Malayalam Short Story : ഗാന്ധര്‍വ്വം, സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ

By Chilla Lit Space  |  First Published Jan 26, 2022, 3:02 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

യക്ഷിയുടെ വിഗ്രഹത്തിന് മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോഴാണ് അര്‍ച്ചനയ്ക്ക് എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടത്. ഇതിന് മുമ്പ് പലതവണ അവിടെ നിന്നിട്ടുള്ളതാണ്. പക്ഷേ, ഒരിക്കലും ഇങ്ങനെയൊരു വികാരം മനസ്സില്‍ തോന്നിയിട്ടില്ല. എന്താണാവോ അതിന് കാരണം?

തലേന്ന് രാത്രിയില്‍ യക്ഷിയമ്മയുടെ വല്ല കഥകളുമായിരിക്കും സ്വപ്നം കണ്ടിട്ടുണ്ടാകുക. അതായിരിക്കണം ഇന്നിപ്പോള്‍ ഒരു വല്ലാത്ത മമത യക്ഷിയോട് തോന്നുന്നത്. പലപ്പോഴും ഇത് അനുഭവപ്പെട്ടിട്ടുള്ളതാണ് - സ്വപ്നത്തില്‍ കാണുന്നവരോട് പിറ്റേന്ന് കൂടുതലൊരു അടുപ്പം തോന്നുന്നത്.

എന്തായിരിക്കാം യക്ഷിയെ ചേര്‍ത്ത് കണ്ട സ്വപ്നം? ഇനിയിപ്പോള്‍ അതറിയുന്നത് വരെ മനസ്സിനൊരു സ്വസ്ഥതയും കിട്ടില്ല. യക്ഷിയ്ക്ക് പകരം വല്ല ഗന്ധര്‍വ്വനുമായിരുന്നെങ്കില്‍ എത്ര നന്നായേനെ.

അര്‍ച്ചന യക്ഷിത്തറയില്‍ നിന്നും തിരിഞ്ഞ് നടന്നു. വീട്ടിലേയ്ക്ക് നടക്കുന്ന വഴി മുഴുവന്‍ അവളുടെ ചിന്ത താന്‍ കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു.

ഗേറ്റിനടുത്തെത്തിയപ്പോഴേ അകത്തുനിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടു. രാമന്‍കുട്ടിമ്മാന്‍ എത്തിയിട്ടുണ്ട്. ഇടയ്ക്ക് അമ്പലത്തില്‍ വരുമ്പോള്‍ വീട്ടില്‍ കേറി കുറച്ച് തമാശയെല്ലാം പറയുന്നത് അദ്ദേഹത്തിന്റെ പതിവാണ്. രസമാണ് ആ പുളുവടി കേട്ടിരിക്കാന്‍.

''താന്‍ കുറേ നേരമായല്ലോ അമ്പലത്തില്‍ പോയിട്ടെന്ന് അമ്മ ഇപ്പോള്‍ പറഞ്ഞതേയുള്ളു. ഇന്നേത് ദൈവത്തിനെയാണാവോ കൂടെ കൂട്ടിയത്?'' അര്‍ച്ചനയെ കണ്ട വഴി രാമന്‍കുട്ടിമ്മാന്‍ പറഞ്ഞു.

''ഇന്നിപ്പോള്‍ സാക്ഷാല്‍ യക്ഷി തന്നെയാണ് കൂട്ടിന്. കൂടെ വിടണോ?'' അര്‍ച്ചനയും തമാശയ്ക്ക് പിന്‍പന്തിയിലായിരുന്നില്ല.

''വേണ്ടേ, വീട്ടിലൊന്നുള്ളതിനെ മാനേജ് ചെയ്യാന്‍ ഞാന്‍ പെടുന്ന പാട് എനിയ്ക്കല്ലേ അറിയുള്ളു. അപ്പോഴാണ് രണ്ടാമതൊന്നിനെ!'' രാമന്‍കുട്ടി അര്‍ച്ചനയുടെ നേരെ കൈകൂപ്പി.

കൈയിലുണ്ടായിരുന്ന കപ്പില്‍ നിന്നും ചായ കുടിക്കുന്നതിനിടയില്‍ രാമന്‍കുട്ടിമ്മാന്‍ അന്നത്തെ മാതൃഭൂമിപത്രം മറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടെന്നദ്ദേഹം ചാടിയെഴുന്നേറ്റു. ''ശെടാ, ഈ ബാലചന്ദ്രനെ ഇന്നാളുകൂടി കണ്ടതാണല്ലോ. അവന് മരിക്കാന്‍ മാത്രം പ്രായമായിട്ടില്ലല്ലോ.'' 

ബാലചന്ദ്രന്റെ വീട് വരെ പോകട്ടെയെന്നും പറഞ്ഞ് രാമന്‍കുട്ടിമ്മാന്‍ യാത്ര പറഞ്ഞിറങ്ങി. ഗേറ്റ് കടക്കുന്നതിന് മുമ്പ് തിരിഞ്ഞ് അര്‍ച്ചനയോടായി പറഞ്ഞു, ''അതേ, യക്ഷിയമ്മയുടെ മുമ്പില്‍ അധികനേരം നില്‍ക്കുന്നത് നല്ലതല്ല. ഇവിടത്തെ യക്ഷിയുടെ പുറകില്‍ എപ്പോഴും ഒരു ഗന്ധര്‍വ്വനുണ്ടെന്നാണ് ഐതിഹ്യം. കൂടെ കൂടാനുള്ള അവസരം കൊടുക്കണ്ട.'' 

രാമന്‍കുട്ടിമ്മാന്‍ പോയപ്പോളാണ് അര്‍ച്ചനയ്ക്ക് അദ്ദേഹം പറഞ്ഞത് മുഴുവനായും തലയില്‍ കയറിയത്. താന്‍ കണ്ട സ്വപ്നത്തില്‍ തന്നെ തേടി വന്നത് ആ ഗന്ധര്‍വ്വനായിരുന്നു. ഇപ്പോള്‍ സ്വപ്നം ശരിയ്ക്കും ഓര്‍മ്മ വരുന്നുണ്ട്.

പക്ഷേ, കൂടുതല്‍ അതിനെ പറ്റി ആലോചിക്കാന്‍ സാധിക്കുന്നതിന് മുമ്പേ അനുജന്‍ അജിയുടെ അട്ടഹാസച്ചിരി അവളെ അമ്പരപ്പിച്ചു. 

അജി പത്രത്തില്‍ രാമന്‍കുട്ടിമ്മാന്‍ ചൂണ്ടിക്കാണിച്ച ബാലചന്ദ്രന്റെ പടം നോക്കിയായിരുന്നു ചിരിച്ചിരുന്നത്. അര്‍ച്ചനയും കൗതുകപൂര്‍വ്വം അത് നോക്കി. അയാളുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു. ഒരു കൊല്ലം മുമ്പ് കാലിയായ ആളെയാണ് രാമന്‍കുട്ടിമ്മാന്‍ ഇന്നാള് കണ്ടത്. ചിരിക്കാതെ എന്ത് ചെയ്യാനാണ്!

അന്ന് പിന്നെ രാത്രിയാകുന്നതുവരെ താന്‍ കണ്ട സ്വപ്നത്തെ കുറിച്ചോ തന്റെ മനസ്സിലെ സ്വപ്നത്തെ കുറിച്ചോ ചിന്തിക്കാനുള്ള സന്ദര്‍ഭം അര്‍ച്ചനയ്ക്ക് കിട്ടിയതേയില്ല. അടുക്കളയില്‍ അമ്മയെ സഹായിക്കുന്നത് അവള്‍ക്കൊരു ഹരമായിരുന്നു. അതിനിടയില്‍ അജിയോട് തമ്മില്‍ത്തല്ലാനും.

വൈകുന്നേരം അച്ഛന്‍ വന്നപ്പോഴാണ് പുതിയൊരു ആലോചനയുടെ കാര്യം അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. പയ്യന്‍ എഞ്ചിനീയര്‍ ആണ്. ചെന്നെയിലാണ് ജോലി. അച്ഛന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്റെ മകന്‍. 

അച്ഛനുമമ്മയും അതിനെപറ്റി കൂലംകഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അര്‍ച്ചന എഴുന്നേറ്റ് തന്റെ മുറിയിലേയ്ക്ക് പോയി. ഇതിപ്പോള്‍ നാലാമത്തേയോ അഞ്ചാമത്തേയോ ആലോചനയാണ്. അതില്‍ രണ്ടെണ്ണം വളരെ അടുത്തറിയുന്ന പയ്യന്മാരായിരുന്നു. പക്ഷേ, നല്ല കൂട്ടുകാരായി കണ്ടിരുന്നവരെ കല്യാണം കഴിക്കുന്നതില്‍ അവള്‍ക്ക് താല്പര്യമില്ലായിരുന്നു. അത് മനസ്സിലാക്കി അമ്മ അത് വേണ്ടെന്ന് വച്ചു. ബാക്കി രണ്ടെണ്ണം അവരായിട്ടു തന്നെ വേണ്ടെന്ന് വച്ചതുകൊണ്ട് അവള്‍ രക്ഷപ്പെട്ടു.

തനിയ്ക്ക് വേണ്ടതാരായിരുന്നു? അതിനെ പറ്റി ആലോചിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മനസ്സ് തലേന്ന് കണ്ട സ്വപ്നത്തിലേയ്ക്ക് തിരിഞ്ഞു. 

യക്ഷിയമ്മയുടെ പുറകില്‍ നില്‍ക്കുന്ന ഗന്ധര്‍വ്വന്‍! അയാളെ തന്നെയായിരുന്നു അവള്‍ കണ്ടത്. തൊട്ടടുത്ത് വന്ന് നില്‍ക്കുന്ന ഒരു മനോഹരരൂപം. 

ഉടുക്കുമായി നില്‍ക്കുന്ന ശിവയോഗിയുടേയും ഓടക്കുഴലൂതുന്ന കാര്‍വര്‍ണ്ണന്റേയും ഇടയില്‍ ഇടയ്ക്കയുമായി സ്വര്‍ഗാനുഭൂതിയുളവാക്കുന്ന സ്വരമാധുര്യത്തില്‍ സോപാനസംഗീതവര്‍ഷവുമായിനില്‍ക്കുന്ന ആ മോഹനാകാരം. അതായിരുന്നു അവളുടെ മനസ്സിലെന്നെന്നും. പക്ഷേ, അങ്ങനെയൊരാളെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെന്നതാണ് വാസ്തവം. 

എങ്കിലും സ്വപ്നത്തിലതാ താന്‍ മനസ്സില്‍ കണ്ടിരുന്ന ഉടലഴകുമായി ഒരു ഗന്ധര്‍വ്വന്‍. അയാളുടെ കൈയില്‍ ഇടയ്ക്കയില്ലായിരുന്നു. അയാളുടെ ചുണ്ടുകള്‍ നിശ്ചലമായിരുന്നു. പക്ഷേ, എങ്ങു നിന്നോ ഒഴുകിയെത്തുന്ന സോപാനസംഗീതത്തില്‍ ആ രൂപം അവളുടെ ഹൃദയത്തിന്റെ അഗാധതയിലേയ്ക്കലിഞ്ഞിറങ്ങി.

തന്റെ മനസ്സ് തേടിയലഞ്ഞിരുന്ന അതേ രൂപമാണ് ഈ നില്‍ക്കുന്നതെന്ന് അവള്‍ക്ക് ബോധോദയമുണ്ടായി. എങ്ങനെയാണ് ഇത് ഈ വിധത്തില്‍ മുന്നിലെത്തിയതെന്ന് അവള്‍ക്കൊരു നിശ്ചയവുമില്ലായിരുന്നു. എങ്കിലും ഇപ്പോള്‍ ഒരു കാര്യത്തില്‍ തീരുമാനമായി - അവള്‍ക്കായി ആ ഗന്ധര്‍വ്വഗായകന്‍ അടുത്തെവിടേയൊ കാണാമറയത്തിരിപ്പുണ്ട്. താമസംവിനാ അയാള്‍ അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല.

യക്ഷിയമ്മ തന്നെയായിരിക്കും ഈ ഗന്ധര്‍വ്വനെ വെളിപ്പെടുത്തുക. 

അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചെന്നെയില്‍ നിന്നുള്ള എഞ്ചിനീയറെ ഒഴിവാക്കാനുള്ള വിദ്യകളാണ് അവള്‍ ആലോചിച്ചിരുന്നത്. 

പിറ്റേന്ന് അര്‍ച്ചന നേരത്തെ എഴുന്നേറ്റ് അമ്പലത്തിലേയ്ക്ക് പോയി. ശിവനേയും പാര്‍വ്വതിയേയും മറ്റും തൊഴുതിട്ട് വേഗം യക്ഷിയമ്മയുടെ മുമ്പില്‍ വന്ന് നിന്നു. പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അവളുടെ ശ്രദ്ധ ചുറ്റിനും ആരെല്ലാമെന്നായിരുന്നു. തന്റെ മനസ്സിലേയ്ക്ക് കുടിയേറിയ ആ ഗന്ധര്‍വ്വനെ യക്ഷിയമ്മ തന്നെ കാണിച്ചുതരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവള്‍.

ചുറ്റിനും ആരേയും കാണാത്തതിനാല്‍ അവളുടെ മനസ്സ് കുഴങ്ങി. എങ്കിലും അവിടെ നിന്നും മാറാതെ കണ്ണുകളടച്ച് കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചു. 

യക്ഷിയമ്മയുടെ വിഗ്രഹത്തിന് തണലേകി പുറകില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന അരളിമരത്തിന്റെ ശിഖരത്തില്‍ ഇരിക്കുന്നതാരാണ്? താന്‍ മനസ്സില്‍ കണ്ട അതേ രൂപം - സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ആ ഗന്ധര്‍വ്വന്‍ തന്നെ. കണ്ണുകള്‍ തുറന്നാല്‍ ആ രൂപം മാഞ്ഞു പോയാലോ എന്ന ഉത്കണ്ഠയാല്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് നിന്നു.

രാമന്‍കുട്ടിമ്മാന്‍ പറഞ്ഞ ഐതിഹ്യം അപ്പോഴാണ് അവള്‍ ഓര്‍ത്തത്. യക്ഷിയമ്മയുടെ പുറകില്‍ നില്‍ക്കാറുള്ള ഗന്ധര്‍വ്വന്‍ കൂടെ പോന്നാല്‍ ബുദ്ധിമുട്ടാകും. തന്റെ കനവിലുള്ള ഗന്ധര്‍വ്വന് ഇയാളൊരു പാരയായി മാറരുതല്ലോ. അവള്‍ വേഗം കണ്ണ് തുറന്ന് ചുറ്റിനും നോക്കി. ആരും അടുത്തൊന്നുമില്ല. അവള്‍ തിരിച്ച് വീട്ടിലേയ്ക്ക് നടന്നു.

അപ്പോഴാണ് നാലമ്പലത്തിനുള്ളില്‍ നിന്നും ഇടയ്ക്കയുടെ ശബ്ദം കേട്ടത്. ഇടയില്‍ സോപാനസംഗീതം നേര്‍ത്ത സ്വരത്തില്‍ ഒഴുകിയൊഴുകി എത്തി. അവള്‍ക്ക് ആകാംക്ഷയേറി. ആരായിരിക്കാം? അവള്‍ ധൃതിയില്‍ നാലമ്പലത്തിനകത്തേയ്ക്ക് കയറി.

വടക്കേനടയില്‍ കൂടി കയറിയതിനാല്‍ പാര്‍വ്വതീദേവിയെ ചുറ്റി വേണം ശിവന്റെ നടയിലെത്താന്‍. സംഗീതം അവിടെ നിന്നും വരുന്നതായിട്ടാണ് തോന്നിയത്. അവള്‍ വേഗം നടന്നു.

ശിവന്റെ നടയിലെത്തിയപ്പോഴേയ്ക്കും സംഗീതവും ഇടയ്ക്കയുടെ ശബ്ദവും നിലച്ചിരുന്നു. കിഴക്കേനടയില്‍ കൂടി പുറത്തേയ്ക്കിറങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ പുറം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. വേറെയാരേയും ആ പരിസരത്തൊന്നും കാണാനില്ലായിരുന്നു. ദൈവമേ, താന്‍ സ്വപ്നം കണ്ടിരുന്ന ഗന്ധര്‍വ്വനായിരുന്നോ അത്?

ശിവന്റെ നടയുടെ വലത് വശത്തായി തൂക്കിയിട്ടിരുന്ന ഇടയ്ക്ക ആടുന്നുണ്ട്. അപ്പോള്‍ മാത്രം അതവിടെ തൂക്കിയിട്ടതാണെന്ന് നിശ്ചയം. അവള്‍ തിരക്കിട്ട് ആ ചെറുപ്പക്കാരന്‍ പോയ വഴിയെ തിരിഞ്ഞു. ഗന്ധര്‍വ്വനെ കണ്ടുപിടിച്ചിട്ട് തന്നെ ഒരു കാര്യം. കയറിയ നടയില്‍ കൂടി തന്നെ വേണം ഇറങ്ങാന്‍ എന്ന് അമ്മ പറയാറുള്ളത് തല്‍ക്കാലം മറന്ന് അവള്‍ പുറത്തേയ്ക്കിറങ്ങി.

പക്ഷേ, ഭാഗ്യം അവളുടെ പക്ഷത്തായിരുന്നില്ല. അവിടെയെവിടേയും ആരുമുണ്ടായിരുന്നില്ല. അവള്‍ സാവധാനം പ്രദക്ഷിണമായി വടക്കേനടയിലേയ്ക്ക് നടന്നു. ''കണ്ടു... കണ്ടു... കണ്ടില്ല...'' എന്ന പാട്ട് ചെറുചിരിയോടെ അവളുടെ ചുണ്ടില്‍ തത്തിക്കളിച്ചു. 

ചെന്നെയില്‍ നിന്നുള്ള പയ്യന്റെ ആലോചന കൊണ്ടുപിടിച്ച് നടക്കുകയാണ്. അമ്മ അവളെ അയാളുടെ ഫോട്ടോ കാണിച്ചു. തരക്കേടില്ല. പക്ഷേ, എഞ്ചിനീയറെ അല്ലല്ലോ അവള്‍ക്ക് വേണ്ടിയിരുന്നത്. അതുകൊണ്ട് അഭിപ്രായമൊന്നും പറയാതെ ഫോട്ടോ തിരിച്ചേല്പിക്കുകയാണ് ചെയ്തത്. എന്തായാലും ഉറപ്പിക്കുന്നതിന് മുമ്പ് പെണ്ണുകാണലും മറ്റും നടക്കുമല്ലോ. അപ്പോഴേയ്ക്കും എന്തെങ്കിലും ഒഴിവുകഴിവുകള്‍ കണ്ടുപിടിക്കണം.

ചെന്നെയിലുള്ളവര്‍ക്ക് അര്‍ച്ചനയെ ഇഷ്ടമായി. അവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പെണ്ണുകാണാന്‍ വരുമെന്ന് തീരുമാനിച്ചു. 

ദിവസങ്ങള്‍ കൊഴിയുന്തോറും അര്‍ച്ചനയുടെ മനസ്സ് ഇളകി മറിഞ്ഞുകൊണ്ടിരുന്നു. താന്‍ മനസ്സില്‍ കണ്ടിരുന്ന ആള് അമ്പലത്തിന്റെ ചുറ്റുവട്ടത്തിലുണ്ടെന്ന് അവള്‍ ഉറപ്പാക്കി. പിന്നീടും മൂന്നാല് പ്രാവശ്യം സോപാനസംഗീതം കേള്‍ക്കുകയും അവള്‍ ഓടിയെത്തുമ്പോഴേയ്ക്കും അവളുടെ മനസ്സിലെ ഗന്ധര്‍വ്വന്‍ 'കണ്ടു കണ്ടില്ല' എന്ന മട്ടില്‍ കണ്‍വെട്ടത്ത് നിന്നും മറയുകയും ചെയ്തു. 

ഇത്രയും അടുത്തെത്തിയിട്ടും ആളെ പിടികിട്ടാത്തതില്‍ അവള്‍ക്ക് വല്ലാത്ത നിരാശ തോന്നി. ഇനിയിപ്പോള്‍ ഇത് തനിയ്ക്ക് പറഞ്ഞിട്ടില്ലാത്ത ആളായിരിക്കുമെന്ന് അവള്‍ ആകുലപ്പെട്ടു. തന്റെ സ്വപ്നത്തിലേയ്ക്ക് ആ ഗന്ധര്‍വ്വനെ പറഞ്ഞയച്ച് വെറുതെ തന്നെ മോഹിപ്പിച്ച യക്ഷിയമ്മയോട് അവള്‍ക്ക് കലിപ്പായി. എന്നും വന്ന് തൊഴുന്ന തന്നെ വ്യാമോഹിപ്പിച്ചത് ശരിയായില്ലെന്ന് അവള്‍ യക്ഷിയുടെ മുന്നില്‍ ചെന്ന് പറഞ്ഞുനോക്കി.

പലപ്പോഴും ഇടയ്ക്കയുടെ ശബ്ദവും സംഗീതവും കേള്‍ക്കുമെന്നല്ലാതെ പ്രിയപ്പെട്ട ഗന്ധര്‍വ്വനെ കാണാനുള്ള ഭാഗ്യം അവള്‍ക്ക് കിട്ടിയതേയില്ല.

ഒടുവില്‍ ചെന്നെയില്‍ നിന്നും അരുണും മാതാപിതാക്കളും അവരുടെ വീട്ടിലെത്തി. അരുണിന് അവളെ ഇഷ്ടമായി. അര്‍ച്ചനയ്ക്ക് അരുണിനെ ഇഷ്ടമായി. അരുണിനെ വേണ്ടെന്ന് പറയാനുള്ള യാതൊരു പോംവഴിയും അവള്‍ കണ്ടില്ല. അത്രയും നല്ലൊരു പയ്യന്‍. 

ഗന്ധര്‍വ്വനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ഗന്ധര്‍വ്വനാക്കുക തന്നെയെന്ന് അര്‍ച്ചന ഉറപ്പിച്ചു. അങ്ങനെ അവരുടെ കല്യാണം ഒരു മാസത്തിനുള്ളില്‍ നടത്താമെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. അരുണിന്റെ വീട് ഒരു മണിക്കൂര്‍ കാര്‍ യാത്രയ്ക്കുള്ളിലായതുകൊണ്ട് അരുണിനും അര്‍ച്ചനയ്ക്കും ഇടയ്ക്കിടെ കാണാനും സൗകര്യമായി.

അന്ന് അരുണ്‍ വന്നത് അര്‍ച്ചനേയും കൊണ്ട് അടുത്തുള്ള കടപ്പുറത്ത് പോകാനാണ്. അവരുടെ കൂടെ അജിയും അര്‍ച്ചനയുടെ അമ്മയും പുറപ്പെട്ടു. ഒരുമിച്ചുള്ള ഒരു പിക്‌നിക്കാകട്ടേയെന്ന് അരുണ്‍ പറഞ്ഞതുകൊണ്ടാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളെ പോലെയാണെങ്കിലും അവരും കൂടിയത്.

കാറിനകത്ത് കയറിയ ഉടനെ അരുണ്‍ പാട്ട് വച്ചു. പാട്ട് കേട്ട് കാറോടിക്കുന്നത് അയാള്‍ക്കൊരു ശീലമായിരുന്നു.

പാട്ട് കേട്ട് തുടങ്ങിയപ്പോള്‍ അര്‍ച്ചനയ്ക്ക് ദേഹമാസകലം കുളിര് കോരിയിടുന്നതായി അനുഭവപ്പെട്ടു. അവള്‍ ഇത്രയും നാള്‍ കാത്തിരുന്ന അതേ ശബ്ദം. ഇതേ സോപാനസംഗീതസ്രോതസ്സാണ് അവള്‍ അന്വേഷിച്ചിരുന്നത്. 

''ഈ സംഗീതം ആലപിക്കുന്നതാരാണ്? ഇദ്ദേഹം നമ്മുടെ അടുത്തുള്ള അമ്പലത്തില്‍ പാടാറുളളത് ഞാന്‍ കേള്‍ക്കാറുണ്ട്.'' അര്‍ച്ചന ആരോടെന്നില്ലാതെ പറഞ്ഞു.

''സോപാന സംഗീതം ഇഷ്ടമാണെങ്കിലും ഇത്രയും പേരുകേട്ട ഗായകനെ അറിയില്ലെന്നോ? എനിയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട ആളാണ് - ഏലൂര്‍ ബിജു!'' അരുണിന്റെ സ്വരത്തില്‍ ഗായകനോടുള്ള ആരാധന പ്രകടമായിരുന്നു.

''അപ്പോള്‍ അമ്പലത്തില്‍ കേട്ടിരുന്നത്?'' അര്‍ച്ചന അത്ഭുതത്തോടെ ചോദിച്ചു.

''അയ്യേ, മണ്ടി. നമ്മുടെ അമ്പലത്തിലെ കീഴ്ശാന്തിയ്ക്ക് സോപാനസംഗീതത്തില്‍ വലിയ കമ്പമാണ്. അയാള്‍ മിക്കപ്പോഴും അവിടെയിരുന്ന് മൊബൈലില്‍ ബിജുവിന്റെ പാട്ട് വയ്ക്കാറുണ്ട്. അതാണ് നീ കേട്ടിരുന്നത്.'' അമ്മ അര്‍ച്ചനയെ കളിയാക്കി ചിരിച്ചു.

''പാട്ട് പാടുന്നത് രാമന്‍കുട്ടിമ്മാന്‍ പറഞ്ഞ ഗന്ധര്‍വ്വനാണെന്ന് വിചാരിച്ചിരിക്കുയായിരുന്നു ചേച്ചി.'' അജിയുടെ ചിരി കാറില്‍ മുഴങ്ങി.

''പാവത്തിനെ എല്ലാവരും കൂടി കളിയാക്കി കൊല്ലണ്ട. പാട്ട് കേട്ട് രസിക്കുന്നതും പാട്ടുകാരനെ ആരാധിക്കുന്നതുമൊക്കെ സര്‍വ്വസാധാരണമല്ലേ.'' അരുണ്‍ പ്രേയസിയുടെ രക്ഷയ്‌ക്കെത്തി.

മുഖം ചുവന്നെങ്കിലും അര്‍ച്ചനയ്ക്ക് അരുണിനോടുള്ള ഇഷ്ടം കൂടുകയായിരുന്നു. തന്റെ അന്ധമായ വിശ്വാസങ്ങള്‍! തനിയ്ക്കനുഭവപ്പെട്ട ഗന്ധര്‍വ്വസാമീപ്യം! എല്ലാം വെറും ബാലിശം.

ഒരു സ്വപ്നക്കൂട്ടില്‍ ഒതുക്കാനുള്ളതല്ല യാഥാര്‍ത്ഥ ജീവിതമെന്ന് അവള്‍ക്ക് മനസ്സിലായി. അതോടെ അവളുടെ മനസ്സില്‍ അരുണോദയത്തിന്റെ രശ്മികള്‍ മിന്നിത്തിളങ്ങി.

click me!