴി നമ്പര്‍ കണ്ടെത്തി. ഇനി ഈ വഴിയിലുള്ള വീട് കണ്ടുപിടിക്കണം. 

മുപ്പത്തിമൂന്നാണ് ഗീതയുടെ വീട്. മുപ്പത്തിരണ്ട് കഴിഞ്ഞപ്പോള്‍ വഴി അവസാനിച്ചു. ഇനി എന്തു ചെയ്യും? ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ ഈ നട്ടുച്ചയ്ക്ക് വഴിയില്‍ ആരെ കാണാനാണ്?

അപ്പോളാണ് അപ്പുറത്തെ വരിയില്‍ രണ്ടു വീടുകളുടെ ഇടയിലുള്ള ഒരു ഇടവഴി ശ്രദ്ധയില്‍ പെട്ടത്. വേഗം അതിലെ നടന്നു. ആ വഴി അവസാനിക്കുന്നത് ഒരു വലിയ വീട്ടിലായിരുന്നു. ഗേറ്റില്‍ തന്നെ '33' എന്ന് എഴുതി വച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ അകത്തേയ്ക്ക് കടന്നു.

അച്ഛന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലാണ് ജോലി ചെയ്യുന്നതെന്ന് ഗീത പറഞ്ഞിരുന്നു. വീടിന്റെ വലുപ്പം കണ്ടിട്ട് വലിയ നിലയിലുള്ള ആളാണെന്നു തോന്നുന്നു. 

വരാന്തയിലേയ്ക്ക് കയറി കോളിംഗ് ബെല്ലടിച്ചു. ആരായിരിക്കും വാതില്‍ തുറക്കുക എന്നാലോചിച്ചപ്പോള്‍ മനസ്സൊന്ന് കിടുങ്ങി. 

''ദിവാസ്വപ്നം കണ്ട് സമയം കളയാതെടാ അളിയാ!'' കൂട്ടുകാരന്‍ മുരളിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് രാജീവന്‍ ഞെട്ടിയെഴുന്നേറ്റു. താന്‍എവിടെയാണെന്ന് മനസ്സിലാക്കാന്‍ കുറച്ച് ചിന്തിക്കേണ്ടിവന്നു. മീനംബാക്കത്തുനിന്നും തിരിച്ചുവന്ന് മുറിയില്‍ കയറിയതെ ഓര്‍മ്മയുള്ളു. കസേരയില്‍ ഇരുന്ന് ഉറങ്ങി പോയിരിക്കുന്നു.

മുരളി രാത്രിയിലെ ഭക്ഷണം കഴിക്കാന്‍ പോകുന്നപോക്കില്‍ അയാളേയും വിളിക്കാന്‍ എത്തിയതായിരുന്നു. രണ്ടാളും കൂടി മെസ് ഹാളിലേയ്ക്ക് നടന്നു.

രാജീവന്‍ ഉച്ചയ്ക്കത്തെ സംഭവങ്ങള്‍ ആലോചിക്കാന്‍ ശ്രമിച്ചു. പക്ഷേ, മുരളിയുടെ സംസാരത്തിനിടയില്‍ ഒരു ഘടനയോടെ ചിന്തിക്കാന്‍ സാധിക്കുന്നില്ല. 

പോക്കറ്റില്‍ എന്തോ കിടക്കുന്നുണ്ടെന്ന് തോന്നി. ഇടതുകൈ പോക്കറ്റില്‍ ഇട്ട് തൊട്ടുനോക്കി. അപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മ വന്നു. ഗീതയുടെ അച്ഛന്‍ കോശിയങ്കിള്‍ ഇറങ്ങാന്‍ നേരം തന്റെ കൈയില്‍ തന്ന പൊതി. ഹോസ്റ്റലില്‍ ചെന്നിട്ട് നോക്കിയാല്‍ മതിയെന്നൊരു ഉപദേശവും. അതിന്റെ കാര്യം മറന്നിരിക്കുകയായിരുന്നു. ഇനി ഊണ് കഴിഞ്ഞ് മുറിയില്‍ എത്തിയിട്ടാവാം പൊതി തുറന്നു നോക്കാന്‍.

ഊണു കഴിക്കുമ്പോഴും മുരളിയുടെ വാചകത്തിനിടയില്‍ രാജീവന്റെ ചിന്ത മീനംബാക്കത്തായിരുന്നു.

വാതില്‍ തുറന്നത് ഗീത തന്നെയായിരുന്നു. അതുവരെ ഉണ്ടായിരുന്ന കൈകാല്‍ വിറ അതോടെ നിന്നു. കുറച്ചുനേരത്തിനുള്ളില്‍ അതു വീണ്ടും വരുമെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.

വിരുന്നുമുറിയില്‍ എതിരെയുള്ള കസേരകളില്‍ അവരിരുവരും ഇരുന്നു. ഗീത വാചാലയായിരുന്നു. കോളേജിലേയും നാട്ടിലേയും വിശേഷങ്ങളെല്ലാം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. അത് കേട്ടിരിക്കുന്നതിനിടയില്‍ രാജീവന്റെ മനസ്സില്‍ മുഴുവന്‍ ഗീതയുടെ മാതാപിതാക്കള്‍ എവിടെയെന്നുള്ളതായിരുന്നു. അവസാനം ഗീത തുടരെയുള്ള സംസാരം ഒന്നു നിര്‍ത്തിയപ്പോള്‍ അയാള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടി.

''തന്റെ അച്ഛനും അമ്മയും എവിടെ? അവരും ഉണ്ടാകുമെന്നല്ലെ താന്‍ പറഞ്ഞിരുന്നത്.''

''അവര്‍ പുറത്തുപോയിരിക്കുകയാണ്. അതല്ലേ രാജീവനോട് ഈ സമയത്ത് വരാന്‍ പറഞ്ഞത്. നമുക്ക് രണ്ടാള്‍ക്കും കുറച്ചു നേരം വര്‍ത്തമാനം പറയാമല്ലോ.''

നേരത്തെ നിശ്ചലമായ കൈകാല്‍ വിറ തിരിച്ചുവന്നു. ''അതു ശരിയാണ്. എന്നാലും ആരുമില്ലാത്തപ്പോള്‍ ഇങ്ങനെ...?'' രാജീവന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

''ആരുമില്ലായെന്നാരാ പറഞ്ഞത്? നമ്മള്‍ രണ്ടുപേരില്ലേ? വര്‍ത്തമാനം പറയാന്‍ രണ്ടുപേര്‍ പോരേ?''ഗീത തുരുതുരാ സംസാരിക്കുകയായിരുന്നു.

രാജീവന്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് വിഷയം മാറ്റാനായി അടുത്തമാസം കോളേജില്‍ വരാനിരിക്കുന്ന മാര്‍ഡിഗ്രാ ഉത്സവത്തിനെ പറ്റി സംസാരിക്കാന്‍ തുടങ്ങി. ഗീതയെ അതു കാണാന്‍ വരാന്‍ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവര്‍ കുറേ നേരം കൂടി വര്‍ത്തമാനം പറഞ്ഞിരുന്നു. 

അപ്പോളാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടത്. 'അവരെത്തി' എന്ന് പറഞ്ഞ് ഗീത ചാടിയെഴുന്നേറ്റു. ഗീതയുടെ മാതാപിതാക്കള്‍ എത്തിയെന്നു കേട്ടപ്പോള്‍ രാജീവന്റെ കൈകാല്‍ വിറയും തിരിച്ചെത്തി.

''രാജീവനെത്തിയിട്ട് കുറേ നേരമായോ?'' എന്ന് ചോദിച്ചുകൊണ്ടാണ് കോശിയങ്കിള്‍ ആന്റിയോടൊപ്പം കയറിവന്നത്. 

അതു കേട്ടപ്പോള്‍ രാജീവന് വീണ്ടും സമാധാനമായി. ഗീത നുണ പറഞ്ഞതല്ല. തന്നെ പറ്റി വീട്ടില്‍ പറഞ്ഞിരിക്കുന്നു.

പിന്നീട് എല്ലാവരും കൂടി രസകരമായി പലതും പറഞ്ഞിരുന്നു. അതിനിടയില്‍ ഉച്ചയ്ക്കുള്ള ആഹാരവും കഴിച്ചു. നാലുമണിയ്ക്ക് അവരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ രാജീവന്റെ മനസ്സില്‍ ആഹ്‌ളാദം അലയടിക്കുകയായിരുന്നു.

ഇറങ്ങുന്ന സമയം കോശിയങ്കിള്‍ ഒരു ചെറിയ പൊതി കൈയില്‍ തന്നിട്ട് പറഞ്ഞു ''അപ്പുറത്തുനിന്നും ശബ്ദമൊന്നും കേട്ടില്ലെങ്കിലും ഫോണ്‍ വിളി ഉപേക്ഷിക്കണ്ട. ഈ പൊതി ഹോസ്റ്റലില്‍ ചെന്നിട്ട് തുറന്നു നോക്കിയാല്‍ മതി.''

ഊണ് കഴിഞ്ഞ് മുരളിയുടെ അടുത്തുനിന്നും രക്ഷപ്പെട്ട് മുറിയില്‍ തിരിച്ചെത്തി. കതകടച്ച് കുറ്റിയിട്ടിട്ട് പോക്കറ്റില്‍ നിന്നും പൊതി പുറത്തെടുത്ത്തുറന്നു.

അതൊരു ഒറ്റരൂപ തുട്ടായിരുന്നു. പക്ഷേ, അതിനൊരു പ്രത്യേകതയുണ്ടായിരുന്നു. ഒരറ്റത്തായി ഒരു തുള ഇട്ടിരിക്കുന്നു. ആ തുളയില്‍ കൂടി കട്ടിയുള്ള ഒരു നൂല്‍കോര്‍ത്തിട്ടിട്ടുണ്ട്. 

രാജീവന് അതെന്തിനാണ് കോശിയങ്കിള്‍ തനിയ്ക്ക് തന്നതെന്ന് മനസ്സിലായില്ല. അദ്ദേഹം അതു തന്നിട്ട് പറഞ്ഞത് ഓര്‍ത്തു. തന്റെ ശബ്ദം അദ്ദേഹത്തിന് നന്നായിട്ടറിയാം, അങ്ങേ തലയ്ക്കല്‍ നിന്നും അനക്കം കിട്ടിയില്ലെങ്കിലും ഫോണ്‍ വിളി ഉപേക്ഷിക്കേണ്ടായെന്ന്. 

ഗീതയുമായുള്ള സംസാരത്തിനിടയില്‍ LOL എന്നുള്ളത് ലോട്ട്‌സ് ഓഫ് ലവ്വാണെന്നും TOL ടണ്‍സ് ഓഫ് ലവ്വാണെന്നും പറഞ്ഞുതന്നിരുന്നു. പക്ഷേ, FLASK എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്‍പേ അവരെത്തിയിരുന്നു. അതിനിനി ഒരു ഒറ്റരൂപ തുട്ട് ചെലവാക്കണം.

രാജീവന്‍ കോശിയങ്കിള്‍ തന്ന ഒറ്റരൂപ തുട്ടിനെ നോക്കി. നൂലില്‍ തൂക്കിയ ഒറ്റരൂപ തുട്ടിന്റെ ഉപയോഗം മനസ്സിലായപ്പോള്‍ രാജീവന്‍ പൊട്ടിച്ചിരിച്ചു. 

ഈ ഒറ്റരൂപ തുട്ടിന്റെ അഹങ്കാരം ഇതോടെ അവസാനിക്കും!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!