ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അയാള്‍ സമയം നോക്കി. ആറരയായിട്ടേയുള്ളു. ഇപ്പോഴും സൂര്യന്‍ അസ്തമിച്ചിട്ടില്ല. എട്ടെങ്കിലുമായിട്ട് ഇവിടെ നിന്നുമിറങ്ങുന്നതാവും നല്ലത്. ഇരുട്ടുന്നതിന് മുന്നേ ചെന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ വയ്യാത്തൊരു അവസ്ഥയാണ്.
ആദ്യം പറഞ്ഞതനുസരിച്ച് രണ്ട് മണിയ്ക്ക് പുറപ്പെട്ട് ഏഴരയ്ക്കാണ് എത്തേണ്ടിയിരുന്നത്. വളരെ കൃത്യമായ സമയമായിരുന്നത്. ടെമ്പറേച്ചര്‍ സ്‌കാനിംഗ്, ഇമിഗ്രേഷന്‍, പെട്ടിയെടുക്കല്‍, പ്രീപെയ്ഡ് ടാക്‌സി, ഹെല്‍ത്ത് കൗണ്ടര്‍. ഇതെല്ലാം കഴിയുമ്പോഴേയ്ക്കും ഒന്‍പത് മണിയെങ്കിലും ആയേനെ. അപ്പോള്‍ പിന്നെ വീട്ടിലെത്തുമ്പോള്‍ ഒമ്പതര. വഴിയിലൊന്നും ആരുമുണ്ടാകുകയില്ല. നേരെ വീട്ടിലെത്തി പിന്നാമ്പുറത്തുകൂടി തട്ടിന്‍ മുകളിലെത്തിയാല്‍ മതി. ഒരൊറ്റ കുഞ്ഞുപോലും താന്‍ വന്ന കാര്യമറിയാന്‍ പോകുന്നില്ല.
ഇനി പറഞ്ഞിട്ട് കാര്യമില്ല. ഫ്‌ലൈറ്റ് രണ്ട് മണിക്കൂര്‍ നേരത്തെയാക്കി. എന്നിട്ട് അഞ്ചരയ്ക്ക് എത്തേണ്ടത് അരമണിക്കൂര്‍ മുന്നെ ലാന്‍ഡ് ചെയ്തു. എയര്‍പോര്‍ട്ടിലാണെങ്കില്‍ പതിവിലും അനായാസേന ഔപചാരികതകളെല്ലാം കഴിയുകയും ചെയ്തു. കാത്തിരുന്ന് നേരം ഇരുട്ടിക്കുക തന്നെ.
പകല്‍ വെളിച്ചത്തില്‍ നാട്ടില്‍ ചെന്നാല്‍ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞ് കേട്ടതിന്റെ ഭയത്തിലായിരുന്നു അയാള്‍.
പഴയ തറവാടാണെങ്കിലും തട്ടിന്‍പുറത്തേയ്ക്ക് കയറാന്‍ വീടിന്റെ പുറകില്‍ നിന്നും ഒരു കോണിപ്പടി വച്ചത് ഇപ്പോള്‍ സൗകര്യമായി. സാവിത്രിയുടെ നിര്‍ബ്ബന്ധമായിരുന്നു ആ കോണി. തേങ്ങയും വിറകും മറ്റും മുകളില്‍ എടുത്തിടാന്‍ വീട്ടിനകത്തുകൂടി നടക്കുന്നതിന് പകരം വെളിയില്‍ നിന്നുതന്നെ കയറിപ്പോകാനായിരുന്നു ഇത്.
പതിനാല് ദിവസത്തെ ഒഴിവുകാല ഒളിയിടമായി മാറ്റിയിരിക്കുന്നു ആ തട്ടിന്‍പുറത്തിനെ. ആര്‍ക്കും ഒരസൗകര്യവുമുണ്ടാക്കാതെ തനിയ്ക്കിരിക്കാനുള്ള ഇടം. രണ്ടാഴ്ച എന്താണവിടെയിരുന്ന് ചെയ്യുന്നതെന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നം തന്നെ. വായിക്കാം. പിന്നെ എഴുതിനോക്കാം.
രണ്ട്
അയാള്‍ ഓട്ടം നിര്‍ത്തി. വല്ലാതെ അണയ്ക്കുന്നു. എത്ര നേരമായി ഈ ഒളിച്ചോട്ടം തുടങ്ങിയിട്ട്. പൊലീസുകാരില്‍ നിന്നും രക്ഷപെടാന്‍ വേറെ വഴിയൊന്നുമില്ല. ഓടിയും നിന്നും നടന്നും ഒരു നാലഞ്ച് കിലോമീറ്ററെങ്കിലും താണ്ടിയിട്ടുണ്ടാകണം. അവര്‍ തന്നെ അന്വേഷിച്ച് കണ്ടുപിടിച്ച് ഇവിടെയെത്താന്‍ കുറേ സമയം എടുക്കാതിരിക്കില്ല. നേരം ഇരുട്ടിയത് കൊണ്ട് ഇന്നിനി പുറകെ ആള് വരില്ലെന്ന് വേണം കരുതാന്‍.
എങ്കിലും രാത്രി കഴിച്ചുകൂട്ടാന്‍ ഒരിടം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വയലിലും കാട്ടിലും ഉറങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പതുക്കെ മുന്നോട്ട് നടന്നു. വയലുകളില്‍ പണിയെടുക്കുന്നവരുടെ കുടിലുകളെങ്കിലും കാണേണ്ടതാണ്. ആരെങ്കിലും കിടക്കാനൊരിടം തരാതിരിക്കില്ല. പേര് പറഞ്ഞാല്‍ ചിലരെങ്കിലും തന്നെ അറിയാതിരിക്കില്ല. അറിയണമെന്ന് നിര്‍ബ്ബന്ധവുമില്ല. പ്രസ്ഥാനത്തിനെ പറ്റി കേട്ടിട്ടുള്ളവര്‍ അധികം പേരുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.
പാടത്തിനപ്പുറം ഒരു വെട്ടം കണ്ടു. ആരുടേയോ പുരയായിരിക്കണം. എന്തായാലും ഭാഗ്യം പരീക്ഷിക്കുക തന്നെ. അയാള്‍ അകലെ കണ്ട വെട്ടം ലാക്കാക്കി നടത്തം തുടര്‍ന്നു.
മൂന്ന്
അയാള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. മൊബൈല്‍ എടുത്ത് സമയം നോക്കി. എട്ട് കഴിഞ്ഞിരിക്കുന്നു. അയാള്‍ സാവിത്രിയെ വിളിച്ചു.
തട്ടിന്‍പുറത്ത് എല്ലാം ഒരുക്കിയിട്ടുണ്ട്. പായയും കിടക്കയും തലയിണയും ചുരുട്ടി വച്ചിട്ടുണ്ട്. തന്റെ ഒളിച്ചിരിപ്പ് പ്രമാണിച്ച് അവിടെ ഒരു പ്ലഗ് പോയിന്റിന് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. കെറ്റിലും പാത്രവും ഗ്ലാസും ഉണ്ട്. വെള്ളത്തിന്റെ ടാപ് ഒന്നുണ്ട്. കക്കൂസില്‍ പോകണമെങ്കില്‍ താഴെ വരാതെ നിവൃത്തിയില്ല. കോണിപ്പടിയുടെ വലത് വശത്ത് ഒരു കുളിമുറിയുണ്ട്. നേരം വെളുക്കുന്നതിന് മുന്നെ താഴെയിറങ്ങി ഒന്നും രണ്ടും മൂന്നും കഴിച്ച് മുകളിലേയ്ക്ക് കയറിക്കൊള്ളണം.
എല്ലാം ആലോചിച്ച് ചെയ്തിട്ടുണ്ട് സാവിത്രി. അയാള്‍ക്ക് ഒരു സംശയം കൂടിയുണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ മൂത്രമൊഴിക്കാനെന്ത് ചെയ്യും? തട്ടിന്‍പുറത്ത് തെക്കേയറ്റത്ത് ഒരു ഓവുണ്ട്. അതുപയോഗിക്കാം. അയാള്‍ക്ക് സമാധാനമായി.
ആഹാരം കയറുകെട്ടി പൊക്കിയെടുക്കാനുള്ള സൂത്രവും ചെയ്ത് വച്ചിട്ടുണ്ട്. എല്ലാം സൂക്ഷ്മം ഭദ്രം തയ്യാര്‍! അയാള്‍ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറിലേയ്ക്ക് നടന്നു.
നാല്
അതൊരു ചെറിയ കുടിലായിരുന്നു. അയാള്‍ ഒച്ചയനക്കി. ശബ്ദം കേട്ട് ഒരു പുരുഷന്‍ ഒരു സ്ത്രീയോടൊപ്പം പുറത്ത് വന്നു.
''ആരാ? എന്താ വേണ്ടത്?''
''ഒരു വഴിപോക്കനാണ്. ഇരുട്ടത്ത് വഴി തെറ്റി. ഇന്നിനി എവിടേയും എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. തല ചായ്ക്കാന്‍ പറ്റിയാല്‍ നന്നായിരുന്നു.''
''അകത്തേയ്ക്ക് വരു. മുഖം കണ്ടിട്ട് ഒന്നും കഴിച്ചിട്ടില്ലെന്ന് തോന്നുന്നു. കൈയും മുഖവും കഴുകി വന്നോളു.'' അവര്‍ അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു.
അയാള്‍ അവരോട് നന്ദി പറഞ്ഞുകൊണ്ട് മുറ്റത്ത് വച്ചിരുന്ന ചെമ്പില്‍ നിന്നും വെള്ളമെടുത്ത് കൈയും കാലും മുഖവും കഴുകി അകത്തേയ്ക്ക് ചെന്നു. അവരോടൊപ്പം താഴെയിരുന്നു. ചുടുള്ള ചോറും പുളിങ്കറിയും അയാളുടെ മുന്നിലുള്ള ഇലയില്‍ അവര്‍ വിളമ്പി. ആര്‍ത്തിയോടെ അത് കഴിക്കുന്നതിനിടയില്‍ അയാള്‍ അവരെ നോക്കി ചിരിച്ചു. അയാള്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അവരും അയാളോടൊപ്പം ആഹാരം കഴിച്ചു.
''രാത്രി ഇവിടെ തങ്ങേണ്ട.'' ആഹാരം കഴിച്ച് കൈ കഴുകി വന്നപ്പോള്‍ അയാളോട് അവര്‍ പറഞ്ഞു.
''ഞാന്‍ പിന്നെ എവിടെ പോകാനാണ്?'' അയാള്‍ ദൈന്യഭാവത്തില്‍ ചോദിച്ചു.
''ഇവിടെയാവും പൊലീസുകാര്‍ ആദ്യം എത്തുന്നത്. ഇവിടെ നിന്നാല്‍ ആപത്താണ്.''
അത്ഭുതം കൊണ്ട് അയാളുടെ മുഖം ചുവന്നു. ഇവരിതെങ്ങനെ മനസ്സിലാക്കി? ''നിങ്ങള്‍ക്കെന്നെ അറിയാമോ?''
''അങ്ങയെ അറിയാത്തവര്‍ ചുരുക്കം. കുറച്ച് പടിഞ്ഞാട്ട് മാറിയാല്‍ തമ്പ്രാന്റെ വീടൊണ്ട്. അവിടെ കൂടാം. അതാകുമ്പോള്‍ പൊലീസുകാര്‍ വരില്ല.''
''തമ്പ്രാന്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? അദ്ദേഹം തന്നെ പൊലീസിനെ വിളിച്ച് വരുത്തില്ലെന്നാരു കണ്ടു?''
''ഇല്ല. തമ്പ്രാന്‍ അത്തരക്കാരനല്ല. പ്രസ്ഥാനത്തിനോട് ചേര്‍ന്ന് നിന്നില്ലെങ്കിലും ഒറ്റില്ല. മറ്റവരുടെ പൊലീസുകാരോട് മമതയില്ലാത്തയാളാണ്.''
''എന്നാല്‍ പിന്നെ ആയിക്കോട്ടെ. പോകാം.''
അഞ്ച്
പെട്ടിയും കൊണ്ട് കോണിപ്പടി കയറി തട്ടിന്‍പുറത്തെത്തിയപ്പോള്‍ അയാള്‍ക്ക് സമാധാനമായി. വഴിയിലൊന്നും ആരും കണ്ടിട്ടില്ല. പകര്‍ച്ചവ്യാധിയുടെ പേരും പറഞ്ഞ് ആരും സാവിത്രിയെ ബുദ്ധിമുട്ടിക്കാന്‍ വരില്ല.
ആഹാരം പാത്രത്തില്‍ അടച്ച് വച്ചിട്ടുണ്ടായിരുന്നു. ചായപ്പൊടി, പാല്‍പ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ചമ്മന്തിപ്പൊടി, ദോശപ്പൊടി, വെളിച്ചെണ്ണ, പച്ചകുരുമുളക്. അത്യാവശ്യം വേണ്ടതെല്ലാമുണ്ട്. ഒരു കുപ്പിയില്‍ ഹോര്‍ലിക്‌സും നിറച്ച് വച്ചിരിക്കുന്നു. തന്റെ ആരോഗ്യത്തെ പറ്റിയുള്ള ഭാര്യയുടെ കരുതല്‍.
അയാള്‍ ആഹാരം കഴിച്ച് പാത്രം കഴുകി വച്ചു. പെട്ടെന്ന് ഉറക്കം വരുന്ന ലക്ഷണമില്ല. വായിക്കുന്നതായിരിക്കും നല്ലത്. പക്ഷേ, രാത്രി അധികനേരം തട്ടിന്‍പുറത്ത് വെളിച്ചം കണ്ടാല്‍ അയല്‍പക്കക്കാര്‍ക്ക് സംശയം തോന്നാന്‍ ഇടയുണ്ട്. അതുകൊണ്ട് ലൈറ്റണച്ച് പെന്‍ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വായന തുടരുന്നതാവും വിവേകം.
അയാള്‍ പെട്ടിയില്‍ നിന്നും വായിക്കാനുള്ള പുസ്തകം എടുത്തു. ഫ്‌ലൈറ്റിലിരുന്ന് വായിച്ചു തുടങ്ങിയതാണ്. നല്ല രസകരമായ എഴുത്ത്. കഥാപാത്രത്തോട് അലിഞ്ഞ് ചേരുന്ന പ്രതീതി. വായനക്കാരനെ കഥയിലെ അന്തരീക്ഷവുമായി ഇഴുകിച്ചേര്‍ത്ത് അതിലെ നായകനുമായി താദാത്മ്യം പ്രാപിപ്പിക്കുന്നതാണല്ലോ കഥാകൃത്തിന്റെ കഴിവ്.
അയാള്‍ താഴെ പായ വിരിച്ച് അതിന് മുകളില്‍ കിടക്കയിട്ട് തലയിണയില്‍ കൈകുത്തി ചരിഞ്ഞ് കിടന്ന് വായന പുനരാരംഭിച്ചു.
ആറ്
ഇടുങ്ങിയ തട്ടിന്‍പുറമായിരുന്നത്. കാട്ടില്‍ കിടന്ന് മൃഗങ്ങള്‍ക്കിരയാവുന്നതിലും ഭേദം. അല്ലെങ്കില്‍ തുറന്ന വയലില്‍ ഒളിക്കാനിടമില്ലാതെ ആകാശം നോക്കി പ്രപഞ്ചസത്യങ്ങളെ കുറിച്ചോര്‍ത്ത് കിടക്കുമ്പോള്‍ താനറിയാതെ പൊലീസുകാരന്റെ വിലങ്ങുകളിലകപ്പെടുന്നതിലും എത്രയോ ഭേദമാണീ ഇടുങ്ങിയ തട്ടിന്‍പുറം.
സൗമ്യരായ തമ്പ്രാനും തമ്പ്രാട്ടിയും. ഏതാണ് എന്താണ് എന്നൊന്നും അന്വേഷിക്കാതെ വീട്ടിനകത്ത് കയറ്റി മുകളിലേയ്ക്കുള്ള കോണിപ്പടി കാണിച്ച് തരുകയായിരുന്നു. ഹൃദയമുള്ളവര്‍ പല വേഷത്തിലും ഭാവത്തിലും ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ കണ്ടുമുട്ടാനോടിയടുക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്!
ആരാണ് നല്ലവര്‍ ആരാണ് എതിരാളി എന്നെല്ലാം തീര്‍ത്തും മനസ്സിലാക്കാതെ പോരടിക്കുന്നതില്‍ കഥയില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. ചിന്തകളില്‍ വ്യക്തത വന്നത് വൈകിയ വേളയിലായല്ലോ എന്നൊരു കുണ്ഠിതമേയുള്ളു. ഇവിടെ നിന്നും പുറത്തിറങ്ങിയാല്‍ കാരാഗൃഹമാണോ സ്വാതന്ത്ര്യമാണോ വിധിച്ചിട്ടുള്ളതെന്നറിയാത്ത അവസ്ഥയിലാണ്.
പക്ഷേ, ഒരു കാര്യം നിശ്ചയം - പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും ഇനിയുള്ള സംരംഭങ്ങളില്‍ കൂടുതല്‍ വിവേകപരമായ സ്പഷ്ടത ഉണ്ടെങ്കിലേ പ്രാവര്‍ത്തികമാക്കാന്‍ പാടുള്ളു.
ചിന്തകള്‍ക്ക് വ്യക്തത വന്നതോടെ ഹൃദയത്തിന് ലാഘവം അനുഭവപ്പെട്ടു. അന്നത്തെ പ്രയത്‌നത്തിന്റെ അനന്തരഫലം ക്ഷീണമായി ശരീരത്തിലാകമാനം വിന്യസിക്കപ്പെട്ടപ്പോള്‍ അയാളറിയാതെ കണ്ണുകള്‍ താനെ അടഞ്ഞു. സുരക്ഷിതനാണെന്നുള്ള അറിവ് അയാളെ സുഖനിദ്രയിലേയ്ക്ക് ആനയിച്ചു.
ഏഴ്
പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് അയാള്‍ താഴേയ്ക്കിറങ്ങി. ഇന്നിത് പകല്‍ വെളിച്ചത്തിലാണ് കോണിപ്പടിയിറങ്ങുന്നത്. ഇത്രയും നാള്‍ സൂര്യനുദിക്കുന്നതിന് മുന്നേ പ്രഭാതകര്‍മ്മങ്ങള്‍ക്കായി മാത്രമേ താഴെ വന്നിട്ടുള്ളു. ഇന്നയാള്‍ സ്വാതന്ത്ര്യത്തിന്റെ സൂര്യകിരണങ്ങള്‍ ആസ്വദിക്കുകയാണ്.
അയാള്‍ വീടിനൊരു വലം വച്ച് മുന്നിലെത്തി. പ്രവേശനം മുന്‍വാതിലില്‍ കൂടി തന്നെയാവട്ടെ. ഇനി ആര് കണ്ടാലും തനിയ്‌ക്കൊരു ചുക്കുമില്ല. വിജയകരമായ പതിനാല് ദിവസത്തെ ഏകാന്തവാസത്തിലൂടെ പകര്‍ച്ചവ്യാധിയെ അതിജീവിച്ച് തന്റെ സംശുദ്ധി തെളിയിച്ചിരിക്കുന്നു.
സാവിത്രി അയാളെ കാത്ത് വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. തിരിച്ചെത്തിയതിന് ശേഷം ആദ്യമായിട്ടാണ് തന്റെ പ്രിയതമയെ കാണുന്നത്. അയാള്‍ അവളെ കെട്ടിപിടിക്കാനാഞ്ഞു. അവള്‍ പിന്നോട്ട് നീങ്ങി നിന്നു. ''ആദ്യം അകത്തെ കുളിമുറിയില്‍ പോയി കുളിച്ചു വരു. പതിനാല് ദിവസം കൊണ്ട് തട്ടിന്‍പുറത്ത് കിടന്നിരുന്ന വിറകിന്റേയും തേങ്ങയുടേയും ഒക്കെ മണം ദേഹത്തലിഞ്ഞ് ചേര്‍ന്നത് ഇപ്പോഴുമുണ്ട്. അതെല്ലാം ഒന്ന് കഴുകി വൃത്തിയാക്കു.''
അവള്‍ പറഞ്ഞത് ശരിയാണെന്ന് അയാള്‍ക്കും തോന്നി. ''ശരിയാണ് സാവിത്രി. അന്ന് ഞാന്‍ തമ്പ്രാന്റെ തട്ടിന്‍പുറത്തെ ഒളിച്ചിരിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇതേ അനുഭവമായിരുന്നു. അന്ന് പിന്നെ എന്നെ സ്വീകരിക്കാന്‍ നീ താഴെ ഉണ്ടായിരുന്നില്ലല്ലോ.'' അയാള്‍ കുളിമുറിയുടെ നേരെ നടന്നു.
അയാള്‍ പറയുന്നത് കേട്ട് സാവിത്രി അന്തം വിട്ട് നില്‍ക്കുകയായിരുന്നു. എന്തിനെ പറ്റിയാണ് തന്റെ ഭര്‍ത്താവ് സംസാരിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. കേട്ടത് തെറ്റിയതായിരിക്കുമെന്ന് അനുമാനിച്ച് അവള്‍ അടുക്കളയിലേയ്ക്ക് കയറി. ആഹാരം കഴിച്ച് കഴിയുമ്പോള്‍ അയാളുടെ ചിന്തകളും സംസാരവുമെല്ലാം നേരെയായിക്കൊള്ളും.
എട്ട്
എത്ര ദിവസം തട്ടിന്‍പുറത്ത് കഴിച്ചുകൂട്ടിയെന്ന് അയാള്‍ക്ക് യാതൊരു നിശ്ചയവുമില്ലായിരുന്നു. സമയം നോക്കാനുള്ള ഉപാധികളൊന്നുമില്ലായിരുന്നു. വീട്ടുകാര്‍ മൂന്ന് നേരം ആഹാരം മുകളിലെത്തിച്ച് തന്നു.
പ്രാതല്‍ കഴിച്ച് ഓരോ ആലോചനകളില്‍ മുഴുകിയിരുന്നപ്പോഴാണ് താഴെ നിന്നും വിളി കേട്ടത്. ''ഇനി അവിടെയിരിക്കേണ്ട. താഴേയ്ക്കിറങ്ങി വന്നോളു.''
സംശയം മനസ്സില്‍ എഴുന്ന് നില്‍ക്കുമ്പോഴും ആ സംസാരത്തിലെ ആത്മാര്‍ത്ഥതയില്‍ വിശ്വാസം അര്‍പ്പിച്ച് അയാള്‍ കോണിപ്പടിയിറങ്ങി.
ഇരിപ്പ് മുറിയില്‍ അവരുണ്ടായിരുന്നു. ''ഇനി ഭയക്കാനൊന്നുമില്ല. നിങ്ങളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ അവര്‍ക്ക് കിട്ടുകയും ചെയ്തു. നിങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം വീട്ടിലേയ്ക്ക് പോകാം.''
കേട്ടത് ശരിയാണോ എന്നറിയാനായി അയാള്‍ അവരോട് എന്താണ് പറഞ്ഞതെന്ന് ചോദിച്ച് അവരെക്കൊണ്ട് പറഞ്ഞത് വീണ്ടും പറയിപ്പിച്ചു. താന്‍ സ്വതന്ത്രനാണെന്ന സത്യം ഹൃദയത്തിലാഴ്ന്നിറങ്ങിയപ്പോള്‍ അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ചു.
അവരോട് നന്ദി പറഞ്ഞ് യാത്രയിറങ്ങുമ്പോള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തെ സ്മരണകളില്‍ താന്‍ കൈക്കൊണ്ട തീരുമാനങ്ങളായിരുന്നു മുന്‍പന്തിയില്‍.
അയാള്‍ കൈ രണ്ടും ആഞ്ഞ് വീശി തല പൊക്കിപ്പിടിച്ച് നടന്നുനീങ്ങി.
ഒന്‍പത്
''സാവിത്രി, ഞാന്‍ പറഞ്ഞില്ലേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ പലതും എനിയ്ക്കിപ്പോള്‍ ഓര്‍മ്മ വരുന്നുണ്ട്. അദ്ദേഹം ഇതുപോലെ ഒരു തട്ടിന്‍പുറത്ത് ഒളിച്ചിരുന്നതും അന്ന് കൈക്കൊണ്ട തീരുമാനങ്ങളുമെല്ലാം എന്റെ കണ്‍മുന്നില്‍ നടന്നപോലെ. എന്തായിരിക്കാം അതിനര്‍ത്ഥം?'' അയാള്‍ ആകാംക്ഷയോടെ സാവിത്രിയെ നോക്കി.
സാവിത്രിയ്ക്ക് എന്താണ് തന്റെ ഭര്‍ത്താവ് പറയുന്നതെന്ന് മുഴുവന്‍ മനസ്സിലായിരുന്നില്ല. എന്തോ പുനര്‍ജ്ജന്മം പോലെയുള്ള സംസാരമാണ് കുറച്ച് നേരമായിട്ട്. ഏകാന്തവാസം തലയ്ക്ക് പിടിച്ചതാണോ?
സാവിത്രിയുടെ മൗനം കണ്ട് അയാള്‍ തുടര്‍ന്നു. ''ഞാന്‍ എന്താണ് പറഞ്ഞു വരുന്നതെന്ന് വച്ചാല്‍ ... അന്നത്തെ അദ്ദേഹമാണ് ഈ ഞാന്‍. അല്ലെങ്കില്‍ അദ്ദേഹത്തിന് സംഭവിച്ചതെല്ലാം എനിയ്‌ക്കെങ്ങനെയാണ് ഓര്‍മ്മ വരുന്നത്? പുനര്‍ജ്ജന്മത്തിലൊന്നും എനിയ്ക്ക് വിശ്വാസമില്ലെങ്കില്‍ കൂടി... ഇപ്പോള്‍ എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കരുത് എന്ന കുഴച്ചിലിലാണ് ഞാന്‍.''
''നിങ്ങള്‍ ഈ കാപ്പി കുടിച്ച് നല്ലവണ്ണം വിശ്രമിക്കുന്നതായിരിക്കും ഉത്തമം. കൂടുതല്‍ ഇതിനെ കുറിച്ചാലോചിച്ച് മനസ്സ് പുണ്ണാക്കേണ്ട. ഞാന്‍ തട്ടിന്‍പുറം ഒന്ന് അടിച്ച് വൃത്തിയാക്കിയിട്ട് വരാം.'' സാവിത്രി എഴുന്നേറ്റ് പുറത്തെ കോണിപ്പടിയുടെ നേരെ നടന്നു.
അയാള്‍ അവള്‍ പോയ വഴി കണ്ണുകള്‍ ചിമ്മാതെ നോക്കിയിരുന്നു. അവള്‍ക്ക് വിശ്വാസം വന്നിട്ടില്ലായിരിക്കാം. പക്ഷേ, അയാള്‍ക്കുറപ്പായിരുന്നു. ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോള്‍ കണ്ടത് അയാളെ അത്ഭുതപ്പെടുത്തിയതാണ്. അദ്ദേഹം മരിച്ച അതേ വര്‍ഷത്തില്‍ അതേ മാസത്തില്‍ രണ്ടാഴ്ചക്ക് ശേഷമാണ് അയാളുടെ ജനനം!
തട്ടിന്‍പുറം വൃത്തിയാക്കി വയ്ക്കുന്നതിനിടയില്‍ സാവിത്രി അത് കണ്ടു. അയാള്‍ വായിച്ചിരുന്ന പുസ്തകം. അതിന്റെ പുറംചട്ടയില്‍ അയാള്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖചിത്രം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...