Malayalam Short Story| തുരുത്തിലാശാന്‍, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Nov 5, 2021, 7:35 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

''രാത്രിയാണ് ഞങ്ങടെ വണ്ടി തെക്കോട്ട് ലോഡും കൊണ്ട് പോകാറ്. മിക്കവാറും ദെവസങ്ങളില്‍ പന്ത്രണ്ടിനും ഒന്നിനും ഇടയ്ക്ക് ആ യെസ്ഡി വണ്ടീടെ ശബ്ദം കേക്കും. ശബ്ദം കേട്ടാലറിയാം അത് പുള്ളിക്കാരനാണെന്ന്. ഒടനേ അടുത്ത ഹെഡ് ലൈറ്റും ചാമ്പും. എന്നാലല്ലേ ആശാന് എതിരേന്ന് വരണത് കാറാണെന്ന് കത്തൂ.'' ലോനപ്പന്‍ പറഞ്ഞുനിര്‍ത്തി.

തുരുത്തിലാശാനെ പറ്റി കേട്ടറിവേ ഉണ്ടായിരുന്നുള്ളു. അയാളെ കുറിച്ചൊരു ഫീച്ചര്‍ തയ്യാറാക്കാനായി തുരുത്തിലെത്തിയതായിരുന്നു. ആദ്യം മുന്നില്‍ കിട്ടിയ വ്യക്തിയായിരുന്നു ലോനപ്പന്‍. കള്ളവാറ്റ് പ്രമുഖ നഗരങ്ങളിലെ വിദേശമദ്യഷാപ്പുകളില്‍ എത്തിക്കുന്ന പണിയായിരുന്നു അയാള്‍ക്ക് പണ്ട്.

''കാറിന്റെ ഒറ്റലൈറ്റിട്ടാണ് സാധാരണ ഞങ്ങള് ഓടിക്കാറ്. എക്‌സൈസുകാരെ പറ്റിക്കാനൊരു സൂത്രപ്പണി. പിന്നെപ്പിന്നെ അവര്‍ക്കും കാര്യങ്ങളൊക്കെ മനസ്സിലായി. എന്നാലും തുരുത്തിലാശാന്‍ വരുന്നത് കണ്ടാല്‍ ഞങ്ങളെല്ലാം വഴിമാറി കൊടുക്കും. അത്ര തങ്കപ്പെട്ടോനാ ഞങ്ങക്ക് പുള്ളിക്കാരന്‍. ഇവിടുള്ള എത്ര പേരെയാന്നോ രക്ഷിച്ചിരിക്കണത്!'' ലോനപ്പന്‍ കൂട്ടിച്ചേര്‍ത്തു.

അയാള്‍ പറയുന്നതെല്ലാം ഞാന്‍ ഹാന്‍ഡിക്യാമില്‍ പകര്‍ത്തി.

''കന്നാസില്‍ വാറ്റ് നിറച്ച് കാറില്‍ കൊണ്ടുപോകുന്നത് അത്ര എളുപ്പം സാധിക്കുന്ന പണിയാണോ? എത്ര കന്നാസുകള്‍ ഒരു കാറില്‍ വയ്ക്കാന്‍ പറ്റും? സീറ്റില്‍ വച്ചിരിക്കുന്നത് പെട്ടെന്ന് കണ്ടുപിടിക്കില്ലേ?'' എന്റെ സംശയങ്ങള്‍ ഞാന്‍ നിരത്തി.

''അതിന് ഒരേയൊരു കന്നാസല്ലേ കാറില്‍ വയ്ക്കൂ. വാറ്റ് നിറക്കണത് പെട്രോള്‍ ടാങ്കിലല്ലേ! കന്നാസില്‍ പെട്രോളും.'' ലോനപ്പന്‍ പൊട്ടിച്ചിരിച്ചു. അയാളുടെ കുടവയറ് ചിരിയ്‌ക്കൊപ്പം കുലുങ്ങുന്നത് ഞാന്‍ വീഡിയോയില്‍ അനശ്വരമാക്കി.

''ചാരായം നിര്‍ത്തലാക്കിയെപ്പിന്നെ എന്തുചെയ്യുന്നു?''ഞാന്‍ വെറുതേ ഒരു ചോദ്യമെറിഞ്ഞു.

''കഷ്ടമാ സാറേ. ഇവിടുള്ള മിക്കവര്‍ക്കും അറിയാവുന്ന ഒരു പണി അതേയുണ്ടായിരുന്നുള്ളു. കുറേ പേരെയൊക്കെ അങ്ങോര് പലയിടത്തും കൊണ്ടാക്കി ജോലിയൊക്കെ പഠിപ്പിച്ചെടുത്തു. ലോനപ്പനും പോകണൊണ്ട് കൈത്തറിയില്‍ പണിയാന്‍.''

വീഡിയോ എടുക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അഞ്ചാറ് പേര് ചുറ്റിനും കൂടിയിരുന്നു.

''എന്താണ് സാറേ, പത്രത്തീന്നാണോ?'' ലുങ്കി മടക്കിക്കുത്തി തലയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടി ചുണ്ടത്തൊരു ബീഡിയുമായി നിന്നിരുന്ന ഒരാള്‍ ആരാഞ്ഞു. 

''ആണെങ്കില്‍...?'' ഞാന്‍ അയാളെ നോക്കി.

''തുരുത്തിലാശാനെ പറ്റി പറയാനാണെങ്കില്‍ ഇവിടത്തുകാര്‍ക്ക് നൂറ് നാക്കാണ് സാറേ. ഞങ്ങടെ കയ്യീ കാശൊണ്ടായിരുന്നേല്‍ ഇവിടൊരു പ്രതിമ ഫിറ്റാക്കിയേനെ.'' അയാള്‍ ആവേശഭരിതനായി.

''എന്താ നിങ്ങളുടെ പേര്? ആശാനെ പറ്റി എന്താണ് പറയാനുള്ളത്?''

''ഫ്രാന്‍സിസ്. ചക്കരപ്രാഞ്ചീന്നാ ഇവിടൊക്കെ അറിയുന്നത്. വാറ്റിലിടാനുള്ള ചക്കര എത്തിക്കലായിരുന്നു പണി. പണ്ടിവിടെ കള്ളും വാറ്റും നിര്‍ത്തണമെന്ന് പറഞ്ഞ് ഒരു കൂട്ടര് വരികയൊണ്ടായി. തുരുത്തിലുള്ള പകുതി മുക്കാലും പേരുടെ ജീവിതമാ സാറേ അവമ്മാര് മുട്ടിക്കാന്‍ നോക്കിയത്. പക്ഷേ, അവരെ പാലത്തിനിപ്പുറം കടക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. ആരായിരുന്നു മുന്‍പന്തിയില്‍? ആരാന്നറിയോ സാറിന്?'' 

ഞാന്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

''ആശാന്‍ തന്നെ. വാറ്റിന് എതിരാണെങ്കിലും ഞങ്ങളെ തൊട്ട് കളിക്കണത് ആശാന് പിടിക്കില്ലായിരുന്നു. അത് ആരായാലും ശരി, ആശാന്‍ സമ്മതിക്കൂലാ. കട്ടയ്ക്ക് തുരുത്തുകാരുടെ ഒപ്പം നിക്കും.'' പ്രാഞ്ചി നെഞ്ച് വിരിച്ച് നിന്നു.

''അപ്പോള്‍പിന്നെ നിങ്ങളൊക്കെ വാറ്റി, ഇവിടത്തുകാര്‍ അതടിച്ച് കൂമ്പ് വാടുന്നത് നോക്കി നില്‍ക്കുന്നത് ശരിയാണോ?'' നാല്പത് വയസ്സ് കഴിയുന്നതോടെ തുരുത്തിലെ ആണുങ്ങള്‍ തീരാറായിട്ടുണ്ടാകുമെന്ന് ഞാന്‍ കേട്ടിരുന്നു.

''അത് പിന്നെ...'' പ്രാഞ്ചിയ്ക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.

''ഞാന്‍ പറയാം സാറേ.'' ഒരു ചെറുപ്പക്കാരന്‍ മുന്നോട്ട് വന്നു.

ഞാന്‍ അയാളെ നോക്കി. ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സ്. ഒരു സുമുഖന്‍. ഞാന്‍ വീഡിയോ കാമറ അയാളുടെ നേരേ തിരിച്ചു. ''പേരെന്താ?''

''കൃഷ്ണകുമാര്‍. ഇവിടെ ഈയിടെ വന്ന ഒരു പൈപ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ആശാന്‍ വഴിയ്ക്കാണ് ജോലി കിട്ടിയത്. അതാണ് തുരുത്തിലാശാന്‍ ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് വേണ്ടി ചെയ്തിരുന്നത്. പ്രായമായവരെ വാറ്റ് ഉണ്ടാക്കുന്നതില്‍ നിന്നും അത് മോന്തുന്നതില്‍ നിന്നും മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആശാന് അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങളെ പോലുള്ളവരെ വാറ്റിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി, പഠിക്കാനും ജോലി ചെയ്യാനും നിര്‍ബ്ബന്ധിക്കുകയായിരുന്നു ആശാന്‍.'' അയാളുടെ ശബ്ദം ഇടറിയിരുന്നു. തുരുത്തിലാശാനോടുള്ള സ്‌നേഹം അതില്‍ ഉള്‍ക്കൊണ്ടിരുന്നു.

''അവന്‍ പറയണത് നേരാണ്, സാറേ.'' ലോനപ്പനായിരുന്നു അത്. ''വാറ്റ് നിര്‍ത്തണേന് മുന്നെ ആശാന്‍ ഞങ്ങടെ കുട്ട്യോളെ നന്നാക്കാന്‍ നോക്കിയിരുന്നു. പക്ഷേ, ഞങ്ങളെ മാറ്റിയെടുക്കാന്‍ വാറ്റ് നിര്‍ത്തേണ്ടി വന്നു.'' അയാളുടെ മുഖത്ത് വലിയൊരു ചിരി വിടര്‍ന്നു.

''ആശാന് ഓരോരുത്തരോടും എങ്ങനെ പെരുമാറണമെന്ന് നന്നായി അറിയാമായിരുന്നു, സാര്‍.'' കൃഷ്ണകുമാര്‍ വീണ്ടും സംസാരിക്കാനാരംഭിച്ചു. ''മൂന്നോ നാലോ കൊല്ലം മുമ്പായിരുന്നു. അന്ന് വാറ്റ് നിര്‍ത്തിയിട്ടില്ല. സാറിനെ പോലെ ഒരു പത്രക്കാരന്‍ ഇവിടെ വന്ന് നാട്ടുകാരുടെ ഇന്റര്‍വ്യൂ എടുത്തിരുന്നു. ഇവിടത്തെ ഒരു മൂത്തകാരണവര് സേവ്യാര്‍മാപ്പിളയോട് അയാള് ഒരു ചോദ്യം ചോദിച്ചു. ലോട്ടറിയടിച്ചാല്‍ ആ കാശ് വച്ച് എന്ത് ചെയ്യുമെന്ന്. എന്തായിരുന്നു അങ്ങേരുടെ ഉത്തരമെന്ന്  ഊഹിക്കാമോ?''

അയാള്‍ എന്നോടായി ചോദ്യം. ഞാന്‍ ഇല്ലെന്ന്  തലയാട്ടി.

''അയാളുടെ വഞ്ചിയില്‍ നിറച്ച് വാറ്റ് വാങ്ങിയൊഴിച്ച് അതില്‍ കിടന്ന് ഈ കായലില്‍ അങ്ങനെ ഒഴുകി നടക്കുമത്രെ. അതൊക്കെയായിരുന്നു അന്നൊക്കെ ഇവിടത്തെ പ്രായമായവരുടെ ആഗ്രഹങ്ങള്‍. അവരെയൊക്കെ മാറ്റിയെടുക്കാന്‍ പറ്റില്ലെന്ന് ആശാന് നന്നായിട്ടറിയാമായിരുന്നു.''

''ഈ സേവ്യാര്‍മാപ്പിളയെ ഒന്ന് കാണാന്‍ പറ്റുമോ?'' ഇത്രയും രസികനായൊരു കഥാപാത്രത്തെ കിട്ടിയാല്‍ ഫീച്ചര്‍ കൂടുതല്‍ കൊഴുപ്പിക്കാമെന്നായിരുന്നു എന്റെ ചിന്ത.

''അങ്ങോരെ കാണണെങ്കില്‍ അങ്ങ് ചെല്ലണം, സാറേ.'' പ്രാഞ്ചി ഇടയില്‍ കയറി പറഞ്ഞിട്ട് മേലോട്ട് ചൂണ്ടി.

''അത് രണ്ട് കൊല്ലം മുമ്പേ കൂമ്പ് കരിഞ്ഞ് ചത്തുപോയി.'' ലോനപ്പനായിരുന്നു അത് പറഞ്ഞത്.

ഇനി ഇവരുടെ കൈയില്‍ നിന്നും പ്രത്യേകിച്ചൊന്നും കിട്ടാനില്ലെന്ന് എനിയ്ക്ക് തോന്നി. ''ഇവിടത്തെ പള്ളീലച്ചനെ കാണാന്‍ പറ്റോ?''

''അതിനെന്താ സാറേ, ദാ അവിടെയല്ലേ പള്ളി. അച്ചനവിടെയുണ്ടാകും.'' പ്രാഞ്ചി ദൂരത്തേയ്ക്ക് ചൂണ്ടി കാട്ടി. 

ഞാന്‍ അവരോട് യാത്ര പറഞ്ഞ് മുന്നോട്ട് നടന്നു. അവരില്‍ പലരും എന്റെയൊപ്പം നടക്കുകയായിരുന്നു.

പള്ളിയുടെ മുമ്പിലെത്തിയതും വികാരിയച്ചന്‍ പുറത്തേയ്ക്കിറങ്ങി വന്നു. ക്വയറിന്റെ പ്രാക്ടീസിന് എത്തിയിരുന്ന കുറച്ച് കുട്ടികളേയും അച്ചനോടൊപ്പം കണ്ടു.

''കര്‍ത്താവിന് സ്തുതിയായിരിക്കട്ടെ!'' കൂടെയുള്ളവരുടെയൊപ്പം ഞാനും അച്ചന് സ്തുതിപറഞ്ഞ് കൈകള്‍ കൂപ്പി.

അച്ചന്‍ പ്രത്യഭിവാദ്യം ചെയ്തു. ''ആരാണെന്ന് മനസ്സിലായില്ലല്ലോ. ഇവിടെങ്ങും ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ.''

''ഞാന്‍ തുരുത്തിലാശാനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി വന്നതാണ്. അച്ചന്‍ വളരെ കൊല്ലങ്ങളായി ഇവിടുള്ളതാണെന്ന് ഇവര്‍ പറഞ്ഞറിഞ്ഞു. അപ്പോള്‍ എന്തായാലും അദ്ദേഹത്തെ പറ്റി അറിയാതിരിക്കില്ലല്ലോ!''

''അതാണല്ലേ കാര്യം. എന്താ അറിയേണ്ടതെന്ന് വച്ചാല്‍ ചോദിച്ചോളു.'' അച്ചന്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള അങ്കിളായിരുന്നു. ഞങ്ങടെയൊക്കെ ബലൂണങ്കിള്‍.'' ക്വയര്‍ സംഘത്തിലെ ഒരു കുട്ടിയാണ് അത് പറഞ്ഞത്. 

''അതെയതെ, ഞങ്ങള്‍ക്ക് എപ്പോഴും ബലൂണ്‍ തരുമായിരുന്നു. പക്ഷേ, ഒടുവില്‍ ബലൂണില്‍ തൂങ്ങി പോയിക്കളഞ്ഞില്ലേ!'' വേറൊരു കുട്ടി അല്പം സങ്കടത്തോടെ പറഞ്ഞു.

''നിങ്ങള്‍ മിണ്ടാണ്ടിരി. വെറുതേ മണ്ടത്തരങ്ങളൊന്നും പറയാതെ.'' അച്ചന്‍ കുട്ടികളെ ശാസിച്ചു.

ആ കുട്ടി പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നാതിരുന്നില്ല. അച്ചന്റെ മുമ്പില്‍ വച്ച് അവനോട് ഒന്നും ചോദിച്ചിട്ട് പ്രയോജനമില്ല. അച്ചന്‍ ശാസിച്ച സ്ഥിതിയ്ക്ക് അവരിനി ഒന്നും പറയാനും പോകുന്നില്ല.

''എനിയ്ക്ക് അദ്ദേഹത്തെ പറ്റി എല്ലാം അറിയണമെന്നുണ്ട്. ഞാന്‍ കേട്ടിടത്തോളം ഒരു മാന്ത്രിക പരിവേഷമുള്ള ആളാണെന്നാണ് എനിയ്ക്ക് മനസ്സിലായത്. അത് ശരിയാണോ, അച്ചാ?''

''ഏയ് അങ്ങനെയൊന്നുമില്ല. തുരുത്തിലാശാന്‍ ഒരു പരോപകാരിയും മനുഷ്യസ്‌നേഹിയുമായിരുന്നു. അതാണതിന്റെ ശരി. എനിയ്ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരാം.'' അച്ചന്‍ എന്റെ വീഡിയോ കാമറയില്‍ നോക്കി പറഞ്ഞുതുടങ്ങി.

അച്ചന്‍ ആ പള്ളിയില്‍ വരുമ്പോള്‍തൊട്ടുള്ള ബന്ധമായിരുന്നു തുരുത്തിലാശാനുമായി. ആശാന്റെ ശരിയായി പേര് എന്താണെന്ന് ചോദിച്ചാല്‍ അയാളുടെ വീട്ടുകാര്‍ക്ക് പോലും അറിയാമോയെന്ന് സംശയമാണ്. നാട്ടുകാരും വീട്ടുകാരും വിളിച്ചിരുന്നത് തുരുത്തിലാശാനെന്ന് തന്നെയാണ്. ആ തുരുത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അത് തീര്‍ക്കാന്‍ മുന്‍പന്തിയില്‍ ആശാനുണ്ടാകും. പള്ളീലെ ക്വയര്‍ സംഘത്തിനും അവിടെയുള്ള ക്ലബിന്റെ ഗാനമേളട്രൂപ്പിനും സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും. പഴയ നാടകഗാനങ്ങളും സിനിമാഗാനങ്ങളും പാടാന്‍ വലിയ താല്പര്യമായിരുന്നു.

നാട്ടുകാരെ വാറ്റില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ പല സംരംഭങ്ങള്‍ക്കും മുന്‍കൈ എടുത്തത് ആശാനായിരുന്നു. നഗരത്തില്‍ നിന്നും പല ബിസിനസ്സുകാരേയും തുരുത്തിലേയ്ക്ക് കൊണ്ടുവന്ന് ഫാക്റ്ററികള്‍ തുടങ്ങാനുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കുകയുണ്ടായി. പല ചെറുപ്പക്കാരും ഇതിലൊക്കെ ജോലി കിട്ടി നന്നായി ജീവിക്കുന്നുമുണ്ട്.

കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. അതുപോലെ തന്നെ കുട്ടികള്‍ക്കും ബലൂണങ്കിള്‍ ജീവനായിരുന്നു.

തുരുത്തിലാശാനും സുന്ദരിയായ ഭാര്യയും മിടുക്കികളായ മൂന്ന് പെണ്‍കുട്ടികളും. സ്‌നേഹവും സന്തോഷവും തുളുമ്പുന്ന കുടുംബജീവിതം. പള്ളിയിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകും അവരെല്ലാം. പെണ്‍കുട്ടികള്‍ നന്നായി ഡാന്‍സ് ചെയ്യുകയും പാട്ട് പാടുകയും ചെയ്തിരുന്നു.

തുരുത്തിലെ കുട്ടികള്‍ക്കെല്ലാം ആശാന്‍ ജീവനായിരുന്നു. എന്ത് പരിപാടി നടക്കുമ്പോഴും കുട്ടികളെല്ലാം ആശാന് ചുറ്റും കൂടി നില്‍ക്കുന്നത് കാണാം. ആശാന്റെ പോക്കറ്റില്‍ കുട്ടികള്‍ക്ക് കൊടുക്കാനായി ബലൂണും മിഠായിയും എപ്പോഴും ഉണ്ടാകും. ആശാനുണ്ടെങ്കില്‍ പിന്നെ അമ്മമാര്‍ക്ക് കുട്ടികളെ നോക്കേണ്ട പ്രശ്‌നമില്ലായിരുന്നു. 

ചെറുപ്പക്കാരുടേയും നേതാവായിരുന്നു ആശാന്‍. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമായിരുന്നു. നാട്ടുകാരുടെ കൃഷിയാവശ്യങ്ങള്‍ക്ക് വേണ്ടതെല്ലാം നഗരത്തില്‍ നിന്നും ചെയ്ത് കൊടുക്കാനും ആശാന്‍ തന്നെയായിരുന്നു മുന്‍കൈയെടുത്തിരുന്നത്.

അങ്ങനെ എല്ലാംകൊണ്ടും സര്‍വ്വസമ്മതന്‍ തുരുത്തിലാശാന്‍.

മൂത്തകുട്ടി ഡെല്‍ഹിയില്‍ പഠിക്കാന്‍ പോയതിന് ശേഷമാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിയാന്‍ തുടങ്ങിയത്. അവിടെ ചെന്നതിന് ശേഷം ആ കൊച്ചിന് എന്തോ ഒരു അസുഖം പിടിപെട്ടു. അവിടെയുള്ള ഡോക്റ്റര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാഞ്ഞപ്പോള്‍ അതിനെ നാട്ടിലേയ്ക്ക് കൊണ്ടുവന്നു. പക്ഷേ, എന്തോ ഒന്നുമങ്ങട് ശരിയായില്ല. ഒടുവില്‍ ആ കുട്ടി കൈവിട്ട് പോയി. 

ആശാന്‍ ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന മകളായിരുന്നു ആ പോയത്. അത് ആശാനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. പിന്നെയങ്ങോട് ഒരു ജാതി ജീവിതമായിരുന്നു ആശാന്റേത്. പകലായാലും രാത്രിയായാലും ഇങ്ങനെ അലഞ്ഞുതിരിഞ്ഞ് നടക്കും. എങ്കിലും കുട്ടികളെ കണ്ടാല്‍ പഴയപോലെ ബലൂണും മിഠായിയും കൊടുക്കുമായിരുന്നു. 

ആശാന് ഒരു മാന്ത്രികപരിവേഷം കൊടുക്കാനുണ്ടായ ആദ്യത്തെ സംഭവം നടക്കുന്നത് കോരിച്ചൊരിയുന്ന മഴ പെയ്തിരുന്ന ഒരു രാത്രിയിലാണ്. അന്നത്തെ ഇടിവെട്ടും മിന്നലും ഓര്‍ക്കുമ്പോള്‍ ഇന്നും തുരുത്തുകാരുടെ മനസ്സില്‍ ഒരാന്തലാണ്.

കായലിനടുത്തുള്ള വീട്ടിലെ ആന്റപ്പനാണ് അബദ്ധം പറ്റിയത്. രാത്രി വാറ്റടിച്ച് വെളിവുകെട്ട് കിടന്നുറങ്ങിയിരുന്നതാണ്. പക്ഷേ, എന്തോ മൂത്രമൊഴിക്കണമെന്ന് തോന്നിയിട്ട് പുറത്തിറങ്ങി. അവിടെ അരികിലെവിടേങ്കിലും ഒഴിക്കുന്നതിന് പകരം അയാള്‍ കായലരികത്തോട്ട് നീങ്ങി. അത്രയുമേ അയാള്‍ക്ക് ഓര്‍മ്മയുള്ളു. പിന്നെ വലിയവായിലെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിവന്നപ്പോള്‍ കായലിലോട്ട് ചാഞ്ഞ് കെടക്കണ ഒരു മരക്കൊമ്പില്‍ തൂങ്ങികിടക്കുന്ന ആന്റപ്പനെയാണ് കണ്ടത്. മഴയുടെ ശക്തിയില്‍ ആര്‍ക്കും ഇറങ്ങി അയാളെ രക്ഷിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മരക്കൊമ്പിലെ കൈവിട്ട് അയാള്‍ ഒഴുകിപ്പോയിരുന്നു.

നമ്മുടെ തുരുത്തിലാശാന്‍ അവിടെ എത്തുന്നത് ആ സമയത്താണ്. ആരും വിളിച്ചുകൊണ്ട് വന്നതൊന്നുമല്ല. തന്നെയങ്ങെത്തിയതായിരുന്നു. എല്ലാവരും നോക്കിനില്‍ക്കെ ആശാന്‍ പോക്കറ്റില്‍ നിന്നും ഒരു വെള്ള ബലൂണെടുത്ത് ഊതിവീര്‍പ്പിച്ചു. പിന്നെ അതും കൈയില്‍ പിടിച്ച് കായലിലൂടെ ഒരു നടത്തമായിരുന്നു. വളരെ പെട്ടെന്ന് ആന്റപ്പന്റെ അടുത്തെത്തി, അയാളുടെ തലമുടിയില്‍ പിടിച്ച് വലിച്ച് ആശാന്‍ തിരിച്ച് നടന്നു. ആന്റപ്പനെ കരയ്‌ക്കെ കൊണ്ടിട്ടേച്ച് ആരോടും ഒന്നും പറയാതെ എങ്ങോട്ടെന്നില്ലാതെ പുള്ളിയങ്ങ് പോയി. നാട്ടുകാര്‍ മൊത്തം അന്ധാളിച്ച് അവടങ്ങനെ  നിന്നുപോയി.

അതിനുശേഷം പല വിഷമഘട്ടങ്ങളിലും തുരുത്തിലാശാന്‍ സമയത്തിനെത്തി പലരേയും സഹായിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ചിലര്‍ക്ക് ആശാന്‍ ദൈവതുല്യനായിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് മാന്ത്രികനായിരുന്നു. കൂട്ടത്തില്‍ അക്കരെയുള്ള ചില അസൂയാലുക്കള്‍ ആശാന്  കൂടോത്രത്തിന്റെപണിയാണെന്നും പറയാറുണ്ട്.

എന്തൊക്കെ ആയാലും തുരുത്തിലാശാന്‍ ഒരു പ്രഹേളിക തന്നെയായിരുന്നു. ആര്‍ക്കും മുഴുവനായി മനസ്സിലാക്കാന്‍ പറ്റാഞ്ഞ ഒരു പരോപകാരി. 

പള്ളീലച്ചന്‍ അത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്റെ ഹൃദയത്തില്‍ ആ വിശുദ്ധരൂപം ഒന്നുകൂടി ദൃഢപ്പെടുകയായിരുന്നു.

''ആശാന്റെ വീട്ടുകാരോ? ഭാര്യയും മക്കളും മറ്റും?'' ഞാന്‍ ചോദിച്ചു.

''അവരങ്ങനെ കഴിഞ്ഞു പോകുന്നു. പക്ഷേ, അവര്‍ക്ക് ആശാനെ പറ്റി സംസാരിക്കാന്‍ താല്പര്യമില്ല. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ആകുന്നത് വരെ അവര്‍ക്ക് താങ്ങും തണലും അദ്ദേഹം തന്നെയായിരുന്നു. അതിനുശേഷം പതുക്കെ അവരില്‍ നിന്നും അകന്ന് നാട്ടുകാര്‍ക്ക് സഹായിയായി മാറി. മൂത്തമകളുടെ മരണശേഷം അകല്‍ച്ച പൂര്‍ണ്ണമായി.'' അച്ചന്‍ വിവരിച്ചു.

''എങ്ങനെയായിരുന്നു തുരുത്തിലാശാന്റെ അന്ത്യം?'' അതിനും എന്തെങ്കിലും പ്രത്യേകത ഉണ്ടാവാതിരിക്കില്ലെന്ന് എനിയ്ക്ക് തോന്നി.

''പലരും പലതും പറയുന്നുണ്ട്. പക്ഷേ, ഇവിടത്തെ കുട്ടികള്‍ പറയുന്നതാണ് സത്യമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.'' അച്ചന്‍ പുഞ്ചിരിച്ചു.

''അതാകുമല്ലോ സത്യം! പിള്ളമനസ്സില്‍ കള്ളമില്ലെന്നല്ലേ പ്രമാണം.'' ഞാന്‍ അച്ചന്റെ പക്ഷം ചേര്‍ന്നു പറഞ്ഞു. ''എന്താണ് കുട്ടികള്‍ കണ്ടത്?''

''കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ്സിന്റന്നായിരുന്നു അത് സംഭവിച്ചത്. ഹീലിയം നിറച്ച ഒരു കെട്ട് ബലൂണുകളുമായിട്ട് പള്ളിമുറ്റത്തെത്തിയ ആശാന്റെ ചുറ്റിനും കുട്ടികളെല്ലാം കൂടി.'' അച്ചന്റെ മുഖത്ത് ഒരു പ്രത്യേക തെളിച്ചം കണ്ടു.  ''ഇടതു കൈയില്‍ മുകളിലേയ്ക്ക് പറക്കാന്‍ വെമ്പുന്ന ബലൂണുകളുടെ കെട്ടുമായി നില്‍ക്കുന്നതിനിടയില്‍ ആശാന്‍ വലതു കൈ പോക്കറ്റിലിട്ട് നീളമുള്ള ഒരു വെള്ള ബലൂണെടുത്ത് ഊതി വീര്‍പ്പിക്കാന്‍ തുടങ്ങി. അത് വീര്‍ക്കുന്നതിനോടൊപ്പം ആശാന്‍ പതുക്കെ ഭൂമിയില്‍ നിന്നുയരാന്‍ ആരംഭിച്ചു.''.

 

..............................................

ആശാനങ്ങനെ ഉയരത്തിലേയ്ക്ക് പൊങ്ങിപ്പൊങ്ങി പോകുന്നതിനിടയില്‍ അവസാനമായി കുട്ടികള്‍ കേട്ടത് ''ഇനി അടുത്ത ക്രിസ്തുമസിന് കാണാം'' എന്നായിരുന്നു.

 

അച്ചന്റെ മുഖത്ത് നോക്കിയിരുന്നിരുന്ന എന്റെ ആകാംക്ഷയും വര്‍ദ്ധിച്ചു.  

അച്ചന്‍ തുടര്‍ന്നു. ''ആശാനങ്ങനെ ഉയരത്തിലേയ്ക്ക് പൊങ്ങിപ്പൊങ്ങി പോകുന്നതിനിടയില്‍ അവസാനമായി കുട്ടികള്‍ ആശാന്‍ പറയുന്നതായി കേട്ടത് 'ഇനി അടുത്ത ക്രിസ്തുമസിന് കാണാം' എന്നായിരുന്നു!''

''ബലൂണങ്കിള്‍ പറന്നു പോകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമായി. ഞങ്ങളെ വിട്ട് പോകല്ലെ എന്ന് ഞങ്ങള്‍ ഉറക്കെ പറഞ്ഞ് കരഞ്ഞു. അപ്പോ അങ്കിള്‍ പറഞ്ഞതാണ് അടുത്ത ക്രിസ്തുമസിന് കാണാമെന്ന്.'' അവിടെ നിന്നിരുന്ന കുട്ടികളില്‍ ഒരാളാണ് അത് പറഞ്ഞത്.

''ഞങ്ങള്‍ ക്രിസ്തുമസ്സാവാന്‍ കാത്തിരിക്കയാണ്. ബലൂണങ്കിള്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. തീര്‍ച്ചയായിട്ടും വരും.'' മറ്റൊരു കുട്ടി അത് ഏറ്റുപിടിച്ചു.

''വരുമ്പോള്‍ ഞങ്ങള്‍ക്ക് ബലൂണും മിഠായിയും കൊണ്ടുവരും. ഉറപ്പാ!'' കുട്ടികളെല്ലാവരും കൂടി പറഞ്ഞു.

ആ കുട്ടികളുടെ വിശ്വാസം കണ്ടപ്പോള്‍ തുരുത്തിലാശാന്റെ കഥ സത്യമാണെന്ന് എനിയ്ക്ക് ഉറപ്പായി. ക്രിസ്തുമസിന് ചിമ്മിനിയില്‍ കൂടി ഊര്‍ന്നിറങ്ങി വരുന്ന സാന്റാക്ലോസിനെയല്ല ഈ തുരുത്തിലെ കുട്ടികള്‍ കാത്തിരിക്കുന്നത്. അവര്‍ക്ക് വേണ്ടത് ബലൂണുകളും മിഠായി പൊതികളുമായി ആകാശത്ത് നിന്നും ഇറങ്ങി വരുന്ന അവരുടെ സ്വന്തം ബലൂണങ്കിളിനെയാണ്. 

ആ കുട്ടികളോടൊപ്പം ആ നാട്ടുകാരും തങ്ങളുടെ തുരുത്തിലാശാനെ കാത്തിരിക്കുകയാണ്.

അവരോട് നന്ദിയും യാത്രയും പറഞ്ഞ് കാറിലേയ്ക്ക് നടക്കുമ്പോള്‍ ഞാനൊന്ന് തീരുമാനിച്ചിരുന്നു - അടുത്ത ക്രിസ്തുമസ്സിന് ആ തുരുത്തിലെത്തണം!

#

പുറത്തെ ബഹളം കേട്ട് ഞാന്‍മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. ക്രിസ്തുമസ്സിന്റെ ആഘോഷം തകൃതിയായി നടക്കുന്നു. തുരുത്തിലെ കൂട്ടുകാരന്റെ വീട്ടില്‍ തലേന്ന് എത്തിയതായിരുന്നു.

അടുത്തുള്ള വീടുകളിലെ കുട്ടികളെല്ലാം കൂടി നിന്ന് ആകാശത്തേയ്ക്ക് കൈ ചൂണ്ടുന്നത് കണ്ടപ്പോള്‍ ഞാനും അവരുടെ ഒപ്പം മുകളിലേയ്ക്ക് നോക്കി. കാറ്റിലുയുര്‍ന്ന് പറക്കുന്ന ഒരു കെട്ട് ബലൂണുകളുടെ താഴെ ഒരു അവ്യക്തരൂപം...

എന്റെ ദേഹത്ത് ഒരു മിന്നല്‍പ്പിണര്‍ പായുന്ന പോലെ തോന്നി.

എവിടെ കുട്ടികളെ കണ്ടാലും പോക്കറ്റില്‍ നിന്നും പല നിറത്തിലുള്ള ബലൂണുകള്‍ എടുത്ത് കാറ്റൂതിനിറച്ച് അവര്‍ക്ക് കളിക്കാന്‍ കൊടുത്തിരുന്ന അവരുടെ ബലൂണങ്കിള്‍. പച്ചയും ചുവപ്പും വര്‍ണ്ണകടലാസുകളില്‍ പൊതിഞ്ഞ മിഠായികള്‍ വിതരണം ചെയ്തിരുന്ന നാട്ടുകാരുടെ മുഴുവന്‍ തുരുത്തിലാശാന്‍.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന്റന്നായിരുന്നു അത് സംഭവിച്ചത്. ആശാനങ്ങനെ ഉയരത്തിലേയ്ക്ക് പൊങ്ങിപ്പൊങ്ങി പോകുന്നതിനിടയില്‍ അവസാനമായി കുട്ടികള്‍ കേട്ടത് ''ഇനി അടുത്ത ക്രിസ്തുമസിന് കാണാം'' എന്നായിരുന്നു.

തൊട്ടടുത്ത് എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ടു. പച്ചയും ചുവപ്പും വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ മിഠായികള്‍.

ആ അടുത്ത ക്രിസ്തുമസ്സായിരുന്നു അന്ന്! 

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!