Malayalam Short Story : അമ്മയുടെ കല്യാണം, സഞ്ജു കാലിക്കറ്റ് എഴുതിയ കഥ

By Chilla Lit SpaceFirst Published Dec 10, 2021, 6:42 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സഞ്ജു കാലിക്കറ്റ് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

അങ്ങാടിയിലേക്ക് ഇറങ്ങിയതേയുള്ളൂ, ആളുകള്‍ എന്നെ  നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. 

അത്ഭുതം ഒന്നും തോന്നിയില്ല. അല്ലെങ്കിലും അമ്മയുടെ വിവാഹം നടത്താന്‍ മോന്‍ ശ്രമിച്ചാല്‍ ആളുകള്‍ ചിരിക്കില്ലേ ..

'എന്നാ അമ്മയുടെ കല്യാണം'-ഞാന്‍ തിരിഞ്ഞു നോക്കി.

നാരായണേട്ടനാണ്, കളിയാക്കിയതാണോ?

ഞാന്‍ തിരിഞ്ഞു നിന്നു

'വരുന്ന പത്താം തിയ്യതി'

'അല്ല മോനെ അപ്പൊ ഞാന്‍ കേട്ടത് എല്ലാം സത്യമാണ് അല്ലെ...'

'എന്ത്'

'മോന്റെ അമ്മയുടെ കല്യാണം. ഓള്‍ക്ക് ഇപ്പൊ അമ്പതു വയസ്സെങ്കിലും ആയി കാണും ലെ ...'

'അതെ..അതിനെന്താ നാരായണേട്ടാ പ്രായം ആവുമ്പോഴല്ലേ കൂട്ടു വേണ്ടത് '

'ശരിയാ.. പക്ഷെ നിന്റെ അച്ഛന്‍ പോയിട്ട് ഇപ്പൊ പത്തു പതിഞ്ചു കൊല്ലം ആയില്ലേ. ഇപ്പോഴാണോ ഇങ്ങനെ ആലോചിക്കുന്നേ..കുറച്ചു വര്‍ഷം മുന്നേ ആണെങ്കില്‍ ഈ പ്രശ്‌നം ഒക്കെ ഉണ്ടാവുമായിരുന്നോ'

'അന്ന് ആരും അമ്മയോട് ചോദിച്ചില്ല, നിര്‍ബന്ധിച്ചുമില്ല. ഇനി നിര്‍ബന്ധിച്ചെങ്കില്‍ തന്നെ അമ്മ സമ്മതിക്കില്ലായിരുന്നു. എനിക്ക് വേണ്ടി അമ്മ ജീവിച്ചില്ലേ ..ഇനിയുള്ള കാലം തന്നെയെങ്കിലും അമ്മ അമ്മക്ക് വേണ്ടി ജീവിക്കട്ടെ.'

ഞാന്‍ നാരായണേട്ടന്റെ മുഖത്തെക്ക് നോക്കി ചിരിച്ചു. പിന്നെ നാരായണേട്ടനോട് യാത്ര പറഞ്ഞ് മെല്ലെ മുന്നോട്ടു നടന്നു.


'അല്ല ഹണിമൂണ്‍ എവിടെയാ ഊട്ടിയാണോ അതോ കാശ്മീര്‍ ആണോ?'

ആരോ പറഞ്ഞ കമന്റ് എന്റെ ചെവിയില്‍ മുഴങ്ങി. ഞാന്‍ മെല്ലെ നിന്നു.

തിരിഞ്ഞു നോക്കിയപ്പോള്‍ വേണു.

നാട്ടിലെ പ്രധാന തല്ലുകൊള്ളി. ചോദ്യം എന്നോടാണെങ്കിലും വേറെ ആരുടെയോ മുഖത്തേക്ക് നോക്കി എന്തോ കാര്യമായി ചര്‍ച്ച ചെയ്യുകയാണ്, ചോദ്യം എന്നോടല്ല എന്ന മട്ടില്‍.

'വേണു ചേട്ടാ, മലേഷ്യയാണ് പ്ലാന്‍ ചെയ്തിരിക്കുന്നെ. അത് കഴിഞ്ഞ് സിംഗപ്പുര്‍'

ഞാന്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത് മറുപടി കിട്ടിയ ഉടനെ അയാള്‍ ആളുകള്‍ക്കിടയിലേക്ക് ഊളിയിട്ടു.

തിരിഞ്ഞു നടന്നു, അല്ലെങ്കിലും ഇതെല്ലാം പ്രതീക്ഷിച്ചതാണ് ..

കുറച്ചു സാധങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു. വീട്ടില്‍ എത്തിയപ്പോള്‍ അമ്മയുണ്ട് കരയുന്നു. ഞാന്‍ മെല്ലെ അടുത്തിരുന്നു.

'എന്തു പറ്റി, എന്തിനാ കരയുന്നെ?'

'ഞാന്‍ എന്തൊക്കെയാ കാണിച്ചേ, എനിക്ക് കല്യാണം ഒന്നും വേണ്ട. കുഴിയിലേക്ക് കാലെടുത്തു വെക്കാന്‍ ആയപ്പോള്‍ ആണോ ഇങ്ങനെയൊക്കെ? ഞാന്‍ എന്തോ ബുദ്ധിമോശത്തിനു സമ്മതിച്ചു പോയതാ'

ഞാനൊന്നും പറഞ്ഞില്ല.

'എനിക്ക് പറ്റില്ല മോന്‍ വിവാഹം കഴിക്കാന്‍ നില്‍ക്കുമ്പോ അമ്മ വിവാഹം കഴിക്കാന്‍ പോണു. എിടെയെങ്കിലും കേട്ടിട്ടുണ്ടോ നീ ഇതൊക്കെ'

അമ്മ എന്തൊക്കയോ കരഞ്ഞു കൊണ്ടേ ഇരുന്നു.

ആരോ അമ്മയെ കളിയാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ ഉപേദശിച്ചിട്ടുണ്ട്. കാരണം ഞാന്‍ ഒരു വിധം കാര്യങ്ങള്‍ ശരിയാക്കിയതാണ്.

ഞാന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടന്ന് കോലായിലെ അച്ഛന്റെ കസേരയില്‍ ചെന്നിരുന്നു. ഇനിയിപ്പോള്‍ അമ്മയെ ഉപദേശിച്ചിട്ടു കാര്യമില്ല.

ഞാന്‍ മെല്ലെ കണ്ണടച്ചുകൊണ്ടു അങ്ങനെ കിടന്നു. അച്ഛന്റെ അദൃശ്യമായ സാന്നിധ്യം അങ്ങനെ കിടക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. കൂടെ എന്തിനും അച്ഛന്‍ ഉള്ളപോലെ ...

കുറച്ചു കഴിഞ്ഞിരിക്കും, അമ്മ എന്റെ അടുത്ത് വന്നു നെറ്റിയില്‍ തലോടി.

'ഞാന്‍ പറഞ്ഞത് കാര്യമാ ഉണ്ണി. ഇനി എനിക്ക് വേണ്ട. അതൊന്നും ശരിയാവില്ല'

ഞാന്‍ മെല്ലെ കണ്ണ് തുറന്നു. അമ്മയുടെ കൈ പിടിച്ചു.

'ഞാന്‍ അമ്മയോട് എല്ലാം പറഞ്ഞതാണല്ലോ. ഞാന്‍ പോയാല്‍ എട്ടു വര്‍ഷം കഴിയും വരാന്‍. അത്രയും കാലം അമ്മയെ ഞാന്‍ അങ്ങനെ തനിച്ചാക്കും. അല്ലെങ്കില്‍ ഞാന്‍ എന്റെ യാത്ര മാറ്റി വെക്കണം. അതിനു ഞാന്‍ റെഡിയാണ്. അങ്ങനെ വേണോ?'

അമ്മയുടെ ദൗര്‍ബല്യം എനിക്ക് ശരിക്കും അറിയാം. എന്റെ ഭാവിക്കു വേണ്ടി വിവാഹമല്ല മരിക്കാന്‍ പോലും ആ പാവം എന്നും ഒരുക്കമാണ്.

'എന്നാലും ഉണ്ണി. ഈ വയസ്സുകാലത്തു ഇങ്ങനെ തന്നെ വേണമെന്നുണ്ടോ? ഞാന്‍ നമ്മുടെ കുടുബക്കാരുടെ വീട്ടില്‍ പോയി നിന്നാല്‍ പോരെ...'

'ഞാന്‍ പോവുന്നത് രണ്ടും മുന്നും ദിവസത്തേക്ക് അല്ലല്ലോ. പിന്നെ അന്യജാതിക്കാരനെ വിവാഹം കഴിച്ചു എന്ന പേരില്‍ കുടുബക്കാര്‍ ആരെങ്കിലും നമ്മളെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ. അച്ഛന്‍ മരിച്ചിട്ടു പോലും വരാത്തവര്‍ അമ്മയെ നോക്കും എന്നു തോന്നുന്നുണ്ടോ?'

'എന്നാല്‍ അമ്മയെ ആരുമില്ലാത്ത, പ്രായമായവര്‍ താമസിക്കുന്ന സ്ഥലം ഇല്ലേ, അവിടെയാക്കിയാല്‍ പോരെ'

'ഇതാ പറഞ്ഞെ, ഞാന്‍ പോണില്ല എന്ന്'-ഞാന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടന്നു.

'ഉണ്ണി പോവല്ലേ.'-അമ്മ പിന്നില്‍ നിന്ന് വിളിച്ചെങ്കിലും ഞാന്‍ കാര്യമാക്കാതെ മുന്നോട്ടു നടന്നു .

എനിക്ക് അറിയാമായിരുന്നു, എനിക്ക് വേണ്ടി അമ്മ എന്തും ചെയ്യുമെന്ന്.

കുറച്ചു മുന്നോട്ടു നടന്നപ്പോഴാണ് നാരായണന്‍ ചേട്ടനും മകനും നടന്നു വരുന്നത്. അവരെ കണ്ടതും ഞാന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു.

നാരായണേട്ടന്റെ മകന്‍ എന്റെ അടുത്ത സുഹൃത്താണ്. അവനെ എങ്ങനെ അഭിമുഖികരിക്കും എന്നൊരു വിഷമവും ഉണ്ട്.

'നീ എങ്ങോട്ടാ ഓടുന്നെ...അവന്‍ ഓടി എന്റെയടുത്ത് എത്തി'

'ഞാന്‍ പെട്ടെന്ന് ഒരു കാര്യം മറന്നു. അത് അടുക്കാന്‍ പോവായിരുന്നു'-ഞാന്‍ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

'അവന്‍ എന്റെ കയ്യില്‍ പിടിച്ചു. 'വാ നമുക്ക് നടക്കാം എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്'

അവന്‍ നാരായണേട്ടന്റെ മുഖത്തേക്ക് നോക്കി. 'അച്ഛന്‍ നടന്നോ എനിക്ക് ഉണ്ണിയോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്'

ഞാന്‍ ഒന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു.

'അല്ല നീ അമ്മയുടെ കല്യാണം നടത്തുന്നു എന്നു കേട്ടു. ശരി അത് ഞാന്‍ വിട്ടു. നീ എങ്ങോട്ടോ പോവാണെന്നു ഞാന്‍ കേട്ടു, എട്ടു വര്‍ഷം കഴിഞ്ഞിട്ടേ വരൂ എന്ന്. അല്ല, ഞാന്‍ ഇതുവരെ അങ്ങനെ ഒരു വിസയെ പറ്റി കേട്ടിട്ടില്ല, അത് രാജ്യത്താണ് അങ്ങനെ ഒരു വിസ?'

ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു -'അതൊക്കെയുണ്ട്. നീ ഇപ്പോള്‍ അതൊന്നും അറിയണ്ട എല്ലാം ഞാന്‍ നിന്നോട് വിശദമായി പിന്നീട് പറയാം. ആദ്യം എനിക്ക് അമ്മയുടെ കല്യാണം നടത്തണം'

അവന്‍ എന്നോട് പലതും ചോദിച്ചെങ്കിലും ഞാന്‍ ഒന്നും വിട്ടു പറഞ്ഞില്ല. അവസാനം അവനോടു യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഞങ്ങളുടെ ബന്ധത്തിനും ഉലച്ചില്‍ തട്ടിയിരുന്നു.

അങ്ങനെ ഞാന്‍ കാത്തിരുന്ന പത്താം തിയ്യതി വന്നെത്തി.

അന്ന് തന്നെയാണ് എനിക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിട്ടുള്ളത്.

രജിസ്റ്റര്‍ മാര്യേജ്. അത് കഴിഞ്ഞ് അമ്മയെയും അച്ഛനെയും വീട്ടിലേക്കു ഞാന്‍ സ്വികരിച്ചു.

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല.

അവര്‍ക്കു ഒരു ഗ്ലാസ് പായസം ഞാന്‍ എന്റെ കൈകൊണ്ടു ഉണ്ടാക്കി കൊടുത്തു.

അപ്പോഴേക്കും എനിക്ക് പോകാനുള്ള വണ്ടി എത്തിയിരുന്നു. ബാഗെല്ലാം രണ്ടാനച്ഛന്‍ തന്നെയാണ് വണ്ടിയില്‍ കയറ്റി തന്നത്.

ഇറങ്ങാന്‍ നോക്കിയപ്പോള്‍ അമ്മ റൂമില്‍ ഇരുന്നു കരയുകയായിരുന്നു.

ഞാന്‍ മെല്ലെ അകത്തേക്ക് കയറി അമ്മയുടെ കാലില്‍ പിടിച്ചു കുറച്ചു സമയം ഇരുന്നു. പിന്നെ അമ്മയുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്ത് മെല്ലെ ഇറങ്ങി.

കാറിനടുത്തു ഉണ്ടായിരുന്നു രണ്ടാനച്ഛന്‍. ഞാന്‍ മെല്ലെ കൈ പിടിച്ചു.

എന്റെ കണ്ണ് നിറഞ്ഞു ഒഴുകി.

അമ്മയെ നോക്കിക്കൊള്ളണേ വേറെ ആരുമില്ല, പാവമാ...'

മറുപടിക്കു കാത്തു നില്‍ക്കാതെ ഞാന്‍ വണ്ടിയില്‍ കയറി. കാര്‍ മുന്നോട്ടു പോകവേ തിരിഞ്ഞു നോക്കാന്‍ പലവട്ടം തോന്നിയെങ്കിലും ഞാന്‍ ബലം പിടിച്ചു ഇരുന്നു.'

എനിക്കെന്താണ് പറ്റിയതെന്നറിയില്ല. ചെന്നൈയിലെ ഓഫീസില്‍ വെച്ച്. തല ചുറ്റി ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് ആ തമാശ അറിയുന്നത് -ജീവിതത്തിന്റെ അവസാന സ്റ്റേജില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. പ്രതിനായകന്‍ ക്യാന്‍സര്‍ ആണ്.

ഞാന്‍ കരഞ്ഞില്ല ഒരു പാട് ചിരിച്ചു. മൂന്ന് അല്ലെങ്കില്‍ നാലു മാസം. അത്രയേ ഉള്ളൂ ബാക്കി.

അപ്പോഴാണ് അമ്മയെ കുറിച്ച് ഓര്‍മ്മ വന്നത്. ഭൂമിയില്‍ എനിക്ക് അമ്മയും അമ്മയ്ക്കും ഞാനും മാത്രമേ ഉള്ളൂ. അമ്മയെ ആരെ ഏല്‍പ്പിച്ചു പോവും. ഒരു പാട് ആലോചിച്ചു. അവസാനം ആരും കാണാത്ത വഴിയും കണ്ടെത്തി-അമ്മയുടെ വിവാഹം.

അങ്ങനെ ഞാന്‍ അത് നടത്തി. അമ്മയുടെ കല്യാണം!'
 

click me!